Friday, November 16, 2012

ഡെമോക്ലിസിന്റെ വാള്‍ പോലെ വിവാദങ്ങള്‍ വിടാതെ

ഒരു നേതാവിനുവേണ്ട മിനിമം ക്വാളിഫിക്കേഷന്‍ അപവാദങ്ങള്‍ നേരിടാനും സഹിക്കാനുമുള്ള മനക്കരുത്താ'ണെന്ന്‌ പണ്ടാരാണ്ട്‌ പറഞ്ഞത്‌ കേട്ടിട്ടുണ്ട്‌. എന്നാല്‍ അപവാദങ്ങള്‍ നിഴല്‍ പോലെകൂടെനടക്കുന്ന ഒരു നേതാവിനെ കണ്ടിട്ടുണ്ടോ? ആ നേതാവ്‌ മറ്റാരുമല്ല. മുന്‍വിദേശകാര്യ സഹമന്ത്രിയും ഇപ്പോഴത്തെ മാനവശേഷി വികസന വകുപ്പ്‌ സഹമന്ത്രിയുമായ ഡോ. ശശി തരൂര്‍ തന്നെ. 

2008 ഡിസംബറില്‍ കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ ഫെഡറല്‍ ബാങ്കിന്റെ സ്ഥാപകന്‍ ഹോര്‍മീസിന്റെ അനുസ്‌മരണയോഗത്തിലാണ്‌ ആദ്യത്തെ പുലിവാലില്‍ ശശി തരൂര്‍ കയറിപ്പിടിച്ചത്‌. ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എല്ലാവരും നെഞ്ചത്ത്‌ കൈവെയ്‌ക്കണമെന്ന്‌ പറഞ്ഞതിനാണ്‌ അന്ന്‌ ശശി തരൂരിനെതിരെ കേരളത്തിലെ മനുഷ്യാവകാശ സംഘടന കേസുകൊടുത്തത്‌. കാലങ്ങള്‍ കഴിഞ്ഞിട്ടും ഡെമോക്ലിസിസിന്റെ വാള്‍ പോലെ ആ പ്രശ്‌നം തരൂരിന്റെ തലയ്‌ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്നു.

ലണ്ടനില്‍ ജനിച്ച്‌ ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കയില്‍ ജീവിച്ച തരൂരിന്‌ സംഗതിയുടെ ഗുട്ടന്‍സ്‌ മനസ്സിലായപ്പോഴേയ്‌ക്കും കോടതിയില്‍നിന്ന്‌ സമന്‍സും വാറണ്ടും വന്നു. അമേരിക്കയിലങ്ങനെയാണ്‌... ഇങ്ങനെയാണ്‌ എന്നൊക്കെ പറഞ്ഞാലുണ്ടൊ നമ്മുടെ വിദ്യാസമ്പന്നരായ കേരളീയര്‍ കേള്‍ക്കുന്നു. അവസാനം തടിതപ്പാന്‍ അദ്ദേഹമൊരു തുറുപ്പു ചീട്ടങ്ങിട്ടു കൊടുത്തു. `മുംബൈ ഭികരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ധീരജവാന്മാരേ......നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ ഇപ്പോഴും കുടികൊള്ളുന്നു എന്ന്‌ പ്രകടിപ്പിക്കാനാണ്‌ ഞാനങ്ങനെ ചെയ്‌തതെന്ന്‌' പുള്ളിക്കാരന്‍ തട്ടിവിട്ടു. ക്യാപ്‌റ്റന്‍ സന്ദീപിന്റെ അച്ഛനെ അന്നത്തെ കേരള മുഖ്യമന്ത്രി അച്യുതാനന്ദന്‍ `പട്ടി പ്രയോഗം' നടത്തി നാറ്റക്കേസാക്കിയ സമയത്താണ്‌ തരൂരിന്റെ ഈ കിടിലന്‍ ഡയലോഗ്‌. അതോടെ കേസുകൊടുത്തവനും തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വെകിളി പിടിച്ചു നടന്നവനും ബാക്കപ്‌ ചെയ്‌തു. അന്ന്‌ സോണിയാജി പ്രത്യേകം പറഞ്ഞതാണ്‌ തരൂരിനോട്‌ നാവടക്കി അടങ്ങിയൊതുങ്ങി നടന്ന്‌ നാടുനന്നാക്കാന്‍. പക്ഷേ അങ്ങേരുണ്ടോ അതൊക്കെ അനുസരിക്കുന്നു.

സോണിയാജി ഇത്രയും പാരയാണെന്ന്‌ തരൂര്‍ മനസ്സിലാക്കിയത്‌ താന്‍ സുഖിച്ചു ജീവിച്ചിരുന്ന ഡല്‍ഹിയിലെ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന്‌ താമസം മാറ്റാന്‍ സമന്‍സ്‌ വന്നപ്പോഴാണ്‌. അവിടംകൊണ്ടും തീര്‍ന്നില്ല. മേലില്‍ വിമാനത്തില്‍ ഒന്നാം ക്ലാസ്സില്‍ യാത്ര ചെയ്യരുതെന്നൊരു താക്കിതും കൊടുത്തു. ദാണ്ടേ കിടക്കുന്നു നിങ്ങടെ പട്ടുമെത്തയും പരവതാനിയും എന്നു പറഞ്ഞ്‌ `കാറ്റിലുകളെപ്പോലെ' സാദാ ക്ലാസ്സില്‍ യാത്ര ചെയ്യാന്‍ എന്നെ കിട്ടില്ല എന്ന പഞ്ഞക്കെട്ടും പരിഭവവുമായി തരൂര്‍ ഹോട്ടലിന്റെ പടിയിറങ്ങി. അറിയാതെ അദ്ദേഹത്തിന്റെ വായില്‍നിന്ന്‌ വീണുപോയ ആ പോക്കണക്കേട്‌ പ്രശ്‌നമായപ്പോള്‍ അവിടെയും തരൂരൊരു തകര്‍പ്പന്‍ അടവു പ്രയോഗിച്ചു. ഇങ്ങനെ പോയാല്‍ തന്റെ കാര്യം പോക്കാണെന്ന്‌ ആ മുന്‍ യു.എന്‍. ഉദ്യോഗസ്ഥന്‍ മനസ്സിലാക്കി. `ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും  കിടക്കാമെന്നും, മന്ത്രിയായാല്‍ കന്നുകാലികളെപ്പോലെ തൊഴുത്തിലും കിടക്കാന്‍ ശീലിക്കണമെന്നും, പാവങ്ങളുടെ വണ്ടി കാളവണ്ടിയല്ലേ `കാറ്റില്‍' എന്ന്‌ ഇംഗ്ലീഷില്‍ പറഞ്ഞാല്‍ അതില്‍ കാളയും പെടുമല്ലോ എന്നോര്‍ത്താണ്‌ അങ്ങനെ ഞാന്‍ പറഞ്ഞതെന്ന്‌ ഒരു പ്രസ്ഥാവന ഇറക്കുക മാത്രമല്ല, രാഹുലാണ്‌ താരം എന്നെല്ലാം തട്ടിവിട്ടു. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകണമെങ്കില്‍ പാവപ്പെട്ടവരുടെ കുടിലില്‍ അന്തിയുറങ്ങണമെന്നും, കവലകളില്‍ കാണുന്ന ചായക്കടകളിലൊക്കെ കയറി ചായ കുടിക്കണമെന്നും, പറ്റുമെങ്കില്‍ പരിപ്പുവടയും ബോണ്ടയുമൊക്കെ പൊതിഞ്ഞു വാങ്ങണമെന്നും, വഴിവക്കില്‍ കാണുന്ന പിള്ളേരോടൊപ്പം ക്രിക്കറ്റ്‌ കളിക്കണമെന്നുമൊക്കെ  പറഞ്ഞ്‌ പരിശീലനത്തിനിറക്കിയിട്ടുള്ള രാഹുലിന്റെ പേരു കേട്ടപ്പോള്‍ സോണിയാജി ഹാപ്പി, മന്മോഹന്‍ജി ഹാപ്പി, തരൂരും രക്ഷപ്പെട്ടു !! 

യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ മത്സരിച്ച്‌ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക്‌ വളരെ പാടുപെട്ടാണ്‌ തരൂര്‍ ചുവടെടുത്തു വെച്ചത്‌. അതും സോണിയാ ഗാന്ധിയെ പ്രീണിപ്പിക്കുക വഴി. തരൂരിന്‌ തിരുവനന്തപുരം സീറ്റ്‌ കൊടുത്തതില്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളിലും മുറുമുറുപ്പുണ്ടായിരുന്നു. പക്ഷെ, മന്മോഹന്‍ സിംഗിനും സോണിയാ ഗാന്ധിക്കും അനഭിമതരാകേണ്ടെന്നു കരുതി അവരൊക്കെ മൗനം പാലിച്ചു. അത്‌ തരൂര്‍ ശരിക്കും മുതലെടുത്തു. കുഞ്ചന്‍ നമ്പ്യാര്‍ പാടിയതുപോലെ `ദീപസ്‌തംഭം മഹാശ്ചര്യം...നമുക്കും കിട്ടണം പണം..'

ആയിടയ്‌ക്കാണ്‌ അദ്ദേഹം ന്യൂയോര്‍ക്ക്‌ സന്ദര്‍ശിക്കാനെത്തിയത്‌. 1978 മുതല്‍ 2007വരെ ഏകദേശം പത്തുമുപ്പത്‌ കൊല്ലക്കാലം ന്യൂയോര്‍ക്കില്‍ ജീവിച്ച തരൂര്‍ മന്ത്രിയായതിനുശേഷമുള്ള കന്നിവരവില്‍ മലയാളി സംഘടനകള്‍ മത്സരിച്ചാണ്‌ സ്വീകരണച്ചടങ്ങുകളൊരുക്കിയത്‌. ന്യൂയോര്‍ക്കിലെ കേരളാ സെന്ററിലെ ഒരു സ്വീകരണച്ചടങ്ങില്‍ സംബന്ധിക്കവേ അമേരിക്കന്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ പുറകില്‍ കൈകെട്ടി തരൂര്‍ നിന്നത്‌ മറ്റൊരു ആരോപണത്തിനു വഴിയൊരുക്കി. 

ഇന്ത്യയില്‍, അതും കേരളത്തില്‍, ദേശീയഗാനം ആലപിച്ചപ്പോള്‍ അമേരിക്കന്‍ സ്റ്റൈലില്‍ നെഞ്ചില്‍ കൈവെച്ചതിന്‌ കേസും പുക്കാറുമൊക്കെ ആയെന്നു മാത്രമല്ല, അദ്ദേഹം രാജ്യദ്രോഹിയാണെന്നുവരെ വിളിച്ചു പറഞ്ഞവരാണ്‌ കേരളീയര്‍. അതിനവര്‍ പറഞ്ഞ ന്യായം ഇന്ത്യന്‍ ദേശീയഗാനാലാപത്തില്‍ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണമെന്നാണ്‌. എന്നാല്‍ നേരെ തിരിച്ചാണ്‌ അമേരിക്കന്‍ ദേശീയഗാനത്തിന്‌. വലത്തെ കൈപ്പത്തി നെഞ്ചിനിടതുഭാഗത്ത്‌ ഹൃദയത്തോടുചേര്‍ത്തു വെയ്‌ക്കണം. കേരളാ സെന്ററിലെ സ്റ്റേജില്‍ സംഭവിച്ചതും അതാണ്‌. ഒരു ഭാരതീയന്‍, പ്രത്യേകിച്ച്‌ ഒരു കേന്ദ്രമന്ത്രി, അമേരിക്കന്‍ ദേശീയഗാനാലാപന സമയത്ത്‌ നെഞ്ചില്‍ കൈവെച്ചു നില്‍ക്കണമെന്നു പറയുന്നത്‌ ഔചിത്യമല്ല. അദ്ദേഹം അറ്റന്‍ഷനായി നിന്നാലത്തെ അവസ്ഥ അതിലും ഗൗരവമായിരിക്കും. തിരിച്ച്‌ ഇന്ത്യയിലേയ്‌ക്ക്‌ ചെല്ലുമ്പോള്‍ അവിടെയും പ്രശ്‌നമാകും. അമേരിക്കന്‍ ദേശീയഗാനത്തിന്‌ അറ്റന്‍ഷനായി നിന്ന്‌ ഇന്ത്യന്‍ ദേശീയഗാനത്തെ അവഹേളിച്ചു എന്ന ആക്ഷേപവും അദ്ദേഹം കേള്‍ക്കേണ്ടി വരുമായിരുന്നു.ചൂടുവെള്ളത്തില്‍ വീണ പൂച്ച തണുത്ത വെള്ളം കണ്ടതുപോലെ ബുദ്ധിമാനായ തരൂരിന്‌ രണ്ടുവഴിയേ ഉള്ളൂ. ഒന്നുകില്‍ കൈകള്‍ രണ്ടും തലയില്‍ വെയ്‌ക്കുക. അല്ലെങ്കില്‍ പിറകില്‍ കെട്ടുക. ഉചിതമായത്‌ അദ്ദേഹം തിരഞ്ഞെടുത്തു. 

തിരിച്ച്‌ ഇന്ത്യയിലേയ്‌ക്ക്‌ പോയ വിവാദനായകന്‌ വീണ്ടും അറം പറ്റി. കൊച്ചി ഐ.പി.എല്‍. വിവാദത്തിലകപ്പെട്ടതാണ്‌ ആ സംഭവം. അതോടെ വിദേശകാര്യ സഹമന്ത്രിസ്ഥാനവും പോയി. `കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം' എന്നു പറഞ്ഞതുപോലെ ഇവിടെ കാമിനി മൂലമാണ്‌ തരൂരിന്റെ പണി പോയത്‌. കൊച്ചി ഐ.പി.എല്‍. ലേലത്തില്‍ സുനന്ദ പുഷ്‌ക്കര്‍ എന്ന കാശ്‌മീരി സ്വദേശിനി പങ്കെടുത്തത്‌ തരൂരിന്റെ ബിനാമിയായിട്ടായിരുന്നു. അവരത്‌ നിഷേധിച്ചുവെങ്കിലും പിന്നീട്‌ പല വേദികളിലും അവരിരുവരും കുശലം പറയുന്നതും കൊക്കുരുമ്മിയിരിക്കുന്നതും കണ്ടുതുടങ്ങി. ഞങ്ങള്‍ വെറും `ഫ്രന്‍ഡ്‌സ്‌' ആണെന്ന പ്രസ്ഥാവനകളും ഇടക്കിടെ വന്നുകൊണ്ടിരുന്നു. അവസാനം അവര്‍ വിവാഹിതരായതോടേ രണ്ടുപേരുടേയും കള്ളക്കളികള്‍ വെളിച്ചത്തു വരികയും ചെയ്‌തു.

ഇതൊരു ഫ്‌ളാഷ്‌ബാക്ക്‌....

നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നടന്ന സംഭവം നെരിപ്പോടുപോലെ പുകഞ്ഞു കൊണ്ടിരിക്കുകയായിരുന്നു എന്ന്‌ ഇപ്പോഴാണ്‌ മനസ്സിലായത്‌. കഴിഞ്ഞ മാസം നടന്ന കേന്ദ്രമന്ത്രിസഭാ പുന:സംഘടനയിലൂടെ വീണ്ടും മന്ത്രിസ്ഥാനത്ത്‌ തിരിച്ചെത്തിയ തരൂരിന്റെ തലയ്‌ക്കു മുകളില്‍ ഡെമോക്ലിസിസിന്റെ അതേ വാള്‍ദേശീയ ഗാനത്തിന്റെ രൂപത്തില്‍ ഇപ്പോഴും തൂങ്ങിയാടുകയാണ്‌. കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നുവെങ്കിലും ഇപ്പോള്‍ സ്റ്റേ നീക്കി വിചാരണ നടപടികള്‍ തുടരാന്‍ ഉത്തരവിട്ടിരിക്കുകയാണ്‌. ഈ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം കിട്ടിയ മന്ത്രിസ്ഥാനവും അദ്ദേഹത്തിനു നഷ്ടപ്പെടും. ഒരു സ്‌ത്രീയെ സ്വന്തമാക്കാന്‍ മന്ത്രിപ്പണി പോലും കളയാന്‍ സന്നദ്ധനായ ശശി തരൂര്‍ യഥാര്‍ത്ഥത്തില്‍ ആ സ്ഥാനത്തിന്‌ അര്‍ഹനാണോ?

കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിനുശേഷം ഭാര്യാസമേതം തിരുവനന്തപുരത്തെത്തിയ മന്ത്രിയുടെ സ്വീകരണ പരിപാടികള്‍ക്കിടയില്‍ ഭാര്യ സുനന്ദയെ ചിലര്‍കടന്നുപിടിക്കാനും പീഡിപ്പിക്കാനും ശ്രമിച്ച സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും, അത്‌ ഗൗരവമായെടുക്കാതെ, കടന്നുപിടിക്കാന്‍ ശ്രമിച്ച വ്യക്തിയെ തിരിച്ചറിഞ്ഞി ട്ടുപോലും, നടപടിയെടുക്കാന്‍ താത്‌പര്യപ്പെടാതിരുന്നതും ഇനിയൊരു പൊല്ലാപ്പില്‍ കയറിപ്പിടിച്ച്‌ കിട്ടിയ മന്ത്രിസ്ഥാനം നഷ്ടപ്പെടാതിരിക്കാനാണെന്നും അഭ്യൂഹമുണ്ട്‌.


No comments:

Post a Comment