2013, ഡിസംബർ 26, വ്യാഴാഴ്‌ച

ഇന്ത്യ അഭിമാനം അടിയറ വയ്ക്കരുത്

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ദേവയാനി ഖൊബ്രഗാഡെയെ അവരുടെ വീട്ടുവേലക്കാരിക്ക് പറഞ്ഞ ശമ്പളം കൊടുത്തില്ല എന്ന കാരണം പറഞ്ഞ് പെരുവഴിയിലിട്ട് അറസ്റ്റു ചെയ്ത അമേരിക്കന്‍ നടപടി അമേരിക്കയുടെ ധാര്‍ഷ്‌ഠ്യതയുടേയും അധിനിവേശത്തിന്റേയും മറ്റൊരു മുഖമാണ് കാണിച്ചു തന്നത്.

ലോക പോലീസ് ചമഞ്ഞ് എവിടേയും കയറിച്ചെന്ന് ധാര്‍മ്മികതയും, അന്താരാഷ്‌ട്ര മര്യാദകളും ലംഘിക്കാന്‍ ഞങ്ങള്‍ മടിക്കില്ല എന്ന സന്ദേശവും ഈ പ്രവൃത്തികൊണ്ട് നല്‍കുന്നു. വിയറ്റ്നാം മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെ കടന്നു കയറി അതിക്രമം കാട്ടിയവര്‍ ഒരിടത്തും വിജയിച്ചിട്ടില്ല എന്നതും അന്താരാഷ്‌ട്ര സമൂഹം എങ്ങനെയാണ് അമേരിക്കയെ നോക്കിക്കാണുന്നതെന്നതിനുള്ള തെളിവാണ്.

ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റു ചെയ്തത് ന്യായീകരിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും അറ്റോര്‍ണി ജനറല്‍ പ്രീത് ബരാരേയും നടത്തിയ പത്രസമ്മേളനങ്ങളും നാം കേട്ടതാണ്. മാധ്യമങ്ങളില്‍‌കൂടി നിരവധി റിപ്പോര്‍ട്ടുകളും നാം വായിച്ചു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്രശ്നം ഇവിടത്തെ ഇന്ത്യന്‍ സമൂഹങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തു എന്നതിലുപരി, വിഭിന്ന ചേരികളായി തിരിഞ്ഞു എന്നതും ശ്രദ്ധേയമാണ്. പലരും പലരേയും വ്യക്തിപരമായി അധിക്ഷേപിക്കാനും മറന്നില്ല. ദേവയാനിയുടെ അറസ്റ്റിനെച്ചൊല്ലി അങ്ങ് മുംബൈയിലെ അവരുടെ പിതാവ് ഉള്‍പ്പെട്ട ആദര്‍ശ് ഫ്ലാറ്റ് അഴിമതിയുമൊക്കെ ചികഞ്ഞെടുത്ത് പ്രചരിപ്പിക്കാനും മടിച്ചില്ല. നയതന്ത്ര പരിരക്ഷയുള്ള ഒരു ഇന്ത്യന്‍ ഐ.എഫ്.എസ്.കാരിയെ ഒരു കുറ്റവാളിയെപ്പോലെ അറസ്റ്റു ചെയ്ത് മറ്റു ക്രിമിനലുകളോടൊപ്പം ലോക്കപ്പില്‍ ഇട്ടതല്ല മുഖ്യ വിഷയം. അഴിമതികുടുംബത്തില്‍ നിന്നു വന്ന ദേവയാനിയെയും കുടുംബത്തേയും അടച്ചാക്ഷേപിക്കാനും, അവരെ തേജോവധം ചെയ്യാനും നിരവധി പേര്‍ രംഗത്തുവന്നു. സംഭവം അറിഞ്ഞയുടനെ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയവര്‍ പിറ്റേദിവസം മറുകണ്ടം ചാടുകയും, അവരെ മോശക്കാരിയായി ചിത്രീകരിക്കാനും തുടങ്ങിയതാണ് വിചിത്രമായത്. അവരെ ജയിലിലടക്കണം എന്നുവരെ പറയാനും ചിലര്‍ മടിച്ചില്ല. ഇന്ത്യയില്‍ അഴിമതി കാണിച്ചവള്‍ അമേരിക്കയിലും അതുപോലെ പ്രവര്‍ത്തിക്കാമെന്നു കരുതിക്കാണും എന്നും ചിലര്‍ പറയുന്നതു കേട്ടു. കൂടാതെ ഇന്ത്യയെക്കുറിച്ചും, ഇന്ത്യയിലെ ഭരണാധികാരികളെക്കുറിച്ചും നികൃഷ്ടമായി സംസാരിക്കാനും, ഇന്ത്യക്കാരെ പുച്ഛമായി കാണാനും വളരെപ്പേര്‍ രംഗത്തു വന്നു. ചുരുക്കത്തില്‍ അമേരിക്കന്‍ പൗരത്വമെടുത്തവരും എടുക്കാത്ത ചിലരും മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ഘട്ടം വരെയെത്തി. അവരുടെയെല്ലാം പ്രതികരണം കേട്ടപ്പോള്‍ അമേരിക്കയില്‍ വീട്ടുവേലക്കാരെല്ലാം സുഖസുഷുപ്തിയില്‍ ജീവിക്കുന്നവരാണെന്നു തോന്നിപ്പോകും. ലക്ഷക്കണക്കിന് വീട്ടുവേലക്കാരും, അടിമവേലക്കാരും ഇപ്പോഴും നിയമത്തിന്റെ കാരുണ്യം കാത്ത് അമേരിക്കയിലുണ്ടെന്ന കാര്യം പോലും ഇക്കൂട്ടര്‍ വിസ്മരിച്ചു.

"ഒന്നും കാണാതെ പട്ടര് വെള്ളത്തില്‍ ചാടുകയില്ല" എന്നു പറഞ്ഞതുപോലെ, ദേവയാനിയുടെ അറസ്റ്റിന്റെ പുറകില്‍ എന്തോ ദുരൂഹത മണക്കുന്നുണ്ടെന്ന് തുടക്കത്തിലേ എന്നെപ്പോലെയുള്ള ദോഷൈകദൃക്കുകള്‍ക്ക് തോന്നിയതില്‍ അത്ഭുതപ്പെടാനില്ല. കാരണം, വേലക്കാരി സംഗീത റിച്ചാര്‍ഡ് അമേരിക്കയിലെത്തി വെറും ആറു മാസം കഴിഞ്ഞപ്പോള്‍ "ചാടി" പോയതുമുതലുള്ള സംഭവങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് പോകുമ്പോഴാണ് മേല്പറഞ്ഞ ദുരൂഹതയുടെ നാറ്റം അനുഭവപ്പെടുക. നാം സാധാരണ പറയാറുണ്ട് ചിലര്‍ ചില കാര്യങ്ങളില്‍ ഇടപെട്ടാല്‍ അത് കൊളമാകും എന്ന്. അമേരിക്ക എവിടെയെല്ലാം പോയി "പ്രശ്നപരിഹാരത്തിന്" ശ്രമിച്ചിട്ടുണ്ടൊ അവിടെയെല്ലാം പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കി കൊളമാക്കിയിട്ടേ തിരിച്ചു പോരൂ എന്ന ചരിത്രമാണുള്ളത്.

ദേവയാനിയുടെ വീട്ടുവേലക്കാരിയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെ. ഡല്‍ഹിയിലെ അമേരിക്കന്‍ എംബസ്സിയും, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും, അവരുടെ ഏജന്റുമാരും തയ്യാറാക്കിയ തിരക്കഥയുടെ അന്ത്യമായിരുന്നു അറസ്റ്റ്. ദേവയാനിയെ കുടുക്കുക വഴി അമേരിക്കക്ക് വഴങ്ങാത്ത ഇന്ത്യയുടെ മുഖത്ത് ആഞ്ഞടിക്കാന്‍ മെനഞ്ഞെടുത്ത തന്ത്രമായിരുന്നു ഈ അറസ്റ്റ്. ഇന്ത്യയെ ലോകത്തിനു മുമ്പില്‍ നാറ്റിക്കുക എന്നതില്‍ കവിഞ്ഞ് യാതൊന്നുമില്ല.  അതിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സംഗീത റിച്ചാര്‍ഡിന്റെ ഭര്‍തൃപിതാവും മാതാവും അമേരിക്കന്‍ എംബസ്സിയിലെ സ്റ്റാഫില്‍ ഉള്‍പ്പെട്ടവരാണ്. ദേവയാനിയുടെ വേലക്കാരിയായി സംഗീത നിയമിതയായതുമുതലുള്ള എല്ലാ കാര്യങ്ങളും ഭര്‍തൃപിതാവിനും മറ്റൊരു എംബസ്സിയിലെ ഡ്രൈവര്‍ ആയ ഭര്‍ത്താവിനും അറിയാമായിരുന്നു എന്നാണ് പറയുന്നത്. ദേവയാനി എംബസ്സിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വേലക്കാരിയുടെ ശമ്പളം 4500 ഡോളര്‍ എന്നല്ല, മറിച്ച് അത് ദേവയാനിയുടെ അടിസ്ഥാന ശമ്പളം തെറ്റായി വേലക്കാരിയുടെ ശമ്പള കോളത്തില്‍ എഴുതിയതെന്നാണ് ഇപ്പോള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ ഉദ്ധരിച്ച് കേള്‍ക്കുന്നത്.  അതേക്കുറിച്ച് ദേവയാനിയുടെ അഭിഭാഷകന്‍ പറയുന്നത്:

Devyani Khobragade's lawyer today said US authorities goofed up in the investigation and arrest of the Indian diplomat on charges of visa fraud as a federal agent made a "serious" mistake in reading the paperwork submitted regarding her domestic help's salary. Daniel Arshack, Ms Khobragade's lawyer, said Mark Smith, the Diplomatic Security Services agent handled the investigation and arrest of Ms Khobragade and drew up and swore to the accuracy of the formal complaint in the case.

Mr Smith "simply made an error in reading the DS-160 form which supported the visa application for the domestic worker, Sangeeta Richard," Mr Arshack told PTI.

"He erroneously and disastrously believed that the USD 4,500 per month salary entry on the form was Richard's expected salary when, in fact, it was clearly a reporting of the base salary to be earned by the employer, Khobragade, in the US," he said.

The lawyer said Ms Khobagrade's base salary figure of USD 4,500 per month was required and appropriately reported on the DS-160 form, which is the online non-immigrant visa application required to be submitted by those seeking US visas.

It was submitted so that US Embassy officials in New Delhi could determine that Ms Khobragade would be earning enough money to afford to pay Ms Richard the USD 1,560 per month (9.75$/hour for 40 hours a week) which had been agreed to according to the contract between two.

ഇന്ത്യയല്ല, അമേരിക്കയാണ് വിസാ ഫ്രൊഡ് കാണിച്ചതെന്ന് തുടക്കം മുതല്‍ വിദേശകാര്യവകുപ്പു മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നതാണ്. സംഗീത റിച്ചാര്‍ഡിന്റെ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും അമേരിക്കന്‍ എംബസിയാണ് എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്തതെന്നും, അവരുടെ ഔദ്യോഗിക ട്രാവല്‍ ഏജന്‍സിയായ കുവോനി ബിസിനസ് ട്രാവല്‍സ് വഴിയാണ് ടിക്കറ്റുകള്‍ ബുക്കു ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ദേവയാനിയെ അറസ്റ്റു ചെയ്യുന്നതിനു രണ്ടു ദിവസം മുന്‍പ്, അതായത് ഡിസംബര്‍ 10-ന്, അവരെ ന്യുയോര്‍ക്കില്‍ എത്തിക്കുകയും ചെയ്തു.

'വിക്റ്റിമിന്റെ' കുടുംബത്തെ ഇന്ത്യ ബുദ്ധിമുട്ടിക്കുന്നു എന്നും അവരെ സം‌രക്ഷിക്കേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്വമാണെന്നുമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം. ഇതെവിടത്തെ ന്യായം? ഇവിടെയാണ് സംശയം ഉടലെടുക്കുന്നത്. റിച്ചാര്‍ഡും മക്കളും ഇന്ത്യന്‍ പൗരന്മാരാണ്. ഇന്ത്യയിലെ എല്ലാ നിയമങ്ങള്‍ക്കും വിധേയരായി ജീവിക്കേണ്ടവര്‍. അവരെ ഇന്ത്യാ ഗവണ്മെന്റ് അറിയാതെ ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോരാന്‍ അമേരിക്കക്ക് എന്ത് അധികാരമാണുള്ളത്. അവര്‍ അമേരിക്കയില്‍ കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ല. സംഗീത ഒരു ഡിപ്ലോമാറ്റിന്റെ വേലക്കാരിയാണ്. അതും ഇന്ത്യയുടെ ഔദ്യോഗിക പാസ്പോര്‍ട്ടില്‍ വന്നവര്‍. ദേവയാനി ഖൊബ്രാഗഡേയും സംഗീതയുമായുള്ള തൊഴില്‍ തര്‍ക്കത്തില്‍ ഡിപ്ലോമാറ്റിക് രീതിയില്‍, ജനീവ കണ്‍‌വന്‍ഷന്റെ നടപടിച്ചട്ടങ്ങളുടെ പരിധിക്കകത്തുനിന്ന്, കൈകാര്യം ചെയ്യുന്നതിനു പകരം അവരുടെ കുടുംബത്തെ മുഴുവന്‍ കൃത്രിമ വിസയും അമേരിക്കയുടെ ചിലവില്‍ ടിക്കറ്റുമെടുത്ത് അമേരിക്കയിലേക്ക് കൊണ്ടുവന്നതിന്റെ കാരണമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഇന്ത്യാ ഗവണ്മെന്റ് ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കരുതുന്നു.

മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത, ഇതുപോലെ നയതന്ത്രപ്രതിനിധികളുടെ ജോലിക്കാരായി വരുന്നവരെ റിക്രൂട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രേ. വിവിധ സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ച് മനുഷ്യക്കടത്തു നടത്തുന്നത് പിടിക്കപ്പെട്ട സാഹചര്യത്തില്‍ ഇപ്പോള്‍ ഈ സംഘം ലക്ഷ്യമിട്ടിരിക്കുന്നത് ഇങ്ങനെയുള്ള നയതന്ത്ര വിസകളിലാണ്. ഒരാള്‍ക്ക് 20-25 ലക്ഷം രൂപവരെ ചിലവിട്ടാല്‍ യൂറോപ്പ്, അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് വേലക്കാരെ സംഘടിപ്പിച്ചുകൊടുക്കുന്ന മാഫിയകള്‍  പ്രവര്‍ത്തിക്കുന്നത് ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ്. യൂറോപ്പിലേക്കും, അമേരിക്കയിലേക്കും നേരായ മാര്‍ഗങ്ങളിലുടെ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. വിദേശ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളില്‍ നിയമനം ലഭിച്ചവരുടെ പേരുവിവരങ്ങള്‍ ഈ സംഘങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരാണെന്നും, അവര്‍ക്കും കമ്മീഷന്റെ ഓഹരി ലഭിക്കുമെന്നുമാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ അമേരിക്കയുടെ ചാരന്മാര്‍ വിവിധ മന്ത്രാലയങ്ങളിലുണ്ടെന്ന് തീര്‍ച്ച. ലക്ഷങ്ങള്‍ വരുമാനമുള്ള തന്ത്രപരമായ ഈ ബിസിനസ്സില്‍ അറിഞ്ഞോ അറിയാതെയോ നയതന്ത്രപ്രതിനിധികള്‍ പെട്ടുപോകുന്നു.

ഇന്ത്യയെ അസ്ഥിരപ്പെടുത്തുവാന്‍ നിരവധി ചാരസംഘടനകള്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഘലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവരാണ് പാക്കിസ്ഥാന്റെ ഐ.എസ്.ഐ.യും അമേരിക്കയുടെ സി.ഐ.എ.യും. ഇവര്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്. നയതന്ത്രകാര്യാലയങ്ങളിലും വിദേശകാര്യവകുപ്പിലുമൊക്കെ അവരുണ്ട്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷനിലെ രണ്ടാം സെക്രട്ടറി മാധുരി ഗുപ്ത പാകിസ്ഥാനുവേണ്ടി  ചാരവൃത്തി നടത്തി 2010 ജൂലൈയില്‍ അറസ്റ്റിലായത് രാജ്യത്തിനാകെ നാണക്കേടു വരുത്തിയിരുന്നു. ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഡല്‍ഹി പൊലീസിന്റെ കസ്റഡിയിലായ ഈ അമ്പത്തിമൂന്നുകാരി ഇസ്ളാമാബാദ് ഹൈകമീഷനിലെ ഫയലുകള്‍ പാക് ചാര സംഘടനായ ഐഎസ്ഐയുടെ ഏജന്റിന് അടിക്കടി കൈമാറുകയായിരുന്നു. മുംബൈയിലെ ഭീകരാക്രമണം ഉള്‍പ്പെടെ ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്ന മുഖ്യ അജന്‍ഡയുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎസ്ഐ. ഇവര്‍ക്ക് ഉന്നതയായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ കൂട്ടുനിന്നു എന്നത് ഇന്ത്യന്‍ വിദേശ വകുപ്പിന്റെ വിശ്വാസ്യത തകര്‍ക്കുന്നതായിരുന്നു. മാധുരി ഒറ്റയ്ക്കല്ലെന്നും ചാരപ്രവൃത്തിയില്‍ ഇന്ത്യന്‍ രഹസ്യ ഏജന്‍സിയായ 'റോ'യിലെയും കരസേനയിലെയും ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്നുമാണ് പിന്നിടു പുറത്തുവന്ന വാര്‍ത്തകള്‍. പ്രധാനമന്ത്രി കാര്യാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യ ഏജന്‍സിയായ 'റോ' യിലെ ഉദ്യോഗസ്ഥനില്‍നിന്നാണത്രെ മാധുരിക്ക് വിവരം ലഭിച്ചിരുന്നത്. 'റോ' യിലെ പല ഉദ്യോഗസ്ഥരും മറ്റു രാജ്യങ്ങള്‍ക്കുവേണ്ടി ചാരവൃത്തി നടത്തിയ കേസുകള്‍ മുമ്പും വെളിവായിട്ടുണ്ട്.

അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്ക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയ മുതിര്‍ന്ന റോ ഉദ്യോഗസ്ഥന്‍ രബീന്ദര്‍ സിംഗ് പിടിക്കപ്പെട്ടപ്പോള്‍ 2004-ല്‍ നേപ്പാള്‍ വഴി അമേരിക്കയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഭാര്യാസമേതം അമേരിക്കയിലേക്ക് രക്ഷപ്പെട്ട ഇയാളെ പിന്നീട് ന്യൂജെഴ്‌സിയില്‍ കണ്ടതായി പറയപ്പെടുന്നു. അമേരിക്ക അഭയം കൊടുത്ത ഇയാള്‍ സുരേന്ദര്‍ജീത് സിംഗ്എന്ന അപരനാമത്തില്‍  അമേരിക്കയിലെവിടെയോ സുരക്ഷിതനായി ജീവിക്കുന്നുണ്ട്. (http://en.wikipedia.org/wiki/Rabinder_Singh_(intelligence_officer) ഇയാളെ തിരിച്ചുകിട്ടാനുള്ള ഇന്ത്യാ ഗവമെന്റിന്റെ ശ്രമങ്ങളെല്ലാം വിഫലമായി. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടു നിയന്ത്രിക്കുന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയറ്റില്‍ സിഐഎ ചാരനുണ്ടായിരുന്നുവെന്ന് 2006ല്‍ വെളിവായതാണ്. റോയുടെ മുന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ വി എന്‍ സിംഗ് എഴുതിയ 'ഇന്ത്യയുടെ വിദേശ രഹസ്യം' എന്ന വിവാദ പുസ്തകത്തില്‍ ഇവ പ്രതിപാതിച്ചിട്ടുണ്ട്.

രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ഡപ്യൂട്ടേഷനില്‍ വരുന്ന നയതന്ത്രപ്രതിനിധികള്‍ കൂടെ കൊണ്ടുവരുന്ന വേലക്കാര്‍ പ്രതിനിധികള്‍ തിരിച്ചുപോകുമ്പോള്‍ കൂടെ പോകേണ്ടതാണ്. പക്ഷെ, ലക്ഷങ്ങള്‍ ചിലവാക്കിയ അവര്‍ തിരിച്ചുപോകാതിരിക്കാനും, അമേരിക്കയില്‍ സ്ഥിരതാമസത്തിനു സാഹചര്യമൊരുക്കാനുമാണ് സംഗീത റിച്ചാര്‍ഡ് ചെയ്തപോലെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നത്. മുന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രഭു ദയാല്‍, ഇന്ത്യന്‍ സ്‌ഥാനപതിയായിരുന്ന മീരാ ശങ്കര്‍ എന്നിവരെല്ലാം വീട്ടുവേലക്കാരാല്‍ വഞ്ചിക്കപ്പെട്ടവരാണ്. ആനി കോലാത്ത് കേസ് പ്രമാദമാക്കിയ വത്സമ്മ എന്ന വീട്ടുവേലക്കാരിയും ഒരു നയതന്ത്ര പ്രതിനിധിയുടെ ജോലിക്കാരിയായിരുന്നു. അവരും 'ചാടി'പ്പോയി ഇപ്പോള്‍ അമേരിക്കക്കാരുടെ ചിലവില്‍ കഴിയുന്നുണ്ടാകും. ഒരുപക്ഷേ, മുംബൈയിലുള്ള അവരുടെ രണ്ടു മക്കള്‍ക്കും അമേരിക്കന്‍ പൗരത്വം ലഭിച്ചിട്ടുണ്ടാകാം. ഇങ്ങനെ ചാടിപ്പോയവര്‍ക്ക് രണ്ടുവര്‍ഷം കഴിയുമ്പോള്‍ അമേരിക്കന്‍ പൗരത്വം ലഭിക്കുമെന്നാണ് അറിവ്. നിയമപരമായി അമേരിക്കയിലെത്തി, മാന്യമായി ജോലി ചെയ്ത്, എല്ലാ നികുതികളും കൊടുക്കുന്നവര്‍ക്ക് അഞ്ചുകൊല്ലം കാത്തിരിക്കണം പൗരത്വം ലഭിക്കാനെന്നിരിക്കേയാണ് അമേരിക്കയുടെ ഈ ഇരട്ടത്താപ്പ് നയമെന്ന് ഓര്‍ക്കണം.

ഇന്ത്യന്‍ സ്‌ഥാനപതിയായിരുന്ന മീരാ ശങ്കര്‍ 2011ല്‍ സ്‌ഥാനമൊഴിയുന്നതിനു തൊട്ടുമുന്‍പ്‌ സ്‌ഥലംവിട്ട വീട്ടുജോലിക്കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലത്രേ. വാഷിങ്‌ടണിലെ എംബസിക്കു പുറമെ ന്യൂയോര്‍ക്ക്‌, സാന്‍ഫ്രാന്‍സിസ്‌കോ, ഹൂസ്‌റ്റണ്‍, അറ്റ്‌ലാന്റ, ഷിക്കാഗോ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലെ പ്രതിനിധികളുടെ വീട്ടുവേലക്കാരായി വന്നവരില്‍ ഭൂരിഭാഗം പേരും ഒളിവില്‍ പോയി. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ടി. വിസ എന്ന പേരില്‍ ഒരു കാറ്റഗറിയുണ്ടാക്കിയിട്ടുണ്ട് (ഹ്യുമന്‍ ട്രാഫിക്കിംഗ് അഥവാ അനധികൃതമായി മനുഷ്യക്കടത്തില്‍ പെട്ടുപോയവര്‍ക്ക് നല്‍കാന്‍ ഉണ്ടാക്കിയിരിക്കുന്ന വിസ.  ഇവിടെ ദേവയാനി ഖൊബ്രഗഡെയില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റം മനുഷ്യക്കടത്തും അടിമപ്പണിയുമാണ്. ഈ വിസയുള്ളവര്‍ക്ക് രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അമേരിക്കന്‍ പൗരത്വം കിട്ടുമെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം അഞ്ഞൂറോളം വിസകള്‍ ഇങ്ങനെ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ വിസ അടിക്കാനോ ടിക്കറ്റിനോ ഒരു ചില്ലിക്കാശുപോലും ഏജന്റുമാര്‍ ചിലവാക്കുന്നില്ല. എല്ലാം അമേരിക്കയുടെ ചിലവില്‍. ഏജന്റുമാര്‍ക്ക് കിട്ടുന്ന തുകയെല്ലാം ലാഭം !! നയതന്ത്ര പ്രതിനിധികളുടെ വേലക്കാര്‍ 'മുങ്ങണമെന്നു' മാത്രം. ബാക്കി ബരാരെപ്പോലെയുള്ള അറ്റോര്‍ണിമാര്‍ നോക്കിക്കൊള്ളും.

ന്യൂയോര്‍ക്കിലെ മുന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രഭു ദയാലിന്റെ വീട്ടുജോലിക്കാരി സന്തോഷ് ഭരദ്വാജ് രണ്ടു വര്‍ഷം ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരിയായിരുന്നു. കൂടാതെ ആറു വര്‍ഷം മൗറീഷ്യസിലും വീട്ടുവേലക്കാരിയായി ജോലി ചെയ്തു. തിരിച്ച് ഡല്‍ഹിയിലെത്തിയ അവര്‍ പ്രഭു ദയാല്‍ ന്യൂയോര്‍ക്കില്‍ നിയമിതനായതിനുശേഷം അവരുടെ ഇഷ്ടത്തിനനുസരിച്ച് വീണ്ടും വേലക്കാരിയായി വരികയും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 'ചാടി' പോകുകയും പ്രഭു ദയാലിനെ പീഡനക്കേസില്‍ കുടുക്കുകയും ചെയ്തു. രണ്ടു വര്‍ഷം ഡല്‍ഹിയിലും ആറു വര്‍ഷം മൗറീഷ്യസിലും യാതൊരു പ്രശ്നവുമില്ലാതെ വീട്ടിലെ അംഗം പോലെ ജീവിച്ച വേലക്കാരിക്ക് ന്യൂയോര്‍ക്കിലെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും 'സൂക്കേട്' തുടങ്ങി. ഇങ്ങനെയൊരു തന്ത്രം പ്രയോഗിച്ചാല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാം എന്ന വിശ്വാസമാണ് ഇക്കൂട്ടരെക്കൊണ്ട് അത് ചെയ്യിക്കുന്നത്. അതിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മൗനാനുവാദവും നല്‍കുന്നു. പ്രഭു ദയാല്‍ അദ്ദേഹത്തിനു നേരിട്ട അനുഭവം വിവരിക്കുന്നതിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

http://www.ndtv.com/video/player/left-right-centre/former-consul-general-speaks-out-prabhu-dayal-on-the-case-against-him-and-devyani-khobragade/302618

സുരക്ഷയുടെ കാരണം പറഞ്ഞ് മുന്‍ രാഷ്ട്രപതിയും ഭാരത രത്നവുമായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ കോട്ടും ഷൂസും അഴിച്ചു വാങ്ങിയതും, ബോളിവുഡ് മെഗാസ്റ്റാര്‍ ഷാരൂഖ് ഖാന്‍, യുപി വ്യവസായ മന്ത്രി അസം ഖാന്‍, കേരളത്തിന്‍റെ നോര്‍ക്ക മന്ത്രി എം.എം. ഹസന്‍ എന്നിവരെ വിവിധ വിമാനത്താവളങ്ങളില്‍ തടഞ്ഞു വെച്ചതും, വിശ്രുത ചലച്ചിത്രതാരം കമല്‍ഹാസന്‍റെ പേര് കമാല്‍ ഹസന്‍ എന്നു തെറ്റായി വായിച്ചു മുസ്ലിം ആണെന്നു ധരിച്ചു തടഞ്ഞു വെച്ചതും,  മമ്മൂട്ടിയെ ന്യൂയോര്‍ക്കില്‍ തടഞ്ഞു വെച്ചതും, ഇന്ത്യന്‍ അംബാസഡര്‍ മീരാ ശങ്കറിനെ സാരിയുടുത്തതിന്റെ പേരില്‍ തടഞ്ഞുവെച്ചതും, പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, യുഎന്‍ പ്രതിനിധി ഹര്‍ദീപ് പുരി തുടങ്ങി എത്രയെത്ര ഉന്നതരെയാണ് അമേരിക്ക സുരക്ഷയുടെ പേരില്‍ വേട്ടയാടിയത്.

അമേരിക്കയുടെ ഈ വഷളന്‍ പ്രവര്‍ത്തിക്കെതിരെ ശക്തമായ വിധത്തിലാണ് ഇന്ത്യ പ്രതികരിക്കുന്നത്. ഡല്‍ഹിയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിന്‍വലിച്ചതുകൂടാതെ, ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാതാക്കി. 2011ല്‍ ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ദേബാശിഷ് ബിശ്വാസിന്‍റെ മകള്‍ കൃത്തിക ബിശ്വാസിനെ അറസ്റ്റ് ചെയ്തപ്പോള്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്നായിരുന്നു യുഎസിന്‍റെ വാദം. അശ്ലീല ഇ മെയ്ല്‍ അയച്ചുവെന്ന വ്യാജ കേസില്‍പ്പെടുത്തിയായിരുന്നു കൃത്തികയ്ക്കെതിരായ നടപടി. എന്നാല്‍, ഇതിനുശേഷവും ഇന്ത്യയില്‍ യുഎസ് ഉദ്യോഗസ്ഥര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ അനുഭവിച്ചിരുന്നു. ഈ ആനുകൂല്യമാണ് ദേവയാനി ഖോബ്രഗഡെയുടെ അറസ്റ്റോടെ ഇന്ത്യാ ഗവണ്മെന്റ് ഇല്ലാതാക്കിയത്. ഇതുപ്രകാരം ഏതെങ്കിലും അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ ഇന്ത്യയില്‍ വെച്ച് അറസ്റ്റു ചെയ്താല്‍ ദേവയാനിയെ എങ്ങനെ കൈകാര്യം ചെയ്തുവോ അതേ അളവില്‍ അവരേയും ഇന്ത്യക്ക് കൈകാര്യം ചെയ്യാം.

ദേവയാനിയുടെ അറസ്റ്റിനെച്ചൊല്ലിയുള്ള നയതന്ത്ര യുദ്ധത്തിന്‍റെ തുടക്കത്തില്‍ യുഎസ് എംബസിയിലും അനുബന്ധ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ വീടുകളിലും ജോലി ചെയ്യുന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും വിസ, ശമ്പളം തുടങ്ങിയ രേഖകള്‍ ഹാജരാക്കാന്‍ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് നിര്‍ദേശിച്ചിരുന്നു. അമേരിക്കന്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ അധ്യാപകരെക്കുറിച്ചും വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക ഏതു നിമിഷവും ഇവര്‍ക്ക് പ്രത്യേക വിസ നല്‍കി അമേരിക്കയിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് വിമാനത്താവളങ്ങളിലും കര്‍ശന പരിശോധന നിര്‍ബ്ബന്ധമാക്കുമെന്നും പറയുന്നു.

ദേവയാനി ഖൊബ്രഗഡേയുടെ വേലക്കാരി ഒളിവില്‍ പോയ നിമിഷം മുതലുള്ള എല്ലാ വിവരങ്ങളും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ ഔദ്യോഗികമായി അറിയിച്ചിട്ടും അവരെ ഒരു കുറ്റവാളിയെപ്പോലെ അറസ്റ്റു ചെയ്ത് ഇന്ത്യയെ അവഹേളിച്ചതിന് ഇത്രയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ ഭാരതീയരോടു മാത്രമല്ല വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിക്കു മുകളിലും, വിവിധ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്കു മുകളിലും പറക്കുന്ന ത്രിവര്‍ണ പതാകയേയും അവഹേളിക്കുന്നതിനു തുല്യമാകുകയില്ലേ ?

2013, ഡിസംബർ 17, ചൊവ്വാഴ്ച

സൗമ്യയുടെ നിലവിളിയുടെ മാറ്റൊലി

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവച്ച ഹൈകോടതി വിധി, യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടിലാക്കുന്നത്‌ ഗോവിന്ദച്ചാമിയെ മാത്രമല്ല, കേരളീയ സമൂഹത്തെ ഒന്നാകെയാണ്‌. തീര്‍ന്നില്ല, റെയില്‍വേയെയും ബാര്‍ കൗണ്‍സിലിനെപ്പോലെ നീതിന്യായം സംരക്ഷിക്കാന്‍ പ്രതിഞ്‌ജാബദ്ധമായ സംവിധാനത്തെയും ഹൈക്കോടതി വിധി പ്രതിക്കൂട്ടിലാക്കുന്നു. കൊടും കുറ്റവാളിയായതിനാല്‍ വിധി കേട്ടിട്ടും കൂസലില്ലായ്‌മയോടെയാണത്രേ ഗോവിന്ദച്ചാമി കോടതിയുടെ പടികളിറങ്ങിവന്നത്‌. റെയില്‍വേക്കും അഭിഭാഷക സമൂഹത്തിനും കേരളീയ പൊതുസമൂഹത്തിനും ഈ കേസില്‍ ഇങ്ങനെ ലജ്ജയില്ലായ്‌മ അഭിനയിക്കാന്‍ കഴിയുമോ?

ഒന്നാമതായി പ്രതിക്കൂട്ടില്‍ പ്രതിഭാഗം അഭിഭാഷകര്‍ തന്നെയാണ്‌. പെണ്‍കുട്ടി മരിച്ച ശേഷവും വേട്ടയാടപ്പെടുന്ന രീതിയില്‍ കോടതിയില്‍ വാദപ്രതിവാദം നടന്നതിനെയാണ്‌ കോടതി വിമര്‍ശിച്ചത്‌. ഇത്തരം വാദങ്ങള്‍ നിരുത്സഹപ്പെടുത്തണമെന്ന്‌ കാണിച്ച്‌ ബാര്‍ കൗണ്‍സിലിന്‌ അറിയിപ്പ്‌ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സൗമ്യ കേസിന്റെ വിചാരണയില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായി വന്നവരോട്‌, സൗമ്യയുമായി നിങ്ങള്‍ ലൈംഗികബന്ധം പുലര്‍ത്തിയിട്ടില്ലേ എന്നുതുടങ്ങിയ മ്‌ളേച്ഛമായ ചോദ്യങ്ങളാണ്‌ ചോദിച്ചതെന്ന്‌ അഭിഭാഷകര്‍ തന്നെ പരാതിപ്പെട്ടിട്ടുണ്ട്‌. അഭിഭാഷക വൃത്തിയുടെ മാത്രമല്ല, നീതിന്യായ വ്യവസ്ഥയുടെ കൂടി ധാര്‍മികത ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്‌.

ക്രോസ്‌ വിസ്‌താരത്തിനിടെ സൗമ്യയെക്കുറിച്ചുള്ള പ്രതിഭാഗം അഭിഭാഷകന്റെ പല ചോദ്യങ്ങളും കൊല്ലപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും അപമാനിക്കുന്നതിന്‌ സമമായിരുന്നു എന്ന്‌ പറയുന്നു. നിരപരാധിയായ ഇരയെയും സാക്ഷികളെയും വ്യക്തിഹത്യ നടത്തുന്നതിന്‌ സമാനമാണിത്‌. ഇരകളെ വ്യക്തിഹത്യ നടത്തുന്നതിനും അഭിഭാഷകന്‍ അപകീര്‍ത്തികരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനും നിയന്ത്രണം വേണമെന്ന്‌ ഹൈകോടതി അഭിപ്രായപ്പെട്ടിരിക്കുകയാണ്‌. ഇക്കാര്യങ്ങള്‍ കേന്ദ്രസംസ്ഥാന ബാര്‍ കൗണ്‍സിലുകളുടെ ശ്രദ്ധയില്‍ക്കൊണ്ടുവരുന്നതിനായി വിധിന്യായം അയച്ചുനല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. പ്രതിഭാഗം അഭിഭാഷകന്‌ ഇത്തരം ചോദ്യങ്ങള്‍ക്ക്‌ വിചാരണക്കോടതി അനുമതി നല്‍കിയത്‌ എന്തുകൊണ്ടെന്ന്‌ മനസ്സിലാകുന്നില്ലെന്നാണ്‌ ഹൈക്കോടതി പരാമര്‍ശിച്ചത്‌. അനാവശ്യ ചോദ്യങ്ങള്‍ തടയുന്നത്‌ കോടതി തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ വഴക്കടിച്ചുവെന്നും വിധിന്യായത്തില്‍ പറയുന്നു.

സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം സംശയാതീതമായി തെളിഞ്ഞ ഒരു കേസിലാണ്‌ അഭിഭാഷകര്‍ ഇത്ര ക്രൂരമായി പെരുമാറിയത്‌ എന്നത്‌ ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ പാളിച്ചകളെയല്ലേഎടുത്തുകാട്ടുന്നത്‌ ? നീതി അട്ടിമറിക്കാനാണ്‌ ഇവിടെ അഭിഭാഷകര്‍ ശ്രമിച്ചത്‌ എന്നത്‌ ഞെട്ടിപ്പിക്കുന്ന കാര്യമാണ്‌. സൗമ്യ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിന്റെ ബട്ടണ്‍സ്‌ ഇളകിപ്പോയതിനും ശരീരത്തില്‍ പെണ്‍കുട്ടിയുടെ നഖക്ഷതം ഏറ്റതിനും തെളിവുണ്ട്‌. ട്രെയിനില്‍നിന്നു ചാടിയ പ്രതി പെണ്‍കുട്ടിയെ വലിച്ചിഴച്ച്‌ പാളത്തിനടുത്ത്‌ ബലാത്സംഗം ചെയ്‌തതും സംശയാതീതമായി തെളിയുന്നു. ബലാത്സംഗത്തിനു മുമ്പും പിമ്പും സംഭവസ്ഥലത്ത്‌ പ്രതി ഉണ്ടായിരുന്നതായി സാക്ഷിമൊഴിയുണ്ട്‌. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ പ്രതി കുറ്റംചെയ്‌തതെന്നത്‌ സംശയാതീതമാണ്‌. ഇക്കാര്യങ്ങള്‍ക്കെല്ലാം വ്യക്തമായി തെളിവുകളുണ്ട്‌. ഇരയെപ്പോലെ തന്നെ പ്രതിക്കും നിയമത്തിന്റെ പരിരക്ഷ ലഭിക്കണമെന്നത്‌ ശരിയാണ്‌. പക്ഷേ, അത്‌ ഒരു കൊടുംകുറ്റവാളിയെ ഏതുവിധേനയും രക്ഷിക്കാനുള്ള നെറികെട്ട ശ്രമമായി മാറ്റുന്നത്‌ കടുത്ത നീതികേടാണ്‌ എന്നാണ്‌ ഹൈകോടതിയുടെ അഭിപ്രായങ്ങളില്‍നിന്ന്‌ വായിച്ചെടുക്കാന്‍ കഴിയുന്നത്‌. ഇതിന്‌ നീതിയെ സംരക്ഷിക്കേണ്ട അഭിഭാഷക സമൂഹം തന്നെ കൂട്ടുനില്‍ക്കുന്നതാണ്‌ ഏറ്റവും ഭീതിദം.

സൗമ്യ കേസില്‍ മാത്രമല്ല, സ്‌ത്രീപീഡനക്കേസുകളിലെല്ലാം ഇതുതന്നെയാണ്‌ സ്ഥിതി. ഇരകളെയും സാക്ഷികളെയും വിരട്ടി കേസ്‌ ദുര്‍ബലമാക്കാന്‍ ഏതുമാര്‍ഗവും സ്വീകരിക്കുംവിധം അധ:പ്പതിച്ചിരിക്കുകയാണ്‌ കേരളത്തിലെ ചില അഭിഭാഷകര്‍. സൂര്യനെല്ലി, വിതുര, ഐസ്‌ക്രീം കേസുകളില്‍ ഇരകളായ പെണ്‍കുട്ടികള്‍ ഇത്തരം അഭിഭാഷകരുടെ മാനഭംഗത്തിന്‌ വീണ്ടും ഇരകളാക്കപ്പെട്ടവരാണ്‌. പ്രതികള്‍ നടത്തിയ ക്രൂരതയോളം പോന്നതായിരുന്നു ഇവരുടെ ക്രോസ്‌ വിസ്‌താരങ്ങളെന്ന്‌ പെണ്‍കുട്ടികള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. വിചാരണക്കിടെയുള്ള ഇത്തരം മാനഭംഗങ്ങളില്‍ മനംമടുത്താണ്‌ ഈയിടെ വിതുര കേസിലെ പെണ്‍കുട്ടി ഇനി കേസിനില്ല എന്ന നിലപാടുതന്നെയെടുത്തത്‌. പ്രതികളെ രക്ഷിക്കാന്‍ ഏത്‌ അടവും പയറ്റണമെന്ന്‌ ഇവര്‍ പഠിച്ച നീതി പുസ്‌തകങ്ങളിലുണ്ടോ? അതോ, അന്തിമമായി നീതി സംരക്ഷിക്കപ്പെടുകയാണോ വേണ്ടത്‌?

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെപ്പോലൊരു കൊടുംക്രൂരനുവേണ്ടി വന്‍തുക വാങ്ങി കേസ്‌ വാദിക്കാന്‍ പ്രമുഖ അഭിഭാഷകന്‍ എത്തിയതിനുപുറകിലെ വിവാദവും ദുരൂഹതയും ഇനിയും മാറിയിട്ടില്ല. ആരാണ്‌ ഈ അഭിഭാഷക സംഘത്തിന്‌ പണം മുടക്കുന്നത്‌, അവരുടെ താല്‍പര്യമെന്ത്‌ എന്നൊക്കെയുള്ള കാര്യങ്ങള്‍ ചോദ്യചിഹ്നങ്ങളായി കോടതിയെപോലും അലട്ടുന്നുവെന്നതിന്റെ പ്രത്യക്ഷ സൂചനയാണ്‌, അഭിഭാഷകരുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശങ്ങള്‍.

കോടതി വിധി പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു പൊതുസംവിധാനം റെയില്‍വേയാണ്‌. ദുരന്തം നടന്ന്‌ ഇത്രകാലം കഴിഞ്ഞിട്ടും ഇന്ത്യന്‍ റെയില്‍വേ നിലപാട്‌ മാറ്റിയിട്ടില്ല. വനിതകളുടെ കമ്പാര്‍ട്ട്‌മെന്റ്‌ ഇപ്പോഴും പിന്‍ഭാഗത്തു നിന്നാണ്‌. ഇത്‌ മധ്യഭാഗത്തേക്ക്‌ മാറ്റാന്‍ റെയില്‍വേ ഇതുവരെ തയ്യാറായിട്ടില്ല. വനിതാ കമ്പാര്‍ട്ടുമെന്റില്‍ ഒരു വനിതാ കോണ്‍സ്റ്റബിളിനെപോലും സുരക്ഷയ്‌ക്ക്‌ നിയോഗിക്കാന്‍ റെയില്‍വേയ്‌ക്ക്‌ കഴിഞ്ഞിട്ടില്ല. സൗമ്യ വധത്തിനുശേഷം ഇക്കാര്യങ്ങളെല്ലാം റെയില്‍വേ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നതാണ്‌. നാലുവര്‍ഷം കഴിഞ്ഞിട്ടും അത്‌ പാലിക്കാനായിട്ടില്ല എന്നത്‌, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തിന്‌ നാണക്കേടല്ലേ? സൗമ്യക്കുശേഷവും എത്ര പെണ്‍കുട്ടികള്‍ കേരളത്തിലോടുന്ന ട്രെയിനുകളില്‍ അപമാനശ്രമത്തിന്‌ ഇരകളായി. അവര്‍ ക്രൂരമായി കൊല്ലപ്പെടാത്തതുകൊണ്ടുമാത്രമാണ്‌ റെയില്‍വേ ഇതുവരെ രക്ഷപ്പെട്ടുപോന്നത്‌.

സര്‍ക്കാറിനും ഉത്തരവാദിത്തത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറാനാകില്ല. സൗമ്യ വധത്തിന്റെ പാശ്ചാത്തലത്തില്‍ കേരളത്തിലെ ആഭ്യന്തരമന്ത്രി ചില പ്രഖ്യാപനങ്ങള്‍ അന്ന്‌ നടത്തിയിരുന്നു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയാനുള്ള നിയമത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിനുശേഷം 2012ലാണ്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ചില ഉറപ്പുകള്‍ നല്‍കിയത്‌. തുടര്‍ച്ചയായി ലൈംഗിക കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക്‌ കടുത്തശിക്ഷ നല്‍കാന്‍ നിയമം ഭേദഗതി ചെയ്യുമെന്നും സ്‌ത്രീസുരക്ഷക്കുള്ള പുതിയ നിയമത്തിന്റെ കരട്‌ ആയെന്നുമായിരുന്നു അന്ന്‌ ആഭ്യന്തരമന്ത്രി പറഞ്ഞത്‌. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍, മനോവൈകല്യമുള്ള സ്‌ത്രീകള്‍, കുട്ടികള്‍ എന്നിവരോട്‌ ലൈംഗികാതിക്രമം കാണിക്കുന്നവര്‍ക്ക്‌ കഠിനശിക്ഷ നല്‍കും, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളുടെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുതിയ നിയമത്തില്‍ വകുപ്പുകള്‍ ചേര്‍ക്കും, കേന്ദ്രനിയമമായ ഗാര്‍ഹിക പീഡന നിരോധ നിയമം പൂര്‍ണമായി നടപ്പാക്കും, വിദ്യാലയങ്ങളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും, ആഴ്‌ചതോറും പരാതി പരിശോധിച്ച്‌ നിയമനടപടി സ്വീകരിക്കും, സ്ഥാപന മേധാവി, പൊലീസ്‌ ഉദ്യോഗസ്ഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരാതി പരിശോധിക്കും എന്നൊക്കെയായിരുന്നു ആ ഉറപ്പുകള്‍. സ്‌ത്രീകള്‍ക്ക്‌ പൊലീസ്‌ സ്‌റ്റേഷനുകളില്‍ പോകാതെ പരാതി നല്‍കാന്‍ ഹെല്‍പ്‌ ലൈനുകള്‍ പുനരാരംഭിക്കുമെന്നും ഇരകളാക്കപ്പെട്ട സ്‌ത്രീകളെ താല്‍കാലിക വസതികളില്‍ താമസിപ്പിക്കുമെന്നും ഇവരെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സിങ്‌ വഴി വിചാരണക്ക്‌ സൗകര്യമൊരുക്കുമെന്നും തീരുമാനമുണ്ടായി. ഇവയെല്ലാം ഇന്ന്‌ ആഭ്യന്തരമന്ത്രിക്കുതന്നെ ഓര്‍മയുണ്ടാകുമോ എന്ന്‌ സംശയമാണ്‌. ഇവയില്‍ ഏതു കാര്യമാണ്‌ അദ്ദേഹം നടപ്പാക്കിയത്‌ എന്നത്‌ ഈ സമയത്തെങ്കിലും ഒന്ന്‌ വ്യക്തമാക്കേണ്ടതാണ്‌. ദല്‍ഹിയില്‍ പെണ്‍കുട്ടി ബസില്‍ വച്ച്‌ ക്രൂരമായി വധിക്കപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച നിര്‍ഭയ പദ്ധതിയിലെ ഫണ്ടില്‍ ചില്ലിക്കാശ്‌ ഇതുവരെയായിട്ടും ചെലവഴിച്ചിട്ടില്ല. ഒരിക്കലും ചെലവഴിക്കപ്പെടാത്ത ആ ഫണ്ടിനു സമാനമായിരിക്കുകയാണ്‌ നമ്മുടെ ആഭ്യന്തരമന്ത്രിയുടെ ഈ പ്രഖ്യാപനങ്ങളും.

ഗോവിന്ദച്ചാമിമാര്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ഇടം നാം ഉള്‍പ്പെട്ട പൊതുസമൂഹം തന്നെയാണെന്ന്‌ ഹൈകോടതി പറയുന്നുണ്ട്‌. ഭാവനയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളാണ്‌ സൗമ്യ കേസിലുണ്ടായതെന്ന്‌ ഹൈക്കോടതി പരിഹസിക്കുന്നു. പെണ്‍കുട്ടിയെ അപകടത്തില്‍നിന്നു രക്ഷിക്കാന്‍ ശ്രമിക്കാതെ നിര്‍ജീവവും സ്വാര്‍ഥവുമായി പെരുമാറിയ സഹയാത്രികരുടെ തണുപ്പന്‍ നിലപാടാണ്‌ സൗമ്യയുടെ ജീവനെടുത്തതെന്ന്‌ വിധിന്യായത്തില്‍ കുറ്റപ്പെടുത്തുന്നു. ഈ നിലപാട്‌ ക്രൂരമാണ്‌. പൊതുസമൂഹത്തിന്റെ നിസ്സംഗത ഒരു സാധുവായ പെണ്‍കുട്ടിയുടെ ജീവനെടുത്തു. സൗമ്യയുടെ നിലവിളി സഹയാത്രികര്‍ കേള്‍ക്കാതിരുന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌. സഹയാത്രികര്‍ സഹായിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. നിലവിളി കേട്ട്‌ തൊട്ടടുത്ത കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ടോമി ദേവസ്യ എന്ന യാത്രക്കാരന്‍ അപായച്ചങ്ങല വലിക്കാന്‍ ശ്രമിച്ചെങ്കിലും സഹയാത്രികര്‍ തടഞ്ഞു. സമയത്തിന്‌ വീട്ടിലെത്തണമെന്നു പറഞ്ഞായിരുന്നു മറ്റു യാത്രക്കാര്‍ ഇയാളെ തടഞ്ഞത്‌. മരിക്കാന്‍ പോകുന്ന ഒരു പെണ്‍കുട്ടിയുടെ പിടച്ചിലിനേക്കാള്‍ വലുതായിരുന്നു ഓരോരുത്തര്‍ക്കും അവരവരുടെ വീടെത്തുക എന്നത്‌. സഹജീവികളെ അപകടത്തില്‍നിന്നു രക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും ചുമതലയുണ്ടെന്ന്‌ കോടതി ഓര്‍മിപ്പിക്കുന്നു. രക്തദാഹിയും ലൈംഗിക വൈകൃതത്തിന്‌ അടിമയുമായ പ്രതിയെക്കാള്‍ വലിയ തെറ്റാണ്‌ മൂകസാക്ഷികളായ സഹയാത്രികര്‍ ഇവിടെ ചെയ്‌തത്‌. സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റം വേണം. പെണ്‍കുട്ടിയുടെ ആത്മാവ്‌ ഇവര്‍ക്കുമുന്നില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും കോടതി പറഞ്ഞിട്ടുണ്ട്‌.

ഒരു മനുഷ്യന്‌ മറ്റൊരു മനുഷ്യനോടുണ്ടാകേണ്ട പ്രാഥമികമായ ഉത്തരവാദിത്തത്തെക്കുറിച്ചാണ്‌ കോടതി ഇവിടെ ഓര്‍മിപ്പിച്ചത്‌. കണ്‍മുന്നില്‍ സഹജീവി ആക്രമിക്കപ്പെടുമ്പോള്‍ സ്വന്തം കാര്യം നോക്കിയിരുന്നവര്‍, പ്രതിയേക്കാള്‍ ക്രൂരമായ മനസ്സുള്ളവര്‍ തന്നെയാണ്‌. ഇവര്‍ തന്നെയാണ്‌ ഈ കൊടുംക്രൂരതയെക്കുറിച്ച്‌ കപടമായി സഹതപിക്കാനെത്തുന്നത്‌. ഇത്തരം സംഭവങ്ങളെക്കുറിച്ച്‌ ഫേസ്‌ബുക്കിലും മറ്റും പ്രതികരിച്ച്‌ വലിയ നീതിമാന്മാരായി പ്രത്യക്ഷപ്പെടുന്നവരില്‍ പലരും ഇത്തരം ക്രൂരതകള്‍ക്കുമുന്നില്‍ നിശ്ശബ്ദരായി ഇരുന്നവരായിരിക്കാം. കേരളീയ പൊതുസമൂഹത്തിന്റെ ഈ കാപട്യം വിചാരണ ചെയ്യപ്പെടേണ്ടതുതന്നെയാണ്‌. വിദ്യാഭ്യാസത്തിലും രാഷ്ട്രീയബോധത്തിലും ജീവിതമൂല്യങ്ങളിലും ജീവിതനിലവാരത്തിലും മുന്നിലെന്ന്‌ പ്രകീര്‍ത്തിക്കപ്പെടുന്ന കേരളീയ സമൂഹം ഇവിടെ പ്രതിക്കൂട്ടിലാകുന്നു, നരാധമന്‍ ആയ ഒരു കൊടുംകുറ്റവാളിക്കൊപ്പം. പൊതുസമൂഹം ആര്‍ജിച്ച ഈ ഗുണങ്ങളെല്ലാം വെറും മുഖംമൂടികള്‍ മാത്രമാണോ? ഓരോ മലയാളിയും സ്വയം വിചാരണ നടത്തേണ്ട സന്ദര്‍ഭം കൂടിയാണിത്‌.

ഇത്തരം സ്വയം വിചാരണകളുടെ നിരവധി സന്ദര്‍ഭങ്ങളാണ്‌ ഹൈകോടതി വിധി തുറന്നിട്ടിരിക്കുന്നത്‌. അത്‌ ഗോവിന്ദച്ചാമിക്കുമാത്രം ബാധകമായ ഒന്നല്ല. നമുക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന നിരവധി ഗോവിന്ദച്ചാമിമാരെ പുറത്തുകൊണ്ടുവരാനുള്ള ഒരു സ്വയം വിചാരണയിലേക്ക്‌ ഈ പെണ്‍കുട്ടിയുടെ വിലപ്പെട്ട ജീവത്യാഗം നയിക്കട്ടെ.

2013, ഡിസംബർ 9, തിങ്കളാഴ്‌ച

അവസാനത്തെ ഗാന്ധിയനും വിട പറയുമ്പോള്‍...

ലോകത്ത് അവശേഷിച്ച ഏറ്റവും പ്രമുഖനായ ഗാന്ധിയനായിരുന്നു നെല്‍സണ്‍ മണ്ടേല. ആധുനികകാലത്ത് വിവിധ രാജ്യങ്ങളില്‍നടന്ന വിമോചന പോരാട്ടങ്ങളുടെയെല്ലാം ഏറ്റവും വലിയ ശക്തിസ്രോതസ്സ്. സായുധവും സഹനവുമായ പോരാട്ടവഴികളിലൂടെ സഞ്ചരിച്ച ആ ജീവിതം, 27 വര്‍ഷം ഏകാന്തമായി തടവിലിരുന്നപ്പോള്‍ പോലും സജീവമായിരുന്നു. തടവിലിരിക്കുന്ന പോരാളിയാണ് സ്വതന്ത്രനാക്കപ്പെട്ട വ്യക്തിയേക്കാള്‍ ശക്തിമാനെന്ന് വംശവെറിയന്‍ ഭരണകൂടം തിരിച്ചറിഞ്ഞതിന്റെ ഫലമായിട്ടായിരുന്നു 1990ല്‍ മണ്ടേലയെ തടവില്‍നിന്ന് വിട്ടത്. പ്രതീക്ഷിച്ചപോലെ സംഭവിച്ചു. സ്വതന്ത്രനായ മണ്ടേലക്ക് തടവുകാരനായ മണ്ടേലയുടെ നിഴല്‍ മാത്രമാകാനേ കഴിഞ്ഞുള്ളൂ. ഭരണത്തില്‍ തിളങ്ങിയില്ലെങ്കിലും മണ്ടേല ദക്ഷിണാഫ്രിക്കയുടെ നായകനായി തന്നെയാണ് അരങ്ങൊഴിയുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആഫ്രിക്ക വെള്ളക്കാരന്റെ കാല്‍ക്കീഴിലായത്. കറുത്തവര്‍ഗക്കാരെ വെള്ളക്കാര്‍ അടിമകളാക്കിയപ്പോള്‍ ജനങ്ങളുടെ പ്രതിഷേധമുയരാന്‍ തുടങ്ങി. ട്രാന്‍സ്‌കെയിലെ ഉംതക് എന്ന സ്ഥലത്ത് തെംബു ഗോത്രത്തലവന്റെ മകനായി 1918ല്‍ ജനിച്ച നെല്‍സണ്‍ മണ്ടേല പിറന്നുവീണത് ഈ പ്രതിഷേധത്തിലേക്കായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇരുപത്തിമൂന്നാം വയസ്സില്‍ മണ്ടേല ജൊഹാനസ്ബര്‍ഗിലേക്ക് പോയി.  വിറ്റ്വാറ്ററാന്‍ഡ് സര്‍വകലാശാലയില്‍  നിയമബിരുദത്തിന് ചേര്‍ന്നു. കാമ്പസില്‍വച്ച് വര്‍ണവെറിയുടെ അതിക്രൂരമായ അനുഭവങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം 1943ല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് പോരാട്ടങ്ങളുടെ കാലമായിരുന്നു. വെള്ളക്കാരുടെ നാഷനല്‍ പാര്‍ട്ടി നടപ്പാക്കിയ വര്‍ണവിവേചനത്തിനെതിരെ മണ്ടേല പോരാട്ടമാരംഭിച്ചു. രാജ്യദ്രോഹം, ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 1956ല്‍ മണ്ടേലയെയും 155 രാഷ്ട്രീയപ്രവര്‍ത്തകരെയും തടവിലാക്കി.

കറുത്തവര്‍ഗക്കാര്‍ എവിടെ ജീവിക്കണം, എന്ത് ജോലി ചെയ്യണം എന്ന് തീരുമാനിക്കുന്ന 'പുതിയ പാസ് നിയമ'ത്തിനെതിരെ ആഫ്രിക്കയില്‍ പ്രതിഷേധം ശക്തമായി. 1960ല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് മണ്ടേല ഒളിവില്‍ പോയി. ഷാര്‍പെവില്ല കൂട്ടക്കൊലയില്‍ പൊലീസ് വെടിവെപ്പില്‍ 69 കറുത്ത വര്‍ഗക്കാര്‍ കൊല്ലപ്പെട്ടത് കറുത്തവരുടെ സമരത്തിന് പുതിയ കരുത്തുപകര്‍ന്നു.

അധികം താമസിയാതെ, ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് മണ്ടേലയെ  അറസ്റ്റ് ചെയ്തു. 1964ല്‍ ജീവപര്യന്തം തടവിന് വിധിച്ചു. 1968നും 1969നുമിടയില്‍ മണ്ടേലയുടെ മാതാവും കാറപകടത്തില്‍ മൂത്ത മകനും മരിച്ചു.  എന്നാല്‍, സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ മണ്ടേലക്ക് അനുവാദം ലഭിച്ചില്ല. റോബന്‍ ദ്വീപിലെ ജയിലില്‍ മണ്ടേല 18 വര്‍ഷം തടവുശിക്ഷ അനുഭവിച്ചു. പിന്നീട് 1982ല്‍ പോള്‍സ്മൂര്‍ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റി. 27 വര്‍ഷം ജയിലില്‍.

മണ്ടേലയുടെ മോചനത്തിന് ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. 1980ല്‍ അന്താരാഷ്ട്ര തലത്തില്‍ വര്‍ണവിവേചനത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിച്ചു. ഒടുവില്‍, 1990ല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നിരോധനം പിന്‍വലിച്ചു. മണ്ടേല ജയില്‍മോചിതനായി.   1993 ഡിസംബറില്‍ മണ്ടേലക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 1993ല്‍ ദക്ഷിണാഫ്രിക്കന്‍ ജനതക്ക് തുല്യ വോട്ടവകാശം ലഭിച്ചു. അഞ്ചു മാസത്തിനുശേഷം ആഫ്രിക്കയുടെ ചരിത്രത്തിലാദ്യമായി ജനാധിപത്യ തെരഞ്ഞെടുപ്പ് നടന്നു, തെരഞ്ഞെടുപ്പില്‍ 62 ശതമാനം വോട്ടുകള്‍ നേടി ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായി. അഞ്ച് വര്‍ഷം മാത്രമെ പ്രസിഡന്റ് പദവിയില്‍ തുടരൂവെന്ന് മണ്ടേല പ്രഖ്യാപിച്ചു.

വെളുത്ത വര്‍ഗക്കാരിലെയും കറുത്തവര്‍ക്കിടയിലെയും തീവ്രവാദികളോട് ഏറ്റുമുട്ടിയാണ് മണ്ടേല രാജ്യത്തെ നയിച്ചത്. സുളു വര്‍ഗക്കാരുടെ ഇന്‍കതാ ഫ്രീഡം പാര്‍ടിയും വര്‍ണ വിവേചന അനുകൂലികളും അദ്ദേഹത്തിന്റെ സംയമന രാഷ്ട്രീയത്തെ എതിര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കകത്ത് ചെറുരാജ്യമായി തുടരാന്‍ അനുവദിക്കണമെന്ന വെള്ളക്കാരില്‍ ചിലരുടെ ശ്രമങ്ങളെ അദ്ദേഹം തോല്‍പ്പിച്ചു. സംയമനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അവസാന വാക്കായ മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്തെ ഭിന്നതയും ഉരുക്കി. രാജ്യത്തിന് സ്വന്തമായ ഭരണഘടനയും ഉണ്ടാക്കി. അധികകാലം അധികാരത്തില്‍ ഇരിക്കാത്തതുകൊണ്ട്, മണ്ടേല മികച്ച ഭരണാധികാരിയാണോ എന്ന ചോദ്യത്തിന് അര്‍ഥമില്ല. അഞ്ച് വര്‍ഷംകൊണ്ട് നടപ്പാക്കിയ സാമ്പത്തികനയം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കീഴടങ്ങുന്നതാണെന്ന് ആരോപണമുണ്ടായിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇടതുപക്ഷ സ്വഭാവം മണ്ടേലയുടെ ഭരണത്തില്‍ വ്യതിചലിച്ചതായും ഇടതുപക്ഷം കുറ്റപ്പെടുത്തി. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും കാലത്ത് ഒരു ദക്ഷിണാഫ്രിക്കന്‍ ബദല്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. എയ്ഡ്‌സിനെതിരെ മണ്ടേല സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികള്‍ കൈക്കോണ്ടില്ലെന്ന്  എഡ്വിന്‍ കാമറൂണിനെപ്പോലെയുള്ളവര്‍ കുറ്റപ്പെടുത്തി.

ഭരണത്തില്‍ ഭാര്യ വിന്നി നടത്തിയ ഇടപെടലുകള്‍ മണ്ടേലയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ഇതിന് പരിഹാരമായി ഭാര്യ വിന്നിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി മണ്ടേല പരസ്യമായി പ്രഖ്യാപിച്ചു. എണ്‍പതാം വയസ്സില്‍ വീണ്ടും വിവാഹിതനായ മണ്ടേലക്ക് പിന്നീട് പഴയ മട്ടില്‍ പൊതുജീവിതത്തില്‍ തുടരാനായില്ല. ക്രമേണ അദ്ദേഹം രാഷ്ട്രീയജീവിതത്തില്‍നിന്ന് പിന്‍വാങ്ങിതുടങ്ങി.

അധികാരത്തില്‍ നിന്നൊഴിഞ്ഞ ശേഷം മണ്ടേല നിരവധി കുറ്റസമ്മതങ്ങള്‍ നടത്തി. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടത്തില്‍ മണ്ടേലക്ക് അര്‍ഹരായ അനുയായികള്‍ ഉണ്ടായില്ല എന്നതാണ് ആ ജീവിതത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. ലോകചരിത്രത്തിലെ മഹാന്മാര്‍ക്കൊക്കെയും ഈ ദുരന്തമുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ എബ്രഹാം ലിങ്കനും ഇന്ത്യയില്‍ ഗാന്ധിക്കും സംഭവിച്ച അതേ ദുരന്തം, ലോകത്തിലെ അവശേഷിക്കുന്ന നായകനും ഉണ്ടായി. അത് മഹാന്മാരുടെ ജീവിതത്തിലെ നിശ്ചിത അധ്യായമാണ്. ആ അനിവാര്യതകൊണ്ടു കൂടിയാണ് മണ്ടേലയെപ്പോലുള്ളവര്‍ പച്ച മനുഷ്യരായി നമുക്കിടയില്‍ അമരത്വം നേടുന്നത്.

2013, ഡിസംബർ 4, ബുധനാഴ്‌ച

പ്രഹസനമാകുന്ന പ്രവാസികാര്യ വകുപ്പ്‌

അമേരിക്കയില്‍ ഏറ്റവും വലിയ മണ്ടത്തരം കാണിക്കുന്നവര്‍ക്ക്‌ ഒരു അവാര്‍ഡ്‌ നിശ്ചയിച്ചാല്‍ അതിന്‌ അര്‍ഹരായവര്‍ ഇവിടത്തെ ചില മലയാളി നേതാക്കളാണെന്ന്‌ പറയാതിരിക്കാന്‍ വയ്യ. നാണമില്ലത്തവന്റെ ആസനത്തില്‍ ആലു മുളച്ചാല്‍ അതവന്‌ തണലാണെന്ന്‌ ഒരു ചൊല്ലുണ്ട്‌. ഏതാണ്ട്‌ അതേ അവസ്ഥയാണ്‌ ഇവിടത്തെ പല നേതാക്കളിലും ദര്‍ശിക്കാന്‍ കഴിയുന്നത്‌. 

കറിവേപ്പിലച്ചെടിയുടെ വേരില്‍ നിന്ന്‌ മുളച്ചു പൊട്ടുന്ന തൈകള്‍ പോലെ സംഘടനകളും ഉപസംഘടനകളും, അവയുടെ ലേബലില്‍ അറിയപ്പെടുന്ന നേതാക്കളും പറയുന്നത്‌ ഒരേ കാര്യം; പ്രവാസികളുടെ 'നീറുന്ന' പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനാണത്രേ അവരൊക്കെ ശ്രമിക്കുന്നത്‌. ഈ നീറുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ അവര്‍ ചെയ്യുന്നതോ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കേന്ദ്രസംസ്ഥാന മന്ത്രിമാരേയും എം.എല്‍.എ.മാരേയും അമേരിക്കയിലേക്ക്‌ ഇറക്കുമതി ചെയ്‌ത്‌ പൊതുവേദികളില്‍ കയറ്റി ആടയും പൊന്നാടയും അണിയിച്ച്‌ എഴുന്നള്ളിക്കുന്നു. സ്വന്തം നിയോജകമണ്ഡലത്തില്‍ നിസ്സാര കാര്യങ്ങള്‍ ചെയ്യാന്‍ പോലും കഴിവില്ലാത്ത നേതാക്കളോടാണ്‌ അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതെന്ന്‌ ഓര്‍ക്കണം.

ഇപ്പോള്‍ ഇവിടെയെത്തിയിട്ടുള്ള കേന്ദ്ര മന്ത്രി ആ സ്ഥാനത്ത്‌ ഉപവിഷ്ടനായതിനുശേഷം നിരന്തരം അമേരിക്ക സന്ദര്‍ശിക്കുന്ന മഹാത്മാവാണ്‌. അദ്ദേഹത്തിനറിയാം ഇവിടത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. തലമൂത്ത നേതാക്കളുമായി വ്യക്തിബന്ധം വരെയുള്ള വ്യക്തിയാണ്‌ ഈ മന്ത്രി. അദ്ദേഹം വിചാരിച്ചാല്‍ പല കാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാനും സാധിക്കും. ഓരോ പ്രാവശ്യവും 'ഇപ്പ ശരിയാക്കിത്തരാം.....ഇപ്പ ശരിയാക്കിത്തരാം....' എന്ന പൊള്ള വാഗ്‌ദാനം നല്‍കി അദ്ദേഹം വന്നവഴിയേ തിരിച്ചുപോകുന്നതല്ലാതെ കാതലായ പ്രശ്‌നങ്ങള്‍ക്ക്‌ ഒരു പ്രതിവിധി കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കുറെ നേതാക്കള്‍ കുറെ ഫോട്ടോകള്‍ തരപ്പെടുത്തി വെച്ച്‌ അവ ഓരോന്നായി ആഴ്‌ചയില്‍ മൂന്നു വട്ടമെങ്കിലും പത്രങ്ങളില്‍ കൊടുത്ത്‌ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതു മാത്രം മിച്ചം. ഇവരാകട്ടേ പറഞ്ഞതുതന്നെ മറിച്ചും തിരിച്ചും പറഞ്ഞ്‌ പൊതുജനങ്ങളെ കണ്‍ഫ്യൂഷനിലാക്കുന്നു. ഇവിടെ ഒരു കാര്യം തീര്‍ച്ചയാണ്‌. ഒന്നുകില്‍ ഈ മന്ത്രി ഇവരെ വട്ടു കളിപ്പിക്കുന്നു, അല്ലെങ്കില്‍ ഈ നേതാക്കള്‍ മന്ദബുദ്ധികള്‍, അതുമല്ലെങ്കില്‍ ഇവര്‍ മന:പ്പൂര്‍വ്വം പൊതുജനങ്ങളെ വിഡ്‌ഢികളാക്കുന്നു.

മേല്‌പറഞ്ഞ മന്ത്രി ഇനി തുടര്‍ച്ചയായി അമേരിക്കയില്‍ വരും. കാരണം 2014ല്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തുമൊക്കെ വെച്ചു നടക്കുന്ന പ്രവാസി ദിവസിലേക്ക്‌ ആളെക്കൂട്ടാന്‍. അല്ലാതെ ഇവിടെയുള്ള പ്രവാസികളുടെ 'നീറുന്ന' പ്രശ്‌നത്തിന്‌ പരിഹാരം കാണാനല്ല. ഇതുവരെ പ്രവാസികളുടെ പ്രശ്‌നമായിരുന്നെങ്കില്‍ ഇപ്പോള്‍ മന്ത്രിക്ക്‌ വേവലാതി അമേരിക്കയിലെ പുതിയ തലമുറയുടെ ഇന്ത്യയുമായുള്ള ബന്ധം കുറഞ്ഞുവരുന്നതിനാലാണ്‌. ഇതു കേട്ടപ്പോള്‍ നാട്ടിലെ ഒരു ജന്മിയുടെ കാര്യമാണ്‌ ഓര്‍മ്മയില്‍ വന്നത്‌.

ജന്മി കുടിയാന്മാരെ കഷ്ടപ്പെടുത്തി പണി ചെയ്യിക്കും. അവരുടെ ന്യായമായ ആവശ്യങ്ങള്‍ നിരാകരിക്കുമെന്നു മാത്രമല്ല, കൂലി പോലും ശരിക്ക്‌ കൊടുക്കുകയില്ല. കുടിയാന്മാരാകട്ടേ തങ്ങളുടെ ഗതി മക്കള്‍ക്ക്‌ വരരുതെന്ന്‌ ആഗ്രഹിച്ച്‌ അവരെ പള്ളിക്കൂടങ്ങളില്‍ അയച്ചു പഠിപ്പിക്കാന്‍ തുടങ്ങി. അത്‌ ജന്മിയുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അദ്ദേഹത്തിന്‌ കുണ്‌ഠിതമായി. അവരങ്ങനെ പഠിച്ച്‌ മിടുക്കരും മിടുക്കികളുമായാല്‍ ജന്മിക്ക്‌ പണിക്കാരെ കിട്ടാതെ വരും. അതുകൊണ്ട്‌ ഉടനെ ഉത്തരവായി. കുടിയാന്മാരുടെ കുട്ടികളെയും ജന്മിയുടെ പണിക്കാരുടെ കൂട്ടത്തില്‍ കൂട്ടുക. അവരും പണി പഠിക്കട്ടേ...!! ഏതാണ്ട്‌ ഇതുപോലെയാണ്‌ മന്ത്രിയുടെ പ്രസ്‌താവന കേട്ടപ്പോള്‍ തോന്നിയത്‌. ഒന്നാം തലമുറയും രണ്ടാം തലമുറയും അലമുറയിട്ട്‌ കരഞ്ഞിട്ടുപോലും അവരുടെ ന്യായമായ ആവശ്യങ്ങള്‍ അവഗണിച്ച മന്ത്രിക്ക്‌ ഇവിടത്തെ മലയാളിക്കുഞ്ഞുങ്ങള്‍ അന്തസ്സായി ജീവിക്കുന്നതു കണ്ടപ്പോള്‍ ജന്മിയുടെ കുണ്‌ഠിത രോഗം പിടിച്ചിരിക്കുകയാണ്‌. അവരെ ഇനി ഇന്ത്യയിലേക്ക്‌ കൊണ്ടുപോയിട്ടുവേണം പണി പഠിപ്പിക്കാന്‍...!

പ്രവാസി വകുപ്പിനെ പ്രഹസന വകുപ്പാക്കിയ മന്ത്രിയും മന്ത്രി സഭയും എത്ര കിണഞ്ഞു ശ്രമിച്ചാലും ഇവിടെയുള്ള പുതുതലമുറയെ ബ്രെയ്‌ന്‍ വാഷ്‌ ചെയ്‌ത്‌ വരുതിയിലാക്കാന്‍ സാധിക്കുകയില്ല. മന്ദബുദ്ധികളായ ചില 'ബുദ്ധി ജീവികള്‍' തന്നെ അതിനു കാരണം. ഈ ബുദ്ധിജീവികള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ ഓരോ രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരു മാമാങ്കം സംഘടിപ്പിക്കുക പതിവാണ്‌. അതില്‍ യുവ ജനങ്ങളെ, അല്ലെങ്കില്‍ പുതിയ തലമുറയെ ഉദ്ധരിക്കാനായി 'തലമുറകള്‍ക്കിടയിലെ വിടവു നികത്തലെന്നോ,' അമേരിക്കയിലെ ജീവിത സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടാമെന്നോ' ഒക്കെ ഉള്‍പ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയും പതിവാണ്‌. എന്നാല്‍ അതില്‍ പങ്കെടുക്കുന്നവരാകട്ടേ വിരലിലെണ്ണാവുന്നവര്‍ മാത്രം. കാരണം, ഈ വിഷയങ്ങള്‍ തിരഞ്ഞെടുത്ത ഓര്‍ഗനൈസര്‍മാരേക്കാളും ഇതവതരിപ്പിക്കുന്ന സാമൂഹിക ശാസ്‌ത്ര പണ്ഡിതരെക്കാളും അറിവുണ്ടെന്ന്‌ ഭാവിക്കുന്നവരാണ്‌ ഭൂരിഭാഗം പേരും. അതുകൊണ്ട്‌ ഇങ്ങനെയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാതെ അവര്‍ക്ക്‌ വിവിധ സ്റ്റാളുകളില്‍ കറങ്ങി നടക്കാനായിരിക്കും താല്‌പര്യം. കുടുംബ ഭരണത്തിലോ, സാമൂഹിക സഹകരണത്തിലോ അറിവ്‌ കുറവുള്ളവര്‍ക്കുവേണ്ടിയാണ്‌ ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നും തങ്ങള്‍ക്കതിന്റെ ആവശ്യമില്ലെന്നുമുള്ള ഭാവമായിരിക്കും പലര്‍ക്കും.

മാതാപിതാക്കളുടെ അജ്ഞതയും അല്‌പത്വവും അത്യാഗ്രഹവുമൊക്കെ കണ്ടു മടുത്ത പുതുതലമുറയാകട്ടേ ദിശമാറ്റി അവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. അടുത്ത പ്രവാസി ഭാരതീയ ദിവസില്‍ ഇവിടെയുള്ള യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട്‌ എന്തൊക്കെയോ ചെയ്യുമെന്നുള്ള വിളംബരം കേട്ട്‌ രോമാഞ്ചകുഞ്ചകമണിയുന്നവര്‍ കാണുമായിരിക്കും. എന്നാല്‍, മൂഢ സ്വര്‍ഗത്തില്‍ ജീവിക്കുന്ന ഇവരൊക്കെ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത നിലയില്‍ ജീവിക്കുന്ന മലയാളികളുടെ മക്കള്‍ അത്ര വിവരം കെട്ടവരാണെന്നു ധരിക്കരുത്‌. ഇന്ത്യന്‍ മന്ത്രിമാര്‍ ഈ വൈകിയ വേളയില്‍ ഇന്ത്യക്കാരുടെ പുതിയ തലമുറയെത്തേടിയിറങ്ങിയതിന്റെ പൊരുള്‍ എന്തായിരിക്കുമെന്ന്‌ ഊഹിക്കാനുള്ള ബുദ്ധി ഇവിടത്തെ മലയാളി നേതാക്കള്‍ക്കുണ്ടാകണം.

പൈതൃകവും വികാരപരമായ ബന്ധത്തെക്കുറിച്ചും, മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ മുന്നേറുന്ന ഇന്ത്യയെക്കുറിച്ചും, പ്രവാസി യുവജനതയുടെ സ്വപ്‌നങ്ങളെക്കുറിച്ചുമൊക്കെയാണ്‌ പ്രവാസി ദിവസില്‍ ചര്‍ച്ചകള്‍ക്ക്‌ വിഷയമാകുന്നതെന്നുള്ള മന്ത്രിയുടെ പ്രസ്‌താവന തന്നെ പരിഹാസ്യമാണ്‌. അമേരിക്കന്‍ മാതാപിതാക്കളുടെ പാരമ്പര്യസാംസ്‌ക്കാരികസാമ്പത്തിക ജീവിതരീതികളെക്കുറിച്ച്‌ ആദ്യം തന്നെ മനസ്സിലാക്കാതെ, സായിപ്പിന്റെ കുട്ടികളെ അന്ധമായി അനുകരിക്കാന്‍ കുട്ടികളെ പരിശീലിപ്പിച്ച മലയാളികളാണ്‌ അറുപതുകളിലും എഴുപതുകളിലും കുടിയേറിയവര്‍. രാപകലില്ലാതെ ജോലിക്ക്‌ പോകുന്ന മമ്മിയും മൂവന്തിക്ക്‌ മുക്കുടി കഴിഞ്ഞ്‌ പോത്തുപോലെ കിടന്നുറങ്ങുന്ന ഡാഡിയും അവരുടെ സായിപ്പ്‌ കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ ഒരു ഭാഗമായിരുന്നില്ല. കൗമാരത്തിലെത്തുന്ന അമേരിക്കന്‍ കുട്ടികളെ, ഭാവി ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത്‌ അവരുമായി ഇടപഴകി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അമേരിക്കന്‍ മാതാപിതാക്കളും, ജാതിനിര്‍ണ്ണയത്തിന്‌ രക്തപരിശോധനവരെ നടത്താന്‍ നിര്‍ബ്ബന്ധിക്കുന്ന മലയാളി മതാപിതാക്കളും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാതെ ജീവിച്ചവരുടെ തലമുറകളെ അന്വേഷിച്ചിറങ്ങിയ ഈ മന്ത്രിയടക്കം പലരും മറന്ന ഒരു സത്യമുണ്ട്‌. ഇപ്പോള്‍ കാണിക്കുന്ന ഈ 'വ്യഗ്രത' കതിരില്‍ വളം വെയ്‌ക്കുന്നതിനു തുല്യമാണ്‌.

ഇന്ത്യയില്‍ നിന്നു വരുന്ന മന്ത്രിമാരെ സ്വീകരിക്കേണ്ടെന്നോ അവരുമായി ചര്‍ച്ചകള്‍ നടത്തേണ്ടെന്നോ അല്ല പറഞ്ഞു വരുന്നത്‌. അമേരിക്കന്‍ മലയാളികള്‍ എല്ലാവരും മന്ദബുദ്ധികളാണെന്ന്‌ ധരിച്ചുവശായവരെ പറഞ്ഞു മനസ്സിലാക്കാനുള്ള ഊര്‍ജ്ജസ്വലതയും, ഇവിടെയുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വവും ഇല്ലെങ്കില്‍ ആരും നേതാവ്‌ ചമയുന്ന പണിക്ക്‌ പോകരുത്‌. ഉള്ള വില നിങ്ങളായി കളഞ്ഞുകുളിക്കരുത്‌. പ്രവാസികളുടെ പ്രതികരണം ഫലപ്രദമായ രീതിയിലാക്കേണ്ടതെങ്ങനെ എന്ന്‌ ഗള്‍ഫ്‌ മലയാളികളില്‍ നിന്ന്‌ പഠിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ക്രൂര പീഢനത്തിനിരയായ ഗള്‍ഫ്‌ എങ്ങനെയാണ്‌ പ്രതികരിച്ചതെന്ന്‌ നാം അറിഞ്ഞതാണ്‌. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ പിന്നീട്‌ അങ്ങോട്ടു ചെന്ന മന്ത്രിയെ ബഹിഷ്‌ക്കരിച്ചതും ഘേരാവോ ചെയ്‌തതും ആ മന്ത്രി പോയതിനേക്കാള്‍ വേഗത്തില്‍ ഇന്ത്യയിലേക്ക്‌ തിരിച്ചുപോയതും നാം അറിഞ്ഞതാണ്‌. അതാണ്‌ യഥാര്‍ത്ഥ പ്രവാസി കൂട്ടായ്‌മ. ഉശിരു വേണം....പറഞ്ഞത്‌ ചെയ്യുകയും ചെയ്യുന്നത്‌ പറയുകയും വേണം....! അമേരിക്കയിലാണെങ്കിലോ, ജൂതന്‍ പനിനീര്‍ക്കുപ്പി വെച്ച കഥപോലെയാണ്‌. പ്രഹസനം പോലെ ഒരു പ്രവാസി മന്ത്രിയും പ്രഹസനം പോലെ കുറെ നേതാക്കളും. ഇവരുടെ കോമാളിത്തരം കണ്ട്‌ പന്തം കണ്ട പെരുച്ചാഴികളെപ്പോലെ നില്‍ക്കുന്ന കുറെ മലയാളികളും.

മന്ത്രിയുമായി പല രൂപത്തില്‍ ബന്ധമുള്ളവരും അടുപ്പമുള്ളവരുമൊക്കെ ഇവിടെയുണ്ട്‌. അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഏറെക്കുറെ ഇവിടെയുള്ള മലയാളികള്‍ക്ക്‌ അറിയുകയും ചെയ്യാം. സഹ്യാദ്രി പര്‍വ്വതം പൊക്കിക്കൊണ്ടുവരാനൊന്നും ആരും പറഞ്ഞിട്ടില്ല. ഒരു വകുപ്പ്‌ മന്ത്രിക്ക്‌ ചെയ്യാവുന്ന കാര്യങ്ങളാണ്‌ ഇക്കണ്ട കാലമത്രയും ആവശ്യപ്പെട്ടിട്ടുള്ളത്‌. അത്‌ നിറവേറ്റാന്‍ കഴിയാത്ത മന്ത്രിയെ എന്തിന്‌ വീണ്ടും വീണ്ടും എഴുന്നള്ളിക്കണം? മന്ത്രിയെ ബഹിഷ്‌ക്കരിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തവര്‍ തന്നെ മന്ത്രിയെ എഴുന്നള്ളിക്കുന്ന വിരോധാഭാസമാണ്‌ ഇപ്പോള്‍ കാണുന്നത്‌. പ്രതികരിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണതയും അമേരിക്കയിലെ മലയാളി സമൂഹത്തിനെ പിന്നോട്ടടിക്കുന്നു. പിന്നെ മന്ത്രി പറയുന്ന വങ്കത്തരം കണ്ണുമടച്ച്‌ വിശ്വസിക്കുന്നവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും? 'ചക്കിക്ക്‌ തോന്നുന്നുമ്പോള്‍ ചങ്കരന്‌ തോന്നുകയില്ല.........ചങ്കരന്‌ തോന്നുന്നുമ്പോള്‍ ചക്കിക്ക്‌ തോന്നുകയില്ല....രണ്ടു പേര്‍ക്കും തോന്നുമ്പോള്‍ കൊച്ചെഴുന്നേല്‍ക്കും' എന്നൊരു കഥ കേട്ടിട്ടുണ്ട്‌. പ്രവാസി വകുപ്പിന്‌ ആഗ്രഹമുണ്ടെങ്കിലും മറ്റു രണ്ടു വകുപ്പുകളും വിചാരിച്ചാലേ കാര്യങ്ങള്‍ നടക്കൂ എന്ന മന്ത്രിയുടെ പ്രസ്‌താവന കേട്ടപ്പോള്‍ മനസ്സിലോടിയെത്തിയ ഒരു കുസൃതിക്കഥയാണ്‌ ഇവിടെ കുറിച്ചത്‌.

കുടിയേറ്റ നിയമമനുസരിച്ച്‌ അമേരിക്കന്‍ പൗരത്വമുള്ളവരെ പ്രവാസി ഗണത്തില്‍ പെടുത്താന്‍ കഴിയില്ലെങ്കിലും, പ്രവാസി സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒട്ടേറെ നേതാക്കള്‍ ഇവിടെയുണ്ട്‌. പക്ഷേ, അവര്‍ക്ക്‌ ആവശ്യ സമയത്ത്‌ ഊര്‍ജ്ജം ലഭിക്കുന്നില്ല. വല്ലപ്പോഴും കിട്ടുന്ന ഊര്‍ജ്ജമാകട്ടേ പൊതുവേദികളില്‍ മൈക്രോഫോണ്‍ കൈയില്‍ കിട്ടുമ്പോള്‍ മാത്രം !! ആവനാഴിയില്‍ നിറച്ചുവെച്ചിരിക്കുന്ന അമ്പുകളെല്ലാം ഒറ്റയടിക്ക്‌ എയ്‌തുതീര്‍ത്ത്‌ അവരെന്തോ മഹാകാര്യം ചെയ്‌തെന്ന മട്ടില്‍ കുറെ ഫോട്ടോകള്‍ക്ക്‌ പോസ്‌ ചെയ്യും. അത്രതന്നെ. ഒരേ നിവേദനത്തിന്റെ ആയിരം കോപ്പികളെടുത്ത്‌ പോകുന്നിടത്തൊക്കെ വിതരണം ചെയ്‌തിട്ട്‌ യാതൊരു പ്രയോജനവുമില്ല. അവയൊക്കെ ചവറ്റുകുട്ടയില്‍ പോകുമെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌.

'പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍' എന്ന പേരില്‍ വളരെ കരുതലോടെയും ശ്രദ്ധയോടെയും രൂപീകരിച്ച സംഘടന ഇന്ന്‌ മോര്‍ച്ചറിയില്‍ മരവിച്ച ശവശരീരം കണക്കെ കിടപ്പാണ്‌. എല്ലാ തുറകളിലും കഴിവും പരിജ്ഞാനവുമുള്ളവരായിരുന്നു അതിന്റെ കമ്മിറ്റികളില്‍ ഏറിയ പങ്കും. നല്ല കഴിവും ആര്‍ജ്ജവവുമുണ്ടായിരുന്ന ആ സംഘടനയിലുള്ള മിക്കവരും ഈയ്യാം പാറ്റകളെപ്പോലെ ഇപ്പോള്‍ അലഞ്ഞു തിരിയുകയാണ്‌. എവിടെ പ്രകാശം കാണുന്നോ അവിടെയെല്ലാം പറന്നു ചെന്ന്‌ നിമിഷനേരം കൊണ്ട്‌ ചിറകു കരിഞ്ഞ്‌ താഴെ വീഴുന്നു. പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിനു ശേഷം നിരവധി സംഘടനകള്‍ സമാന ചിന്തകളുമായി പൊട്ടിമുളച്ചു. ഇപ്പോഴും മുളച്ചുകൊണ്ടേയിരിക്കുന്നു. അവരൊക്കെ ഇപ്പോള്‍ ഹല്ലേലുയ്യാ പാടുന്ന തിരക്കിലാണ്‌. കുറെ കഴിയുമ്പോള്‍ അവര്‍ക്കും അടച്ചുപ്രൂശ്‌മ ചെയ്യേണ്ടിവരും. അപ്പോഴും ഈ മന്ത്രി പറയും....`ഇപ്പ ശരിയാക്കിത്തരാം....ഇപ്പ ശരിയാക്കിത്തരാം.......!`

2013, ഡിസംബർ 3, ചൊവ്വാഴ്ച

പ്രവാസികാര്യ വകുപ്പിന്റെ കെടുകാര്യസ്ഥത - 2

എന്റെ മുന്‍ ലേഖനത്തിലെ ഉള്ളടക്കത്തെക്കുറിച്ച് പ്രശംസിച്ചും വിമര്‍ശിച്ചും പലരും കമന്റുകള്‍ എഴുതുകയും, ഇ-മെയില്‍, ടെലഫോണ്‍ വഴി നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയും ചെയ്തതില്‍ നിന്നാണ് രണ്ടാം ഭാഗം എഴുതുവാന്‍ പ്രചോദനം കിട്ടിയത്. വ്യക്തിപരമായി ആരേയും തേജോവധം ചെയ്യാതെയും, സാമാന്യവത്ക്കരിച്ചുകൊണ്ട് ചില നഗ്നസത്യങ്ങള്‍ പ്രവാസികളേയും അമേരിക്കന്‍ മലയാളികളേയും തെര്യപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ടു മാത്രമാണ് ഞാനങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത്.  വിമര്‍ശിച്ചവര്‍ക്കുള്ള വിശദീകരണം ആ ലേഖനത്തിന്റെ ഉള്ളടക്കത്തില്‍ തന്നെയുണ്ട്. കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുക്കാന്‍ ഓടാതെ ഗൗരവമായ കാര്യങ്ങള്‍ ഗൗരവമായിത്തന്നെ കാണണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. "പ്രതികരിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണതയാണ് അമേരിക്കയിലെ മലയാളി സമൂഹത്തിനെ പിന്നോട്ടടിക്കുന്നതെന്ന് " ഞാന്‍ സൂചിപ്പിച്ചതും അതുകൊണ്ടാണ്.

ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എന്നീ പ്രമുഖ സംഘടനകളുടെ പ്രയത്നം ഫലപ്രദമാകുന്നില്ലെന്ന് കണ്ടപ്പോഴാണ് "ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍" (ഐപാക്) എന്ന സന്നദ്ധ സംഘടനയ്ക്ക് മൂന്നു വര്‍ഷം മുന്‍പ് രൂപം നല്‍കിയത്. കാരണം, മേല്പറഞ്ഞ സംഘടനകള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, മന്ത്രിമാരോടും ബന്ധപ്പെട്ട അധികാരികളോടും മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെങ്കില്‍ "ഐപാക്" അങ്ങനെയായിരുന്നില്ല.

കഴിവും പ്രാപ്തിയുമുള്ള നിരവധി വ്യക്തികളാണ് ഐപാകിലെ ഓരോ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിരുന്നത്. ആരേയും എടുത്തുപറയേണ്ടതില്ല. ഓരോരുത്തരും അവരവരുടെ കര്‍മ്മമേഖലകളില്‍ കഴിവു തെളിയിച്ചവരാണ്. മറ്റൊന്ന് ഈ സന്നദ്ധ സംഘടനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി ഇ-മെയിലുകളും പ്രോത്സാഹനങ്ങളും ലഭിച്ചിരുന്നു എന്നുള്ളതാണ്. അമേരിക്കയിലെ മിക്കവാറും എല്ലാ സംഘടനകളിലേയും പ്രവര്‍ത്തകര്‍ ഇതില്‍ ഭാഗഭാക്കാകുകയും തങ്ങളുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തീര്‍ന്നില്ല, നിരവധി പേര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്ന് അവര്‍ നേരിട്ട പ്രയാസങ്ങളും ഐപാകുമായി പങ്കുവെച്ചിരുന്നു. ലേഖകനും ഒരു കമ്മിറ്റിയിലെ അംഗമായിരുന്നു.

മലയാളികള്‍ക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ സമൂഹത്തിനും സഹകരിക്കാവുന്ന രീതിയിലായിരുന്നു ഐപാകിന്റെ വെബ് സൈറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്. ജിബി തോമസ് കോ-ഓര്‍ഡിനേറ്ററും, സിബി ഡേവിഡ്, വിന്‍സന്‍ പാലത്തിങ്കല്‍, ഗ്ലാഡ്സണ്‍ വര്‍ഗീസ്, ടി. ഉണ്ണികൃഷ്ണന്‍, സജീവ് വേലായുധന്‍, ഷിബു ദിവാകരന്‍, പ്രസന്ന നായര്‍, റെജി വര്‍ഗീസ്, ജേക്കബ് തോമസ്, സന്തോഷ് നായര്‍, ലെജി ജേക്കബ്, വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ബിജു തോമസ്, സജി പോള്‍ തുടങ്ങിയ കഴിവും പ്രാപ്തിയുമുള്ള അംഗങ്ങളുമടങ്ങിയ വെബ് മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആ വെബ്സൈറ്റിലൂടെ ലോകത്തിന്റെ ഏതു കോണിലിരുന്നും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സം‌വിധാനവും ഒരുക്കിയിരുന്നു. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഈ വെബ്സൈറ്റ്, ഇതര വെബ്സൈറ്റുകളെ വെല്ലുന്ന രീതിയിലാണ് കൈകാര്യം ചെയ്തിരുന്നത്.

ലേഖകനെക്കൂടാതെ, ജോയിച്ചന്‍ പുതുക്കുളം, ജോര്‍ജ്ജ് ജോസഫ്, മധു കൊട്ടാരക്കര, മനു വര്‍ഗീസ്, എ.സി. ജോര്‍ജ്, സോദരന്‍ വര്‍ഗീസ്, വിന്‍സന്റ് ഇമ്മാനുവേല്‍, യോഹന്നാന്‍ ശങ്കരത്തില്‍, സജി ഏബ്രഹാം, അരവിന്ദാക്ഷന്‍, വര്‍ഗീസ് ഫിലിപ്പ്, രാജു പള്ളം തുടങ്ങിയ കരുത്തരായ മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന മീഡിയാ ടീം ആയിരുന്നു ഐപാകിന്റെ വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരുന്നത്. കൂടാതെ, അലക്സ് കോശി വിളനിലം, തോമസ് ടി. ഉമ്മന്‍, അനിയന്‍ ജോര്‍ജ്, ഡോ. എ.കെ.ബി. പിള്ള, അറ്റൊര്‍ണി രാം ചീരത്ത്, ജോസഫ് ഔസൊ, ഡോ. ശ്രീധര്‍ കാവില്‍, സുധ കര്‍ത്താ, ജോണ്‍ ടൈറ്റസ്, യു.എ. നസീര്‍, തമ്പി ആന്റണി, ഡോ. ഫ്രീമു വര്‍ഗീസ്, തോമസ് കൂവള്ളൂര്‍, ശശിധരന്‍ നായര്‍, വര്‍ഗീസ് തെക്കേക്കര, ആനന്ദന്‍ നിരവേല്‍, എബ്രഹാം തെക്കേമുറി, കളത്തില്‍ പാപ്പച്ചന്‍, ഫിലിപ്പ് മഠത്തില്‍, ഷീല ചെറു, ഷാജി എഡ്വേര്‍ഡ്, ഗോപിനാഥ കുറുപ്പ്, ഫ്രഡ് കൊച്ചിന്‍, തിരുവല്ല ബേബി, ജോര്‍ജ് മാത്യു, ഐപ് മാരേട്ട്, ഹരികൃഷ്ണന്‍ നമ്പൂതിരി, തുടങ്ങിയ ശക്തരായ പ്രവര്‍ത്തകര്‍ 14 കമ്മിറ്റികളിലായി പ്രവര്‍ത്തിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏകദേശം 130-ഓളം പ്രവര്‍ത്തകരാണ് ഐപാകിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ക്കും പ്രത്യേക പരിഗണനയോ സ്ഥാനമാനങ്ങളോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സംഘടനയെന്ന പ്രത്യേകതയും ഐപാകിന്റേതായിരുന്നു. അവരുടെ പേരുവിവരങ്ങളും അവര്‍ കൈകാര്യം ചെയ്തിരുന്ന മേഖലകളുടേയും പൂര്‍ണ്ണരൂപം ഐപാക് വെബ്സൈറ്റ് http://www.pravasiaction.com സന്ദര്‍ശിച്ചാല്‍ ലഭ്യമാണ്. നിസ്വാര്‍ത്ഥ സേവനമായിരുന്നു എല്ലാവരുടേയും ലക്ഷ്യം. ഇത്രയും കായബലമുള്ള ഒരു സംഘടന ലോകത്തൊരിടത്തും കാണുകയില്ല. വിയറ്റ്നാമില്‍ നിന്നും, ഫിലിപ്പീന്‍സില്‍ നിന്നും, ലൈബീരിയയില്‍ നിന്നുമൊക്കെ ഐപാകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും വിവിധ പ്രശ്നങ്ങളുടെ അന്വേഷണങ്ങളുമൊക്കെ ലഭിച്ചതാണ്. തന്നെയുമല്ല, ഇതര ഇന്ത്യന്‍ സമൂഹത്തെ ഉള്‍‌ക്കൊള്ളിക്കാവുന്ന രീതിയിലായിരുന്നു ഐപാക് രൂപീകരിച്ചത്. വിവിധ ദേശക്കാരും ഭാഷക്കാരുമായി ആശയവിനിമയം നടത്തുന്നതിനായി Intra Community Awareness Committee യും ഉണ്ടായിരുന്നു.

ഐപാകിനെ സംബന്ധിച്ച വാര്‍ത്തകള്‍, ഇ-മെയിലുകല്‍, വീഡിയോ ക്ലിപ്പുകള്‍, ഇന്ത്യാ ഗവണ്മെന്റിന് സമര്‍പ്പിച്ച നിവേദനങ്ങളുടെ പകര്‍പ്പുകള്‍ എന്നിവയെല്ലാം വെബ്സൈറ്റില്‍ ലഭ്യമാണ്. അവയിലൂടെ കണ്ണോടിക്കുന്ന ഓരോ വ്യക്തിയുടേയും മനസ്സിലൂടെ കടന്നുപോകുന്ന ഒരു ചോദ്യമുണ്ട് - "വജ്രായുധം കൈയ്യിലുള്ളപ്പോള്‍ പേനാക്കത്തി അന്വേഷിച്ചു നടക്കുന്നു" എന്നു പറഞ്ഞതുപോലെ, ഇത്രയും ശക്തമായ, ജനപിന്തുണ നേടിയ ഈ സംഘടനയിലെ പലരും ഇന്ന് എന്തുകൊണ്ട് ദിശമാറി സഞ്ചരിക്കുന്നു ? എങ്ങനെ ഐപാകിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെട്ടു എന്നതും അജ്ഞാതമായി തുടരുന്നു.  ന്യൂയോര്‍ക്ക്, ന്യൂജെഴ്‌സി എന്നിവിടങ്ങളില്‍ ടൗണ്‍ മീറ്റിംഗുകളും, സെമിനാറുകളും സംഘടിപ്പിച്ച് ഐപാക് പ്രവര്‍ത്തകര്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയിരുന്നത്.  ഐപാകിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്ന് പ്രവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പ്രതിവിധി കാണാന്‍ കഴിയുമായിരുന്നു.

എന്റെ മുന്‍ ലേഖനത്തെ വിമര്‍ശിക്കുന്നവരോട് ഒരു വാക്ക്. ഞാനും നിങ്ങളും വ്യത്യസ്ഥ ചിന്താഗതിയുള്ളവരാണെങ്കിലും സഞ്ചരിക്കുന്നത് ഒരേ പാതയിലൂടേയാണ്. "ഇന്ത്യന്‍ പൗരത്വം വെടിഞ്ഞവരെന്തിനാണ് ഇന്ത്യാ ഗവണ്മെന്റുമായി സമരം ചെയ്യുന്നതെന്നും, എന്തിനാണ് മന്ത്രിമാരുടെ മെക്കട്ട് കയറുന്നതെന്നും" ചിലര്‍ക്ക് സംശയമുണ്ടാകാം. ഞാനും അതേ ചോദ്യം ചോദിക്കുന്നു. അമേരിക്കന്‍ പൗരത്വം എടുത്തവര്‍ മാത്രമല്ല, ഏതു രാജ്യത്തെ പൗരത്വമുള്ളവര്‍ക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഒരു വിസയുടെ ആവശ്യമേ ഉള്ളൂ. പക്ഷെ, ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമല്ല, പൈതൃകമായി ലഭിച്ച ഭൂസ്വത്തുക്കള്‍ വരെ നാട്ടിലുള്ളവര്‍ക്ക് ഒരു സ്ഥിരം വിസ ലഭിക്കുന്നത് അനുഗ്രഹമാണ്. ആ സ്ഥിരം വിസയുടെ മറവിലാണ് ഇന്ത്യാ ഗവണ്മെന്റ് അമേരിക്കന്‍ മലയാളികളെ ചൂഷണം ചെയ്തത്. ആജീവനാന്ത വിസ എന്നു പറഞ്ഞാല്‍ മരണം വരെയുള്ള വിസ എന്നാണ്. അല്ലാതെ തോന്നുമ്പോള്‍ പുതുക്കാനുള്ളതല്ല. ഈ ആജീവനാന്ത വിസ (ഒ.സി.ഐ.) പൊതുജനങ്ങളെക്കൊണ്ട് എടുപ്പിക്കാന്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഉപയോഗിച്ചത് ഇവിടത്തെ സാമുഹ്യ-സാംസ്ക്കാരിക സംഘടനകളെയാണ്. അതില്‍ മലയാളികളും ഇതര ഭാഷക്കാരും ഉള്‍പ്പെടും. അവര്‍ അമേരിക്കയിലുടനീളം ഒ.സി.ഐ.ക്യാമ്പുകള്‍ സംഘടിപ്പിച്ച് പതിനായിരക്കണക്കിന് പേരെക്കൊണ്ട് ഒ.സി.ഐ. എടുപ്പിച്ചു. അതുവഴി ഇന്ത്യാ ഗവണ്മെന്റ് ലക്ഷക്കണക്കിന് ഡോളര്‍ പിരിച്ചെടുക്കുകയും ചെയ്തു. ആ സംഘടനകളേയും സംഘടനാ നേതാക്കളേയും പിന്നീട് ഇന്ത്യാ ഗവണ്മെന്റ് തള്ളിപ്പറഞ്ഞതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങളെല്ലാം.

ഒ.സി.ഐ. കാര്‍ഡ് പിന്നീട് പുതുക്കേണ്ടിവരുമെന്നോ, കാലഹരണപ്പെടുമെന്നോ ഒന്നും ഒ.സി.ഐ. ക്യാമ്പില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല. എന്തിന്, ഇന്ത്യന്‍ എംബസ്സിയുടേയോ കോണ്‍സുലേറ്റുകളുടേയോ വെബ്സൈറ്റില്‍ പോലും പരസ്യപ്പെടുത്തിയിരുന്നില്ല. അവരുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് അജ്ഞരായ മലയാളി സംഘടനകളും നേതാക്കളുമാകട്ടെ അവര്‍ പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു. പ്രവാസികാര്യ വകുപ്പിന്റെ ഗൂഢലക്ഷ്യം നിറവേറ്റിക്കഴിഞ്ഞ്, പിരിച്ചെടുത്ത ലക്ഷങ്ങള്‍ ഖജനാവില്‍ നിക്ഷേപിച്ചതിനു ശേഷമാണ് അവരുടെ യഥാര്‍ത്ഥ രുപവും ഭാവവും പ്രവാസി മലയാളികള്‍ കണ്ടുതുടങ്ങിയത്. കാലഹരണപ്പെട്ട ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നതിന് ഫീസ് നിശ്ചയിച്ച നയതന്ത്രകാര്യാലയങ്ങളെ എന്തു പേരിട്ട് വിളിക്കണമെന്നറിഞ്ഞുകൂടാ. ഭാഷാടിസ്ഥാനത്തില്‍ വിവേചനപരമായ പെരുമാറ്റവും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്ന് മലയാളികള്‍ നേരിടുന്നുണ്ടെന്നതും സത്യമാണ്.

പ്രവാസികളുടെ ഇന്ത്യയിലെ സ്വത്തുവകകള്‍ അന്യാധീനപ്പെട്ടു പോകുകയോ, സ്വന്തക്കാരും ബന്ധുക്കളും ചെര്‍ന്ന് കൃത്രിമ രേഖകള്‍ ചമച്ച് തട്ടിയെടുക്കുകയോ ചെയ്യുന്ന കഥ നാമെല്ലം കേട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ തന്നെ നിരവധി പേര്‍ ഈ ചതിയില്‍ അകപ്പെട്ടിട്ടുണ്ട്. അവരുടെ പരാതികള്‍ അങ്ങ് പാര്‍ലമെന്റില്‍ വരെ എത്തിയിട്ടുമുണ്ട്. പക്ഷെ, അതിനൊരു പരിഹാരമോ പോം‌വഴിയോ ഇതുവരെ കണ്ടെന്ത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ നിന്ന് മന്ത്രിമാര്‍ അമേരിക്കയിലേക്കും അമേരിക്കയില്‍ നിന്ന് നേതാക്കള്‍ ഇന്ത്യയിലേക്കും നിരന്തരം യാത്ര ചെയ്ത് ഫോട്ടോകളെടുത്ത് പത്രത്താളുകള്‍ നിറയ്ക്കുന്നതല്ലാതെ ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. "എന്റെ ഭൂസ്വത്ത് ആരും തട്ടിയെടുത്തിട്ടില്ല, ഞാന്‍ സുരക്ഷിതനാണ്....എന്റെ കുടുംബം സുരക്ഷിതരാണ്.....ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല" എന്നെല്ലാം ചിന്തിക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ ലേഖനം എന്നുകൂടി പറയട്ടേ.

ഇന്ത്യാ ഗവണ്മെന്റിന്റെ ഈ ചതിപ്രയോഗത്തില്‍ വീണ സംഘടനകളും നേതാക്കളും ഇപ്പോള്‍ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും മുന്‍പില്‍ യാചിക്കുന്നതു കാണുമ്പോള്‍ ധാര്‍മ്മികരോഷം ആളിക്കത്തുന്നത് സ്വാഭാവികമാണ്. ആരാണ് ഈ അവസ്ഥ വരുത്തിവെച്ചത്? ഇന്ത്യന്‍ കോണ്‍സുലേറ്റിന് പ്രവാസികളെ ചൂഷണം ചെയ്യാന്‍ സാഹചര്യമൊരുക്കിക്കൊടുത്തത് ഇവിടത്തെ ചില സംഘടനകളും അവയിലെ ചില നേതാക്കളുമാണ്. അവരാകട്ടേ കോണ്‍സുലേറ്റിലെ വിരുന്നു സല്‍ക്കാരങ്ങളിലും അത്താഴവിരുന്നുകളിലും സ്ഥിരം ക്ഷണിതാക്കളുമാണ്. അതുകൊണ്ടുതന്നെ പ്രവാസികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അവര്‍ മിതത്വം പാലിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് ഐപാക് രംഗപ്രവേശം ചെയ്തത്. ഈ തട്ടിപ്പ് അമേരിക്കയില്‍ വിലപ്പോവില്ലെന്ന സന്ദേശമാണ് ഐപാക് ഉയര്‍ത്തിക്കാട്ടിയത്.

2011 ഒക്ടോബര്‍ 28-ന് ന്യൂജെഴ്സി സോമര്‍സെറ്റിലെ ഹോളിഡേ ഇന്നില്‍ ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദുമായി ഐപാക് പ്രവര്‍ത്തകര്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ സൗകര്യമൊരുക്കിയിരുന്നു. ലേഖകനടക്കം നിരവധി ഐപാക് പ്രവര്‍ത്തകരും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിയുമായി മുഖാമുഖം സംസാരിച്ചു. കൂടാതെ, ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഇന്ത്യയിലെ ഒരു മന്ത്രിയും കാണിക്കാത്ത ശുഷ്ക്കാന്തിയാണ് അന്ന് ഇ.അഹമ്മദ് ഐപാക് പ്രവര്‍ത്തകരോട് കാണിച്ചതെന്ന് പറയാതിരിക്കാന്‍ വയ്യ. ഐപാകിന്റെ നിവേദനത്തില്‍ പറഞ്ഞിരുന്ന ഓരോ കാര്യങ്ങളെക്കുറിച്ചും മന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. വളരെ ക്ഷമയോടെ അദ്ദേഹം എല്ലാം കേട്ടു. കേള്‍ക്കുക മാത്രമല്ല, അദ്ദേഹത്തിന് ഉടന്‍ ചെയ്യാവുന്ന ഒന്നുരണ്ടു കാര്യങ്ങള്‍ അപ്പോള്‍തന്നെ ഡപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ പ്രമോദ് ബജാജിനോട് ആവശ്യപ്പെടുകയും സത്വര നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതില്‍ പ്രധാനമായത് കോണ്‍സുലേറ്റില്‍ പൊതുജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ടെലഫോണ്‍/ഇ-മെയില്‍ സം‌വിധാനം മെച്ചപ്പെടുത്തുക എന്നിവയായിരുന്നു. നിവേദനത്തില്‍ പറഞ്ഞിരുന്ന മറ്റാവശ്യങ്ങള്‍ അനുഭാവപൂര്‍‌വ്വം പരിഗണിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. തീര്‍ന്നില്ല, ഡല്‍ഹിയില്‍ ചെന്നാലുടന്‍ മന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സുഹൈല്‍ ഖാനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒരു മണിക്കൂറില്‍ കൂടുതല്‍ അന്ന് മന്ത്രി ഐപാക് പ്രവര്‍ത്തകരോടൊപ്പം ചിലവഴിക്കുകയും സംശയദുരീകരണം നടത്തുകയും ചെയ്തു. ഇന്ത്യയിലെ മറ്റേതെങ്കിലും മന്ത്രിമാര്‍ ഇത്ര ക്ഷമയോടെ പരാതികള്‍ കേള്‍ക്കുമെന്ന് തോന്നുന്നില്ല. അന്ന് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പ് ഇപ്പോഴും ഐപാക്കിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

എന്നാല്‍ നേരെ വിപരീതമായാണ് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷമാണെന്നു തോന്നുന്നു ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അദ്ദേഹവുമായി അഭിമുഖമെടുത്ത ഒരു സീനിയര്‍ പത്രപ്രവര്‍ത്തകന്റെ നേരെ തട്ടിക്കയറുന്ന കാഴ്ച മലയാളം ഐ.പി. ടി.വി ഇ-മലയാളിയിലൂടെ സം‌പ്രേക്ഷണം ചെയ്തിരുന്നു. ഈ പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി കേട്ട് ഞെട്ടിപ്പോയി.."താനാരാടോ ഇതു ചോദിക്കാന്‍.....താന്‍ വലിയ പത്രക്കാരനാണെന്ന ഭാവമാണോ.....ഞങ്ങളുടെ ഗവണ്മെന്റ് ഞങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യും....താനാരാ ചോദിക്കാന്‍...." എന്നിങ്ങനെയുള്ള മന്ത്രിയുടെ ആക്രോശം പലരും കണ്ടുകാണും. മന്ത്രിയുടെ ഈ ആക്രോശം കേട്ട് പുഞ്ചിരിച്ചുകൊണ്ട് ഇവിടത്തെ ചില സംഘടനാ നേതാക്കള്‍ തൊട്ടുപുറകില്‍ നില്പ്പുണ്ടായിരുന്നു. ആ വീഡിയോക്ലിപ്പ് മലയാളം ഐ.പി.ടി.വി.യുടെ കൈവശമുണ്ട്. അവരത് റിലീസ് ചെയ്യണം. ആ വീഡിയോ കാണുന്ന, മന:സ്സാക്ഷിയുള്ള, ഒരു വ്യക്തിയും പിന്നെ ആ മന്ത്രിയെ കാണാന്‍ മുതിരുകയില്ല. മന്ത്രിയുമായി കാണുന്നതോ ഫോട്ടൊ എടുക്കുന്നതോ ഒരു തെറ്റായി കാണാന്‍ കഴിയില്ല. പക്ഷെ, പ്രവാസികളെ ആകെ "ഉദ്ധരിക്കാനാണെന്ന" വ്യാജേന അത് വാര്‍ത്തയാക്കുന്നതാണ് ശുദ്ധ അസംബന്ധം.

പിന്നെ അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന മറ്റു പ്രശ്നങ്ങള്‍ (വിദ്യാഭ്യാസം, ഉദ്യോഗം, തൊഴില്‍, ബിസിനസ് മുതലായവ) കൈകാര്യം ചെയ്യേണ്ടത് അമേരിക്കന്‍ ഗവണ്മെന്റല്ലേ ?     ഈ രാജ്യത്ത് നിയമാനുസരണം പ്രവേശിച്ചവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവരുടെ ന്യായമായ അവകാശങ്ങളും നിഷേധിക്കുന്ന നിയമമൊന്നും ഇവിടെയില്ല.  വിദ്യാഭ്യാസം, തൊഴിലില്ലായ്മ വേതനം, ചികിത്സാ സഹായം, ബിസിനസ് ചെയ്യാനുള്ള അവസരം, ഫുഡ് സ്റ്റാമ്പ് മുതലായവയെല്ലാം പൗരനെന്നോ ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറെന്നോ വ്യത്യാസമില്ലാതെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്ന വ്യവസ്ഥ അമേരിക്കയിലുണ്ട്.

ലോകാവസാനം വരെ പ്രശ്നങ്ങള്‍ നീട്ടിക്കൊണ്ടു പോകേണ്ട കാര്യമില്ല. എല്ലാത്തിനും ഒരു അന്ത്യം വേണം. പ്രവാസികളെ ചൂഷണം ചെയ്തതും പോരാഞ്ഞിട്ട് അവരുടെ നിക്ഷേപങ്ങളില്‍ കണ്ണുവെച്ച് അമേരിക്ക സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് കൊടുക്കേണ്ട സമയം ആസന്നമായിരിക്കുകയാണ്. പരിഹാര മാര്‍ഗങ്ങള്‍ ഏറെയുണ്ട്. വിവിധ സംഘടനകള്‍ മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ച നിവേദനങ്ങളുടെ പകര്‍പ്പ്, അവര്‍ക്ക് ഇന്ത്യാ ഗവണ്മെന്റില്‍ നിന്നും മന്ത്രിമാരില്‍ നിന്നും കിട്ടിയ മറുപടികള്‍ ഇവയെല്ലാം ജനങ്ങളെ അറിയിക്കേണ്ട ബാദ്ധ്യതയുണ്ട്. അതവര്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണം. അവരുടെ നിവേദനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അലംഭാവം കാട്ടിയിട്ടുണ്ടെങ്കില്‍ അതും പൊതുജനങ്ങളെ അറിയിക്കണം.

മറ്റൊരു നിര്‍ദ്ദേശം - അമേരിക്കയില്‍ ഇന്ന് ശക്തിപ്രാപിച്ചിരിക്കുന്ന ഒരു നിഷ്പക്ഷ സംഘടനയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. അവരുമായി കൂടിയാലോചിച്ച് അടുത്ത പ്രാവശ്യം മന്ത്രി വരുമ്പോഴോ, അല്ലെങ്കില്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയവുമായോ ഒരു പ്രസ് മീറ്റ് എന്തുകൊണ്ട് സംഘടിപ്പിച്ചുകൂടാ. സംഘടനകള്‍ അവരവര്‍ മന്ത്രിമാര്‍ക്ക് നല്‍കിയ നിവേദനങ്ങളുടെ പകര്‍പ്പ് ഇന്ത്യാ പ്രസ് ക്ലബ്ബിന് നല്‍കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പവുമായി.

കമന്റുകള്‍ എഴുതുന്നവരോട് ഒരു അഭ്യര്‍ത്ഥന. ഐപാകിന്റെ വെബ് സൈറ്റ് നിങ്ങള്‍ സന്ദര്‍ശിക്കണം. എല്ലാ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. സത്യവിരുദ്ധമായി ഒന്നും തന്നെ ഈ ലേഖനത്തില്‍ ഞാന്‍ പ്രതിപാദിച്ചിട്ടില്ല. കഠിനഭാഷാ പ്രയോഗങ്ങളില്ലാതെ, ലളിതഭാഷാ പ്രയോഗമാണ് ഇവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. വികാരപരമായി പ്രതികരിക്കാതെ വിവേകപരമായി പ്രതികരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Also Read:  പ്രഹസനമാകുന്ന പ്രവാസികാര്യ വകുപ്പ്‌




2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

മാതൃഹത്യയുടെ പര്യായങ്ങളായി മാറിയ മലയാളികള്‍

സുഹൃത്തിന്റെ അമ്മയും ലേഖകനും തൃശൂരില്‍
ലോകമാകെ കൊട്ടിഘോഷിക്കപ്പെടുന്ന കേരള മാതൃക, ഈ കാലത്തിനിടയില്‍ കേരളം തന്നെ നേടിയെടുത്ത പല `നേട്ട'ങ്ങളാലും റദ്ദാക്കപ്പെട്ടിട്ടുണ്ട്‌. ഇന്ന്‌ കേരളം അത്ര ഒരു `മോഡല്‍' സമൂഹമല്ല. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികാസം, രാഷ്ട്രീയബോധം തുടങ്ങി പല കാരണങ്ങളായിരുന്നു കേരള മാതൃകയുടെ നെടുംതൂണുകള്‍. ഈ മേഖലകളിലൊന്നും കേരളം പുരോഗമനപരമെന്ന്‌ പറയാവുന്ന ചുവടുവെപ്പുകള്‍ നടത്തിയിട്ടില്ല. അപ്പോഴും നാം അഹങ്കരിച്ചിരുന്ന ഒരു കാര്യം, നമ്മുടെ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിലാണ്‌.

എന്തുകാര്യത്തിനും അമേരിക്കയെയും യൂറോപ്പിനെയും കുറ്റം പറയുന്ന ശീലമുള്ള മലയാളികള്‍, സ്വന്തം കുടുംബങ്ങളുടെ പൂമുഖത്തിരുന്ന്‌ അമേരിക്കന്‍ യൂറോപ്പ്‌ കുടുംബങ്ങളുടെ ശൈഥില്യത്തെയും അവിടത്തെ സ്‌ത്രീ പുരുഷബന്ധങ്ങളിലെ പൊരുത്തക്കേടുകളെയും പരിഹസിച്ചുകൊണ്ടിരുന്നു. എന്നാല്‍, മനുഷ്യബന്ധങ്ങളെ ഏറ്റവും യുക്തിസഹജമായി പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുകയും അതുവഴി ഏറ്റവും സത്യസന്ധമായ സ്‌ത്രീപുരുഷബന്ധങ്ങള്‍ നിലനില്‍ക്കുന്നതുമായ സമൂഹങ്ങളാണിവ എന്ന്‌ മലയാളികള്‍ മനസ്സിലാക്കിയില്ല. ഏറ്റവും പുതിയ സാമൂഹികശാസ്‌ത്രപാഠങ്ങള്‍ നല്‍കുന്ന സൂചനയും ഇതാണ്‌. ഈ പാഠം പഠിക്കാന്‍ കേരളം ഇനിയും നൂറ്റാണ്ടുകള്‍ ജീവിക്കേണ്ടിവരും. അതിന്റെ സൂചനകളാണ്‌, ഗുരുവായൂരിലെയും ഓച്ചിറയിലെയും ക്ഷേത്രനടകളില്‍ ഒഴുകിപ്പരക്കുന്ന ഉപേക്ഷിക്കപ്പെട്ട അമ്മമാരുടെ കണ്ണീര്‍ക്കടലുകള്‍ പറയുന്നത്‌.

തൊഴാനെന്നുപറഞ്ഞ്‌ വയോധികകളായ അമ്മമാരെ കൂട്ടിക്കൊണ്ടുവന്ന്‌, പൂച്ചക്കുട്ടിയെയും പട്ടിക്കുട്ടിയെയും റോഡുവക്കില്‍ കൊണ്ടിടുന്നതുപോലെ, ക്ഷേത്രനടയില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുന്നത്‌, ആ അമ്മമാര്‍ പ്രസവിച്ച്‌ പോറ്റിവളര്‍ത്തി വലിയ നിലയിലാക്കിയ മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളുമൊക്കെയാണ്‌. സ്വന്തം മക്കളുടെ മുന്നില്‍വച്ചാണ്‌ ഈ മക്കള്‍, സ്വന്തം അമ്മമാരെ ക്ഷേത്രനടയില്‍ ഉപേക്ഷിച്ചുപോരുന്നത്‌. തങ്ങളുടെ മക്കളും വളര്‍ന്നുവലുതായാല്‍, തങ്ങളെയും ഇങ്ങനെ ഏതെങ്കിലുമൊരു വഴിവക്കില്‍ കൊണ്ടുവന്നിടുമെന്ന, ജീവിതത്തിന്റെ സാമാന്യയുക്തി പോലും ഈ മക്കള്‍ക്ക്‌ അന്യമാണെന്നുതോന്നുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെതുടര്‍ന്ന്‌ വനിതാ കമീഷനും പൊലീസും നടത്തിയ അന്വേഷണത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മാത്രം ഇരുനൂറിലേറെ ഉപേക്ഷിക്കപ്പെട്ട അമ്മമാരുണ്ടെന്നാണ്‌ കണ്ടെത്തിയത്‌. ഇവര്‍ പറഞ്ഞ കഥകള്‍ അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമാണെന്ന്‌ വനിതാ കമീഷന്‍ അംഗങ്ങള്‍ പറയുന്നു. ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മക്കള്‍ തെരുവിലുപേക്ഷിച്ച കഥയുമായി ചില അമ്മമാര്‍ ഗുരുവായൂരിലുണ്ടെന്ന്‌ വാര്‍ത്തകളില്‍ കണ്ടു. ഗുരുവായൂരിലെ ആശ്രമങ്ങളിലൊന്നായ സാന്ദീപനിയില്‍ കഴിയുന്ന അമ്മമാര്‍ ആരും സ്വന്തം വീട്ടിലേക്ക്‌ മടങ്ങിപ്പോകണമെന്ന ആഗ്രഹമുള്ളവരല്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ അമ്മമാരുടെ ജീവിതം മലയാളി കുടുംബങ്ങള്‍ക്കുണ്ടെന്ന്‌ പറയപ്പെടുന്ന സകല നന്മകളെയും വെറും കെട്ടുകഥയാക്കുന്നതുകൂടിയാണ്‌.

വയോധികരായ മാതാപിതാക്കളെ വീടുകളില്‍ ആദരിച്ചിരുന്ന കാലമുണ്ടായിരുന്നു. സ്‌നേഹിക്കാനും പങ്കുവയ്‌ക്കാനും പരസ്‌പരം മനസ്സിലാക്കാനുമുള്ള കഴിവ്‌ അന്നത്തെ ആളുകള്‍ക്കുണ്ടായിരുന്നു. മുത്തശ്ശനും മുത്തശ്ശിയും കൊച്ചുമക്കള്‍ക്ക്‌ കഥ പറഞ്ഞു കൊടുക്കുന്ന കാലം ഇന്നത്തെ കുട്ടികളുടെ സ്വപ്‌നത്തില്‍ മാത്രമാണുള്ളത്‌. കൂട്ടുകുടുംബത്തിന്റെ ആ നന്മകള്‍ ഇന്നത്തെ അണുകുടുംബങ്ങള്‍ നിരോധിച്ചിരിക്കുകയാണ്‌. സ്വന്തം മക്കളെ സ്വന്തം മാതാപിതാക്കളുമായി ഇടപഴകാന്‍ അനുവദിക്കാത്ത മക്കളും ഇന്നുണ്ട്‌. ആര്‍ക്കും വേണ്ടാത്ത പുരാവസ്‌തുക്കളായി മാറിയിരിക്കുകയാണ്‌ കേരളീയ വീടുകളിലെ വയോജനങ്ങള്‍.

ഗുരുവായൂരില്‍ വനിതാ കമീഷന്‍ നടത്തിയ അന്വേഷണം പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ പുറത്തുകൊണ്ടുവന്നിരിക്കുന്നത്‌. സ്വത്ത്‌ തട്ടിയെടുത്തശേഷമാണത്രേ മിക്ക അമ്മമാരെയും ക്ഷേത്രനടയില്‍ `നടതള്ളി'യിരിക്കുന്നത്‌. അമ്മമാര്‍ ജീവിച്ചിരിക്കുന്നത്‌ മക്കള്‍ക്ക്‌ സ്വത്ത്‌ ഭാഗം വെക്കാനും മറ്റും തടസമാണെന്ന്‌ പറയുന്നു. അപ്പോള്‍ അവരെക്കൊണ്ട്‌ അറിയാതെ തന്നെ പ്രമാണങ്ങളില്‍ ഒപ്പിട്ടുവാങ്ങി ക്ഷേത്രത്തില്‍ കൊണ്ടുവന്ന്‌ ഉപേക്ഷിക്കുന്നു. തിരിച്ചുചെന്നാലും സ്വത്തില്ലാതെ നിര്‍ധനരായ ഇവര്‍ സ്വീകരിക്കപ്പെടുകയുമില്ല. മകനും ഭാര്യയും തമ്മില്‍ അമ്മയെച്ചൊല്ലിയുണ്ടാകുന്ന വഴക്കാണ്‌ അമ്മമാരെ അഗതികളാക്കുന്ന മറ്റൊരു കാരണം. വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം ഇന്ന്‌ പല വീടുകളിലും വലിയൊരു ബാധ്യതയാണ്‌. വന്‍തുക സ്‌ത്രീധനവും മറ്റും നല്‍കി വീട്ടിലത്തെുന്ന മരുമകള്‍ക്ക്‌ ഭര്‍ത്താവിന്റെ മാതാപിതാക്കളെ ശുശ്രൂഷിക്കാനുള്ള ബാധ്യതയില്ല. ഹോം നഴ്‌സുമാരെ വെക്കാന്‍ ഇവരുടെ വ്യാജമായ അഭിമാനബോധം അനുവദിക്കുകയുമില്ല. അപ്പോള്‍ ഇവരെ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല.

ഗുരുവായൂരിലെ കദനകഥകളുടെ വാര്‍ത്ത കണ്ട്‌ അന്വേഷണത്തിനിറങ്ങിയ വനിതാ കമ്മീഷന്‍ ശേഖരിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്‌. തെക്കന്‍ കേരളത്തിലും ഈ പ്രവണത കൂടിവരികയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓച്ചിറയിലുള്ള പ്രസിദ്ധമായ ഒരു ക്ഷേത്രസന്നിധിയാണ്‌ വൃദ്ധരെ നട തളളുന്ന കേന്ദ്രമായി മാറിയിരിക്കുന്നതെന്ന്‌ പറയപ്പെടുന്നു. കോഴിക്കോട്‌ ഫറോക്ക്‌ സ്വദേശിനിയായ വൃദ്ധയായ ഒരമ്മയെ ഒരു കാല്‍ തളര്‍ന്നതിനത്തെുടര്‍ന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ബന്ധുക്കള്‍ ഇവിടെ കൊണ്ടുവന്നു തള്ളി. നാട്ടില്‍ തിരിച്ചെത്തിയ മക്കള്‍, അമ്മ ഓച്ചിറയില്‍ ഭജനമിരിക്കാന്‍ പോയെന്ന കഥ പ്രചരിപ്പിച്ചു. അങ്ങനെ വര്‍ഷങ്ങളായി ആ അമ്മ ഈ ക്ഷേത്രപരിസരത്ത്‌ അനാഥയായി കഴിയുന്നു. ബന്ധുക്കള്‍ ഓച്ചിറയില്‍ ഭജനയിരിക്കാന്‍ കൊണ്ടുവന്ന 77കാരിയായ ജഗദമ്മ എന്ന അമ്മയും ഓച്ചിറയില്‍ കഴിയുന്നു.

മാവേലിക്കരയില്‍ ഒറ്റയ്‌ക്ക്‌ താമസിച്ചിരുന്ന വീട്ടമ്മയെ പുഴുവരിച്ച്‌ മരിച്ച നിലയില്‍ കണ്ടത്തെിയ വാര്‍ത്ത ഈ അടുത്ത നാളുകളില്‍ പത്രങ്ങളില്‍ വന്നിരുന്നു. പുഴുവരിച്ചു തുടങ്ങിയ മൃതദേഹത്തിന്‌ ഏഴു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. വിദേശത്തായിരുന്ന മകന്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ അയല്‍പക്കത്തെ ബന്ധുവിനെ അന്വേഷിക്കാന്‍ പറഞ്ഞയച്ചു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ്‌ മൃതദേഹം കണ്ടത്തെിയത്‌. ഇവരുടെ ഏകമകള്‍ കുടുംബസമേതം കോട്ടയത്താണ്‌ താമസം. എന്നാല്‍ മകള്‍ അമ്മയെ കാണാനത്തെിയിട്ട്‌ മാസങ്ങളായി. കരുനാഗപ്പള്ളിയില്‍ ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്‌ക്ക്‌ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന 55 വയസ്സുള്ള സ്‌ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും സമീപകാലത്താണ്‌. ഇവരുടെ മകള്‍ കുടുംബ വീടിനടുത്താണ്‌ താമസം. മകന്‍ കുടുംബസമേതം വിദേശത്തും. മക്കളുടെ പ്രവാസമാണ്‌ ഈ അമ്മമാരെ അനാഥകളും ഒടുവില്‍ മരണത്തിന്റെ ഇരകളും ആക്കിയതെന്ന്‌ കാണാം. കുടുംബത്തിലെ ആണ്‍തരികള്‍ കുടുംബം പുലര്‍ത്താന്‍ വിദേശത്തേക്ക്‌ പോകുമ്പോള്‍ മാതാപിതാക്കളുടെ സംരക്ഷണം ആര്‌ ഏറ്റെടുക്കും എന്നത്‌ വലിയ ചോദ്യമാണ്‌. ഇപ്പോഴത്തെ കുടുംബവ്യവസ്ഥയില്‍, വിവാഹം കഴിച്ചയച്ച മകളുടെ ഭര്‍ത്താവിന്റെ ഔദാര്യമല്ലാതെ മറ്റൊന്നും അവര്‍ക്ക്‌ ലഭിക്കുകയില്ല. അതിന്‌ ആ വയോധികര്‍ സ്വന്തം ആത്മാഭിമാനം തന്നെ വിലയായി നല്‍കേണ്ടിവരും. അതിനേക്കാള്‍ അഭിമാനകരം അനാഥമന്ദിരങ്ങളും അല്ലെങ്കില്‍ മരണം തന്നെയാണെന്ന്‌ ഇവര്‍ തീരുമാനിക്കുന്നതില്‍ തെറ്റ്‌ പറയാനാകില്ല.

ജീവിതവുമായി ബന്ധപ്പെട്ട ഈയൊരു ദുരവസ്ഥക്ക്‌ എന്താണ്‌ പരിഹാരം. അതില്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിനും പൊലിസിനും വനിതാകമീഷനുമൊക്കെ പരിമിതികളുണ്ട്‌. ഇക്കഴിഞ്ഞ മാര്‍ച്ച്‌ഏപ്രില്‍ മാസത്തില്‍ ലേഖകന്‍ നാട്ടിലായിരുന്നപ്പോള്‍ അറിഞ്ഞ സംഭവം തൃശൂരിലാണ്‌ നടന്നത്‌. മകന്‍ ഉപേക്ഷിച്ച ഒരമ്മയെ പൊലീസ്‌ ഇടപെട്ട്‌ മകന്റെ അടുത്തേക്കുതന്നെ തിരിച്ചയച്ചു. ആ അമ്മ തിരികെ വീട്ടിലെത്തിയ ശേഷം എങ്ങനെ ജീവിക്കുന്നു എന്നറിയില്ല. അതേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ തിരിച്ചെത്തിയ ശേഷം അവര്‍ എങ്ങനെ ആ വീട്ടില്‍ കഴിയുന്നു എന്ന്‌ അന്വേഷിക്കാന്‍ പൊലീസിന്‌ ആകില്ല എന്നാണറിയാന്‍ കഴിഞ്ഞത്‌. ഒരിക്കല്‍ ഉപേക്ഷിച്ച മകനും ഭാര്യയും തന്നെയാണ്‌ ആ വീട്ടിലുള്ളത്‌. ഒരുപക്ഷേ, ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അശരണയായി കഴിഞ്ഞതിനേക്കാള്‍ ദുരിതത്തിലായിരിക്കും ചിലപ്പോള്‍ ആ അമ്മയുടെ പുനര്‍ജീവിതം. അത്‌ പക്ഷേ, മാധ്യമങ്ങള്‍ ഇനി റിപ്പോര്‍ട്ട്‌ ചെയ്യാനിടയില്ല. കാരണം, അത്‌ അടഞ്ഞുകഴിഞ്ഞ അധ്യായമാണ്‌.

തൃശൂരില്‍ തന്നെ സ്വന്തം മകളും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തോടൊപ്പം ജീവിക്കുന്ന, അമേരിക്കയിലുള്ള എന്റെ ഒരു സുഹൃത്തിന്റെ അമ്മയെ കാണാന്‍ ഞാന്‍ പോയിരുന്നു. സത്യത്തില്‍ എനിക്കുപോലും അസൂയതോന്നി ആ അമ്മയുടെ ജീവിതം കണ്ടപ്പോള്‍. അമേരിക്കയിലും കുറെ നാള്‍ ഈ അമ്മ ഉണ്ടായിരുന്നു, സ്വന്തം മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടുമൊപ്പം. തൃശൂരിലും വളരെ പ്രസന്നവതിയായി ആ അമ്മ മറ്റൊരു മകളുടേയും മരുമകന്റേയും പരിചരണത്തില്‍ ജീവിക്കുന്ന കാഴ്‌ച അമ്മമാരെ നടതള്ളുന്ന മലയാളികള്‍ കണ്ടു പഠിക്കേണ്ടതാണ്‌.

ക്ഷേത്രനടകളില്‍ നടതള്ളുന്ന ഓരോ അമ്മമാരുടെയും ജീവിതങ്ങളെ അടഞ്ഞ അധ്യായങ്ങളാക്കി മാറ്റാനേ ഇപ്പോഴത്തെ പൊലിസ്‌ നടപടികള്‍ക്ക്‌ കഴിയൂ. ഇതിന്‌ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകണമെങ്കില്‍ കുടുംബത്തിന്റേയും വ്യക്തികളുടെയും മനോഭാവത്തില്‍ തന്നെ കാതലായ മാറ്റം വരണം. അതിന്‌ സമൂഹം ഒറ്റക്കെട്ടായി ശ്രമിക്കണം. സാമൂഹികമായ മാറ്റം സംഭവിക്കണം എന്നര്‍ത്ഥം. കുട്ടികളുടെ സാമൂഹിക വിദ്യാഭ്യാസത്തിന്‌ ഇതില്‍ പ്രധാന പങ്കുണ്ട്‌. കാരണം, ഇന്നത്തെ കുടുംബങ്ങളില്‍ വളര്‍ന്നുവരുന്ന കുട്ടികളാണ്‌ നാളത്തെ മുതിര്‍ന്ന മക്കളായിത്തീരുന്നത്‌. അവര്‍ക്കുമുന്നില്‍ മാതൃകാ മാതാപിതാക്കളായി ജീവിക്കുക എന്നതാണ്‌ ഇതിനുള്ള ഒരു പരിഹാരം. സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കുന്ന അച്ഛനെയും അമ്മയെയും കണ്ടുവളരുന്ന മക്കള്‍ക്കേ ആ മാതൃക സ്വന്തം ജീവിതത്തിലും പകര്‍ത്താനാകൂ. ജീവിതത്തില്‍ നാം പാലിക്കേണ്ട മൂല്യങ്ങള്‍ സ്വന്തം കുടുംബങ്ങളിലെങ്കിലും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനായാല്‍ അത്‌ ആ കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ വലിയ മാറ്റമുണ്ടാക്കും. അങ്ങനെ മാത്രമേ ഗുരുവായൂര്‍ നടയില്‍ അമ്മമാര്‍ ചൊരിഞ്ഞ കണ്ണീരിന്‌ നമുക്ക്‌ പ്രായശ്ചിത്തം ചെയ്യാനാകൂ.

എന്നാല്‍, ഇത്തരത്തിലൊരു സാമൂഹിക മാറ്റത്തിന്റെ നേരിയ ലാഞ്ചന പോലും മലയാളി കാണിക്കുന്നില്ലെന്നാണ്‌ കേരളത്തില്‍ ജീവിക്കുമ്പോഴുള്ള അനുഭവം. ആര്‍ത്തിക്കും മല്‍സരത്തിനും കമ്പോളത്തിനുമെല്ലാം കീഴടങ്ങി ജീവിക്കുന്ന ഒരു സമൂഹമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. അവിടെനിന്ന്‌ ഇത്തരമൊരു മാറ്റം അസംഭവ്യമാണ്‌. ക്ഷേത്രനടയില്‍ നടതള്ളുന്നത്‌ പിടിക്കപ്പെടുമെന്നുകണ്ടാല്‍, സ്വന്തം അമ്മമാരെ ആരുമറിയാതെ കൊന്നുകളയുന്ന ഒരു സമൂഹമായി മലയാളി മാറുമോ എന്നാണ്‌ ഇനി കാണാനുള്ളത്‌. അത്തരമൊരു `പാരമ്പര്യ'ത്തിന്റെ സന്തതിപരമ്പരകളാണല്ലോ മലയാളികള്‍. `ദൈവത്തിന്റെ സ്വന്തം നാടി'നെ സൃഷ്ടിച്ച സാക്ഷാല്‍ പരശുരാമന്‍ തന്നെ മാതൃഹത്യ എന്ന `മാതൃക' നമുക്കുമുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ആ `മാതൃക' പിന്തുടരുന്നതില്‍ ഒരു ആത്മാഭിമാനക്കുറവും മലയാളിക്ക്‌ ഉണ്ടാകേണ്ടതില്ല. മലയാളിയെ സംബന്ധിച്ച്‌ മാതൃഹത്യ ഒരിക്കലും ഒരു പാപമല്ലതന്നെ.

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

ദൈവമേ....അവിടുത്തെ നാടിനെ ഇനി ആര് രക്ഷിക്കും...?

വിദേശമലയാളികളെ മുന്നില്‍ കണ്ടുകൊണ്ട് വിമാനത്താവളങ്ങള്‍ പണിതുയര്‍ത്തി അവിടെ കള്ളന്മാരേയും കൊള്ളക്കാരേയും വെല്ലുന്ന ക്രിമിനല്‍ സ്വഭാവമുള്ളവരെ 'കസ്റ്റംസ്' എന്ന ലേബലൊട്ടിച്ച് അവരോധിച്ച്, അവരില്‍ കൂടി പ്രവാസികളെ കൊള്ളയടിച്ചുകിട്ടുന്ന നാണയത്തുട്ടുകള്‍ക്ക് വിലപേശുന്ന പോലീസ്-രാഷ്‌ട്രീയ ബാന്ധവങ്ങളുടെ യഥാര്‍ത്ഥ രൂപങ്ങളാണ് ഈയ്യടുത്ത നാളുകളില്‍ നാം കേട്ടും കണ്ടും കൊണ്ടിരിക്കുന്നത്.

മന്ത്രിമാരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും ആശീര്‍‌വാദത്തോടെയോ മൗനസമ്മതത്തോടെയോ എന്തെല്ലാം തട്ടിപ്പുകളാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കഥ തന്നെ ക്രൈം ത്രില്ലറുകളെപ്പോലും അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു. ഒരു സുപ്രഭാതത്തില്‍ ജനങ്ങള്‍ കേട്ടുണരുന്നത് സോളാര്‍ വാര്‍ത്ത !! പിന്നീട് കേള്‍ക്കുന്നത് അവിശ്വസനീയമായ അനുബന്ധ വാര്‍ത്തകള്‍ !! ഒരു പെണ്ണു വിചാരിച്ചാല്‍ എന്തെല്ലാം നടക്കുമെന്ന് നാം പഠിച്ചു കഴിഞ്ഞു. സോളാര്‍ വിഷയം ആളിപ്പടര്‍ന്നപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു എല്ലാവര്‍ക്കും.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി മനുഷ്യക്കടത്ത്, കള്ളക്കടത്ത് എന്നീ കലാപരിപാടികള്‍ നടക്കുമ്പോഴും, കേരളത്തില്‍ നിന്ന് സ്‌ത്രീകളെ ഗള്‍ഫിലേക്ക് കടത്തി പെണ്‍വാണിഭക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്നും കേട്ടപ്പോള്‍ ജനം നടുങ്ങി. എന്നാല്‍, ആ മനുഷ്യക്കടത്തിന് കൂട്ടുനിന്നത് അവരെ രക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നു അറിയുമ്പോഴുള്ള ധാര്‍മ്മികരോഷം എത്രയാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇടക്കിടെ ഉദ്യോഗസ്ഥരെ നാനാഭാഗത്തേക്കും സ്ഥലം മാറ്റി എന്നുമുള്ള വാര്‍ത്തകളില്‍ എല്ലാം ഭദ്രമായി എന്നു ധരിച്ചുവശായവര്‍ക്കാണ് തെറ്റുപറ്റിയത്. അത് വെറും ഐ വാഷ് അല്ലെങ്കില്‍ കണ്ണില്‍ പൊടിയിടുന്ന മാജിക് ആയിരുന്നെന്ന് പിന്നീട് നടക്കുന്ന സംഭവങ്ങള്‍ ഉദാഹരണം. ഇപ്പോള്‍ ഇതാ ഒരു ഫയാസ് രംഗപ്രവേശം ചെയ്തിരിക്കുന്നു. നാടു ഭരിക്കാമെന്നും, ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാമെന്നുമൊക്കെ വീരവാദം മുഴക്കി നടക്കുന്ന ജനപ്രതിനിധികളും, ജനങ്ങളുടെ കാവലാളുകളാകേണ്ട പോലീസും കള്ളക്കടത്തുകാരും ഒറ്റുകാരും ഒരുമിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്.

പതിറ്റാണ്ടുകളോളം മണലാരണ്യത്തില്‍ പണിയെടുത്ത ശേഷം സ്വന്തം മകളുടെ കല്യാണത്തിന് ഒരിറ്റു പൊന്ന് കൊണ്ടുവരാന്‍ നോക്കുന്ന ഗള്‍ഫിലെ കൂലിപ്പണിക്കാരന്‍റെ ഉടുതുണി പോലും അഴിച്ചു പരിശോധിക്കുന്നവരാണ് നമ്മുടെ വിമാനത്താവളങ്ങളിലെ കസ്റ്റംസ് പ്രമാണിമാര്‍ . വിദേശത്തു നിന്ന് സ്വന്തം കുഞ്ഞുങ്ങള്‍ക്കു വേണ്ടി നല്ലൊരു കളിപ്പാട്ടം കൊണ്ടുവന്നാലും പ്രമാണിമാരുടെ ദൃഷ്ടിദോഷത്തിനിരയായാല്‍ നഷ്ടപ്പെട്ടതു തന്നെ. വിദേശ മദ്യം മുതല്‍ സുഗന്ധ വസ്തുക്കള്‍വരെ അടിച്ചുമാറ്റുന്ന ഏമാന്മാരെക്കുറിച്ചും മറുനാടന്‍ മലയാളികള്‍ക്കു പറയാന്‍ നൂറുനൂറു കഥകളുണ്ടാകും. കസ്റ്റംസ് പരിശോധനയുടെ പേരില്‍ നടക്കുന്ന തീവെട്ടിക്കൊള്ളയും പണപ്പിരിവും പീഡനങ്ങളുമൊന്നും മറുനാടന്‍ മലയാളികള്‍ക്ക് പുതുമയല്ല. നിശബ്ദം, നിസഹയാരായി സഹിക്കുകയാണ് എല്ലാവരും. കയര്‍ത്തിട്ടോ എതിര്‍ത്തിട്ടോ ഒന്നും സംഭവിക്കാനില്ല. അതുകൊണ്ടുതന്നെ ജീവനെങ്കിലും തിരിച്ചുകിട്ടി, കൊള്ളക്കാരുടെ കൈയില്‍ നിന്നു രക്ഷപെട്ട അവസ്ഥയിലാണ് മിക്കവരും കസ്റ്റംസ് പരിശോധനയുടെ കടമ്പ കടന്നു പുറത്തു വരുന്നത്.

വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന നിയമവിധേയവും കര്‍ക്കശവുമായിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും അത്തരം നിയന്ത്രണങ്ങള്‍ അനിവാര്യമാണു താനും. എന്നാല്‍, സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരുമ്പോഴാണ് പ്രശ്നങ്ങള്‍ . നിയമം എല്ലാവര്‍ക്കും ബാധകമാണെന്നിരിക്കേ, സ്വന്തം കുഞ്ഞിന് ഒരു പവന്റെ മാലയോ വളയോ മറ്റു ആഭരണങ്ങളോ കൊണ്ടുവരുമ്പോള്‍ അളന്നു തൂക്കി അതിനു ഡ്യൂട്ടി അടിക്കുകയും, അപ്പുറത്ത് മക്കനയും ഹിജാബുമൊക്കെയായി കിലോക്കണക്കിനു സ്വര്‍ണ്ണം അടിവസ്ത്രത്തിലൊളിപ്പിച്ചു കടത്തുകയും ചെയ്യുന്നവരെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നത് എന്തു ന്യായം ? നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്തവളങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നിട്ടുള്ള സംഭവങ്ങള്‍ തീര്‍ച്ചയായും ബന്ധപ്പെട്ട അധികാരികള്‍ കര്‍ശനമായി പരിശോധിക്കേണ്ടതുണ്ട്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും വരെ ഓഫിസുകളോളം നീളുന്ന കണ്ണികളും ചേര്‍ന്നു നടത്തുന്ന രാജ്യാന്തര ക്രിമിനല്‍ ഗൂഢാലോചനകളും കുറ്റകൃത്യങ്ങളുമാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്.

ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ ഭരണസാരഥികളും സര്‍ക്കാര്‍ മെഷിനറിയും ക്രിമിനലുകളെ സം‌രക്ഷിക്കാനായി ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ മാത്രമല്ല, സംസ്ഥാനത്തിന്‍റെ പൊതുസ്ഥിതിയെപ്പോലും ഗൗരവമായി ബാധിക്കുന്നതാണ് നെടുമ്പാശേരി വിമാനത്താവളം വഴി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണകള്ളക്കടത്ത്. ഹോളിവുഡ് സിനിമയെപ്പോലും വെല്ലുന്ന രീതിയിലാണ് ഇപ്പോഴത്തെ കള്ളക്കടത്തുകാര്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളെയാണ് അവര്‍ കരിയര്‍മാരായി ഉപയോഗിക്കുന്നതെന്നാണ് അതിലൊന്ന്. സ്ത്രീകളായ രണ്ടു കരിയര്‍ ഏജന്‍റുമാരാണ് ഇരുപതു കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ന്യൂമാഹി സ്വദേശി ഫയാസ് എന്നയാളെ കേന്ദ്രീകരികച്ച് അന്വേഷണം നടത്തുകയും അയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇയാള്‍ക്കു വേണ്ട ഒത്താശ ചെയ്തു കൊടുത്തതിന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ സി. മാധവന്‍, പ്രിവന്‍റിവ് ഓഫിസര്‍ സുനില്‍ കുമാര്‍, മറ്റു ചില ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രിയുടെ മുന്‍ പഴ്സണല്‍ സ്റ്റാഫ് അഗം ജിക്കുമോന്‍ ജേക്കബ്, കേന്ദ്ര മന്ത്രി ഇ. അഹമ്മദിന്‍റെ ഓഫിസ് എന്നിവയെല്ലാം നിരീക്ഷണത്തിലാണ്. സ്വര്‍ണക്കടത്തിനു പുറമേ മനുഷ്യക്കടത്ത്, കള്ളനോട്ട് ഇറക്കുമതി തുടങ്ങിയ കുറ്റങ്ങളും ഫയാസിനും കൂട്ടാളികള്‍ക്കുമെതിരേ ആരോപിക്കപ്പെട്ടിട്ടുണ്ട്.

സോളാര്‍ തട്ടിപ്പു കേസിന്‍റെ പേരില്‍ സംശയത്തിന്‍റെയും ആരോപണത്തിന്‍റെയും നിഴലിലായ മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വര്‍ണക്കള്ളക്കടത്തു കൂടിയായപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതായിരിക്കുകയാണ്. ആരോപണവിധേയര്‍ പറയുംപോലെ ഫയാസും അയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വെറും മാധ്യമസൃഷ്ടിയായി കരുതാനാവില്ല. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നു ഭരണത്തിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്‍റെ സംസ്ഥാനഘടകം പ്രസിഡന്‍റ് തന്നെ ആരോപിക്കുമ്പോള്‍, അതിന്‍റെ പ്രാധാന്യം സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്ന തരത്തില്‍ സമഗ്ര അന്വേഷണമാണു പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. സോളാര്‍ കേസിന്‍റെ അന്വേഷണത്തിന്‍റെ ഗതി കൂടി ഇവിടെ കൂട്ടിവായിക്കണം. അന്വേഷണത്തിന്‍റെ പുകമറ സൃഷ്ടിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയല്ല വേണ്ടത്. കേരളത്തിന്‍റെ ഉറക്കം കെടുത്തുന്ന തട്ടിപ്പു സംഘങ്ങളെ അടിച്ചുപുറത്താക്കി ഭരണയന്ത്രവും ഉദ്യോഗസ്ഥവൃന്ദവും സംശുദ്ധമാക്കണം.

മുഖ്യമന്ത്രിയുടെ ഓഫിസ് ഇത്രയധികം ആരോപണവിധേയമായ മറ്റൊരു സന്ദര്‍ഭം ഉണ്ടായിട്ടില്ല. ഒരു കേസില്‍ കുടുങ്ങി അടുത്തതിലേക്ക് എന്ന നിലയിലാണ് ഉമ്മന്‍ ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പോക്ക്. ഗണ്‍മാന്‍ സലിം രാജനടക്കമുള്ളവരുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കു വലിയ വീഴ്ചയാണു സംഭവിച്ചത്. സോളാര്‍ തട്ടിപ്പിനെക്കാള്‍ അതീവ ഗുരുതരമാണ് സ്വര്‍ണക്കള്ളക്കടത്തും മനുഷ്യക്കടത്തും കള്ളനോട്ട് ബിസിനസും. അതിനു നേതൃത്വം നല്‍കിയവരും ഒത്താശ ചെയ്തവരും മാതൃകാപരമായി ശിക്ഷിക്കപ്പെട്ടേ പറ്റൂ. 

2013, ജൂൺ 17, തിങ്കളാഴ്‌ച

മുഖ്യമന്ത്രി സംശയത്തിന് അതീതനാകണം; ഒഴിഞ്ഞുനില്‍ക്കണം

സോളാര്‍ പാനല്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായ സ്ഥിതിക്ക് നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹം തല്‍ക്കാലത്തേക്ക് ഒഴിഞ്ഞുനില്‍ക്കുകയാണ് വേണ്ടതെന്ന വാദം നീതിയുക്തമായ ഒന്നാണ്. സംശയരഹിതനായ ഒരു മുഖ്യമന്ത്രി എന്നത് ജനാധിപത്യത്തില്‍ ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ അവകാശമാണ്. അത് തിരിച്ചറിഞ്ഞ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കണം.

ഇതുവരെ പുറത്തുവന്ന വിവരങ്ങളെല്ലാം ഉമ്മന്‍ചാണ്ടിക്കെതിരെ വിരല്‍ചൂണ്ടുന്നതാണ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡും മുഖ്യമന്ത്രി ഒപ്പിട്ടതെന്നുപറയുന്ന കത്തുകളും മറ്റ് ഔദ്യോഗിക രേഖകളും കാണിച്ചാണ് ഇടപാടുകാരെയെല്ലാം പറ്റിച്ചിരിക്കുന്നത്. ഇവ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് സംഘടിപ്പിച്ചതായിരിക്കാം. മാത്രമല്ല, മുഖ്യമന്ത്രി തന്നെ ബിജുവുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയതായും ഇയാളുടെ കുടുംബപ്രശ്നം ഒത്തുതീര്‍ക്കാന്‍ വരെ ഇടപെട്ടതായും എം.ഐ ഷാനവാസ് എം.പിയെ പോലുള്ളവര്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. മന്ത്രി ഗണേഷ് കുമാറിന്റെ അവിഹിതബന്ധമായതുകൊണ്ടാകാം ഉമ്മന്‍ചാണ്ടി ഇടപെട്ടത്. എന്നാലും, ഈ ഇടപെടല്‍ ഉന്നത സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയെക്കുറിച്ച് ജനങ്ങളുടെ കണ്ണില്‍ സംശയം ജനിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തിന്റേയും ഭരണസംവിധാനത്തിന്റേയും ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് ഉമ്മന്‍ചാണ്ടി മാറിനില്‍ക്കുകയാണ് വേണ്ടത്.

ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏതാനും സഹായികള്‍ മാത്രം ഉള്‍പ്പെട്ട ഒരു കേസാണ് ഇത് എന്നാണ് കരുതിയിരുന്നത്. എന്നാല്‍, മന്ത്രിമാരും ഭരണകക്ഷി നേതാക്കളും എം.പിമാരുമെല്ലാം അടങ്ങുന്ന അധികാര ദുര്‍വിനിയോഗം, സത്യപ്രതിജ്ഞാ ലംഘനം, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം ഇതിലുള്‍പ്പെടുന്നുണ്ട്. കേസിലെ പ്രതികള്‍ ഉന്നതസ്ഥാനങ്ങളില്‍ കയറിപ്പറ്റി തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ചാണ് എന്ന് വ്യക്തമാണ്. അതീവ സുരക്ഷാ സംവിധാനമുള്ള വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വരെ പ്രതികള്‍ക്ക് അനായാസം പ്രവേശനം ലഭിച്ചുവെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സ്വന്തം ഭാര്യയെ വിഷംകൊടുത്തു കൊന്നു എന്നതടക്കം അനേകം കേസുകളിലെ പ്രതിയായ തട്ടിപ്പുകാരനുമായി സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ ഒരു മണിക്കൂര്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെന്ന വിവരം ഭരണകക്ഷിയിലെ എം.പി തന്നെയാണ് വെളിപ്പെടുത്തിയത്. നിയമസഭയില്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയപ്പോഴെല്ലാം പ്രതികളുമായി ബന്ധപ്പെട്ടതിന്റെ ഇത്തരം വിശദാംശങ്ങള്‍ ഉമ്മന്‍ചാണ്ടി മറച്ചുവക്കുകയാണ് ചെയ്തത്.

അധികാരത്തിലുള്ള ഉമ്മന്‍ചാണ്ടിയെ ചുറ്റിപ്പറ്റി എക്കാലത്തും ഒരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. ജനകീയനാണെന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായയെ മുന്‍നിര്‍ത്തി ഈ ആള്‍ക്കൂട്ടത്തെ വെറുതെവിടുകയാണ് ഇതുവരെ ചെയ്തിരുന്നതെങ്കില്‍, ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച്, ഈ ആള്‍ക്കൂട്ടത്തിലെ പലരും കളങ്കിതരാണെന്നും മുഖ്യമന്ത്രി പദത്തെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും തെളിഞ്ഞിരിക്കുന്നു. ഇത് മുഖ്യമന്ത്രി അറിഞ്ഞായാലും അല്ലെങ്കിലും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ദല്‍ഹിയിലെ മുഖ്യമന്ത്രിയുടെ ‘പ്രതിപുരുഷന്‍’ എന്നറിയപ്പെടുന്ന തോമസ് കുരുവിള എന്തടിസ്ഥാനത്തിലാണ് അവിടെ മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ നോക്കിനടത്താന്‍ നിയുക്തനായത്? കോട്ടയത്തുനിന്ന് കടം കയറി നാടുവിട്ട അയാള്‍ അവിടെ കോടീശ്വരനായാണ് കഴിയുന്നത്. കേരള ഹൗസില്‍ മുഖ്യമന്ത്രിക്കൊപ്പം താമസം, ഉന്നത തല യോഗങ്ങളില്‍ മുഖ്യമന്ത്രിയോടൊപ്പം പ്രത്യക്ഷപ്പെടുക, അദ്ദേഹത്തിന്റെ പേരില്‍ അവിഹിതമായ ഫോണ്‍വിളികള്‍... ഇതെല്ലാം ഉമ്മന്‍ചാണ്ടി അറിഞ്ഞിട്ടില്ല എങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടാണ്. മാത്രമല്ല, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പെട്ട ദരിദ്രനാരായണന്മാര്‍, ചുരുങ്ങിയ കാലത്തിനിടക്ക് എങ്ങനെ സമ്പന്നന്‍മാരായി എന്നത് മുഖ്യമന്ത്രിയും അറിഞ്ഞിരിക്കേണ്ടതല്ലേ? അധികാരമുള്ള വ്യക്തി തന്റെ ചുറ്റുമുള്ളവരുടെ ശ്വാസഗതി പോലും കൃത്യമായി അളക്കാന്‍ കഴിയുന്ന ആളായിരിക്കണം. ഉമ്മന്‍ചാണ്ടി എപ്പോഴും ഉദ്ഘോഷിക്കുന്ന സുതാര്യത എന്ന ആദര്‍ശത്തിന്റെ ഏറ്റവും അടിസ്ഥാനകാര്യങ്ങളിലൊന്നാണിത്. അല്ലാതെ, ഓടിക്കൂടുന്നവരെയെല്ലാം ചേര്‍ത്തുപിടിച്ച് കൂട്ടയോട്ടം നടത്തുന്നതോ സ്വന്തം ഓഫീസ് സദാ തുറന്നിടുന്നതോ അല്ല സുതാര്യത എന്ന് ഉമ്മന്‍ചാണ്ടി അറിയണം. സ്വന്തം ഓഫീസിന്റേയും പദവിയുടെയും വാതിലുകള്‍ തുറന്നിടുമ്പോള്‍ അതിലൂടെ കടന്നുവരുന്ന പൊടിയും അഴുക്കും തിരിച്ചറിയാനാകുന്നില്ലെങ്കില്‍, ഇതുവരെ രാഷ്ട്രീയത്തില്‍നിന്ന് ഉമ്മന്‍ചാണ്ടി എന്ന പൊതുപ്രവര്‍ത്തകന്‍ നേടിയെടുത്ത അനുഭവസമ്പത്തിന് എന്താണ് വില?

മുഖ്യമന്ത്രിയുടെ രാജിക്ക് കാരണമായ നിരവധി രാഷ്ട്രീയ സാഹചര്യങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അതിലൊന്ന്, ഈ സംഭവത്തില്‍ സ്വന്തം മുന്നണിയില്‍നിന്നും പാര്‍ട്ടിയില്‍നിന്നുപോലും ആവശ്യത്തിന് പിന്തുണ ലഭിക്കാത്ത കാര്യമാണ്. സഹപ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തെ പ്രതിസ്ഥാനത്ത് കാണുന്നുവെന്നതിന്റെ സൂചനയാണിത്. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വമോ ഘടകകക്ഷികളോ രംഗത്തെത്താത്തത് പ്രതിപക്ഷ സമരത്തിന് ശക്തിപകരുമെന്നതില്‍ സംശയമില്ല. വിവാദങ്ങള്‍ ഉയര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഐ ഗ്രൂപ്പിന്റെ കാര്യമായ പിന്തുണ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുഖ്യമന്ത്രിതന്നെ പരിഹരിക്കട്ടെയെന്ന നിലപാടിലാണവര്‍ . രമേശ് ചെന്നിത്തല പേരിനുവേണ്ടിയെങ്കിലും മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കി. മുന്നണിയുടേയും സ്വന്തം പാര്‍ട്ടിയുടേയും പിന്തുണ നേടാനായില്ലെങ്കില്‍ പ്രതിപക്ഷ ആക്രമണങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി ഒറ്റപെടും. പാര്‍ട്ടി പിന്തുണയില്ലങ്കെില്‍ മുന്നണിയുടെ പിന്തുണയോടെ പിടിച്ചു നില്‍ക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രതീക്ഷകള്‍ക്ക് മുന്നണിയിലെ ചെറുകക്ഷികളുടെ നിലപാടുകള്‍ തിരിച്ചടിയാകും. ഇതെല്ലാം സര്‍ക്കാറിന്റെ സുഗമമായ നടത്തിപ്പിന് വിഘാതമാണ്.

ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടത്, ഒരു തട്ടിപ്പുകാരിയുടെ ജാമ്യത്തിലാണ് ഇപ്പോള്‍ കേരള ജനത കഴിയുന്നത്. സംസ്ഥാന ഭരണമൊട്ടാകെ ഈ തട്ടിപ്പുകാരിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ മുങ്ങിക്കഴിയുമ്പോള്‍ ഭരണയന്ത്രം ആകെ നിശ്ചലമായിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ സമരം കൂടി ചൂടുപിടിക്കുമ്പോള്‍ കേരളം അക്ഷരാര്‍ഥത്തില്‍ നിശ്ചലമാകും. ഈ അവസ്ഥയില്‍ നിന്ന് ജനതയെ രക്ഷിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കാണുള്ളത്. അതുകൊണ്ടുതന്നെ സ്ഥിതി കൂടുതല്‍ വഷളാകുന്നതിനുമുമ്പ് മന്ത്രിസഭയിലെ രണ്ടാംസ്ഥാനക്കാരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്ഥാനമേല്‍പ്പിച്ച് ഉമ്മന്‍ചാണ്ടി തല്‍ക്കാലത്തേക്ക് മാറിനില്‍ക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി സ്വയം ജനങ്ങളുടെ സംശയം ദൂരീകരിക്കുമെന്ന് പാര്‍ട്ടി നേതാവ് എം.എം ഹസന്‍ പറയുന്നുണ്ടെങ്കിലും അതിന് ഉമ്മന്‍ചാണ്ടി ഇതുവരെ സന്നദ്ധനായിട്ടില്ല. ഇത് സംശയകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സംശയത്തിന്റെ നിഴലില്‍നിന്ന് ഭരണകൂടം എന്ന ഉന്നത സ്ഥാപനത്തെ തീര്‍ച്ചയായും മുക്തമാക്കേണ്ടത് മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും പ്രാഥമികമായ കര്‍ത്തവ്യമാണ്. അത് അദ്ദേഹം നിറവേറ്റുക തന്നെ വേണം.

2013, മേയ് 24, വെള്ളിയാഴ്‌ച

മലയാളമേ നന്ദി...

മലയാളം മലയാളിയുടെ പുതുതലമുറ ഉപേക്ഷിച്ചുതുടങ്ങുന്ന കാലത്താണ് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നത്. മലയാളത്തെ ഒരു പുതിയ അനുഭവമായി ഈ പുതുതലമുറക്ക് തിരിച്ചറിയാന്‍ ഈ അംഗീകാരം തീര്‍ച്ചയായും ഉപകരിക്കും. കേന്ദ്ര സര്‍വകലാശാലകളില്‍ പുതിയ മലയാളം ചെയറുകള്‍ സ്ഥാപിക്കുകയും ഭാഷാപഠനത്തിന് മികവിന്റെ കേന്ദ്രങ്ങള്‍ ഉണ്ടാകുകയും പ്രത്യേക സ്കോളര്‍ഷിപ്പുകളും അംഗീകാരങ്ങളും നിലവില്‍വരികയും ചെയ്യുന്നത് വിദ്യാര്‍ത്ഥികളുടെ തലമുറയെ ഭാഷയിലേക്ക് അടുപ്പിക്കാന്‍ തീര്‍ച്ചയായും സഹായിക്കും. മാത്രമല്ല, മലയാളം സര്‍വകലാശാലയുടെ സ്ഥാപനം ഈ വഴിക്കുള്ള സുപ്രധാന നീക്കവുമാണ്. മലയാളത്തെ അത്യാധുനികമായ ഭാഷയായി മാറ്റാനുള്ള ശ്രമമാണ് കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിനും ആഗോളതലത്തില്‍ രൂപപ്പെടുന്ന ഭാഷാ സാങ്കേതികശാസ്ത്രത്തിനും അനുയോജ്യമായ ഒരു ഭാഷയായി മലയാളത്തെ മാറ്റാനാണ് മലയാളം സര്‍‌വ്വകലാശാലയുടെ ശ്രമം. ലോകത്തെവിടെ പോയാലും മലയാളം പഠിച്ച ഒരാള്‍ക്ക് ലോകത്തെ മനസ്സിലാക്കാനും ഇടപെടാനും കഴിയും വിധം ഒരു ആഗോളഭാഷയായി മലയാളത്തെ മാറ്റിയെടുക്കുക.

രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാഷ ഇതുവരെ തമിഴിന്റെ അടുപ്പില്‍ വെന്തുകൊണ്ടിരിക്കുന്ന ഒരു ആശ്രിതഭാഷ മാത്രമായിരുന്നു. തമിഴില്‍നിന്ന് കടം കൊണ്ട വാക്കുകളും സാഹിത്യവുമാണ് മലയാളത്തെ രൂപപ്പെടുത്തിയതെന്ന ഒരുതരം അഹങ്കാരം തമിഴര്‍ക്ക് എന്നുമുണ്ടായിരുന്നു. അത് പൊളിച്ചുകൊണ്ടാണ് മലയാളം ഇപ്പോള്‍ ശ്രേഷ്ഠ ഭാഷാ പദവിയിലെത്തിയിരിക്കുന്നത്. ബി.സി 277-300 കാലത്ത് അശോകന്റെ ശിലാശാസനം മുതല്‍ ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിലെ ശിലാരേഖകളില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന വ്യാകരണവും ഭാഷയുമാണ് മലയാളം എന്ന് നമുക്ക് തെളിയിക്കാനായി. തമിഴന്‍ അവന്റെ സ്വകാര്യ അഹങ്കാരമായി എന്നും കരുതിയിരുന്ന സംഘകാല സാഹിത്യത്തില്‍ 40 ശതമാനം മലയാളം വാക്കുകളും വ്യാകരണവുമുണ്ടെന്ന ചരിത്രരേഖയായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. ഇതോടെ തമിഴില്‍ നിന്നല്ല മലയാളമുണ്ടായതെന്നും തമിഴും മലയാളവും ഒരൊറ്റ മൂലദ്രാവിഡഭാഷയില്‍നിന്ന് രൂപപ്പെട്ടതാണെന്നും തെളിഞ്ഞു. ഇതോടെ തമിഴില്‍ രചിക്കപ്പെട്ടതാണ് സംഘസാഹിത്യമെന്ന അവകാശവാദവും ഇല്ലാതായി. ഇങ്ങനെ വര്‍ഷങ്ങളായി കേരളത്തിലെ എഴുത്തുകാരും ചരിത്രകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഭാഷാപണ്ഠിതന്മാരും ഉള്‍പ്പെട്ട സംഘം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങളാണ് മലയാളത്തിന് പുതുജീവന്‍ നല്‍കിയിരിക്കുന്നത്.

ഈ പുതുജീവന്‍ നഷ്ടമാകാതെ നിലനിര്‍ത്താനുള്ള പ്രായോഗികവഴികളെന്ത് എന്ന് ആലോചിക്കുകയാണ് ഇനി വേണ്ടത്. പ്രധാനമായും ഇംഗ്ളീഷ് ഒരു ആധിപത്യഭാഷയായി നിലനില്‍ക്കുന്ന കേരളത്തില്‍. ലോകത്തെ എല്ലാ മാറ്റങ്ങളും അതിവേഗം ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ ഭാഷയായതുകൊണ്ടാണ് ഇംഗ്ളീഷ് അനുദിനം നവീകരിക്കപ്പെട്ട് നിലനിന്നുപോരുന്നത്. ഈയൊരു അവസ്ഥ മലയാളത്തിന് നേടിയെടുക്കാന്‍ കഴിയുന്ന ഭാഷാശാസ്ത്രം രൂപപ്പെടുത്തുകയാണ് ഇനി വേണ്ടത്.

മലയാളം ഏറ്റവുമധികം അവഗണിക്കപ്പെടുന്ന ഇടം കേരളം തന്നെയാണ്. മലയാളത്തില്‍ സംസാരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി കുട്ടികളെ ശിക്ഷിക്കുന്ന വിദ്യാലയങ്ങള്‍ ഇന്നും കേരളത്തില്‍ നിരവധിയുണ്ട്. കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ മലയാളം ഇന്നും തീണ്ടാപ്പാടകലെയാണ്. കോടതിയുടെയും സര്‍ക്കാറിന്റേയും വ്യവഹാരഭാഷ ഇന്നും കൊളോണിയല്‍ ഇംഗ്ളീഷാണ്. ജഡ്ജിമാരുടെ വേഷം പോലെയാണ് അവരുടെ ഭാഷയും. എത്ര മുറവിളികളുണ്ടായി, കോടതി ഭാഷ മലയാളത്തിലാക്കാന്‍. എന്നിട്ടും ഇന്നും മലയാളത്തിന് കോടതികള്‍ അപ്രാപ്യമായ ഇടമായി തുടരുന്നു. ഒരു ബാര്‍ബര്‍ഷാപ്പിന്റെ ബോര്‍ഡുപോലും ഇംഗ്ളീഷില്‍ എഴുതിവക്കുന്ന മലയാളി ഇടപഴകുന്ന സ്ഥാപനങ്ങളെല്ലാം മലയാളത്തെ അടിച്ചുപുറത്താക്കി ഇംഗ്ളീഷിനെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശ്രേഷ്ഠഭാഷാ പദവി, മലയാളത്തെ വീണ്ടെടുക്കാനുള്ള അവസരമാക്കി മാറ്റുകയാണ് വേണ്ടത്.

മലയാളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മലയാളം കൊണ്ടുതന്നെ ജീവിക്കാനുതകുന്ന ഒരവസ്ഥ ഉണ്ടാകണമെന്നൊക്കെ വാദിക്കുന്നത് ഭാഷാമൗലികവാദമായിത്തീരും. പ്രത്യേകിച്ച് പ്രവാസത്തിന്റെ സമ്പന്നപാരമ്പര്യമുള്ള മലയാളിക്ക് ഇത്തരമൊരു ഭാഷാ മൗലികവാദത്തിന് അടിമപ്പെടാന്‍ തീര്‍ച്ചയായും കഴിയില്ല. അതിനുപകരം, ഭാഷാപഠനത്തെ സാംസ്കാരികപഠനമാക്കി പരിവര്‍ത്തനം ചെയ്ത് മത്സരാധിഷ്ഠിതമായ ആധുനികലോകത്തിന്റെ പ്രതിനിധിയായി മാറാന്‍ പുതിയ തലമുറയെ പര്യാപ്തമാക്കുകയാണ് വേണ്ടത്. മലയാളവും ഇംഗ്ളീഷും ഹിന്ദിയുമെല്ലാം പ്രയോഗിക്കുകയും അതേസമയം, മാതൃഭാഷ നല്‍കുന്ന ഉപ്പിലും ചോറിലും അഭിമാനിക്കുകയും ചെയ്യുന്ന ഒരു തലമുറ വളര്‍ന്നുവരട്ടെ.

മലയാളിയായ ഒരു ഐ.ടി പ്രൊഫഷനല്‍ ഇംഗ്ളീഷ് ഉപയോഗിച്ചായിരിക്കാം അയാളുടെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. പക്ഷേ, അയാളുടെ ആശയവിനിമയങ്ങളുടെയും പ്രൊഫഷനല്‍ പ്രയോഗരീതികളുടെയും അടിസ്ഥാനം മാതൃഭാഷ നല്‍കിയ ബൗദ്ധികമായ തെളിച്ചവും അതുവഴിയുണ്ടാകുന്ന ആത്മവിശ്വാസവുമായിരിക്കും. ഈയൊരു ആത്മവിശ്വാസമാണ് മലയാളം മാത്രം കൈവശമുള്ള ഒരു മലയാളിയെ ഗള്‍ഫിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പറഞ്ഞയക്കുന്നത്. ഗള്‍ഫില്‍ മലയാളം മാത്രം വിനിമയം ചെയ്ത് ജീവിക്കുന്ന വെറും സാധാരണക്കാരായ ലക്ഷക്കണക്കിന് മലയാളികളെ കാണാം. ഇംഗ്ളീഷും അറബിയും ഈജിപ്ത്യനും തുടങ്ങി അനേകം ലോകഭാഷകള്‍ ഒരുമിച്ച് ഇടപഴകുന്ന ഒരു കോസ്മോപൊളിറ്റന്‍ സമൂഹത്തില്‍ സ്വന്തം മലയാളം മാത്രം മുറുകെപ്പിടിച്ച് തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള ആത്മവിശ്വാസം ഇവര്‍ക്ക് എങ്ങനെ കൈവന്നു. തീര്‍ച്ചയായും അതില്‍ ഒരു പങ്ക് മാതൃഭാഷക്കുകൂടിയുള്ളതാണ്.

ഗള്‍ഫില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രവാസി മലയാളികളുടെ തലമുറകള്‍ അവരുടെ മക്കളെ മലയാളത്തിന്റെ സംസ്കാരത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. ഭാഷയെ ഒരു വികാരമായി ഏറ്റെടുക്കുന്നത് കേരളത്തിലുള്ളവരേക്കാള്‍ പ്രവാസി മലയാളികളാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. നാട്ടില്‍ നിന്ന് വരുന്ന എഴുത്തുകാരും രാഷ്ട്രീയക്കാരും കലാകാരന്മാരും ഏകസ്വരത്തില്‍ അഭിപ്രായപ്പെടാറുള്ള സത്യം. സ്വന്തം ഭാഷയെ അടയാളപ്പെടുത്താനുള്ള ഒരു സന്ദര്‍ഭവും നാം പാഴാക്കാറില്ല. ഓണവും വിഷവും ക്രിസ്മസും റംസാനും പ്രവാസി മലയാളികള്‍ ആഘോഷിക്കുന്നത് മലയാളത്തിന്റെ വീണ്ടെടുപ്പിലൂടെയാണ്. മക്കളെ സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനകള്‍ നടത്തുന്ന മലയാളം ക്ളാസുകളില്‍ അയച്ച് ഭാഷ പഠിപ്പിക്കുന്നത്, വീട്ടില്‍ മലയാളം സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നത്, കവിതയും കഥയും വായിക്കാന്‍ പ്രേരിപ്പിക്കുന്നത്...സംസ്കൃതിയുടെ അതിശയകരമായ തുടര്‍ച്ചയാണ് പ്രവാസി മലയാളി ജീവിതത്തില്‍ കാണുന്നത്. അതുകൊണ്ട്, മലയാളത്തിന് ലഭിക്കുന്ന ഓരോ അംഗീകാരവും പ്രവാസികളെ സംബന്ധിച്ച് വിലപ്പെട്ടതാണ്. മാത്രമല്ല, തൊഴിലിനെ അധിഷ്ഠിതമാക്കിയുള്ള മലയാളിയുടെ പ്രവാസം അരനൂറ്റാണ്ടിനുശേഷം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. ഈ സമയത്തുതന്നെ മലയാളത്തിന്റെ ആധുനികവല്‍ക്കരണത്തിന് തുടക്കം കുറിക്കുന്നുവെന്നത് യാദൃശ്ചികമെങ്കിലും ഒരു അനിവാര്യതയാണ്.

ഉയര്‍ന്ന വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും നേടിയ ബൗദ്ധിക തലമുറയെയാണ് വിദേശം കേരളത്തില്‍നിന്ന് ആവശ്യപ്പെടുന്നത്. കേരളത്തില്‍നിന്ന് വിദേശത്തേക്ക് പറിച്ചുനടപ്പെടുന്ന ഈ തലമുറയുടെ മാതൃഭാഷ ആധുനികമായ വിനിമയശേഷിയുള്ള ഒന്നായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ശ്രമം തുടങ്ങാനുള്ള അവസരമാക്കി മാറ്റട്ടെ ഈ ശ്രേഷ്ഠഭാഷാപദവി.

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

ഉറവകള്‍ വറ്റിയ മലയാള മണ്ണില്‍ വഞ്ചനയുടെ കഥകള്‍

കേരളം ഇന്ന്‌ നേരിടുന്ന വന്‍ പ്രതിസന്ധിയാണ്‌ കുടിവെള്ള ക്ഷാമം. അപകടകരമാം വിധം ജലസ്രോതസ്സുകള്‍ വറ്റി വരണ്ടിട്ടും ബന്ധപ്പെട്ട അധികാരികള്‍ അവയെല്ലാം നിസ്സാരമായി കാണുന്ന അവസ്ഥ കേരളത്തിലെ പതിവു കാഴ്‌ചയായി മാറിക്കൊണ്ടിരിക്കുകയാണ്‌. വെള്ളത്തിന്‍റെ വില അറിയാത്തവരായിരുന്നു മലയാളികള്‍. സൂര്യ ചന്ദ്രന്മാര്‍ പ്രകാശിക്കുന്ന കാലത്തോളം കുളിക്കാനും കുടിക്കാനും കൃഷി നടത്താനുമുള്ള വെള്ളത്തിന്‌ ഒരു പഞ്ഞവും വരില്ലെന്ന്‌ ഉറച്ചു വിശ്വസിച്ചിരുന്നവര്‍.

പക്ഷെ, ഇന്ന്‌ കേരളവും കേരളീയരും ആകെ മാറിയിരിക്കുന്നു. 'ഇന്നത്തെ കാര്യം ഇന്ന്‌...നാളത്തെ കാര്യം നാളെ' എന്ന മനോഭാവവുമായി ജീവിക്കുന്ന കേരളീയര്‍ സ്വയം കുഴി തോണ്ടുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുന്ന കാഴ്‌ചയാണ്‌ നമുക്കു കാണാന്‍ കഴിയുക. സ്വാര്‍ത്ഥതയാണോ നിരുത്തരവാദിത്വമാണോ അതിന്‌ പ്രചോദനം നല്‍കുന്നതെന്നറിയില്ല. കേരളത്തെ വരള്‍ച്ചയിലേക്ക്‌ മന:പ്പൂര്‍വ്വം തള്ളിവിട്ട്‌ അയല്‍സംസ്ഥാനങ്ങളിലേയോ ബഹുരാഷ്ട്ര കുത്തക മുതലാളിമാരുടേയോ കുപ്പിവെള്ളത്തില്‍ അഭയം പ്രാപിക്കുന്ന ദയനീയ കാഴ്‌ചയാണ്‌ ഇന്ന്‌ കേരളത്തിലെവിടെയും നമുക്കു കാണാന്‍ കഴിയുക.

പണ്ടത്തെപ്പോലെ വഴിവക്കിലെ ചായക്കടകളില്‍ നിന്നോ കിണറുകളില്‍ നിന്നോ ലഭിക്കുന്ന വെള്ളം വിശ്വസിച്ച്‌ കുടിക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്‌ കേരളത്തില്‍ . ഹോട്ടലുകളില്‍ കയറിയാല്‍ ചൂടുവെള്ളം വേണോ തണുത്ത വെള്ളം വേണോ എന്ന ചോദ്യത്തിന്‌ തണുത്ത വെള്ളം എന്നു പറഞ്ഞാല്‍ ഫ്രിഡ്‌ജില്‍ നിന്ന്‌ തണുത്ത വെള്ളത്തിന്റെ ബോട്ടില്‍ എടുത്തു തരുന്ന അവസ്ഥ (അതിന്‌ പണം വേറെ കൊടുക്കണം). ഈ ബോട്ടിലാകട്ടേ കേരളത്തിനു വെളിയില്‍ നിന്ന്‌ വരുന്നവയും. ചുടുവെള്ളമാകട്ടേ എവിടെ നിന്നു ലഭിക്കുന്നു എന്നു പോലും അറിയില്ല. ചിലപ്പോള്‍ മലിനജലം ആയിരിക്കാം. ചുട്ടുപൊള്ളുന്ന ചൂടില്‍ ചൂടുവെള്ളം കുടിക്കാന്‍ വിധിച്ച കേരളീയര്‍.

ജലസ്രോതസുകള്‍ കുഴിച്ചുമൂടാനും വഴിതിരിച്ചു വിടാനും എന്നന്നേക്കുമായി കൊട്ടി അടയ്‌ക്കാനുമൊന്നും ഒരു മടിയുമില്ലാത്തവര്‍, കുടിവെള്ള സ്രോതസുകളില്‍ മാലിന്യം കലര്‍ത്തിയും ചെളി നിറച്ചും നമ്മുടെ നീര്‍ത്തടങ്ങളുടെ ഉറവ കെടുത്തിയവര്‍., അതിനുള്ള വിലയാണ്‌ ഇപ്പോള്‍ മിക്ക സ്ഥലങ്ങളിലും കേരളീയര്‍ അനുഭവിക്കുന്നത്‌.

ജലസ്രോതസുകളെല്ലാം വറ്റി വരണ്ടുകിടക്കുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ കേരളത്തില്‍ നമുക്കു കാണാന്‍ കഴിയുക. കിണറുകളില്‍പ്പോലും തുള്ളി വെള്ളമില്ല. തെക്കന്‍ കേരളത്തില്‍ ആയിരം ലിറ്റര്‍ വ്യാപ്‌തിയുള്ള ഒരു ടാങ്ക്‌ വെള്ളത്തിന്‌ ആയിരം രൂപ വരെ വില നല്‍കണം. അതും അമിത തോതില്‍ കോളിഫോം ബാക്‌റ്റീരിയ നിറഞ്ഞ മലിനവെള്ളവും. ഇത്‌ ഒരു വശം. പൂര്‍ണ്ണമായും കേരളത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ഉറവ തെളിയുന്ന വള്ളം, കേരളത്തിന്‍റെ മണ്ണില്‍ അണ കെട്ടി തടഞ്ഞ്‌, കേരളത്തിലൂടെതന്നെ തുരങ്കവും കനാലുകളുമുണ്ടാക്കി, സ്വന്തം നാട്ടിലേക്ക്‌ ഒഴുക്കിവിട്ട്‌ നാലു ജില്ലകളില്‍ ഈ കൊടും വേനലിലും ജസസമൃദ്ധമായി കൃഷി ചെയ്യുന്നുണ്ട്‌ തമിഴ്‌നാട്‌. ഏതു നേരത്തും അവിടെ കുടിവെള്ളത്തിന്‌ ഒരു കുറവുമില്ല.

കേരളത്തിന്‍റെ ഏറ്റവും വലിയ നദിയായ പെരിയാര്‍ വരണ്ടുണങ്ങുമ്പോള്‍, അതിന്‍റെ പ്രഭവ സ്ഥാനത്തുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന്‌ നിര്‍ബാധം വെള്ളം ഒഴുക്കിക്കൊണ്ടുപോകുന്ന തമിഴ്‌നാടിന്‍റെ വെള്ളക്കൊതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഉയരം കൂട്ടാനും ഒഴുക്കു നീട്ടാനും അധികാരം സ്ഥാപിക്കാനും ഏതു ദ്രാവിഡ പാര്‍ട്ടി അധികാരത്തില്‍ വന്നാലും മത്സരിക്കും തമിഴ്‌നാട്‌. സംസ്ഥാന വാര്‍ഷിക ബജറ്റില്‍ മുല്ലപ്പെരിയാര്‍ വെള്ളം കൊണ്ടുവരാന്‍ കേരളത്തിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രഭുക്കന്മാര്‍ക്കു മാസപ്പടി കൊടുക്കാനുള്ള തുക പോലും വകയിരുത്താറുണ്ട്‌, തമിഴകം ഭരിക്കുന്നവര്‍. ഈ ഒറ്റുകാശ്‌ ഇരന്ന്‌, കൈ നീട്ടിവാങ്ങി, പിറന്ന നാടിനെ പറ്റിക്കുന്നവരുടെ മറ്റൊരു നാണക്കേടിന്‍റെ കഥ കൂടി പുറത്തു വന്നിരിക്കുന്നു. കേരളത്തിന്‍റെ ഹജൂര്‍ കച്ചേരിയുടെ അകത്തളങ്ങളില്‍ ഭദ്രമായിരിക്കേണ്ട സുപ്രധാന ഫയലുകളിലെ വിവരങ്ങളും, വെള്ളവുമായി ബന്ധപ്പെട്ടു സംസ്ഥാനം നടത്തുന്ന കേസുകളുടെ ഉള്ളടക്കങ്ങളും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ തന്നെ തമിഴ്‌നാട്ടിനു ചോര്‍ത്തിക്കൊടുക്കുന്ന വാര്‍ത്ത അതീവ ഞെട്ടലോടെ മാത്രമേ ജനങ്ങള്‍ക്കു കേള്‍ക്കാന്‍ കഴിയൂ.

കേരളവും തമിഴ്‌നാടും കര്‍ണാടകവും തമ്മില്‍ നിരവധി ജല തര്‍ക്കങ്ങളുണ്ട്‌. പലതിലും വലിയ കേസുകളും നിലവിലുണ്ട്‌. അവയുടെ ഉള്ളടക്കവും മേല്‍നടപടികളും സംബന്ധിച്ച വിവരങ്ങള്‍ തമിഴ്‌നാടിനു വേണ്ടി ചോര്‍ത്തപ്പെട്ടിട്ടുണ്ടെങ്കില്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതീവഗുരുതരമായ സംഭവം തന്നെയാണത്‌. തലസ്ഥാന നഗരത്തോടു ചേര്‍ന്നു സ്വന്തം വീടും തമിഴ്‌നാട്‌ സര്‍ക്കാരില്‍ ജോലിയുമുള്ള ഒരു മലയാളിയാണ്‌ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണു വിവരം. സെക്രട്ടേറിയറ്റില്‍ ദുരൂഹമായ സാഹചര്യങ്ങളില്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്ന ഇയാളുടെ ദുര്‍ന്നടത്തങ്ങളെക്കുറിച്ച്‌ സംസ്ഥാന ഇന്‍റലിജന്‍സ്‌ വിഭാഗം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുകയാണ്‌. ഈ ഉദ്യോഗസ്ഥന്‍ സെക്രട്ടേറിയറ്റില്‍ കടക്കുന്നത്‌ തടയണമെന്നുമുണ്ട്‌ നിര്‍ദേശം. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്‌തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന മറുപടിയാണ്‌ ഇരുവരും നല്‍കിയത്‌. എന്നാല്‍, ഈ മറുപടിയാണോ കേരളം പ്രതീക്ഷിക്കുന്നത്‌.

രാഷ്ട്രീയ നേതാക്കള്‍ക്കും സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും തമിഴ്‌നാട്ടില്‍ ഉല്ലാസ യാത്ര നടത്തുന്നതിനും മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം തരപ്പെടുത്തുന്നതിനും ഒത്താശ നല്‍കി, തമിഴിനാടിനു വേണ്ടി ലോബിയിങ്‌ നടത്തുകയാണത്രേ, അവരുടെ പബ്ലിക്‌ റിലേഷന്‍സ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്‌ണന്‍ എന്ന മലയാളി ചെയ്യുന്നത്‌. വെറുമൊരു അഭ്യൂഹമല്ല ഇത്‌. സംസ്ഥാന ഇന്‍റലിജന്‍സ്‌ മേധാവി ടി.പി. സെന്‍ കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ്‌. വെറുതേ അന്വേഷിക്കുന്നു എന്നു പറഞ്ഞാല്‍പ്പോരാ, അതു മുഖവിലയ്‌ക്കെടുത്ത്‌ വളരെ വിപുലമായ അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിടണം.

കൈക്കൂലിയും പാരിതോഷികങ്ങളും കൈപ്പറ്റി, ജനങ്ങളെയും ദേശത്തെയും വഞ്ചിക്കുന്നവര്‍ രാഷ്ട്രീയത്തിന്‍റെ തലപ്പത്തായാലും സെക്രട്ടേറിയറ്റിനുള്ളിലായാലും ഒരു ദിവസം പോലും തല്‍സ്ഥാനങ്ങളില്‍ ഉണ്ടാകരുത്‌. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ജല തര്‍ക്ക കേസുകളിലൊന്നും കേരളം ജയിക്കുന്നില്ല. മുല്ലപ്പെരിയാര്‍ കേസില്‍പ്പോലും കേരളത്തിന്‍റെ വാദങ്ങളെല്ലാം നിഷ്‌കരുണം തഴയപ്പെടുന്നു. സംസ്ഥാനത്തിന്‍റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാതെ, മറുപക്ഷത്തിന്‍റെ പിച്ചക്കാശ്‌ വാങ്ങി കീശയില്‍ തള്ളുന്നവര്‍ വിളവു തിന്നുന്ന വേലിയെക്കാള്‍ കൊടിയ വഞ്ചകരാണ്‌. അവരെ കണ്ടെത്തി പടിയിറക്കി ചാണക വെള്ളം തളിക്കാതെ ഗതിപിടിക്കില്ല, ഒരിറ്റു കുടിവെള്ളത്തിനു വേണ്ടി നെട്ടോടമോടുന്ന കേരളത്തിലെ ലക്ഷക്കണക്കായ ജനങ്ങള്‍ക്കാര്‍ക്കും.

2013, ഏപ്രിൽ 20, ശനിയാഴ്‌ച

സ്ത്രീപീഡനത്തിന് എന്താണ് പരിഹാരം?

അഞ്ചുവയസ്സുകാരിയായ ബാലികക്കുപോലും രക്ഷയില്ലാത്ത ഒരു നാട്ടില്‍, സ്ത്രീപീഡനത്തിന് എന്താണ് പരിഹാരമെന്ന ചോദ്യം വീണ്ടും ഉയരുന്നു. ദല്‍ഹിയില്‍ മുമ്പ് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ ഉയര്‍ന്ന ഒരു പരിഹാരനിര്‍ദേശം, പ്രതിയെ ഷണ്ഠീകരിക്കുക എന്നതായിരുന്നു. എന്നാല്‍, കുറ്റകൃത്യത്തിന്റെ  രീതിയും അതിലുള്‍പ്പെടുന്നവരുടെ സാമൂഹികാവസ്ഥയും ഈ പരിഹാരത്തെ പരിഹാസ്യമാക്കുന്നു. അതുകൊണ്ടുതന്നെയാണ്, മുമ്പത്തെ കൊടുംക്രൂരതയില്‍ നടുങ്ങുകയും പ്രതിഷധേത്താല്‍ ആളിക്കത്തുകയും ചെയ്ത ഒരു സമൂഹത്തിനിടയില്‍നിന്നുതന്നെ അതിനേക്കാള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു ഇരയും പീഡനകനായ ഒരു പ്രതിയും ഉണ്ടായത്.

നിയമം കര്‍ശനമാക്കല്‍, അത് വിട്ടുവീഴ്ചയില്ലാതെ പാലിക്കല്‍ തുടങ്ങിയ നിയമനടപടികള്‍ പഴുതില്ലാതെ നടപ്പാക്കിയാലും സ്ത്രീകളെക്കുറിച്ച് പുരുഷാധിപത്യസമൂഹം നിലനിര്‍ത്തിയിരിക്കുന്ന ആധിപത്യബോധം തുടരുന്നിടത്തോളം ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കും. പെണ്ണായിപ്പിറന്നവര്‍ പുരുഷന്റെ  ഉപഭോഗത്തിനുള്ളതാണ് എന്ന, സമൂഹത്തിന്റെ  ബോധതലത്തില്‍തന്നെ പ്രബലമായി നില്‍ക്കുന്ന ബോധമാണ് അഞ്ചുവയസ്സായ പെണ്‍കുട്ടിയോടുപോലും ചിന്തിക്കാന്‍ പോലും സാധിക്കാത്ത അത്ര പൈശാചികമായ പീഡനം നടത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. മദ്യം, മയക്കുമരുന്ന്, മറ്റ് ജീവിതാവസ്ഥകള്‍ തുടങ്ങിയവ ഈ പൈശാചികാവസ്ഥക്ക് കരുത്തുപകരുന്നു. അഞ്ചുവയസ്സുകാരിയെ എങ്ങനെയാണ് ഒരു മനുഷ്യന് ലൈംഗികാവയവയമുള്ള ഒരു സത്തയായി കാണാന്‍ കഴിയുന്നത് എന്നത് അല്‍ഭുതപ്പെടുത്തുന്ന കാര്യമാണ്. അത് സ്വബോധം നഷ്ടപ്പെട്ട ഒരു മനുഷ്യനും സമൂഹത്തിനും മാത്രം കരുതാന്‍ കഴിയുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ സ്ത്രീപീഡനത്തിനെതിരായ ബോധവല്‍ക്കരണം എന്നാല്‍, പെണ്ണിനോടുള്ള പുരുഷന്റെയും  സമൂഹത്തിന്റെയും  ബോധനിലവാരത്തിലുള്ള നവീകരണം എന്നാണ് ശരിക്കും അര്‍ഥമാക്കേണ്ടത്. അത് ഭരണകൂടവും നിയമവും നീതിന്യായ വ്യവസ്ഥയും മാത്രം ഉള്‍പ്പെട്ട ഒരു പരിഹാരമല്ല. എല്ലാ തലത്തിലുംപെട്ട പൗരന്മാരും സ്ത്രീപുരുഷന്മാരും അടങ്ങുന്ന പരിഹാരമാണ്. ഇത് എല്ലാവരും ഇര ചേര്‍ക്കപ്പെടുകയും എല്ലാവരും പ്രതി ചേര്‍ക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ്. അരുന്ധതിറോയ് സൂചിപ്പിച്ച ഒരു വിഭാഗത്തിന്റെ  മാത്രം പ്രശ്നമല്ല. ഇരകളിലും പീഡകരിലും എല്ലാ തട്ടിലുമുള്ളവരുണ്ടെന്നോര്‍ക്കണം.

ഈയൊരു പരിഹാരത്തിലേക്ക് സമൂഹത്തെ നയിക്കേണ്ട ഉത്തരവാദിത്തമുള്ള ഭരണകൂടം എന്താണ് ചെയ്യുന്നത്? കുറ്റകൃത്യത്തെ വെറും ക്രമസമാധാനപ്രശ്നമായി സമീപിക്കുന്നു. ദല്‍ഹിയില്‍ മുമ്പ് പെണ്‍കുട്ടി മരിച്ചപ്പോള്‍ ആവേശപൂര്‍വം പ്രഖ്യാപിച്ച നടപടികളില്‍ എത്ര ശതമാനം നടപ്പാക്കിയിട്ടുണ്ട് എന്ന് പരിശോധിക്കുന്നത് ഈ സാഹചര്യത്തില്‍ കൗതുകകരമായിരിക്കും. അന്ന് പ്രഖ്യാപിച്ച കോടികളുടെ പദ്ധതികളില്‍ എത്രയെണ്ണത്തിന് ഫണ്ട് അനുവദിച്ചു? അത് ആരും തിരക്കില്ല.

ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണങ്ങളെയും പ്രതിഷേധത്തെയും കണ്ണീര്‍വാതകവും ഷെല്ലുകളുമുപയോഗിച്ച് നേരിടാന്‍ മാത്രം പരിശീലനം ലഭിച്ച ഒരു പോലീസ് സേനക്ക്  പ്രതിഷേധക്കാരിയായ പെണ്‍കുട്ടിയുടെ കരണത്തടിക്കാന്‍ മാത്രമേ കഴിയൂ. ആ പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടാന്‍ ആ പൊലീസുകാരനാകില്ല. അങ്ങനെ നേരിടാന്‍ ആ പൊലീസുകാരന് ഉപ്പും ചോറും നല്‍കുന്ന ഭരണകൂടം അയാളെ പരിശീലിപ്പിച്ചിട്ടുമില്ല. കാര്യങ്ങള്‍ എങ്ങനെയെങ്കിലും ഒത്തുതീര്‍പ്പാക്കാനാണ് അയാളോട് ഭരണകൂടം ആഞ്ജാപിക്കുന്നത്. അതുകൊണ്ടാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ആ ബാലികയുടെ പിതാവിനുനേരെ ഒരു പൊലീസുകാരന്‍ രണ്ടായിരം രൂപ എടുത്തുനീട്ടിയത്. അത് നിരസിച്ച സാധാരണക്കാരനായ ആ പിതാവിന്റെ  ആര്‍ജവം, അദ്ദേഹത്തേക്കാള്‍ എത്രയോ ഉയരത്തിലാണെന്ന് നാം കരുതുന്ന വ്യക്തികള്‍ക്കുള്ളതിനേക്കാള്‍ ഉന്നതമാണെന്ന ആശ്വാസം മാത്രമാണ് ഇപ്പോഴുള്ളത്.