Tuesday, December 3, 2013

പ്രവാസികാര്യ വകുപ്പിന്റെ കെടുകാര്യസ്ഥത - 2

എന്റെ മുന്‍ ലേഖനത്തിലെ ഉള്ളടക്കത്തെക്കുറിച്ച് പ്രശംസിച്ചും വിമര്‍ശിച്ചും പലരും കമന്റുകള്‍ എഴുതുകയും, ഇ-മെയില്‍, ടെലഫോണ്‍ വഴി നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയും ചെയ്തതില്‍ നിന്നാണ് രണ്ടാം ഭാഗം എഴുതുവാന്‍ പ്രചോദനം കിട്ടിയത്. വ്യക്തിപരമായി ആരേയും തേജോവധം ചെയ്യാതെയും, സാമാന്യവത്ക്കരിച്ചുകൊണ്ട് ചില നഗ്നസത്യങ്ങള്‍ പ്രവാസികളേയും അമേരിക്കന്‍ മലയാളികളേയും തെര്യപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ടു മാത്രമാണ് ഞാനങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത്.  വിമര്‍ശിച്ചവര്‍ക്കുള്ള വിശദീകരണം ആ ലേഖനത്തിന്റെ ഉള്ളടക്കത്തില്‍ തന്നെയുണ്ട്. കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുക്കാന്‍ ഓടാതെ ഗൗരവമായ കാര്യങ്ങള്‍ ഗൗരവമായിത്തന്നെ കാണണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. "പ്രതികരിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണതയാണ് അമേരിക്കയിലെ മലയാളി സമൂഹത്തിനെ പിന്നോട്ടടിക്കുന്നതെന്ന് " ഞാന്‍ സൂചിപ്പിച്ചതും അതുകൊണ്ടാണ്.

ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എന്നീ പ്രമുഖ സംഘടനകളുടെ പ്രയത്നം ഫലപ്രദമാകുന്നില്ലെന്ന് കണ്ടപ്പോഴാണ് "ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍" (ഐപാക്) എന്ന സന്നദ്ധ സംഘടനയ്ക്ക് മൂന്നു വര്‍ഷം മുന്‍പ് രൂപം നല്‍കിയത്. കാരണം, മേല്പറഞ്ഞ സംഘടനകള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, മന്ത്രിമാരോടും ബന്ധപ്പെട്ട അധികാരികളോടും മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെങ്കില്‍ "ഐപാക്" അങ്ങനെയായിരുന്നില്ല.

കഴിവും പ്രാപ്തിയുമുള്ള നിരവധി വ്യക്തികളാണ് ഐപാകിലെ ഓരോ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിരുന്നത്. ആരേയും എടുത്തുപറയേണ്ടതില്ല. ഓരോരുത്തരും അവരവരുടെ കര്‍മ്മമേഖലകളില്‍ കഴിവു തെളിയിച്ചവരാണ്. മറ്റൊന്ന് ഈ സന്നദ്ധ സംഘടനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി ഇ-മെയിലുകളും പ്രോത്സാഹനങ്ങളും ലഭിച്ചിരുന്നു എന്നുള്ളതാണ്. അമേരിക്കയിലെ മിക്കവാറും എല്ലാ സംഘടനകളിലേയും പ്രവര്‍ത്തകര്‍ ഇതില്‍ ഭാഗഭാക്കാകുകയും തങ്ങളുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തീര്‍ന്നില്ല, നിരവധി പേര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്ന് അവര്‍ നേരിട്ട പ്രയാസങ്ങളും ഐപാകുമായി പങ്കുവെച്ചിരുന്നു. ലേഖകനും ഒരു കമ്മിറ്റിയിലെ അംഗമായിരുന്നു.

മലയാളികള്‍ക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ സമൂഹത്തിനും സഹകരിക്കാവുന്ന രീതിയിലായിരുന്നു ഐപാകിന്റെ വെബ് സൈറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്. ജിബി തോമസ് കോ-ഓര്‍ഡിനേറ്ററും, സിബി ഡേവിഡ്, വിന്‍സന്‍ പാലത്തിങ്കല്‍, ഗ്ലാഡ്സണ്‍ വര്‍ഗീസ്, ടി. ഉണ്ണികൃഷ്ണന്‍, സജീവ് വേലായുധന്‍, ഷിബു ദിവാകരന്‍, പ്രസന്ന നായര്‍, റെജി വര്‍ഗീസ്, ജേക്കബ് തോമസ്, സന്തോഷ് നായര്‍, ലെജി ജേക്കബ്, വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ബിജു തോമസ്, സജി പോള്‍ തുടങ്ങിയ കഴിവും പ്രാപ്തിയുമുള്ള അംഗങ്ങളുമടങ്ങിയ വെബ് മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആ വെബ്സൈറ്റിലൂടെ ലോകത്തിന്റെ ഏതു കോണിലിരുന്നും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സം‌വിധാനവും ഒരുക്കിയിരുന്നു. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഈ വെബ്സൈറ്റ്, ഇതര വെബ്സൈറ്റുകളെ വെല്ലുന്ന രീതിയിലാണ് കൈകാര്യം ചെയ്തിരുന്നത്.

ലേഖകനെക്കൂടാതെ, ജോയിച്ചന്‍ പുതുക്കുളം, ജോര്‍ജ്ജ് ജോസഫ്, മധു കൊട്ടാരക്കര, മനു വര്‍ഗീസ്, എ.സി. ജോര്‍ജ്, സോദരന്‍ വര്‍ഗീസ്, വിന്‍സന്റ് ഇമ്മാനുവേല്‍, യോഹന്നാന്‍ ശങ്കരത്തില്‍, സജി ഏബ്രഹാം, അരവിന്ദാക്ഷന്‍, വര്‍ഗീസ് ഫിലിപ്പ്, രാജു പള്ളം തുടങ്ങിയ കരുത്തരായ മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന മീഡിയാ ടീം ആയിരുന്നു ഐപാകിന്റെ വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരുന്നത്. കൂടാതെ, അലക്സ് കോശി വിളനിലം, തോമസ് ടി. ഉമ്മന്‍, അനിയന്‍ ജോര്‍ജ്, ഡോ. എ.കെ.ബി. പിള്ള, അറ്റൊര്‍ണി രാം ചീരത്ത്, ജോസഫ് ഔസൊ, ഡോ. ശ്രീധര്‍ കാവില്‍, സുധ കര്‍ത്താ, ജോണ്‍ ടൈറ്റസ്, യു.എ. നസീര്‍, തമ്പി ആന്റണി, ഡോ. ഫ്രീമു വര്‍ഗീസ്, തോമസ് കൂവള്ളൂര്‍, ശശിധരന്‍ നായര്‍, വര്‍ഗീസ് തെക്കേക്കര, ആനന്ദന്‍ നിരവേല്‍, എബ്രഹാം തെക്കേമുറി, കളത്തില്‍ പാപ്പച്ചന്‍, ഫിലിപ്പ് മഠത്തില്‍, ഷീല ചെറു, ഷാജി എഡ്വേര്‍ഡ്, ഗോപിനാഥ കുറുപ്പ്, ഫ്രഡ് കൊച്ചിന്‍, തിരുവല്ല ബേബി, ജോര്‍ജ് മാത്യു, ഐപ് മാരേട്ട്, ഹരികൃഷ്ണന്‍ നമ്പൂതിരി, തുടങ്ങിയ ശക്തരായ പ്രവര്‍ത്തകര്‍ 14 കമ്മിറ്റികളിലായി പ്രവര്‍ത്തിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏകദേശം 130-ഓളം പ്രവര്‍ത്തകരാണ് ഐപാകിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ക്കും പ്രത്യേക പരിഗണനയോ സ്ഥാനമാനങ്ങളോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സംഘടനയെന്ന പ്രത്യേകതയും ഐപാകിന്റേതായിരുന്നു. അവരുടെ പേരുവിവരങ്ങളും അവര്‍ കൈകാര്യം ചെയ്തിരുന്ന മേഖലകളുടേയും പൂര്‍ണ്ണരൂപം ഐപാക് വെബ്സൈറ്റ് http://www.pravasiaction.com സന്ദര്‍ശിച്ചാല്‍ ലഭ്യമാണ്. നിസ്വാര്‍ത്ഥ സേവനമായിരുന്നു എല്ലാവരുടേയും ലക്ഷ്യം. ഇത്രയും കായബലമുള്ള ഒരു സംഘടന ലോകത്തൊരിടത്തും കാണുകയില്ല. വിയറ്റ്നാമില്‍ നിന്നും, ഫിലിപ്പീന്‍സില്‍ നിന്നും, ലൈബീരിയയില്‍ നിന്നുമൊക്കെ ഐപാകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും വിവിധ പ്രശ്നങ്ങളുടെ അന്വേഷണങ്ങളുമൊക്കെ ലഭിച്ചതാണ്. തന്നെയുമല്ല, ഇതര ഇന്ത്യന്‍ സമൂഹത്തെ ഉള്‍‌ക്കൊള്ളിക്കാവുന്ന രീതിയിലായിരുന്നു ഐപാക് രൂപീകരിച്ചത്. വിവിധ ദേശക്കാരും ഭാഷക്കാരുമായി ആശയവിനിമയം നടത്തുന്നതിനായി Intra Community Awareness Committee യും ഉണ്ടായിരുന്നു.

ഐപാകിനെ സംബന്ധിച്ച വാര്‍ത്തകള്‍, ഇ-മെയിലുകല്‍, വീഡിയോ ക്ലിപ്പുകള്‍, ഇന്ത്യാ ഗവണ്മെന്റിന് സമര്‍പ്പിച്ച നിവേദനങ്ങളുടെ പകര്‍പ്പുകള്‍ എന്നിവയെല്ലാം വെബ്സൈറ്റില്‍ ലഭ്യമാണ്. അവയിലൂടെ കണ്ണോടിക്കുന്ന ഓരോ വ്യക്തിയുടേയും മനസ്സിലൂടെ കടന്നുപോകുന്ന ഒരു ചോദ്യമുണ്ട് - "വജ്രായുധം കൈയ്യിലുള്ളപ്പോള്‍ പേനാക്കത്തി അന്വേഷിച്ചു നടക്കുന്നു" എന്നു പറഞ്ഞതുപോലെ, ഇത്രയും ശക്തമായ, ജനപിന്തുണ നേടിയ ഈ സംഘടനയിലെ പലരും ഇന്ന് എന്തുകൊണ്ട് ദിശമാറി സഞ്ചരിക്കുന്നു ? എങ്ങനെ ഐപാകിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെട്ടു എന്നതും അജ്ഞാതമായി തുടരുന്നു.  ന്യൂയോര്‍ക്ക്, ന്യൂജെഴ്‌സി എന്നിവിടങ്ങളില്‍ ടൗണ്‍ മീറ്റിംഗുകളും, സെമിനാറുകളും സംഘടിപ്പിച്ച് ഐപാക് പ്രവര്‍ത്തകര്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയിരുന്നത്.  ഐപാകിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്ന് പ്രവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പ്രതിവിധി കാണാന്‍ കഴിയുമായിരുന്നു.

എന്റെ മുന്‍ ലേഖനത്തെ വിമര്‍ശിക്കുന്നവരോട് ഒരു വാക്ക്. ഞാനും നിങ്ങളും വ്യത്യസ്ഥ ചിന്താഗതിയുള്ളവരാണെങ്കിലും സഞ്ചരിക്കുന്നത് ഒരേ പാതയിലൂടേയാണ്. "ഇന്ത്യന്‍ പൗരത്വം വെടിഞ്ഞവരെന്തിനാണ് ഇന്ത്യാ ഗവണ്മെന്റുമായി സമരം ചെയ്യുന്നതെന്നും, എന്തിനാണ് മന്ത്രിമാരുടെ മെക്കട്ട് കയറുന്നതെന്നും" ചിലര്‍ക്ക് സംശയമുണ്ടാകാം. ഞാനും അതേ ചോദ്യം ചോദിക്കുന്നു. അമേരിക്കന്‍ പൗരത്വം എടുത്തവര്‍ മാത്രമല്ല, ഏതു രാജ്യത്തെ പൗരത്വമുള്ളവര്‍ക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഒരു വിസയുടെ ആവശ്യമേ ഉള്ളൂ. പക്ഷെ, ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമല്ല, പൈതൃകമായി ലഭിച്ച ഭൂസ്വത്തുക്കള്‍ വരെ നാട്ടിലുള്ളവര്‍ക്ക് ഒരു സ്ഥിരം വിസ ലഭിക്കുന്നത് അനുഗ്രഹമാണ്. ആ സ്ഥിരം വിസയുടെ മറവിലാണ് ഇന്ത്യാ ഗവണ്മെന്റ് അമേരിക്കന്‍ മലയാളികളെ ചൂഷണം ചെയ്തത്. ആജീവനാന്ത വിസ എന്നു പറഞ്ഞാല്‍ മരണം വരെയുള്ള വിസ എന്നാണ്. അല്ലാതെ തോന്നുമ്പോള്‍ പുതുക്കാനുള്ളതല്ല. ഈ ആജീവനാന്ത വിസ (ഒ.സി.ഐ.) പൊതുജനങ്ങളെക്കൊണ്ട് എടുപ്പിക്കാന്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഉപയോഗിച്ചത് ഇവിടത്തെ സാമുഹ്യ-സാംസ്ക്കാരിക സംഘടനകളെയാണ്. അതില്‍ മലയാളികളും ഇതര ഭാഷക്കാരും ഉള്‍പ്പെടും. അവര്‍ അമേരിക്കയിലുടനീളം ഒ.സി.ഐ.ക്യാമ്പുകള്‍ സംഘടിപ്പിച്ച് പതിനായിരക്കണക്കിന് പേരെക്കൊണ്ട് ഒ.സി.ഐ. എടുപ്പിച്ചു. അതുവഴി ഇന്ത്യാ ഗവണ്മെന്റ് ലക്ഷക്കണക്കിന് ഡോളര്‍ പിരിച്ചെടുക്കുകയും ചെയ്തു. ആ സംഘടനകളേയും സംഘടനാ നേതാക്കളേയും പിന്നീട് ഇന്ത്യാ ഗവണ്മെന്റ് തള്ളിപ്പറഞ്ഞതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങളെല്ലാം.

ഒ.സി.ഐ. കാര്‍ഡ് പിന്നീട് പുതുക്കേണ്ടിവരുമെന്നോ, കാലഹരണപ്പെടുമെന്നോ ഒന്നും ഒ.സി.ഐ. ക്യാമ്പില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല. എന്തിന്, ഇന്ത്യന്‍ എംബസ്സിയുടേയോ കോണ്‍സുലേറ്റുകളുടേയോ വെബ്സൈറ്റില്‍ പോലും പരസ്യപ്പെടുത്തിയിരുന്നില്ല. അവരുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് അജ്ഞരായ മലയാളി സംഘടനകളും നേതാക്കളുമാകട്ടെ അവര്‍ പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു. പ്രവാസികാര്യ വകുപ്പിന്റെ ഗൂഢലക്ഷ്യം നിറവേറ്റിക്കഴിഞ്ഞ്, പിരിച്ചെടുത്ത ലക്ഷങ്ങള്‍ ഖജനാവില്‍ നിക്ഷേപിച്ചതിനു ശേഷമാണ് അവരുടെ യഥാര്‍ത്ഥ രുപവും ഭാവവും പ്രവാസി മലയാളികള്‍ കണ്ടുതുടങ്ങിയത്. കാലഹരണപ്പെട്ട ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നതിന് ഫീസ് നിശ്ചയിച്ച നയതന്ത്രകാര്യാലയങ്ങളെ എന്തു പേരിട്ട് വിളിക്കണമെന്നറിഞ്ഞുകൂടാ. ഭാഷാടിസ്ഥാനത്തില്‍ വിവേചനപരമായ പെരുമാറ്റവും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്ന് മലയാളികള്‍ നേരിടുന്നുണ്ടെന്നതും സത്യമാണ്.

പ്രവാസികളുടെ ഇന്ത്യയിലെ സ്വത്തുവകകള്‍ അന്യാധീനപ്പെട്ടു പോകുകയോ, സ്വന്തക്കാരും ബന്ധുക്കളും ചെര്‍ന്ന് കൃത്രിമ രേഖകള്‍ ചമച്ച് തട്ടിയെടുക്കുകയോ ചെയ്യുന്ന കഥ നാമെല്ലം കേട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ തന്നെ നിരവധി പേര്‍ ഈ ചതിയില്‍ അകപ്പെട്ടിട്ടുണ്ട്. അവരുടെ പരാതികള്‍ അങ്ങ് പാര്‍ലമെന്റില്‍ വരെ എത്തിയിട്ടുമുണ്ട്. പക്ഷെ, അതിനൊരു പരിഹാരമോ പോം‌വഴിയോ ഇതുവരെ കണ്ടെന്ത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ നിന്ന് മന്ത്രിമാര്‍ അമേരിക്കയിലേക്കും അമേരിക്കയില്‍ നിന്ന് നേതാക്കള്‍ ഇന്ത്യയിലേക്കും നിരന്തരം യാത്ര ചെയ്ത് ഫോട്ടോകളെടുത്ത് പത്രത്താളുകള്‍ നിറയ്ക്കുന്നതല്ലാതെ ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. "എന്റെ ഭൂസ്വത്ത് ആരും തട്ടിയെടുത്തിട്ടില്ല, ഞാന്‍ സുരക്ഷിതനാണ്....എന്റെ കുടുംബം സുരക്ഷിതരാണ്.....ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല" എന്നെല്ലാം ചിന്തിക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ ലേഖനം എന്നുകൂടി പറയട്ടേ.

ഇന്ത്യാ ഗവണ്മെന്റിന്റെ ഈ ചതിപ്രയോഗത്തില്‍ വീണ സംഘടനകളും നേതാക്കളും ഇപ്പോള്‍ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും മുന്‍പില്‍ യാചിക്കുന്നതു കാണുമ്പോള്‍ ധാര്‍മ്മികരോഷം ആളിക്കത്തുന്നത് സ്വാഭാവികമാണ്. ആരാണ് ഈ അവസ്ഥ വരുത്തിവെച്ചത്? ഇന്ത്യന്‍ കോണ്‍സുലേറ്റിന് പ്രവാസികളെ ചൂഷണം ചെയ്യാന്‍ സാഹചര്യമൊരുക്കിക്കൊടുത്തത് ഇവിടത്തെ ചില സംഘടനകളും അവയിലെ ചില നേതാക്കളുമാണ്. അവരാകട്ടേ കോണ്‍സുലേറ്റിലെ വിരുന്നു സല്‍ക്കാരങ്ങളിലും അത്താഴവിരുന്നുകളിലും സ്ഥിരം ക്ഷണിതാക്കളുമാണ്. അതുകൊണ്ടുതന്നെ പ്രവാസികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അവര്‍ മിതത്വം പാലിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് ഐപാക് രംഗപ്രവേശം ചെയ്തത്. ഈ തട്ടിപ്പ് അമേരിക്കയില്‍ വിലപ്പോവില്ലെന്ന സന്ദേശമാണ് ഐപാക് ഉയര്‍ത്തിക്കാട്ടിയത്.

2011 ഒക്ടോബര്‍ 28-ന് ന്യൂജെഴ്സി സോമര്‍സെറ്റിലെ ഹോളിഡേ ഇന്നില്‍ ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദുമായി ഐപാക് പ്രവര്‍ത്തകര്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ സൗകര്യമൊരുക്കിയിരുന്നു. ലേഖകനടക്കം നിരവധി ഐപാക് പ്രവര്‍ത്തകരും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിയുമായി മുഖാമുഖം സംസാരിച്ചു. കൂടാതെ, ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഇന്ത്യയിലെ ഒരു മന്ത്രിയും കാണിക്കാത്ത ശുഷ്ക്കാന്തിയാണ് അന്ന് ഇ.അഹമ്മദ് ഐപാക് പ്രവര്‍ത്തകരോട് കാണിച്ചതെന്ന് പറയാതിരിക്കാന്‍ വയ്യ. ഐപാകിന്റെ നിവേദനത്തില്‍ പറഞ്ഞിരുന്ന ഓരോ കാര്യങ്ങളെക്കുറിച്ചും മന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. വളരെ ക്ഷമയോടെ അദ്ദേഹം എല്ലാം കേട്ടു. കേള്‍ക്കുക മാത്രമല്ല, അദ്ദേഹത്തിന് ഉടന്‍ ചെയ്യാവുന്ന ഒന്നുരണ്ടു കാര്യങ്ങള്‍ അപ്പോള്‍തന്നെ ഡപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ പ്രമോദ് ബജാജിനോട് ആവശ്യപ്പെടുകയും സത്വര നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതില്‍ പ്രധാനമായത് കോണ്‍സുലേറ്റില്‍ പൊതുജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ടെലഫോണ്‍/ഇ-മെയില്‍ സം‌വിധാനം മെച്ചപ്പെടുത്തുക എന്നിവയായിരുന്നു. നിവേദനത്തില്‍ പറഞ്ഞിരുന്ന മറ്റാവശ്യങ്ങള്‍ അനുഭാവപൂര്‍‌വ്വം പരിഗണിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. തീര്‍ന്നില്ല, ഡല്‍ഹിയില്‍ ചെന്നാലുടന്‍ മന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സുഹൈല്‍ ഖാനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒരു മണിക്കൂറില്‍ കൂടുതല്‍ അന്ന് മന്ത്രി ഐപാക് പ്രവര്‍ത്തകരോടൊപ്പം ചിലവഴിക്കുകയും സംശയദുരീകരണം നടത്തുകയും ചെയ്തു. ഇന്ത്യയിലെ മറ്റേതെങ്കിലും മന്ത്രിമാര്‍ ഇത്ര ക്ഷമയോടെ പരാതികള്‍ കേള്‍ക്കുമെന്ന് തോന്നുന്നില്ല. അന്ന് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പ് ഇപ്പോഴും ഐപാക്കിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

എന്നാല്‍ നേരെ വിപരീതമായാണ് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷമാണെന്നു തോന്നുന്നു ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അദ്ദേഹവുമായി അഭിമുഖമെടുത്ത ഒരു സീനിയര്‍ പത്രപ്രവര്‍ത്തകന്റെ നേരെ തട്ടിക്കയറുന്ന കാഴ്ച മലയാളം ഐ.പി. ടി.വി ഇ-മലയാളിയിലൂടെ സം‌പ്രേക്ഷണം ചെയ്തിരുന്നു. ഈ പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി കേട്ട് ഞെട്ടിപ്പോയി.."താനാരാടോ ഇതു ചോദിക്കാന്‍.....താന്‍ വലിയ പത്രക്കാരനാണെന്ന ഭാവമാണോ.....ഞങ്ങളുടെ ഗവണ്മെന്റ് ഞങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യും....താനാരാ ചോദിക്കാന്‍...." എന്നിങ്ങനെയുള്ള മന്ത്രിയുടെ ആക്രോശം പലരും കണ്ടുകാണും. മന്ത്രിയുടെ ഈ ആക്രോശം കേട്ട് പുഞ്ചിരിച്ചുകൊണ്ട് ഇവിടത്തെ ചില സംഘടനാ നേതാക്കള്‍ തൊട്ടുപുറകില്‍ നില്പ്പുണ്ടായിരുന്നു. ആ വീഡിയോക്ലിപ്പ് മലയാളം ഐ.പി.ടി.വി.യുടെ കൈവശമുണ്ട്. അവരത് റിലീസ് ചെയ്യണം. ആ വീഡിയോ കാണുന്ന, മന:സ്സാക്ഷിയുള്ള, ഒരു വ്യക്തിയും പിന്നെ ആ മന്ത്രിയെ കാണാന്‍ മുതിരുകയില്ല. മന്ത്രിയുമായി കാണുന്നതോ ഫോട്ടൊ എടുക്കുന്നതോ ഒരു തെറ്റായി കാണാന്‍ കഴിയില്ല. പക്ഷെ, പ്രവാസികളെ ആകെ "ഉദ്ധരിക്കാനാണെന്ന" വ്യാജേന അത് വാര്‍ത്തയാക്കുന്നതാണ് ശുദ്ധ അസംബന്ധം.

പിന്നെ അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന മറ്റു പ്രശ്നങ്ങള്‍ (വിദ്യാഭ്യാസം, ഉദ്യോഗം, തൊഴില്‍, ബിസിനസ് മുതലായവ) കൈകാര്യം ചെയ്യേണ്ടത് അമേരിക്കന്‍ ഗവണ്മെന്റല്ലേ ?     ഈ രാജ്യത്ത് നിയമാനുസരണം പ്രവേശിച്ചവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവരുടെ ന്യായമായ അവകാശങ്ങളും നിഷേധിക്കുന്ന നിയമമൊന്നും ഇവിടെയില്ല.  വിദ്യാഭ്യാസം, തൊഴിലില്ലായ്മ വേതനം, ചികിത്സാ സഹായം, ബിസിനസ് ചെയ്യാനുള്ള അവസരം, ഫുഡ് സ്റ്റാമ്പ് മുതലായവയെല്ലാം പൗരനെന്നോ ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറെന്നോ വ്യത്യാസമില്ലാതെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്ന വ്യവസ്ഥ അമേരിക്കയിലുണ്ട്.

ലോകാവസാനം വരെ പ്രശ്നങ്ങള്‍ നീട്ടിക്കൊണ്ടു പോകേണ്ട കാര്യമില്ല. എല്ലാത്തിനും ഒരു അന്ത്യം വേണം. പ്രവാസികളെ ചൂഷണം ചെയ്തതും പോരാഞ്ഞിട്ട് അവരുടെ നിക്ഷേപങ്ങളില്‍ കണ്ണുവെച്ച് അമേരിക്ക സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് കൊടുക്കേണ്ട സമയം ആസന്നമായിരിക്കുകയാണ്. പരിഹാര മാര്‍ഗങ്ങള്‍ ഏറെയുണ്ട്. വിവിധ സംഘടനകള്‍ മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ച നിവേദനങ്ങളുടെ പകര്‍പ്പ്, അവര്‍ക്ക് ഇന്ത്യാ ഗവണ്മെന്റില്‍ നിന്നും മന്ത്രിമാരില്‍ നിന്നും കിട്ടിയ മറുപടികള്‍ ഇവയെല്ലാം ജനങ്ങളെ അറിയിക്കേണ്ട ബാദ്ധ്യതയുണ്ട്. അതവര്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണം. അവരുടെ നിവേദനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അലംഭാവം കാട്ടിയിട്ടുണ്ടെങ്കില്‍ അതും പൊതുജനങ്ങളെ അറിയിക്കണം.

മറ്റൊരു നിര്‍ദ്ദേശം - അമേരിക്കയില്‍ ഇന്ന് ശക്തിപ്രാപിച്ചിരിക്കുന്ന ഒരു നിഷ്പക്ഷ സംഘടനയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. അവരുമായി കൂടിയാലോചിച്ച് അടുത്ത പ്രാവശ്യം മന്ത്രി വരുമ്പോഴോ, അല്ലെങ്കില്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയവുമായോ ഒരു പ്രസ് മീറ്റ് എന്തുകൊണ്ട് സംഘടിപ്പിച്ചുകൂടാ. സംഘടനകള്‍ അവരവര്‍ മന്ത്രിമാര്‍ക്ക് നല്‍കിയ നിവേദനങ്ങളുടെ പകര്‍പ്പ് ഇന്ത്യാ പ്രസ് ക്ലബ്ബിന് നല്‍കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പവുമായി.

കമന്റുകള്‍ എഴുതുന്നവരോട് ഒരു അഭ്യര്‍ത്ഥന. ഐപാകിന്റെ വെബ് സൈറ്റ് നിങ്ങള്‍ സന്ദര്‍ശിക്കണം. എല്ലാ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. സത്യവിരുദ്ധമായി ഒന്നും തന്നെ ഈ ലേഖനത്തില്‍ ഞാന്‍ പ്രതിപാദിച്ചിട്ടില്ല. കഠിനഭാഷാ പ്രയോഗങ്ങളില്ലാതെ, ലളിതഭാഷാ പ്രയോഗമാണ് ഇവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. വികാരപരമായി പ്രതികരിക്കാതെ വിവേകപരമായി പ്രതികരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Also Read:  പ്രഹസനമാകുന്ന പ്രവാസികാര്യ വകുപ്പ്‌




No comments:

Post a Comment