അമേരിക്കയില്‍ ഏറ്റവും വലിയ മണ്ടത്തരം കാണിക്കുന്നവര്‍ക്ക് ഒരു അവാര്‍ഡ് നിശ്ചയിച്ചാല്‍ അതിന് അര്‍ഹരായവര്‍ ഇവിടത്തെ ചില മലയാളി നേതാക്കളാണെന്ന് പറയാതിരിക്കാന്‍ വയ്യ. നാണമില്ലത്തവന്റെ ആസനത്തില്‍ ആലു മുളച്ചാല്‍ അതവന് തണലാണെന്ന് ഒരു ചൊല്ലുണ്ട്. ഏതാണ്ട് അതേ അവസ്ഥയാണ് ഇവിടത്തെ പല നേതാക്കളിലും ദര്‍ശിക്കാന്‍ കഴിയുന്നത്.
കറിവേപ്പിലച്ചെടിയുടെ വേരില്‍ നിന്ന് മുളച്ചു പൊട്ടുന്ന തൈകള്‍ പോലെ സംഘടനകളും ഉപസംഘടനകളും, അവയുടെ ലേബലില്‍ അറിയപ്പെടുന്ന നേതാക്കളും പറയുന്നത് ഒരേ കാര്യം; പ്രവാസികളുടെ 'നീറുന്ന' പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണത്രേ അവരൊക്കെ ശ്രമിക്കുന്നത്. ഈ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവര്‍ ചെയ്യുന്നതോ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കേന്ദ്രസംസ്ഥാന മന്ത്രിമാരേയും എം.എല്‍.എ.മാരേയും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്‌ത് പൊതുവേദികളില്‍ കയറ്റി ആടയും പൊന്നാടയും അണിയിച്ച് എഴുന്നള്ളിക്കുന്നു. സ്വന്തം നിയോജകമണ്ഡലത്തില്‍ നിസ്സാര കാര്യങ്ങള്‍ ചെയ്യാന്‍ പോലും കഴിവില്ലാത്ത നേതാക്കളോടാണ് അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ഓര്‍ക്കണം.
ഇപ്പോള്‍ ഇവിടെയെത്തിയിട്ടുള്ള കേന്ദ്ര മന്ത്രി ആ സ്ഥാനത്ത് ഉപവിഷ്ടനായതിനുശേഷം നിരന്തരം അമേരിക്ക സന്ദര്‍ശിക്കുന്ന മഹാത്മാവാണ്. അദ്ദേഹത്തിനറിയാം ഇവിടത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. തലമൂത്ത നേതാക്കളുമായി വ്യക്തിബന്ധം വരെയുള്ള വ്യക്തിയാണ് ഈ മന്ത്രി. അദ്ദേഹം വിചാരിച്ചാല്‍ പല കാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാനും സാധിക്കും. ഓരോ പ്രാവശ്യവും 'ഇപ്പ ശരിയാക്കിത്തരാം.....ഇപ്പ ശരിയാക്കിത്തരാം....' എന്ന പൊള്ള വാഗ്‌ദാനം നല്‍കി അദ്ദേഹം വന്നവഴിയേ തിരിച്ചുപോകുന്നതല്ലാതെ കാതലായ പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രതിവിധി കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കുറെ നേതാക്കള്‍ കുറെ ഫോട്ടോകള്‍ തരപ്പെടുത്തി വെച്ച് അവ ഓരോന്നായി ആഴ്‌ചയില്‍ മൂന്നു വട്ടമെങ്കിലും പത്രങ്ങളില്‍ കൊടുത്ത് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതു മാത്രം മിച്ചം. ഇവരാകട്ടേ പറഞ്ഞതുതന്നെ മറിച്ചും തിരിച്ചും പറഞ്ഞ് പൊതുജനങ്ങളെ കണ്‍ഫ്യൂഷനിലാക്കുന്നു. ഇവിടെ ഒരു കാര്യം തീര്‍ച്ചയാണ്. ഒന്നുകില്‍ ഈ മന്ത്രി ഇവരെ വട്ടു കളിപ്പിക്കുന്നു, അല്ലെങ്കില്‍ ഈ നേതാക്കള്‍ മന്ദബുദ്ധികള്‍, അതുമല്ലെങ്കില്‍ ഇവര്‍ മന:പ്പൂര്‍വ്വം പൊതുജനങ്ങളെ വിഡ്‌ഢികളാക്കുന്നു.
മേല്‌പറഞ്ഞ മന്ത്രി ഇനി തുടര്‍ച്ചയായി അമേരിക്കയില്‍ വരും. കാരണം 2014ല്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തുമൊക്കെ വെച്ചു നടക്കുന്ന പ്രവാസി ദിവസിലേക്ക് ആളെക്കൂട്ടാന്‍. അല്ലാതെ ഇവിടെയുള്ള പ്രവാസികളുടെ 'നീറുന്ന' പ്രശ്‌നത്തിന് പരിഹാരം കാണാനല്ല. ഇതുവരെ പ്രവാസികളുടെ പ്രശ്‌നമായിരുന്നെങ്കില്‍ ഇപ്പോള്‍ മന്ത്രിക്ക് വേവലാതി അമേരിക്കയിലെ പുതിയ തലമുറയുടെ ഇന്ത്യയുമായുള്ള ബന്ധം കുറഞ്ഞുവരുന്നതിനാലാണ്. ഇതു കേട്ടപ്പോള്‍ നാട്ടിലെ ഒരു ജന്മിയുടെ കാര്യമാണ് ഓര്‍മ്മയില്‍ വന്നത്.
ജന്മി കുടിയാന്മാരെ കഷ്ടപ്പെടുത്തി പണി ചെയ്യിക്കും. അവരുടെ ന്യായമായ ആവശ്യങ്ങള്‍ നിരാകരിക്കുമെന്നു മാത്രമല്ല, കൂലി പോലും ശരിക്ക് കൊടുക്കുകയില്ല. കുടിയാന്മാരാകട്ടേ തങ്ങളുടെ ഗതി മക്കള്‍ക്ക് വരരുതെന്ന് ആഗ്രഹിച്ച് അവരെ പള്ളിക്കൂടങ്ങളില്‍ അയച്ചു പഠിപ്പിക്കാന്‍ തുടങ്ങി. അത് ജന്മിയുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അദ്ദേഹത്തിന് കുണ്‌ഠിതമായി. അവരങ്ങനെ പഠിച്ച് മിടുക്കരും മിടുക്കികളുമായാല്‍ ജന്മിക്ക് പണിക്കാരെ കിട്ടാതെ വരും. അതുകൊണ്ട് ഉടനെ ഉത്തരവായി. കുടിയാന്മാരുടെ കുട്ടികളെയും ജന്മിയുടെ പണിക്കാരുടെ കൂട്ടത്തില്‍ കൂട്ടുക. അവരും പണി പഠിക്കട്ടേ...!! ഏതാണ്ട് ഇതുപോലെയാണ് മന്ത്രിയുടെ പ്രസ്‌താവന കേട്ടപ്പോള്‍ തോന്നിയത്. ഒന്നാം തലമുറയും രണ്ടാം തലമുറയും അലമുറയിട്ട് കരഞ്ഞിട്ടുപോലും അവരുടെ ന്യായമായ ആവശ്യങ്ങള്‍ അവഗണിച്ച മന്ത്രിക്ക് ഇവിടത്തെ മലയാളിക്കുഞ്ഞുങ്ങള്‍ അന്തസ്സായി ജീവിക്കുന്നതു കണ്ടപ്പോള്‍ ജന്മിയുടെ കുണ്‌ഠിത രോഗം പിടിച്ചിരിക്കുകയാണ്. അവരെ ഇനി ഇന്ത്യയിലേക്ക് കൊണ്ടുപോയിട്ടുവേണം പണി പഠിപ്പിക്കാന്‍...!
പ്രവാസി വകുപ്പിനെ പ്രഹസന വകുപ്പാക്കിയ മന്ത്രിയും മന്ത്രി സഭയും എത്ര കിണഞ്ഞു ശ്രമിച്ചാലും ഇവിടെയുള്ള പുതുതലമുറയെ ബ്രെയ്‌ന്‍ വാഷ് ചെയ്‌ത് വരുതിയിലാക്കാന്‍ സാധിക്കുകയില്ല. മന്ദബുദ്ധികളായ ചില 'ബുദ്ധി ജീവികള്‍' തന്നെ അതിനു കാരണം. ഈ ബുദ്ധിജീവികള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ ഓരോ രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരു മാമാങ്കം സംഘടിപ്പിക്കുക പതിവാണ്. അതില്‍ യുവ ജനങ്ങളെ, അല്ലെങ്കില്‍ പുതിയ തലമുറയെ ഉദ്ധരിക്കാനായി 'തലമുറകള്‍ക്കിടയിലെ വിടവു നികത്തലെന്നോ,' അമേരിക്കയിലെ ജീവിത സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടാമെന്നോ' ഒക്കെ ഉള്‍പ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയും പതിവാണ്. എന്നാല്‍ അതില്‍ പങ്കെടുക്കുന്നവരാകട്ടേ വിരലിലെണ്ണാവുന്നവര്‍ മാത്രം. കാരണം, ഈ വിഷയങ്ങള്‍ തിരഞ്ഞെടുത്ത ഓര്‍ഗനൈസര്‍മാരേക്കാളും ഇതവതരിപ്പിക്കുന്ന സാമൂഹിക ശാസ്‌ത്ര പണ്ഡിതരെക്കാളും അറിവുണ്ടെന്ന് ഭാവിക്കുന്നവരാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് ഇങ്ങനെയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാതെ അവര്‍ക്ക് വിവിധ സ്റ്റാളുകളില്‍ കറങ്ങി നടക്കാനായിരിക്കും താല്‌പര്യം. കുടുംബ ഭരണത്തിലോ, സാമൂഹിക സഹകരണത്തിലോ അറിവ് കുറവുള്ളവര്‍ക്കുവേണ്ടിയാണ് ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നും തങ്ങള്‍ക്കതിന്റെ ആവശ്യമില്ലെന്നുമുള്ള ഭാവമായിരിക്കും പലര്‍ക്കും.
മാതാപിതാക്കളുടെ അജ്ഞതയും അല്‌പത്വവും അത്യാഗ്രഹവുമൊക്കെ കണ്ടു മടുത്ത പുതുതലമുറയാകട്ടേ ദിശമാറ്റി അവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. അടുത്ത പ്രവാസി ഭാരതീയ ദിവസില്‍ ഇവിടെയുള്ള യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് എന്തൊക്കെയോ ചെയ്യുമെന്നുള്ള വിളംബരം കേട്ട് രോമാഞ്ചകുഞ്ചകമണിയുന്നവര്‍ കാണുമായിരിക്കും. എന്നാല്‍, മൂഢ സ്വര്‍ഗത്തില്‍ ജീവിക്കുന്ന ഇവരൊക്കെ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത നിലയില്‍ ജീവിക്കുന്ന മലയാളികളുടെ മക്കള്‍ അത്ര വിവരം കെട്ടവരാണെന്നു ധരിക്കരുത്. ഇന്ത്യന്‍ മന്ത്രിമാര്‍ ഈ വൈകിയ വേളയില്‍ ഇന്ത്യക്കാരുടെ പുതിയ തലമുറയെത്തേടിയിറങ്ങിയതിന്റെ പൊരുള്‍ എന്തായിരിക്കുമെന്ന് ഊഹിക്കാനുള്ള ബുദ്ധി ഇവിടത്തെ മലയാളി നേതാക്കള്‍ക്കുണ്ടാകണം.
പൈതൃകവും വികാരപരമായ ബന്ധത്തെക്കുറിച്ചും, മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ മുന്നേറുന്ന ഇന്ത്യയെക്കുറിച്ചും, പ്രവാസി യുവജനതയുടെ സ്വപ്‌നങ്ങളെക്കുറിച്ചുമൊക്കെയാണ് പ്രവാസി ദിവസില്‍ ചര്‍ച്ചകള്‍ക്ക് വിഷയമാകുന്നതെന്നുള്ള മന്ത്രിയുടെ പ്രസ്‌താവന തന്നെ പരിഹാസ്യമാണ്. അമേരിക്കന്‍ മാതാപിതാക്കളുടെ പാരമ്പര്യസാംസ്‌ക്കാരികസാമ്പത്തിക ജീവിതരീതികളെക്കുറിച്ച് ആദ്യം തന്നെ മനസ്സിലാക്കാതെ, സായിപ്പിന്റെ കുട്ടികളെ അന്ധമായി അനുകരിക്കാന്‍ കുട്ടികളെ പരിശീലിപ്പിച്ച മലയാളികളാണ് അറുപതുകളിലും എഴുപതുകളിലും കുടിയേറിയവര്‍. രാപകലില്ലാതെ ജോലിക്ക് പോകുന്ന മമ്മിയും മൂവന്തിക്ക് മുക്കുടി കഴിഞ്ഞ് പോത്തുപോലെ കിടന്നുറങ്ങുന്ന ഡാഡിയും അവരുടെ സായിപ്പ് കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ ഒരു ഭാഗമായിരുന്നില്ല. കൗമാരത്തിലെത്തുന്ന അമേരിക്കന്‍ കുട്ടികളെ, ഭാവി ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത് അവരുമായി ഇടപഴകി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അമേരിക്കന്‍ മാതാപിതാക്കളും, ജാതിനിര്‍ണ്ണയത്തിന് രക്തപരിശോധനവരെ നടത്താന്‍ നിര്‍ബ്ബന്ധിക്കുന്ന മലയാളി മതാപിതാക്കളും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാതെ ജീവിച്ചവരുടെ തലമുറകളെ അന്വേഷിച്ചിറങ്ങിയ ഈ മന്ത്രിയടക്കം പലരും മറന്ന ഒരു സത്യമുണ്ട്. ഇപ്പോള്‍ കാണിക്കുന്ന ഈ 'വ്യഗ്രത' കതിരില്‍ വളം വെയ്‌ക്കുന്നതിനു തുല്യമാണ്.
ഇന്ത്യയില്‍ നിന്നു വരുന്ന മന്ത്രിമാരെ സ്വീകരിക്കേണ്ടെന്നോ അവരുമായി ചര്‍ച്ചകള്‍ നടത്തേണ്ടെന്നോ അല്ല പറഞ്ഞു വരുന്നത്. അമേരിക്കന്‍ മലയാളികള്‍ എല്ലാവരും മന്ദബുദ്ധികളാണെന്ന് ധരിച്ചുവശായവരെ പറഞ്ഞു മനസ്സിലാക്കാനുള്ള ഊര്‍ജ്ജസ്വലതയും, ഇവിടെയുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വവും ഇല്ലെങ്കില്‍ ആരും നേതാവ് ചമയുന്ന പണിക്ക് പോകരുത്. ഉള്ള വില നിങ്ങളായി കളഞ്ഞുകുളിക്കരുത്. പ്രവാസികളുടെ പ്രതികരണം ഫലപ്രദമായ രീതിയിലാക്കേണ്ടതെങ്ങനെ എന്ന് ഗള്‍ഫ് മലയാളികളില്‍ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ക്രൂര പീഢനത്തിനിരയായ ഗള്‍ഫ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് നാം അറിഞ്ഞതാണ്. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ പിന്നീട് അങ്ങോട്ടു ചെന്ന മന്ത്രിയെ ബഹിഷ്‌ക്കരിച്ചതും ഘേരാവോ ചെയ്‌തതും ആ മന്ത്രി പോയതിനേക്കാള്‍ വേഗത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചുപോയതും നാം അറിഞ്ഞതാണ്. അതാണ് യഥാര്‍ത്ഥ പ്രവാസി കൂട്ടായ്‌മ. ഉശിരു വേണം....പറഞ്ഞത് ചെയ്യുകയും ചെയ്യുന്നത് പറയുകയും വേണം....! അമേരിക്കയിലാണെങ്കിലോ, ജൂതന്‍ പനിനീര്‍ക്കുപ്പി വെച്ച കഥപോലെയാണ്. പ്രഹസനം പോലെ ഒരു പ്രവാസി മന്ത്രിയും പ്രഹസനം പോലെ കുറെ നേതാക്കളും. ഇവരുടെ കോമാളിത്തരം കണ്ട് പന്തം കണ്ട പെരുച്ചാഴികളെപ്പോലെ നില്‍ക്കുന്ന കുറെ മലയാളികളും.
മന്ത്രിയുമായി പല രൂപത്തില്‍ ബന്ധമുള്ളവരും അടുപ്പമുള്ളവരുമൊക്കെ ഇവിടെയുണ്ട്. അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഏറെക്കുറെ ഇവിടെയുള്ള മലയാളികള്‍ക്ക് അറിയുകയും ചെയ്യാം. സഹ്യാദ്രി പര്‍വ്വതം പൊക്കിക്കൊണ്ടുവരാനൊന്നും ആരും പറഞ്ഞിട്ടില്ല. ഒരു വകുപ്പ് മന്ത്രിക്ക് ചെയ്യാവുന്ന കാര്യങ്ങളാണ് ഇക്കണ്ട കാലമത്രയും ആവശ്യപ്പെട്ടിട്ടുള്ളത്. അത് നിറവേറ്റാന്‍ കഴിയാത്ത മന്ത്രിയെ എന്തിന് വീണ്ടും വീണ്ടും എഴുന്നള്ളിക്കണം? മന്ത്രിയെ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്‌തവര്‍ തന്നെ മന്ത്രിയെ എഴുന്നള്ളിക്കുന്ന വിരോധാഭാസമാണ് ഇപ്പോള്‍ കാണുന്നത്. പ്രതികരിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണതയും അമേരിക്കയിലെ മലയാളി സമൂഹത്തിനെ പിന്നോട്ടടിക്കുന്നു. പിന്നെ മന്ത്രി പറയുന്ന വങ്കത്തരം കണ്ണുമടച്ച് വിശ്വസിക്കുന്നവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും? 'ചക്കിക്ക് തോന്നുന്നുമ്പോള്‍ ചങ്കരന് തോന്നുകയില്ല.........ചങ്കരന് തോന്നുന്നുമ്പോള്‍ ചക്കിക്ക് തോന്നുകയില്ല....രണ്ടു പേര്‍ക്കും തോന്നുമ്പോള്‍ കൊച്ചെഴുന്നേല്‍ക്കും' എന്നൊരു കഥ കേട്ടിട്ടുണ്ട്. പ്രവാസി വകുപ്പിന് ആഗ്രഹമുണ്ടെങ്കിലും മറ്റു രണ്ടു വകുപ്പുകളും വിചാരിച്ചാലേ കാര്യങ്ങള്‍ നടക്കൂ എന്ന മന്ത്രിയുടെ പ്രസ്‌താവന കേട്ടപ്പോള്‍ മനസ്സിലോടിയെത്തിയ ഒരു കുസൃതിക്കഥയാണ് ഇവിടെ കുറിച്ചത്.
കുടിയേറ്റ നിയമമനുസരിച്ച് അമേരിക്കന്‍ പൗരത്വമുള്ളവരെ പ്രവാസി ഗണത്തില്‍ പെടുത്താന്‍ കഴിയില്ലെങ്കിലും, പ്രവാസി സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒട്ടേറെ നേതാക്കള്‍ ഇവിടെയുണ്ട്. പക്ഷേ, അവര്‍ക്ക് ആവശ്യ സമയത്ത് ഊര്‍ജ്ജം ലഭിക്കുന്നില്ല. വല്ലപ്പോഴും കിട്ടുന്ന ഊര്‍ജ്ജമാകട്ടേ പൊതുവേദികളില്‍ മൈക്രോഫോണ്‍ കൈയില്‍ കിട്ടുമ്പോള്‍ മാത്രം !! ആവനാഴിയില്‍ നിറച്ചുവെച്ചിരിക്കുന്ന അമ്പുകളെല്ലാം ഒറ്റയടിക്ക് എയ്‌തുതീര്‍ത്ത് അവരെന്തോ മഹാകാര്യം ചെയ്‌തെന്ന മട്ടില്‍ കുറെ ഫോട്ടോകള്‍ക്ക് പോസ് ചെയ്യും. അത്രതന്നെ. ഒരേ നിവേദനത്തിന്റെ ആയിരം കോപ്പികളെടുത്ത് പോകുന്നിടത്തൊക്കെ വിതരണം ചെയ്‌തിട്ട് യാതൊരു പ്രയോജനവുമില്ല. അവയൊക്കെ ചവറ്റുകുട്ടയില്‍ പോകുമെന്ന് ആര്‍ക്കാണ് അറിയാത്തത്.
'പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍' എന്ന പേരില്‍ വളരെ കരുതലോടെയും ശ്രദ്ധയോടെയും രൂപീകരിച്ച സംഘടന ഇന്ന് മോര്‍ച്ചറിയില്‍ മരവിച്ച ശവശരീരം കണക്കെ കിടപ്പാണ്. എല്ലാ തുറകളിലും കഴിവും പരിജ്ഞാനവുമുള്ളവരായിരുന്നു അതിന്റെ കമ്മിറ്റികളില്‍ ഏറിയ പങ്കും. നല്ല കഴിവും ആര്‍ജ്ജവവുമുണ്ടായിരുന്ന ആ സംഘടനയിലുള്ള മിക്കവരും ഈയ്യാം പാറ്റകളെപ്പോലെ ഇപ്പോള്‍ അലഞ്ഞു തിരിയുകയാണ്. എവിടെ പ്രകാശം കാണുന്നോ അവിടെയെല്ലാം പറന്നു ചെന്ന് നിമിഷനേരം കൊണ്ട് ചിറകു കരിഞ്ഞ് താഴെ വീഴുന്നു. പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിനു ശേഷം നിരവധി സംഘടനകള്‍ സമാന ചിന്തകളുമായി പൊട്ടിമുളച്ചു. ഇപ്പോഴും മുളച്ചുകൊണ്ടേയിരിക്കുന്നു. അവരൊക്കെ ഇപ്പോള്‍ ഹല്ലേലുയ്യാ പാടുന്ന തിരക്കിലാണ്. കുറെ കഴിയുമ്പോള്‍ അവര്‍ക്കും അടച്ചുപ്രൂശ്‌മ ചെയ്യേണ്ടിവരും. അപ്പോഴും ഈ മന്ത്രി പറയും....`ഇപ്പ ശരിയാക്കിത്തരാം....ഇപ്പ ശരിയാക്കിത്തരാം.......!`
No comments:
Post a Comment