Tuesday, October 11, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - അദ്ധ്യായം പത്ത്

ആകാശത്ത് ഇടക്കിടെ ഇടിമിന്നലുകള്‍ തെളിയുന്നതു കാണാം. എവിടെയോ മഴ പെയ്യുന്നുണ്ട്. കാലം തെറ്റി പെയ്യുന്ന മഴ. ഇടക്കിടെ കാര്‍മേഘച്ചീളുകള്‍ക്കുള്ളില്‍ ഒളിച്ചുകളിക്കുന്ന അമ്പിളിമാമനും കണ്ണിറുക്കിക്കാണിക്കുന്ന കുസൃതികളായ നക്ഷത്രക്കൂട്ടങ്ങളേയും നോക്കി കിടക്കാന്‍ എന്തു രസമാണ്. പണ്ട് പുഴയുടെ സംഗീതം കേട്ട് പുഴക്കരയിലെ മണലില്‍ കിടന്ന് നക്ഷത്രങ്ങളെ എണ്ണിയ നാളുകള്‍ അയാളുടെ മനസ്സില്‍ പൂമഴ പെയ്യിച്ചു.
 
നക്ഷത്രങ്ങളുടെ എണ്ണം പതിയെ പതിയെ കുറഞ്ഞുവരുന്നതുപോലെ തോന്നി...തോന്നലല്ല, ശരിക്കും സംഭവിക്കുകയായിരുന്നു. എണ്ണം കുറഞ്ഞു കുറഞ്ഞു അവസാനം ആകാശത്ത് ഒരു നക്ഷത്രം മാത്രമായി... .പ്രകാശം തീരെ കുറഞ്ഞ ഒരു നക്ഷത്രം.....!! എന്തോ കൗതുകം തോന്നി അയാള്‍ അതിനെത്തന്നെ നോക്കിക്കിടന്നു. മഞ്ഞുവീഴുന്ന നിലാവത്ത് പാലപ്പൂക്കളുടെ മണമേറ്റ് ഗ്രാമത്തിന്‍റെ ശാന്തതയില്‍ ഒരു ജീവിത സായാഹ്നം താന്‍ കൊതിച്ചിരുന്നു.
 
അകലെയെവിടെയോ കാലന്‍ കോഴികള്‍ കൂവുന്നു. പരസ്പരം ഇണപിരിയാപക്ഷികളായിരുന്ന ആണ്‍പക്ഷി യും പെണ്‍പക്ഷിയും പരസ്പരം കണ്ടുമുട്ടാനാകാതെ അകലങ്ങളിലിരുന്നുകൊണ്ട് തങ്ങളുടെ സാമീപ്യം അറിയിക്കുകയാണ്. തന്‍റെ ചെറുപ്പത്തില്‍ ഒരിക്കല്‍ അമ്മ പറഞ്ഞുതന്ന കാലന്‍ കോഴികളുടെ കഥ ഓര്‍മ്മവരുന്നു.

നിലാവു പെയ്യുന്ന ഒരു രാത്രിയായിരുന്നു അത്. അന്ന് ഇതുപോലെ ഉമ്മറക്കോലായില്‍ അമ്മയുടെ മടിയില്‍ തലവെച്ചു കിടക്കുകയായിരുന്നു താന്‍. ആകാശത്ത് കണ്ണുകള്‍ ചിമ്മിത്തുറക്കുന്ന നക്ഷത്രക്കൂട്ടങ്ങള്‍. ഈ നക്ഷത്രങ്ങളൊക്കെ എങ്ങനെയാണുണ്ടാകുന്നതെന്ന് താന്‍ അമ്മയോടു സംശയം ചോദിച്ചു. അമ്മയുടെ വിശദീകരണം കൗതുകത്തോടെ താന്‍ കേട്ടു കിടന്നു.
 
"ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ നډകള്‍ ചെയ്തവര്‍ മരണപ്പെട്ടാല്‍ അവരുടെ ആത്മാക്കള്‍ നക്ഷത്രങ്ങളായി ആകാശത്ത് പ്രകാശിച്ചു നില്‍ക്കുമത്രേ. തന്നെയുമല്ല ഭൂമിയില്‍ അവര്‍ക്ക് പ്രിയപ്പെട്ടവരെ ആ നക്ഷത്രങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും."
 
"അപ്പോള്‍ നമ്മളെങ്ങനെയാ ആ നക്ഷത്രങ്ങളെ തിരിച്ചറിയുന്നത്?" തന്‍റെ ആകാംക്ഷ നിറഞ്ഞ ചോദ്യം.
 
"ആ നക്ഷത്രക്കൂട്ടങ്ങളിലേക്ക് കുറെ നേരം സൂക്ഷിച്ചു നോക്കിയാല്‍ അതില്‍ ഒരു നക്ഷത്രം മിന്നുന്നതു കാണാം. അതാണ് നമുക്ക് പ്രിയപ്പെട്ടവരുടെ ആത്മാവ്. ആളുകളുടെ സന്തോഷത്തിനനുസരിച്ച് അതിന്‍റെ പ്രകാശം കൂടുകയും കുറയുകയും ചെയ്യും."

അമ്മയുടെ ഉത്തരം താന്‍ അത്ഭുതത്തോടെ അതിലേറെ ആശ്ചര്യത്തോടെ കേട്ടു കിടക്കും.
 
പെട്ടെന്നാണ് അടുത്തുള്ള തൊടിയില്‍ നിന്ന് ഒരു കാലന്‍ കോഴി നീട്ടിക്കൂകിയത്. താന്‍ പേടിച്ചു വിറച്ചുപോയി..! അല്പസമയം കഴിഞ്ഞ് അങ്ങകലെ എവിടെ നിന്നോ മറ്റൊരു കൂവലും കേട്ടു. അതങ്ങിനെ രണ്ടുമൂന്നു പ്രാവശ്യം തുടര്‍ന്നു.
 
"എന്തുതരം കിളിയാണമ്മേ അത്?" ഔത്സുക്യത്തോടെ താന്‍ ചോദിച്ചു.
 
"കാലന്‍ കോഴികളാണത് മോനെ. ആദ്യം കൂകിയത് ആണ്‍കോഴിയും പിന്നെ കൂകിയത് പെണ്‍കോഴിയും"
 
"അതെന്തിനാ അമ്മേ രണ്ടു കോഴികളും അകലെനിന്ന് ഇങ്ങനെ കൂകുന്നത്?"  തന്‍റെ ആകാംക്ഷ വര്‍ദ്ധിച്ചു.
 
"എന്തുകൊണ്ടാണമ്മേ അവയെ പകല് കാണാന്‍ പറ്റാത്തെ?"
 
"അതൊരു വലിയ കഥയാണു കുട്ടാ" അമ്മ പറഞ്ഞു തുടങ്ങി.
 
പണ്ട് ഈ കോഴികള്‍ മനുഷ്യരായിരുന്നത്രേ. ആശാരിയും ആശാരിച്ചിയും. ആശാരി എന്നും രാവിലെ പണിക്കുപോയാല്‍ രാത്രിയേ വീട്ടിലെത്താറുള്ളൂ. ഒരു ദിവസം രാത്രി ഏറെ വൈകിയാണ് അയാള്‍ പണി കഴിഞ്ഞു വന്നത്. വീട്ടിലേക്കുള്ള വഴിയില്‍ ഒരു ശ്മശാനം കടന്നുവേണം അയാള്‍ക്കു വരാന്‍. ശ്മശാനത്തിനു നടുവില്‍ കൂടി അയാള്‍ നടന്നുവരുമ്പോള്‍ രണ്ടുമൂന്നു പേര്‍ അകലെ കൂടിയിരിക്കുന്നതു കണ്ടു. ആരോ കള്ളുകുടിച്ച് ലക്കുകെട്ട് വഴിതെറ്റി വന്നതായിരിക്കാമെന്ന് ആശാരി കരുതി. ആശാരിയും അല്പം കുടിച്ചിട്ടുണ്ട്.

അടുത്തെത്തിയപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി !! രണ്ടുമൂന്നു പേര്‍ കുനിഞ്ഞിരുന്ന് ഒരു ശവക്കുഴിയില്‍ നിന്ന് ശവം പുറത്തെടുത്തിട്ട് കൊത്തിവലിച്ചു തിന്നുകയാണ്.. ആശാരിക്ക് ബോധം നശിക്കുന്നതുപോലെ തോന്നി. അയാള്‍ സംയമനം പാലിച്ച് മറ്റൊരു വഴിക്ക് തിരിഞ്ഞു നടക്കാന്‍ തുടങ്ങി. പക്ഷേ അതിനു മുന്‍പ് അവരയാളെ കണ്ടുകഴിഞ്ഞിരുന്നു. അവര്‍ ആശാരിയെ തിരിച്ചു വിളിച്ചു. പേടിച്ചു വിറച്ചുകൊണ്ട് ആശാരി അവരുടെയടുത്തേക്കു ചെന്നു.
 
"നീയിവിടെ എന്താണു കണ്ടത്?" അവരിലൊരാള്‍ ചോദിച്ചു. പേടിച്ചരണ്ട ആശാരി ഒന്നും മിണ്ടാനാകാതെ മരവിച്ചു നില്‍ക്കുകയാണ്.
 
"നിന്നേയും ഞങ്ങള്‍ ഇതുപോലെ തിന്നും." അവരിലൊരാള്‍ വീണ്ടും പറഞ്ഞു.

സര്‍വ്വ ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച് ആശാരി കണ്ണുകളടച്ചു നിന്നു.

"എന്നെ ഉപദ്രവിക്കരുതേ എന്ന് കെഞ്ചിപ്പറഞ്ഞു. എന്നെ സ്നേഹിക്കുന്ന ഭാര്യ വീട്ടില്‍ കാത്തിരിക്കുന്നുണ്ട്."
 
"ശരി, നിന്നെ ഞങ്ങള്‍ ഉപദ്രവിക്കുന്നില്ല. പക്ഷേ, ഞങ്ങളെ ഇവിടെ കണ്ട കാര്യവും ഇവിടെ നടന്ന കാര്യവും നീ ആരോടും പറയരുത്. പറഞ്ഞാല്‍ ആ നിമിഷം നീ പറന്നുപോകും. തന്നെയുമല്ല, നിന്‍റെ ഭാര്യയും പറന്നുപോകും. പിന്നീടൊരിക്കലും നിങ്ങള്‍ക്ക് തമ്മില്‍ കാണാനാവില്ല."

ഭയവിഹ്വലനായി വിറച്ചുകൊണ്ടു നില്‍ക്കുന്ന ആശാരി അതു സമ്മതിച്ചു.
 
"ശരി, എങ്കില്‍ നീ പൊയ്ക്കോ. തിരിഞ്ഞു നോക്കാതെ വേണം പോകാന്‍." അവരിലൊരാള്‍ ആജ്ഞാപിച്ചു.

അടിമുടി വിയര്‍ത്തു വിറച്ചുകൊണ്ടു നിന്ന ആശാരി അപ്രകാരം ചെയ്തു. വീട്ടിലെത്തുന്നതുവരെ അയാള്‍ തിരിഞ്ഞു നോക്കിയില്ല.

ആകെ പരവശനായി വീട്ടിലെത്തിയ ആശാരിയെ കണ്ട് ഭാര്യ അത്ഭുതപ്പെട്ടു !
 
"ഇതെന്തു പറ്റി?" ആകാംക്ഷയോടെ ഭാര്യ തിരക്കി.
 
"നീയിത്തിരി വെള്ളം കൊണ്ടുവാ. എനിക്കെന്തോ വിഷമം തോന്നുന്നു. ഭയങ്കര ദാഹവും." ഒരുവിധം അയാള്‍ പറഞ്ഞൊപ്പിച്ചു.
അന്നു രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം ജോലിക്കു പോകാനും കഴിഞ്ഞില്ല. കടുത്ത തലവേദനയും പനിയും കൊണ്ട് വിറച്ചു കിടക്കുന്ന ഭര്‍ത്താവിന്‍റെ പരിഭ്രമവും ക്ഷീണവും കണ്ട് ഭാര്യ വിഷമിച്ചു.
 
"നിങ്ങള്‍ക്കിതെന്തു പറ്റി? ഇന്നലെ രാത്രി മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്." ഭാര്യ തിരക്കി.
 
"എനിക്കൊന്നുമില്ല, നീയിത്തിരി ചുക്കു കാപ്പി അനത്തി കൊണ്ടുവാ."
 
ചുക്കു കാപ്പിയുമായി ഭാര്യ വന്നപ്പോഴും അയാള്‍ മൂടിപ്പുതച്ചു കിടപ്പാണ്.
 
"രാത്രി നേരം വൈകി ആ ചുടുകാട്ടിനടുത്തുകൂടെ വരരുതെന്ന് ഞാന്‍ ആയിരം വട്ടം പറഞ്ഞിട്ടുള്ളതാ. കേട്ടില്ല. ഇന്നലെ രാത്രി വല്ലോം കണ്ടു പേടിച്ചതായിരിക്കും."

ഭാര്യ മുറുമുറുത്തുകൊണ്ട് ചുക്കു കാപ്പി അയാള്‍ക്ക് കൊടുത്തു.
 
ദിവസം മുഴുവന്‍ അയാള്‍ അതേ കിടപ്പു കിടന്നു. ഭാര്യയോടുപോലും ഒന്നും മിണ്ടാനാകാതെ അയാള്‍ കണ്ണടച്ചു കിടന്നു. ഒന്നു മയക്കത്തിലാകുമ്പോള്‍ തലേ ദിവസം കണ്ട രംഗങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരും. ദിവസങ്ങള്‍ രണ്ടുമൂന്നു കഴിഞ്ഞു. അയാള്‍ പണിക്കു പോകാതെയായി. കാര്യമന്വേഷിച്ച ഭാര്യയോട് ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞു. പക്ഷേ, തന്‍റെ ഭര്‍ത്താവിന് കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് ഭാര്യ മനസ്സിലാക്കി. മൂന്നാം ദിവസം രാത്രി ഭര്‍ത്താവിനോട് കാര്യം തിരക്കി. ഒഴിഞ്ഞു മാറാന്‍ തുടങ്ങിയ ഭര്‍ത്താവിനെ അവര്‍ വിട്ടില്ല. നില്‍ക്കക്കള്ളിയില്ലാതെ അയാള്‍ പറഞ്ഞു..

"ഞാനതു നിന്നോടു പറഞ്ഞാല്‍ ഞാന്‍ പറന്നുപോകും."
 
"പറന്നു പോകുമോ? നിങ്ങളെന്തായീ പറേണത്...!!?" അവര്‍ അത്ഭുതം കൂറി.
 
"അതെ, ഞാനത് പറഞ്ഞാല്‍ ഞാനും നീയും പിന്നെ ഈ ഭൂമിയില്‍ ജീവിച്ചിരിക്കില്ല."
 
"അപ്പോള്‍ ഭര്‍ത്താവിന് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്. അതു പറഞ്ഞാല്‍ പറന്നു പോകും." ഭാര്യ തലപുകഞ്ഞാലോചിച്ചു.
 
"എങ്കി ഞാനൊരു കാര്യം ചെയ്യാം. നിങ്ങടെ കാല് ഞാനീ തൂണില്‍ കെട്ടിയിടാം. അപ്പൊ പറന്നുപോകില്ലല്ലോ?"
 
ഭാര്യയുടെ ഉപായം കൊള്ളാമെന്ന് ഭര്‍ത്താവും കരുതി.
 
"അപ്പോ നീയോ?" അയാള്‍ ചോദിച്ചു.
 
അതിനും ഭാര്യ ഒരു ഉപായം പറഞ്ഞു. ഉമ്മറത്തെ തൂണില്‍ ഒരു വശത്ത് ഭര്‍ത്താവിന്‍റേയും മറുവശത്ത് ഭാര്യയുടേയും ഓരോ കാലുകള്‍ കെട്ടിയിടുക. അങ്ങനെ രണ്ടുപേരുടെയും ഓരോ കാലുകള്‍ തൂണിനോടു ചേര്‍ത്തു കെട്ടിയതിനുശേഷം ആശാരി തലേദിവസം നടന്ന സംഭവങ്ങള്‍ വിവരിച്ചു. അയാളുടെ വിവരണം തീര്‍ന്നില്ല, അയാളൊരു വലിയ പക്ഷിയായി ആകാശത്തേക്കു പറന്നുയര്‍ന്നു. തൊട്ടുപിറകെ ആശാരിച്ചിയും പറന്നു പോയി. കാലുകള്‍ തൂണില്‍ ബന്ധിച്ചിരുന്നതിനാല്‍ പറക്കുന്ന സമയത്ത് ആ കാലുകള്‍ കയറില്‍ കുരുങ്ങിയതുകൊണ്ട് ബലമായി പറിച്ചുകൊണ്ടാണ് അവര്‍ രണ്ടുപേരും പറന്നു പോയത്. ഭാര്‍ത്താവ് പറന്നു പോയതിന്‍റെ എതിര്‍ദിശയിലേക്കാണത്രെ ഭാര്യ പറന്നു പോയത്.
 
ഈ സംഭവത്തിനു ശേഷം ആ രണ്ടു പക്ഷികളും ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലത്രേ. ആണ്‍പക്ഷി പെണ്‍പക്ഷിയെത്തേടി ഇപ്പോഴും നടക്കുകയാണ്. രാത്രികളിലേ ഈ പക്ഷികളുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കൂ. ആണ്‍പക്ഷി ഏതെങ്കിലും മരത്തിലിരുന്ന് നീട്ടിക്കൂകും. കുറെ കഴിഞ്ഞ് അങ്ങകലെ നിന്ന് മറ്റൊരു കൂകലും കേള്‍ക്കാം. അത് പെണ്‍പക്ഷിയാണത്രേ. അമ്മ പറഞ്ഞു നിര്‍ത്തി.
 
"എന്തിനാണമ്മേ അവയെ കാലന്‍ കോഴിയെന്നു വിളിക്കുന്നത്?" ആകാംക്ഷയോടെ താന്‍ ചോദിച്ചു.
 
"അതോ, ആ സംഭവം നടക്കുമ്പോള്‍ ആശാരിയുടെ ഭാര്യ ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് ഈ പക്ഷികള്‍ കൂകുന്ന സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങിയാല്‍ മരണം സംഭവിക്കുമെന്നാണ് പറയുന്നത്. ഈ പക്ഷികള്‍ സാധാരണ പക്ഷി വര്‍ഗ്ഗത്തില്‍ പെട്ടതല്ല. കണ്ണുകള്‍ രണ്ടും ചുവന്ന് വികൃത രൂപത്തിലാണത്രേ. അതുകൊണ്ട് ഇവയെ കുട്ടികളോ സ്ത്രീകളോ രാത്രികാലങ്ങളില്‍ കണ്ടാല്‍ പേടി കിട്ടുമത്രേ. അല്ലെങ്കില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് അംഗവൈകല്യങ്ങളും ഉണ്ടാകുമത്രേ. അതുകൊണ്ടാണ് കാലന്‍ കോഴികള്‍ എന്നു പേരു വീണത്."
 
അമ്മ പറഞ്ഞ കഥ സാകൂതം കേട്ട് കണ്ണുകള്‍ ചിമ്മിയടക്കുന്ന നക്ഷത്രങ്ങളെ നോക്കി താന്‍ നെടുവീര്‍പ്പിടും.

(തുടരും....)

No comments:

Post a Comment