Saturday, October 15, 2016

ജയരാജന്റെ രാജിയും അഭിഭാഷകരുടെ അഴിഞ്ഞാട്ടവും

"എല്‍‌.ഡി.എഫ്. വരും....എല്ലാം ശരിയാകും...." ഈ മാജിക് മന്ത്രം ആരും മറന്നു കാണാനിടയില്ല. അതെ, ആ മന്ത്രമുരുവിട്ടുകൊണ്ട് അധികാരത്തിലെത്തിയ ഇടതു മന്ത്രിസഭയിലെ പ്രമുഖനായ ഇ.പി. ജയരാജന് 5 മാസം തികച്ച് മന്ത്രിക്കസേരയിലിരിക്കാന്‍ സാധിച്ചില്ല. ബന്ധു നിയമനങ്ങളുടെ കുരുക്കില്‍ പെട്ട് ജയരാജന്‍ പടിയിറങ്ങിയപ്പോള്‍ പ്രതിച്ഛായ വര്‍ദ്ധിച്ചത് പിണറായി വിജയന്റെയാണ്.

തുടക്കത്തിൽ‌ മന്ത്രിക്കൂട്ടങ്ങള്‍ക്കും ഉദ്യോഗസ്ഥക്കൂട്ടങ്ങള്‍ക്കും നല്ലനടപ്പ് പറഞ്ഞുകൊടുത്തെങ്കിലും പിന്നീട് 'പണി പാളിയ' പോലെയായിരുന്നു കാര്യങ്ങളുടെ പോക്ക്. കേരള ചരിത്രത്തിലെന്നല്ല ഇന്ത്യന്‍ ചരിത്രത്തില്‍ത്തന്നെ ആദ്യമായി അഭിഭാഷകരും പത്രപ്രവർത്തകരും തമ്മിൽ കോടതികളില്‍ നടന്ന ബഹളങ്ങളും അടിപിടിയും മറ്റു അസ്വസ്ഥതകളും, അത് പരിഹരിക്കുന്നതില്‍ വന്ന കാലതാമസം, തൃശൂരിലെ സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്കു ലഭിച്ച ശിക്ഷ ഇളവ്, മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കുന്നതിലുൾപ്പെടെ മാധ്യമങ്ങളെ കാണുന്നതിനു മുഖ്യമന്ത്രി കാണിക്കുന്ന വിമുഖത, സ്വാശ്രയ മെഡിക്കൽ കോളെജുകളിലെ ഫീസ് ഘടനയുടെ പരിഷ്കരണം തുടങ്ങി പല അപശ്രുതികളും ഇക്കാലത്താണ് ഉണ്ടായത്.

വിവാദ മന്ത്രിയായ ഇ.പി. ജയരാജന്റെ രംഗപ്രവേശം തന്നെ വിവാദപ്രസ്താവനയിറക്കിക്കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ വിവാദ ബോംബ് സ്പോര്‍ട്സ് കൗൺസില്‍ അധ്യക്ഷ അഞ്ജു ബോബി ജോർജിനെ അവഹേളിച്ചുകൊണ്ടായിരുന്നു. ജയരാജന്റെ സംസ്ക്കാരശൂന്യമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് അഞ്ജുവും ചില കൗണ്‍സില്‍ അംഗങ്ങളും രാജി വെച്ചു. പിന്നീട് ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കേരളത്തിന്‍റെ കായികപ്രതിഭയാക്കിയതാണ്. ലോക ബോക്സിംഗ് ചാമ്പ്യന്‍ അമേരിക്കക്കാരനായ മുഹമ്മദ് അലിയാണെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാമെന്നിരിക്കെ, മുഹമ്മദ് അലി എന്ന് കേട്ടയുടനെ അദ്ദേഹത്തെ മലയാളിയാക്കിയ കേരള വ്യവസായ മന്ത്രിയുടെ വിവരം എത്രത്തോളമുണ്ടെന്ന് അന്നേ ജനങ്ങള്‍ മനസ്സിലാക്കിയതാണ്. ഏതായാലും അതില്‍നിന്നെല്ലാം ഒരുവിധം തടിയൂരി വന്നപ്പോഴേക്കും ഇതാ പുതിയ വിവാദം ജയരാജനെത്തേടിയെത്തി. വ്യവസായ മന്ത്രിയായിരിക്കെ, പൊതു മേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളെ കുത്തിനിറച്ചു എന്ന ആരോപണത്തിനൊടുവില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട് പടിയിറങ്ങിയതും പോരാ ഇനി പാര്‍ട്ടി നടപടികള്‍ നേരിടുകയും വേണം.

പാർട്ടിയുടെയോ മുഖ്യമന്ത്രിയുടെയോ അറിവോ സമ്മതമോ ഇല്ലാതെ തന്‍റെ അടുത്ത ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് അവരോധിച്ചതാണ് അദ്ദേഹത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റ്. ഒന്നും രണ്ടും പേരെയല്ല, ഭാര്യാ സഹോദരിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് മാനെജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തും, സഹോദരന്‍റെ മകന്‍റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേസ് ആന്‍ഡ് സിറാമിക്സില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തും നിയമിച്ചതു കൂടാതെ, ഇ.കെ. നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് എം.ഡിയായും, ആനത്തലവട്ടം ആനന്ദന്‍െറ മകന്‍ ജീവന്‍ ആനന്ദിനെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് എം.ഡിയായും, കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണനെ കിന്‍ഫ്ര ജി.എം ആയും നിയമിച്ചു. തീര്‍ന്നില്ല, ഇതു പോലെ ബന്ധുക്കൾക്കും ആശ്രിതർക്കും പാർട്ടി പ്രവർത്തകർക്കുമായി മൂവായിരത്തോളം അനധികൃത നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പൊതു മേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് യോഗ്യതയുള്ളവരെ കണ്ടെത്തി നിയമിക്കുന്നതിന് റിയാബ് എന്ന പൊതു സംവിധാനം നിലവിലുണ്ട്. ഈ സംവിധാനത്തിലൂടെ മതിയായ യോഗ്യതയും മുൻപരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് അഭിരുചി പരിശോധനയും അഭിമുഖവും നടത്തി, പട്ടിക തയാറാക്കി, അതിൽ നിന്നു വേണം നിയമനം നടത്തേണ്ടത്. എന്നാൽ ബന്ധുനിയമനങ്ങളുടെ കാര്യത്തിൽ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം നിയമനങ്ങൾ മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ട് മരവിപ്പിക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നുണ്ടെന്നതു സമ്മതിക്കുന്നു. പക്ഷേ, അധികാരത്തിലെത്തുന്നവർ ആരായാലും തന്നിഷ്ടപ്രകാരം അതിനു മുതിരുന്നത് ജനങ്ങളെ അപമാനിക്കലാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുനിയമനം മാധ്യമങ്ങളിൽ വന്നപാടേ നടപടിക്കു മുതിർന്ന മുഖ്യമന്ത്രിയും പാർട്ടി സംവിധാനങ്ങളും ഇക്കാര്യത്തിൽ മികവാർന്ന ഉത്തരവാദിത്വം കാട്ടിയെന്നു കരുതാം. തെറ്റു സംഭവിച്ചു എന്ന തിരിച്ചറിവിൽ പാർട്ടിയുടെയും മന്ത്രിസഭയുടെയും പ്രതിച്ഛായ സംരക്ഷിക്കാൻ സ്വയം രാജി സന്നദ്ധത അറി‍യിച്ച ഇ.പി. ജയരാജന്‍റെ നടപടിയും പൊതു സമൂഹത്തിനു സ്വീകാര്യമായേക്കാം. പേരുദോഷം സംഭവിച്ചതിനു ശേഷവും തൊടുന്യായങ്ങളുന്നയിച്ച് അധികാരത്തിൽ കടിച്ചുതൂങ്ങാൻ നിന്നില്ലല്ലോ എന്നതു തന്നെ വലിയ കാര്യം. ജനാധിപത്യം പുലരുന്ന ഒരു ഭരണ സംവിധാനത്തിൻകീഴിൽ, സമൂഹ മാധ്യമങ്ങളടക്കം വളരെ സജീവമായ സാഹചര്യത്തിൽ ജനങ്ങളെ ധിക്കരിച്ചും വെല്ലുവിളിച്ചും ഒരു ഭരണാധികാരിക്കും അധികകാലം അധികാരത്തിലിരിക്കാൻ കഴിയില്ല എന്ന വലിയ സന്ദേശം കൂടിയുണ്ട്, മന്ത്രി ഇ.പി. ജയരാജന്‍റെ രാജിക്ക്.

ഈ രാജിയോടെ കാര്യങ്ങള്‍ കലങ്ങിത്തെളിയുന്നില്ല. വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയാകുമ്പോഴേ എത്രത്തോളം അഴിമതികള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകൂ. ജയരാജന്റെ രാജിയോടെ എല്‍.ഡി.എഫി.ന്റെ " എല്ലാം ശരിയാകും" എന്ന മാന്ത്രിക വാക്ക് അന്വര്‍ത്ഥമായെങ്കിലും, ഈ അഞ്ചു മാസത്തെ ഭരണം കൊണ്ട് ആര്‍ക്കൊക്കെ എന്തെല്ലാം നേട്ടങ്ങളുണ്ടായി എന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ ആകാംക്ഷയുണ്ട്. ജയരാജന്റെ കേസ് തിരിവനന്തപുരം ജില്ലാ കോടതിയിലെത്തിയപ്പോള്‍ റിപ്പോര്‍ട്ടിംഗിനായി അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരെ വിരട്ടിയോടിച്ച അഭിഭാഷകരുടെ പ്രവര്‍ത്തിയും സംശയത്തോടെ കാണണം. മാധ്യമങ്ങളോട് പണ്ടേ ചതുര്‍ത്ഥിയുള്ള പിണറായി വിജയന്റെ മൗനസമ്മതമാണോ അഭിഭാഷകരുടെ അഴിഞ്ഞാട്ടമെന്നും സംശയിക്കണം. കാരണം, ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് പറഞ്ഞതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ കോടതിയിലെത്തിയത്. പക്ഷെ, അവിടെ നടന്നത് നേരെ തിരിച്ചും. കോടതിയില്‍ തെമ്മാടികളെപ്പോലെ പെരുമാറിയ അഭിഭാഷകര്‍ക്ക് തക്കതായ ശിക്ഷ കൊടുക്കാന്‍ ഹൈക്കോടതിക്ക് കഴിയണം.

No comments:

Post a Comment