Sunday, November 20, 2016

പ്രതീക്ഷയ്ക്ക് വക നല്‍കുന്ന പ്രവാസി വോട്ടവകാശം

പ്രവാസികളെ ജനപ്രാതിനിധ്യ നിയമം 60 (സി) വകുപ്പില്‍ ഉള്‍പ്പെടുത്തി പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം, കാലങ്ങളായി ഈ ആവശ്യത്തിനുവേണ്ടി പൊരുതുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുകയാണ്.

ഇന്ത്യയിലെ മറ്റു പൗരന്മാര്‍ക്ക് ലഭിക്കുന്ന ന്യായമായ നീതിയും അവകാശവും നേടിയെടുക്കാനുള്ള പ്രവാസികളുടെ നിയമപോരാട്ടത്തിന് സുപ്രീം കോടതിയുടെ നിലപാട് ശുഭപ്രതീക്ഷ നല്‍കുകയാണ്. രാജ്യം ആര് ഭരിക്കണമെന്ന വിധിയെഴുത്തില്‍ ഏകദേശം ഒരു കോടിയിലധികം വരുന്ന പ്രവാസികള്‍ക്ക് കാഴ്ചക്കാരായി മാറി നില്‍ക്കേണ്ടിവന്ന സ്ഥിതിവിശേഷമായിരുന്നു ഇതുവരെ. ജീവിതായോധനത്തിനായി ജന്മനാട്ടില്‍ നിന്ന് അന്യരാജ്യത്തേക്ക് കുടിയേറിയ സാഹചര്യത്തിലും രാജ്യത്തിന്റെ പുരോഗതിയിലും പ്രയാണത്തിലും നിര്‍മാണാത്മകമായ പങ്കു വഹിക്കുന്ന ഒരുവിഭാഗം പൗരന്മാരെ നിയമങ്ങളുടെ കുരുക്കില്‍ പെടുത്തി അവരുടെ പൗരാവകാശം നിഷേധിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിപ്പിക്കണമെന്ന മുറവിളി നാനാഭാഗത്തുനിന്നുണ്ടായിട്ടും, സര്‍ക്കാര്‍ അതിനുനേരെ കണ്ണടയ്ക്കുകയായിരുന്നു, ഇതുവരെ.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, രാഷ്‌ട്രീയ പാര്‍ട്ടികളും പ്രവാസികള്‍ക്ക് അര്‍ഹതപ്പെട്ട വോട്ടവകാശം നിഷേധിച്ചുകൊണ്ടുള്ള ബോധപൂര്‍വമായ തമസ്‌കരണമാണ് ഇതുവരെ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ രംഗം കൊഴുപ്പിക്കുന്നതിനും അതിനാവശ്യമായ സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നതിനും അവര്‍ സമീപിച്ചിരുന്നത് പ്രവാസികളെയായിരുന്നു. പ്രവാസികളുടേയും, ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ വിദേശത്തുള്ള പോഷക സംഘടനകളുടേയും സഹായമില്ലാതെ തെരഞ്ഞെടുപ്പ് പ്രചരണം അസാധ്യമാണെന്ന സത്യം മനസ്സിലാക്കിക്കൊണ്ടുതന്നെ, പ്രവാസികള്‍ക്ക് വോട്ട് നിഷേധിക്കുന്ന പ്രവണത അനുസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു.

ഭരണ സംവിധാനങ്ങളെ സ്വാധീനിക്കുന്ന, നിയമനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തില്‍ നിന്ന് മാറ്റി നിര്‍ത്തുമ്പോഴും സ്വന്തം അണികളെ കൂടെ ഉറപ്പിച്ച് നിര്‍ത്താനും അവരുടെ സമയവും സമ്പത്തും ചോര്‍ത്തിയെടുക്കാനും നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കുമുള്ള മിടുക്കിന്റെ ഉദാഹരണം കൂടിയാണ് പ്രവാസലോകത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക ഘടകങ്ങളായും സാംസ്‌കാരിക വേദികളായും അമേരിക്കയിലും, ഗള്‍ഫ് രാജ്യങ്ങളിലും, യൂറോപ്യന്‍ ഐക്യ നാടുകളിലും അനേകം പേരുകളിലുള്ള പ്രവാസി സംഘടനകള്‍ ഉണ്ടായിട്ടും പ്രവാസികളുടെ അവകാശവും അര്‍ഹതപ്പെട്ടതുമായ വോട്ടവകാശം നിഷേധിച്ചു വന്നിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും തിരിച്ചടി നല്‍കുകയാണ് ഇപ്പോള്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശം.

പ്രവാസികളെ ജനപ്രാതിനിധ്യ നിയമം 60 (സി) വകുപ്പില്‍ ഉള്‍പ്പെടുത്തി പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ഇതിന് ആവശ്യമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാമെന്നും, വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ക്കു വിദേശത്തു നിന്ന് തന്നെ സ്വന്തം മണ്ഡലത്തിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.

തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളകളിലൊന്നും സാധാരണക്കാരായ പ്രവാസികള്‍ നേരിടുന്ന മൗലിക പ്രശ്‌നങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ല. വോട്ട് നിഷേധവും, പാസ്‌പോര്‍ട്ട് ഫീസ് കുത്തനെ വര്‍ധിപ്പിച്ചതും, യാത്രാ ദുരിതവും, പ്രവാസി സര്‍വ്വകലാശാലയും, പ്രവാസി പുനരധിവാസവും, എന്തിനേറെ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ പോലും നേരിടുന്ന കാലതാമസവുമൊക്കെ ഇപ്പോഴും തുടരുന്നു. "ഏത് തമ്പ്രാന്‍ വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ" എന്നു പറഞ്ഞതുപോലെ ഏത് പാര്‍ട്ടി ഭരിച്ചാലും പ്രവാസികളുടെ സ്ഥിതി പഴയതു തന്നെ, പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലെ. സ്വദേശത്തും വിദേശത്തും അവര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കുള്ള പരിഹാരങ്ങളും, ഗള്‍ഫ് ജയിലുകളില്‍ കഴിയുന്നവര്‍ക്കുള്ള നിയമ സഹായങ്ങളും എങ്ങുമെത്തിയില്ല. ഗള്‍ഫ് നാടുകളില്‍ വ്യാപകമായി തുടരുന്ന തൊഴില്‍ പ്രശ്നങ്ങളും, തൊഴിലില്ലായ്മയും വര്‍ഷങ്ങളോളം ആ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്തു ജീവിക്കുന്ന പ്രവാസികളെ ആശങ്കാകുലരാക്കുന്നുണ്ടെങ്കിലും അവയൊന്നും ഇന്ത്യന്‍ അധികൃതര്‍ ഗൗരവമായി കാണുന്നുമില്ല. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസവും എങ്ങുമെത്താതെ നില്‍ക്കുന്നു.

അമേരിക്കയിലും യൂറോപ്പിലുമൊക്കെയുള്ള പൗരത്വനിയമം പോലെ ഗള്‍ഫ് രാജ്യങ്ങളിലില്ല. പൗരത്വമെടുക്കാനും, അതുവഴി അതാത് രാജ്യങ്ങളിലെ നിയമനിര്‍മ്മാണ രംഗത്ത് സ്വാധീനം ചെലുത്താനും ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യാക്കാര്‍ക്ക് കഴിയുകയില്ല. 'പ്രവാസി' എന്നു പറഞ്ഞാല്‍ മലയാളികള്‍ മാത്രമാണെന്ന് പൊതുവെ ഒരു തെറ്റിദ്ധാരണയുണ്ട്. ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുത്താതെ, ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെച്ച് വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന എല്ലാ ഭാരതീയരും പ്രവാസികളാണ്. അമേരിക്കയിലുമുണ്ട് ലക്ഷക്കണക്കിന്.  അവര്‍ക്കായി അമേരിക്കയിലും പല സംഘടനകളും നിരന്തരം പ്രവാസി വോട്ടവകാശത്തിനുവേണ്ടി മുറവിളി കൂട്ടിയിട്ടുണ്ട്. ഫൊക്കാന, ഫോമ പോലുള്ള ദേശീയ സംഘടനകളും, പ്രാദേശിക ഇന്ത്യന്‍/മലയാളി സംഘടനകളും ഈ ആവശ്യമുന്നയിച്ച് നിരവധി തവണ ഇന്ത്യന്‍ ഭരണകൂടത്തിനും രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകള്‍ അമേരിക്കയിലുമുണ്ട്. അവരും അവരുടേതായ രീതിയില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുമുണ്ട്. കാരണം, പ്രവാസികളായി കഴിയുന്ന ലക്ഷോപലക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ഇന്ത്യയെക്കുറിച്ചും ഇന്ത്യയുടെ ഭാവിയെകുറിച്ചും സ്വന്തം പ്രശ്‌നങ്ങളെകുറിച്ചുമൊക്കെ കാഴ്ചപ്പാടും നിലപാടും ഉള്ളതുകൊണ്ടു തന്നെ. പ്രവാസി പൊതുമനസ്സിന്റെ ഈ നിലപാട് നിലവിലുള്ള ജീര്‍ണമായ കക്ഷിരാഷ്ട്രീയത്തിനെതിരാണെന്ന തിരിച്ചറിവുകൊണ്ടാകാം എല്ലാ കാലത്തും എല്ലാ വിഭാഗം രാഷ്ട്രീയക്കാരും പ്രവാസികളുടെ കാര്യത്തില്‍ ഒന്നിക്കുന്നതിന്റെ മുഖ്യ കാരണം. അതോടൊപ്പം പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമായാല്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ബോധപൂര്‍വം അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ടായേക്കുമെന്ന ബോധ്യവും ഭീതിയും ഇവര്‍ക്കുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ട് സാധ്യമാകുന്നത്ര കാലത്തോളം ഈ നീതിനിഷേധം തുടരുക തന്നെയാകും രാഷ്ട്രീയ നേതൃത്വം ചെയ്യുക. ഇതിലൂടെ ഒരു സമ്മര്‍ദ ശക്തിയായി മാറുന്നതില്‍നിന്ന് പ്രവാസികളെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്ന ചിന്തയും അവര്‍ക്കുള്ളിലുണ്ടാകാം.

പ്രവാസി വോട്ടവകാശം എന്ന ന്യായമായ അവകാശത്തെക്കുറിച്ചുള്ള നിവേദനങ്ങള്‍ ഇതിനു മുന്‍പും സുപ്രീം കോടതി പരിഗണനയ്ക്കെടുത്തിട്ടുണ്ട്. പ്രവാസികള്‍ക്ക് അവര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കഴിയില്ലെന്നായിരുന്നു അപ്പോഴൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ന്യായവാദം. എന്നാല്‍ പല ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്ന ഇന്ത്യ പോലുള്ള വലിയൊരു രാജ്യത്ത് തപാല്‍ വഴിയും ഓണ്‍ലൈന്‍ വഴിയുമൊക്കെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ ജനാധിപത്യ പ്രക്രിയയില്‍ അണിനിരത്താനാകുമായിരുന്നുവെന്നത് പകല്‍പോലെ വ്യക്തമായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗം അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ഇക്കാലത്ത്, ഇന്ത്യന്‍ ഭരണകൂടം സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ച് അരനൂറ്റാണ്ടിലേറെക്കാലമായി പ്രവാസികളുടെ ജനാധിപത്യ അവകാശം അകാരണമായി നിഷേധിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.

ഇപ്പോള്‍ വീണ്ടും സുപ്രീം കോടതിയുടെ ഇടപെടലും, ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന നിര്‍ദ്ദേശവും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. ഇതു സംബന്ധിച്ച വിദഗ്ധ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ അവധി ലഭിക്കുക പ്രയാസമാണെന്നും വോട്ട് ചെയ്യാന്‍ പ്രവാസികള്‍ നാട്ടില്‍ വരണമെന്നത് അപ്രായോഗികമാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇക്കാര്യം എത്രയോ തവണ പ്രവാസികള്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. എന്നാല്‍ തീരുമാനം കൈക്കൊള്ളേണ്ടവര്‍ അലംഭാവം കാണിക്കുകയായിരുന്നു. കോടതി നിര്‍ദേശം പാലിക്കുന്നതിലും നടപ്പിലാക്കുന്നതിലും സര്‍ക്കാറിന്റെ നിലപാടും സമീപനവും പ്രസക്തമായിരിക്കും.

ഒരു വിജഞാപനത്തിലൂടെയോ വേണമെങ്കില്‍ നിയമനിര്‍മ്മാണത്തിലൂടെയോ മറികടക്കാന്‍ കഴിയുന്ന ഒരു വിഷയമാണ് അര നൂറ്റാണ്ടിലേറെക്കാലമായി മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ തട്ടിക്കളിക്കുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും നിയമനിര്‍മ്മാണം നടത്തുന്ന, കോര്‍പറേറ്റ് കമ്പനികളുടെയും വിദേശ രാജ്യങ്ങളുടെ പോലും സംരക്ഷണത്തിനും ലാഭത്തിനും നിയമത്തിന്റെ പഴുതുകളുപയോഗപ്പെടുത്തുന്ന നമ്മുടെ രാജ്യത്താണ് ഒരു വിഭാഗം പൗരന്മാരുടെ വോട്ടവകാശത്തിന് നിയമത്തിന്റെ പഴുതുകള്‍ തന്നെ തേടി ഭരണകൂടം തടസ്സം സൃഷ്ടിക്കുന്നതെന്ന് ഓര്‍ക്കുക.

പത്തു വര്‍ഷത്തോളമാണ് യു.പി.എ തുടര്‍ച്ചയായി ഭരിച്ചത്. പ്രവാസികാര്യ മന്ത്രാലയവും മന്ത്രിമാരും വരെയുണ്ടായിരുന്നു അന്നവര്‍ക്ക്. ആ മന്ത്രിമാരെല്ലാം അടിക്കടി അമേരിക്കയും, യൂറോപ്പും, ഗള്‍ഫു രാജ്യങ്ങളുമൊക്കെ നിരന്തരം സന്ദര്‍ശിച്ച് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞ് തിരിച്ചുപോയിരുന്നതല്ലാതെ, ക്രിയാത്മകമായ ഒരു തീരുമാനവും കൈക്കൊണ്ടില്ലെന്നുള്ളത് എല്ലാ പ്രവാസികള്‍ക്കുമറിയാം. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പോഷക ഘടകങ്ങള്‍ക്ക് പലതും ചെയ്യാന്‍ കഴിയുമായിരുന്നു. സാമൂഹ്യ-സാംസ്ക്കാരിക സംഘടനകള്‍ക്ക് അവരുടേതായ പരിമിതികളുണ്ട്. എന്നാല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അതില്ല. എന്തുകൊണ്ട് അവരുടെ മന്ത്രിമാര്‍ വരുമ്പോള്‍ ഒരു ചെറുവിരലനക്കാന്‍ പോലും കഴിഞ്ഞില്ല എന്നാണ് ഇവിടെ ചോദിക്കാനുള്ളത്.

യുപി‌എയുടെ ഭരണം കഴിഞ്ഞ് ബി.ജെ.പി. അധികാരത്തില്‍ വന്നയുടന്‍ അവര്‍ ആദ്യം ചെയ്തത് പ്രവാസികാര്യ വകുപ്പ് എടുത്തു കളഞ്ഞു എന്നുള്ളതാണ്. പ്രവാസികാര്യ വകുപ്പ് വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കുകയും സുഷമാ സ്വരാജിനെ മന്ത്രിയാക്കുകയും ചെയ്തു.  കാര്യപ്രാപ്തിയുള്ള ഒരു മന്ത്രിയെന്ന ഖ്യാതി ചുരുങ്ങിയ കാലം കൊണ്ട്  അവര്‍ നേടിക്കഴിഞ്ഞു. നിരവധി പ്രവാസികള്‍ക്ക് അവര്‍ തുണയായി. വിദേശരാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാര്‍ ഏതു രാജ്യത്തുനിന്നും ട്വീറ്റ് ചെയ്താല്‍ ഉടനടി മറുപടിയും തുടര്‍ന്ന് പരിഹാരവും കാണുന്ന ഒരേ ഒരു കേന്ദ്ര മന്ത്രി എന്ന ഖ്യാതിയും സുഷമാ സ്വരാജിന് സ്വന്തം. ഇന്ത്യ എന്നും ശത്രു രാജ്യമായിക്കാണുന്ന പാക്കിസ്ഥാന്‍ സ്വദേശികള്‍ക്കുപോലും (വിസ, ഇന്ത്യയില്‍ ചികിത്സാ സൗകര്യം മുതലായവ) സുഷമയുടെ സഹായഹസ്തം ഗുണം ചെയ്തിട്ടുണ്ട്. പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ താങ്ങും തണലുമാണെന്ന് ചുരുക്കം. പ്രവാസികളുടെ വോട്ടവകാശത്തിലും അവരുടെ സഹായമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ടിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമഭേദഗതി കൊണ്ടുവന്നിട്ട് എന്തുകൊണ്ട് ആ ഭേദഗതിയില്‍ പ്രവാസികളെ ഉള്‍പ്പെടുത്തിയില്ല എന്നാണ് കോടതി ചോദിച്ചത്. പുതിയ നിയമഭേദഗതിയില്‍ പ്രവാസികളെ ഉള്‍പ്പെടുത്താത്തതിന് കാരണം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വോട്ടുചെയ്യാനായി 1961ലെ തെരഞ്ഞെടുപ്പു ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമഭേദഗതിയില്‍ നിന്നാണ് പ്രവാസി സമുഹം പുറത്തായത്. ഇന്ത്യന്‍ സൈനികരടക്കമുള്ള സര്‍ക്കാര്‍ സര്‍വീസിലുള്ള വോട്ടര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റിനായാണ് സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തത്. 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ 23ാം ചട്ടം ഭേദഗതി ചെയ്തതിലൂടെ വോട്ടറുടെ സംസ്ഥാനത്തിന് പുറത്ത് നിന്ന് ഇ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടുചെയ്യാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍, ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റ് എന്ന സംവിധാനം അട്ടിമറിച്ചാണ് അത് സര്‍‌വീസ് വോട്ടര്‍മാര്‍ക്കു മാത്രമായി സര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്.

പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമെന്നും, അതിന് ആവശ്യമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാമെന്നും, നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രവാസികളെ ജനപ്രാതിനിധ്യ നിയമത്തിന്റെ 60 (സി) വകുപ്പില്‍ പറയുന്ന സ്‌പെഷ്യല്‍ വോട്ടര്‍ ഗണത്തില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കണമെന്ന ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചത്. ഇ-തപാല്‍ വോട്ട് പ്രവാസികള്‍ക്ക് അനുവദിക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ അറിയിച്ചിട്ടുണ്ട്. ഇനി സര്‍ക്കാര്‍ അത് അംഗീകരിക്കുകയും, നിലപാടില്‍ മാറ്റം വരുത്താതെ പ്രവാസികള്‍ക്ക് ഇ തപാല്‍ വോട്ട്  അനുവദിച്ചു കൊടുക്കുകയും ചെയ്താല്‍  പ്രവാസികളുടെ പ്രതീക്ഷകള്‍ അര്‍ത്ഥപൂര്‍ണ്ണമാകും.

No comments:

Post a Comment