Wednesday, November 29, 2017

വെസ്ലി മാത്യൂസും സിനി മാത്യൂസും കോടതിയില്‍ ഹാജരായി; ഷെറിന്‍ മാത്യൂസിന്റെ കൈയ്യിലെ എല്ലുകള്‍ പൊട്ടിയതെങ്ങനെയെന്ന് കോടതി

ഡാളസ്: ഒക്ടോബര്‍ 7-ാം തിയ്യതി കാണാതായി രണ്ടാഴ്ചകള്‍ക്കു ശേഷം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ മാതാപിതാക്കള്‍ വെസ്ലി മാത്യൂസും സിനി മാത്യൂസും ഇന്ന് (നവംബര്‍ 29) ഡാളസ് കൗണ്ടി കോടതിയില്‍ ഹാജരായി. ഷെറിനെ കാണാതായ അന്ന് ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍‌വ്വീസസ് ഏറ്റെടുത്ത അവരുടെ നാലു വയസ്സുള്ള മകളെ തിരിച്ചുകിട്ടാന്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണയ്ക്കാണ് രണ്ടു പേരും ജയിലില്‍ നിന്ന് കോടതിയിലെത്തിയത്.

വെസ്ലി മാത്യൂസ് തന്റെ നാലു വയസ്സുള്ള മകളിലുള്ള അവകാശങ്ങള്‍ പരിത്യജിക്കുകയോ അതോ കോടതി അത് നടപ്പിലാക്കുകയോ ചെയ്യണമെന്ന വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്.

സാക്ഷിയായി സിനി മാത്യൂസായിരുന്നു കോടതിക്കു മുമ്പാകെ ഹാജരായത്. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും സിനി മാത്യൂസ് ഒഴിഞ്ഞു മാറുകയും ഭരണഘടനയിലെ അഞ്ചാം ഭേദഗതിയിലെ അവകാശങ്ങളില്‍ പറയുന്ന "നിശ്ശബ്ദത"യില്‍ ഉറച്ചു നില്‍ക്കുകയുമായിരുന്നു (ഭരണഘടനയിലെ അഞ്ചാം ഭേദഗതിയില്‍ ഇപ്രകാരം പറയുന്നു: Constitution of United States of America 1789 (rev. 1992) No person shall be held to answer for a capital, or otherwise infamous crime, unless on a presentment or indictment of a Grand Jury, except in cases arising in the land or naval forces, or in the Militia, when in actual service in time of War or public danger; nor shall any person be subject for the same offence to be twice put in jeopardy of life or limb; nor shall be compelled in any criminal case to be a witness against himself, nor be deprived of life, liberty, or property, without due process of law; nor shall private property be taken for public use, without just compensation). 37 മിനിറ്റാണ് സിനി സാക്ഷിക്കൂട്ടില്‍ നിന്നത്.

ഷെറിന്‍ അപ്രത്യക്ഷമായ ആ രാത്രിയില്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചും കഴിഞ്ഞ വര്‍ഷം വസന്തകാലത്ത് ഷെറിന്റെ ശരീരത്തില്‍ പല ഭാഗങ്ങളിലും എല്ലുകള്‍ പൊട്ടിയതിനെക്കുറിച്ചും, ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തുടയെല്ല്‌, കൈമുട്ട്‌, കാലിലെ വലിയ അസ്ഥി എന്നിവ ഒടിയാനുള്ള കാരണവും കോടതി ചോദിച്ചു. ഉത്തരം പറയാതിരുന്ന ഷെറിനോട് വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചു. എല്ലുകള്‍ പൊട്ടിയത് വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ടാണെന്ന് സിനി ഡോക്ടറോട് പറഞ്ഞിരുന്നോ എന്നു കോടതി ആരാഞ്ഞു.

എന്നാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ജാമ്യത്തുക കെട്ടിവെച്ച് പുറത്തിറങ്ങി തന്റെ നാലു വയസ്സുകാരി മകളെ കാണണമെന്നാണ് സിനി പറഞ്ഞത്. 

ഉച്ചയ്ക്ക് രണ്ടു മണിക്കു ശേഷമാണ് വെസ്ലിയെ വിസ്തരിച്ചത്. പ്രൊസിക്യൂട്ടറുടെ ചോദ്യങ്ങള്‍ക്കൊന്നും വെസ്ലി മറുപടി പറഞ്ഞില്ല. എന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് വെസ്ലിയുടെ അഭിഭാഷകന്റെ മുഖത്തു നോക്കും. അഭിഭാഷകന്‍ കൈകൊണ്ട് 'അഞ്ച്' എന്ന് ആംഗ്യം കാണിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും വെസ്ലിയും ഭരണഘടനയുടെ അഞ്ചാം ഭേദഗതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. 

ഷെറിനെ കാണാതായ ദിവസം എമര്‍ജന്‍സി ഫോണ്‍ നമ്പറായ 911 വിളിക്കുന്നതിനു പകരം വെസ്ലി വിളിച്ചത് റിച്ചാര്‍ഡ്സണ്‍ പോലീസ് സ്റ്റേഷനിലെ ലോക്കല്‍ നമ്പറിലായിരുന്നുവെന്ന് പ്രൊസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു.

മൂന്നു സാക്ഷികളെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ആദ്യസാക്ഷി, ഡോക്ടര്‍ സൂസന്‍ ഡക്കിള്‍ പീപ്പിള്‍ ആക്റ്റിവിറ്റീസ് പീഡിയാട്രിക്സില്‍ സർട്ടിഫൈഡ് ആയ ഒരു പീഡിയാട്രീഷ്യനാണ്. 2017 ഫെബ്രുവരിയില്‍ കാല്‍ മുട്ടിലെ എല്ലുകള്‍ക്ക് പൊട്ടലുണ്ടായി ഷെറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് അവര്‍ മൊഴി നല്‍കി. പരിക്കുകളെല്ലാം ഇന്ത്യയില്‍ വെച്ചുണ്ടായതെന്നാണ് സിനി പറഞ്ഞതെന്നും ഡോക്ടര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപറ്റംബറില്‍ കുട്ടിയുടെ കൈമുട്ടിലെ എല്ലിനു പൊട്ടലുണ്ടായിരുന്നു. മൂത്ത കുട്ടി സോഫയില്‍ നിന്നു തള്ളി താഴെ ഇട്ടതുമൂലമാണു എല്ല് പൊട്ടിയതെന്നായിരുന്നു സിനി പറഞ്ഞതെന്ന് ഡോക്ടര്‍ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്ലൈഡില്‍ തെന്നി വീഴാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് കൈയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ പരുക്കേറ്റുവെന്നും സിനി പറഞ്ഞതായി ഡോക്ടര്‍ മൊഴി നല്‍കി.

മൂന്നു വയസുള്ള കുട്ടിയുടെ വളര്‍ച്ച ഷെറിനുണ്ടായിരുന്നില്ലെന്നു ഡോക്ടര്‍ പറഞ്ഞു. മാത്രമല്ല തൂക്കം കുറഞ്ഞു കൊണ്ടുമിരുന്നു. കുട്ടിയുടെ പരുക്കില്‍ നിന്നു വ്യക്തമായത് ഒന്നിലേറെ തവണ പരുക്കേല്‍ക്കാനിടയായി എന്നാണു. എപ്പോഴാണു അവ സംഭവിച്ചതെന്നു പറയാനാവില്ലെന്നും ഡോക്ടര്‍ മൊഴി നല്‍കി.

2017 ഫെബ്രുവരിയില്‍ 23 എക്സ്‌റേകളാണ് എടുത്തത്. ഷെറിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പൊട്ടലുകളും ചതവുകളുമുണ്ടായിരുന്നു. അവയാകട്ടെ വിവിധ സമയങ്ങളില്‍ ഉണ്ടായതാണ്. ഷെറിന്റെ പരുക്കുകള്‍ ഇന്ത്യയില്‍ വച്ചുണ്ടായതോ സ്ലെഡില്‍ നിന്നു വീണു ഉണ്ടയതോ അല്ല. വളരെ ഗൗരവമേറിയ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ സിനി മറുപടി പറയുകയുണ്ടായില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസിനെ (സി‌പി‌എസ്) വിവരം അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ സിനി അതിനോട് യോജിച്ചില്ല. അതിന് കാരണം പറഞ്ഞത് സി‌പി‌എസ്സിനെ അറിയിച്ചാല്‍ ഞങ്ങളുടെ വീക്കെന്‍ഡ് പരിപാടികളൊക്കെ അവതാളത്തിലാകുമെന്നാണ് പറഞ്ഞതെന്നും ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി.

നാലു മണിക്ക് കോടതി പിരിയുന്നതുവരെ ഒരു സാക്ഷിയെ മാത്രമേ വിസ്തരിച്ചുള്ളൂ. ഇനി രണ്ടു സാക്ഷികളെക്കൂടി വിസ്തരിക്കാനുണ്ട്. അടുത്ത വിചാരണ ഡിസംബര്‍ 5 ചൊവ്വാഴ്ചത്തേക്കു മാറ്റി.


Thursday, November 16, 2017

ഷെറിന്‍ മാത്യൂസിന്റെ മരണം; അമ്മ സിനി മാത്യൂസിനെ പോലീസ് അറസ്റ്റു ചെയ്തു

റിച്ചാര്‍ഡ്സണ്‍ (ടെക്സസ്): ഒക്ടോബര്‍ 7-ന് കാണാതാകുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്ത മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസിനെ റിച്ചാര്‍ഡ്സണ്‍ പോലീസ് ഇന്ന് (നവംബര്‍ 16) അറസ്റ്റു ചെയ്തു. ഷെറിനെ കാണാതായതിന്റെ തലേ ദിവസം (വെള്ളിയാഴ്ച) രാത്രി വെസ്ലി മാത്യൂസും, സിനിയും അവരുടെ നാലു വയസ്സുള്ള മകളും ഡിന്നര്‍ കഴിയ്ക്കാന്‍ പുറത്തു പോയി എന്നും, ആ സമയം ഷെറിന്‍ കൂടെയുണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിനിയെ അറസ്റ്റു ചെയ്തതെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് വക്താവ് കെവിന്‍ പെര്‍ലിച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂന്നു വയസ്സുകാരി ഷെറിനെ വീട്ടില്‍ തനിച്ചാക്കിയതിനാണ് ഈ അറസ്റ്റെന്നും, കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും, ഒരുപക്ഷേ ഇപ്പോള്‍ സിനിയുടെ പേരില്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം മാറ്റിയെഴുതാന്‍ സാധ്യതയുണ്ടെന്നും പോലീസ് വക്താവ് വെളിപ്പെടുത്തി. 

35 കാരിയായ സിനിയെ അറസ്റ്റു ചെയ്യുമെന്ന റിച്ചാര്‍ഡ്സണ്‍ പോലീസിന്റെ സൂചന ലഭിച്ചയുടനെ അഭിഭാഷകനോടൊപ്പം സിനി കീഴടങ്ങുകയായിരുന്നു. രണ്ടര ലക്ഷം ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.

വെസ്ലിയും സിനിയും അവരുടെ നാലുവയസ്സുള്ള മകളും കൂടി ഡിന്നര്‍ കഴിയ്ക്കാന്‍ പുറത്തുപോയ രാത്രിയില്‍ മൂന്നു വയസ്സുമാത്രം പ്രായമുള്ള ഷെറിനെ വീട്ടില്‍ തനിച്ചാക്കിയതു വഴി കുട്ടിയെ അപകടപ്പെടുത്തുകയായിരുന്നുവെന്നാണ് റിച്ചാര്‍ഡ്സണ്‍ പോലീസ് ഡിറ്റക്റ്റീവുകള്‍ പറഞ്ഞത്. ശാരീരികമോ മാനസികമോ ആയ ക്ഷതങ്ങള്‍, മാനസിക അസ്വാസ്ഥ്യങ്ങള്‍ എന്നിവ കുട്ടിക്ക് വന്നു ഭവിക്കാം. ഉത്തരവാദിത്വപ്പെട്ട മാതാപിതാക്കള്‍ ഒരിക്കലും ചെയ്യരുതാത്ത പ്രവര്‍ത്തിയാണ് അവര്‍ ചെയ്തതെന്നും പോലീസ് പറയുന്നു. നാലു വയസ്സുള്ള അവരുടെ സ്വന്തം മകളെ കൂടെ കൊണ്ടുപോയപ്പോള്‍ എന്തുകൊണ്ട് മൂന്നു വയസ്സുകാരി ഷെറിനെ വീട്ടില്‍ തനിച്ചാക്കി എന്നതും സംശയത്തിന് ബലം നല്‍കുന്നുവെന്ന് പോലീസ് വക്താവ് കെവിൻ പെർലിച്ച് ചൂണ്ടിക്കാട്ടി.

"അവര്‍ കുട്ടിയെ തനിച്ചാക്കി പോയ സമയത്ത് മുതിർന്നവരായ ആരെയെങ്കിലും സം‌രക്ഷണം ഏല്പിക്കണമായിരുന്നു. അതവര്‍ ചെയ്തില്ല. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തുപോകുന്നത് കുറ്റകരമാണ്.  ഈ കാരണത്താലാണ് സിനിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്." കെവിൻ പെർലിച്ച് പറഞ്ഞു. ഈ അറസ്റ്റ് ഷെറിന്റെ മരണവുമായി ബന്ധപ്പെട്ടതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വെസ്ലിയും സിനിയും അവരുടെ ഒരു മകളും പുറത്തുപോയി ഒരു റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്ന് കണ്ടുപിടിച്ചത് അവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചും, അവര്‍ പോയ റസ്റ്റോറന്റില്‍ നിന്നുള്ള രസീതും കണ്ടെടുത്തതിനുശേഷമാണെന്ന് പോലീസ് വക്താവ് കെവിൻ പെർലിച്ച് പറഞ്ഞു.  സിനിയുടെ അറസ്റ്റ് വാറണ്ടും അത് വ്യക്തമാക്കുന്നുണ്ട്.  ഒക്ടോബര്‍ 6 ന് വൈകുന്നേരം നോര്‍ത്ത് ഗാര്‍ലൻഡിലുള്ള റസ്റ്റോറന്റിലാണ് അവര്‍ പോയത്. അവര്‍ക്കും കൂടെയുണ്ടായിരുന്ന അവരുടെ മകള്‍ക്കും മാത്രമേ ഭക്ഷണം വാങ്ങിയുള്ളൂ എന്ന രേഖയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ അവര്‍ക്ക് ഭക്ഷണം വിളമ്പിയ വെയിറ്ററും അത് സാക്ഷ്യപ്പെടുത്തി.

ഷെറിന്‍ പാല്‍ കുടിക്കാത്തതും ദുഃശ്ശാഠ്യമെടുത്തതും വെസ്ലിയെ ദ്വേഷ്യം പിടിപ്പിച്ചപ്പോള്‍ ഷെറിനെ ഒറ്റയ്ക്ക് അടുക്കളയില്‍ നിര്‍ത്തി ഭക്ഷണം കഴിയ്ക്കാന്‍ പുറത്തുപോയെന്നും, ഒന്നര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കുട്ടി അവിടെത്തന്നെ നില്പുണ്ടായിരുന്നുവെന്നു വെസ്ലിയെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞിരുന്നുന്നതായി റിച്ചാര്‍ഡ്സണ്‍ പോലീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പോലീസ് ഈ മൊഴി മുഖവിലയ്ക്കെടുത്തിട്ടില്ല.

മണിക്കൂറുകള്‍ക്ക് ശേഷം ഒക്ടോബര്‍ 7-ന് രാവിലെയാണ് വെസ്ലി മാത്യൂസ് പോലീസിനെ വിളിച്ച് ഷെറിനെ കാണാതായതായി പറയുന്നത്. പാല്‍ കുടിയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഷെറിനെ പുറത്ത് മരച്ചുവട്ടില്‍ നിര്‍ത്തി പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ല എന്ന് ആദ്യം പോലീസിനോട് പറഞ്ഞ വെസ്ലി പിന്നീട് കഥ മാറ്റി പറഞ്ഞു. കുട്ടിയെ നിര്‍ബ്ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍ പാല്‍ ശിരസ്സില്‍ കയറിയെന്നും, കുട്ടിക്ക് ശ്വാസം മുട്ടനുഭവപ്പെട്ടെന്നും, നാഡിമിടിപ്പ് നിലച്ചപ്പോള്‍ മരിച്ചെന്നു കരുതി മൃതദേഹം വീട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയെന്നുമാണ് വെസ്ലി പോലീസിന് പിന്നീട് നല്‍കിയ മൊഴി.

ഡാളസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് ഷെറിന്‍ മാത്യൂസിന്റെ മരണകാരണം കണ്ടുപിടിക്കാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടില്‍ ഇത്രയധികം സംഭവങ്ങള്‍ നടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്നും, ഉറക്കത്തിലായിരുന്നുവെന്നുമാണ് സിനി പോലീസിനോട് അന്ന് പറഞ്ഞത്. കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും സിനി പറഞ്ഞിരുന്നു.

കുട്ടിയെ കാണാതായ ദിവസം വെസ്ലി മാത്യൂസിനെ അറസ്റ്റു ചെയ്ത് രണ്ടര ലക്ഷം ഡോളര്‍ ബോണ്ട് വ്യവസ്ഥയില്‍ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍, രണ്ടാഴ്ചകള്‍ക്കു ശേഷം കുട്ടിയുടെ മൃതദേഹം കിട്ടിയ അന്ന് വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒരു മില്യണ്‍ ഡോളറാന് ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്നത്. ഷെറിന്റെ മരണവുമായി സിനിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സിനി മാത്യൂസിന്റെ അറ്റോര്‍ണി തുടക്കം മുതലേ പറഞ്ഞിരുന്നു. തന്നെയുമല്ല തന്റെ മകളുടെ തിരോധാനത്തില്‍ സിനി അസ്വസ്ഥയായിരുന്നുവെന്നും അറ്റോര്‍ണി പറഞ്ഞിരുന്നു. 

ഇന്ന് (നവംബര്‍ 16 വ്യാഴാഴ്ച) സിനിയെ പരസ്യമായി അറസ്റ്റു ചെയ്യുന്നതിനു പകരം കീഴടങ്ങാന്‍ അനുവദിച്ചതിന് റിച്ചാര്‍ഡ്സണ്‍ പോലീസിന് സിനിയുടെ അഭിഭാഷകന്‍ അറ്റോര്‍ണി മിച്ചല്‍ നൊള്‍ടെ നന്ദി പറഞ്ഞു. "സിനിയെ അറസ്റ്റു ചെയ്യാന്‍ റിച്ചാര്‍ഡ്സണ്‍ പോലീസിന് വാറണ്ട് ലഭിച്ചിട്ടുണ്ടെന്ന് ഇന്ന് രാവിലെ ഞങ്ങള്‍ അറിഞ്ഞിരുന്നു. സിനിയെ സ്റ്റേഷനിലെത്തിച്ച് സ്വയം കീഴടങ്ങാന്‍ റിച്ചാര്‍ഡ്സണ്‍ പോലീസ് അനുവദിച്ചത് അവരുടെ പ്രൊഫഷണലിസം കൊണ്ടാണ്" എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ അഭിഭാഷകന്‍ പറഞ്ഞു. 

തന്റെ കക്ഷിയായ വെസ്ലി മാത്യൂസ് ഭാര്യയേയും കുട്ടിയേയും ഏറ്റവുമധികം സ്നേഹിക്കുന്ന വ്യക്തിയാണെന്നും, എത്രയും വേഗം ശിശുസം‌രക്ഷണ വിഭാഗം കൊണ്ടുപോയ തന്റെ മകളെ അവളുടെ അമ്മയെ ഏല്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞതായി വെസ്ലിയുടെ അറ്റോര്‍ണി ഡേവിഡ് ക്ലെക്നര്‍ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച സിനി മാത്യൂസ് കോടതിയില്‍ എത്തിയിരുന്നു. ശിശുസം‌രക്ഷണ വകുപ്പിന്റെ കസ്റ്റഡിയിലുള്ള നാലു വയസ്സുള്ള സ്വന്തം മകളെ വിട്ടുകിട്ടാനുള്ള ഹര്‍ജി സമര്‍പ്പിക്കാനാണ് കോടതിയിലെത്തിയത്. എന്നാല്‍, ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 29-ലേക്ക് മാറ്റിയിരുന്നു. കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നെങ്കില്‍ ഹ്യൂസ്റ്റണിലുള്ള വെസ്ലിയുടെ കുടുംബത്തിന് കുട്ടിയെ കൈമാറാനായിരുന്നു തീരുമാനം.

Monday, November 13, 2017

ഇന്ന് കുട്ടികളുടെ ദിനം; കുട്ടികളുടെ ചാച്ചാ നെഹ്രുവിന്റെ ജന്മദിനം

ഇന്ന് നവംബര്‍ 14. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് ഇന്ന്. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. കുട്ടികള്‍ക്ക് എന്നും പ്രിയങ്കരനായിരുന്നതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം കുട്ടികളുടേതുകൂടിയാകുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിലാണ് കുട്ടികള്‍ നെഹ്‌റുവിനെ ഓര്‍മിക്കുന്നത്. തൊപ്പിയും നീണ്ട ജുബ്ബയും അതിലൊരു റോസാ പുഷ്പവുമായി പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള ചാച്ചാജിയെ അറിയാത്ത കുട്ടികളുണ്ടാകില്ല.

പാശ്ചാത്യജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു നെഹ്റുവിന്റെ പിതാവായ മോത്തിലാല്‍ നെഹ്‌റു. അതുകൊണ്ടാണ് ഏക മകനെ ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചത്. 1905ല്‍ ഇംഗ്ലണ്ടിലെ ‘ഹാരോ’ സ്‌കൂളില്‍ ചേര്‍ന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ നിന്ന് ബിരുദമെടുത്തു. ലണ്ടനിലെ ഇന്നര്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. 1912ല്‍ അലഹബാദില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1916ല്‍ വിവാഹിതനായി. ആ വര്‍ഷം ലഖ്‌നൗവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്. 1920ല്‍ നിസഹകരണ പ്രസ്ഥാനത്തിലൂടെ ഗാന്ധിജിക്കൊപ്പം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായി മാറുകയും ചെയ്തു.

കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങളും ശിശുദിനാഘോഷങ്ങള്‍ പ്രദാനം ചെയ്യുന്നു.

ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തൊട്ടാകെ വിവിധ പരിപാടികള്‍ നടക്കും. വിദ്യാലയങ്ങളില്‍ കുരുന്നുകളുടെ കലാപരിപാടികളും ഉണ്ടാകും. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്‍മാര്‍. നാം കുട്ടികള്‍ക്കായി നല്‍കുന്ന സാഹചര്യങ്ങളും സൗകര്യങ്ങളും മാതൃകകളും പരിചരണവുമാണ് അവരുടെ വ്യക്തിത്വ രൂപികരണത്തില്‍ പ്രധാന പങ്കു വഹിക്കുക. സാമൂഹികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ഇത് സഹായകമാകും. എത്ര വലിയ വെല്ലുവിളികളെയും തരണം ചെയ്ത് ജീവിത വിജയം നേടാന്‍ കുട്ടികള്‍ പ്രാപ്തരാകണം. എന്നും ഒരുമയോടെയും ഒരുപോലെയും നല്ല ജീവിതം നയിക്കാന്‍ ഈ നവംബര്‍ 14 കുട്ടികള്‍ക്ക് വഴികാട്ടിയാകട്ടെ.

Sunday, November 12, 2017

മൂന്നാം യാമം (കഥ)

ഗെയ്റ്റ് തുറന്ന് പോസ്റ്റ്മാന്‍ വരുന്നത് ജനലിലൂടെ കണ്ടപ്പോള്‍ മുന്‍‌വശത്തെ വാതില്‍ തുറന്ന് ശോഭ പുറത്തേക്കിറങ്ങി. പോസ്റ്റ്മാന്‍ നീട്ടിയ കത്ത് വാങ്ങുമ്പോള്‍ ചിന്തിച്ചു! ആരുടെ കത്തായിരിക്കും..!  തനിക്കിപ്പോള്‍ ആരാ കത്തെഴുതാന്‍!   കത്ത് തിരിച്ചും മറിച്ചും നോക്കി. അത്ഭുതത്തോടെ അതിലേറെ ആകാംക്ഷയോടെ അവള്‍ അതു കണ്ടു...

'സുമന്റെ കത്ത് !... ധൃതിയില്‍ അവള്‍ കത്ത് പൊട്ടിച്ചു....

പ്രിയ ശോഭ
നിന്നെ കണ്ടിട്ട് ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്റെ വിവാഹം കഴിഞ്ഞിട്ടും ഏതാണ്ട് അത്രയും വര്‍ഷമായി. ഞാനിപ്പോള്‍ ഡല്‍ഹിയിലുണ്ട്.  ഇവിടെ താമസം തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. എനിക്ക് നിന്നോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അവിടുന്നു മിവിടുന്നുമൊക്കെ അല്പസ്വല്പം വിവരങ്ങള്‍ അറിയുന്നുണ്ടെന്നതല്ലാതെ വര്‍ഷങ്ങളായി നമ്മള്‍ നേരില്‍ കണ്ടിട്ടില്ലല്ലോ... അതുകൊണ്ട് നീ വരണം.. തമ്മില്‍ കാണുമ്പോള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ ഒത്തിരി വിശേഷങ്ങളുണ്ട്...അതുകൊണ്ട് ദയവായി വരണം. നീ ഇപ്പോള്‍ ഒറ്റയ്ക്കാണെന്ന് എനിക്കറിയാം. മുപ്പതു വര്‍ഷത്തെ വിശേഷങ്ങള്‍ പറയാനുണ്ട്. അതോടൊപ്പം നിനക്കൊരു സര്‍പ്രൈസും ഉണ്ട്. എന്റെ അഡ്രസ്സും ഫോണ്‍ നമ്പറും ഇതിലെഴുതിയിട്ടുണ്ട്....

നിന്റെ,
സുമന്‍

സ്‌കൂള്‍ മുതല്‍ കോളേജ് വരെ സുമനും ശോഭയും ഏറ്റവും അടുത്ത കൂട്ടുകാരികളായിരുന്നു.  മറ്റു പെണ്‍‌കുട്ടികളില്‍ നിന്ന് ഇരുവരേയും വ്യത്യസ്തമാക്കിയ ഒരു ഘടകമുണ്ടായിരുന്നു. ശോഭ കഥകളും സുമൻ കവിതകളും എഴുതുമായിരുന്നു. കോളജ് കാമ്പസില്‍ ഇരട്ടകളെപ്പോലെ അവര്‍ ഒഴുകി നടക്കും... മരത്തണലില്‍, ഗ്രൗണ്ടിന്റെ ഓരത്ത്.. എപ്പോഴും ഇരുവര്‍ക്കും എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും. അവയെല്ലാം കഥകളായും കവിതകളായും രൂപാന്തരം പ്രാപിക്കുകയും ചെയ്യും.

കോളേജിൽ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയ സമയത്ത് അവരുടെ അടുപ്പത്തിന് തകര്‍ച്ചയേറ്റു. ശോഭയ്ക്കു വേണ്ടി അവളുടെ അച്ഛനുമമ്മയും ഒരു വരനെ കണ്ടുപിടിച്ചിട്ടുണ്ടെന്ന വാര്‍ത്ത ശോഭയെ തകര്‍ത്തു. അവള്‍ക്ക് കരയാനല്ലാതെ യാതൊരു നിര്‍‌വ്വാഹവുമുണ്ടായിരുന്നില്ല. മാതാപിതാക്കളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അവള്‍ക്ക് പഠിപ്പ് ഉപേക്ഷിക്കേണ്ടി വന്നു. കോളേജിനോട് വിട പറയുന്ന ദിവസം ശോഭ ഒരുപാട് കരഞ്ഞു.  സുമന്‍ ആശ്വസിപ്പിച്ചു. "ഇതാണ് മോളെ ജീവിതം. നാം പെണ്‍‌കുട്ടികള്‍ക്ക് മാതാപിതാക്കളെ അനുസരിക്കാനേ കഴിയുകയുള്ളൂ... നിനക്ക് എല്ലാ നന്മകളും നേരുന്നു." ശോഭയെ യാത്രയാക്കിയ സുമനും നിയന്ത്രണം വിട്ടു. രണ്ടു പേരും ഒട്ടേറെ കരഞ്ഞു.

സുമന്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശോഭയാകട്ടേ വിവാഹിതയായി ഭര്‍ത്താവുമൊത്ത് ജീവിതവും ആരംഭിച്ചു. അവള്‍ മുംബൈയിലേക്ക് താമസം മാറ്റിയെന്ന് പിന്നീട് സുമന്‍ അറിഞ്ഞിരുന്നു. വിവാഹത്തില്‍ താല്പര്യമില്ലാതിരുന്ന ശോഭയുടെ ജീവിതം വിഷാദമൂകമായിരുന്നു.

അതിനിടെ, സുമനും ഒരു വിവാഹാലോചന വന്നു. വരന്‍ അമേരിക്കയില്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കോളേജ് പ്രഫസര്‍.. സുമനാകട്ടേ പി‌എച്ച്ഡി പൂര്‍ത്തിയാക്കി ഡല്‍ഹി ലേഡി ശ്രീറാം കോളെജില്‍ പ്രഫസറായി ജോലി നോക്കുന്നു. അകന്ന ബന്ധത്തില്‍ പെട്ട ഒരു അമ്മാവന്‍ വഴിയാണ് ഈ വിവാഹാലോചന വന്നതെന്നതു കൊണ്ട് എല്ലാവര്‍ക്കും സമ്മതം.

വിവാഹം ആര്‍ഭാടമായി തന്നെ നടന്നു. ആഭരണങ്ങള്‍ യഥേഷ്ടം.... വിവാഹത്തിന് ശോഭയും ഭര്‍ത്താവും കുട്ടികളും എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ശോഭയെ കണ്ട സന്തോഷം പക്ഷെ അധികനേരം അവര്‍ക്ക് ആസ്വദിക്കാനായില്ല. കാരണം കുട്ടികളും ബന്ധുക്കളുമൊക്കെ തന്നെ. എങ്കിലും കിട്ടിയ സമയം കൊണ്ട് അവരൊരു ഓട്ടപ്രദക്ഷിണം നടത്തി. അതായിരുന്നു അവരുടെ അവസാനത്തെ കൂടിക്കാഴ്ച.

പിന്നീട് മുംബൈയിലെ അഡ്രസില്‍ ശോഭയ്ക്ക് കത്തുകള്‍ അയച്ചെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ല. വിവാഹ ജീവിതം സുമന്‍ ആസ്വദിച്ചിരുന്നുവെങ്കിലും മക്കളില്ലാത്ത ദുഃഖം എപ്പോഴും കാര്‍മേഘപടലങ്ങള്‍ പോലെ ജീവിതത്തെ പൊതിഞ്ഞു. ഇഷ്ടം പോലെ ധനം, സമ്പത്ത് പക്ഷെ മക്കളില്ലാത്ത ദുഃഖം സുമനെ അലട്ടിക്കൊണ്ടിരുന്നു. വീട്ടില്‍ അച്ഛനും അമ്മയുമായി സംസാരിക്കുമ്പോഴും ഈ വിഷയം പൊന്തിവരും. അതോടെ സുമന്‍ സംസാരം അവസാനിപ്പിക്കും. എന്നാല്‍ ശോഭയാകട്ടേ ഭര്‍ത്താവിന്റെ തുഛ ശമ്പളംകൊണ്ട് ജീവിതം രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെട്ടു. നാലു മക്കളുമായി ജീവിക്കാന്‍ ഭര്‍ത്താവിന്റെ വരുമാനം മാത്രം തികയാതെ വന്നപ്പോള്‍ തയ്യല്‍ പണി തുടങ്ങി. സ്കൂളിലും കോളേജിലുമൊക്കെ കഥകളെഴുതിയിരുന്ന ശോഭയ്ക്ക് എഴുതാനുള്ള സമയ ദൗര്‍ലഭ്യം വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. എങ്കിലും അവള്‍ എഴുതി....സമയം കിട്ടുമ്പോഴെല്ലാം....! എന്നാല്‍ അപ്രതീക്ഷിതമായി ഒരു ചെറിയ പനിയില്‍ തുടങ്ങിയ ഭര്‍ത്താവിന്റെ രോഗം അദ്ദേഹത്തിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുത്തിയതോടെ ശോഭയുടെ ജീവിതവും ഇരുട്ടിലായതു പോലെയായി.

മക്കളെ വളര്‍ത്തിയെടുക്കാന്‍ ശോഭയ്ക്ക് രാവും പകലും കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നു. അവരെ പഠിപ്പിച്ചു വലിയ നിലയിലാക്കി. മൂന്ന് പെണ്‍‌മക്കളെ വിവാഹം കഴിച്ചയച്ചു. മകനാണെങ്കില്‍ അവന്റെ സ്വന്തം ഇഷ്ടത്തിന് ജീവിത പങ്കാളിയെ തെരഞ്ഞെടുത്തു. എല്ലാവരും അവരവരുടെ ജീവിതം ആരംഭിച്ചു. ക്രമേണ അവരും അകന്നു. ഇതിനിടെ ഭര്‍ത്താവിന്റെ ആകസ്മിക മരണം അവളെ ഒറ്റപ്പെടുത്തി.

സുമന് ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായി. മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷം തമ്മില്‍ കാണാന്‍ പോകുകയാണ്. സന്തോഷം കൊണ്ട് ഇരുവരും ഗദ്ഗദകണ്ഠരായി. ഡല്‍ഹിയിലെത്തുന്ന ദിവസം സുമനെ അറിയിച്ചു.

ന്യൂഡല്‍ഹി റയില്‍‌വേ സ്റ്റേഷനില്‍ ട്രെയ്ന്‍ നിര്‍ത്തി. ശോഭ പുറത്തിറങ്ങി നാലുപാടും നോക്കി. പത്തുമുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് താന്‍ ഈ നഗരത്തില്‍ എത്തിയിരിക്കുന്നത്. സുമന്റെ അഡ്രസ് കൈയ്യിലുണ്ട്. പ്ലാറ്റ്ഫോമിലെ തിക്കിലും തിരക്കിലും പെട്ട് ശോഭയ്ക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. നഗരത്തിന്റെ മാറ്റം അവളില്‍ അത്ഭുതം സൃഷ്ടിച്ചു. ഈ തിക്കിലും തിരക്കിലും എങ്ങനെ സുമനെ കണ്ടു പിടിക്കും? അവള്‍ പ്ലാറ്റ്ഫോം മുഴുവന്‍ കണ്ണോടിച്ചു. ഇനി സുമനെ കണ്ടാല്‍ തന്നെ എങ്ങനെ തിരിച്ചറിയും? പരിഭ്രാന്തിയോടെ ചുറ്റുപാടും നോക്കി മുന്നോട്ടു നടന്നു. പുറത്തേക്കിറങ്ങാന്‍ യാത്രക്കാര്‍ തിക്കും തിരക്കും കൂട്ടുന്നു. ശോഭ ആ തിരക്കില്‍ നിന്ന് ഒഴിഞ്ഞു മാറി നിന്നു. ഈ തിരക്കൊന്നൊഴിഞ്ഞെങ്കില്‍ എന്നവള്‍ ആശിച്ചു...

സുമന്‍ വരും, വരാതിരിക്കില്ല. കോളേജില്‍ പഠിക്കുന്ന കാലത്തെ ന്യൂഡല്‍ഹിയല്ല ഇപ്പോള്‍. എങ്കിലും ചില സ്ഥലങ്ങളുടെ പേരൊക്കെ മനസ്സില്‍ മായാതെ കിടപ്പുണ്ട്.

"മേം സാബ് ആപ്കോ കഹാം ജാനാഹേ?" ഒരാള്‍ വന്നു ചോദിച്ചു.

ഏതോ ടാക്സി ഡ്രൈവറാണെന്നു തോന്നുന്നു. അയാളോട് മറുപടി പറഞ്ഞ് തിരിഞ്ഞു നിന്ന ശോഭയുടെ മുന്‍പില്‍ നിറ ചിരിയോടെ ഒരു സ്ത്രീ നില്‍ക്കുന്നു. ശോഭ ഒരുനിമിഷം പകച്ചു....!! ആ സ്ത്രീ ശോഭയുടെ അടുത്തേക്ക് വന്നു...കണ്ണുകളില്‍ അശ്രുപൂക്കള്‍...! പക്ഷെ മുഖത്ത് നിറചിരി...! അന്തം വിട്ടു നില്‍ക്കുന്ന ശോഭയെ ആ സ്ത്രീ കെട്ടിപ്പിടിച്ചു...

"നീ പേടിച്ചു പോയോ?" ആ ചോദ്യം കേട്ട് ശോഭ അത്ഭുതത്തോടെ അതിലേറെ സന്തോഷത്തോടെ ആ ശബ്ദം തിരിച്ചറിഞ്ഞു....

'അതെ, ഇത് അവള്‍ തന്നെ, എന്റെ സുമന്‍...!!'

പരിസരം മറന്ന് രണ്ടുപേരും ആലിംഗനം ചെയ്തു....കണ്ണുനീര്‍ ധാരധാരയായി ഒഴുകി. കാലങ്ങള്‍ക്കുശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയ ആ ധന്യമുഹൂര്‍ത്തത്തിന് സാക്ഷിയായി ചില യാത്രക്കാരും.

അശോക് വിഹാറിലെ സുമന്റെ വീട്ടിലെത്തുന്നതുവരെ രണ്ടുപേരും വാചാലരായി. ടാക്സിയില്‍ നിന്ന് ലഗേജ് എടുത്ത് ടാക്സിക്കാരനെ പറഞ്ഞുവിട്ടു.

വാതില്‍ തുറന്ന് അകത്തു കയറിയ ഉടനെ ആരോ കര്‍ട്ടനു പിന്നില്‍ മറഞ്ഞതായി ശോഭയ്ക്കു തോന്നി! പുറത്തുനിന്ന് താക്കോല്‍ ഉപയോഗിച്ചാണല്ലോ സുമന്‍ വാതില്‍ തുറന്നത്. പിന്നെ അകത്താരാണ്? ശോഭ ഒരുനിമിഷം ശങ്കിച്ചു. എന്നാല്‍ സുമനോട് ചോദിച്ചില്ല.

"നീ എന്താടീ അവിടെത്തന്നെ നിന്നു കളഞ്ഞത്? കയറി വാ..." സുമന്‍ വിളിച്ചപ്പോഴാണ് ശോഭ ചിന്തയില്‍ നിന്നുണര്‍ന്നത്.

അകത്തേക്ക് കടന്ന ശോഭയെ പെട്ടെന്നാണ് ആരോ പുറകിലൂടെ വന്ന് കണ്ണു പൊത്തിയത്. ഞെട്ടിത്തരിച്ച ശോഭയില്‍ നിന്ന് ഒരു ശബ്ദം പുറത്തേക്കുവന്നു. സുമനാകട്ടെ ആ കാഴ്ച കണ്ട് ചിരിച്ചുകൊണ്ടു നില്‍ക്കുന്നു! ശോഭയ്ക്ക് ദ്വേഷ്യവും അതോടൊപ്പം ആകാംക്ഷയുമായി. ആരാണ് എന്റെ കണ്ണു പൊത്തിയിരിക്കുന്നത്? അടുത്തു പരിചയമുള്ളവരല്ലാതെ അങ്ങനെ ചെയ്യുകയില്ലല്ലോ. ഇവിടെ എനിക്ക് പരിചയമുള്ളത് സുമന്‍ മാത്രമേ ഉള്ളൂ. അവളാണെങ്കില്‍ അതാ മുന്നില്‍ നില്‍ക്കുന്നു. ശോഭ ഒരുനിമിഷം ശങ്കിച്ചു.

"ദൈവമേ....ഇതാരായിരിക്കും.?" എന്തായാലും ധൈര്യം സംഭരിക്കുക തന്നെ.

"ആരാണെങ്കിലും ഈ കൈ ഒന്നയച്ച് എന്റെ മുന്‍പില്‍ വരൂ... ഇങ്ങനെ കണ്ണുകെട്ടി കളിക്കാതെ.." ശോഭ ആവശ്യപ്പെട്ടു.

ആ കൈകള്‍ മെല്ലെ അയഞ്ഞു. ശോഭ തിരിഞ്ഞു നോക്കി. പരിചയമില്ലാത്ത മുഖം..... ഈ സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ലല്ലോ. ഇവരെങ്ങനെ അകത്തു കയറി... പല ചോദ്യങ്ങളും ശോഭയുടെ മനസ്സിലൂടെ കടന്നുപോയി. എല്ലാ രംഗങ്ങളും വീക്ഷിച്ചുകൊണ്ടു നിന്ന സുമന്‍ അടുത്തേക്ക് വന്നു.

"ശോഭേ... നീ ഇവളെ സൂക്ഷിച്ചൊന്നു നോക്ക്. ആളെ മനസ്സിലായോ എന്നറിയാമല്ലോ" സുമന്‍ ആവശ്യപ്പെട്ടു.

അപ്പോഴും അന്ധാളിപ്പോടെ നില്‍ക്കുന്ന ശോഭയ്ക്ക് ആളെ മനസ്സിലായില്ല.

"സുമന്‍ മിണ്ടാതിരി. ഇവള്‍ക്ക് എന്നെ മനസ്സിലായോ എന്നറിയാമല്ലൊ" ആ സ്ത്രീ പറഞ്ഞതുകേട്ട് ശോഭ വീണ്ടും കണ്‍ഫ്യൂഷനിലായി.

"ദയവു ചെയ്ത് നിങ്ങള്‍ ആരാണെന്ന് പറയൂ. എന്നെ ഇങ്ങനെ തീ തീറ്റിക്കല്ലേ...പ്ലീസ്.."

ശോഭയുടെ മുഖഭാവം കണ്ട് ആ സ്ത്രീയും സുമനും പൊട്ടിച്ചിരിച്ചു.

"എടീ മണ്ടീ, ഹൈസ്കൂളില്‍ നമ്മുടെ നിഴലുകള്‍ക്ക് കൂട്ടായി മറ്റൊരു നിഴല്‍ ഉണ്ടായിരുന്നത് നീ ഓര്‍ക്കുന്നോ?"

"കിരണ്‍!".... ശോഭയുടെ വായില്‍ നിന്ന് അറിയാതെ ആ പേര് പുറത്തു വന്നു.

"കിരണ്‍, ഇത് നീ തന്നെയാണോ? മൈ ഗോഡ്..എടീ നീയായിരുന്നോ എന്നെ ഇത്രയും നേരം തീ തിറ്റിച്ചത്? എടീ, നീ ഇവിടെ?"

ശോഭയ്ക്ക് ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നു.

"ശോഭേ, ഇതാണ് നിനക്കൊരു സര്‍പ്രൈസ് ഞാന്‍ വെച്ചിട്ടുണ്ടെന്ന് കത്തിലെഴുതിയത്. ദേ ഇവളാണ് ആ സര്‍പ്രൈസ്.." സുമന്‍ പറഞ്ഞു.

ശോഭയും സുമനും കിരണും ഹൈസ്കൂള്‍ വരെ അടുത്ത കൂട്ടുകാരികളായിരുന്നു. ഹൈസ്കൂള്‍ കഴിഞ്ഞ് ശോഭയും സുമനും കോളെജില്‍ ചേര്‍ന്നു. എന്നാല്‍ കിരണിനെക്കുറിച്ച് പിന്നീടവര്‍ കേട്ടില്ല. മെലിഞ്ഞ ശരീരപ്രകൃതക്കാരായ മൂവരേയും 'തീന്‍ മഛര്‍' (മൂന്നു കൊതുകുകള്‍) എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. മറ്റു കുട്ടികള്‍ക്ക് കളിയാക്കാനും അതു ധാരാളം. ഹൈസ്കൂളിലെ ഓര്‍മ്മകള്‍ അയവിറക്കി മൂവരും കുറെ സമയം ചിലവഴിച്ചു.

പകല്‍ എരിഞ്ഞടങ്ങി.... മുറിയില്‍ മൂവരും മൂകരായി. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ തരണം ചെയ്ത ഒരു വിധവ, ഒരു വിവാഹ മോചിത, മാതാവിനും സഹോദരങ്ങള്‍ക്കും വേണ്ടി ജീവിതം ഹോമിച്ച ഒരു അവിവാഹിത... ! അവര്‍ നിശ്ശബ്ദരായിരുന്നെങ്കിലും, ആ നിശ്ശബ്ദതയിലും ഭയം ഉണ്ടായിരുന്നു, അത് ഭയാനകവും മുന്നോട്ടുള്ള ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വ്യഥകളും ആകുലതകളും ആഴത്തില്‍ വേരോടിയിരുന്നു. മൂന്നു പേര്‍ക്കും പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര കഥകളുണ്ടായിരുന്നു. മൂന്നു പേരുടെയും മനസ്സുകളില്‍ അവര്‍ കടന്നുപോയ ഭാഗ്യ- ദൗര്‍ഭാഗ്യ നിമിഷങ്ങള്‍ ഊളിയിട്ടു. വിവാഹം കഴിഞ്ഞിട്ടും ദാമ്പത്യജീവിതത്തിലെ പൊരുളും പൊള്ളത്തരങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ചതിയും വഞ്ചനയുമൊക്കെ അവരുടെ സംസാരത്തില്‍ കടന്നുവന്നു.  ഇരുപത്തഞ്ചു വര്‍ഷക്കാലം ഭര്‍ത്താവിനോടൊപ്പം സഹിഷ്ണുതയോടെ, ഒരു സഖിയായി ജീവിച്ചു. ദുര്‍ബ്ബലമായ സഹിഷ്ണുതത്വം സ്വയം ന്യായീകരിക്കാനും അയാളുടെ  അധാര്‍മ്മിക  ബന്ധം, വന്ധ്യത എന്നിവയെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും സുമന്‍ മടിച്ചു. വിവാഹശേഷം സുമന്റെ ജോലി ഭര്‍ത്താവിന്റെ നിര്‍ബ്ബന്ധത്താല്‍ ഉപേക്ഷിക്കേണ്ടി വന്നു. കൂടാതെ ഡല്‍ഹിയില്‍ നിന്ന് പട്യാലയിലേക്ക് താമസവും മാറ്റി. അമ്മയെ ഒറ്റയ്ക്ക് ഡല്‍ഹിയിലാക്കി സുമന്‍ ഭര്‍ത്താവിന്റെ കൂടെ പോകാന്‍ നിര്‍ബ്ബന്ധിതയായി. ഒരര്‍ത്ഥത്തില്‍, സുമന്‍  തടവിലാക്കപ്പെട്ട പോലെയായി. ജീവിതം നരകതുല്യമായി. അതോടെ ആ ബന്ധം ഉപേക്ഷിച്ച് സ്വന്തം അമ്മയുടെ അടുത്ത് അഭയം പ്രാപിക്കേണ്ടി വന്നു.

മൂകമായ നിമിഷങ്ങള്‍ക്ക് വിരാമമിട്ട് സുമന്‍ പറഞ്ഞു..

"ശോഭേ, നിനക്ക് മക്കളുണ്ട്, എനിക്ക് അതുപോലും ഇല്ലല്ലോ"

ശോഭ ചിരിച്ചു. ആ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു... വിവാഹത്തിലേക്ക് നിര്‍ബ്ബന്ധപൂര്‍‌വ്വം വലിച്ചിഴച്ചതാണെങ്കിലും പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷെ ആ പ്രതീക്ഷകളുടെ കതിര്‍ നാമ്പുകള്‍ വാടിക്കരിയാന്‍ അധിക നാള്‍ വേണ്ടിവന്നില്ലെന്ന് ഇവളെങ്ങനെ അറിയാന്‍. നിറങ്ങളുടെ ലോകത്തുനിന്ന് ഇരുട്ടിലേക്കായിരുന്നില്ലേ എന്റെ പ്രയാണം. അടുപ്പത്തിന്‍റെയും സന്തോഷത്തിന്‍റെയും സ്ഥാനത്ത്‌ ഹൃദയവേദനയുടെയും നൈരാശ്യത്തിന്‍റെയും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയത് എത്ര പെട്ടെന്നാണ്. വിവാഹബന്ധം സ്‌നേഹശൂന്യമായിത്തീരാന്‍ അധിക വര്‍ഷങ്ങള്‍ വേണ്ടിവന്നില്ല. അപൂര്‍ണരായ ദമ്പതികള്‍ക്ക് പൂര്‍ണതയുള്ള വിവാഹബന്ധം സാധ്യമല്ലെന്ന് മനസ്സിലാക്കിയപ്പോഴേക്കും വളരെ വൈകിയിരുന്നു. കണ്ണുകള്‍ ഈറനണിയുന്നത് മറച്ചുവെച്ച് ചിരിച്ചുകൊണ്ടുതന്നെ ശോഭ എഴുന്നേറ്റു.

"സുമീ, നീയിതു പറയുമെന്ന് എനിക്കറിയാം. എന്നാല്‍ നീ എന്നെക്കാള്‍ ഭാഗ്യവതിയാണ് സുമീ. നിന്നെ ഒരേ സ്ഥലത്ത് തളച്ചിടാന്‍ ആരുമില്ല. നീ ഇപ്പോള്‍ നില്‍ക്കുന്നത് നിന്റെ സ്വന്തം തട്ടകത്തിലാണ്. നിനക്ക് മക്കളുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ നിനക്ക് ഇപ്പോഴുള്ള സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല. കുട്ടികളുണ്ടായിരുന്നെങ്കില്‍ ആ വീട്ടില്‍ നിന്ന് നിനക്ക് ഒരിക്കലും മോചനം കിട്ടുകയുമുണ്ടാകുമായിരുന്നില്ല. അഥവാ നീ അവരെ വിട്ട് പോരികയായിരുന്നെങ്കില്‍ നിന്നെക്കുറിച്ച് എന്തെല്ലാം അപവാദങ്ങള്‍ അവര്‍ പറഞ്ഞു പരത്തിയേനെ. നിങ്ങളുടെ കുട്ടികള്‍ അച്ഛന്റെ കൊട്ടാരം ഉപേക്ഷിച്ച് നിന്റെ കൂടെ ഈ ചെറിയ മുറിയില്‍ ജീവിക്കാന്‍ വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? അഥവാ നീ നരകമെന്നു കരുതുന്ന ആ വീട്ടില്‍ താമസിച്ച്, എല്ലാ യാതനകളും അനുഭവിച്ച് കുട്ടികളെ വളര്‍ത്തി വലുതാക്കിയാലും സമയം വരുമ്പോള്‍ നിന്നെ തള്ളിപ്പറഞ്ഞ് അവര്‍ അവരുടെ പാടുനോക്കി പോകും. ഈ അറുപതാം വയസ്സില്‍ നീ എങ്ങോട്ട് പോകും? നീ എവിടെ താമസിക്കും? പത്തുമാസം വയറ്റില്‍ ചുമന്ന് നൊന്തു പ്രസവിച്ച ചില മക്കള്‍ ഭര്‍ത്താക്കന്മാരേക്കാള്‍ ക്രൂരരാകാറുണ്ട്."

ശോഭയുടെ സംസാരം കേട്ട് സുമനും കിരണും നിര്‍‌വ്വികാരതയോടെ ഇരുന്നു. സംസാരത്തിനിടെ സുമന്‍ മൂവര്‍ക്കും ചായയുണ്ടാക്കി കൊണ്ടുവന്നു.. രാത്രിയുടെ യാമങ്ങള്‍ ഓരോന്നായി പിന്നിട്ടു... ഇരുട്ട് കനക്കുന്നു... നേരം തെറ്റി പറന്ന ഒരു രാക്കിളിയുടെ ചിറകൊച്ച അവ്യക്തമായി എങ്ങുനിന്നോ അലയടിച്ചു. രാത്രി ഒരുപാട് വൈകിയെങ്കിലും മൂവര്‍ക്കും ഉറക്കമേ വന്നില്ല. ചൂടു ചായ മൊത്തിക്കുടിച്ച് അവര്‍ അവരവര്‍ തുഴഞ്ഞവസാനിപ്പിച്ച ജീവിതനൗകയില്‍ തന്നെയിരുന്നു.

കിരണിന്റെ കഥയാകട്ടേ വളരെ വേദനാജനകമായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെയാണ് അച്ഛന്‍ ഡല്‍ഹിയില്‍ നിന്ന് മൊറാദാബാദിലേക്ക് താമസം മാറ്റിയത്. അവിടെ ചെന്നതിനുശേഷം അച്ഛന് പ്രതീക്ഷിച്ച ജോലിയും കിട്ടിയില്ല. ഏറെ നിരാശനായി ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ കയറിക്കൂടി. പക്ഷെ, അധിക നാള്‍ പിടിച്ചു നില്‍ക്കാനായില്ല. കടുത്ത ചുമയും മറ്റുമായി അച്ഛന്‍ കിടപ്പിലായി. അവസാനം ടി.ബി. പിടിപെട്ട് മരിക്കുകയും ചെയ്തു. അച്ഛന്റെ വേര്‍പാടില്‍ കുടുംബം കഷ്ടതയിലായി. കിരണും ചേട്ടനും രണ്ട് അനിയത്തിമാരും അനിയനും അമ്മയുമടങ്ങുന്ന കുടുംബം പോറ്റാന്‍ അവര്‍ക്കെല്ലാവര്‍ക്കും നിസ്സാര ജോലികള്‍ ചെയ്യേണ്ടി വന്നു. അപ്പോഴേക്കും അമ്മയ്ക്കും അസുഖം പിടിപെട്ടു. പിന്നെ കുടുംബം മൂത്തവളായ കിരണിന്റെ ചുമലിലായി. അനിയത്തിമാര്‍ക്കും അനിയനും അവള്‍ അമ്മയായി. ആയിടയ്ക്ക് ചേട്ടന് ഒരു വിവാഹാലോചന വന്നു. അവരുടെ കുറവുകളെല്ലാം മനസ്സിലാക്കി തന്നെയാണ് പെണ്‍‌കുട്ടിയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നത്. തരക്കേടില്ലാത്ത ജോലി കിട്ടിയതിനുശേഷമാണ് ഈ ആലോചന വന്നതു തന്നെ. ഒരു മരുമകള്‍ വീട്ടിലെത്തിയാല്‍ അമ്മയ്ക്കും അതൊരു സഹായമാകുമെന്ന് അമ്മ കരുതി ആ വിവാഹം നടത്തി. വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും കിരണ്‍ തന്നെയാണ് നോക്കി നടത്തിയത്. ആര്‍ഭാടമധികമില്ലാതെ വിവാഹം നടന്നു. ഒരു മരുമകള്‍ വന്നാല്‍ കുടുംബത്തിന് സഹായമാകുമെന്ന അമ്മയുടെ പ്രതീക്ഷകള്‍ക്ക് വിഘ്നം വന്നു. ചേട്ടനും ഭാഭി (ചേട്ടത്തി) യും അവരുടേതായ ലോകത്തേക്ക് ഊളിയിട്ടപ്പോള്‍ കുടുംബഭാരം വീണ്ടും കിരണിന്റെ ചുമതലയായി.

ഇതിനിടെ ചേട്ടത്തിയുടെ സഹോദരനും കിരണിന്റെ നേരെ ഇളയ സഹോദരിയുമായി ഇഷ്ടം തുടങ്ങിയിരുന്നു.  പക്ഷേ  വീട്ടുകാരത്  അറിഞ്ഞപ്പോഴേക്കും വൈകി. പേരുദോഷം കേള്‍പ്പിക്കേണ്ടല്ലോ എന്നു കരുതി അവരുടെ വിവാഹം പെട്ടെന്ന് നടത്തേണ്ടി വന്നു. കിരണ്‍ വീണ്ടും ഒറ്റപ്പെടുകയാണോ എന്ന തോന്നല്‍ ഇടക്കിടെ അവളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. എങ്കിലും സ്വന്തം കൂടപ്പിറപ്പുകള്‍ക്കു വേണ്ടിയല്ലേ എന്നോര്‍ത്ത് എല്ലാം ഉള്ളിലൊതുക്കി. സഹോദരിയുടെ വിവാഹം കഴിഞ്ഞു അവള്‍ ഭര്‍ത്താവുമൊത്ത് അവളുടെ ജീവിതം തേടി പോയി. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങള്‍ക്ക് വഴിമാറിക്കൊടുത്തപ്പോള്‍ അനിയനും വിവാഹാലോചനകള്‍ വരാന്‍ തുടങ്ങി. അപ്പോഴും 'ഇനിയെന്ത്' എന്ന ചോദ്യം കിരണിന്റെ മുന്‍പില്‍ നിന്ന് പല്ലിളിക്കുന്നതുപോലെ തോന്നിയിരുന്നു. ഒരു അമ്മയുടെ സ്ഥാനത്തുനിന്ന് സഹോദരങ്ങളുടെ കാര്യങ്ങള്‍ നിര്‍‌വ്വഹിച്ചുകൊടുക്കേണ്ടത് അവളുടെ കടമയായി അവള്‍ കരുതി. നാം ചെയ്യേണ്ടതൊക്കെ ചെയ്തിട്ടും ഫലം കിട്ടിയില്ലെങ്കിലേ വിധിയെന്നോ ഈശ്വരനിശ്ചയമെന്നോ പറഞ്ഞ് സമാധാനിക്കാനാവൂ. നാം ശ്രമിക്കേണ്ടയിടത്തു നാം തന്നെ ശ്രമിക്കണം. അതായിരുന്നു കിരണിന്റെ തത്വചിന്ത. അനിയന്റെ വിവാഹവും ആര്‍ഭാടമായിത്തന്നെ നടത്തി. ഇനി ബാക്കിയായത് കിരണും അനിയത്തിയും. കിരണിന്റെ പ്രായമാണെങ്കില്‍ അധികരിച്ചു. ആര്‍ക്കും വേണ്ടത്ത ഒരു ചണ്ടിയായി അവളുടെ ജീവിതം അവള്‍ തന്നെ ഹോമിക്കപ്പെടുകയാണെന്ന് അറിഞ്ഞിട്ടും, അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാതെ എല്ലാവരുടെയും അമ്മയായി ജീവിതം തള്ളിനീക്കി.

എല്ലാവരും അവരവരുടെ തീരങ്ങളില്‍ തോണിയടുപ്പിച്ചപ്പോള്‍ നിലയില്ലാ കയത്തില്‍ അവള്‍ ഒറ്റപ്പെട്ട പോലെയായി. സഹോദരങ്ങളും നാത്തൂന്മാരും അനിയത്തിയുമൊക്കെ അവളില്‍ നിന്ന് അകല്‍ച്ച പാലിക്കുന്നുണ്ടോ എന്ന സംശയം ഉടലെടുക്കാന്‍ അധിക നാള്‍ വേണ്ടി വന്നില്ല. അവര്‍ക്ക് അവളോട് സംസാരിക്കാന്‍ പോലും മടിയായിത്തുടങ്ങി. 'ആരെയെങ്കിലും കെട്ടി ഇവിടെ നിന്ന് പൊയ്ക്കൂടെ' എന്ന അമ്മയുടെ ചോദ്യമാണ് കിരണിനെ ആകെ തളര്‍ത്തിയത്. ജീവിതത്തിന്റെ രണ്ടാം യാമത്തിലേക്ക് കാലെടുത്തുവെച്ച അവള്‍ ആരെ വിവാഹം കഴിയ്ക്കാന്‍? ആര് അവളെ വിവാഹം കഴിക്കും? അവളുടെ മനസ്സ് വ്യാകുലപ്പെട്ടു. ആഹ്ലാദങ്ങള്‍ നിറഞ്ഞുനിന്നിരുന്ന വീട്ടില്‍ മൗനം അതിഥിയായെത്തി. അന്തമില്ലാത്ത ആഗ്രഹങ്ങളും തീരാത്ത മോഹങ്ങളുമുള്ള ആര്‍ക്കാണ് ആഹ്ലാദിക്കാന്‍ സമയം കിട്ടുക? ഇടയ്ക്ക് നഷ്ടപ്പെട്ടുപോയ സൗഭാഗ്യങ്ങളെപ്പറ്റി വെറുതെ ഓര്‍ത്തിരുന്നാല്‍, വിങ്ങിപ്പൊട്ടിക്കരയാനേ നിര്‍‌വ്വാഹമുള്ളൂ. പല രാത്രികളിലും അവള്‍ വിങ്ങിപ്പൊട്ടിയിട്ടുണ്ട്. പക്ഷെ, ആ വിങ്ങിപ്പൊട്ടല്‍ ഹൃദയഭിത്തികളില്‍ തങ്ങി ഉള്‍‌വലിയും.

വീട്ടില്‍ രണ്ട് സഹോദരന്മാരുണ്ട്. അവര്‍ക്ക് ഇനി അവളുടെ ആവശ്യമില്ല. അമ്മയും തള്ളിപ്പറയാന്‍ തുടങ്ങിയിരിക്കുന്നു. വീട്ടിലെ നിശ്ശബ്ദത അവള്‍ ഭയപ്പെട്ടു. അവളുടെ ജീവിതത്തില്‍ സന്തോഷം ഇനി എങ്ങനെയുണ്ടാക്കാനാവുമെന്ന് ഒരുവേള അവള്‍ ചിന്തിക്കാന്‍ തുടങ്ങി. ആത്മസംതൃപ്തിയുള്ളവര്‍ക്കേ ശുഭപ്രതീക്ഷകളുണ്ടാകൂ. ആത്മസംതൃപ്തി വരുന്നതോടെ മനസ്സിന് ശാന്തത കൈവരുന്നു. അതൊരു ആന്തരിക താളമാണ്. താളം തെറ്റിയാല്‍ നമ്മുടെ ജീവിതനൃത്തത്തിന്റെ ചുവടുകള്‍ തെറ്റും. കാലിടറി വീഴും. അതു പാടില്ല. ജീവിക്കണമെന്ന തോന്നല്‍ അവളില്‍ ഒരു ദൃഢ നിശ്ചയമായി. അതോടെ കുടുംബം ഉപേക്ഷിച്ച് വീണ്ടും ഈ മഹാനഗരത്തിലെത്തി. സദര്‍ ബസാറിലെ ഒരു റെഡിമെയ്ഡ് ഫാക്ടറിയില്‍ ഒരു ജോലി തരപ്പെടുത്തി.

കിരണിന്റെ സംഭവബഹുലമായ ജീവിത കഥ കേട്ട് ശോഭയും സുമനും നിശ്ശബ്ദരായി.

"എന്തായാലും ജീവന്‍ നിലനില്‍ക്കുന്നിടത്തോളം കാലം നാം ജീവിച്ചേ പറ്റൂ. ആത്മഹത്യ ചെയ്യാനൊന്നും ഞാന്‍ പോയില്ല. ഇപ്പോള്‍ എന്റെ മനസ്സ് ശാന്തമാണ്. സുമനെ കണ്ടുമുട്ടുന്നതുവരെ ഏകാകിയെപ്പോലെയായിരുന്നു. ഇനിയെനിക്ക് ഭയമില്ല. ഇവളുണ്ടല്ലോ കൂട്ട്."

കിരണിന്റെ ആശ്വാസവാക്കുകള്‍ കേട്ട് സുമന്റെ ഉള്ള് തണുത്തു.

പ്രഭാതം പൊട്ടിവിരിയുകയാണ്. നാലു മണിയായിട്ടും മൂവരും ഉറങ്ങിയിരുന്നില്ല. പുറത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയവരുടെ സംസാരം കേള്‍ക്കാം. പ്രഭാതമറിയിച്ചുകൊണ്ട് കിളികളുടെ കലപില ശബ്ദവും കേള്‍ക്കുന്നു. ശോഭ ചിന്തിക്കുകയായിരുന്നു; എല്ലാ നഗരങ്ങളിലും കിളികളുടെ ശബ്ദം ഒരേപോലെയിരിക്കും. എന്നാല്‍ എല്ലാ മനുഷ്യരുടേയും ജീവിതം ഒരേ പോലെയല്ല. പ്രായമാകുന്തോറും ശാരീരിക പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു, കണ്ണിന്റെ കാഴ്ച ശക്തിയും ക്ഷയിച്ചുകൊണ്ടെയിരിക്കുന്നു. കാലം മുന്നോട്ടു കുതിക്കുമ്പോള്‍ മനുഷ്യരിലും അതിന്റേതായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും. സത്യത്തില്‍ കാലം ഓടിപ്പോകുന്നു എന്നത് സമയത്തെക്കുറിച്ചുള്ള ഏറ്റവും ഉപരിപ്ലവമായ ധാരണയല്ലെ. കാലം എങ്ങും പോകുന്നില്ല. ഇവിടെ നടക്കുന്നത് പ്രകൃതിയുടെ താളാത്മകമായ ചലനങ്ങള്‍ മാത്രമാണ്. അത് ഒരു നേര്‍‌രേഖയില്‍ മടങ്ങിവരവ് ഇല്ലാത്ത മരണമാണോ, അതോ കടലിലെ തിരകള്‍ പോലെ തനിയാവര്‍ത്തനങ്ങള്‍ മാത്രമാണോ എന്ന് ആരുകണ്ടു! കണ്ണുകള്‍ നിര്‍ജ്ജീവമായാല്‍!; പക്ഷാഘാതം പിടിപെട്ട് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് നടക്കാന്‍ കഴിയുന്നില്ലെങ്കില്‍? അറുപതു വയസ്സു കഴിഞ്ഞാല്‍ പിന്നെ എത്ര നാള്‍ ജോലി ചെയ്യാന്‍ സാധിക്കും? ആശ്രയിക്കാന്‍ ആരുമില്ലാത്ത അവസ്ഥ..! ഈ ചോദ്യങ്ങളെല്ലാം തന്നെ അവരുടെ ഉള്ളിലുണ്ടായിരുന്നു. ആ സത്യം മനസ്സിലാക്കിയ അവര്‍ മൂന്നു പേരുടെയും കണ്ണുകള്‍ നിറഞ്ഞു.... വരണ്ടതും ശൂന്യവുമായ ആകാശം പോലെ.

"അപ്പോഴേ, ഇങ്ങനെ കഥ പറഞ്ഞിരുന്നാല്‍ മതിയോ?" കിരണ്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

"ഗതകാലത്തെക്കുറിച്ചോര്‍ത്ത് നമ്മളെന്തിനു ദുഃഖിക്കണം.. അതൊരു പേക്കിനാവായി കരുതിക്കൂടെ?" കിരണ്‍ തുടര്‍ന്നു.

"ഓര്‍മ്മയില്ലേ ശ്രീബുദ്ധന്‍ പറഞ്ഞത്..'മണിക്കൂറുകളും മാസങ്ങളും വര്‍ഷങ്ങളും, പിന്നെ ഉത്കണ്ഠകളും. ശേഷിക്കുന്നത് പച്ചയായ ജീവിതം മാത്രമായിരിക്കും- പകലുകളും ഇരവുകളും, ഓര്‍മ്മകളും സ്വപ്നങ്ങളും, ജനനവും മരണവും, ചൂടും തണുപ്പും..... ഓരോ നിമിഷങ്ങളിലും ജീവിച്ച് കാലത്തെ അതിജീവിക്കാൻ നിരന്തരം ഉദ്ബോധിപ്പിച്ചത് ശ്രീബുദ്ധനല്ലെ. ഇന്നലെകളേയും നാളെകളേയും ഒന്നു മറക്കൂ. ഇന്നലെകള്‍ എന്നെന്നേക്കുമായി കടന്നുപോയി, നാളെകള്‍ ഉണ്ടാവുമോ എന്ന് ആര്‍ക്കും അറിഞ്ഞും കൂടാ. അപ്പോള്‍ ഉള്ളതോ ഈ നിമിഷം മാത്രമാണ്. 'ഇപ്പോള്‍' മാത്രമാണ് സത്യം, മറ്റെല്ലാം മിഥ്യ. 'ഇപ്പോള്‍' ജീവിക്കുന്ന മനുഷ്യര്‍  മാത്രമേ ജീവിക്കുന്നുള്ളൂ. ജീവിക്കാന്‍ ധൈര്യപ്പെടുക- അതാണ്‌ വെല്ലുവിളി, അപ്പോള്‍ സ്വരുക്കൂട്ടി വെക്കുന്ന ആര്‍ത്തികള്‍ ഇല്ലാതാകും, ഉത്ക്കണ്ഠകള്‍ കൂടൊഴിയും. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള പരാതികളും പരിഭവങ്ങളും നിലയ്ക്കും. നമ്മള്‍ മൂന്നുപേരും ഒരുപാട് നാളുകള്‍ക്കു ശേഷം ഒരുപാട് കറങ്ങിത്തിരിഞ്ഞ് വീണ്ടു ഒരേ സ്ഥലത്ത് സമ്മേളിച്ചത് ദൈവ നിശ്ചയമാണ്. ഇനിയുള്ള ജീവിതം പരസ്പര പൂരകങ്ങളായി നമുക്ക് ജീവിച്ചു തീര്‍ക്കാം..!"

ഒരു ഫിലോസഫറെ പോലെ കിരണ്‍ പറഞ്ഞത് സുമനും ശോഭയും ഉള്‍ക്കൊണ്ടു.

"നമ്മുടെ പ്രായത്തിലുള്ള മിക്ക സ്ത്രീകളും കുടുംബത്തോടൊപ്പമാണെങ്കിലും ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരാണ് ഏറെയും. അതുകൊണ്ട് എന്ത് പ്രതിസന്ധിയുണ്ടായാലും നമ്മള്‍ മൂന്നുപേരും ഒറ്റക്കെട്ടായി അവയെ ചെറുത്തു തോല്പിക്കണം. ആകാശത്തിലെ പക്ഷികളെപ്പോലെ വിതയ്ക്കുകയും വേണ്ട കൊയ്യുകയും വേണ്ട. ഉത്‌കണ്‌ഠപ്പെട്ട് എന്തിന് നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കുറയ്ക്കണം. ഒരു മുഴമെങ്കിലും ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ സാധിക്കാത്തവര്‍ക്ക് അത് കുറയ്ക്കാനും അര്‍ഹതയില്ല. അതുകൊണ്ട് നാളെയെക്കുറിച്ചു ആകുലപ്പെടാതെ ഇന്നിനെക്കുറിച്ച് ചിന്തിക്കാം. ഇനിയുള്ള കാലം അതാകണം നമ്മുടെ പ്രതിജ്ഞ..."

കിരണിന്റെ നിശ്ചയദാര്‍ഢ്യവും മനഃക്കരുത്തും കണ്ട് ശോഭയും സുമനും കിരണിന്റെ കൈ കവര്‍ന്നു.....മൂവരും കൈകോര്‍ത്തു....പരസ്പരം പുഞ്ചിരിച്ച് ആലിംഗനം ചെയ്തു.... ഉദയസൂര്യന്റെ പ്രകാശ കിരണങ്ങള്‍ ജനലിലൂടെ അവരെ തഴുകാനെത്തി.. .. മുറ്റത്തു നില്‍ക്കുന്ന വൃക്ഷതലങ്ങളില്‍ തട്ടി തിളങ്ങുന്ന ഇലകള്‍ക്കും ശിഖരങ്ങള്‍ക്കുമിടയിലൂടെ പാളിവീണ കിരണങ്ങള്‍ മുറ്റത്തിനും സ്വര്‍ണ്ണവര്‍ണ്ണം നല്‍കി....

Sunday, November 5, 2017

തോക്ക് സംസ്ക്കാരം അമേരിക്കയുടെ ശാപം

ഇന്ന് നവംബര്‍ 5 ഞായര്‍. അമേരിക്കയില്‍ മറ്റൊരു ദുരന്ത വാര്‍ത്ത കേട്ട് ജനങ്ങള്‍ ഞെട്ടിത്തരിച്ചു. ടെക്സസിലെ  സാന്‍ ആന്റോണിയോ എന്ന നഗരത്തിന്റെ തെക്ക് കിഴക്ക് 30 മൈല്‍ അകലെയുള്ള സഥര്‍‌ലാന്റ് സ്‌പ്രിംഗ്സ് എന്ന ചെറു ഗ്രാമത്തിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ പ്രാര്‍ത്ഥന നടക്കുന്നതിനിടെ സെമി ഓട്ടോമാറ്റിക് ഗണ്ണുമായി ഒരു അക്രമി കയറി പ്രാര്‍ത്ഥനാനിരതരായിരുന്നവര്‍ ക്കിടയിലേക്ക് തുരുതുരാ വെടിവെച്ചു. അഞ്ച് വയസ്സുമുതല്‍ 72 വയസ്സുവരെ പ്രായമുള്ള 27 പേരെ ആ ക്രൂരന്‍ വെടിവെച്ചു കൊന്നു. ഇരുപത്തിനാലോളം പേര്‍ക്ക് മാരകമായ പരിക്കേല്പിക്കുകയും ചെയ്തു. വാര്‍ത്ത കേട്ട് ഉള്ളു പിടയാത്തവര്‍ ആരുമുണ്ടാകുമെന്നു തോന്നുന്നില്ല. എങ്കിലും, തോക്കിനാല്‍ വധിക്കപ്പെടുന്നവരുടെ എണ്ണം ദിനം‌പ്രതി പെരുകുകയാണ് അമേരിക്കയില്‍.

ഏതു സംഭവം നടന്നാലും അതിന്റെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തും. ഇവിടെയും അതുതന്നെ സംഭവിച്ചു. പോലീസും പട്ടാളവും എഫ്ബിഐയുമൊക്കെ സംഭവസ്ഥലത്ത് കുതിച്ചെത്തി അവരുടെ കൃത്യം നിര്‍‌വ്വഹിച്ചു. എന്നാല്‍, കൊല്ലപ്പെട്ടവരുടെ  ജീവന്‍ ആര് തിരിച്ചുകൊടുക്കും എന്നു മാത്രം അവര്‍ക്ക് പറയാനാവില്ല. കള്ളന്മാര്‍ക്കും, കൊള്ളക്കാര്‍ക്കും, കൊലപാതകികള്‍ക്കും യഥേഷ്ടം തോക്കുകള്‍ വാങ്ങാനും അവ കൊണ്ടു നടക്കാനും പൂര്‍ണ്ണ സ്വാതന്ത്ര്യമുള്ള സംസ്ഥാനമാണ് ടെക്സസ്. 2017 മെയ് മാസത്തില്‍ ഗവര്‍ണ്ണര്‍ ഗ്രേഗ് അബോട്ട് തോക്ക് നിയമം പ്രാബല്യത്തിലാക്കുന്ന ഒരു ബില്‍ പസാക്കിയിരുന്നു (Senate Bill 16 (SB 16). പൗരന്റെ അവകാശം കൂടുതല്‍ സുദൃഢമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനത്തില്‍ തോക്ക് കൈവശമാക്കാന്‍ നിരവധി ഇളവുകള്‍ അദ്ദേഹം ഉള്‍പ്പെടുത്തി. പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവരെ തോക്ക് കൈവശം വെക്കാനുള്ള അനുമതിയും നല്‍കി. അതിനുശേഷം നടക്കുന്ന ഏറ്റവും വലിയ വെടിവെപ്പാണ് ഇന്ന് നടന്നത്. അതും ഒരു പള്ളിയില്‍.

26കാരനായ മുന്‍ വൈദിക വിദ്യാര്‍ഥി ഡെവിന്‍ പാട്രിക് കെല്ലിയാണ് അക്രമി. വെള്ളക്കാരനായ ഇയ്യാള്‍ വിവാഹിതനാണ്. യു.എസ്. എയര്‍ഫോഴ്സില്‍ നിന്ന് സ്വഭാവദൂഷ്യത്തെത്തുടര്‍ന്ന് പിരിച്ചു വിടപ്പെട്ട വ്യക്തിയാണ്. എന്തിനാണ് ഇയ്യാള്‍ ഈ കടും‌കൈ ചെയ്തതെന്ന് ഇനി അറിയാനും സാദ്ധ്യമല്ല. കാരണം അയാളും കൊല്ലപ്പെട്ടു. സ്വയം വെടിവെച്ചതാണോ അതോ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതാണോ എന്ന് ഇനിയും അറിവായിട്ടില്ല.

ട്രം‌പ് അധികാരത്തില്‍ വന്നതിനുശേഷം വര്‍ഗ-വംശീയ ആക്രമണങ്ങളും വെടിവെപ്പും കൂടുകയാണ്. നിരത്തിലൂടെ നടന്നുപോകുന്നവരെപ്പോലും സാധാരണ ജനങ്ങള്‍ ആക്രമിക്കുന്നു. ബസ്സില്‍, ട്രെയ്നുകളില്‍, വിമാനങ്ങളില്‍ എല്ലാം തന്നെ വംശീയാക്രമണം നടക്കുന്നു. നിരവധി ഏഷ്യന്‍ വംശജര്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. 'നിങ്ങള്‍ നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചു പോകൂ' എന്നാണ് ഈ വംശവെറിയന്മാര്‍ ആവശ്യപ്പെടുന്നത്. അതിനേക്കാള്‍ എത്രയോ ഗൗരവമേറിയ സംഭവമാണ് കൂട്ടക്കൊലപാതകങ്ങള്‍.

ടെക്സസില്‍ നടന്ന വെടിവെയ്പ് അമേരിക്കയില്‍ ആദ്യത്തെ സംഭവമല്ല. 2012-ല്‍ സാന്‍ഡി ഹൂക്ക് പ്രാഥമിക വിദ്യാലയത്തില്‍ പിഞ്ചുകുട്ടികളടക്കം 28 പേര്‍ കൊല്ലപ്പെട്ട സംഭവം അമേരിക്കയെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചു. കണക്ടിക്കട്ടില്‍ ന്യൂ ടൗണിലെ സാന്‍ഡി ഹൂക്ക് എലിമെന്ററി സ്കൂളില്‍ ഡിസംബര്‍ 14നായിരുന്നു സംഭവം. സൈനിക വേഷത്തില്‍ ഇരുകൈയിലും തോക്കുമായി ക്ലാസ്മുറികളില്‍ കടന്നുകയറിയ ആദം ലാന്‍സ എന്ന അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ സ്കൂളിലെ അധ്യാപികയായ അമ്മ നാന്‍സിയെ കൊന്നശേഷമാണ് ലാന്‍സ സ്കൂളിലെത്തി കുട്ടികള്‍ക്ക് നേര വെടിയുതിര്‍ത്തത്. അമേരിക്കയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വെടിവയ്പുകള്‍ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തുകയാണ്. സ്കൂളുകളിലും കോളേജുകളിലുമടക്കം നിരവധി വെടിവയ്പ്പുകള്‍ നടന്നു കൊണ്ടിരിക്കുന്നു. പോര്‍ട്ട്‌ലാന്‍ഡിലെ തിരക്കേറിയ മാളില്‍ ജേക്കബ് റോബര്‍ട്ട്സ് എന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത്, കൊളറാഡോയിലെ അറോറയിലെ സിനിമാ തിയറ്ററില്‍ നടന്ന വെടിവയ്പില്‍ രണ്ടുപേര്‍, സിഖ് ക്ഷേത്രത്തില്‍ നടന്ന വെടിവയ്പില്‍ ആറുപേരും കൊല്ലപ്പെട്ടിരുന്നു. അതേ വര്‍ഷം സെപ്തംബര്‍ 27ന് ആന്‍ഡ്രൂ ഏഞ്ചല്‍ദിനള്‍ എന്നയാള്‍ ആറുപേരെയും ഒക്ടോബര്‍ 21ന് റാഡ്ക്ലിഫ് ഹോട്ടന്‍ എന്നയാള്‍ മൂന്നുപേരെയും വെടിവച്ചുകൊന്നു.
   
ഈ സംഭവത്തിനുശേഷം അമേരിക്കയില്‍ തോക്കുകളുടെ വില്പനയില്‍ നിയന്ത്രണം വേണമെന്ന് പ്രസിഡന്റ് ഒബാമ ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ അമേരിക്കക്കാരുടെ ആയുധഭ്രമം പതിന്മടങ്ങ് വര്‍ധിക്കുകയാണുണ്ടായത്. ആ വര്‍ഷം തോക്കുകളുടെ ഓണ്‍‌ലൈന്‍ സ്റ്റോറില്‍ നിന്നു മാത്രം മുപ്പതിനായിരത്തിലേറെ തോക്കുകള്‍ വിറ്റുപോയെന്ന് പിന്നീട് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത അമേരിക്കയില്‍ ഇനിയും കൂട്ടക്കുരുതികള്‍ തുടരുമെന്നും അന്നേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 അന്ന് ഫോക്‌സ് ന്യൂസിനു നല്‍കിയ ഒരു അഭിമുഖത്തില്‍ തോക്ക് വ്യാപാരിയായ ഹണ്ടേഴ്‌സ് വെയര്‍ഹൗസ് ഉടമ ടോം ഈഗിള്‍ നല്‍കിയ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. സാന്റിഹുക്ക് വെടിവെപ്പു കഴിഞ്ഞ് ഒരാഴ്ച കൊണ്ട് വിറ്റുപോയത് മുപ്പതിനായിരത്തിലേറെ തോക്കുകളായിരുന്നുവത്രേ. മൂന്ന് ലക്ഷത്തിലേറെ വ്യത്യസ്ത തരം തോക്കുകളാണ് വില്പനയ്ക്ക് വെച്ചിരുന്നത്.  2016 ജൂണ്‍ 12-ന് ഒര്‍ലാന്റോ നിശാക്ലബില്‍ നടന്ന വെടിവെപ്പില്‍ 49 പേരെയാണ് അക്രമി വധിച്ചത്. അതിനു തൊട്ടു മുന്‍പാണ് തോക്ക് വില്‍പനയില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ബില്ലിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി യുഎസ് സെനറ്റില്‍ എതിര്‍ത്ത് പരാജയപ്പെടുത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഈ നിലപാടില്‍ ഇപ്പോഴും കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. ആ വെടിവെപ്പിനിടെ ഇരകളില്‍ ആരുടെയെങ്കിലും കൈയ്യില്‍ തോക്കുണ്ടായിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്ഥമായേനെ എന്നായിരുന്നു റിപ്പബ്ലക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിചിത്രമായ പ്രതികരണം. തോക്ക് കൈവശമുള്ള ഇരകള്‍ തിരിച്ച് വെടിവെച്ചാല്‍ അവിടം ചോരപ്പുഴയൊഴുകുമെന്ന് സാരം.

ജീവഹാനിക്ക് ഇടയാക്കുന്ന എആര്‍ 15 തോക്കുകള്‍ നിരോധിച്ചുകൊണ്ട് 1994ല്‍ സെനറ്റ് ഒരു ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ ഈ ബില്‍ പുതുക്കുന്നതില്‍ യു.എസ്. കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ 2004ല്‍ തോക്ക് നിയന്ത്രണ നിയമം അവസാനിച്ചു. സാധാരണ കൈതോക്ക് പോലുള്ളവയല്ല എആര്‍ 15. യുദ്ധമേഖലയില്‍ പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്നതിന് സമാനമായ മോഡലാണിത്. 1958ലാണ് എആര്‍ 15ന്റെ ജനനം. വളരെ വേഗത്തില്‍ തിരകള്‍ നിറക്കാമെന്നതും നിരവധി തവണ നിറയൊഴിക്കാമെന്നതുമാണ് ഒറ്റ നോട്ടത്തില്‍ എകെ 47 പോലെ തോന്നിപ്പിക്കുന്ന എആര്‍ 15ന്റെ പ്രധാന പ്രത്യേകത.

2016 ഒക്ടോബറിലാണ് ഒറിഗോണിലെ കോളജിലുണ്ടായ വെടിവെപ്പില്‍ 9 പേരെ കൊന്നതും സാന്‍ ബെര്‍നാര്‍ഡിനോയില്‍ 14 പേരെ വധിച്ചതും എആര്‍ 15 ഉപയോഗിച്ച് തന്നെ. അമേരിക്കയില്‍ എവിടെയും തോക്ക് വില്‍പനശാലയില്‍ നേരിട്ട് പോയി ആര്‍ക്കും കാര്യമായ പരിശോധനകളൊന്നും കൂടാതെ ഈ തോക്ക് സ്വന്തമാക്കാനാകും. ഭീകരവാദി പട്ടികയിലുള്ളവര്‍ക്കും ഈ തോക്ക് സ്വന്തമാക്കാന്‍ യാതൊരു പ്രയാസവുമുണ്ടാകില്ല. കൂട്ടക്കൊലകളേക്കാള്‍ സര്‍ക്കാര്‍ തോക്ക് വില്‍പ്പനയില്‍ നിയന്ത്രണം കൊണ്ടുവരുന്നു എന്ന വാര്‍ത്തകളാണ് പലപ്പോഴും തോക്കു വില്‍പ്പന വന്‍തോതില്‍ ഉയര്‍ത്തിയിട്ടുള്ളത്.

വര്‍ണ്ണവിവേചനവും വംശീയാക്രമണവും അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 5-ന് ലാസ് വേഗസില്‍ നടന്ന വെടിവെപ്പില്‍ 58 പേരാണ് കൊല്ലപ്പെട്ടത്. 489 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇങ്ങനെ ഒരു കൂട്ടക്കുരുതി നടത്താന്‍ സ്റ്റീഫന്‍ പാഡക് എന്ന അക്രമിയെ പ്രേരിപ്പിച്ചതെന്ത്?

ഇക്കഴിഞ്ഞ ഒക്ടോബര്‍ 17-ന് മെരിലാന്റിലെ വെടിവെപ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇമ്മോർട്ടൻ ബിസിനസ്​ പാർക്കിലാണ്​ സംഭവം നടന്നത്. 37കാരനായ റാദി ലബീബ്​ പ്രിൻസാണ്​ ആക്രമണം നടത്തിയത്.​ അഡ്വാൻസ്​ഡ്​ ഗ്രാനൈറ്റ്​ സൊല്യൂഷൻസിലെ​ ജീവനക്കാരാണ്​ മരിച്ചത്.  ഇതേ കമ്പനിയിലെ മെഷീന്‍ ഓപ്പറേറ്ററാണ് ലബീബ്. നാല് മാസം മുമ്പാണ് ഇയാള്‍ ഇവിടെ ജോലിയില്‍ ചേര്‍ന്നത്. വെടിവെപ്പ് നടത്തിയ ശേഷം  രക്ഷപ്പെട്ട ലബീബ് ഡെലവെയറിലേക്ക് പോവുകയും അവിടെ വെച്ച് ഒരാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

 ഈ മാസം രണ്ടിന് കൊളറാഡോയില്‍ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡെന്‍വറിലെ തോണ്‍ടണിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ നിര്‍ത്താതെ വെടിവയ്ക്കുകയായിരുന്നു. പൊലീസും ശക്തമായി തിരിച്ചടിച്ചിരുന്നു.

ഈ തോക്ക് സംസ്ക്കാരം കവര്‍ന്നെടുക്കുന്നത് നിഷ്ക്കളങ്ക ജീവനുകളെയാണ്.  ലോകം മുഴുവന്‍ കാല്‍ക്കീഴിലാക്കാനുള്ള വ്യഗ്രതയില്‍, തങ്ങളുടെ രാജ്യം, പൗരന്മാര്‍ എന്നതിലപ്പുറം ഈ ഭൂമിയില്‍ മറ്റൊന്നും പ്രസക്തമല്ല എന്ന് അഹങ്കരിക്കുന്ന ഭരണകൂടം അതേ പൗരന്മാര്‍ക്ക് ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ എന്തുകൊണ്ട് പരാജയപ്പെടുന്നു? ഭയപ്പാടില്ലാതെ മാര്‍ക്കറ്റുകളില്‍ പോകാനോ, ജോലി സ്ഥലത്ത് പോകാനോ, സ്കൂള്‍-കോളെജ് എന്നിവിടങ്ങളില്‍ പോകാനോ എന്തിനേറെ ആരാധനാലയങ്ങളില്‍ പോലും സധൈര്യം പോകാമെന്ന ഉറപ്പ് നല്‍കേണ്ട ഭരണകൂടം തന്നെ കൊലയാളികള്‍ക്ക് യഥേഷ്ടം ആയുധങ്ങള്‍ ലഭ്യമാക്കാനുള്ള നിയമനിര്‍മ്മാണം നടത്തുന്നതും തെറ്റായ കീഴ്‌വഴക്കമാണ്. ഭീകരതയുടെ പേരില്‍ ചില രാഷ്ട്രങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുകയും നിയമപരമായി അമേരിക്കയില്‍ ജീവിക്കുന്നവരെ വംശീയപരമായി ആക്രമിക്കുകയും ചെയ്യുമ്പോള്‍ അമേരിക്കയുടെ യശസ്സിനാണ് മങ്ങലേല്‍ക്കുന്നതെന്ന് ഭരണകൂടം മനസ്സിലാക്കുന്നില്ല.  സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ ഇതര രാജ്യത്തെ മന്ത്രിമാരെയും പൗരന്മാരേയും വിമാനത്താവളങ്ങളില്‍ തുണിയുരിഞ്ഞു പീഡിപ്പിക്കുന്ന, ചില മുസ്ലിം പേരുകള്‍ കേട്ടാല്‍ പോലും വിറളി പിടിച്ചു സംശയദൃഷ്ടിയോടെ സമീപിക്കുമ്പോള്‍ ഒരു കാര്യം മറക്കുന്നു, ശത്രുക്കള്‍ ഇവിടെത്തന്നെയുണ്ടെന്ന്.  ഉള്ളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇത്തരം തോക്ക് സംസ്കാരങ്ങള്‍ തന്നെയാണ് അമേരിക്കയുടെ ശത്രു.

തോക്കുകള്‍ കൊണ്ടുള്ള ഈ ആക്രമണങ്ങളുടെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരാണ്? തോക്ക് സംസ്ക്കാരത്തിന്റെ ഉപജ്ഞാതാക്കള്‍ തന്നെ. ഓരോ ആക്രമണങ്ങള്‍ കഴിയുമ്പോഴും മുതലക്കണ്ണീരൊഴുക്കി ജനങ്ങളെ ആശ്വസിപ്പിക്കാന്‍ രംഗത്തിറങ്ങുന്ന ഭരണകര്‍ത്താക്കള്‍ മനഃസ്സാക്ഷിയില്ലാത്തവരാണ്.

Thursday, November 2, 2017

ഇന്റര്‍ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സെന്റര്‍ പ്രൊഫ. ഡയാന എക്കിനെ ആദരിച്ചു

ന്യൂയോര്‍ക്ക്: ഇന്റര്‍ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സെന്റര്‍ ഓഫ് ലോംഗ് ഐലന്റ് (ഐഐഎല്‍ഐ) രണ്ടാം വാര്‍ഷിക അവാര്‍ഡ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫ. ഡയാന എക്കിന് നല്‍കി ആദരിച്ചു. അമേരിക്കയിലെ പുതിയ കുടിയേറ്റക്കാരുടെ മതപരമായ പരിണാമങ്ങള്‍ക്ക് അവർ നല്‍കിയ സമഗ്ര സംഭാവനകള്‍, പ്രത്യേകിച്ച് മുസ്ലീം, ഹിന്ദു, ബുദ്ധ, സിഖ്, ജൈന, സൊറോസ്ട്രിയന്‍ സമുദായങ്ങള്‍ക്ക്, അംഗീകാരം കൂടിയാണ് ഈ അവാര്‍ഡ്.

ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്കിലെ വെസ്റ്റ്ബറിയിലുള്ള ഇസ്ലാമിക് സെന്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വിവിധ മതവിശ്വാസങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഡോ. എക്ക് ഒരു പ്രശസ്ത എഴുത്തുകാരിയും, താരതമ്യ മതവും ഇന്ത്യന്‍ പഠന വിഭാഗത്തിന്റെയും, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്ലൂരലിസം പ്രൊജക്റ്റിന്റെ ഡയറക്ടറും, ലോവല്‍ ഹൗസിലെ ഫാക്കല്‍റ്റി ഡീനും കൂടിയാണ്.

'എ ന്യൂ റിലിജിയസ് അമേരിക്ക: എങ്ങനെയാണ് ഒരു "ക്രൈസ്തവ രാജ്യം" ലോകത്തിലെ ഏറ്റവും മതപരമായി വൈവിധ്യമാര്‍ന്ന രാഷ്ട്രമായിത്തീര്‍ന്നതെന്നതിനെക്കുറിച്ചും, സമുദായങ്ങള്‍ക്കിടയിലുള്ള പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും, അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഡോ. എക്ക് സംസാരിച്ചു. തന്റെ പൂ‌ര്‍‌വ്വികരുടെ നാടായ സ്വീഡനിലെ യഹൂദ വിരുദ്ധ സമരവും, കുടിയേറ്റ ഭൂമിയായ അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ, യഹൂദ വിരുദ്ധ സമരങ്ങളെക്കുറിച്ചും അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിശദീകരിച്ചു.

ഐസിഐഎല്ലിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചതോടൊപ്പം, ഒരു മോഡല്‍ ഇസ്ലാമിക് സെന്റര്‍ ആയി വളരുന്നതും, പ്രദേശത്ത് മറ്റു സമുദായങ്ങളിലേക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു ഇടനില കേന്ദ്രമെന്ന നിലയില്‍ ഇന്റര്‍ഫെയ്ത്ത് സെന്റര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്നും അവര്‍ പറഞ്ഞു.

നഗരത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്നതു പോലെ, ജനങ്ങള്‍ക്കിടയിലുള്ള പാലങ്ങള്‍ നിര്‍മിക്കാന്‍ ഒരു സാംസ്കാരിക ശൃംഖല ആവശ്യമാണ്, പ്രത്യേകിച്ചും വൈവിധ്യത രാജ്യത്തിന്റെ മുഖമുദ്രയായി മാറിയ സ്ഥിതിക്ക്, അവര്‍ പറഞ്ഞു.

1965 ല്‍ പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സണ്‍ ഒപ്പുവെച്ച കുടിയേറ്റ ബില്‍ എല്ലാ ദേശങ്ങളില്‍ നിന്നും കുടിയേറ്റത്തിന് വാതില്‍ തുറന്നു കൊടുത്തു. ഇപ്പോള്‍ നാം കാണുന്നത് മതപരമായ വൈവിധ്യത്തെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ബില്‍ ഓഫ് റൈറ്റ്സ്' അമേരിക്കയില്‍ എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നു. 2009-ല്‍ തന്റെ ആദ്യ പ്രഭാഷണത്തില്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ശക്തിയായിത്തന്നെ പറഞ്ഞു: "ഇത് ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും, ബുദ്ധമത വിശ്വാസികളുടെയും, വിശ്വാസികളുടെയും രാജ്യമാണ്..."

നമ്മളാരാണ്? പുതിയ മതവൈവിധ്യങ്ങളുമായി നാം എങ്ങനെ പൊരുത്തപ്പെടുന്നു? വിവിധ മത പാരമ്പര്യങ്ങള്‍ ഒരു ദേശത്തിലൂടെ ഒഴുകുന്ന നദികള്‍ പോലെയാണ്.

"അമേരിക്ക മാറുകയാണ്, ജനസംഖ്യയുടെ 80 ശതമാനവും ഇപ്പോഴും ക്രിസ്ത്യാനികളാണ്. നാം പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. തലപ്പാവ് ധരിച്ച സിഖ് പുരുഷനേയും നെറ്റിയില്‍ സിന്ദൂരമണിഞ്ഞ ഹിന്ദു സ്ത്രീയേയും നമ്മള്‍ തെരുവില്‍ കാണുന്നു."

ജനസംഖ്യാപരമായ മാറ്റം ഭരണത്തെ ബാധിച്ചു. സിയാറ്റില്‍ എയര്‍പോര്‍ട്ടില്‍ ഒരു നിത്യഹരിത ക്രിസ്മസ് ട്രീ ഉണ്ട്, തികച്ചും മതപരമാണ് അത്. ആര്‍മിയിലാകട്ടേ അവിശ്വാസികള്‍ക്ക് ആരാധിക്കാന്‍ അവരുടെ റാങ്കുകള്‍ അനുവദിക്കുന്നില്ല. മിനിയാപോളിസ് എയര്‍പോര്‍ട്ടില്‍ നിന്ന് സ്വവര്‍ഗാനുരാഗികളെ എടുക്കാന്‍ സോമാലി ടാക്സി ഡ്രൈവര്‍മാര്‍ വിസമ്മതിച്ച പ്രശ്നവുമുണ്ടായിരുന്നു. ഇന്ന് നിരവധി മതവിഭാഗങ്ങളുടെ മൂവ്മെന്റുകളുണ്ട്, ഓരോന്നും ഒരേ ദിശയില്‍ ഒഴുകുന്നു.

"കുറച്ച് ആളുകള്‍, ഞാനല്ല, വെളുത്ത വര്‍ഗക്കാര്‍ ന്യൂനപക്ഷമാവുമോ എന്ന് ആകുലപ്പെടുന്നുണ്ട്. ഫോര്‍ഡ് മോട്ടോഴ്സ് പോലെയുള്ള കാര്‍ കമ്പനികളില്‍ വ്യത്യസ്ത മതവിശ്വാസങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ആഗോളതലത്തില്‍ ജോലി ചെയ്യുന്നു. ഇവയെല്ലാം യാഥാര്‍ത്ഥ്യമാണ്, അതില്‍ നിന്ന് നമുക്ക് രക്ഷപ്പെടാന്‍ പറ്റില്ല, "പ്രൊഫ. എക്ക് ചൂണ്ടിക്കാട്ടി.

ഹാര്‍വാഡിലെ വിദ്യാര്‍ത്ഥിയായിരിക്കെ, തന്റെ പിതാവിനെ പരിചരിച്ച യഹൂദ വംശജരെക്കുറിച്ച് അദ്ദേഹം വാചാലനാകുമെന്ന് ഇന്റര്‍ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ഡോ. ഫറൂഖ് അഹമ്മദ് ഖാന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം, ഡോ. ഖാന്‍ ന്യൂയോര്‍ക്കില്‍ താമസമാക്കിയപ്പോള്‍, അടുത്തെങ്ങും യഹൂദര്‍ ഉണ്ടായിരുന്നില്ല. കാരണമന്വേഷിച്ചപ്പോള്‍, ആ പ്രദേശത്ത് യഹൂദന്മാരെ സ്വാഗതം ചെയ്യുകയില്ലെന്നറിഞ്ഞു. അത് അദ്ദേഹത്തില്‍ ഞെട്ടലുളവാക്കി.

ഡോ. ഖാന്‍ തന്റെ ഭാര്യയെ പരിചയപ്പെടുത്തിക്കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. തന്റെ ഭാര്യ ലോംഗ് ഐലന്റ് ജ്യൂവിഷ് ഹോസ്പിറ്റലില്‍ നിന്ന് 50 വര്‍ഷത്തെ സേവനം മതിയാക്കി അടുത്ത വര്‍ഷം റിട്ടയര്‍ ചെയ്യാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് ഒരു അഭ്യൂഹം ഞാന്‍ കേട്ടു എന്നു പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് കൂട്ടച്ചിരിയുയര്‍ന്നു.

ഇന്റര്‍ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള പ്രധാന കാരണം തന്നെ മുസ്ലീം വിരുദ്ധ, മുസ്ലീം വിരുദ്ധ പ്രചാരണം, ഭീഷണി എന്നിവയ്ക്കുള്ള പ്രതിവിധിയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ മുന്‍വിധികളില്ലാതെ ജനിച്ചവരാണ്, എന്നാല്‍ അവരെ സൃഷ്ടിച്ചത് അവ വാങ്ങാനാണ്. നേരത്തെ ഒരു ഇമാം പറഞ്ഞ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നമ്മള്‍ പ്രസംഗിക്കുവാനായല്ല ഇവിടെ കൂടിയിരിക്കുന്നത്, മറിച്ച് സംവദിക്കാനാണ്. വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നും നാം പ്രചോദനം നേടുകയും, അതേ ഗ്രന്ഥങ്ങള്‍ ജീവന്‍ പരിഭാഷപ്പെടുത്തുവാന്‍ നമ്മെ ഉപദേശിക്കുകയും ചെയ്യുന്നു. ഇസ്ലാമിക വിശ്വാസത്തിള്‍ പരസ്പരബന്ധം വളരെ ആദരിക്കപ്പെടുന്നു, നിങ്ങള്‍ പരസ്പരം ധിക്കരിക്കരുതെന്ന് ഖുര്‍-ആന്‍ പറയുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഐഎല്‍ഐയുടെ പ്രസിഡന്റ് ഡോ. ഇസ്മ ചൗധരി, വിവിധ സമുദായങ്ങളുമായി മികച്ച ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സെന്ററിന്റേയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ലോകം ലോകത്തെ ഏറ്റവും അടുപ്പിച്ചത് ടെക്നോളജിയാണെന്ന് ഐസിഐഎല്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാൻ ഡോ. ഖമര്‍ സമാന്‍ പറഞ്ഞു. പക്ഷേ, 9/11 എല്ലാം മാറ്റി മറിച്ചു. മുസ്ലീങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ആരംഭിച്ചു. എന്നാല്‍, ആ സംഭവത്തോടെ കൂടുതല്‍ ആളുകള്‍ക്ക് ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ അവസരവും സൃഷ്ടിച്ചു. ഈ സമയങ്ങളില്‍ മതമൗലികവാദികളുടെ വ്യാഖ്യാനങ്ങള്‍ എല്ലാവര്‍ക്കും ദോഷകരമായി ബാധിച്ചു. യഹൂദ വിരോധമോ ഇസ്ലാമോഫോബിയയോ ഇല്ലാതെ സ്നേഹത്തിന്റെ ഒരു ലോകത്തിനായി നമുക്ക് പ്രവര്‍ത്തിക്കാം, അദ്ദേഹം പറഞ്ഞു.

'നിങ്ങളുടെ പരിചയക്കാരെ അറിയുക' എന്ന പ്രോഗ്രാം ആരംഭിച്ചതിനെക്കുറിച്ച് റവ. തോമസ് ഡബ്ല്യു ഗുഡ്ഹു വിവരിച്ചു. പരസ്പരം അറിയുക മാത്രമല്ല, പരസ്പരം അറിയാനും ഇത് സഹായിക്കുകയും ചെയ്തു.

ലോംഗ് ഐലന്റിലെ ഇന്റര്‍ഫെയ്ത്ത് ന്യൂട്രീഷന്‍ നെറ്റ്‌വര്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജീന്‍ കെല്ലി താന്‍ ഒരു സൂപ്പ് കിച്ചനില്‍ ജോലി ചെയ്തിരുന്ന സമയത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ച് വിവരണം നല്‍കി. ക്രിസ്തു മതത്തിലെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്ന, പരസ്പരമറിയാത്ത രണ്ടു സ്ത്രീകള്‍ ഭക്ഷണത്തിനായി എത്തി. ഇതര ഗ്രൂപ്പുകളെ ഇരുവരും ഭയപ്പെട്ടിരുന്നു, തമ്മില്‍ കണ്ടുമുട്ടുന്നതുവരെ. എന്നാല്‍ വിശ്വാസപരമായ ബന്ധം നോക്കാതെ മറ്റുള്ളവരെ സ്നേഹിക്കേണ്ടുന്നതിന്റെ ആവശ്യകത അവര്‍ എടുത്തുപറഞ്ഞു.

മുസ്ലിം യഹൂദ ഉപദേശക സമിതിയുടെ ചെയര്‍മാന്‍ ഫാറൂഖ് കാത്വാരി, യഹൂദര്‍ ആരംഭിച്ച ഏഥന്‍ അല്ലെന്‍ ഇന്റീരിയേഴ്സിന്റെ ചെയര്‍മാന്‍, പ്രസിഡന്റ്, സിഇഒ എന്നീ തസ്തികകളിലേക്ക് താന്‍ ഉയർത്തപ്പെട്ട സംഭവം വിവരിച്ചു. ഇന്റര്‍ഫെയ്ത്തുമായുള്ള പരസ്പര ബന്ധങ്ങളില്‍ ചെയ്തുവരുന്ന ജോലി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ജനസംഖ്യയില്‍ 54.5 ശതമാനം പേരും അബ്രഹാമിക വിശ്വാസങ്ങള്‍ പിന്തുടരുകയും, മറ്റുള്ളവര്‍ വിവിധ വിശ്വാസങ്ങളെ പിന്തുടരുന്നതായും ഇന്റര്‍ഫെയ്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഐസി‌എല്‍ഐയുടേയും ട്രസ്റ്റീ ബോര്‍ഡ് അംഗം ഡോ. ഉണ്ണി മൂപ്പന്‍ പറഞ്ഞു. വിവിധ വിശ്വാസങ്ങളുടെ അനുയായികള്‍ തമ്മില്‍ മനസ്സിലാക്കുകയും സഹകരിക്കുകയും ചെയ്യുന്നതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. "നിങ്ങള്‍ പരസ്പര ബന്ധങ്ങളില്‍ വിശ്വസിക്കുന്നവരായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ഇവിടെ വരികയില്ലായിരുന്നു," അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത ചില അതിഥികളെ അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി: സത്‌നാം സിംഗ് പര്‍ഹാര്‍ (മുന്‍ പ്രസിഡന്റ് - ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റ്, ചെയര്‍മാന്‍ ഓഫ് എസ്ബി‌എന്‍ സിംഗ് കള്‍ച്ചറല്‍ അസ്സോസിയേഷന്‍), കോർപ്പറേറ്റ് പരിശീലകൻ, ക്ലാസിക്കൽ സംഗീത ഗായകൻ, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ സെക്രട്ടറി ബാല രാമനാഥന്‍, ഭാര്യ ഡോ. രോഹിണി രാമനാഥൻ, ബുദ്ധിസ്റ്റുകളെ പ്രതിനിധീകരിച്ച് ഡോ. ഹർഷ റെഡ്ഡി, ജോസ് കാടാപ്പുറം, ജേക്കബ് മാനുവൽ (കൈരളി ടിവി), ഹര്‍ഷദ് ഭട്ട്, നിരഞ്ജന്‍ പട്ടേല്‍ (ബാപ്സ് മന്ദിര്‍, മെല്‍‌വില്‍, ലോംഗ് ഐലന്റ്), ലീലാ മാരേട്ട് (പ്രസിഡന്റ്, ഫൊക്കാന വിമന്‍സ് ഫോറം/ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍), ഡോ. തെരേസാ ആന്റണി (റിട്ട. പ്രൊഫസര്‍), ഇ.എം. സ്റ്റീഫന്‍, തമ്പി തലപ്പിള്ളില്‍ (കേരള സെന്റര്‍). 2001-ലെ 9/11 ന് ശേഷം കേരളാ സെന്റര്‍ സംഘടിപ്പിച്ച ഇന്റര്‍ഫെയ്ത്ത് പ്രാര്‍ഥനാ യജ്ഞത്തില്‍ ഐസി‌എല്‍ഐ പങ്കെടുത്ത കാര്യം ഡോ. മൂപ്പന്‍ അനുസ്മരിച്ചു.

ഡോ. ഹര്‍ഷദ് ഭട്ട് ബാപ്സ് മന്ദിരത്തെക്കുറിച്ചും വിവിധ വിശ്വാസങ്ങൾ തമ്മിലുള്ള ധാരണയെക്കുറിച്ചും സംസാരിച്ചു. ഡോ. രോഹിണി രാമനാഥന്‍ ഉപനിഷത്തുകളില്‍ നിന്നെടുത്ത ഒരു സംസ്കൃത ശ്ലോകത്തിന്റെ, ഏതു വിശ്വാസികള്‍ക്കും അനുയോജ്യമായ, ഇംഗ്ലീഷ് പരിഭാഷ മനോഹരമായി അവതരിപ്പിച്ചു.

ശ്രീമതി സീമ റഹ്മാന്‍ എംസിയായി പ്രവര്‍ത്തിച്ചു.