Sunday, November 5, 2017

തോക്ക് സംസ്ക്കാരം അമേരിക്കയുടെ ശാപം

ഇന്ന് നവംബര്‍ 5 ഞായര്‍. അമേരിക്കയില്‍ മറ്റൊരു ദുരന്ത വാര്‍ത്ത കേട്ട് ജനങ്ങള്‍ ഞെട്ടിത്തരിച്ചു. ടെക്സസിലെ  സാന്‍ ആന്റോണിയോ എന്ന നഗരത്തിന്റെ തെക്ക് കിഴക്ക് 30 മൈല്‍ അകലെയുള്ള സഥര്‍‌ലാന്റ് സ്‌പ്രിംഗ്സ് എന്ന ചെറു ഗ്രാമത്തിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ പ്രാര്‍ത്ഥന നടക്കുന്നതിനിടെ സെമി ഓട്ടോമാറ്റിക് ഗണ്ണുമായി ഒരു അക്രമി കയറി പ്രാര്‍ത്ഥനാനിരതരായിരുന്നവര്‍ ക്കിടയിലേക്ക് തുരുതുരാ വെടിവെച്ചു. അഞ്ച് വയസ്സുമുതല്‍ 72 വയസ്സുവരെ പ്രായമുള്ള 27 പേരെ ആ ക്രൂരന്‍ വെടിവെച്ചു കൊന്നു. ഇരുപത്തിനാലോളം പേര്‍ക്ക് മാരകമായ പരിക്കേല്പിക്കുകയും ചെയ്തു. വാര്‍ത്ത കേട്ട് ഉള്ളു പിടയാത്തവര്‍ ആരുമുണ്ടാകുമെന്നു തോന്നുന്നില്ല. എങ്കിലും, തോക്കിനാല്‍ വധിക്കപ്പെടുന്നവരുടെ എണ്ണം ദിനം‌പ്രതി പെരുകുകയാണ് അമേരിക്കയില്‍.

ഏതു സംഭവം നടന്നാലും അതിന്റെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തും. ഇവിടെയും അതുതന്നെ സംഭവിച്ചു. പോലീസും പട്ടാളവും എഫ്ബിഐയുമൊക്കെ സംഭവസ്ഥലത്ത് കുതിച്ചെത്തി അവരുടെ കൃത്യം നിര്‍‌വ്വഹിച്ചു. എന്നാല്‍, കൊല്ലപ്പെട്ടവരുടെ  ജീവന്‍ ആര് തിരിച്ചുകൊടുക്കും എന്നു മാത്രം അവര്‍ക്ക് പറയാനാവില്ല. കള്ളന്മാര്‍ക്കും, കൊള്ളക്കാര്‍ക്കും, കൊലപാതകികള്‍ക്കും യഥേഷ്ടം തോക്കുകള്‍ വാങ്ങാനും അവ കൊണ്ടു നടക്കാനും പൂര്‍ണ്ണ സ്വാതന്ത്ര്യമുള്ള സംസ്ഥാനമാണ് ടെക്സസ്. 2017 മെയ് മാസത്തില്‍ ഗവര്‍ണ്ണര്‍ ഗ്രേഗ് അബോട്ട് തോക്ക് നിയമം പ്രാബല്യത്തിലാക്കുന്ന ഒരു ബില്‍ പസാക്കിയിരുന്നു (Senate Bill 16 (SB 16). പൗരന്റെ അവകാശം കൂടുതല്‍ സുദൃഢമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനത്തില്‍ തോക്ക് കൈവശമാക്കാന്‍ നിരവധി ഇളവുകള്‍ അദ്ദേഹം ഉള്‍പ്പെടുത്തി. പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവരെ തോക്ക് കൈവശം വെക്കാനുള്ള അനുമതിയും നല്‍കി. അതിനുശേഷം നടക്കുന്ന ഏറ്റവും വലിയ വെടിവെപ്പാണ് ഇന്ന് നടന്നത്. അതും ഒരു പള്ളിയില്‍.

26കാരനായ മുന്‍ വൈദിക വിദ്യാര്‍ഥി ഡെവിന്‍ പാട്രിക് കെല്ലിയാണ് അക്രമി. വെള്ളക്കാരനായ ഇയ്യാള്‍ വിവാഹിതനാണ്. യു.എസ്. എയര്‍ഫോഴ്സില്‍ നിന്ന് സ്വഭാവദൂഷ്യത്തെത്തുടര്‍ന്ന് പിരിച്ചു വിടപ്പെട്ട വ്യക്തിയാണ്. എന്തിനാണ് ഇയ്യാള്‍ ഈ കടും‌കൈ ചെയ്തതെന്ന് ഇനി അറിയാനും സാദ്ധ്യമല്ല. കാരണം അയാളും കൊല്ലപ്പെട്ടു. സ്വയം വെടിവെച്ചതാണോ അതോ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതാണോ എന്ന് ഇനിയും അറിവായിട്ടില്ല.

ട്രം‌പ് അധികാരത്തില്‍ വന്നതിനുശേഷം വര്‍ഗ-വംശീയ ആക്രമണങ്ങളും വെടിവെപ്പും കൂടുകയാണ്. നിരത്തിലൂടെ നടന്നുപോകുന്നവരെപ്പോലും സാധാരണ ജനങ്ങള്‍ ആക്രമിക്കുന്നു. ബസ്സില്‍, ട്രെയ്നുകളില്‍, വിമാനങ്ങളില്‍ എല്ലാം തന്നെ വംശീയാക്രമണം നടക്കുന്നു. നിരവധി ഏഷ്യന്‍ വംശജര്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. 'നിങ്ങള്‍ നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചു പോകൂ' എന്നാണ് ഈ വംശവെറിയന്മാര്‍ ആവശ്യപ്പെടുന്നത്. അതിനേക്കാള്‍ എത്രയോ ഗൗരവമേറിയ സംഭവമാണ് കൂട്ടക്കൊലപാതകങ്ങള്‍.

ടെക്സസില്‍ നടന്ന വെടിവെയ്പ് അമേരിക്കയില്‍ ആദ്യത്തെ സംഭവമല്ല. 2012-ല്‍ സാന്‍ഡി ഹൂക്ക് പ്രാഥമിക വിദ്യാലയത്തില്‍ പിഞ്ചുകുട്ടികളടക്കം 28 പേര്‍ കൊല്ലപ്പെട്ട സംഭവം അമേരിക്കയെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചു. കണക്ടിക്കട്ടില്‍ ന്യൂ ടൗണിലെ സാന്‍ഡി ഹൂക്ക് എലിമെന്ററി സ്കൂളില്‍ ഡിസംബര്‍ 14നായിരുന്നു സംഭവം. സൈനിക വേഷത്തില്‍ ഇരുകൈയിലും തോക്കുമായി ക്ലാസ്മുറികളില്‍ കടന്നുകയറിയ ആദം ലാന്‍സ എന്ന അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ സ്കൂളിലെ അധ്യാപികയായ അമ്മ നാന്‍സിയെ കൊന്നശേഷമാണ് ലാന്‍സ സ്കൂളിലെത്തി കുട്ടികള്‍ക്ക് നേര വെടിയുതിര്‍ത്തത്. അമേരിക്കയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വെടിവയ്പുകള്‍ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തുകയാണ്. സ്കൂളുകളിലും കോളേജുകളിലുമടക്കം നിരവധി വെടിവയ്പ്പുകള്‍ നടന്നു കൊണ്ടിരിക്കുന്നു. പോര്‍ട്ട്‌ലാന്‍ഡിലെ തിരക്കേറിയ മാളില്‍ ജേക്കബ് റോബര്‍ട്ട്സ് എന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത്, കൊളറാഡോയിലെ അറോറയിലെ സിനിമാ തിയറ്ററില്‍ നടന്ന വെടിവയ്പില്‍ രണ്ടുപേര്‍, സിഖ് ക്ഷേത്രത്തില്‍ നടന്ന വെടിവയ്പില്‍ ആറുപേരും കൊല്ലപ്പെട്ടിരുന്നു. അതേ വര്‍ഷം സെപ്തംബര്‍ 27ന് ആന്‍ഡ്രൂ ഏഞ്ചല്‍ദിനള്‍ എന്നയാള്‍ ആറുപേരെയും ഒക്ടോബര്‍ 21ന് റാഡ്ക്ലിഫ് ഹോട്ടന്‍ എന്നയാള്‍ മൂന്നുപേരെയും വെടിവച്ചുകൊന്നു.
   
ഈ സംഭവത്തിനുശേഷം അമേരിക്കയില്‍ തോക്കുകളുടെ വില്പനയില്‍ നിയന്ത്രണം വേണമെന്ന് പ്രസിഡന്റ് ഒബാമ ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ അമേരിക്കക്കാരുടെ ആയുധഭ്രമം പതിന്മടങ്ങ് വര്‍ധിക്കുകയാണുണ്ടായത്. ആ വര്‍ഷം തോക്കുകളുടെ ഓണ്‍‌ലൈന്‍ സ്റ്റോറില്‍ നിന്നു മാത്രം മുപ്പതിനായിരത്തിലേറെ തോക്കുകള്‍ വിറ്റുപോയെന്ന് പിന്നീട് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത അമേരിക്കയില്‍ ഇനിയും കൂട്ടക്കുരുതികള്‍ തുടരുമെന്നും അന്നേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 അന്ന് ഫോക്‌സ് ന്യൂസിനു നല്‍കിയ ഒരു അഭിമുഖത്തില്‍ തോക്ക് വ്യാപാരിയായ ഹണ്ടേഴ്‌സ് വെയര്‍ഹൗസ് ഉടമ ടോം ഈഗിള്‍ നല്‍കിയ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. സാന്റിഹുക്ക് വെടിവെപ്പു കഴിഞ്ഞ് ഒരാഴ്ച കൊണ്ട് വിറ്റുപോയത് മുപ്പതിനായിരത്തിലേറെ തോക്കുകളായിരുന്നുവത്രേ. മൂന്ന് ലക്ഷത്തിലേറെ വ്യത്യസ്ത തരം തോക്കുകളാണ് വില്പനയ്ക്ക് വെച്ചിരുന്നത്.  2016 ജൂണ്‍ 12-ന് ഒര്‍ലാന്റോ നിശാക്ലബില്‍ നടന്ന വെടിവെപ്പില്‍ 49 പേരെയാണ് അക്രമി വധിച്ചത്. അതിനു തൊട്ടു മുന്‍പാണ് തോക്ക് വില്‍പനയില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ബില്ലിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി യുഎസ് സെനറ്റില്‍ എതിര്‍ത്ത് പരാജയപ്പെടുത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഈ നിലപാടില്‍ ഇപ്പോഴും കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. ആ വെടിവെപ്പിനിടെ ഇരകളില്‍ ആരുടെയെങ്കിലും കൈയ്യില്‍ തോക്കുണ്ടായിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്ഥമായേനെ എന്നായിരുന്നു റിപ്പബ്ലക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിചിത്രമായ പ്രതികരണം. തോക്ക് കൈവശമുള്ള ഇരകള്‍ തിരിച്ച് വെടിവെച്ചാല്‍ അവിടം ചോരപ്പുഴയൊഴുകുമെന്ന് സാരം.

ജീവഹാനിക്ക് ഇടയാക്കുന്ന എആര്‍ 15 തോക്കുകള്‍ നിരോധിച്ചുകൊണ്ട് 1994ല്‍ സെനറ്റ് ഒരു ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ ഈ ബില്‍ പുതുക്കുന്നതില്‍ യു.എസ്. കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ 2004ല്‍ തോക്ക് നിയന്ത്രണ നിയമം അവസാനിച്ചു. സാധാരണ കൈതോക്ക് പോലുള്ളവയല്ല എആര്‍ 15. യുദ്ധമേഖലയില്‍ പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്നതിന് സമാനമായ മോഡലാണിത്. 1958ലാണ് എആര്‍ 15ന്റെ ജനനം. വളരെ വേഗത്തില്‍ തിരകള്‍ നിറക്കാമെന്നതും നിരവധി തവണ നിറയൊഴിക്കാമെന്നതുമാണ് ഒറ്റ നോട്ടത്തില്‍ എകെ 47 പോലെ തോന്നിപ്പിക്കുന്ന എആര്‍ 15ന്റെ പ്രധാന പ്രത്യേകത.

2016 ഒക്ടോബറിലാണ് ഒറിഗോണിലെ കോളജിലുണ്ടായ വെടിവെപ്പില്‍ 9 പേരെ കൊന്നതും സാന്‍ ബെര്‍നാര്‍ഡിനോയില്‍ 14 പേരെ വധിച്ചതും എആര്‍ 15 ഉപയോഗിച്ച് തന്നെ. അമേരിക്കയില്‍ എവിടെയും തോക്ക് വില്‍പനശാലയില്‍ നേരിട്ട് പോയി ആര്‍ക്കും കാര്യമായ പരിശോധനകളൊന്നും കൂടാതെ ഈ തോക്ക് സ്വന്തമാക്കാനാകും. ഭീകരവാദി പട്ടികയിലുള്ളവര്‍ക്കും ഈ തോക്ക് സ്വന്തമാക്കാന്‍ യാതൊരു പ്രയാസവുമുണ്ടാകില്ല. കൂട്ടക്കൊലകളേക്കാള്‍ സര്‍ക്കാര്‍ തോക്ക് വില്‍പ്പനയില്‍ നിയന്ത്രണം കൊണ്ടുവരുന്നു എന്ന വാര്‍ത്തകളാണ് പലപ്പോഴും തോക്കു വില്‍പ്പന വന്‍തോതില്‍ ഉയര്‍ത്തിയിട്ടുള്ളത്.

വര്‍ണ്ണവിവേചനവും വംശീയാക്രമണവും അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 5-ന് ലാസ് വേഗസില്‍ നടന്ന വെടിവെപ്പില്‍ 58 പേരാണ് കൊല്ലപ്പെട്ടത്. 489 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇങ്ങനെ ഒരു കൂട്ടക്കുരുതി നടത്താന്‍ സ്റ്റീഫന്‍ പാഡക് എന്ന അക്രമിയെ പ്രേരിപ്പിച്ചതെന്ത്?

ഇക്കഴിഞ്ഞ ഒക്ടോബര്‍ 17-ന് മെരിലാന്റിലെ വെടിവെപ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇമ്മോർട്ടൻ ബിസിനസ്​ പാർക്കിലാണ്​ സംഭവം നടന്നത്. 37കാരനായ റാദി ലബീബ്​ പ്രിൻസാണ്​ ആക്രമണം നടത്തിയത്.​ അഡ്വാൻസ്​ഡ്​ ഗ്രാനൈറ്റ്​ സൊല്യൂഷൻസിലെ​ ജീവനക്കാരാണ്​ മരിച്ചത്.  ഇതേ കമ്പനിയിലെ മെഷീന്‍ ഓപ്പറേറ്ററാണ് ലബീബ്. നാല് മാസം മുമ്പാണ് ഇയാള്‍ ഇവിടെ ജോലിയില്‍ ചേര്‍ന്നത്. വെടിവെപ്പ് നടത്തിയ ശേഷം  രക്ഷപ്പെട്ട ലബീബ് ഡെലവെയറിലേക്ക് പോവുകയും അവിടെ വെച്ച് ഒരാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

 ഈ മാസം രണ്ടിന് കൊളറാഡോയില്‍ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡെന്‍വറിലെ തോണ്‍ടണിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ നിര്‍ത്താതെ വെടിവയ്ക്കുകയായിരുന്നു. പൊലീസും ശക്തമായി തിരിച്ചടിച്ചിരുന്നു.

ഈ തോക്ക് സംസ്ക്കാരം കവര്‍ന്നെടുക്കുന്നത് നിഷ്ക്കളങ്ക ജീവനുകളെയാണ്.  ലോകം മുഴുവന്‍ കാല്‍ക്കീഴിലാക്കാനുള്ള വ്യഗ്രതയില്‍, തങ്ങളുടെ രാജ്യം, പൗരന്മാര്‍ എന്നതിലപ്പുറം ഈ ഭൂമിയില്‍ മറ്റൊന്നും പ്രസക്തമല്ല എന്ന് അഹങ്കരിക്കുന്ന ഭരണകൂടം അതേ പൗരന്മാര്‍ക്ക് ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ എന്തുകൊണ്ട് പരാജയപ്പെടുന്നു? ഭയപ്പാടില്ലാതെ മാര്‍ക്കറ്റുകളില്‍ പോകാനോ, ജോലി സ്ഥലത്ത് പോകാനോ, സ്കൂള്‍-കോളെജ് എന്നിവിടങ്ങളില്‍ പോകാനോ എന്തിനേറെ ആരാധനാലയങ്ങളില്‍ പോലും സധൈര്യം പോകാമെന്ന ഉറപ്പ് നല്‍കേണ്ട ഭരണകൂടം തന്നെ കൊലയാളികള്‍ക്ക് യഥേഷ്ടം ആയുധങ്ങള്‍ ലഭ്യമാക്കാനുള്ള നിയമനിര്‍മ്മാണം നടത്തുന്നതും തെറ്റായ കീഴ്‌വഴക്കമാണ്. ഭീകരതയുടെ പേരില്‍ ചില രാഷ്ട്രങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുകയും നിയമപരമായി അമേരിക്കയില്‍ ജീവിക്കുന്നവരെ വംശീയപരമായി ആക്രമിക്കുകയും ചെയ്യുമ്പോള്‍ അമേരിക്കയുടെ യശസ്സിനാണ് മങ്ങലേല്‍ക്കുന്നതെന്ന് ഭരണകൂടം മനസ്സിലാക്കുന്നില്ല.  സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ ഇതര രാജ്യത്തെ മന്ത്രിമാരെയും പൗരന്മാരേയും വിമാനത്താവളങ്ങളില്‍ തുണിയുരിഞ്ഞു പീഡിപ്പിക്കുന്ന, ചില മുസ്ലിം പേരുകള്‍ കേട്ടാല്‍ പോലും വിറളി പിടിച്ചു സംശയദൃഷ്ടിയോടെ സമീപിക്കുമ്പോള്‍ ഒരു കാര്യം മറക്കുന്നു, ശത്രുക്കള്‍ ഇവിടെത്തന്നെയുണ്ടെന്ന്.  ഉള്ളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇത്തരം തോക്ക് സംസ്കാരങ്ങള്‍ തന്നെയാണ് അമേരിക്കയുടെ ശത്രു.

തോക്കുകള്‍ കൊണ്ടുള്ള ഈ ആക്രമണങ്ങളുടെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരാണ്? തോക്ക് സംസ്ക്കാരത്തിന്റെ ഉപജ്ഞാതാക്കള്‍ തന്നെ. ഓരോ ആക്രമണങ്ങള്‍ കഴിയുമ്പോഴും മുതലക്കണ്ണീരൊഴുക്കി ജനങ്ങളെ ആശ്വസിപ്പിക്കാന്‍ രംഗത്തിറങ്ങുന്ന ഭരണകര്‍ത്താക്കള്‍ മനഃസ്സാക്ഷിയില്ലാത്തവരാണ്.

No comments:

Post a Comment