Thursday, November 16, 2017

ഷെറിന്‍ മാത്യൂസിന്റെ മരണം; അമ്മ സിനി മാത്യൂസിനെ പോലീസ് അറസ്റ്റു ചെയ്തു

റിച്ചാര്‍ഡ്സണ്‍ (ടെക്സസ്): ഒക്ടോബര്‍ 7-ന് കാണാതാകുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്ത മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസിനെ റിച്ചാര്‍ഡ്സണ്‍ പോലീസ് ഇന്ന് (നവംബര്‍ 16) അറസ്റ്റു ചെയ്തു. ഷെറിനെ കാണാതായതിന്റെ തലേ ദിവസം (വെള്ളിയാഴ്ച) രാത്രി വെസ്ലി മാത്യൂസും, സിനിയും അവരുടെ നാലു വയസ്സുള്ള മകളും ഡിന്നര്‍ കഴിയ്ക്കാന്‍ പുറത്തു പോയി എന്നും, ആ സമയം ഷെറിന്‍ കൂടെയുണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിനിയെ അറസ്റ്റു ചെയ്തതെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് വക്താവ് കെവിന്‍ പെര്‍ലിച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂന്നു വയസ്സുകാരി ഷെറിനെ വീട്ടില്‍ തനിച്ചാക്കിയതിനാണ് ഈ അറസ്റ്റെന്നും, കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും, ഒരുപക്ഷേ ഇപ്പോള്‍ സിനിയുടെ പേരില്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം മാറ്റിയെഴുതാന്‍ സാധ്യതയുണ്ടെന്നും പോലീസ് വക്താവ് വെളിപ്പെടുത്തി. 

35 കാരിയായ സിനിയെ അറസ്റ്റു ചെയ്യുമെന്ന റിച്ചാര്‍ഡ്സണ്‍ പോലീസിന്റെ സൂചന ലഭിച്ചയുടനെ അഭിഭാഷകനോടൊപ്പം സിനി കീഴടങ്ങുകയായിരുന്നു. രണ്ടര ലക്ഷം ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.

വെസ്ലിയും സിനിയും അവരുടെ നാലുവയസ്സുള്ള മകളും കൂടി ഡിന്നര്‍ കഴിയ്ക്കാന്‍ പുറത്തുപോയ രാത്രിയില്‍ മൂന്നു വയസ്സുമാത്രം പ്രായമുള്ള ഷെറിനെ വീട്ടില്‍ തനിച്ചാക്കിയതു വഴി കുട്ടിയെ അപകടപ്പെടുത്തുകയായിരുന്നുവെന്നാണ് റിച്ചാര്‍ഡ്സണ്‍ പോലീസ് ഡിറ്റക്റ്റീവുകള്‍ പറഞ്ഞത്. ശാരീരികമോ മാനസികമോ ആയ ക്ഷതങ്ങള്‍, മാനസിക അസ്വാസ്ഥ്യങ്ങള്‍ എന്നിവ കുട്ടിക്ക് വന്നു ഭവിക്കാം. ഉത്തരവാദിത്വപ്പെട്ട മാതാപിതാക്കള്‍ ഒരിക്കലും ചെയ്യരുതാത്ത പ്രവര്‍ത്തിയാണ് അവര്‍ ചെയ്തതെന്നും പോലീസ് പറയുന്നു. നാലു വയസ്സുള്ള അവരുടെ സ്വന്തം മകളെ കൂടെ കൊണ്ടുപോയപ്പോള്‍ എന്തുകൊണ്ട് മൂന്നു വയസ്സുകാരി ഷെറിനെ വീട്ടില്‍ തനിച്ചാക്കി എന്നതും സംശയത്തിന് ബലം നല്‍കുന്നുവെന്ന് പോലീസ് വക്താവ് കെവിൻ പെർലിച്ച് ചൂണ്ടിക്കാട്ടി.

"അവര്‍ കുട്ടിയെ തനിച്ചാക്കി പോയ സമയത്ത് മുതിർന്നവരായ ആരെയെങ്കിലും സം‌രക്ഷണം ഏല്പിക്കണമായിരുന്നു. അതവര്‍ ചെയ്തില്ല. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തുപോകുന്നത് കുറ്റകരമാണ്.  ഈ കാരണത്താലാണ് സിനിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്." കെവിൻ പെർലിച്ച് പറഞ്ഞു. ഈ അറസ്റ്റ് ഷെറിന്റെ മരണവുമായി ബന്ധപ്പെട്ടതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വെസ്ലിയും സിനിയും അവരുടെ ഒരു മകളും പുറത്തുപോയി ഒരു റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്ന് കണ്ടുപിടിച്ചത് അവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചും, അവര്‍ പോയ റസ്റ്റോറന്റില്‍ നിന്നുള്ള രസീതും കണ്ടെടുത്തതിനുശേഷമാണെന്ന് പോലീസ് വക്താവ് കെവിൻ പെർലിച്ച് പറഞ്ഞു.  സിനിയുടെ അറസ്റ്റ് വാറണ്ടും അത് വ്യക്തമാക്കുന്നുണ്ട്.  ഒക്ടോബര്‍ 6 ന് വൈകുന്നേരം നോര്‍ത്ത് ഗാര്‍ലൻഡിലുള്ള റസ്റ്റോറന്റിലാണ് അവര്‍ പോയത്. അവര്‍ക്കും കൂടെയുണ്ടായിരുന്ന അവരുടെ മകള്‍ക്കും മാത്രമേ ഭക്ഷണം വാങ്ങിയുള്ളൂ എന്ന രേഖയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ അവര്‍ക്ക് ഭക്ഷണം വിളമ്പിയ വെയിറ്ററും അത് സാക്ഷ്യപ്പെടുത്തി.

ഷെറിന്‍ പാല്‍ കുടിക്കാത്തതും ദുഃശ്ശാഠ്യമെടുത്തതും വെസ്ലിയെ ദ്വേഷ്യം പിടിപ്പിച്ചപ്പോള്‍ ഷെറിനെ ഒറ്റയ്ക്ക് അടുക്കളയില്‍ നിര്‍ത്തി ഭക്ഷണം കഴിയ്ക്കാന്‍ പുറത്തുപോയെന്നും, ഒന്നര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കുട്ടി അവിടെത്തന്നെ നില്പുണ്ടായിരുന്നുവെന്നു വെസ്ലിയെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞിരുന്നുന്നതായി റിച്ചാര്‍ഡ്സണ്‍ പോലീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പോലീസ് ഈ മൊഴി മുഖവിലയ്ക്കെടുത്തിട്ടില്ല.

മണിക്കൂറുകള്‍ക്ക് ശേഷം ഒക്ടോബര്‍ 7-ന് രാവിലെയാണ് വെസ്ലി മാത്യൂസ് പോലീസിനെ വിളിച്ച് ഷെറിനെ കാണാതായതായി പറയുന്നത്. പാല്‍ കുടിയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഷെറിനെ പുറത്ത് മരച്ചുവട്ടില്‍ നിര്‍ത്തി പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ല എന്ന് ആദ്യം പോലീസിനോട് പറഞ്ഞ വെസ്ലി പിന്നീട് കഥ മാറ്റി പറഞ്ഞു. കുട്ടിയെ നിര്‍ബ്ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍ പാല്‍ ശിരസ്സില്‍ കയറിയെന്നും, കുട്ടിക്ക് ശ്വാസം മുട്ടനുഭവപ്പെട്ടെന്നും, നാഡിമിടിപ്പ് നിലച്ചപ്പോള്‍ മരിച്ചെന്നു കരുതി മൃതദേഹം വീട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയെന്നുമാണ് വെസ്ലി പോലീസിന് പിന്നീട് നല്‍കിയ മൊഴി.

ഡാളസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് ഷെറിന്‍ മാത്യൂസിന്റെ മരണകാരണം കണ്ടുപിടിക്കാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടില്‍ ഇത്രയധികം സംഭവങ്ങള്‍ നടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്നും, ഉറക്കത്തിലായിരുന്നുവെന്നുമാണ് സിനി പോലീസിനോട് അന്ന് പറഞ്ഞത്. കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും സിനി പറഞ്ഞിരുന്നു.

കുട്ടിയെ കാണാതായ ദിവസം വെസ്ലി മാത്യൂസിനെ അറസ്റ്റു ചെയ്ത് രണ്ടര ലക്ഷം ഡോളര്‍ ബോണ്ട് വ്യവസ്ഥയില്‍ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍, രണ്ടാഴ്ചകള്‍ക്കു ശേഷം കുട്ടിയുടെ മൃതദേഹം കിട്ടിയ അന്ന് വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒരു മില്യണ്‍ ഡോളറാന് ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്നത്. ഷെറിന്റെ മരണവുമായി സിനിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സിനി മാത്യൂസിന്റെ അറ്റോര്‍ണി തുടക്കം മുതലേ പറഞ്ഞിരുന്നു. തന്നെയുമല്ല തന്റെ മകളുടെ തിരോധാനത്തില്‍ സിനി അസ്വസ്ഥയായിരുന്നുവെന്നും അറ്റോര്‍ണി പറഞ്ഞിരുന്നു. 

ഇന്ന് (നവംബര്‍ 16 വ്യാഴാഴ്ച) സിനിയെ പരസ്യമായി അറസ്റ്റു ചെയ്യുന്നതിനു പകരം കീഴടങ്ങാന്‍ അനുവദിച്ചതിന് റിച്ചാര്‍ഡ്സണ്‍ പോലീസിന് സിനിയുടെ അഭിഭാഷകന്‍ അറ്റോര്‍ണി മിച്ചല്‍ നൊള്‍ടെ നന്ദി പറഞ്ഞു. "സിനിയെ അറസ്റ്റു ചെയ്യാന്‍ റിച്ചാര്‍ഡ്സണ്‍ പോലീസിന് വാറണ്ട് ലഭിച്ചിട്ടുണ്ടെന്ന് ഇന്ന് രാവിലെ ഞങ്ങള്‍ അറിഞ്ഞിരുന്നു. സിനിയെ സ്റ്റേഷനിലെത്തിച്ച് സ്വയം കീഴടങ്ങാന്‍ റിച്ചാര്‍ഡ്സണ്‍ പോലീസ് അനുവദിച്ചത് അവരുടെ പ്രൊഫഷണലിസം കൊണ്ടാണ്" എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ അഭിഭാഷകന്‍ പറഞ്ഞു. 

തന്റെ കക്ഷിയായ വെസ്ലി മാത്യൂസ് ഭാര്യയേയും കുട്ടിയേയും ഏറ്റവുമധികം സ്നേഹിക്കുന്ന വ്യക്തിയാണെന്നും, എത്രയും വേഗം ശിശുസം‌രക്ഷണ വിഭാഗം കൊണ്ടുപോയ തന്റെ മകളെ അവളുടെ അമ്മയെ ഏല്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞതായി വെസ്ലിയുടെ അറ്റോര്‍ണി ഡേവിഡ് ക്ലെക്നര്‍ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച സിനി മാത്യൂസ് കോടതിയില്‍ എത്തിയിരുന്നു. ശിശുസം‌രക്ഷണ വകുപ്പിന്റെ കസ്റ്റഡിയിലുള്ള നാലു വയസ്സുള്ള സ്വന്തം മകളെ വിട്ടുകിട്ടാനുള്ള ഹര്‍ജി സമര്‍പ്പിക്കാനാണ് കോടതിയിലെത്തിയത്. എന്നാല്‍, ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 29-ലേക്ക് മാറ്റിയിരുന്നു. കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നെങ്കില്‍ ഹ്യൂസ്റ്റണിലുള്ള വെസ്ലിയുടെ കുടുംബത്തിന് കുട്ടിയെ കൈമാറാനായിരുന്നു തീരുമാനം.

No comments:

Post a Comment