ഏകദേശം പന്ത്രണ്ടു വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെങ്കിലും, മതവിശ്വാസങ്ങളില്‍ കോടതിയുടെ കടന്നു കയറ്റമായിട്ടാണ് ഈ വിധിയെ ഭൂരിഭാഗം വിശ്വാസികളും കാണുന്നത്. സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാരുടെ അഭിപ്രായത്തെ പക്ഷെ ഏക വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ചത് ശബരിമലയുടെ ചരിത്രത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ബോധമുള്ളതുകൊണ്ടായിരിക്കാം. സ്ത്രീകളോട് കാണിക്കുന്ന വിവേചനം അംഗീകരിക്കാനാവില്ല, അയ്യപ്പഭക്തന്മാര്‍ പ്രത്യേക വിഭാഗമല്ല, ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണം, ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ല, സ്ത്രീ പുരുഷന് താഴെയല്ല, വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നു, സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമാണ്, ശബരിമലയിലെ ആചാരം സ്ത്രീകളുടെ അവകാശം ലംഘിക്കുന്നതാണ്, സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണഘടനാ ലംഘനമാണ്, സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് നാല് ജഡ്ജിമാരും രേഖപ്പെടുത്തിയത്. എന്നാല്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്ക് ഭിന്നാഭിപ്രായമായിരുന്നു. മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്നും അവര്‍ വ്യക്തമാക്കി.
ശബരിമല ക്ഷേത്രത്തിനും ആരാധനാ മൂര്‍ത്തിക്കും ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം സംരക്ഷണമുണ്ട്. വേര്‍തിരിച്ചുള്ള രീതികള്‍ പിന്തുടരുന്ന വിഭാഗങ്ങളെ ഒരു മതത്തിലെ പ്രത്യേക വിഭാഗമായി കാണേണ്ടതുണ്ട്. ഇത്തരത്തില്‍ നോക്കിയാല്‍ അയ്യപ്പന്മാരെ ഒരു പ്രത്യേക മതവിഭാഗമായി വീക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ നിരീക്ഷിച്ചു.
ശബരിമല കേസില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ എല്ലാ മതങ്ങളിലും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്. രാജ്യത്തിന്റെ മതേതര അന്തരീക്ഷം നിലനിര്‍ത്താന്‍ മതാചാരങ്ങളില്‍ ഇടപെടരുത്. അയ്യപ്പ ഭക്തന്മാര്‍ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും ആചാരങ്ങള്‍ വിശ്വാസമായി കണക്കാക്കുന്നത് ശരിയല്ലെന്നും, ആഴത്തില്‍ വേരൂന്നിയ മതവിശ്വാസങ്ങളെ, രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കായി മാറ്റിയെഴുതരുതെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തന്റെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്. വ്യക്തിവിശ്വാസത്തിന്റെ വിഷയമാണിത്. വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെ മണ്ണാണ് ഇന്ത്യ. ബഹുസ്വരതയാര്‍ന്ന സമൂഹത്തില്‍ വിവേകമുള്‍ക്കൊള്ളാത്ത വിശ്വാസങ്ങള്‍ പോലും പിന്തുടരാനുള്ള സ്വാതന്ത്ര്യമാണ് നീതിയുക്തമായി ഭരണഘടന നല്‍കേണ്ടതെന്നും അവര്‍ വിധിന്യായത്തില്‍ കുറിച്ചു.
നിയമത്തിനതീതമാണ് മതാചാരത്തിന്റെ ഭാഗമായ വ്യക്തിനിയമങ്ങള്‍ എന്നായിരുന്നു ഇതുവരെയുള്ള സങ്കല്പം. എന്നാല്‍ വ്യക്തിനിയമത്തിലെ ഏത് രീതിയും ആചാരവും മൗലിക അവകാശങ്ങളുടെ ലംഘനമാണെങ്കില്‍ റദ്ദാക്കണമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നത്. ഈ വിധി കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത സിവില്‍ കോഡ് എന്ന വാദത്തിനും ബലം പകരുന്നതാണ്. പ്രായഭേദമന്യേ സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് 2006-ല്‍ സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും 1990ല്‍ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയാണ് ശബരിമലയെ ആദ്യമായി കോടതി കയറ്റിയത്. അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന എസ് ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ചാണ് നടന്നത്. ഇത് 1990 ആഗസ്റ്റ് 19 ലെ ഒരു ദിനപത്രത്തില്‍ ഫോട്ടോ സഹിതം അച്ചടിച്ചുവന്നു. അതു കണ്ട ചങ്ങനാശ്ശേരി സ്വദേശി എസ് മഹേന്ദ്രന്‍ 1990 സെപ്തംബര്‍ 24ന് കേരള ഹൈക്കോടതിയില്‍ പരാതി കൊടുത്തു. യുവതികള്‍ നിയന്ത്രണമില്ലാതെ ശബരിമലയില്‍ കയറുന്നുവെന്നും, ചിലര്‍ക്ക് വിഐപി പരിഗണന നല്‍കുന്നു എന്നുമായിരുന്നു പരാതി.
ഈ പരാതി ജസ്റ്റിസുമാരായ കെ. പരിപൂര്‍ണനും കെ ബി മാരാരും ഭരണഘടനയുടെ 226-ാം അനുച്ഛേദം പ്രകാരം റിട്ട് ഹര്‍ജിയായി പരിഗണിച്ചു. അങ്ങിനെ 1991 ഏപ്രില്‍ 5ന് ശബരിമലയില്‍ പത്തിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചു. 1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ വകുപ്പ് മൂന്ന് (ബി) പ്രകാരമാണ് ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിധിയില്‍ പ്രസ്താവിച്ചു. ഈ വിധിയെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറായില്ല.
തുടര്‍ന്ന് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2006ലാണ് യംഗ് ലോയേഴ്സ് അസോസിയേഷന്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസ് ജസ്റ്റിസ് അര്‍ജിത് പര്‍സായത്, ജസ്റ്റിസ് ആര്‍ ബി രവീന്ദ്രന്‍ എന്നിങ്ങനെ പല ബെഞ്ചുകളിലൂടെ കയറിയിറങ്ങിപ്പോയി. അവസാനം 2017ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചില്‍ കേസെത്തി. ഇതോടെ കേസില്‍ വഴിത്തിരിവ് ഉണ്ടായി. കേസില്‍ ഭരണഘടനാപരമായ ചോദ്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതില്‍ പ്രധാനപ്പെട്ട അഞ്ച് ചോദ്യങ്ങളോടെ 2017 ഒക്‌ബോര്‍ 13ന് ജസ്റ്റിസ് ദീപക് മിശ്ര ശബരിമലക്കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ ബെഞ്ച് എട്ട് ദിവസം തുടര്‍ച്ചയായി വാദം കേട്ടു. വാദത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ കേസ് വിധി പറയാനായി മാറ്റിവെച്ചു. അങ്ങിനെ സുപ്രീം കോടതിയിലെത്തി പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ചരിത്ര വിധിയുണ്ടായി.
28 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ നിലപാടുകളും കോടതിയില്‍ നിന്നുംപോലും രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 2007ല്‍ അന്നത്തെ വിഎസ് സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ ആചാരങ്ങളില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാട് പിന്‍വലിച്ച് വിഎസിന്റെ കാലത്തെ നിലപാട് സ്വീകരിച്ചു.
ശബരിമല വിധിയെക്കുറിച്ച് എഴുത്തുകാരി സുഗതകുമാരിയുടെ അഭിപ്രായവും ഇവിടെ പ്രസക്തമാണ് "സ്ത്രീകള്‍ക്ക് ഏത് ക്ഷേത്രത്തിലും ആരാധനാലയത്തിലും പോകാനുളള അവകാശമുണ്ട്. ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് ചില മര്യാദകളുണ്ട്. അത് എങ്ങനെ പാലിക്കണമെന്നതിനെക്കുറിച്ചും സ്ത്രീകള്‍ക്ക് അറിയാം. അതിന് ഒരു കോടതിയുടെയോ സര്‍ക്കാരിന്റെയോ നിര്‍ദേശങ്ങളോ അനുമതിയോ വേണമെന്ന് കരുതുന്നില്ല. ഇപ്പോഴും പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും മനസിലാകുന്നില്ല" എന്നായിരുന്നു സുഗതകുമാരിയുടെ പ്രതികരണം.
ഏതായാലും സ്ത്രീകളെ സംബന്ധിച്ച് നിര്‍ണായകമായ മുത്തലാഖ് നിരോധനത്തിനു ശേഷമാണ് ശബരിമല സ്ത്രീപ്രവേശനത്തിനുള്ള വിധിയും സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഇതോടെ മതത്തിന്റെ പേരില്‍ നടന്നുപോകുന്ന പല അനാചാരങ്ങളും കോടതി കയറിയാല്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് വളരുന്നത്.