2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂയോര്‍ക്ക്: കനത്ത പ്രളയത്തില്‍ സര്‍‌വ്വതും നശിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി കേരളത്തിലെ 'സാലറി ചലഞ്ചിനു' സമാന്തരമായി 'ഗ്ലോബല്‍ സാലറി ചലഞ്ചില്‍' പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂയോര്‍ക്കിലെ സഫേണിലുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ന്യൂയോര്‍ക്കിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നതെങ്കിലും കക്ഷിരാഷ്ട്രീയഭേദമന്യേ ദൂരദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ ചടങ്ങിനെത്തിയിരുന്നു. വിവിധ മതനേതാക്കളും, സംഘടനാ നേതാക്കളും, പ്രസ് ക്ലബ് അംഗങ്ങളും സംബന്ധിച്ച ചടങ്ങ് സമ്പന്നമായിരുന്നു.

"സഹോദരീ സഹോദരന്മാരെ.... എല്ലാവരേയും ഇത്തരത്തില്‍ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ആദ്യമേ തന്നെ അറിയിക്കട്ടെ" എന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. മഹാപ്രളയം കേരളത്തില്‍ വരുത്തിവെച്ച നാശനഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി അദ്ദേഹം വിശദീകരിച്ചു.

അയ്യായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ 39100 കുടുംബങ്ങളാണുള്ളതെന്നും, രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികള്‍ മുതല്‍ കേന്ദ്ര സേനകള്‍ വരെ പങ്കെടുത്ത കാര്യവും അദ്ദേഹം വിശദീകരിച്ചു. കര-സേനാ-നാവിക-കോസ്റ്റ് ഗാര്‍ഡ് മുതലായ വിഭാഗങ്ങളിലുള്ളവരുടെ സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. കേരളത്തിന്റെ ആര്‍മി എന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞ മത്സ്യത്തോഴിലാളികളുടെ രക്ഷാപ്രവര്‍ത്തനവും, വെള്ളം ഇരച്ചുകയറിയപ്പോള്‍  നാട്ടിലെ യുവജന സമൂഹം അതിസാഹസികമായിത്തന്നെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സം‌വിധാനമായ പോലീസ്, ഫയര്‍ ഫോഴ്സ്, മറ്റു ഉദ്യോഗസ്ഥ തലങ്ങളിലുള്ളവരെല്ലാം തന്നെ രംഗത്തിറങ്ങുകയും അവരുടെയെല്ലാം കൂട്ടായ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൊണ്ട് വലിയ തോതിലുള്ള ആളപായം ഉണ്ടാകാതിരിക്കാന്‍ നമുക്ക് കഴിഞ്ഞെന്നും, എന്നിട്ടും 483 പേരുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.  സൈനിക ഹെലിക്കോപ്റ്റര്‍ മുതല്‍ ആധുനിക ബോട്ടുകള്‍ വരെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനവും കേന്ദ്രവും തമ്മില്‍ നല്ല ഏകോപനമാണുണ്ടായത്. ഓരോ ദിവസവും എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കേന്ദ്ര ഗവണ്മെന്റും ശ്രദ്ധിച്ചിരുന്നു - അദ്ദേഹം വ്യക്തമാക്കി.

പ്രളയ നഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പില്‍ 101356 വീടുകള്‍ നശിക്കുകയും, 40188 വലിയ മൃഗങ്ങളും, 71000ത്തില്‍‌പരം ചെറിയ മൃഗങ്ങളും, ഏകദേശം എട്ട് ലക്ഷത്തോളം വിവിധ പക്ഷികളും കോഴികളും ചത്തുപോയി. ഇവയൊക്കെ ഓരോ കുടുംബംഗങ്ങളുടേയും വരുമാന മാര്‍ഗമായിരുന്നു. അതൊക്കെ പുനരുദ്ധാരണ പ്രക്രിയയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കേണ്ടതാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തങ്ങളുടെ ബോട്ടുകളുമായി രംഗത്തിറങ്ങിയ മത്സ്യത്തോഴിലാളികളുടെ 235 ബോട്ടുകളാണ് തകര്‍ന്നത്. അത് അവരുടെ ഉപജീവന മാര്‍ഗമായിരുന്നു. അവര്‍ക്കും നഷ്ടപരിഹാരം നല്‍കണം. പ്രളയത്തില്‍ തകര്‍ന്ന വിവിധ മേഖലകളിലുള്ള പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാന്‍ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ സ്പോണ്‍സര്‍മാരായി മുന്നോട്ടു വന്നാല്‍ സര്‍ക്കാര്‍ അവര്‍ക്ക് അതിനുള്ള അവസരം കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണ്ണമായി തകര്‍ന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് പുനര്‍നിര്‍മ്മിക്കാന്‍ പല ഏജന്‍സികളേയും സമീപിച്ചെങ്കിലും അതിന്റെ മുഴുവന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ക്ക് സാമ്പത്തികമായി കഴിവില്ലെന്നാണ് പറഞ്ഞത്. 510 പാലങ്ങളാണ് തകര്‍ന്നു പോയത്. അതുപോലെ 9538 കി.മീ റ്ററോളം പിഡബ്ലുഡിയുടെ റോഡ് തകര്‍ന്നു. ഗ്രാമങ്ങളിലെ റോഡുകളെക്കൂടാതെയാണിത്. ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ ഏകദേശം രണ്ടു കോടി രൂപയോളമാണ് ചിലവ് വരുന്നത്. കേന്ദ്ര ഫണ്ടില്‍ നിന്ന് ലഭിക്കുന്നതോ വെറും ഒരു ലക്ഷം മാത്രം. ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം കിട്ടുന്ന പണം കേരളത്തില്‍ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള പുനരുദ്ധാരണത്തിന് തികയുകയില്ല. ക്രൗഡ് ഫണ്ടിംഗിലൂടെ ധനസമാഹഹരണം നടത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

കേരളത്തിന്റെ അതിജീവനത്തിന് എല്ലാവരും സഹകരിക്കണമെന്നും, എങ്കിലേ നവകേരളത്തെ പടുത്തുയർത്താൻ കഴിയൂ എന്നും പറഞ്ഞ മുഖ്യമന്ത്രി 150 കോടിരൂപയാണ്‌ അമേരിക്കൻ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ധനസഹായങ്ങള്‍ സമാഹരിക്കാന്‍ ധനമന്ത്രി തോമസ്‌ ഐസക്കിനെ അമേരിക്കയിലേക്ക്‌ അയക്കുമെന്നും പറഞ്ഞു. ധനസമാഹരണം ഏകോപിപ്പിക്കുവാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച ഫൊക്കാന സ്ഥാപക നേതാവ് ഡോ. എം. അനിരുദ്ധന്‍ അറിയിച്ചു. ദേശീയ സംഘടനാ നേതാക്കള്‍, ലോക കേരളസഭാംഗങ്ങള്‍ തുടങ്ങിയവര്‍ അംഗങ്ങളായ കമ്മിറ്റിയുടെ ട്രഷറര്‍ കെ.പി. ഹരിദാസ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചവരെല്ലാം ആശ്ചര്യം പ്രകടിപ്പിച്ച സംഭവം അതിന്റെ പ്രവര്‍ത്തനങ്ങളാണ്.  യൂനിസെഫ് വരെ അതിന്റെ മതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ആപത്ഘട്ടത്തില്‍ നാടാകെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അവിടെ ഒരുതരത്തിലുമുള്ള ഭിന്നതയും പ്രകടമായില്ല. ഇപ്പോള്‍ ആരുടെ മുന്‍പിലും നമുക്ക് തലയുയര്‍ത്തിപ്പിടിച്ച് പറയാന്‍ കഴിയും ദുരന്തങ്ങളെ നാം അതിജീവിക്കുമെന്ന്. ഈ ദുരന്തത്തിന്റെ ഭാഗമായുണ്ടായ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ വീഴ്ച ഒരവസരമായി നാം കാണണം.  എന്താണോ നേരത്തെ ഉണ്ടായിരുന്നത് അത് അതേപോലെ പുനര്‍നിര്‍മ്മിച്ചാല്‍ മാത്രം പോരാ, നമ്മുടെ നാടിനെ പുതിയ രീതിയില്‍ പുതുക്കിപ്പണിയണം എന്നതാണ് ആവശ്യം. ഇന്നത്തെ ദുരന്തം നമ്മെ ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.  അതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ നാടിനെ പുതിയൊരു തലത്തിലേക്ക് മാറ്റണമെന്നതിനെക്കുറിച്ചാണ് നമുക്ക് ചിന്തിക്കേണ്ടത്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ മനസ്സോടെ, ദുരന്തത്തെ നേരിട്ട അതേ മനോഭാവത്തോടെ നീങ്ങാന്‍ കഴിയും. ഇനി നമ്മുടെ നാടിനെ പുതുക്കിപ്പണിയാനായി ഒന്നിച്ചു നില്‍ക്കാനാവുമെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഏകദേശം 30,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായതാണ് പ്രാഥമിക കണക്ക്. ഇനിയും അത് വര്‍ദ്ധിക്കാനാണ് സാധ്യത. നമ്മുടേത് ഒരു ചെറിയ സംസ്ഥാനമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി അടങ്കലിനേക്കാള്‍ വലുതാണ് നമുക്കുണ്ടായ നഷ്ടം. നമ്മുടെ സംസ്ഥാനത്തിന്റെ വിഭവങ്ങള്‍ വെച്ചുകൊണ്ട് മാത്രം നേരിടാന്‍ കഴിയുന്ന ഒന്നല്ല ഈ വന്ന നഷ്ടം. പക്ഷെ നാം അതിനു മുന്‍പില്‍ സ്തംഭിച്ചു നില്‍ക്കാനല്ല തയ്യാറാകുന്നത്. അങ്ങനെ വന്നാല്‍ നമ്മുടെ നാട് ഇതുവരെ ആര്‍ജ്ജിച്ച നേട്ടങ്ങളെല്ലാം പൂര്‍ണ്ണമായും തകര്‍ന്നുപോകും. സ്തംഭിച്ചു നില്‍ക്കാതെ വിഘടിച്ചു നില്‍ക്കാതെ കാര്യങ്ങള്‍ യഥാര്‍ത്ഥ സ്ഥിതിയും പൂര്‍ണ്ണതയോടുകൂടെ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് മുന്നോട്ടു പോകാന്‍ കഴിയേണ്ടതാണ്. മലയാളി സമൂഹത്തിന്റെ കരുത്ത് അസാധ്യമായതിനെപ്പോലും സാധ്യമാക്കാമെന്നുള്ള കരുത്ത് നാം പ്രകടിപ്പിക്കേണ്ടതായിട്ടുണ്ട്. മലയാളി സമൂഹമെന്നു പറയുമ്പോള്‍ ലോകമാകെ വ്യാപിച്ചു കിടക്കുന്ന സമൂഹമാണ്. കേരളത്തിലെയും ലോകമാകെയുള്ള അന്താരാഷ്ട്ര ധന സ്ഥാപനങ്ങളുടേയും ലോക പൊതുസമൂഹത്തിന്റേയും അതോടൊപ്പം എന്‍‌ജി‌ഒകളുടേയും ചാരിറ്റി സംഘടനകളുടേയും മറ്റു സഹായദാതാക്കളുടേയും എല്ലാം സഹകരണത്തോടെ കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതി ആവിഷ്ക്കരിക്കണം എന്നാണ് സര്‍ക്കാര്‍ കാണുന്നത്. എന്തായിരുന്നു ഈ പ്രളയത്തിനു മുന്‍പുണ്ടായിരുന്നത് അത് പുനര്‍നിര്‍മ്മിക്കാനല്ല നാം ഉദ്ദേശിക്കുന്നത്. നാം ഉദ്ദേശിക്കുന്നത് പുതിയൊരു കേരളം നിര്‍മ്മിക്കാനാണ്, ഒരു നവകേരളമാണ് ഉദ്ദേശിക്കുന്നത്. അതിന് എല്ലാ തരത്തിലുമുള്ള പ്രേരണ എല്ലാവരില്‍ നിന്നും ഉണ്ടാകണം. വലിയ തോതിലുള്ള സഹായമാണ് നല്‍കാന്‍ തയ്യാറായി പലരും മുന്നോട്ടു വന്നിട്ടുള്ളത്, കേരളത്തിന്റെ ഭാഗധേയം മാറ്റുന്ന വികസന പരിപ്രേക്ഷ്യം. അതു നാടിന്റെ മുഖഛായ മാറ്റും. അത്തരത്തിലുള്ള ഒരു ബ്ലുപ്രിന്റ് തയ്യാറാക്കി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ ബഹുമുഖമായ പദ്ധതിയാണ് ആവിഷ്ക്കരിക്കുന്നത്. നാല് പ്രത്യേക മേഖലകളിലാണ് കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് ധനസമാഹരണം, രണ്ടാമത്തേത് പുനരധിവാസം, അടുത്തത് പുനഃസ്ഥാപനം, പിന്നെയുള്ളത് പുനര്‍നിര്‍മ്മാണം. റിസോഴ്സസ്, റിഹാബിലിറ്റേഷന്‍, റെസ്റ്റൊറേഷന്‍, റീബില്‍ഡിംഗ് എന്നീ നാലു കാര്യങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ 80 ശതമാനത്തിലേറെ ജനങ്ങളെ നേരിട്ടോ അല്ലാതെയോ വെള്ളപ്പൊക്ക ദുരന്തം ബാധിച്ചിട്ടുണ്ട്. അപ്പോള്‍ ആഭ്യന്തര വിഭവ സമാഹരണം അത്ര എളുപ്പത്തില്‍ കഴിയുന്ന ഒന്നല്ല. എന്നാല്‍ മനുഷ്യരുടെ ത്യാഗമനോഭാവം വളരെ വലുതാണ്. അവര്‍ സമാഹരിച്ച പണം അതിനുദാഹരണമാണ്.  ലോക ബാങ്കു വഴിയും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് വഴിയും 7000 കോടി രൂപ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ദൂരദേശങ്ങളില്‍ നിന്നു വന്ന സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനാ നേതാക്കള്‍ ധനസമാഹരണ യജ്ഞത്തെക്കുറിച്ചും അവരവരുടെ വിഹിതത്തെക്കുറിച്ചും സംസാരിച്ചു.  ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും കോണ്‍സുല്‍ (കമ്മ്യൂണിറ്റി റിലേഷന്‍സ്) ദേവദാസന്‍ നായര്‍ കോണ്‍സുലേറ്റിന്റെ ധനസമാഹരണത്തെക്കുറിച്ച് വിശദീകരിച്ചു. മലയാളികളല്ലാത്ത നിരവധി സംഘടനകള്‍ കോണ്‍സുലേറ്റ് വഴി ധനസമാഹരണം നടത്തുന്നുണ്ടെന്നും, ആ ധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്നും അറിയിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് നോര്‍ത്ത്‌- ഈസ്‌റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌,  ചിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ വടക്കേ അമേരിക്ക, കാനഡ, യൂറോപ്പ്‌ മേഖലകള്‍ ഉള്‍പ്പെട്ട ക്‌നാനായ ആര്‍ച്ച ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനോസ്‌ മെത്രാപ്പോലീത്ത, നോര്‍ത്ത് അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്ത എല്‍ദോ മോര്‍ തീത്തോസ് എന്നീ മെത്രാപ്പോലീത്തമാര്‍ അവരവരുടെ സഭകള്‍ ധനസമാഹരണം ആരംഭിച്ചതായി അറിയിച്ചു.

പ്രളയം വന്ന ആദ്യ ദിവസം മുതല്‍ നാട്ടിലുണ്ടായിരുന്ന സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌ തന്റെ അനുഭവം പങ്കു വെച്ചു.  25 കൊല്ലം അമേരിക്കയില്‍ ജീവിച്ച് മൂന്ന് പ്രളയം കാണുകയും, ന്യൂഓര്‍ലിയന്‍സില്‍ അടിച്ച കത്രീനയുടെ ശക്തി കേരളത്തിലെ പതിന്നാല് ജില്ലകളിലുണ്ടായ പ്രളയത്തിനുണ്ടായിരുന്നില്ലെന്നും പറഞ്ഞു.  നാശനഷ്ടങ്ങളുടെ കണക്കുകള്‍ നോക്കുമ്പോള്‍ അതിവിപുലമാണ്. റീ ബില്‍ഡിംഗ് എന്നു പറയുമ്പോള്‍ പഴയത് അതുപോലെ പുനര്‍നിര്‍മ്മിക്കാതെ അതിലുപരി പുതിയത് നിര്‍മ്മിക്കാന്‍ ദൈവദത്തമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. വികസനത്തെ സംബന്ധിച്ച് പറയുമ്പോള്‍ ഒരു പുതിയ സങ്കല്പം ആയിരിക്കണം. ഇനിയൊരു പ്രളയം വരുമ്പോള്‍ തന്നെ അതിനെ അതിജീവിക്കത്തക്ക ഒരു സമ്പല്‍ഘടനയും വ്യവസ്ഥിതിയും ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന്
തിരുമേനി പറഞ്ഞു. പഴയത് അതേപോലെ പുനര്‍നിര്‍മ്മിക്കാതെ ഒരു പുതിയ പാറ്റേണ്‍ ഉണ്ടാക്കണമെന്നും ഉദ്ബോധിപ്പിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍, ഫൊക്കാന, ഫോമ, എകെ‌എം‌ജി, നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മുസ്ലിം അസ്സോസിയേഷന്‍ (നന്മ), ഇ.എം. സ്റ്റീഫന്‍ (കേരള ലോക സഭ അംഗം), ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്, ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്ക, ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ ആശംസാ പ്രസംഗം നടത്തുകയും അവരവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ പൂര്‍ണ്ണ പിന്തുണ കേരള സര്‍ക്കാരിന് വാഗ്ദാനം ചെയ്യുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ ഈ പ്രഖ്യാപനങ്ങള്‍ സദസ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

അമേരിക്കയില്‍ വെക്കേഷന് പത്നിസമേതം എത്തിയ എം.ജി. ശ്രീകുമാര്‍, ഗാനമേളയ്ക്കായി എത്തിയ ഗായകരായ മാര്‍ക്കോസ്, സുദീപ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ആറു മാസം മുന്‍പ് കേരളത്തില്‍ രൂപീകരിച്ച, യേശുദാസ് ചെയര്‍മാനായ പിന്നണിഗായകരുടെ സംഘടനയായ 'സമം' ഡിസംബര്‍ മാസത്തില്‍ എല്ലാ ഗായകരേയും ഉള്‍പ്പെടുത്തി ഒരു ഷോ നടത്തി അതില്‍ നിന്നും ലഭിക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് എം.ജി ശ്രീകുമാര്‍ അറിയിച്ചു. 

പോള്‍ കറുകപ്പിള്ളില്‍, യു.എ. നസീര്‍, അനിയന്‍ ജോര്‍ജ് , ബേബി ഊരാളില്‍, സുനില്‍ തൈമറ്റം, മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, ഡോ. ജേക്കബ് തോമസ്, ടെറന്‍സണ്‍ തോമസ്, ജിബി തോമസ്, ഡോ. തോമസ് മാത്യു, ഡോ.എസ്. ലാല്‍, പീറ്റര്‍ കുളങ്ങര തുടങ്ങി ഒട്ടേറെ പേര്‍ സംസാരിച്ചു. ജോര്‍ജ് തോമസ്, ജോണ്‍ ഐസക്ക് എന്നിവരായിരുന്നു എം.സിമാര്‍. പോള്‍ കറുകപ്പിള്ളിയുടെ നന്ദിപ്രകടനത്തോടെ പരിപാടി അവസാനിച്ചു.

ഏഷ്യാനെറ്റ്, കൈരളി, കളേഴ്സ് ചാനലുകള്‍ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിരുന്നു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ