യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സെക്യൂരിറ്റി ഗാര്‍ഡുകളില്‍ സിഖ് വംശജനും ഇടം നേടി. 1984 ലെ സിഖ് കലാപത്തെത്തുടര്‍ന്ന് കാണ്‍പൂരില്‍ നിന്ന് ലുധിയാനയിലേക്ക് പാലായനം ചെയ്ത കുടുംബത്തിലെ അംഗമാണ് അന്‍ശ്ദീപ് സിംഗ് ഭാട്ടിയ. പത്താം വയസ്സിലാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി സേനയില്‍ ചേരാനായിരുന്നു ആഗ്രഹം. പക്ഷെ അതത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നെങ്കിലും സിഖ് വംശജരുടെ വേഷവിധാനം ഒരു പ്രശ്നമായിരുന്നു. എങ്കിലും തന്റെ ആഗ്രഹം സഫലീകൃതമാകാന്‍ ഏതറ്റം വരെ പോകാനും ആ യുവാവ് തയ്യാറായിരുന്നു. മതവിശ്വാസത്തിലധിഷ്ഠിതമായ തലപ്പാവ് ഉപേക്ഷിക്കാതെ തന്നെ പ്രസിഡന്റിന്റെ സെക്യൂരിറ്റി സേനയില്‍ അംഗമാകുമെന്ന ഉറച്ച തീരുമാനമായിരുന്നു അന്‍ശ്ദീപ് സിംഗിന്റെ വിജയത്തിനു കാരണമെന്ന് കേന്ദ്ര മന്ത്രി (ഹൗസിംഗ് ആന്റ് അര്‍ബര്‍ അഫയേഴ്സ്) ഹര്‍ദീപ് സിംഗ് പുരി പറയുന്നു.
വിവിധ സ്ഥലങ്ങളില്‍ പല ജോലികളും ചെയ്തിട്ടുള്ള അന്‍ശ്ദീപ് സിംഗിന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹമായിരുന്നു മനസ്സില്‍. തന്റെ മുത്തച്ഛന്‍ കന്‍വല്‍ജിത് സിംഗ് ഭാട്ടിയയുടെ ഉപദേശനിര്‍ദ്ദേശ പ്രകാരം വിമാനത്താവളത്തില്‍ സെക്യൂരിറ്റി വിഭാഗത്തിലും പ്രവര്‍ത്തിച്ചു. എന്നിരുന്നാലും പ്രസിഡന്റിന്റെ സെക്യൂരിറ്റി വിഭാഗത്തില്‍ അംഗമാകാന്‍ വേഷവിധാനത്തില്‍ മാറ്റം വരുത്താതെ അതത്ര എളുപ്പമാകില്ല എന്നു മനസ്സിലാക്കിയ അദ്ദേഹം ഒടുവില്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനുശേഷമാണ് സെക്യൂരിറ്റി സേനയിലേക്കുള്ള പരിശീലനം ലഭിച്ചത്. പരിശീലനം പൂര്‍ത്തിയാക്കിയതിനു ശേഷം, ഈ ആഴ്ച അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി ഗാര്‍ഡായി നിയമനം ലഭിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി സേനയിലെ ആദ്യത്തെ സിഖ് വംശജന്‍ എന്ന ബഹുമതിയും അന്‍ശ്ദീപ് സിംഗിന് സ്വന്തം.
1984-ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് സിഖ് വംശജര്‍ക്കെതിരെ ആക്രമണം ശക്തമാകുകയും അന്‍ശ്ദീപ് സിംഗിന്റെ കുടുംബം ആക്രമണത്തിനിരയാകുകയും ചെയ്തിരുന്നു. പഞ്ചാബ് ആന്റ് സിന്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മുത്തച്ഛന്‍ അംറീക് സിംഗ് ഭാട്ടിയ സ്ഥലം മാറ്റം ആവശ്യപ്പെട്ടതനുസരിച്ച് ലുധിയാനയിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും അവരുടെ കുടുംബം ലുധിയാനയിലേക്ക് താമസം മാറ്റുകയും ചെയ്തു. അന്‍ശ്ദീപ് സിംഗിന്റെ പിതാവ് ദേവേന്ദ്ര സിംഗ് അന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസിലായിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന് മുറിവേറ്റിരുന്നു. ലുധിയാനയില്‍ വെച്ചാണ് വിവാഹിതനായത്. പിന്നീട് 2000-ത്തില്‍ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി. അന്ന് പത്തു വയസ്സുകാരനായിരുന്നു അന്‍ശ്ദീപ് സിംഗ്.
No comments:
Post a Comment