Monday, November 26, 2018

വികല മനസ്സും വികട പ്രവര്‍ത്തികളും

കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഫെയ്സ്ബുക്കില്‍ അതിരുവിട്ട വര്‍ഗീയതയും രാഷ്ട്രീയവും കൊണ്ട് നിറയുന്നത് ഒരു പതിവായി കാണുന്നു. ഇന്ന് ശരിയാകും നാളെ ശരിയാകും എന്നു കരുതാമെങ്കിലും ഓരോ ദിവസവും അത് കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല. സംസ്ക്കാര സമ്പന്നരാണെന്നും മാനുഷിക മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരും പരസ്പര വിശ്വാസമുള്ളവരുമാണെന്ന് ധരിച്ചിരുന്നവരുടെ കമന്റുകളും പോസ്റ്റുകളും കണ്ട് സത്യത്തില്‍ മനസ്സ് പിടയ്ക്കുകയാണ്. ഇവരൊക്കെ എങ്ങനെ ഇത് എഴുതിപ്പിടിപ്പിക്കുന്നു എന്നുവരെ ചിന്തിക്കാറുണ്ട്. ദൈവത്തിന്റെ പേരില്‍ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ അമേരിക്കയിലിരുന്ന് ഇത്തരം നീചമായ രീതിയില്‍ പോസ്റ്റുകളും കമന്റുകളും ഇടണമെങ്കില്‍ തീര്‍ച്ചയായും അവരുടെ മനസ്സ് വികലമായിക്കഴിഞ്ഞു എന്നു വേണം കരുതാന്‍....ഞാന്‍ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ല. പക്ഷെ, പൊതുസമൂഹത്തില്‍ മാന്യന്മാരാണെന്ന് വിശ്വസിച്ചിരുന്നവര്‍, അല്ലെങ്കില്‍ വിശ്വസിപ്പിച്ചിരു ന്നവരാണ് അത്തരം പ്രവര്‍ത്തികളിലേര്‍പ്പെട്ടിരി ക്കുന്നതെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. എന്തിന്? ആര്‍ക്കു വേണ്ടി?

അമേരിക്ക എന്ന ഈ വാഗ്ദത്തഭൂവില്‍ വന്ന് അധ്വാനിച്ചും കഷ്ടപ്പെട്ടും ഭേദപ്പെട്ട നിലയില്‍ ജീവിക്കുന്ന നാമെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്, ഒരേ വേദി പങ്കിടുന്നവരാണ്. നാളെയും അതു തുടരണം. പരസ്പരം അറിയാവുന്നവര്‍ പോലും യാതൊരു മുന്‍‌ പരിചയവുമില്ലാത്തവരെപ്പോലെ ഫെയ്സ്ബുക്കില്‍ നീചഭാഷകള്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ സമാധാനകാംക്ഷികളുടെ ഉള്ളൊന്നു പിടയും. ഒരു ലൈക്ക് അടിക്കാനോ ഏതെങ്കിലും ഇമോജി പോസ്റ്റ് ചെയ്യാനോ പറ്റാത്ത അവസ്ഥ. പേര് നോക്കി ആക്ഷേപിക്കാനും, വേണ്ടി വന്നാല്‍ ഭീഷണിപ്പെടുത്താനും മടിക്കാത്തവരെ ഇനി എങ്ങനെ വിശ്വസിക്കും. 'അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്യോടാ' എന്നു പറഞ്ഞ് കൈയ്യൊഴിയാന്‍ സാധിക്കാത്ത വിധം മനസ്സിനെ മുറിവേല്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ കാണുമ്പോള്‍ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ 'അണ്‍‌ഫ്രണ്ട്' ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്താലത്തെ അവസ്ഥ പിന്നീടൊരിക്കലും ആ വ്യക്തിയുമായി യാതൊരടുപ്പവും കാണുകയില്ല എന്നതാണ്.

ചിലരുടെ പോസ്റ്റ് കാണുമ്പോള്‍ ഇവര്‍ക്കൊന്നും വേറെ പണിയില്ലേ എന്നുവരെ സംശയിച്ചു പോകും. സാധാരണ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ച് ദിനചര്യകളും കഴിഞ്ഞ് ജോലിക്ക് പോകുന്നതിനു പകരം ചിലര്‍ മറ്റുള്ളവര്‍ക്ക് പണി കൊടുക്കാനുള്ള ഏതെങ്കിലും വര്‍ഗീയ പോസ്റ്റുകളോ രാഷ്ട്രീയ പോസ്റ്റുകളോ ഫെയ്സ്ബുക്കിലിടുകയാണെന്ന് പോസ്റ്റിന്റെ സമയം നോക്കിയാല്‍ അറിയാം. വൈകീട്ട് ജോലി കഴിഞ്ഞു വന്നാല്‍ പിന്നെ പറയുകയും വേണ്ട. എന്തും ഏതും ആരെക്കുറിച്ചും പറയാമെന്ന അവസ്ഥയിലേക്ക് ഫെയ്സ്ബുക്കും മാറി. ചിലരാകട്ടേ മറ്റുള്ളവരുടെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത് കണ്ണടച്ചുകൊണ്ടാണ്. അതിലെഴുതിയിരിക്കുന്നതെന്താണെന്നു പോലും ചിന്തിക്കാതെ. എന്തിനാണ് ഇങ്ങനത്തെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതെന്നു ചോദിച്ചാല്‍, അല്ലെങ്കില്‍ എന്തെങ്കിലും കമന്റിട്ടാലോ പിന്നെ അന്നത്തെ ദിവസം മുഴുവന്‍ വാക്‌പയറ്റായിരിക്കും. കമന്റിടുന്നവരുടെ ജാതി നോക്കി പ്രതികരിക്കുന്നവരാണ് ഏറെയും. ചിലര്‍ ഫെയ്സ്ബുക്ക് കമന്റിന് ഫോണിലൂടെ മറുപടി പറയാന്‍ ശ്രമിക്കാറുണ്ട്.  അമേരിക്കയില്‍ ഇത്രയും വര്‍ഗീയതയുണ്ടെന്നും, അത് ഏറെയും മാന്യന്മാരായി ചമഞ്ഞു നടക്കുന്നവരിലാണെന്നും മനസ്സിലാക്കാന്‍ ശബരിമല ഒരു കാരണമായി. അതുകൊണ്ട് അത്തരക്കാരെ ഇനി സംശയത്തോടെ മാത്രമേ കാണാന്‍ കഴിയൂ.

ധര്‍മ്മം ക്ഷയിക്കുന്നു അധര്‍മ്മം വളരുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഇന്ന് ലോകത്താകമാനം നടക്കുന്ന സംഭവ വികാസങ്ങള്‍. ധര്‍മ്മം ചെയ്യുന്നവരെ പിന്താങ്ങുന്നവരെക്കാള്‍ അധര്‍മ്മം ചെയ്യുന്നവരെ പിന്താങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അവരാണെങ്കിലോ അസമാധാനത്തിന്റെ വിത്തുകള്‍ പാകി ജനങ്ങളില്‍ പകയും വിദ്വേഷവും വളര്‍ത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും എന്തും ചെയ്യാം, ആരും ചോദിക്കാനും പറയാനുമില്ല എന്ന ഒരുതരം അരാജകത്വം. തന്മൂലം സത്യവും നീതിയും ദിനം‌പ്രതി മരിച്ചു വീണുകൊണ്ടിരിക്കുന്നു. വികല മനസ്സോടെ, വികല ചിന്താഗതിയോടെ, കാപട്യം നിറഞ്ഞ മനസ്സോടെ പ്രവര്‍ത്തിക്കു ന്നവരെ പറഞ്ഞു മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. നീതിമാന്മാരെ കീഴ്‌പ്പെടുത്തി അനീതിയുടെ തമ്പുരാക്കന്മാര്‍ ഉയിര്‍ത്തെഴുന്നേറ്റോ എന്നുപോലും സംശയിക്കാവുന്ന സംഭവങ്ങളുടെ പരമ്പര തന്നെയാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

"കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളിക മുകളേറിയമന്നന്റെ തോളിൽ
മാറാപ്പു കേറ്റുന്നതും ഭവാൻ
എണ്ണിയെണ്ണികുറയുന്നിതാ‍യുസ്സും
മണ്ടി മണ്ടി കരേറുന്നു മോഹവും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ”

No comments:

Post a Comment