നെഗേറ്റീവ് പബ്ലിസിറ്റിയിലൂടെ ബിസിനസ് വളര്‍ത്തിയെടുക്കുന്ന വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മുന്‍കാലങ്ങളില്‍ ഈ തന്ത്രം പയറ്റുന്നവര്‍ക്ക് പരിമിതികളുണ്ടായിരുന്നെങ്കിലും ടെക്‌നോളജിയുടെ കടന്നുവരവോടെ സീമകളില്ലാത്ത സാഹചര്യങ്ങളാണ് ഇക്കൂട്ടര്‍ക്ക് കൈവന്നിരിക്കുന്നത്. അതവര്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ആദ്യകാലങ്ങളില്‍ കേരളത്തില്‍ ഏറെ പ്രചുരപ്രചാരമുണ്ടായിരുന്ന ഒരു ദിനപ്പത്രമായിരുന്നു 'തനി നിറം.' ചെറിയ ചെറിയ സംഭവങ്ങളെ പര്‍വ്വതീകരിച്ച് പ്രമാദമാക്കാനുള്ള തനിനിറം പത്രാധിപ സമിതിയുടെ കഴിവുകള്‍ അപാരമായിരുന്നു. ഒരു സംഭവം, അതേതുമായിക്കൊള്ളട്ടേ, മറ്റു പത്രങ്ങള്‍ വസ്തുനിഷ്ഠമായി പ്രസിദ്ധീകരിക്കുമ്പോള്‍ തനിനിറം അതിന്റെ പിന്നാമ്പുറമായിരിക്കും പ്രസിദ്ധീകരിക്കുക, അതും പൊടിപ്പും തൊങ്ങലും വെച്ച്. സന്ദര്‍ഭത്തിനനുസരിച്ച് 'മസാല' കൂട്ടാനും അവര്‍ മടിക്കാറില്ല. അതുകൊണ്ടുതന്നെ തനിനിറം വായനക്കാരും കൂടുതലായിരുന്നു. മറ്റു പത്രങ്ങളുടെ നിലനില്പിന് ഭീഷണിയെന്നോണം തനിനിറത്തിന്റെ പ്രചാരം വര്‍ദ്ധിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മറ്റു പത്രങ്ങള്‍ തിരഞ്ഞെടുത്ത രീതിയാണ് 'ഡോക്ടറോട് ചോദിക്കുക', 'മനഃശ്ശാസ്ത്രജ്ഞനോട് ചോദിക്കുക' എന്നീ പംക്തികള്‍ ആരംഭിച്ചത്. എന്നാല്‍ അവയൊക്കെ എട്ടുനിലയില്‍ പൊട്ടിയെന്നു മാത്രമല്ല നിയമത്തിന്റെ നൂലാമാലകളില്‍ പെട്ട് പത്രങ്ങള്‍ ആ പംക്തികള്‍ തന്നെ നിര്‍ത്തേണ്ട സ്ഥിതിയിലുമായി. വായനക്കാര്‍ക്ക് ഡോക്ടറോടോ മനഃശ്ശാസ്ത്രജ്ഞനോടോ ഏതു ചോദ്യവും ചോദിക്കാമെന്നും, അവയ്ക്ക് വ്യക്തമായ ഉത്തരം അടുത്ത ലക്കത്തില്‍ അച്ചടിച്ചുവരുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ചോദ്യങ്ങളും ഉത്തരങ്ങളും പത്രാധിപര്‍ തന്നെയാണ് ഉണ്ടാക്കുന്നതെന്ന രഹസ്യം മനസ്സിലാക്കിയ അധികൃതര്‍ നിയമനടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.
ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ടെന്നതിനു തെളിവുകള്‍ നിരവധിയാണ്. ഒരേ വാര്‍ത്തകള്‍ തന്നെ വലിച്ചുനീട്ടി സെന്‍സേഷനാക്കുന്ന രീതി ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഏറ്റവും കൂടുതല്‍. പ്രിന്റ് മാധ്യമങ്ങള്‍ക്ക് സ്ഥലപരിമിതികളുള്ളതുകൊണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആ അവസരം ശരിക്കും മുതലെടുക്കുന്നു. സ്വയം ട്രോളുകയോ വാര്‍ത്തകള്‍ക്ക് നെഗേറ്റീവ് കമന്റുകള്‍ വ്യാജ പേരുകളില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതു വഴി കൂടുതല്‍ വായനക്കാരെ ആ മാധ്യമത്തിലേക്ക് ആകര്‍ഷിക്കുന്നു.
സ്വയം ട്രോളുന്നതിനെക്കുറിച്ച് ഏഷ്യാനെറ്റിന്റെ മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ ഡീജു ശിവദാസ് ഈയ്യിടെ ഫെയ്സ്ബുക്കില്‍ എഴുതിയ ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെടുകയുണ്ടായി. അദ്ദേഹം എഴുതുന്നു:
*******
സ്വയം ട്രോളുക എന്ന സോഷ്യല്‍ മീഡിയ വാണിജ്യതന്ത്രം കേരളത്തില്‍ ഏറ്റവും മനോഹരമായി നടപ്പാക്കുന്നത് രണ്ടു സ്ഥാപനങ്ങളാണ്.
ഒന്ന്, മലയാള മനോരമ
രണ്ട്, ബി ജെ പി
മുച്ചൂടും കളിയാക്കുന്നതും ഇടിച്ചു താഴ്ത്തുന്നതും എന്ന് പ്രഥമദൃഷ്ട്യാ തോന്നുന്ന ട്രോളുകളെ വാസ്തവത്തില്‍ ഏറ്റവുമധികം ആസ്വദിക്കുന്നതും, പ്രമോട്ട് ചെയ്യുന്നതും ട്രോള്‍ ചെയ്യപ്പെടുന്ന ഈ സ്ഥാപനങ്ങള്‍ തന്നെയാണ്.
അത് അറിയണമെങ്കില്‍ അടുത്ത കാലത്ത് മനോരമയും ബി ജെ പിയും പ്രമോട്ട് ചെയ്ത ട്രോളുകള്‍ നോക്കിയാല്‍ മാത്രം മതി.
ലോകത്തെവിടെ വാര്‍ത്തയുണ്ടായാലും അതില്‍ മലയാളി ബന്ധം തേടുന്നതും, എന്തു സംഭവത്തിനും ഇന്‍ഫോ ഗ്രാഫിക്സ് നല്‍കുന്നതുമൊക്കെ മനോരമയ്ക്കെതിരെയുള്ള പരിഹാസമാക്കി ട്രോളന്‍മാരാണ് തുടങ്ങിയത്. പക്ഷേ അതിന്റെ വാണിജ്യ സാധ്യതകള്‍ തിരിച്ചരിഞ്ഞ് മനോരമ തന്നെ അതിനെ പ്രോത്സാഹിപ്പിക്കുന്നു.
മനോരമയിലെ റിപ്പോര്‍ട്ടര്‍മാര്‍ തന്നെയാണ് അടുത്ത കാലത്ത് ഏറ്റവുമധികം അത്തരം ട്രോളുകള്‍ ഷെയര്‍ ചെയ്തതും.
ഒപ്പം, ബാലരമയിലെ മായാവി കാര്‍ട്ടൂണില്‍, ഡിങ്കിനി എന്ന പുതിയ കഥാപാത്രം വരുന്നു എന്ന പേരിലുണ്ടായ ട്രോള്‍ ബഹളം മറക്കരുത്. ലുട്ടാപ്പിയെ ഒഴിവാക്കുമോ എന്ന പേരില്‍ ഉയര്‍ന്ന ചര്‍ച്ചകളും, അതിലുയര്‍ന്ന ട്രോളുകളും ഷെയര്‍ ചെയ്തതും കമന്റുകള്‍ പാസാക്കിയതും പ്രമുഖര്‍ വരെയാണ്. അതില്‍ പലതും ഏറ്റവുമധികം പ്രമോട്ട് ചെയ്തിരുന്നത് മനോരമ തന്നെയാണ്.
സമാനമാണ് ബി ജെ പിയുടെ ട്രോള്‍ സൃഷ്ടികളും. കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ കേട്ട കുമ്മനടി എന്ന പ്രയോഗം മുതല്‍, ശബരിമല സമരവേദിയില്‍ വരെ ബി ജെ പി നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വരെ നോക്കിയാല്‍ മതി. പരിഹസിച്ചും കളിയാക്കിയും തെറി വിളിച്ചും പതിനായിരങ്ങള്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍. ബി ജെ പി നേതാക്കളുടെ മണ്ടത്തരം എന്നു പറഞ്ഞ് ആയിരക്കണക്കിന് കമന്റുകള്‍ വന്ന പോസ്റ്റുകള്‍.
കളിയാക്കല്‍ കിട്ടും എന്നുറപ്പുള്ള പല കാര്യങ്ങളും ബി ജെ പി നേതാക്കള്‍ ഫേസ്ബുക്കില്‍ സ്ഥിരമായി എഴുതുകയും, അവയ്ക്ക് കുമ്മനോജി എന്ന പേരിലൊക്കെ ചിരി റിയാക്ഷനുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്നുണ്ട്.
രാഷ്ട്രീയത്തില്‍ ഏറെ നാള്‍ പയറ്റിത്തെളിഞ്ഞ പരിണിതപ്രജ്ഞരായ നേതാക്കള്‍ പോലും സാമാന്യയുക്തിക്ക് നിരക്കാത്ത അത്തരം നിരവധി പോസ്റ്റുകള്‍ ഇടും. ഇതെന്താ ഈ നേതാക്കള്‍ ഇങ്ങനെ എന്ന് ചിന്തിക്കുന്നവരുണ്ട്. അല്ലെങ്കില്‍, അവരെ കളിയാക്കാന്‍ കിട്ടിയ അവസരം മുതലെടുത്ത് നന്നായി പരിഹസിച്ചു ചിരിക്കുന്നവരുണ്ട്. മറ്റുള്ളവരോട് ഷെയര്‍ ചെയ്തും, കമന്റ് ചെയ്തുമെല്ലാം ആര്‍ത്താര്‍ത്ത് ചിരിക്കും.
പ്രത്യക്ഷത്തില്‍ സ്വാഭാവികവും നിര്‍ദോഷകരവും എന്നാണ് ഇത്തരം ട്രോളുകളെ തോന്നുക. അതിലൂടെ അവര്‍ നന്നായി പരിഹാസ്യരായി എന്നും.
പക്ഷേ യഥാർത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്?
ട്രോള്‍ ചെയ്യപ്പെടുന്ന ഈ സ്ഥാപനങ്ങള്‍ പറയാനുദ്ദേശിക്കുന്ന കാര്യം കൂടുതല്‍ കൂടുതല്‍ പേരിലേക്ക് എത്തുകയാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. അതായത്, അവരുടെ പരസ്യം അത്രയും കൂടുകയാണ് ചെയ്യുന്നത്.
ഇത് ഫേസ്ബുക്ക് മാർക്കറ്റിംഗ് രംഗത്തെ വ്യക്തമായ, നൂതന വിപണന തന്ത്രമാണ്. ട്രോള്‍ മാർക്കറ്റിംഗ്.
അതെങ്ങനെ എന്നറിയണമെങ്കിൽ ഈ ഫേസ്ബുക്ക് പോസ്റ്റുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയണം.
അല്‍ഗോരിതങ്ങളിലൂടെയാണ് ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെയും റീച്ച്, അഥവാ എത്ര പേരിലേക്ക് എത്തുന്നു എന്ന് തീരുമാനിക്കപ്പെടുന്നത്. ഇടക്കിടെ ഫേസ്ബുക്ക് അല്‍ഗോരിതം മാറ്റിക്കൊണ്ടിരിക്കും. ഇപ്പോള്‍ നിലവിലുള്ള അല്‍ഗോരിതങ്ങള്‍ പ്രകാരം, എന്‍ഗേജ്മെന്റാണ് ഓരോ പോസ്റ്റിന്റെയും റീച്ച് നിര്‍ണയിക്കുന്നത്.
എന്‍ഗേജ്മെന്റ് എന്നു പറഞ്ഞാല്‍ പല വിധമുണ്ട്. അത് ലൈക്കായും, റിയാക്ഷനായും, ഷെയറായും, കമന്റായും എല്ലാം വരാം.
എന്‍ഗേജ്മെന്റ് കൂടുമ്പോള്‍ ഉള്ള ഗുണം എന്താണെന്ന് വച്ചാല്‍, അത്രയും കൂടുതല്‍ പേരുടെ ന്യൂസ് ഫീഡിലേക്ക് അത് എത്തുകയാണ്. അതായത്, കമന്റും ഷെയറും ലൈക്കും ഒക്കെ കുറഞ്ഞ ഒരു പോസ്റ്റാണെങ്കില്‍ അത് അല്‍പനേരം കഴിയുമ്പോള്‍ അകാല ചരമമടയും. ആരുടെയും ന്യൂസ് ഫീഡിലേക്ക് പിന്നീട് അത് എത്തണമെന്നില്ല.
പക്ഷേ കൂടുതല്‍ പേര്‍ ആ പോസ്റ്റില്‍ എന്‍ഗേജ് ചെയ്യപ്പെടുകയാണെങ്കില്‍, അത് കൂടുതല്‍ പേരുടെ ന്യൂസ് ഫീഡുകളിലേക്ക് എത്തും. കൂടുതല്‍ സമയം ആക്ടീവായി നില്‍ക്കുകയും ചെയ്യും.
ഇനി എന്‍ഗേജ്മെന്റിനും പല റാങ്കിംഗുണ്ട്. നിലവിലെ അല്‍ഗോരിതം പ്രകാരം കമന്റുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന റാങ്ക്. അതായത്, കൂടുതല്‍ കമന്റുകളുള്ള ഒരു പോസ്റ്റ് അത്രയും കൂടുതല്‍ പേരിലേക്ക് എത്തിച്ചേരും. മറിച്ച്, ഒരു കമന്റുമില്ലാതെ ആയിരം ലൈക്കുള്ള പോസ്റ്റായാല്‍ പോലും അത്രയും റീച്ച് കിട്ടിയെന്ന് വരില്ല.
കമന്റു കഴിഞ്ഞാല്‍ പിന്നെ ഷെയറിനാണ് റാങ്കിംഗ്. അതു കഴിഞ്ഞാല്‍ റിയാക്ഷനുകള്‍. അതും കഴിഞ്ഞാണ് സാദാ ലൈക്ക് വരുന്നത്.
ആക്ടീവ് എന്‍ഗേജ്മെന്റ് എന്നാണ് ഫേസ്ബുക്ക് ഇതിനെ വിളിക്കുന്നത്. ഒരു പോസ്റ്റില്‍ ക്ലിക്ക് ചെയ്യുന്നതും, ലിങ്കിലേക്ക് പോയി വായിക്കുന്നതും പോലുള്ള പാസീവ് എന്‍ഗേജ്മെന്റുകളെക്കാള്‍ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നത് ഈ ആക്ടീവ് എന്‍ഗേജ്മെന്റിനെയാണ്.
അങ്ങനെ റീച്ച് കൂടുന്നത് ഒരു പോസ്റ്റിന് മാത്രമല്ല. ആ പോസ്റ്റിട്ട ഫേസ്ബുക്ക് പേജിനോ, പ്രൊഫൈലിനോ കൂടിയാണ്. അതായത്, ആ പേജില്‍ നിന്നുള്ള ബാക്കി പോസ്റ്റുകള്‍ക്കും റീച്ച് കൂടുതലായിരിക്കും.
ഇത് മനോരമയും ബി ജെ പിയും മാത്രം ചെയ്യുന്ന കാര്യമൊന്നുമല്ല. ലോകത്തെങ്ങുമുള്ള ഒരു വാണിജ്യതന്ത്രമാണ് ഈ ട്രോള്‍ മാര്‍ക്കറ്റിംഗ്. നെറ്റ്ഫ്ളിക്സും, സ്പോട്ടിഫൈയും പോലുള്ള സ്ഥാപനങ്ങളൊക്കെ മനപൂര്‍വം തെറ്റുവരുത്തി ഫേസ്ബുക്ക് പോസ്റ്റും ട്വീറ്റും ചെയ്താണ് ട്രോള്‍ വാങ്ങിക്കൂട്ടുന്നത്.
വോള്‍ സ്ട്രീറ്റ് ജേര്‍ണലിലെ “കീവേര്‍ഡ്സ്” എന്ന ടെക്നിക്കല്‍ ബ്ലോഗിന്റെ രചയിതാവായ ക്രിസ്റ്റഫര്‍ മിംസ് ഈ ട്രോള്‍ മാര്‍ക്കറ്റിംഗിനെക്കുറിച്ച് പറയുന്നത് “ഒളിച്ചു കടത്തുന്ന സന്ദേശങ്ങള്‍” എന്നാണ്.
“Trolling is so ingrained in the internet that, without even noticing, we’ve let it shape our most important communication systems” അദ്ദേഹം പറയുന്നു.
മനോരമയെയും ബി ജെ പിയെയും പറയുമ്പോള്‍ മറ്റുള്ള ആരും ചെയ്യുന്നില്ല എന്നല്ല. വി ടി ബല്‍റാമിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്റുകളും ഫലത്തില്‍ ഇതു തന്നെയാണ്. ഒരുപക്ഷേ ഫേസ്ബുക്കിന് പുറത്ത് ഇതേ തന്ത്രം പയറ്റുന്നയാളാണ് എം എം മണി.
പക്ഷേ കുറച്ചു മാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതില്‍ നിന്ന് മനസിലായത്, വ്യക്തമായ പ്ലാനിംഗോടെ ട്രോള്‍ മാർക്കറ്റിംഗ് നടത്തുന്നതില്‍ വിജയിച്ചു നില്‍ക്കുന്നത് മനോരമയും ബി ജെ പിയും തന്നെയാണ്.
*******************************
ഈ ട്രോള്‍ മാര്‍ക്കറ്റിംഗ് തന്ത്രത്തിലൂടെ കൂടുതല്‍ വായനക്കാരെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇന്ന് നിലവിലുണ്ട്. ചിലരൊക്കെ നിയമത്തിന്റെ നൂലാമാലകളില്‍ പെട്ടുഴലുന്നുമുണ്ട്. മാനനഷ്ടക്കേസ് നേരിടുന്ന മാധ്യമങ്ങളും വിരളമല്ല. ഒരു വാര്‍ത്തയെ എങ്ങനെ ട്രോളുകളിലൂടെ കൂടുതല്‍ പേരിലെത്തിക്കാമെന്ന വക്രബുദ്ധിയാണ് ആ വാര്‍ത്തയ്ക്ക് 'കമന്റുകള്‍' എഴുതുന്നത്. എല്ലാം വ്യാജ പേരുകളിലായിരിക്കും. ഫെയ്സ്ബുക്കിലെ അല്‍ഗോരിതം പ്രകാരം ഏറ്റവും കൂടുതല്‍ കമന്റുകള്‍ സൃഷ്ടിച്ച് ഏറ്റവും ഉയര്‍ന്ന റാങ്ക് നേടുക ലക്ഷ്യം. അതായത്, കൂടുതല്‍ കമന്റുകളുള്ള ഒരു പോസ്റ്റ് അത്രയും കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള തന്ത്രം. ഈ തന്ത്രത്തില്‍ വീണു പോകുന്നത് വായനക്കാര്‍ മാത്രമല്ല എഴുത്തുകാരും സാഹിത്യകാരന്മാരുമൊക്കെയുണ്ട്. ഏറ്റവും മേന്മയേറിയതെന്നും, ആ പത്രത്തിനാണ് കൂടുതല്‍ വായനക്കാരുള്ളതെന്നും ധരിച്ചുവശായി അവര്‍ മറ്റു മാധ്യമങ്ങളില്‍ നിന്ന് അകലുന്നു. എന്നാല്‍ ഇപ്പറഞ്ഞ മാധ്യമങ്ങളിലെ കമന്റുകള്‍ സ്വയം ട്രോളുന്ന പത്രാധിപ സമിതി തന്നെയാണ് എഴുതുന്നതെന്ന സത്യം ഈ എഴുത്തുകാര്‍ മനസ്സിലാക്കുന്നില്ല.
ഫെയ്സ്ബുക്കിലും ഇതര സോഷ്യല്‍ മീഡിയകളിലും 'സ്വയം ട്രോളന്മര്‍' സൃഷ്ടിച്ചു വിടുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും അവയ്ക്ക് കമന്റുകളെഴുതുക വഴി സുഹൃത്തുക്കളെ നഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ബിജെപിയുടെ 'ഫെയ്ക്ക് ഫോട്ടോഷോപ്പ്' ഇതിനോടകം തന്നെ (കു)പ്രസിദ്ധി നേടിക്കഴിഞ്ഞു. അതിന്റെ ചുവടു പിടിച്ച് മറ്റു പാര്‍ട്ടിക്കാരും ഫോട്ടോഷോപ്പ് വഴി നിരവധി ഫെയ്ക്ക് പോസ്റ്റുകള്‍ സൃഷ്ടിക്കുന്നുമുണ്ട്.