Monday, March 30, 2020

കൊവിഡ്-19: വുഹാനിലെ മരണങ്ങള്‍; ദുരൂഹത തുടരുന്നു

ചൈനയിലെ വുഹാന്‍ നഗരത്തില്‍ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം സംബന്ധിച്ച് ദുരൂഹത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ് അധികൃതരുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി കൊറോണ വൈറസ് ബാധിച്ച് 42,000 പേരെങ്കിലും മരിച്ചുവെന്ന് വുഹാനിലെ പ്രദേശവാസികള്‍ വിശ്വസിക്കുന്നു. വുഹാനില്‍ 3200 പേര്‍ മാത്രമാണ് മരിച്ചതെന്ന് നേരത്തെ ചൈനീസ് അധികൃതര്‍ അവകാശപ്പെട്ടിരുന്നു.

വുഹാന്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ഇതുവരെ രാജ്യത്തുടനീളം 3300 പേര്‍ മരിക്കുകയും 81,000 പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുകയും ചെയ്തതായി ചൈനീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ 3,182 പേര്‍ ഹുബെ പ്രവിശ്യയില്‍ മാത്രം മരിച്ചു. അതേസമയം, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രതിദിനം 500 അസ്ഥി കലശങ്ങള്‍ നല്‍കുന്നുണ്ടെന്ന് വുഹാനിലെ  പ്രാദേശിക ജനങ്ങള്‍ അവകാശപ്പെടുന്നു.

ഏഴ് വ്യത്യസ്ത ഫ്യൂണറല്‍ ഹോമുകളില്‍ (ശവസംസ്കാര കേന്ദ്രങ്ങള്‍) അസ്ഥി കലശം നല്‍കുന്ന പ്രക്രിയ തുടരുകയാണ്. ഈ കണക്കനുസരിച്ച്, ഓരോ 24 മണിക്കൂറിലും 3500 പേര്‍ക്ക് അസ്ഥി കലശം നല്‍കി. ഹങ്കു, വുചാങ്, ഹന്യാങ് എന്നിവിടങ്ങളില്‍ ഏപ്രില്‍ 5 നകം ആളുകള്‍ക്ക് അസ്ഥി കലശങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിലാണ് ചൈനയിലെ കിംഗ് മിംഗ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. അതില്‍ ആളുകള്‍ അവരുടെ പൂര്‍വ്വികരുടെ ശവകുടീരം സന്ദര്‍ശിക്കും.

ഈ രീതിയില്‍, അടുത്ത 12 ദിവസത്തിനുള്ളില്‍ 42000 അസ്ഥി കലശങ്ങള്‍ വിതരണം ചെയ്യുമെന്നാണ് അറിവ്. 5000 അസ്ഥി കലശങ്ങളാണ് രണ്ടുതവണയായി നല്‍കിയതെന്ന് ചൈനീസ് മാധ്യമമായ കെയ്ക്സിന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു മാസത്തോളം നീണ്ടുനിന്ന ലോക്ക്ഡൗണ്‍ സമയത്താണ് ഇത് നടന്നതെന്ന് കെയ്ക്സിന്‍ പറയുന്നു.

ഡിസംബറില്‍ ആദ്യമായി രോഗം പ്രത്യക്ഷപ്പെട്ട ഈ മധ്യ ചൈനീസ് നഗരത്തില്‍ വൈറസിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഈ ആഴ്ച ആരംഭിക്കുന്ന എട്ട് പ്രാദേശിക ഫ്യൂണറല്‍ ഹോമുകളില്‍ നിന്ന് ചിതാഭസ്മം എടുക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് അസ്ഥി കലശങ്ങള്‍ ട്രക്കുകളില്‍ കയറ്റിവിടുന്ന ഫോട്ടോകള്‍ ചൈനീസ്
മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒരു ഫ്യൂണറല്‍ ഹോമിന് പുറത്ത് കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയും 2500 ഓളം അസ്ഥി കലശങ്ങള്‍ ട്രക്കുകള്‍ കയറ്റി അയച്ചതായി ചൈനീസ് മാധ്യമമായ കെയ്ക്സിന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെയ്ക്സിന്‍ പ്രസിദ്ധീകരിച്ച മറ്റൊരു ചിത്രത്തില്‍ 3,500 അസ്ഥി കലശങ്ങള്‍ അകത്ത് നിലത്ത് അടുക്കിയിരിക്കുന്നതായി കാണിച്ചിട്ടുണ്ട്. എത്ര കലശങ്ങള്‍ നിറച്ചുവെന്ന് വ്യക്തമല്ല.

ചിതാഭസ്മം എടുക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായി ചില കുടുംബങ്ങള്‍ പറഞ്ഞതായി കെയ്ക്സിന്‍  റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം വുഹാനില്‍ 2,535 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. പുതിയ കേസുകളുടെ എണ്ണം പൂജ്യമായിത്തീര്‍ന്നതായും വൈറസ് ബാധിച്ച മറ്റ് രാജ്യങ്ങളിലേക്ക് നയതന്ത്രപരമായ മുന്നേറ്റം വര്‍ദ്ധിപ്പിച്ചതായും ചില മെഡിക്കല്‍ സപ്ലൈകള്‍ അയച്ചതായും ജനുവരി മുതല്‍ ലോക്ക്ഡൗണ്‍ നീക്കം ചെയ്യുമെന്ന പ്രഖ്യാപനം വന്നു.

എന്നാല്‍ പൊതുജനങ്ങളില്‍ ഒരു വിഭാഗത്തിന് ഔദ്യോഗിക കണക്കുകളുടെ കൃത്യതയെക്കുറിച്ച് സംശയമുണ്ട്. പ്രത്യേകിച്ചും വുഹാന്‍റെ അമിതമായ മെഡിക്കല്‍ സംവിധാനം, വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പ്രാരംഭ ഘട്ടത്തില്‍ മറച്ചുവെക്കാനുള്ള അധികാരികളുടെ ശ്രമങ്ങള്‍, ഔദ്യോഗിക കേസുകള്‍ കണക്കാക്കുന്ന രീതിയിലുള്ള ഒന്നിലധികം പുനരവലോകനങ്ങള്‍ എന്നിവ. ഉന്നത വുഹാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടിട്ടുണ്ട്.

മരണമടഞ്ഞ നിരവധി ആളുകള്‍ക്ക് കോവിഡ് 19 ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കെയ്ക്സിന്‍ പറയുന്നു.  കൊറോണ വൈറസ് ബാധിച്ചവരെ സഹായിക്കാന്‍ പരിമിതമായ ആശുപത്രി സൗകര്യം മൂലം ശരിയായ ചികിത്സ ലഭിക്കാതെ നിരവധി പേര്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗരത്തിന്‍റെ സിവില്‍ അഫയേഴ്സ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 2019 നാലാം പാദത്തില്‍ 56,007 ശവസംസ്ക്കാരങ്ങള്‍  വുഹാനില്‍ നടന്നു. ശവസംസ്കാരങ്ങളുടെ എണ്ണം 2018 നാലാം പാദത്തേക്കാള്‍ 1,583 ഉം 2017 ലെ നാലാം പാദത്തേക്കാള്‍ 2,231 ഉം കൂടുതലാണ്.

മരണപ്പെട്ടയാളുടെ കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരോട് ശരിയായ 'വിടപറയല്‍' നടന്നേക്കില്ല. ഏപ്രില്‍ 30 വരെ വ്യക്തികള്‍ ശവകുടീരങ്ങള്‍ തൂത്തുവാരുന്നത് വിലക്കുന്നതായി വുഹാന്‍ സര്‍ക്കാര്‍ പ്രസ്താവന ഇറക്കി. അതായത് പരമ്പരാഗത ഏപ്രില്‍ 4 ചിംഗ് മിംഗ് ഫെസ്റ്റിവല്‍ (ശവകുടീരം സന്ദര്‍ശിക്കലും തൂത്തുവാരലും) ആചരിക്കാന്‍ കഴിയില്ല. ഗ്വാങ്സി, സെജിയാങ് എന്നിവയുള്‍പ്പടെ മറ്റ് പ്രവിശ്യകളും സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജന സംഗമങ്ങള്‍ക്കെതിരായ നടപടിയായി, അസ്ഥി കലശങ്ങള്‍ എടുക്കുമ്പോള്‍ തങ്ങളുടെ തൊഴിലുടമകളോ അയല്‍ക്കൂട്ട സമിതികളിലെ ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങളെ വൈറസ് ബാധിച്ച് നഷ്ടപ്പെട്ട വുഹാനിലെ രണ്ട് നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു,

തന്റെ പിതാവിന്‍റെ ചിതാഭസ്മം എപ്പോള്‍ എടുക്കാമെന്നതിനെക്കുറിച്ച് കൂടുതല്‍ അറിയിപ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്ന് ജില്ലാ സര്‍ക്കാര്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വുഹോ നിവാസിയായ ക്യൂ സായ് ഷീ സോംഗ് എന്ന അപരനാമം ഉപയോഗിച്ച് ഒരാള്‍ വെയ്ബോ (Weibo) എന്ന ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

അഡാഗിയര്‍ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് മറ്റൊരു മറ്റൊരു വെയ്ബോ ഉപയോക്താവ് തന്‍റെ ഭര്‍ത്താവിനെ കൊറോണ വൈറസ് നഷ്ടപ്പെടുത്തിയെന്നും, അതിനുശേഷം അവര്‍ വികാരാധീനയായി ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്യുത് നിര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 'എനിക്ക് ഒരൊറ്റ ആഗ്രഹമേ ഉള്ളൂ, എന്‍റെ ഭര്‍ത്താവിന് എത്രയും വേഗം ശരിയായ അന്ത്യവിശ്രമം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' എന്ന് അവര്‍ വെയ്ബോയില്‍ പോസ്റ്റു ചെയ്തു.

Saturday, March 21, 2020

മാനവികതയാണ് ഏറ്റവും വലിയ പുണ്യം

ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളില്‍ പോലും ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ കോവിഡ്-19 തകര്‍ത്തു തരിപ്പണമാക്കി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യത്തെ സര്‍ക്കാരുകളും മെഡിക്കല്‍ പ്രൊഫഷണലുകളും, ആരോഗ്യ രംഗത്തെ വിദഗ്ധരും, ലോകാരോഗ്യ സംഘടനയും ദിനംപ്രതി അണുബാധകള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ പോരാടുകയാണ്.

അതേസമയം, വികസിത രാജ്യങ്ങള്‍ നേരിടുന്ന മറ്റു ഭീഷണി ഇതിലും വലുതാണ്. കാരണം, ഈ രാജ്യങ്ങളിലെ തകര്‍ന്ന ആരോഗ്യ സംവിധാനങ്ങള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒരു ദുരന്തത്തിന് തന്നെ സാധ്യതയുണ്ട്.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, എല്ലാ രാജ്യങ്ങളും നിസ്സാര വ്യത്യാസങ്ങള്‍ മാറ്റിവച്ച് അതിരുകളില്ലാത്ത ശത്രുവായ കൊറോണ വൈറസിനെതിരെ ശക്തമായി പോരാടണമെന്നാണ് പറയാനുള്ളത്.

ആഗോള പ്രതിസന്ധി ഘട്ടങ്ങളില്‍ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നു മാത്രം വിശേഷിപ്പിക്കാവുന്ന നടപടികള്‍ നടപ്പിലാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിലെ ചിലര്‍ താല്‍പ്പര്യപ്പെടുന്നുവെന്നത് വ്യക്തമാണ്.

ഉദാഹരണത്തിന്, വൈറസ് ബാധിച്ച രാജ്യങ്ങളില്‍ ഇസ്ലാമിക് റിപ്പബ്ലിക്കും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇറാനെതിരായ ഉപരോധം ലഘൂകരിക്കാന്‍ അമേരിക്ക വിസമ്മതിക്കുകയാണ്.

ഈ അത്യാഹിത സന്ദര്‍ഭത്തില്‍ പോലും ഇറാന്‍ ഭരണകൂടത്തിന്മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുന്ന നയം യു എസ് തുടരുമെന്ന, വാഷിംഗ്ടണില്‍ ഇറാന്‍ അഫയേഴ്സ് കൈകാര്യം ചെയ്യുന്ന ബ്രയാന്‍ ഹുക്കിന്റെ പ്രസ്താവന തന്നെ ക്രൂരവും മനുഷ്യത്വരഹിതവുമാണ്.

അല്ലെങ്കില്‍ തന്നെ ഇറാനെതിരെയുള്ള ഉപരോധം എന്തിന്റെ പേരിലാണെന്ന് ഇപ്പോഴും അജ്ഞാതമാണ്. തെറ്റായ കീഴ്‌വഴക്കവും നീതീകരിക്കപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ കാരണങ്ങള്‍ നിരത്തി ഇറാനെതിരെ ചുമത്തിയ ഉപരോധം പുനര്‍‌വിചിന്തനം നടത്തേണ്ട സമയമാണിത്.

കൊറോണ വൈറസ് പടര്‍ന്നു പിടിച്ച് കടുത്ത ആരോഗ്യ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഇറാനികളിലേക്ക് സഹായം എത്തിക്കുന്നത് തടയാന്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന നയം അമേരിക്കയുടെ അന്തസ്സിന് ചേര്‍ന്ന പ്രവര്‍ത്തിയല്ല. അതിന് യാതൊരു ന്യായീകരണവുമില്ല.

അണുബാധകളുടെയും മരണങ്ങളുടെയും എണ്ണം സംബന്ധിച്ച് അധികാരികള്‍ സുതാര്യമായിരുന്നില്ലെന്ന് ഇറാന്‍ ജനങ്ങള്‍ക്കുള്ളില്‍ നിന്നുപോലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വാസ്തവത്തില്‍, ഈ സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ കോവിഡ് 19 ആദ്യമായി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ അത് കൈകാര്യം ചെയ്യുന്നത് എളുപ്പമാവുമായിരുന്നു എന്നാണ് ഇറാനിയന്‍ ജനത വിശ്വസിക്കുന്നത്. 

ഇറാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 1,500 പേരാണ് കൊറോണ വൈറസ് പിടിപെട്ട് മരിച്ചത്. കൂടാതെ, ഓരോ മണിക്കൂറിലും 50 പേര്‍ക്ക് രോഗം ബാധിക്കുന്നു. ഭയാനകമായ ഈ സാഹചര്യം മനസ്സില്‍ വെച്ചുകൊണ്ട് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ലോക നേതാക്കളോട് യാചിക്കുകയാണ്. തങ്ങള്‍ക്കെതിരെ അമേരിക്ക ചാര്‍ത്തിയിരിക്കുന്ന ഉപരോധം പിന്‍‌വലിക്കാന്‍ അനുകമ്പ കാണിക്കണമെന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നത്. കൊറോണ വൈറസില്‍ വിറങ്ങലിച്ച ചൈനയും അതു തന്നെ ആവശ്യപ്പെടുന്നു. മാനുഷിക പരിഗണന നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ അമേരിക്കയാകട്ടേ ഉപരോധം നീക്കുകയില്ലെന്നും മാത്രമല്ല, ഇറാനെ സഹായിക്കാന്‍ മുന്നോട്ടു വരുന്ന രാജ്യങ്ങളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ്. ഇതിനെ താന്‍പോരിമ അല്ലെങ്കില്‍ മുഷ്ക് എന്നല്ലാതെ എന്തു പറയാന്‍.

ഇറാനുമായുള്ള അമേരിക്കയുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഭൗമരാഷ്ട്രീയവും പ്രത്യയശാസ്ത്രാപരവുമാണ്. അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടുതാനും. എന്നിരുന്നാലും,  ഈ സമയത്ത് രാഷ്ട്രങ്ങള്‍ സങ്കുചിത മനോഭാവങ്ങള്‍ വെടിഞ്ഞ് മാനുഷികമായ വഴികളിലൂടെ ചിന്തിക്കണം.

ഇറാനിലെ ഭീകരമായ സാഹചര്യം കണക്കിലെടുത്ത് പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ ലോക സമൂഹം ഒന്നിച്ച് പ്രവര്‍ത്തിക്കുകയും, ജീവന്‍ രക്ഷിക്കാന്‍ അവശ്യസാധനങ്ങള്‍ അവര്‍ക്ക് അനുവദിച്ചു കൊടുക്കുകയുമാണ് മനുഷ്യത്വം.

ഈ പ്രതിസന്ധി രാജ്യത്തിന്‍റെ മിക്ക കോണുകളിലും സ്പര്‍ശിച്ചിട്ടുണ്ട്. ദരിദ്രരെയും തൊഴിലാളി വര്‍ഗത്തെയും സാരമായി ബാധിക്കുന്നുമുണ്ട്. പ്രായമായ പുരുഷന്മാരാണ് ഏറ്റവും കൂടുതല്‍ മരിക്കുന്നത്. കുട്ടികളേയും നവജാത ശിശുക്കളേയും ബാധിക്കുന്നു. സാമ്പത്തിക ആഘാതം പ്രത്യേകിച്ച് സ്ത്രീകളെ വേദനിപ്പിക്കുന്നു. കാരണം, ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളവരും, ചുമതലകള്‍ വര്‍ധിപ്പിക്കുന്നതും, രോഗികളായ ബന്ധുക്കളെയും സ്കൂളില്‍ നിന്ന് വീട്ടില്‍ താമസിക്കുന്ന കുട്ടികളെയും നോക്കുന്ന ബാധ്യത അവര്‍ക്കാണ്.

ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതും, യുഎസ് ഉപരോധം വീണ്ടും നടപ്പാക്കിയതും നിയന്ത്രിത സമ്പദ്‌വ്യവസ്ഥ തകരാറിലായതും ഇറാന്റെ കൊടുക്കല്‍ വാങ്ങള്‍ ശേഷി ഇടിഞ്ഞു. വൈറസ് ബാധിച്ചതോടെ ഭക്ഷണ ദൗര്‍ലഭ്യവും  പോഷകാഹാരക്കുറവും മൂലം രോഗപ്രതിരോധ ശേഷി ദുര്‍ബലപ്പെട്ട അവസ്ഥയാണ്. പലര്‍ക്കും ആരോഗ്യ പരിരക്ഷ പോലുമില്ലാത്ത അവസ്ഥയിലാണ് ഇറാന്‍.

ഈ പാന്‍ഡെമിക് സമയത്ത് ഉപരോധം നിര്‍ത്തലാക്കുന്നത് ബുദ്ധിമുട്ടുള്ളതോ അസംഭവ്യമോ എന്ന് കരുതരുത്.  തീവ്രമായ സമ്മര്‍ദ്ദം മാത്രമേ ഇറാനിയന്‍ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുകയുള്ളൂവെന്ന യുഎസ് ഭരണകൂടത്തിന്റെ കാഴ്ചപ്പാട് തെറ്റായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ധാര്‍ഷ്ട്യമല്ല സമാധാനത്തിന്റെ വഴി. അമേരിക്കയിലുടനീളം കൊവിഡ്-19 പടര്‍ന്നു പിടിക്കുകയും, ജനങ്ങള്‍ മരിച്ചുവീഴുന്നത് കണ്ടിട്ടും, 'ഞങ്ങളാണ് ലോക ശക്തി, ഞങ്ങളെ തൊടാന്‍ ഒരു വൈറസിനും സാധ്യമല്ല' എന്നു പറയുന്നത് അധികാര മുഷ്‌ക്കിന്റെ ഭാഷയാണ്, സമാധാനകാംക്ഷിയുടേതല്ല.

ലോകം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വ്യത്യസ്ത കാലഘട്ടത്തിലാണ്. അത് മറന്ന് പ്രവര്‍ത്തിക്കുന്നത് ഏതൊരു ഭരണാധികാരിക്കും ഭൂഷണമല്ലതന്നെ. രാഷ്ട്രീയം പറയാന്‍ മറ്റൊരു ദിവസത്തിനായി എന്തുകൊണ്ട് കാത്തിരുന്നുകൂടാ? 

Thursday, March 19, 2020

ജുഡീഷ്യറിക്ക് കളങ്കം ചാര്‍ത്തിയ ന്യായാധിപന്‍

ഇന്ന് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്ത സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, യഥാര്‍ത്ഥത്തില്‍ സത്യസന്ധനായ ഒരു ന്യായാധിപനായിരുന്നോ എന്നതാണ് ഇപ്പോഴത്തെ സംസാര വിഷയം. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് എടുത്ത രാഷ്ട്രീയ വഴിമാറ്റം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്.

'കോടതിയലക്ഷ്യം' എന്നാല്‍ ഗൗരവമേറിയ കുറ്റമാണ്. കോടതിയുടെ ഉത്തരവ് പാലിക്കാതിരിക്കുകയോ കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയോ അപകീര്‍ത്തിപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്നത് 'കോടതിയലക്ഷ്യം' എന്ന ഗുരുതരമായ കുറ്റത്തില്‍ പെടുന്നു. പിഴയോ ജയില്‍ ശിക്ഷയോ അതുമല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് ലഭിക്കാവുന്ന കുറ്റം ! എന്നാല്‍, ജനാധിപത്യത്തിന്റെ മൂന്നാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജുഡീഷ്യറി തന്നെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാലോ? കോടതിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേല്പിച്ചാലോ? അതുമല്ലെങ്കില്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തിയാലോ? ആര് ആരെ ശിക്ഷിക്കും? ആരില്‍ നിന്ന് പിഴയീടാക്കും? ആരെ ജയിലിലേക്കയക്കും? ആര് വിധി പറയും? നീതി പീഠത്തിലിരുന്ന് കോടതിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന ന്യായാധിപന്മാര്‍ക്ക് എന്താണ് ശിക്ഷ? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുമായാണ് ഇന്ന് രാജ്യസഭയില്‍ എം.പി.യായി സത്യപ്രതിജ്ഞ ചെയ്ത മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി.

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി മോദി സര്‍ക്കാരിന്റെ നോമിനിയായി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന്റെ അനാരോഗ്യകരമായ രംഗം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ജനത നേരിടാന്‍ നിര്‍ബന്ധിതരാകുകയാണ്. എന്തുകൊണ്ടാണ് ഇതിനിത്ര പ്രാധാന്യം? രഞ്ജന്‍ ഗോഗോയി വെറുമൊരു ജഡ്ജി ആയിരുന്നില്ല എന്നുള്ളതുതന്നെയാണ് അതിന്റെ കാരണം. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ നീതിപീഠത്തിലിരുന്ന് അദ്ദേഹം കൈകാര്യം ചെയ്ത കേസുകളുടെ പിന്നാമ്പുറ കഥകള്‍ അറിയുമ്പോഴാണ് ഈ രാജ്യസഭാംഗത്വം ഒരു 'ഫ്രീ എന്‍ട്രി' അല്ല എന്നു മനസ്സിലാകുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ ഏതെല്ലാം കേസുകള്‍ ഏതെല്ലാം ബെഞ്ചുകളിലേക്ക് വിടണം എന്ന അന്തിമ തീരുമാനമെടുത്തിരുന്നത് ഗോഗോയി ആയിരുന്നു. പ്രത്യേകിച്ച് മോദി സര്‍ക്കാര്‍ എതിര്‍ കക്ഷികളായ സുപ്രധാനമായ നിരവധി കേസുകള്‍ ! ഇപ്പോള്‍ എം.പി.യെന്ന നിലയില്‍ അദ്ദേഹത്തിന് കൊടുത്ത ആ സ്ഥാനം ശക്തനായ ഒരു വ്യവഹാരിയും ന്യായാധിപനും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിനെ സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും തമ്മിലുള്ള ബന്ധവും, അദ്ദേഹത്തിന് ലഭിച്ച എം.പി. സ്ഥാനം അര്‍ഹതപ്പെട്ടതാണെന്ന് ന്യായീകരിക്കാനും ചില 'വ്യാജ' വക്താക്കളും 'തല്പര കക്ഷികളും' വിശദീകരണങ്ങളുമായി രംഗത്തു വന്നത് അപഹാസ്യമായിട്ടാണ് തോന്നുന്നത്. രാജ്യസഭാ എംപിയായി മാറിയ ആദ്യത്തെ ജഡ്ജിയല്ല രഞ്ജന്‍ ഗോഗോയ് എന്നും, ഇതിനു മുന്‍പും ജഡ്ജിമാര്‍ എം.പി.യായി വന്നിട്ടുണ്ടെന്നും, കോണ്‍ഗ്രസ് ഭരണകാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബഹറുല്‍ ഇസ്ലാമും, രംഗനാഥ് മിശ്രയുമാണെന്നൊക്കെ അവര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. എന്നാല്‍, അവരുടെ രാജ്യസഭാ പ്രവേശനത്തിന്റെ സാഹചര്യങ്ങള്‍ ഗോഗോയിയുടെ കേസുമായി താരതമ്യപ്പെടുത്താനാകില്ല.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യത്തിനൊത്ത് പ്രവര്‍ത്തിക്കേണ്ടതല്ല രാജ്യത്തെ കോടതികള്‍, പ്രത്യേകിച്ച് പരമോന്നത കോടതി. ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയല്ല ജുഡീഷ്യറിയുടെ ധര്‍മ്മം. ഉദാഹരണത്തിന്, പൗരത്വ നിയമ ഭേദഗതി നിയമ (സിഎഎ)വുമായി ബന്ധപ്പെട്ടു സമര്‍പ്പിക്കപ്പെട്ട ഹരജികളുടെ കാര്യത്തില്‍ വിവിധ കോടതികളില്‍ നിന്നുണ്ടായ സമീപനമാണ് ഇങ്ങനെയൊരു സന്ദേഹത്തിന് കാരണം. സിഎഎക്കെതിരെ വിവിധ സംഘടനകളും പാര്‍ട്ടികളും സമര്‍പ്പിച്ച അറുപതോളം ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. എന്നാല്‍, അവ പരിഗണനക്കെടുക്കുന്നതിനു പകരം കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അറിയാതെ ഒന്നും പറയാനോ തീരുമാനമെടുക്കാനോ ആകില്ലെന്നും വിശദീകരണമാവശ്യപ്പെട്ട് കേന്ദ്രത്തിനു നോട്ടീസയക്കാമെന്നും പറഞ്ഞ് വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറി നില്‍ക്കുകയാണ് ജഡ്ജിമാര്‍.

മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയിയുടെ രാജ്യസഭാംഗത്തെ ചോദ്യം ചെയ്യുന്നവരോട് ബഹറുല്‍ ഇസ്ലാമിന്റേയും രംഗനാഥ് മിശ്രയേയുമാണ് ഭരണപക്ഷത്തുള്ള വിമര്‍ശകര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. കാരണം അവര്‍ രണ്ടു പേരും കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായിരുന്നവരായിരുന്നു.

ബാങ്ക് തട്ടിപ്പ് നടത്തിയൊരോപിച്ച് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതിന് 1983 ല്‍ ഇന്ദിരാഗാന്ധി ബഹാറുല്‍ ഇസ്ലാമിന് നല്‍കിയ പാരിതോഷികമാണ് രാജ്യസഭാംഗത്വം. ബഹാറുല്‍ ഇസ്ലാമിന്റെ രാജ്യസഭാ പ്രവേശനം ചൂണ്ടിക്കാണിച്ച് ബിജെപി സര്‍ക്കാരിനേയും ഗോഗോയിയേയും ന്യായീകരിക്കുന്നവര്‍ ഗോഗോയിക്ക് ഏത് വിധിന്യായത്തിന്റെ പ്രതിഫലമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് പറയണം.

അടുത്തതായി രംഗനാഥ് മിശ്രയിലേക്ക് വരാം. ബഹറുല്‍ ഇസ്ലാമിനെപ്പോലെ മിശ്രയും ജുഡീഷ്യറിക്ക് അപമാനം വരുത്തിവെച്ച ന്യായാധിപനായിരുന്നു. കേന്ദ്ര അന്വേഷണ കമ്മീഷന്റെ തലവന്‍ എന്ന നിലയില്‍, 1984 നവംബറില്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് സിഖുകാരെ കൂട്ടക്കൊല ചെയ്തതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പങ്ക് മറച്ചുവെക്കാന്‍ അദ്ദേഹം രാജീവ് ഗാന്ധി സര്‍ക്കാരിനെ സഹായിച്ചു. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് ആദ്യം ചീഫ് ജസ്റ്റിസ് പദവി നല്‍കിയത്. 1992 ല്‍ വിരമിച്ച അദ്ദേഹത്തെ പുതുതായി രൂപീകരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു. സുപ്രീം കോടതിയിലെ വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍ക്കായി ഒരു തസ്തിക അന്ന് പുതുതായി സൃഷ്ടിക്കുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍.

ഇന്ദിരാഗാന്ധിയുടെ കുറ്റങ്ങള്‍ മറച്ചു വെച്ച് കോണ്‍ഗ്രസിനെ സഹായിച്ച രംഗനാഥ് മിശ്രയെപ്പോലെ, ഇപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച രഞ്ജന്‍ ഗോഗോയ് മോദിയുടെ എന്ത് കുറ്റങ്ങള്‍ മറച്ചുവെച്ചിട്ടാണ് ഈ രാജ്യസഭാംഗത്വം നേടിയെടുത്തതെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

എന്തുതന്നെയായാലും, മറ്റൊരു കാര്യവും കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. 1998 ല്‍ മിശ്രയുടെ രാജ്യസഭാ പ്രവേശനം കോണ്‍ഗ്രസ് സര്‍ക്കാരല്ല നല്‍കിയത്. അടല്‍ ബിഹാരി വാജ്പേയിയായിരുന്നു അക്കാലത്ത് പ്രധാനമന്ത്രി. എന്നാല്‍, സോണിയ ഗാന്ധിയുടെ കീഴിലുള്ള പ്രതിപക്ഷ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നോമിനിയെന്ന നിലയിലാണ് അദ്ദേഹത്തിന് ആ സ്ഥാനം ലഭിച്ചത്. തീര്‍ച്ചയായും, അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശം മുന്‍ ജഡ്ജിയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള അനാരോഗ്യകരമായ ബന്ധത്തിന്‍റെ തെളിവായിരുന്നു. പക്ഷേ അത് ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള അധികാര വിഭജനത്തിന്റെ ലംഘനത്തെ പ്രതിനിധീകരിക്കുന്നില്ല.

കേന്ദ്ര സര്‍ക്കാരിന്റെ നോമിനിയായി ഗോഗോയ് രാജ്യസഭയിലേക്ക് പോകുന്നതില്‍ അലോസരപ്പെടുത്തുന്ന പ്രധാന ഘടകം, നാല് മാസം മുമ്പ് വരെ, സര്‍ക്കാരിന് ധാരാളം രാഷ്ട്രീയ പങ്കാളിത്തമുള്ള കേസുകളില്‍ അദ്ദേഹം വിധി പറഞ്ഞു എന്നുള്ളതാണ്.

അതേ ഗവണ്മെന്റിന്റെ നാമനിര്‍ദ്ദേശം, ഈ കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെക്കുറിച്ചും ഒരു ജഡ്ജിയെന്ന നിലയില്‍ നിഷ്പക്ഷതയെക്കുറിച്ചും എന്താണ് പറയുന്നത്? ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എ.പി. ഷാ പറയുന്നത് ഈ നാമനിര്‍ദ്ദേശം മൊത്തത്തില്‍ ജുഡീഷ്യറിക്ക് നാണക്കേടുണ്ടാക്കുന്നതും തെറ്റായ സന്ദേശം നല്‍കുകയാണെന്നുമാണ്. 'എക്സിക്യൂട്ടീവിന് അനുകൂലമായ വിധിന്യായങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കത് പ്രതികൂലമായി ഭവിക്കും, അല്ലെങ്കില്‍ നിങ്ങളെ സ്ഥലം മാറ്റും, അതുമല്ലെങ്കില്‍ സ്ഥാനക്കയറ്റത്തിന് പരിഗണിക്കില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ പ്രശ്നം ചൂണ്ടിക്കാണിച്ച ആദ്യത്തെ വ്യക്തിയല്ല ജസ്റ്റിസ് ഷാ. അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി 2013-ലും ഇതേ കാര്യം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ വിരമിച്ചാല്‍ അവര്‍ക്ക് രാജ്യസഭയില്‍ സീറ്റ് കൊടുക്കാതെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ കൊടുത്ത് വീട്ടിലിരുത്തണം, അല്ലാതെ രാജ്യസഭയില്‍ സീറ്റ് കൊടുക്കാന്‍ പുതിയ തസ്തിക സൃഷ്ടിക്കുകയല്ല വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. കൂടാതെ, 1958 ല്‍ ആദ്യത്തെ നിയമ കമ്മീഷന്‍ ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, രാഷ്ട്രീയക്കാരനും ന്യായാധിപനുമായുള്ള അവിശുദ്ധ ബന്ധം ചോദ്യം ചെയ്യപ്പെടാതിരുന്നതുകൊണ്ട് അതിനെക്കുറിച്ച് ഒന്നും ചെയ്യാന്‍ ആരും മെനക്കെട്ടുമില്ല.

അടുത്തിടെ നടന്ന ഡല്‍ഹി വംശീയ കലാപത്തെത്തുടര്‍ന്ന് കോടതിയില്‍ വാദം കേട്ടതിന് ശേഷം ജസ്റ്റിസ് എസ്. മുരളീധര്‍ കേന്ദ്ര സര്‍ക്കാരിനേയും ഡല്‍ഹി പോലീസിനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിറ്റേ ദിവസം അര്‍ദ്ധരാത്രിയില്‍ അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു..! 2012 ല്‍ അമിത് ഷായെ ജയിലിലടച്ച ജസ്റ്റിസ് അഖില്‍ കുരേഷിയെ, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, മാസങ്ങളോളം കാലതാമസം വരുത്തുകയും പിന്നീട് സര്‍ക്കാര്‍ അദ്ദേഹത്തെ ത്രിപുരയിലെ ഒരു ചെറിയ കോടതിയില്‍ നിയമിക്കുകയും ചെയ്തു.

ഇനി ജസ്റ്റിസ് രജ്ഞന്‍ ഗോഗോയിയുടെ കേസ് റെക്കോര്‍ഡ് പരിശോധിച്ചാല്‍, അദ്ദേഹം കൈകാര്യം ചെയ്ത മൂന്ന് തരത്തിലുള്ള, രാഷ്ട്രീയമായി സെന്‍സിറ്റീവുള്ള കേസുകളാണ് ലഭിക്കുക. ആദ്യത്തേത് അദ്ദേഹം അദ്ധ്യക്ഷത വഹിച്ച മോദി സര്‍ക്കാരിന് അനുകൂലമായി വിധിച്ച റാഫേല്‍ അഴിമതി കേസും അയോദ്ധ്യ കേസും.

ഫ്രാന്‍സുമായി ഇന്ത്യ നടത്തിയ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ചുകൊണ്ട് മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി വേണ്ടവിധം പരിഗണിക്കാതെ 'അതിന്റെ ആവശ്യമില്ല' എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജികളില്‍ കഴമ്പില്ലെന്ന് കാണിച്ച് തള്ളിയത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 വ്യവസ്ഥകള്‍ റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുതയും തുടര്‍ന്നുള്ള രാഷ്ട്രപതി ഉത്തരവുകളും പരിശോധിക്കാന്‍ ഭരണഘടനാ ബെഞ്ചിന് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവര്‍ വാദം കേള്‍ക്കുകയും കേന്ദ്രത്തിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന കൂട്ട അറസ്റ്റുകള്‍, ഇന്റര്‍നെറ്റ് ഉപരോധം എന്നുവേണ്ട കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നിയമലംഘനങ്ങള്‍ക്കും 'ക്ലീന്‍ ചിറ്റ്' നല്‍കിയ ന്യായാധിപനാണ് രഞ്ജന്‍ ഗോഗോയ്.

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ഒരു രാത്രിയില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ആദ്യം ചോദ്യം ചെയ്ത ജഡ്ജിയാണ് രഞ്ജന്‍ ഗോഗോയ്. പക്ഷെ, നേരത്തെ റാഫേല്‍ കേസില്‍ അലോക് വര്‍മ അന്വേഷണമാരംഭിച്ചിരുന്നതായും അത് കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നും അറിയാവുന്നതുകൊണ്ട് പിന്നീട് തന്ത്രപൂര്‍‌വ്വം അദ്ദേഹം കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഒക്ടോബര്‍ 23ന് രാത്രി 1 മണിക്കാണ് അലോക് വര്‍മയെ സെലക്ഷന്‍ കമ്മിറ്റിയോട് പോലും ആലോചിക്കാതെ നരേന്ദ്ര മോദി സ്ഥാനഭ്രഷ്ടനാക്കിയത്. വര്‍മ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ച് വരികയാണെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന് കനത്ത ആഘാതമാവും ഉണ്ടാക്കുകയെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്, അതും വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കേ. എന്നാല്‍, ഗവണ്‍മെന്‍റിന് അനുകൂലമായി വിധിയെഴുതാന്‍ ഗോഗോയ് ഒരു അവസരമൊരുക്കി. അതിനാല്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടറായി പുനഃസ്ഥാപിച്ചുവെങ്കിലും പിന്നീട് വാദം കേട്ടത് ഗോഗോയ് നിര്‍ദ്ദേശിച്ച ബെഞ്ചായിരുന്നു. അത് ഗോഗോയിയുടെ ഒരു തന്ത്രമായിരുന്നു. കാരണം, ആ കേസ് തള്ളിപ്പോകാന്‍ അവസരമൊരുക്കുകയായിരുന്നു ഗോഗോയ്.

2018 സെപ്റ്റംബര്‍ 28 നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഏത് പ്രായത്തിലുമുള്ള വനിതകള്‍ക്കും ഉപാധികളില്ലാതെ ശബരിമലയില്‍ പ്രവേശനമാകാം എന്ന് വിധിച്ചത്. ഇതിനെതിരെ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 65 പരാതികള്‍ സുപ്രീം കോടതിയില്‍ എത്തി. ആ പുനഃപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് കല്പിച്ചത് ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍‌ഗാമിയായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ്. ഇവരില്‍ ജസ്റ്റിസ് ഇന്ദു മല്‍‌ഹോത്ര മാത്രമേ വിയോചനക്കുറിപ്പ് എഴുതിയുള്ളൂ. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മോദി സര്‍ക്കാരിന് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നതിന് വ്യക്തമായ തെളിവാണ് ശബരിമല വിധി.

ഈ കേസുകളിലെല്ലാം ഗോഗോയിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിയാലും, ഒരുപക്ഷേ ഈ വിധിന്യായങ്ങള്‍ ശരിക്കും അദ്ദേഹത്തിന്റെ മികച്ച പ്രകടനമായിരുന്നു എന്നു വേണമെങ്കില്‍ പറയാം. ഒരു ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറില്‍ അപകടകരമായ ന്യൂനത നിലനില്‍ക്കുന്നുണ്ട്. അപകീര്‍ത്തി സമ്പാദിച്ചതു മാത്രമല്ല ഇപ്പോള്‍ പാര്‍ലമെന്‍റിന്റെ മേല്‍ ഒരു കരിനിഴല്‍ വീഴ്ത്തുകയും ചെയ്തു. സുപ്രീം കോടതി ജഡ്ജിയായിരിക്കേ ഒരു വനിതാ ജൂനിയര്‍ കോടതി സഹായി അദ്ദേഹത്തിനെതിരെ ഉന്നയിച്ച ലൈംഗിക പീഡന ആരോപണം അദ്ദേഹം കൈകാര്യം ചെയ്ത രീതി തന്നെ നീതിന്യായ വ്യവസ്ഥയ്ക്ക് ഒട്ടും ചേര്‍ന്നതല്ല.

യഥാര്‍ത്ഥത്തില്‍ ആ പീഡന ആരോപണത്തിന്റെ കൃത്യതയെക്കുറിച്ച് സംശയത്തിന്റെ ആനുകൂല്യം ഇപ്പോള്‍ നല്‍കിയാലും, തന്റെ പേര് മായ്ക്കാമെന്നു കരുതി അദ്ദേഹം ചെയ്ത പ്രവൃത്തികള്‍ ഒരു ന്യായാധിപന് നിരക്കാത്തതായിരുന്നു.

ഒന്നാമതായി, സ്ത്രീയെയും ഭര്‍ത്താവിനെയും സഹോദരങ്ങളെയും ക്രൂരമായ കുടിപ്പകയ്ക്ക് വിധേയരാക്കിയതും, ജോലിയില്‍ നിന്ന് പുറത്താക്കിയതും, ചെയ്യാത്ത കുറ്റത്തിന് അവരുടെ പേരില്‍ കുറ്റം ചാര്‍ത്തുകയും ഒക്കെ പരമോന്നത കോടതിയെ അപമാനിക്കലായിരുന്നു. ശക്തമായ പിന്തുണയില്ലാതെ ഗോഗോയ്ക്ക് അത് ചെയ്യാന്‍ കഴിയുകയില്ലായിരുന്നു.

രണ്ടാമതായി, സ്ത്രീയുടെ ലൈംഗിക പീഡന ആരോപണത്തിനൊപ്പം ഈ കുടിപ്പക പൊതുശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷ നേടാന്‍ ഗോഗോയ് ചെയ്തത് ജുഡീഷ്യല്‍ സം‌രക്ഷണം ഉറപ്പാക്കലായിരുന്നു. അതിനായി സ്വന്തം കേസ് കേള്‍ക്കാന്‍ വിളിച്ചു ചേര്‍ത്ത സുപ്രീം കോടതിയുടെ പ്രത്യേക സിറ്റിംഗില്‍ അദ്ദേഹം തന്നെ അദ്ധ്യക്ഷത വഹിച്ചു. ജുഡീഷ്യല്‍ അനുചിതത്വത്തെ തന്നെ അതിശയിപ്പിക്കുന്ന ഒരു പ്രവൃത്തിയായിരുന്നു അത്. അദ്ദേഹം 'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ സ്പര്‍ശിക്കുന്ന വലിയൊരു വിഷയമാക്കി അവതരിപ്പിച്ച് യുവതിയെ അപമാനിക്കുകയായിരുന്നു. അദ്ദേഹത്തിനെതിരെ പരാതിപ്പെട്ടത് വലിയ 'ഗൂഢാലോചന'യാണെന്നുവരെ അവകാശപ്പെടുകയും ചെയ്തു.

ഗോഗോയിക്കെതിരായ സ്ത്രീയുടെ ആരോപണങ്ങള്‍ 'അടിസ്ഥാനരഹിതമാണ്' എന്നും ഒരു ആഭ്യന്തര അന്വേഷണം വേണമെന്നും പ്രഖ്യാപിച്ചെങ്കിലും, അടിസ്ഥാനരഹിതമല്ല എന്ന സത്യം അവര്‍ക്കും ഭര്‍ത്താവിനുമെതിരെ കെട്ടിച്ചമച്ച മോഷണക്കേസ് പിന്‍‌വലിപ്പിച്ചതോടെ സ്ഥിരീകരിക്കപ്പെട്ടു. ഗോഗോയിക്കെതിരെയുള്ള കേസ് പിന്‍‌വലിപ്പിക്കാന്‍ മോഷണക്കുറ്റം ആരോപിച്ചതോടെ ഗത്യന്തരമില്ലാതെ യുവതി കേസ് പിന്‍‌വലിക്കുകയായിരുന്നു. അല്ലെങ്കില്‍ അവരുടെ ജീവിതം തന്നെ തകര്‍ന്ന് തരിപ്പണമാവുമായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ അവര്‍ക്കും ഭര്‍ത്താവിനും ജോലി തിരികെ കിട്ടി. ഗോഗോയിയാകട്ടേ അന്നത്തെ 'ഗൂഢാലോചന'യെക്കുറിച്ച് പിന്നീട് ശബ്ദിച്ചതേ ഇല്ല. ആരായിരുന്നു ആ ഗൂഢാലോചനയുടെ പിറകില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടു പിടിക്കേണ്ട ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു.

സുതാര്യതയെ വിലമതിക്കുന്ന ഏതൊരു രാഷ്ട്രീയത്തിലും, നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്ന ഏതൊരു നീതിന്യായ വ്യവസ്ഥയിലും, യുവതിയുടെ ആരോപണങ്ങള്‍ ഗൗരവമായി കാണുമായിരുന്നു. ഗോഗോയിക്കെതിരായ കേസ് നിഷ്പക്ഷമായി പുനഃപരിശോധിക്കപ്പെടാനും വിരമിക്കലിനു ശേഷം ലഭിക്കാവുന്ന സ്ഥാനത്തെക്കുറിച്ച് അദ്ദേഹത്തിന് ഉണ്ടായിരുന്ന പ്രതീക്ഷകളെ തകര്‍ക്കാന്‍ ഇടയാക്കുമെന്നതു കൊണ്ടായിരിക്കാം അങ്ങനെയൊരു നീക്കം നടത്താതിരുന്നത്.

മോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് അധികാര വിഭജനത്തിനെതിരായ യുദ്ധം ആരംഭിച്ചത്. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത നിയമസഭാംഗമായി ഗോഗോയി ഉയര്‍ന്നു വന്നത് ആക്രമണം എത്രത്തോളം വിജയകരമായിരുന്നു എന്നതിന്റെ സൂചനയാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനെതിരെ 2014 ലാണ് മോദി ദ്വിമുഖ ആക്രമണം നടത്തിയത്. “ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ ചുമതല ജഡ്ജിമാര്‍ ഏറ്റെടുത്ത സംഭവങ്ങളുണ്ട് ... എന്നാല്‍ പ്രധാനമന്ത്രിയെയും അമിത് ഷായെയും സന്തോഷിപ്പിച്ച സംഭവമാണ് കേരള ഗവര്‍ണ്ണറായിരുന്ന പി. സദാശിവത്തിന്റെ നിയമനം. മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിക്കലിനു ശേഷം പ്രധാന തസ്തികകളൊന്നും നല്‍കരുതെന്ന് പ്രതിപക്ഷത്തിരിക്കേ പ്രസംഗിച്ച ബിജെപിയാണ് പി. സദാശിവത്തെ ഗവര്‍ണ്ണറായി നിയമിച്ചത്. 2013 മുതല്‍ 2014 വരെ പി. സദാശിവം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. വിരമിച്ച ശേഷമാണ് അദ്ദേഹത്തെ കേരളത്തിന്റെ 21-ാമത് ഗവര്‍ണറായി 2014 സെപ്റ്റംബറില്‍ നിയമിച്ചത്. മോദി ഗവണ്മെന്റിന്റെ ഈ പ്രത്യുപകാരം എന്തിന്റെ പേരിലായിരുന്നു? വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ അമിത് ഷായ്‌ക്കെതിരായ രണ്ടാമത്തെ എഫ്‌ഐആര്‍ അല്ലെങ്കിൽ പോലീസ് പരാതി റദ്ദാക്കിയതിനുള്ള പാരിദോഷികം..!

ബിജെപി അധികാരത്തില്‍ വതിനുശേഷം, മുന്‍ കോണ്‍ഗ്രസ് ഭരണകൂടം നിയോഗിച്ച ഗവര്‍ണര്‍മാരെ മാറ്റി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിയമിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചുറച്ചു. രാജീവ് ഗാന്ധി ഭരണകാലത്ത് ബോഫോഴ്സ് പ്രതിരോധ ഇടപാടിനെക്കുറിച്ച് വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ കംട്രോളറും ഓഡിറ്റര്‍ ജനറലുമായ ടിഎന്‍ ചതുര്‍വേദിയെ ബിജെപി ഗവര്‍ണറാക്കി. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്. ഗില്ലിനെ രാജ്യസഭാ അംഗമാക്കിയതും കേന്ദ്രമന്ത്രിയാക്കിയതുമൊക്കെ ഇവിടെ കൂട്ടി വായിക്കണം.

ജുഡീഷ്യറിയിലെ നേരും നെറിവുമില്ലായ്മ ജനാധിപത്യത്തെ എങ്ങനെ അപകടത്തിലാക്കുന്നുവെന്ന മുന്നറിയിപ്പ് നല്‍കാന്‍ സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ 2018 ജനുവരിയില്‍ പത്രസമ്മേളനം നടത്തിയത് ലോകം കണ്ടതാണ്. ലോകത്തെ ഏതൊരു കോടതിയിലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അത്. എന്നാല്‍, രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ആ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഇപ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ രാജ്യസഭാ പ്രവേശനം.

ഇവിടെ 'നിങ്ങള്‍ക്ക് അവരെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവരോടൊപ്പം ചേരുക' എന്ന ആപ്തവാക്യമാണ് അന്വര്‍ത്ഥമാകുന്നത്. ജുഡീഷ്യറിയില്‍ സര്‍ക്കാറിന്റെ കൈയ്യേറ്റങ്ങളെ തകര്‍ക്കാന്‍ ഗോഗോയി ആഗ്രഹിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും, നിയമത്തെയും ഭരണഘടനയെയും കോടതികളെയും അവഹേളിക്കുന്നവരുടെ ക്യാമ്പില്‍ അദ്ദേഹം മനഃപ്പൂര്‍‌വ്വം ചെന്നു ചേര്‍ന്നു എന്ന് വ്യക്തമാണ്. ഇത് തീര്‍ച്ചയായും 'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ സ്പര്‍ശിക്കുന്ന' വലിയൊരു പൊതു പ്രാധാന്യമുള്ള വിഷയമാണ്.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, വിരമിച്ച ഒരു സുപ്രീം കോടതി ജഡ്ജിക്ക് അത്തരമൊരു വാഗ്ദാനം ചെയ്യുന്നത് കേവലം ധിക്കാരമല്ല. ജുഡീഷ്യല്‍ അധികാരത്തെ ദുര്‍ബലപ്പെടുത്താനുള്ള ഭയാനകമായ ഒരു ഉദ്ദേശ്യത്തെ ഇത് സൂചിപ്പിക്കുന്നു, അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് സര്‍വ്വശക്തനായി കാണപ്പെടുന്നു.

അതേസമയം, വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് മദന്‍ ബി ലോകുര്‍, എ കെ പട്നായിക്, കുര്യന്‍ ജോസഫ്, ജെ ചേലമേശ്വര്‍ എന്നിവര്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയും നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ജസ്റ്റിസ് ലോകുര്‍ പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്.... "വിരമിച്ചു കഴിഞ്ഞാല്‍ ജസ്റ്റിസ് ഗോഗോയിക്ക് എന്ത് ബഹുമാനമായിരിക്കും ലഭിക്കുക എന്നതിനെക്കുറിച്ച് ഏറെക്കുറെ ഊഹമുണ്ടായിരുന്നു. അതിനാല്‍, ആ അര്‍ത്ഥത്തില്‍ എം.പി. സ്ഥാനം ആശ്ചര്യകരമല്ല. പക്ഷെ, അതിശയിപ്പിക്കുന്ന കാര്യം അത് ഇത്രയും പെട്ടെന്ന് വന്നു എന്നതാണ്. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സമഗ്രത എന്നിവ പുനര്‍ നിര്‍വചിക്കുന്നു. അവസാനത്തെ കോട്ടയും വീണുപോയോ? ”

അരുണ്‍ ജെയ്‌റ്റ്‌ലിയുടെ രാജ്യ സഭാ പ്രസംഗം: https://youtu.be/9wgzFM3d_Hw

Monday, March 16, 2020

കൊറോണയുടെ പേരില്‍ കച്ചവടക്കണ്ണും അടിച്ചമര്‍ത്തലും

ലോകവ്യാപകമായി അതിഭീകരമാരിയായ കൊറോണ വൈറസ് ബാധയില്‍ വിറങ്ങലിച്ചുനില്‍ക്കേ, ഈ മഹാമാരിയെ എങ്ങനെ ചെറുക്കാമെന്നും ഇനിയൊരിക്കലും ഇത്തരത്തിലുള്ള മാരക രോഗങ്ങള്‍ ജനങ്ങള്‍ക്ക് പിടിപെടാതിരിക്കാന്‍ പ്രതിവിധിയായി വാക്സിനുകള്‍ ഉല്പാദിപ്പിക്കാനും ശാസ്ത്രജ്ഞര്‍ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സാഹചര്യം മുതലെടുക്കാനും രോഗത്തിന്റെ പേരില്‍ ജനങ്ങളില്‍ അനാവശ്യമായ അടിച്ചമര്‍ത്തലുകളാണ് ചില രാജ്യങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയാകട്ടേ രോഗവ്യാപനം തടയാനുള്ള വാക്സിന്‍ ഉല്പാദിപ്പിക്കുന്ന ജര്‍മ്മന്‍ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി അതിന്റെ പേറ്റന്റ് കൈയ്യടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ക്യൂര്‍വാക് എന്ന ജര്‍മ്മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായാണ് അമേരിക്ക കരാറുണ്ടാക്കിയിരിക്കുത്. ഈ കമ്പനി ഏതു മരുന്ന് നിര്‍മ്മിച്ചാലും അത് വിപണിയിലിറക്കാനും അതിന്‍റെ അവകാശം കുത്തകയാക്കാനും അമേരിക്കയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. ഇത് നീതിബോധമില്ലാത്ത നടപടിയാണെന്നാണ് ജര്‍മ്മനിയിലെ മാധ്യമങ്ങളും ഭരണകൂടവും കുറ്റപ്പെടുത്തുന്നത്.

ജര്‍മ്മനിയുള്‍പ്പെടെയുള്ള ലോകജനതയാകെ കൊറോണ ഭീതിയില്‍ വലയുമ്പോള്‍ അമേരിക്ക ഈ ഔഷധത്തിന്‍റെ കുത്തക സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് അനീതിയാണെന്നാണ് ജര്‍മ്മന്‍ ആഭ്യന്തരമന്ത്രി ഹോസ്റ്റ് സീഹോഫര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. പക്ഷെ യുഎസിന്‍റെ വാദം അനുസരിച്ചു അവര്‍ക്കുവേണ്ടി മാത്രമായിരിക്കും ഔഷധം നിര്‍മ്മിക്കുന്നത്. ഔഷധം അവരുടെ കൈയ്യിലായാല്‍ പിന്നെ എന്ത് വിലയും അവര്‍ക്കു ഈടാക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ യാതൊരു നീതിബോധവും പിന്തുടരാത്ത അമേരിക്കന്‍ കച്ചവടക്കണ്ണുകള്‍ ലോകവിപണിയില്‍ വിലപേശല്‍ നടത്തുകയാവും പിന്നെ അമേരിക്കയുടെ പദ്ധതി.

പക്ഷെ കമ്പനി ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അവര്‍ പറയുന്നത് ഈ ഔഷധം ലോകജനതയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ് എന്നാണ്. ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള സദ്ധസംഘടനകള്‍ ഈ ഔഷധത്തിന്‍റെ വിജയകരമായ പൂര്‍ത്തീകരണത്തിനായി കാത്തിരിക്കുകയാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഔഷധം ലോകജനതയ്ക്കു മുഴുവന്‍ വേണ്ടിയുള്ളതാണ്. ഇത് യു എസുമായുള്ള കരാറില്‍ പെടില്ല എന്നും കമ്പനി പറയുന്നു.

എന്നാല്‍ സംഗതിയുടെ ഏറ്റവും ദുരൂഹമായ വശം മറ്റൊന്നാണ്. ട്രംപ് ക്യൂര്‍വാക് കമ്പനിയുമായി നടത്തിയ ആലോചനകള്‍ ഒന്നും തന്നെ വൈറ്റ് ഹൌസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഇതിനിടെ ജര്‍മനിയിലെ യു എസ് അംബാസിഡര്‍ കമ്പനിയുടെ ആരോപണത്തെ ശക്തമായി നിഷേധിച്ചിട്ടുമുണ്ട്. ജര്‍മ്മന്‍ പാര്‍ലമെന്‍റിലെ സോഷ്യല്‍ ഡെമോക്രാറ്റിക് മെമ്പറായ കാള്‍ ലക്റ്റര്‍ബാസ് അമേരിക്കയുടെ നീക്കത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തു വരികയും ചെയ്തു. ജര്‍മ്മനി വികസിപ്പിക്കുന്ന വാക്സിന്‍ ജര്‍മ്മന്‍ ജനതയ്ക്കാണ് പ്രാഥമികമായി ഉപയോഗിക്കാന്‍ അവകാശമുള്ളതെന്നും മറ്റൊരു രാജ്യത്തിനും ഏകപക്ഷീയമായ അവകാശം നല്‍കാനാകില്ലെന്നും അദ്ദേഹം പറയുന്നു.

വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ടനുസരിച്ച് യു എസിന്‍റെ പ്രതിരോധ വാക്സിന്‍ ഗവേഷണം ഫലപ്രദമായി മുന്‍പോട്ടു പോകുന്നില്ലെന്നും നിലവില്‍ സര്‍ക്കാര്‍ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കമ്പനികള്‍ ഒന്നും തന്നെ ചെയ്യുന്നില്ല എന്ന അവസ്ഥയാണുള്ളതെന്നാണറിയുന്നത്. എന്നാല്‍, ട്രംപ് ഇടയ്ക്കൊക്കെ 'ഞങ്ങള്‍ പ്രതിരോധ വാക്സിന്‍ നിര്‍മ്മാണത്തിന്‍റെ അവസാനഘട്ടത്തില്‍ എത്തി' യെന്നും പറഞ്ഞുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മാസം ക്യൂര്‍വാക് കമ്പനിയുടെ സി ഇ ഒ യും പ്രസിഡന്‍റ് ട്രമ്പുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കമ്പനി ഉടന്‍ തന്നെ പ്രതിരോധ വാക്സിന്‍ നിര്‍മ്മിക്കും എന്നറിയിച്ചിരുന്നതുമായി ഈ വിവാദത്തെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. മാത്രമല്ല ക്യൂര്‍വാക് കൃത്യമായും ഒരു യൂറോപ്യന്‍ കമ്പനിയല്ല അതിനു യു എസില്‍ നിന്ന് ഫണ്ടിംഗും ലഭിക്കുന്നുണ്ട്.

ഇതെല്ലം കൂടി ചര്‍ച്ച ചെയ്യുമ്പോള്‍ കമ്പനിയില്‍ അമേരിക്ക എന്ന രാജ്യത്തിനുപരി ട്രംപ് എന്ന കച്ചവടക്കാരന്‍ പിടിമുറുക്കുന്നതായാണ് മനസിലാക്കാവുന്നത്. ഒരു ലോകവ്യാധിയെ എങ്ങനെ കച്ചവടത്തിനായി അധികാരവും നിയമവും ഉപയോഗിച്ച് സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയും എന്ന് ആത്യന്തികമായി കച്ചവടക്കാരനായ ട്രംപിനെ ആരും പറഞ്ഞു മനസിലാക്കേണ്ടതില്ല.

അതിനിടെ, ഈ മാരക രോഗത്തില്‍ നിന്ന് ജനങ്ങള്‍ക്ക് രക്ഷയേകാനുള്ള വാക്‌സിനായി കാത്തിരിക്കുന്നതിനിടയില്‍ രോഗവ്യാപനം തടയാനായി ഇതുവരെ കീഴ്‌നടപ്പില്ലാത്ത പല നടപടികളും രാജ്യങ്ങള്‍ സ്വീകരിക്കുന്നുണ്ട്. നഗരം മുഴുവന്‍ അടയ്ക്കുക, ജനങ്ങളെ മുഴുവന്‍ ഏകാന്തവാസത്തിലാക്കുക, ആളുകളെ നിര്‍ബന്ധിത പരിശോധനകള്‍ക്ക് വിധേയമാക്കുക തുടങ്ങിയ നടപടികളാണ് വിവിധ രാജ്യങ്ങളിലെ ഭരണകൂടവും ആരോഗ്യവിഭാഗവും സ്വീകരിച്ചിരിക്കുന്നത്. പലരും ഇതിനെ എതിര്‍ക്കുകയും ഏകാന്തവാസത്തിലാക്കിയിരിക്കുന്നവരില്‍ ചിലര്‍ ചാടിപ്പോവുകയും ചെയ്യുന്ന സ്ഥിതി വിശേഷവും നാം കാണുന്നുണ്ട്. എങ്കില്‍പ്പോലും രോഗവ്യാപനം തടയാന്‍ ഏകാന്തവാസത്തിനേക്കാള്‍ മികച്ച ഒരു മാര്‍ഗം ഇതുവരെ ആരും നിര്‍ദേശിച്ചിട്ടുമില്ല.

ഇറ്റലിയിലെ വെനീസില്‍ 14-ാം നൂറ്റാണ്ടിലാണ് ഏകാന്തവാസം (ക്വാറന്റൈന്‍) എന്ന രീതി നടപ്പാക്കിത്തുടങ്ങിയത്. അന്ന് പ്രദേശത്ത് പടര്‍ന്ന് പിടിച്ച പ്ലേഗ് എന്ന രോഗത്തില്‍ നിന്നും തീരദേശ നഗരങ്ങളെ സംരക്ഷിക്കാനായിരുന്നു ആളുകള്‍ക്ക് ഏകാന്തവാസം നിര്‍ദേശിച്ചത്. തുറമുഖത്തേയ്ക്ക് അടുപ്പിക്കുന്ന കപ്പലുകള്‍ തീരത്തുനിന്നും കുറച്ചകലെയായി 40 ദിവസത്തേയ്ക്ക് നങ്കൂരമിട്ടിരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലോകത്തിലെ ആദ്യത്ത ക്വാറന്റൈന്‍ നടപ്പാക്കി. നാല്‍പ്പത് ദിവസം എന്ന് അര്‍ത്ഥം വരുന്ന 'ക്വാറന്റ ഗിയോര്‍ണി' എന്ന ഇറ്റാലിയന്‍ വാക്കില്‍ നിന്നാണ് 'ക്വാറന്റൈന്‍' എന്ന വാക്ക് ഉരുത്തിരിഞ്ഞത്. 20-ാം നൂറ്റാണ്ടില്‍ മഞ്ഞക്കൊടി പാറിച്ച കപ്പലില്‍ കയറിയ ഇന്‍സ്‌പെക്ടര്‍മാരെ മുഴുവന്‍ യുഎസ്, ഏകാന്തവാസത്തിലാക്കിയിരുന്നു. കപ്പല്‍ ക്വാറന്റൈനിലാണെന്ന് കാണിക്കാനാണ് മഞ്ഞക്കൊടി പാറിക്കുന്നത്. സാര്‍സ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോഴും രോഗവ്യാപനം തടയാന്‍ സ്വീകരിച്ചത് ക്വാറന്റൈന്‍ എന്ന രീതിയായിരുന്നു.

എന്നാല്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ഈ ലോകത്തില്‍ ഫലപ്രദമായ രീതിയില്‍ ക്വാറന്റൈന്‍ നടപ്പാക്കുക ബുദ്ധിമുട്ടാണെന്നാണ് വിദ്ഗധര്‍ അഭിപ്രായപ്പെടുന്നത്. ഏകാന്തവാസം പൂര്‍ണമായും നടപ്പാക്കണമെങ്കില്‍ ഒരു തരത്തിലുമുള്ള ചലനങ്ങളും ആളുകള്‍ക്ക് അനുവദിക്കാന്‍ പാടില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് അത് അത്രകണ്ട് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഒന്നല്ല.

അതേസമയം വാക്‌സിനുകളും ആന്റിവൈറലുകളും വികസിപ്പിച്ചെടുക്കുന്നതുവരെ ഏകാന്തവാസം തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗമെന്ന് മറ്റൊരു വിഭാഗം വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഒരു വ്യക്തിയ്ക്ക് എത്ര പേരിലേക്ക് രോഗം പടര്‍ത്താന്‍ സാധിക്കുമെന്നതിന്റെ തോത് കണക്കാക്കുന്ന ആര്‍ഒ വാല്യു, ഒന്നില്‍ കൂടുതലായിരിക്കുന്ന വൈറസ് രോഗങ്ങളെ ചെറുക്കാന്‍, ഏറ്റവും ഫലപ്രദമായ മാര്‍ഗം ക്വാരന്റൈന്‍ തന്നെയാണ്. കൊവിഡ് 19 ന്റെ ആര്‍ഒ വാല്യു ഇതുവരെ കണക്കാക്കിയിട്ടില്ല. തീര്‍ച്ചയായും ഒന്നില്‍ കൂടുതലായിരിക്കും. അതിനാല്‍ ഏകാന്തവാസം തന്നെയാണ് മികച്ച പോംവഴി.

എന്നാല്‍ രോഗവ്യാപനം തടയുന്നതിന് ഭരണകൂടത്തിന് ലഭിക്കുന്ന അധികാരം ജനങ്ങളുടെ മേല്‍ ദുരുപയോഗിക്കപ്പെടുകയാണെന്നാണ് വിമര്‍ശനം. കൊവിഡ് 19ന്റെ ഉറവിടമായ ചൈനയില്‍ അധികൃതര്‍ പല നഗരങ്ങളും അടച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുവാന്‍ ജനങ്ങളോട് ഭരണകൂടം നിര്‍ദേശിച്ചിരിക്കുകയാണ്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആരൊക്കെ ക്വാറന്റൈനില്‍ പോകണമെന്നും ആരൊക്കെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെന്നും അറിയാന്‍ സാധിക്കും. ഈ വിവരം പൊലീസിനും കൈമാറും. ഇത്തരത്തില്‍ ജനങ്ങളെ നിയന്ത്രിക്കുകയാണ് ഭരണകൂടം. ഇതുവഴി കൊവിഡ് 19 നെ നേരിടുകയല്ല, അടിച്ചമര്‍ത്തുകയാണ് ചൈനീസ് ഭരണകൂടം ചെയ്യുന്നതെന്നും വിമര്‍ശനമുണ്ട്.

സാങ്കേതിക വിദ്യ വരുന്നതിന് മുമ്പും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ 1897ല്‍ പാസാക്കിയ എപ്പിഡമിക് ഡിസീസ് നിയമം ഇതിന് ഉദാഹരണമാണ്. അന്ന് ബോംബെയില്‍ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിരുകവിഞ്ഞ അധികാരമാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്. വീടുകള്‍തോറും കയറിയിറങ്ങി അന്വേഷണം നടത്തുകയും ആളുകളെ നിര്‍ബന്ധിച്ച് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

ഈ നിയമം ഉപയോഗിച്ച് തന്നെയാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ പകര്‍ച്ച വ്യാധികള്‍ തടയാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. എച്ച്1എന്‍1 രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ സംസ്ഥാനങ്ങളും എപ്പിഡെമിക് ഡിസീസ് നിയമമാണ് പ്രയോഗിച്ചത്. ഈ നിയമം ലംഘിക്കുന്നവര്‍ ഐപിസി 188 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹരാണ്. രോഗം പടര്‍ത്തുവാന്‍ ഉതകുന്ന പ്രവര്‍ത്തി ചെയ്യുന്നയാള്‍ ഐപിസി 270 പ്രകാരം ശിക്ഷിക്കപ്പെടുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

പ്രസ്തുത നിയമം ഭേദഗതി ചെയ്യാന്‍ 2017ല്‍ പബ്ലിക് ഹെല്‍ത്ത് ബില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ അധികൃതര്‍ക്ക് അതിരുകവിഞ്ഞ അധികാരം നല്‍കുന്ന വ്യവസ്ഥകളും ജനങ്ങളുടെ സമ്മതമില്ലാതെ അവരെ ഏകാന്തവാസത്തിലാക്കുന്ന വ്യവസ്ഥകളും ഉള്ളതിനാല്‍ ബില്ലിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. അതിനാല്‍ ഈ ബില്‍ പാര്‍ലമെന്റില്‍ വെയ്ക്കാന്‍ സാധിച്ചില്ല.

ഏകാന്തവാസം സമൂഹത്തോടുള്ള ഉത്തരവാദിത്വമാണ് എന്ന് മനസ്സിലാക്കുന്നതിന് പകരം ശിക്ഷയായാണ് പലരും കരുതുന്നത്. ഇവിടെ സമൂഹ നന്‍മയും വ്യക്തിസ്വാതന്ത്ര്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് പ്രധാനമായും നടക്കുന്നത്. എന്നാല്‍ രോഗവ്യാപനം തടയാന്‍ ജനങ്ങള്‍ അധികൃതരെ വിശ്വസിച്ചേ മതിയാകൂ. ഓരോ ആളുകളും തങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളെയും മൗലിക അവകാശങ്ങളെയും പൊതുനന്‍മയ്ക്ക് വേണ്ടി ത്യജിക്കാന്‍ സ്വയം തയ്യാറാകേണ്ടതുണ്ട്. അതേസമയം തന്നെ ഏകാന്തവാസത്തില്‍ കഴിയുന്ന ആളുകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതരും ബാധ്യസ്ഥരാണ്. നല്ല ഭക്ഷണം, നല്ല വെള്ളം, മനുഷ്യത്വപരമായ പെരുമാറ്റം, മികച്ച ചികിത്സ, വിവരകൈമാറ്റം, അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ഏകാന്തവാസത്തില്‍ കഴിയുന്നവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്.

Sunday, March 8, 2020

സ്ത്രീ വെറുമൊരു കാഴ്ച വസ്തുവല്ല

തങ്ങളുടെ രാജ്യങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും ചരിത്രത്തില്‍ അസാധാരണമായ പങ്ക് വഹിച്ച സാധാരണ സ്ത്രീകളുടെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതിനും മാറ്റത്തിനായി ആഹ്വാനം ചെയ്യുന്നതിനും ധൈര്യത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ ആഘോഷിക്കുന്നതിനുമുള്ള സമയമാണ് അന്താരാഷ്ട്ര വനിതാ ദിനം. ലോകം അഭൂതപൂര്‍വമായ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരു രാജ്യവും ലിംഗസമത്വം നേടിയിട്ടില്ല. അമ്പത് വര്‍ഷം മുമ്പ് ഞങ്ങള്‍ ചന്ദ്രനില്‍ വന്നിറങ്ങി; കഴിഞ്ഞ ദശകത്തില്‍, ഞങ്ങള്‍ പുതിയ മനുഷ്യ പൂര്‍വ്വികരെ കണ്ടെത്തി എന്നൊക്കെ വീമ്പിളക്കുമെങ്കിലും, നിയമപരമായ നിയന്ത്രണങ്ങള്‍ 2.7 ബില്യണ്‍ സ്ത്രീകളെ പുരുഷന്മാരുടേതിന് സമാനമായ ജോലികളില്‍ നിന്ന് തടയുകയും ചെയ്തു. 2019 ലെ കണക്കനുസരിച്ച് പാര്‍ലമെന്‍റംഗങ്ങളില്‍ 25 ശതമാനത്തില്‍ താഴെയാണ് സ്ത്രീകള്‍. മൂന്നില്‍ ഒരാള്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ അനുഭവിക്കുന്നുമുണ്ട്.

ലോകമെമ്പാടും വനിതാ ശാക്തീകരണത്തിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ആഹ്വാനം ചെയ്യുകയാണ് അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8. സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓർക്കാനും ഓർമപ്പെടുത്താനും ഒരുദിനം. ദേശ-സംസ്കാര-ജാതി-വര്‍ണ്ണ-ഭാഷകളുടെ അതിരുകൾക്കപ്പുറത്ത്, സര്‍വ്വരാജ്യ വനിതകൾക്കുമായി ഒരു ദിനം. ഈ ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്.

സ്ത്രീ സുരക്ഷ നടപ്പാക്കുമെന്ന മാറിമാറി വന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദാനങ്ങള്‍ ഇപ്പോഴും ജലരേഖകളായി തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ചില കാര്യങ്ങളില്‍ പ്രതീക്ഷാനിര്‍ഭരമായ തുടക്കങ്ങള്‍ കുറിക്കാന്‍ ഓരോ സര്‍ക്കാരിനും കഴിഞ്ഞിട്ടുണ്ടെങ്കിലും സമ്പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള സ്ത്രീസുരക്ഷ വാഗ്ദാനം മാത്രമായി തുടരുന്നു.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്‍റെ
അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിനു വഴിയൊരുക്കിയത്. ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്‍റെ പിൻബലവും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും പോരാട്ടവും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്‍റെ കഥയും ഇന്നും ആവേശം വിതയ്ക്കുന്ന മാതൃകകളാണ്.

ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്‍റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്‍റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം. ഇന്ന് സ്ത്രീകള്‍ പല നേതൃത്വസ്ഥാനങ്ങളിലും വിരാജിക്കുന്നുണ്ടെങ്കിലും ആ പദവിയില്‍ ഇരിക്കെത്തന്നെ പുരുഷാധിപത്യ സമൂഹത്തിന്‍റെ മേല്‍ക്കോയ്മകളാല്‍ അപമാനിക്കപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതികൂല സാഹചര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല.

നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് ഇക്കാലത്ത് ഓരോ സ്ത്രീയും പ്രവര്‍ത്തിക്കുന്നത്. കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇരിപ്പിടം നിഷേധിക്കരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഭൂരിപക്ഷം ഇടങ്ങളിലും അതൊന്നും ഇല്ലാത്ത സാഹചര്യമാണ്. ഇരട്ടനീതിയെന്നത് യാഥാര്‍ഥ്യം തന്നെയാണ്.

വസ്ത്രധാരണത്തിന്‍റെ കാര്യത്തിലും സ്ത്രീയുടെ സ്വാതന്ത്ര്യത്തിനുനേരെ പൊതുസമൂഹത്തിന് ഇപ്പോഴും യാഥാസ്ഥിതിക മനോഭാവമാണുള്ളത്. പുരുഷന്‍ ഏത് വസ്ത്രം ധരിക്കണമെന്നത് പുരുഷന്‍ തീരുമാനിക്കുംപോലെ സ്ത്രീ ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീ തന്നെയാണ് തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതും.

സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലുള്ള സ്‌ത്രീ പീഡനങ്ങളുടെ വാര്‍ത്തകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്ന് നാം വനിതാദിനം ആചരിക്കുന്നത്. ഓരോ പീഡനകഥയും കുറച്ചുനാള്‍ സജീവമായ്‌ നിന്ന ശേഷം വിസ്‌മൃതിയിലാണ്ടുപോകുന്നു. സ്‌ത്രീകള്‍ക്ക്‌ സ്‌ത്രീ സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള അജ്ഞത, നിയമസഹായം ലഭ്യമാകുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, സമൂഹത്തില്‍ നിന്ന്‌ വേണ്ടത്ര പിന്തുണ കിട്ടാതെ വരല്‍, ഇവയെല്ലാം മൂലം, ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികള്‍ക്ക്‌ അര്‍ഹമായ ശിക്ഷ കിട്ടാതെ രക്ഷപ്പെടുന്ന അവസ്ഥയാണ്‌. സ്‌ത്രീകള്‍ക്ക്‌ പീഡനങ്ങളില്‍ നിന്ന്‌ രക്ഷ നേടുന്നതിനും പീഡനശ്രമങ്ങളെ ചെറുത്ത്‌ തോല്‍പ്പിക്കുന്നതിനും, മെച്ചപ്പെട്ട മാനസികനിലവാരവും, മതിയായ സുരക്ഷിതത്വബോധവും ഉളവാക്കുന്നതിനും വേണ്ടി ശരിയായ ബോധവത്‌കരണം ആവശ്യമാണ്‌. .

മാതൃകാപുരുഷോത്തമന്മാരെ ഉയര്‍ത്തിക്കാട്ടാനായി നവംബര്‍ 19 പുരുഷദിനമായി കൊണ്ടാടുമ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതേയുള്ളൂ. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനായ് അനീതിക്കെതിരെ വിരല്‍ ചൂണ്ടുകയോ ശബ്ദം ഉയര്‍ത്തുകയോ ചെയ്താല്‍ പലര്‍ക്കും ”അവള്‍ നാടിന് അപമാനമാണ്.”

കേരളത്തിലടക്കം ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ ലൈംഗിക പീഡനങ്ങളിലൂടെയും കൂട്ട ബലാത്സംഗങ്ങളിലൂടെയും ആക്രമിക്കപ്പെടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിന് ഉത്തരവാദികള്‍ ആരൊക്കെയാണ്. ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വച്ച് അതിക്രൂരമായി ബലാത്കാരം ചെയ്ത് കൊലചെയ്യപ്പെട്ട നിർഭയ മുതൽ കേരളത്തില്‍ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വച്ച് പീഡിപ്പിക്കപ്പെട്ട് ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ട യുവനടി വരെയുള്ളവരുടെ ഉദാഹരണങ്ങള്‍ ഈ സമൂഹത്തിൽ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് സ്വയം വിളിച്ചുപറയുന്നു.

പുരോഹിതരും വൈദികരും പൂജാരികളും അടക്കമുള്ളവര്‍ പോലും പുരുഷാധിപത്യ സമൂഹത്തിലെ പീഡകരായ പുരുഷന്മാരുടെ പ്രാതിനിധ്യം വഹിക്കുന്നു എന്നത് ലജ്ജാകരമാണ്. നന്മയുടെ പാഠങ്ങള്‍ ചൊല്ലികൊടുക്കേണ്ട ഗുരുക്കന്മാരില്‍ നിന്നുപോലും ബാല പീഡനങ്ങളുണ്ടാവുന്നു.

സ്ത്രീയെ വേറിട്ട്‌ കാണുന്നത് കൊണ്ടാണ് പ്രശ്നങ്ങള്‍ ഉരുത്തിരിയുന്നത്. നിയമങ്ങളുണ്ടായിട്ടും സംരക്ഷണം ലഭിക്കാത്ത അവസ്ഥയാണ്. സ്ത്രീ പുരുഷ സമത്വം മഹത്തായ ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും സ്ത്രീയെ കാഴ്ചവസ്തുവായി കാണാനുള്ള പലരുടെയും ത്വര അവസാനിപ്പിച്ചേ മതിയാകൂ. ചില വിദേശ രാജ്യങ്ങളെങ്കിലും സ്വീകരിച്ചിട്ടുള്ള നിയമാവലികള്‍ നടപ്പാക്കിയാല്‍ മാത്രമേ സ്ത്രീപീഡനങ്ങള്‍ക്ക് ശമനമുണ്ടാവുകയുള്ളൂ. കടുത്ത ശിക്ഷാ നടപടികള്‍ കൊണ്ടുവരണം.

അന്താരാഷ്ട്ര വനിതാ ദിനം വെറുമൊരു ചടങ്ങല്ല. ചടങ്ങായി കാണുകയുമരുത്. അങ്ങനെ സംഭവിച്ചാല്‍ അതിന്‍റെ പ്രസക്തിയും അതോടെ നഷ്ടപ്പെടും. ഉയര്‍ന്നു വരുന്ന ആഗോള സമവായം, ചില പുരോഗതികള്‍ക്കിടയിലും, ലോകത്തിലെ ഭൂരിഭാഗം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും യഥാര്‍ത്ഥ മാറ്റം വളരെ മന്ദഗതിയിലാണ്. ഇന്ന്, ഒരു രാജ്യത്തിന് പോലും ലിംഗസമത്വം നേടിയെന്ന്  അവകാശപ്പെടാന്‍ കഴിയില്ല. ഒന്നിലധികം തടസ്സങ്ങള്‍ നിയമത്തിലും സംസ്കാരത്തിലും മാറ്റമില്ലാതെ തുടരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും വിലകുറച്ച് കാണുന്നത് തുടരുന്നു; അവര്‍ കൂടുതല്‍ ജോലി ചെയ്യുകയും കുറച്ച് വേതനം വാങ്ങുകയും ചെയ്യുന്നു; സമ്പാദ്യവും കുറവ്; വീട്ടിലും പൊതു ഇടങ്ങളിലും വിവിധ തരത്തിലുള്ള അക്രമങ്ങള്‍ അനുഭവിക്കുന്നു.

Friday, March 6, 2020

മോദിയും മുസ്ലിം രാജ്യങ്ങളും

"മുസ്ലീം രാഷ്ട്രങ്ങള്‍ എന്നെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസിന് ദഹിക്കുന്നില്ല" - കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ ഭാഷയില്‍ പറഞ്ഞ വാക്കുകളാണിവ. പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ മുസ്ലീങ്ങളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നേരിടുന്ന സമയത്തായിരുന്നു ഇത്. ലോകത്തെ മുസ്ലിം രാജ്യങ്ങള്‍ എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഞാനെങ്ങനെ ഭയപ്പാടുണ്ടാക്കും എന്നും മോദി ചോദിച്ചു. ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പായിരുന്നു ഈ പ്രസംഗം.

തന്നെ മുസ്ലീം വിരുദ്ധനായി മുദ്ര കുത്തിയത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന കാര്യം അടിവരയിടുന്നതിനായി മോഡി ഗള്‍ഫ് രാജ്യങ്ങളുമായുള്ള തന്റെ നല്ല ബന്ധത്തെ പ്രകീര്‍ത്തിച്ചു.  ഇന്ത്യക്ക് ചരിത്രത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി എക്കാലത്തെയും മികച്ച ബന്ധമുണ്ടെന്നും മാലിദ്വീപും ബഹ്റൈനും അദ്ദേഹത്തിന് ഏറ്റവും ഉയര്‍ന്ന ബഹുമതികള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എന്നാല്‍, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ ശരിക്കും മോദിയെ സ്നേഹിക്കുന്നുണ്ടോ? മോദിയുടെ നയത്തെ പ്രകീര്‍ത്തിക്കുന്നുണ്ടോ? ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍ 'ഇല്ല' എന്ന ഉത്തരമായിരിക്കും കിട്ടുക.

ഡല്‍ഹി കലാപത്തെക്കുറിച്ച് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോദിയെ അലട്ടുന്നില്ലെങ്കിലും ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പ്രതികരണവും ബംഗ്ലാദേശില്‍ നിന്നുള്ള പ്രതിഷേധവും പുനര്‍വിചിന്തനം നടത്തേണ്ടതാണ്.

സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മോദിയുടെ ഇന്ത്യയുമായുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ ബന്ധത്തില്‍ സന്ദേഹപ്പെടേണ്ടതുണ്ട്.
താരതമ്യേന ജനാധിപത്യപരമായ അല്ലെങ്കില്‍ പൊതുജനാഭിപ്രായത്തോട് യോജിക്കുന്ന, വിദേശനയങ്ങളില്‍ വിശ്വാസ്യത പുലര്‍ത്തുന്ന മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ മോദിയുടെ മുസ്ലിം വിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും പിന്തുടരുകയും മോദിയുടെ മനുഷ്യാവകാശ ലംഘനം അവഗണിക്കുകയും ചെയ്യുന്നത് കൂടുതലും സ്വേച്ഛാധിപത്യ രാജ്യങ്ങളാണ്. ഇന്ത്യയില്‍ ആര്‍ക്ക് എന്തു സംഭവിച്ചാലും അവര്‍ക്ക് പ്രശ്നമല്ല. അവര്‍ അവരുടെ വിഭവസമ്പത്ത് വിറ്റഴിക്കാനുള്ള ഒരു ഉപാധിയായി ഇന്ത്യയെ കാണുന്നു. അതുകൊണ്ട് അവര്‍ ഒന്നുകില്‍ നിശബ്ദരായിരിക്കാനോ അല്ലെങ്കില്‍ മോദിയെ സജീവമായി നിലനിര്‍ത്താനോ ശ്രമിക്കുന്നു.

വാസ്തവത്തില്‍, മുസ്ലീം ലോകത്തിന്‍റെ പല ഭാഗങ്ങളിലും മോദിയുടെ സ്വീകാര്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഇറാനിയന്‍ സുപ്രീം നേതാവ് അയത്തൊള്ള ഖൊമൈനി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു : 'ഇന്ത്യയിലെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ഹൃദയം ദുഃഖിക്കുകയാണ്. ഇസ്ലാമിക ലോകത്ത് നിന്ന് ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് തടയാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീവ്രവാദികളായ ഹിന്ദുക്കളെയും അവരുടെ പാര്‍ട്ടികളെയും നിയന്ത്രിക്കുകയും  മുസ്ലിം കൂട്ടക്കൊല അവസാനിപ്പിക്കുകയും വേണം.' ഇറാനിയന്‍ വിദേശകാര്യമന്ത്രി സവാദ് ജരീഫിന്‍റെ 'ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരായ സംഘടിത അതിക്രമങ്ങള്‍' ആരോപിച്ച് ഇറാനിയന്‍ പത്രത്തിന്‍റെ ഒന്നാം പേജില്‍ മോദിയെ 'ഡല്‍ഹിയുടെ കശാപ്പുകാരന്‍' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

https://twitter.com/mehdizafar/status/1235495838165512193?s=20   

തുര്‍ക്കി പ്രസിഡന്‍റ് റീസെപ് തയ്യിപ് എര്‍ദോഗന്‍ ഡല്‍ഹി കലാപത്തെ അപലപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പാക്കിസ്താന്‍  പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കവേ എര്‍ദോഗന്‍ കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്‍റെ നിലപാടിനെ വ്യക്തമായി പിന്തുണച്ചു. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതിന്‍റെ പശ്ചാത്തലത്തില്‍ തുര്‍ക്കി പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ചതെങ്ങനെയെന്നും അദ്ദേഹം പാക്കിസ്താന്‍ ഭരണാധികാരികളെ ധരിപ്പിച്ചു. 'കശ്മീരി ജനതയുടെ കഷ്ടപ്പാടുകള്‍ക്ക്' ഉത്തരവാദിയായി ഏകപക്ഷീയമായ നടപടികള്‍ സ്വീകരിച്ച  ഇന്ത്യയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധവും, തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്നുവരുന്ന സമരവും കൊലപാതകങ്ങളും കണ്ട് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് സിഎഎയുടെ ആവശ്യകതയെ ചോദ്യം ചെയ്തിരുന്നു. ഇന്ത്യ കശ്മീര്‍ ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തുവെന്ന് പ്രഖ്യാപിച്ച് മഹാതിര്‍ ഇന്ത്യയുടെ ആര്‍ട്ടിക്കിള്‍ 370 നീക്കത്തെ ആക്ഷേപിച്ചതോടെ ഇന്ത്യയും പ്രതികരിച്ചു. അന്ന് ആരംഭിച്ച വാക്കുതര്‍ക്കങ്ങള്‍ മലേഷ്യന്‍ ഈന്തപ്പഴ ഇറക്കുമതി ഗണ്യമായി വെട്ടിക്കുറക്കുന്നതിലും നയതന്ത്ര തര്‍ക്കത്തില്‍ വരെ കാര്യങ്ങള്‍ എത്തിച്ചു. പക്ഷെ, മഹാതിര്‍ തന്റെ നിലപാടുകളില്‍ തന്നെ ഉറച്ചുനിന്നു. തന്റെ രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും തെറ്റായ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് തുടരുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.

ന്യൂഡല്‍ഹിയിലുണ്ടായ കലാപത്തെക്കുറിച്ച് 'ആശങ്കകള്‍' പ്രകടിപ്പിച്ചുകൊണ്ട് സാധാരണഗതിയില്‍ ഇന്തോനേഷ്യന്‍ സര്‍ക്കാരും  ചേര്‍ന്നു. 'ഇന്ത്യയിലേത് മുസ്ലീം വിരുദ്ധ അക്രമമാണെന്ന് പ്രാദേശിക ഇസ്ലാമിക ഗ്രൂപ്പുകള്‍ പറയുന്നതിനെച്ചൊല്ലി രാജ്യത്ത് പ്രകോപനം വര്‍ദ്ധിക്കുന്നു' എന്ന് ജക്കാര്‍ത്ത പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണേഷ്യയിലെ മോദിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊരാളായ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പോലും സിഎഎയെ 'അനാവശ്യമായ പ്രവണത'  എന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. 

അതിനാല്‍, ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തില്‍ മോദിയെ പുകഴ്ത്തുന്ന ഗള്‍ഫ് രാജവാഴ്ചയല്ല ഇവിടെ പ്രധാനം, ദീര്‍ഘകാല പങ്കാളികളുടെ വിമര്‍ശനമാണ്. ഇന്ത്യക്ക് ചരിത്രപരമായി ഈ രാജ്യങ്ങളുമായി നല്ല ബന്ധമുണ്ട്. മുന്‍ നയതന്ത്രജ്ഞന്‍ എം.കെ. ഭദ്രകുമാര്‍ ട്വീറ്റ് ചെയ്തതുപോലെ ഇന്ത്യ-ഇറാന്‍ ബന്ധത്തില്‍ 'ഗുരുതരമായ വിള്ളല്‍' തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

https://twitter.com/BhadraPunchline/status/1235566665405853696

പ്രൊഫസര്‍ റെയ്മണ്ട് ഹിന്നെബുഷ് തന്‍റെ പുസ്തകമായ 'ദി ഇന്‍റര്‍നാഷണല്‍ പൊളിറ്റിക്സ് ഓഫ് മിഡില്‍ ഈസ്റ്റില്‍' എഴുതുന്നു: 'മിഡില്‍ ഈസ്റ്റില്‍ പൊതുജനാഭിപ്രായം സാധാരണഗതിയില്‍ വിദേശനയ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നില്ല. അത് ഉന്നത വരേണ്യരുടെ പ്രത്യേക ബിസിനസാണ്.' ഗള്‍ഫ് രാജ്യങ്ങളില്‍ 'രാഷ്ട്രീയ എതിര്‍പ്പ് സാധാരണഗതിയില്‍ അടിച്ചമര്‍ത്തപ്പെടുകയും മാധ്യമങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു,' ആളുകള്‍ 'അശ്രദ്ധരും വിവരമില്ലാത്തവരുമാണ്. എണ്ണ സമ്പന്ന രാജ്യങ്ങളുടെ രക്ഷാകര്‍തൃത്വത്തെ അങ്ങേയറ്റം ആശ്രയിക്കുന്നതാണ് ഇതിന് കാരണം.'

മോദിയെക്കുറിച്ചുള്ള അറബ് രാജ്യങ്ങളിലെ പൊതുജനാഭിപ്രായം കൃത്യമായി കണക്കാക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം, ആ രാജ്യത്തെ ജനങ്ങള്‍ക്ക് അതത്ര ഗൗരവമുള്ള കാര്യമല്ലതന്നെ.  ആ രാജ്യങ്ങള്‍ മോദിയെ എത്രത്തോളം സ്നേഹിക്കുന്നുവെന്നല്ല,  മറിച്ച് അവരുടെ ഭരണകൂടങ്ങള്‍ തന്ത്രപ്രധാനമായ വാണിജ്യ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കായി മോദിയെ ബഹുമാനിക്കുന്നു എന്നുള്ളതാണ് പ്രധാനം. പ്രതികൂല പൊതുജനാഭിപ്രായം നേരിടേണ്ടിവന്നാലും ഭരണാധികാരികള്‍ അതൊന്നും ചെവിക്കൊള്ളുകയില്ലതാനും.

ഇറാനിയന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് ജോലിയും അടിസ്ഥാന സേവനങ്ങളും നല്‍കാന്‍ അവര്‍ ശ്രദ്ധ ചെലുത്തുന്നു, പ്രത്യേകിച്ചും യുഎസ് ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍. അതിനാല്‍, ഇറാനിയന്‍ ഭരണകൂടം ആഭ്യന്തര പൊതുജനാഭിപ്രായത്തോട് കൂടുതല്‍ സെന്‍സിറ്റീവ് ആണ്.

ഇന്ത്യയില്‍ നടക്കുന്ന മുസ്ലിം വിരുദ്ധ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാനോ അതിജീവിക്കാനോ മോദിയുടെ 'അറബ്' സ്നേഹം അപര്യാപ്തമാണ്.