Monday, March 16, 2020

കൊറോണയുടെ പേരില്‍ കച്ചവടക്കണ്ണും അടിച്ചമര്‍ത്തലും

ലോകവ്യാപകമായി അതിഭീകരമാരിയായ കൊറോണ വൈറസ് ബാധയില്‍ വിറങ്ങലിച്ചുനില്‍ക്കേ, ഈ മഹാമാരിയെ എങ്ങനെ ചെറുക്കാമെന്നും ഇനിയൊരിക്കലും ഇത്തരത്തിലുള്ള മാരക രോഗങ്ങള്‍ ജനങ്ങള്‍ക്ക് പിടിപെടാതിരിക്കാന്‍ പ്രതിവിധിയായി വാക്സിനുകള്‍ ഉല്പാദിപ്പിക്കാനും ശാസ്ത്രജ്ഞര്‍ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സാഹചര്യം മുതലെടുക്കാനും രോഗത്തിന്റെ പേരില്‍ ജനങ്ങളില്‍ അനാവശ്യമായ അടിച്ചമര്‍ത്തലുകളാണ് ചില രാജ്യങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയാകട്ടേ രോഗവ്യാപനം തടയാനുള്ള വാക്സിന്‍ ഉല്പാദിപ്പിക്കുന്ന ജര്‍മ്മന്‍ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി അതിന്റെ പേറ്റന്റ് കൈയ്യടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ക്യൂര്‍വാക് എന്ന ജര്‍മ്മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായാണ് അമേരിക്ക കരാറുണ്ടാക്കിയിരിക്കുത്. ഈ കമ്പനി ഏതു മരുന്ന് നിര്‍മ്മിച്ചാലും അത് വിപണിയിലിറക്കാനും അതിന്‍റെ അവകാശം കുത്തകയാക്കാനും അമേരിക്കയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. ഇത് നീതിബോധമില്ലാത്ത നടപടിയാണെന്നാണ് ജര്‍മ്മനിയിലെ മാധ്യമങ്ങളും ഭരണകൂടവും കുറ്റപ്പെടുത്തുന്നത്.

ജര്‍മ്മനിയുള്‍പ്പെടെയുള്ള ലോകജനതയാകെ കൊറോണ ഭീതിയില്‍ വലയുമ്പോള്‍ അമേരിക്ക ഈ ഔഷധത്തിന്‍റെ കുത്തക സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് അനീതിയാണെന്നാണ് ജര്‍മ്മന്‍ ആഭ്യന്തരമന്ത്രി ഹോസ്റ്റ് സീഹോഫര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. പക്ഷെ യുഎസിന്‍റെ വാദം അനുസരിച്ചു അവര്‍ക്കുവേണ്ടി മാത്രമായിരിക്കും ഔഷധം നിര്‍മ്മിക്കുന്നത്. ഔഷധം അവരുടെ കൈയ്യിലായാല്‍ പിന്നെ എന്ത് വിലയും അവര്‍ക്കു ഈടാക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ യാതൊരു നീതിബോധവും പിന്തുടരാത്ത അമേരിക്കന്‍ കച്ചവടക്കണ്ണുകള്‍ ലോകവിപണിയില്‍ വിലപേശല്‍ നടത്തുകയാവും പിന്നെ അമേരിക്കയുടെ പദ്ധതി.

പക്ഷെ കമ്പനി ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അവര്‍ പറയുന്നത് ഈ ഔഷധം ലോകജനതയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ് എന്നാണ്. ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള സദ്ധസംഘടനകള്‍ ഈ ഔഷധത്തിന്‍റെ വിജയകരമായ പൂര്‍ത്തീകരണത്തിനായി കാത്തിരിക്കുകയാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഔഷധം ലോകജനതയ്ക്കു മുഴുവന്‍ വേണ്ടിയുള്ളതാണ്. ഇത് യു എസുമായുള്ള കരാറില്‍ പെടില്ല എന്നും കമ്പനി പറയുന്നു.

എന്നാല്‍ സംഗതിയുടെ ഏറ്റവും ദുരൂഹമായ വശം മറ്റൊന്നാണ്. ട്രംപ് ക്യൂര്‍വാക് കമ്പനിയുമായി നടത്തിയ ആലോചനകള്‍ ഒന്നും തന്നെ വൈറ്റ് ഹൌസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഇതിനിടെ ജര്‍മനിയിലെ യു എസ് അംബാസിഡര്‍ കമ്പനിയുടെ ആരോപണത്തെ ശക്തമായി നിഷേധിച്ചിട്ടുമുണ്ട്. ജര്‍മ്മന്‍ പാര്‍ലമെന്‍റിലെ സോഷ്യല്‍ ഡെമോക്രാറ്റിക് മെമ്പറായ കാള്‍ ലക്റ്റര്‍ബാസ് അമേരിക്കയുടെ നീക്കത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തു വരികയും ചെയ്തു. ജര്‍മ്മനി വികസിപ്പിക്കുന്ന വാക്സിന്‍ ജര്‍മ്മന്‍ ജനതയ്ക്കാണ് പ്രാഥമികമായി ഉപയോഗിക്കാന്‍ അവകാശമുള്ളതെന്നും മറ്റൊരു രാജ്യത്തിനും ഏകപക്ഷീയമായ അവകാശം നല്‍കാനാകില്ലെന്നും അദ്ദേഹം പറയുന്നു.

വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ടനുസരിച്ച് യു എസിന്‍റെ പ്രതിരോധ വാക്സിന്‍ ഗവേഷണം ഫലപ്രദമായി മുന്‍പോട്ടു പോകുന്നില്ലെന്നും നിലവില്‍ സര്‍ക്കാര്‍ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കമ്പനികള്‍ ഒന്നും തന്നെ ചെയ്യുന്നില്ല എന്ന അവസ്ഥയാണുള്ളതെന്നാണറിയുന്നത്. എന്നാല്‍, ട്രംപ് ഇടയ്ക്കൊക്കെ 'ഞങ്ങള്‍ പ്രതിരോധ വാക്സിന്‍ നിര്‍മ്മാണത്തിന്‍റെ അവസാനഘട്ടത്തില്‍ എത്തി' യെന്നും പറഞ്ഞുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മാസം ക്യൂര്‍വാക് കമ്പനിയുടെ സി ഇ ഒ യും പ്രസിഡന്‍റ് ട്രമ്പുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കമ്പനി ഉടന്‍ തന്നെ പ്രതിരോധ വാക്സിന്‍ നിര്‍മ്മിക്കും എന്നറിയിച്ചിരുന്നതുമായി ഈ വിവാദത്തെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. മാത്രമല്ല ക്യൂര്‍വാക് കൃത്യമായും ഒരു യൂറോപ്യന്‍ കമ്പനിയല്ല അതിനു യു എസില്‍ നിന്ന് ഫണ്ടിംഗും ലഭിക്കുന്നുണ്ട്.

ഇതെല്ലം കൂടി ചര്‍ച്ച ചെയ്യുമ്പോള്‍ കമ്പനിയില്‍ അമേരിക്ക എന്ന രാജ്യത്തിനുപരി ട്രംപ് എന്ന കച്ചവടക്കാരന്‍ പിടിമുറുക്കുന്നതായാണ് മനസിലാക്കാവുന്നത്. ഒരു ലോകവ്യാധിയെ എങ്ങനെ കച്ചവടത്തിനായി അധികാരവും നിയമവും ഉപയോഗിച്ച് സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയും എന്ന് ആത്യന്തികമായി കച്ചവടക്കാരനായ ട്രംപിനെ ആരും പറഞ്ഞു മനസിലാക്കേണ്ടതില്ല.

അതിനിടെ, ഈ മാരക രോഗത്തില്‍ നിന്ന് ജനങ്ങള്‍ക്ക് രക്ഷയേകാനുള്ള വാക്‌സിനായി കാത്തിരിക്കുന്നതിനിടയില്‍ രോഗവ്യാപനം തടയാനായി ഇതുവരെ കീഴ്‌നടപ്പില്ലാത്ത പല നടപടികളും രാജ്യങ്ങള്‍ സ്വീകരിക്കുന്നുണ്ട്. നഗരം മുഴുവന്‍ അടയ്ക്കുക, ജനങ്ങളെ മുഴുവന്‍ ഏകാന്തവാസത്തിലാക്കുക, ആളുകളെ നിര്‍ബന്ധിത പരിശോധനകള്‍ക്ക് വിധേയമാക്കുക തുടങ്ങിയ നടപടികളാണ് വിവിധ രാജ്യങ്ങളിലെ ഭരണകൂടവും ആരോഗ്യവിഭാഗവും സ്വീകരിച്ചിരിക്കുന്നത്. പലരും ഇതിനെ എതിര്‍ക്കുകയും ഏകാന്തവാസത്തിലാക്കിയിരിക്കുന്നവരില്‍ ചിലര്‍ ചാടിപ്പോവുകയും ചെയ്യുന്ന സ്ഥിതി വിശേഷവും നാം കാണുന്നുണ്ട്. എങ്കില്‍പ്പോലും രോഗവ്യാപനം തടയാന്‍ ഏകാന്തവാസത്തിനേക്കാള്‍ മികച്ച ഒരു മാര്‍ഗം ഇതുവരെ ആരും നിര്‍ദേശിച്ചിട്ടുമില്ല.

ഇറ്റലിയിലെ വെനീസില്‍ 14-ാം നൂറ്റാണ്ടിലാണ് ഏകാന്തവാസം (ക്വാറന്റൈന്‍) എന്ന രീതി നടപ്പാക്കിത്തുടങ്ങിയത്. അന്ന് പ്രദേശത്ത് പടര്‍ന്ന് പിടിച്ച പ്ലേഗ് എന്ന രോഗത്തില്‍ നിന്നും തീരദേശ നഗരങ്ങളെ സംരക്ഷിക്കാനായിരുന്നു ആളുകള്‍ക്ക് ഏകാന്തവാസം നിര്‍ദേശിച്ചത്. തുറമുഖത്തേയ്ക്ക് അടുപ്പിക്കുന്ന കപ്പലുകള്‍ തീരത്തുനിന്നും കുറച്ചകലെയായി 40 ദിവസത്തേയ്ക്ക് നങ്കൂരമിട്ടിരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലോകത്തിലെ ആദ്യത്ത ക്വാറന്റൈന്‍ നടപ്പാക്കി. നാല്‍പ്പത് ദിവസം എന്ന് അര്‍ത്ഥം വരുന്ന 'ക്വാറന്റ ഗിയോര്‍ണി' എന്ന ഇറ്റാലിയന്‍ വാക്കില്‍ നിന്നാണ് 'ക്വാറന്റൈന്‍' എന്ന വാക്ക് ഉരുത്തിരിഞ്ഞത്. 20-ാം നൂറ്റാണ്ടില്‍ മഞ്ഞക്കൊടി പാറിച്ച കപ്പലില്‍ കയറിയ ഇന്‍സ്‌പെക്ടര്‍മാരെ മുഴുവന്‍ യുഎസ്, ഏകാന്തവാസത്തിലാക്കിയിരുന്നു. കപ്പല്‍ ക്വാറന്റൈനിലാണെന്ന് കാണിക്കാനാണ് മഞ്ഞക്കൊടി പാറിക്കുന്നത്. സാര്‍സ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോഴും രോഗവ്യാപനം തടയാന്‍ സ്വീകരിച്ചത് ക്വാറന്റൈന്‍ എന്ന രീതിയായിരുന്നു.

എന്നാല്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ഈ ലോകത്തില്‍ ഫലപ്രദമായ രീതിയില്‍ ക്വാറന്റൈന്‍ നടപ്പാക്കുക ബുദ്ധിമുട്ടാണെന്നാണ് വിദ്ഗധര്‍ അഭിപ്രായപ്പെടുന്നത്. ഏകാന്തവാസം പൂര്‍ണമായും നടപ്പാക്കണമെങ്കില്‍ ഒരു തരത്തിലുമുള്ള ചലനങ്ങളും ആളുകള്‍ക്ക് അനുവദിക്കാന്‍ പാടില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് അത് അത്രകണ്ട് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഒന്നല്ല.

അതേസമയം വാക്‌സിനുകളും ആന്റിവൈറലുകളും വികസിപ്പിച്ചെടുക്കുന്നതുവരെ ഏകാന്തവാസം തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗമെന്ന് മറ്റൊരു വിഭാഗം വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഒരു വ്യക്തിയ്ക്ക് എത്ര പേരിലേക്ക് രോഗം പടര്‍ത്താന്‍ സാധിക്കുമെന്നതിന്റെ തോത് കണക്കാക്കുന്ന ആര്‍ഒ വാല്യു, ഒന്നില്‍ കൂടുതലായിരിക്കുന്ന വൈറസ് രോഗങ്ങളെ ചെറുക്കാന്‍, ഏറ്റവും ഫലപ്രദമായ മാര്‍ഗം ക്വാരന്റൈന്‍ തന്നെയാണ്. കൊവിഡ് 19 ന്റെ ആര്‍ഒ വാല്യു ഇതുവരെ കണക്കാക്കിയിട്ടില്ല. തീര്‍ച്ചയായും ഒന്നില്‍ കൂടുതലായിരിക്കും. അതിനാല്‍ ഏകാന്തവാസം തന്നെയാണ് മികച്ച പോംവഴി.

എന്നാല്‍ രോഗവ്യാപനം തടയുന്നതിന് ഭരണകൂടത്തിന് ലഭിക്കുന്ന അധികാരം ജനങ്ങളുടെ മേല്‍ ദുരുപയോഗിക്കപ്പെടുകയാണെന്നാണ് വിമര്‍ശനം. കൊവിഡ് 19ന്റെ ഉറവിടമായ ചൈനയില്‍ അധികൃതര്‍ പല നഗരങ്ങളും അടച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുവാന്‍ ജനങ്ങളോട് ഭരണകൂടം നിര്‍ദേശിച്ചിരിക്കുകയാണ്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആരൊക്കെ ക്വാറന്റൈനില്‍ പോകണമെന്നും ആരൊക്കെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെന്നും അറിയാന്‍ സാധിക്കും. ഈ വിവരം പൊലീസിനും കൈമാറും. ഇത്തരത്തില്‍ ജനങ്ങളെ നിയന്ത്രിക്കുകയാണ് ഭരണകൂടം. ഇതുവഴി കൊവിഡ് 19 നെ നേരിടുകയല്ല, അടിച്ചമര്‍ത്തുകയാണ് ചൈനീസ് ഭരണകൂടം ചെയ്യുന്നതെന്നും വിമര്‍ശനമുണ്ട്.

സാങ്കേതിക വിദ്യ വരുന്നതിന് മുമ്പും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ 1897ല്‍ പാസാക്കിയ എപ്പിഡമിക് ഡിസീസ് നിയമം ഇതിന് ഉദാഹരണമാണ്. അന്ന് ബോംബെയില്‍ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിരുകവിഞ്ഞ അധികാരമാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്. വീടുകള്‍തോറും കയറിയിറങ്ങി അന്വേഷണം നടത്തുകയും ആളുകളെ നിര്‍ബന്ധിച്ച് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

ഈ നിയമം ഉപയോഗിച്ച് തന്നെയാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ പകര്‍ച്ച വ്യാധികള്‍ തടയാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. എച്ച്1എന്‍1 രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ സംസ്ഥാനങ്ങളും എപ്പിഡെമിക് ഡിസീസ് നിയമമാണ് പ്രയോഗിച്ചത്. ഈ നിയമം ലംഘിക്കുന്നവര്‍ ഐപിസി 188 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹരാണ്. രോഗം പടര്‍ത്തുവാന്‍ ഉതകുന്ന പ്രവര്‍ത്തി ചെയ്യുന്നയാള്‍ ഐപിസി 270 പ്രകാരം ശിക്ഷിക്കപ്പെടുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

പ്രസ്തുത നിയമം ഭേദഗതി ചെയ്യാന്‍ 2017ല്‍ പബ്ലിക് ഹെല്‍ത്ത് ബില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ അധികൃതര്‍ക്ക് അതിരുകവിഞ്ഞ അധികാരം നല്‍കുന്ന വ്യവസ്ഥകളും ജനങ്ങളുടെ സമ്മതമില്ലാതെ അവരെ ഏകാന്തവാസത്തിലാക്കുന്ന വ്യവസ്ഥകളും ഉള്ളതിനാല്‍ ബില്ലിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. അതിനാല്‍ ഈ ബില്‍ പാര്‍ലമെന്റില്‍ വെയ്ക്കാന്‍ സാധിച്ചില്ല.

ഏകാന്തവാസം സമൂഹത്തോടുള്ള ഉത്തരവാദിത്വമാണ് എന്ന് മനസ്സിലാക്കുന്നതിന് പകരം ശിക്ഷയായാണ് പലരും കരുതുന്നത്. ഇവിടെ സമൂഹ നന്‍മയും വ്യക്തിസ്വാതന്ത്ര്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് പ്രധാനമായും നടക്കുന്നത്. എന്നാല്‍ രോഗവ്യാപനം തടയാന്‍ ജനങ്ങള്‍ അധികൃതരെ വിശ്വസിച്ചേ മതിയാകൂ. ഓരോ ആളുകളും തങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളെയും മൗലിക അവകാശങ്ങളെയും പൊതുനന്‍മയ്ക്ക് വേണ്ടി ത്യജിക്കാന്‍ സ്വയം തയ്യാറാകേണ്ടതുണ്ട്. അതേസമയം തന്നെ ഏകാന്തവാസത്തില്‍ കഴിയുന്ന ആളുകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതരും ബാധ്യസ്ഥരാണ്. നല്ല ഭക്ഷണം, നല്ല വെള്ളം, മനുഷ്യത്വപരമായ പെരുമാറ്റം, മികച്ച ചികിത്സ, വിവരകൈമാറ്റം, അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ഏകാന്തവാസത്തില്‍ കഴിയുന്നവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്.

No comments:

Post a Comment