ഓണം കഴിഞ്ഞാല്‍ കേരളത്തിലെ വലിയ മഹോത്സവങ്ങളിലൊന്നാണു മേടവിഷു. കാര്‍ഷിക സമൃദ്ധിക്കു വേണ്ടി കണിയും കൈനീട്ടവുമൊരുക്കി കാത്തിരിക്കുന്ന വിഷുപ്പുലരിയെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങേണ്ട അവസരമാണിത്. എന്നാല്‍ കൊറോണ ദുരന്തത്തിന്റെ ഇരയായി വിഷുവും ഒതുങ്ങിക്കൂടുമ്പോള്‍, അനേക വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജന്മനാട്ടിലെത്താന് കൊതിച്ച ഒരു കൂട്ടരുണ്ട്. ജീവിത സാഹചര്യങ്ങള്‍ മൂലം ഉറ്റവരെയും ഉടയവരെയും സ്വന്തം നാടിനെപ്പോലും ഉപേക്ഷിച്ചു വിദേശങ്ങളിലേക്കു കൂടുമാറ്റേണ്ടിവന്ന പ്രവാസികള്‍. ചരിത്രത്തിലിന്നോളം അനുഭവിച്ചിട്ടില്ലാത്ത ദുരിതവും ദുരന്തവുമാണ് അവരിപ്പോള്‍ നേരിടുന്നത്. ഈ സമയത്ത് ഈ നാടു മുഴുവന്‍ ഒറ്റക്കെട്ടായി അവര്‍ക്കൊപ്പം നില്ക്കേണ്ടതാണ്.
നമ്മുടെ നാട്ടിലുണ്ടാകുന്ന സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നവരാണ് എക്കാലത്തും പ്രവാസികള്‍. നാട്ടില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കെല്ലാം മറുനാട്ടിലെ സഹോദരങ്ങളുടെ കൈത്താങ്ങ് കൂടിയേ തീരൂ. ദുരന്തമുഖങ്ങളിലും അത് അനിവാര്യം തന്നെ. കഴിഞ്ഞ രണ്ടു പ്രളയങ്ങളില്‍ തകര്‍ന്നടിഞ്ഞു പോയ കേരളത്തിന്റെ പുനസൃഷ്ടിക്ക് അവരുടെ കൈത്താങ്ങുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പു മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വരെയും അവരുടെ വിയര്‍പ്പിന്റെ ഗന്ധം പതിഞ്ഞ പച്ചനോട്ടുകളുണ്ടാകും. അതുകൊണ്ടു തന്നെ, ഈ പ്രതിസന്ധി ഘട്ടത്തില്‍ വിദേശത്തുള്ള സഹോദരങ്ങളെ സഹായിക്കാനുള്ള ബാധ്യത നാട്ടിലുള്ള എല്ലാവര്‍ക്കുമുണ്ട്; പ്രത്യേകിച്ച് അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക്.
സാധ്യമായ സഹായങ്ങള്‍ എത്തിക്കുക മാത്രമല്ല, അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്കി ഒപ്പം ചേര്‍ത്തു നിര്‍ത്തണം. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്, യുണൈറ്റഡ് കിങ്ഡം, യുഎസ്, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലാണു പ്രതിസന്ധി രൂക്ഷം. ഈ രാജ്യങ്ങളിലെല്ലാം വലിയ തോതിലാണു കൊവിഡ് വ്യാപനം. സ്വന്തം പൗരന്മാര്ക്കു പോലും മതിയായ സുരക്ഷ നല്കാന് കഴിയാതെ ബുദ്ധിമുട്ടുമ്പോള്‍, ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്കു പരിഗണന കിട്ടുക എളുപ്പമല്ല. ഈ രാജ്യങ്ങളില്‍ ഉന്നത പഠനത്തിനു ചേര്‍ന്ന ലക്ഷക്കണക്കിനു വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്.
യുഎഇയില്‍ മാത്രം പതിനഞ്ചു ലക്ഷത്തില്‍പ്പരം മലയാളികള്‍ നാട്ടിലേക്കു വരാന്‍ കാത്തിരിപ്പുണ്ട്. യുകെയില്‍ അന്‍പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ വിഷമിക്കുന്നത്. യുഎസില്‍ ഉപരിപഠനത്തിനു ചേര്‍ന്ന രണ്ടര ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങാന്‍ കാത്തിരിക്കുന്നു. ഇവരെയെല്ലാം ഒറ്റയടിക്കു നാട്ടിലെത്തിക്കുക എളുപ്പമല്ല. കൊവിഡ് മൂലം ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശികളെ അതതു രാജ്യങ്ങള്‍ പ്രത്യേകമായി വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തു കൊണ്ടുപോയതുപോലല്ല, വിദേശത്തുള്ള ഇന്ത്യക്കാരുടെ പ്രശ്നം. ഇവിടെയുള്ള വിദേശികളുടെ എണ്ണം വളരെ കുറവാണ്. മിക്കവരും ടൂറിസ്റ്റ് വിസയില്‍ വളരെ കുറച്ചു കാലത്തേക്കു വരുന്നവരും. എന്നാല്‍ വിദേശത്തുള്ള ഇന്ത്യക്കാരില്‍ അധികവും വിദ്യാര്‍ഥികളും വിദേശത്തു തൊഴില്‍ ചെയ്യുന്നവരുമാണ്. ദീര്‍ഘകാലത്തേക്കു കൊവിഡ് മൂലമുള്ള ലോക്ഡൗണ്‍ മാത്രമല്ല അതിനു പ്രതിബന്ധമായിട്ടുള്ളത്. ലോകത്തെമ്പാടുമായി കാത്തുനില്ക്കുന്ന ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ ഇപ്പോള്‍ നമ്മള് ഓപ്പറേറ്റ് ചെയ്യുന്ന മുഴുവന്‍ വിമാനങ്ങളും മതിയാകില്ല. അത്രയ്ക്കായിരിക്കും യാത്രക്കാരുടെ ബാഹുല്യം.
എന്നാല്‍, വിദേശത്തു കുടുങ്ങിപ്പോയ സഹോദരങ്ങളുടെ സുരക്ഷിതത്വത്തില്‍ മറ്റാരെക്കാളും ജാഗ്രത പുലര്‍ത്താന്‍ നമുക്കു കഴിയണം. പേര്‍ഷ്യന്‍ ഗള്‍ഫിലടക്കം മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നതെന്നാണു വിവരം. ലേബര്‍ ക്യാംപുകളിലും മറ്റുമായി കഴിയുന്ന ഇവരില്‍ പലര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇവര്‍ക്കു ക്വാറന്റൈന്, ജീവന് രക്ഷാ കവചങ്ങള്‍, സാനിറ്റൈസര്‍ അടക്കമുള്ള അവശ്യവസ്തുക്കള്‍ തുടങ്ങിയവയൊന്നും ലഭിക്കുന്നില്ല എന്ന പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണം. ചിലരെങ്കിലും ആഹാരത്തിനു പോലും കഷ്ടപ്പെടുന്നു. ഇതിനെല്ലാ പുറമേ ലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ ഭീഷണിയും നേരിടുന്നുണ്ട്. ഈ ആശങ്കകളെല്ലാം നിലനില്ക്കുമ്പോഴാണു സ്വന്തം പൗരന്മാരെ തിരികെക്കൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള വിസ കരാറുകള്‍ റദ്ദാക്കുന്നതടക്കമുള്ള ഭീഷണിയുമായി യുഎഇ പോലുള്ള രാജ്യങ്ങള്‍ മുന്നോട്ടു വരുന്നത്.
കേരളത്തിന്റെ നിയന്ത്രണത്തില്‍ മാത്രം വരുന്ന കാര്യങ്ങളല്ല വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍. അവരില്‍ ബഹുഭൂരിപക്ഷവും കേരളീയരാണെന്നു സമ്മതിക്കാം. രാജ്യത്തിന്റെ വിദേശ മന്ത്രാലയത്തിനാണ് അവരുടെ മേല്‍നോട്ടച്ചുമതല. വിദേശത്തുള്ളവരെ മുഴുവന്‍ ഒറ്റയടിക്കു നാട്ടിലേക്കു മടക്കിക്കൊണ്ടുവരാന്‍ സാധിക്കില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സുപ്രീം കോടതിയും അറിയിച്ചു കഴിഞ്ഞു. അടുത്ത നാലാഴ്ചയിലേക്ക് ഇതു സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതായത് അടുത്ത ഒരു മാസം വരെ പ്രവാസികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അതേപടി അനുഭവിക്കണമെന്ന് അര്‍ഥമാക്കരുത്. വിദേശങ്ങളിലുള്ള എംബസികള്‍ മുഖേന, ഇന്ത്യക്കാരുടെ സുരക്ഷയും ചികിത്സയും താമസവും ഭക്ഷണവും എല്ലാം ഉറപ്പാക്കാന്‍ എംബസികള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കണം. വിദേശ മന്ത്രാലയത്തിന്റെ അമരത്ത് സുഷമ സ്വരാജ് ഉണ്ടായിരുന്ന കാലത്ത് ഈ ഏകോപനം വളരെ സമര്‍ഥമായി നടപ്പാക്കിയിട്ടുണ്ട്. സുഷമയുടെ കീഴിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന നയതന്ത്രജ്ഞന് എസ്. ജയശങ്കറും പ്രധാനമന്ത്രിയുടെ വിശ്വസ്തനും മലയാളിയുമായ വി. മുരളീധരനും നയിക്കുന്ന മന്ത്രാലയത്തിന് അതിനെക്കാള്‍ നന്നായി ഇപ്പോള്‍ സേവനം ചെയ്യാന്‍ കഴിയുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
No comments:
Post a Comment