"മൃദുഭാവേ, ദൃഢകൃത്യേ'' എന്നതാണു കേരള പൊലീസിന്റെ മുഖമുദ്ര. പെരുമാറ്റത്തില്‍ മൃദുഭാവവും പ്രവൃത്തിയില്‍ കാര്ക്കശ്യവുമാണു വിവക്ഷ. പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ ബാഹ്യമായ ഏതു തരത്തിലുമുള്ള ഇടപെടലുകളും നിയമവിരുദ്ധമാണ്. അത്തരം ഇടപെടലുകള്‍ക്ക് ഇടം നല്‍കാതിരിക്കാനാണു മൃദുഭാവത്തിലുള്ള ഇടപെടലുകളും കാര്ക്കശ്യത്തിലുള്ള നിയമ സംവിധാനവും അവര്‍ നടപ്പാക്കുന്നത്. നടപടിക്രമങ്ങളില്‍ പലപ്പോഴും ഈ മൃദുഭാവം തരിമ്പു പോലും കാണാന്‍ കിട്ടില്ല. പക്ഷേ, കൃത്യനിര്‍വഹണത്തില്‍ ദണ്ഡപ്രകാരമുള്ള കാര്‍ക്കശ്യങ്ങളും പതിവാണ്. അതുകൊണ്ടുതന്നെ ജനമനസുകളില്‍ പൊലീസിനെക്കുറിച്ച് അത്ര മതിപ്പില്ലെന്നു മാത്രമല്ല, വെറുപ്പിന്റെ മുഖാവരണം എത്രയോ തവണ എടുത്തണിഞ്ഞിട്ടുണ്ട്, നമ്മുടെ കാക്കിപ്പട. എന്നാല്‍, ഇതല്ല കേരള പൊലീസെന്നു സാധാരണക്കാരായ ജനങ്ങള്‍ക്കു മനസിലായത് ഈ കൊറോണക്കാലത്താണ്. കാക്കിക്കുപ്പായത്തിനുള്ളില്‍ മനുഷ്യത്വത്തിന്റെ എത്രയെത്ര മൃദുഭാവങ്ങളാണ് നമ്മള് ഓരോ ദിവസവും കാണുന്നത്.
കൊവിഡ് വ്യാപനം ചെറുക്കുന്നതില്‍ ഇന്ത്യക്കു മാതൃകയാണു കേരളം. ലോകമെമ്പാടുമുള്ള വിദഗ്ധരും ഭരണകര്‍ത്താക്കളുമൊക്കെ കേരളത്തിന്റെ മാതൃകാപരമായ നടപടികളെ പ്രകീര്‍ത്തിക്കുകയാണ്. ഈ നേട്ടത്തിനു നാടിനെ പ്രാപ്തമാക്കിയതു കേരള പൊലീസിന്റെ അതിസാഹസികമായ സുരക്ഷാ നടപടികളാണ്. സര്‍വതന്ത്ര സ്വതന്ത്രരായി വിഹരിച്ചു നടന്ന ഒരു ജനതയെ, നിയമത്തിന്റെ കാര്ക്കശ്യത്തിലേക്കു കൂട്ടിക്കൊണ്ടു വന്ന്, കാര്യമായ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടാക്കാതെ, വീടകങ്ങളില്‍ ലോക്ക് ചെയ്തു എന്നതാണു പൊലീസിന്റെ വലിയ നേട്ടം. ഇങ്ങനെ അടച്ചിട്ട ജനങ്ങളെ അതോടെ കൈവിടുകയായിരുന്നില്ല അവര്‍ ചെയ്തത്. വീടുകളിലും മറ്റു താമസസ്ഥലങ്ങളിലും കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് ആളുകളുടെ നാനാവിധത്തിലുള്ള ആവശ്യങ്ങളെല്ലാം സഹോദരതുല്യമായ സ്നേഹവായ്പോടെയാണു പൊലീസ് നിറവേറ്റിക്കൊടുക്കുന്നത്.
ഗുരുതരമായി രോഗം ബാധിച്ചവര്‍ക്കു മരുന്ന്, ആശുപത്രി സേവനം ആവശ്യമുള്ളവര്‍ക്ക് ആംബുലന്‍സ് അടക്കമുള്ള സഹായങ്ങള്‍, ആഹാരം കിട്ടാത്തവര്‍ക്കെല്ലാം സമൂഹ അടുക്കള വഴി ഭക്ഷണപ്പൊതി, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും, ഗര്‍ഭിണികള്‍, കുട്ടികള്‍, വയോവൃദ്ധര്‍ തുടങ്ങിയവര്‍ക്ക് മതിയായ സംരക്ഷണം തുടങ്ങി പൊലീസിന്റെ ജനമൈത്രീമുഖം കണ്ടു ജനങ്ങള്‍ കൃതജ്ഞതാഭരിതരായി നില്ക്കുന്ന അവസരമാണിത്. കൊവിഡ് വ്യാപനം അതിതീവ്രമെന്നു പ്രഖ്യാപിച്ചിരിക്കുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം വീടും നാടും ജീവനും ജീവിതവുമൊക്കെ മറന്നു ജനങ്ങളുടെ സുരക്ഷയ്ക്കു സദാ ജാഗരൂകരായി നിലകൊള്ളുന്നു. സ്വയം കൊവിഡ് 19ന് ഇരകളാവാനുള്ള സാധ്യതയുള്ളപ്പോഴും ജനങ്ങളുടെ ജീവനു കാവല്‍ നില്ക്കുന്നവരാണു തങ്ങളെന്ന ബോധമാണ് അവരെ രാവും പകലുമില്ലാതെ സേവന തത്പരരായി ജനങ്ങള്‍ക്കിടയില്‍ നിലനിര്‍ത്തുന്നത്.
ജനകീയ ആവശ്യങ്ങള്‍ക്കു മാത്രമല്ല, അത്യാവശ്യ അവസരങ്ങളില്‍ വകതിരിവോടെ പ്രവര്‍ത്തിക്കാനും തങ്ങള്‍ക്കാകുമെന്ന് തെളിയിച്ചു, കൊച്ചി നഗരത്തിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ സഹായികളും. ഗര്‍ഭിണിയായ സഹോദരിയെ ആശുപത്രിയില്‍ ഹാജരാക്കി പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ പഞ്ചറായിപ്പോയ കാറിന്റെ വീല്‍ മാറിയിടാന്‍ ശ്രമിച്ച ശ്യാം എന്ന യുവാവിനു സഹായ ഹസ്തം നീട്ടിയത് കൊച്ചി സിറ്റി അഡ്മിനിസ്ട്രേഷന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പി.എന്‍. രമേശ്. ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ റോഡിന്റെ അരികിലേക്കു മാറ്റി നിര്‍ത്തി ഒറ്റയ്ക്കു ടയര്‍ മാറ്റിയിട്ട ശ്യാമിനോട് യാത്രാരേഖകളും തിരിച്ചറിയല്‍ രേഖകളും പൊലീസിന്റെ യാത്രാ പാസുമൊന്നുമായിരുന്നില്ല ഡിസിപി ആവശ്യപ്പെട്ടത്. വഴിയില്‍ സംഭവിച്ചത് എന്താണെന്നു ചോദിച്ചറിഞ്ഞ ശേഷം, അപകടത്തില്‍ നിന്നു രക്ഷപെടുത്തി അവരെ സുരക്ഷിതമായി തിരികെ വിടാനുള്ള കൈത്താങ്ങാകുകയായിരുന്നു. പൊലീസ് വേഷത്തില്‍ തന്നെ ഇവര്‍ ശ്യാമിനൊപ്പം ടയര്‍ മാറ്റിയിട്ടു. വേറിട്ട ഇത്തരം പൊലീസ് കാഴ്ചകള്‍ക്കു കൊടുക്കണം, മനുഷ്യപ്പറ്റിന്റെ ഒന്നാന്തരമൊരു സല്യൂട്ട്!
അപ്പോഴും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ അപവാദമായുണ്ട് എന്നു പറയാതിരിക്കാനും വയ്യ. കൊല്ലം റൂറല്‍ പൊലീസിനു കീഴില്‍ വരുന്ന കുളത്തുപ്പുഴയിലും പുനലൂരിലും കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ ഉദാഹരണങ്ങള്‍. മൂത്രത്തില്‍ പഴുപ്പ് ബാധിച്ചു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇഎസ്എം കോളനിയിലെ പി.ജി. ജോര്‍ജ് എന്നയാളെ മകന് റോയി അര കിലോമീറ്ററോളം ചുമലിലെടുത്തു നടന്നു വന്ന കാഴ്ച ആരുടെയും മനസലിയിക്കും. അച്ഛനെയും കയറ്റിവന്ന ഓട്ടൊറിക്ഷയ്ക്കു യാത്രാരേഖകളില്ലെന്ന കാരണം പറഞ്ഞു പൊലീസ് തടഞ്ഞിട്ടതാണു റോയിയെക്കൊണ്ട് ഈ സാഹസം ചെയ്യിക്കാന്‍ ഇടയാക്കിയത്.
സംഭവത്തെക്കുറിച്ച് അറിഞ്ഞ മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ എടുത്ത കേസിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണിപ്പോള്‍. കണ്ണൂരില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് യതീഷ് ചന്ദ്ര, മൂന്നു പേരെ പൊതുനിരത്തില്‍ നിരത്തിനിര്‍ത്തി ഏത്തമിടീച്ച സംഭവത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയതും മറക്കാറായിട്ടില്ല. കോവിഡ് കാലത്തെ കേരള പൊലീസിന്റെ ഏറ്റവും അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങളെ താഴ്ത്തിക്കെട്ടുന്നതാണ് ഇത്തരം സംഭവങ്ങൾ. അതിനു കൂടി തടയിടാന്‍ കഴിഞ്ഞാല്‍, കൊവിഡ് പ്രതിരോധം പോലെ തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്നതാവും കേരള പൊലീസിന്റെ പ്രതിച്ഛായയും.
No comments:
Post a Comment