വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ അതിരുകടന്ന പ്രകടനങ്ങളും ബന്തുകളും ഹര്‍ത്താലുകളുംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഒരാശ്വാസമായിരുന്നു കേരളത്തിലെ പൊതുവഴികളിലും വഴിയോരങ്ങളിലുംപ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ണ്ണായകമായ വിധി.ഹൈക്കോടതി അങ്ങനെ പല വിധികളും അതിനുമുന്‍പും പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റില്‍പറത്തി തങ്ങള്‍ക്ക് തോന്നിയപോലെ യോഗങ്ങളും പ്രകടനങ്ങളും നടത്തി കോടതിയേയും ജനങ്ങളേയും വെല്ലുവിളിക്കുകയായിരുന്നു സാധാരണ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്തുകൊണ്ടിരുന്നത്.
എന്നാല്‍, അതില്‍നിന്നും തികച്ചും വിഭിന്നമായി ഒരു രാഷ്ട്രീയനേതാവ് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിക്കുക മാത്രമല്ല അദ്ദേഹം അല്പം കൂടി അതിരുകടന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുംകൂടി ചെയ്തു.2010 ജൂലൈ 1ന് കണ്ണൂരില്‍വഴിയോരത്ത് പ്രകടനം നടത്തുക മാത്രമല്ല ഒരു വമ്പിച്ച പൊതുയോഗവും സംഘടിപ്പിച്ചു. തീര്‍ന്നില്ല,പൊതുയോഗം നിരോധിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നുംഇവരുടെ വിധികള്‍ക്ക് പുല്ലുവിലയാണെന്നും തട്ടിവിട്ടതിനുശേഷമാണ് ടിയാന്റെ കലിപ്പ് മാറിയത്.
പൊതുതാല്പര്യഹര്‍ജിക്കാര്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തിലുണ്ടോ മേപ്പടിയാനെ ജനം വെറുതെ വിടുന്നു. അഭിഭാഷകനായ പി. റഹീമിന്റെ പൊതുതാല്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിനു മുന്‍പുതന്നെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ഹര്‍ജി കിട്ടിയാല്‍ ഫയലില്‍ സ്വീകരിക്കുകയും എതിര്‍പാര്‍ട്ടിക്ക് നോട്ടീസ് അയക്കുകയുംവിസ്തരിക്കുകയും ചെയ്യുക എന്നത് കോടതിയുടെ ജോലി. അങ്ങനെ നോട്ടീസ് കൈപ്പറ്റിയ സി.പി.എം. നേതാവും മുന്‍ എം.എല്‍.എ.യുമായ എം.വി. ജയരാജന് അപ്പോഴും തന്റെ കലിപ്പ് മാറിയില്ല. എന്ത് നോട്ടീസ്....ഏത് കോടതി. അദ്ദേഹമതിന് പുല്ലുവില കല്പിച്ചു വീട്ടിലിരുന്നു. കോടതിയുണ്ടോ വെറുതെ വിടുന്നു. പുലിവാലിലാണ് കയറി പിടിച്ചിരിക്കുന്നതെന്നു മനസ്സിലാക്കിയ ജയരാജന്‍ അവസാനം തന്റെ വക്കീലിനെ കോടതിയിലേക്കയച്ചു. കോടതി പറഞ്ഞു ജയരാജന്‍ നേരിട്ടുവന്ന് സത്യവാങ്മൂലം നല്‍കണമെന്ന്.
ഗത്യന്തരമില്ലാതെ ജയരാജന്‍ കോടതിയില്‍ ഹാജരായി. പ്രശ്‌നസങ്കീര്‍ണ്ണങ്ങളായ അനേകം കേസുകള്‍ കൈകാര്യം ചെയ്ത് തീര്‍പ്പുകല്പിച്ചിട്ടുള്ള ഞങ്ങള്‍ ശുംഭന്മാരാണോ എന്നാണ് ജസ്റ്റിസ് എ.കെ. ബഷീര്‍, എം.എല്‍. ജോസഫ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന് അറിയേണ്ടത്. സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ ജയരാജന്‍ വീണിടത്തുകിടന്നുരുളുന്ന രാഷ്ട്രീയക്കാരുടെ ആ പതിവു ശൈലി പ്രയോഗിച്ചു.സാഹചര്യം, പ്രദേശം, ഉപയോഗിക്കുന്ന ജനവിഭാഗം ഇവരെ ആശ്രയിച്ചാണ് ഓരോ പദങ്ങള്‍ക്കും അര്‍ത്ഥം കല്പിക്കുന്നതെന്നും പ്രഖ്യാപിച്ചു.വിദ്യാഭ്യാസമില്ലാത്ത വടക്കന്‍ മലബാറിലെ ഗ്രാമീണരോട് സംസാരിച്ചപ്പോഴാണ് ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിശേഷിപ്പിച്ചതെന്നും അദ്ദേഹം തട്ടിവിട്ടു.അമേരിക്കക്കാര്‍ പറയുന്നതുപോലെ ഒരു “innocent mistake.”
ജഡ്ജിമാര്‍ക്ക് വീണ്ടും സംശയം. അവര്‍ തലപുകഞ്ഞാലോചിച്ചിട്ടും ജയരാജന്റെ പ്രസ്താവനയോട് യോജിക്കാന്‍ കഴിഞ്ഞില്ല.ശുംഭന്‍ എന്ന് മലബാറില്‍ വിളിച്ചാല്‍ ഒരര്‍ത്ഥവും കൊച്ചിയിലും കോട്ടയത്തും, തിരുവനന്തപുരത്തും, തൃശൂരും വിളിച്ചാല്‍ മറ്റൊരര്‍ത്ഥവുമാകുമോ? ശുംഭന്‍എന്നാല്‍ a fool, an idiot എന്നൊക്കെ നിഘണ്ടുവില്‍ കാണാം. Idiot എന്നാല്‍ a foolish or stupid person എന്നും. അപ്പോള്‍ ജയരാജന്റെ ശുംഭന്‍ പ്രയോഗം മന:പ്പൂര്‍വ്വമായിരുന്നു എന്ന് ജഡ്ജിമാര്‍ക്ക് തോന്നിയതില്‍ അത്ഭുതപ്പെടാനില്ല.
മലബാറിലെ വിവരമില്ലാത്ത ഗ്രാമീണരോടു ജഡ്ജിമാര്‍സ്റ്റുപ്പിഡുകളാണെന്നോ ഇഡിയറ്റുകളാണെന്നോ പറഞ്ഞാല്‍ അവര്‍ക്കെന്തു മനസ്സിലാകാന്‍. അതുകൊണ്ട് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞുമനസ്സിലാക്കിയതാണ് ഈ നേതാവിനിപ്പോള്‍ കുരിശായി മാറിയത്. ശുംഭന്‍, ഏഭ്യന്‍, വഷളന്‍ എന്നിവയെല്ലാം പണ്ടത്തെ നാടന്‍ പ്രയോഗങ്ങളാണെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ ഇവ ഉപയോഗിക്കുന്നുണ്ട്.ഈ ശുംഭനും പുല്ലും ഇത്ര പുലിവാലാകുമെന്ന് ജയരാജന്‍ ചിന്തിച്ചതേയില്ല.
ഏതായാലും ജനുവരി 10ന് കേസ് പരിഗണനയ്ക്ക് വരുമ്പോള്‍ തീര്‍ച്ചയായും ഈ ശുംഭന്‍ ആരാണെന്ന് നമുക്ക് മനസ്സിലാക്കാം. വിവരം കെട്ടവനെന്നോ, ഇഡിയറ്റ് എന്നോ സ്റ്റുപ്പിഡ് എന്നോ എന്തുമായിക്കൊള്ളട്ടെ, ശുംഭന്റെ യഥാര്‍ത്ഥ പര്യായം കണ്ടുപിടിക്കാന്‍ ജഡ്ജിമാര്‍ കുറെ ബുദ്ധിമുട്ടേണ്ടിവരും.ശുംഭനെന്നാല്‍ മണ്ടനോ വിഡ്ഢിയോ അല്ലെങ്കില്‍ പിന്നെ ആരാണെന്ന് അവര്‍ തന്നെ പറയട്ടേ.പുതിയതെന്തെങ്കിലും കണ്ടുപിടിച്ചാല്‍ ശുംഭന്റെ പര്യായങ്ങളില്‍ ഒന്നുകൂടി നിഘണ്ടുവില്‍എഴുതിച്ചേര്‍ക്കാം. മറിച്ചാണെങ്കിലോ?
വാല്‍ക്കഷ്ണം: 1974ല്‍ പുറത്തിറങ്ങിയ നസീര്‍-ലക്ഷ്മി അഭിനയിച്ച ''അരക്കള്ളന്‍ മുക്കാല്‍കള്ളന്‍'' എന്ന സിനിമയില്‍ പി. ഭാസ്‌കരന്‍ രചിച്ച് ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കിയ 'കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ വെറും ശുംഭനോ.....' എന്ന ഒരുഗാനം യേശുദാസും, ജയചന്ദ്രനും, എം.ജി. ശ്രീകുമാറും പാടിയിട്ടുണ്ട്. അതുകൊണ്ട് ഇത് വടക്കന്‍ മലബാറുകാരുടെ ഗ്രാമീണഭാഷയാണെന്നു പറഞ്ഞ് കോടതിയുടെ ശിക്ഷാനടപടികളില്‍ നിന്ന് തടിയൂരാന്‍ ജയരാജനു സാധിക്കുമോ എന്ന് കാത്തിരുന്നുകാണാം.
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഉമ്മന് ചാണ്ടി നയിക്കുന്ന കേരള മോചനയാത്ര നാടെങ്ങും ഗതാഗതം സ്തംഭിപ്പിച്ച് റോഡരികില്‍ പൊതുയോഗം ചേര്‍ന്ന് കോടതി വിധി ലംഘിച്ച് കടന്നു വരുന്നു. പിന്നാലെ ഭാരതീയ ജനതാ പാര്‍ട്ടി വക യാത്ര. ഇനി ആരൊക്കെ തുടങ്ങാനിരിക്കുന്നു. താങ്കള്‍ ഒരു കാര്യം കൂടി പരിഗണിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല പൊതു നിരത്തുകള്‍ കൈയേറി ജാഥയും പൊതുയോഗവും നടത്തുന്നത്. മത സംഘടനകള്‍ (ദൈവങ്ങളുടേയും പ്രവാചകരുടേയും ജന്മദിനങ്ങള്‍, പൊങ്കാലകള്‍, പാതിരാ ദുആ സമ്മേളനങ്ങള്‍, ഇത്യാദി..) അവരുടേതായ തരത്തില്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടേതായ ദ്രോഹം ചെയ്യുന്നുണ്ട്. അതുകൂടി ലേഖനത്തില്‍ ഉള്‍പെടുത്താമായിരുന്നു.
മറുപടിഇല്ലാതാക്കൂതാങ്കളുടെ കമന്റിനു നന്ദി. ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ബ്ലോഗിന്റെ ആദ്യത്തെ ഖണ്ഡികയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കടന്നുകയറ്റം പ്രതിപാദിച്ചിട്ടുണ്ട്. ഇവിടെ വിഷയം കോടതിയോടു കാണിച്ച ധിക്കാരമായതുകൊണ്ടാണ് ആ വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദീകരിച്ചത്. വീണ്ടും ബ്ലോഗ് വായിക്കണമെന്ന് താല്പര്യപ്പെടുന്നു.
മറുപടിഇല്ലാതാക്കൂസല്മാന് ജാമ്യം...... ജയലളിതയെ വെറുതെ വിടുന്നു...... ആമിക്ക് തന്‍റെ അച്ഛനെയും അമ്മയെയും കാണാന്‍ വിലക്ക്............ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഈ കനകസിംഹാസനത്തില്‍ കയറിയിരിന്നുന്നവന്‍ ശുനകനോ വെറും ശുംബനോ....?
മറുപടിഇല്ലാതാക്കൂ