2010, ഡിസംബർ 29, ബുധനാഴ്‌ച

അറം പറ്റിയ പേര്‌

ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ വിശേഷിപ്പിക്കുന്ന കേരളത്തില്‍ മുസ്ലീങ്ങളില്ലാത്ത ഒരു സ്ഥലത്തെക്കുറിച്ച്‌ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്‌തുകൊണ്ടിരിക്കുന്ന `വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന പരമ്പരയിലൂടെ ഈ അടുത്ത കാലത്ത്‌ അവതരിപ്പിച്ച റിപ്പോര്‍ട്ട്‌ ഏറെ ശ്രദ്ധേയമായി. ആ ദേശത്തെ പ്രധാനികളായ പലരുമായുമായുള്ള ഇന്റര്‍വ്യൂ, ചില അനുഭവസ്ഥരുടെ പ്രതികരണം എന്നിവ കോര്‍ത്തിണക്കിക്കൊണ്ടുള്ള ആ പ്രോഗ്രാം കണ്ടപ്പോള്‍ `ഇങ്ങനെയും ഒരു സ്ഥലം കേരളത്തിലുണ്ടോ' എന്ന്‌ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

ആ ദേശത്തെ ഒരു ദേവീക്ഷേത്രമാണ്‌ കഥാതന്തു. ദേവിയ്‌ക്ക്‌ അപ്രീതിതമായ എന്തോ പണ്ടുകാലത്ത്‌ സംഭവിച്ചതിന്റെ ഉത്തരവാദി മുസ്ലീങ്ങളായിരുന്നു എന്നും അതുകൊണ്ട്‌ മുസ്ലീങ്ങളോട്‌ ദേവിക്ക്‌ കടുത്ത ദ്വേഷ്യമാണെന്നും, ഒരു മുസ്ലീമിനെപ്പോലും ആ കരയില്‍ താമസിപ്പിക്കാന്‍ സമ്മതിക്കുകയില്ല എന്നുമൊക്കെ പലരും പറയുന്നതു കേട്ടു. നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിപോലും ഏതോ ഷൂട്ടിംഗിനായി ആ പ്രദേശത്ത്‌ ചെന്നെങ്കിലും അവിടെ രാത്രി തങ്ങാന്‍ കൂട്ടാക്കിയില്ല എന്നുമൊക്കെയാണ്‌ ജനങ്ങള്‍ പറയുന്നത്‌. അത്‌ കെട്ടുകഥയോ കിംവദന്തിയോ ദേവീകോപമോ എന്തോ ആയിക്കൊള്ളട്ടേ,  ദൈവത്തിന്റെ പേരില്‍ ഒരു സമുദായത്തെ കുപ്രചരണത്തിലൂടെ ഒരു ദേശത്തുനിന്നുതന്നെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ സാക്ഷരകേരളത്തിനു തന്നെ അപമാനമാണ്‌.

മറ്റൊരു പരമ്പരയില്‍ വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമവാസികളുടെ ദു:ഖത്തെക്കുറിച്ചായിരുന്നു. ആ പ്രദേശത്തുനിന്ന്‌ ആരും വിവാഹം കഴിക്കുകയില്ല എന്നതാണ്‌ അവരുടെ ദു:ഖം. ചാനലുകാരുടെ ക്യാമറക്കണ്ണുകള്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരമാണ്‌ ഏറെ രസകരം. ആരെങ്കിലും കല്ല്യാണാലോചനയുമായി ചെന്നാല്‍ പെണ്‍കുട്ടികളെക്കുറിച്ച്‌ അവിടെയുള്ള ആണുങ്ങള്‍ അപവാദം പറഞ്ഞുപരത്തുമത്രേ! 

മറ്റൊന്ന്‌ ഒരു ഗ്രാമത്തിലെ സ്‌ത്രീകളെല്ലാം ഇരട്ടപ്രസവിക്കുന്നതാണ്‌ പ്രശ്‌നം. ആ പ്രദേശത്തുനിന്ന്‌ വിവാഹം കഴിച്ചയക്കുന്ന പെണ്‍കുട്ടികളെല്ലാം ഒറ്റ പ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികളെ പ്രസവിക്കുമത്രേ. അതുകൊണ്ട്‌ ഭൂരിഭാഗം പേരും ആ പ്രദേശത്തുനിന്ന്‌ വിവാഹം കഴിക്കാന്‍ മടിക്കുന്നു. കേള്‍ക്കുമ്പോള്‍ രസകരമായി തോന്നാമെങ്കിലും ഓരോന്നിനും അതിന്റേതായ പ്രത്യേകതകള്‍ കാണാം. ഒരു ദേശത്തിന്‌ പേരുദോഷം കിട്ടാന്‍ ആ ദേശത്തിന്റെ ഭൂമിശാസ്‌ത്രമോ ദേശക്കാരുടെ പെരുമാറ്റ ദൂഷ്യമോ നിമിത്തമാകാം എന്നും ഈ സംഭവങ്ങളില്‍നിന്ന്‌ നമുക്കു മനസ്സിലാക്കാം.

എന്നാല്‍ ഒരു ദേശത്തെ ജനങ്ങളില്‍ വാമഭാഗവും കുടിയന്മാരായാലുള്ള അവസ്ഥ ഒന്നോര്‍ത്തുനോക്കൂ. പേരില്‍ അറം പറ്റിയപോലെയാണ്‌ കേരളത്തിലെ ഒരു പ്രദേശം മുഴുവന്‍. ഓണവും, വിഷുവും, ക്രിസ്‌മസും ഒക്കെ വന്നാല്‍ കേരളത്തില്‍ പലചരക്കു കടകളെക്കാള്‍ കൂടുതല്‍ വിറ്റുവരവ്‌ നടക്കുന്നത്‌ ബിവറേജസ്‌ കോര്‍പ്പറേഷനാണല്ലോ. അരി വാങ്ങിയില്ലെങ്കിലും മദ്യം വാങ്ങി ആഘോഷങ്ങളാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കുടിയന്മാര്‍ തൃശൂര്‍ ജില്ലയിലെ ചാലക്കുടിയാണെന്ന്‌ കേള്‍ക്കുമ്പോള്‍ മദ്യത്തിനോട്‌ ആ നാട്ടുകാരുടെ ആസക്തി എത്രയാണെന്ന്‌ ഊഹിക്കാവുന്നതേ ഉള്ളൂ. 

ചാലക്കുടി മദ്യപന്മാരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്‌ അടുത്ത കാലത്താണ്‌. പിന്നീടങ്ങോട്ട്‌ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തു തന്നെ. ബിവറേജസ്‌ കോര്‍പ്പറേഷനാകട്ടെ അവസരം മുതലെടുക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാര്‍ തന്നെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെ മുഴുക്കുടിയന്മാരാക്കുന്നു എന്നതാണ്‌ സത്യം. പേരിന്റെ അറ്റത്ത്‌ `കുടി' വന്നതുകൊണ്ടാണോ ഈ പ്രതിഭാസം എന്നറിയില്ല. പക്ഷേ, ചാലക്കുടിക്കാര്‍ ഇങ്ങനെ കുടിക്കാന്‍ തുടങ്ങിയാല്‍ ആ മനോഹരമായ ദേശത്തിനുതന്നെ അത്‌ നാണക്കേടാണ്‌. ചാലക്കുടിയെന്നാല്‍ `കുടിയന്മാരുടെ നാട്‌' എന്ന്‌ ചരിത്രത്തില്‍ ഇടംപിടിക്കുന്നതിനുമുന്‍പ്‌ ചാലക്കുടിക്കാര്‍ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. 

ആതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ മാത്രമല്ല, പ്രകൃതിരമണീയത കൊണ്ടും ചരിത്രപ്രാധ്യാന്യം കൊണ്ടും അനുഗ്രഹീതമായ ഈ മനോഹരദേശത്തെ മദ്യസേവകൊണ്ട്‌ പേരുദോഷം കേള്‍പ്പിക്കാതെ സാമൂഹിക-സാംസ്‌ക്കാരിക സംഘടനകളും ഇതര സംഘടനകളും അടിയന്തിരമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചാലക്കുടിക്കാരെ ബോധവത്‌ക്കരിക്കുകയും ചാലക്കുടിയെ ഒരു മദ്യവിമുക്ത പ്രദേശമാക്കിത്തീര്‍ക്കുകയും വേണം.

1 അഭിപ്രായം: