Sunday, December 19, 2010

തകര്‍ന്ന റോഡുകളും തകരുന്ന ജീവനുകളും

ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലില്‍ മൂന്നു ജീവന്‍ പൊലിഞ്ഞു. അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു, ബസ്സിനടിയില്‍പ്പെട്ട്‌ ദമ്പതികള്‍ കൊല്ലപ്പെട്ടു, ഓട്ടോറിക്ഷയിടിച്ച്‌ കാല്‍നടക്കാരന്‍ കൊല്ലപ്പെട്ടു, കണ്ണൂരില്‍ നിയന്ത്രണംവിട്ട ലോറി കടയിലേക്ക്‌ പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു, പാലാരിവട്ടത്ത്‌ ടിപ്പര്‍ ലോറിയിടിച്ച്‌ അഞ്ചു യുവാക്കള്‍ മരിച്ചു. ടിപ്പറിനടിയില്‍പ്പെടാതെ ഹൈക്കോടതി ജഡ്‌ജി തലനാരിഴയ്‌ക്ക്‌ രക്ഷപെട്ടു..........റോഡുകളിലെ മരണവാര്‍ത്തകള്‍ കണ്ടും കേട്ടുമാണ്‌ ഇന്ന്‌ കേരളീയര്‍ ഉറക്കമുണരുന്നത്‌.

മഴക്കാലത്തിനുമുമ്പ്‌ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടന്നിരിക്കുമെന്നും, ഓണത്തിനുമുമ്പ്‌ റോഡിലെ കുഴികള്‍ എല്ലാം അടയ്‌ക്കുമെന്നും വകുപ്പുമന്ത്രിമാര്‍ ഗീര്‍വാണം മുഴക്കുമെന്നല്ലാതെ, ആത്മാര്‍ത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ പ്രവചനങ്ങള്‍ പാഴ്‌വാക്കുകളായി പരിണമിക്കുന്ന ദയനീയ സ്ഥിതിയാണ്‌ ഇന്ന്‌ കേരളത്തില്‍ നടമാടുന്നത്‌. തന്മൂലം റോഡുകളില്‍ പൊലിയുന്നത്‌ ആയിരങ്ങളുടെ ജീവനും.

ഇക്കഴിഞ്ഞ ഓണത്തിനുമുമ്പ്‌ കേരളത്തിലെ റോഡുകളിലെ എല്ലാ കുഴികളും അടച്ചിരിക്കും എന്ന്‌ അന്നത്തെ മന്ത്രി വിളംബരം ചെയ്യുകയുണ്ടായി. പക്ഷെ, നാളിതുവരെയായിട്ടും കുഴികള്‍ അടഞ്ഞില്ലെന്നു മാത്രമല്ല, അവയുടെ വ്യാസവും വ്യാപ്‌തിയും കൂടുകയും ചെയ്‌തു. ഫലമോ, അപകടമരണങ്ങള്‍ നിത്യസംഭവമായി. വിദേശരാജ്യങ്ങളിലെ റോഡുകള്‍ പോലെയായില്ലെങ്കിലും സര്‍ക്കാര്‍ വിചാരിച്ചാല്‍ കേരളത്തിലെ റോഡുകളെ സഞ്ചാരയോഗ്യമാക്കിത്തീര്‍ക്കാവുന്നതേയുള്ളൂ. സാമൂഹികപ്രതിബദ്ധതയും, ജനങ്ങളോടുള്ള കടപ്പാടും പാടേ മറന്ന്‌ ഭരണം കയ്യാളുന്ന ഇഛാശക്തിയില്ലാത്ത, ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികള്‍, അവര്‍ ഏത്‌ രാഷ്‌ട്രീയപ്പാര്‍ട്ടിയില്‍ പെട്ടവരാണെങ്കിലും, കേരളം ഭരിക്കുന്നിടത്തോളം കാലം ജനങ്ങളുടെ ജീവിതം ദുസ്സഹവും ദുരിപൂര്‍ണ്ണവുമായിരിക്കും.

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വാഹനാപകടങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്ന്‌ കേരളത്തിലെ ഏതെങ്കിലും തെരുവോരങ്ങളില്‍ നിന്ന്‌ ഒരു വിഹഗവീക്ഷണം നടത്തിയാല്‍ മതി. തൊണ്ണൂറുശതമാനം ചാലകരും ട്രാഫിക്‌ നിയമങ്ങളുടെ ബാലപാഠം പോലും അറിയാത്തവരാണെന്ന്‌ നമുക്ക്‌ കാണാന്‍ കഴിയും. ഒരു വാഹനവുമായി (ഇരുചക്രമായാലും) റോഡിലിറങ്ങുന്നവരൊക്കെ രാജാക്കന്മാരാണെന്ന ഭാവത്തില്‍ അമിത വേഗത്തിലും സുരക്ഷിതമല്ലാത്ത രീതിയിലും സഞ്ചരിക്കുന്നത്‌ കാണുമ്പോള്‍ ഇവര്‍ക്കൊക്കെ ജീവനില്‍ പേടിയില്ലേ എന്നുവരെ നമുക്ക്‌ തോന്നിപ്പോകും. 

കാല്‍നടക്കാര്‍ക്ക്‌ യാതൊരു പരിഗണനയുംകൊടുക്കാതെ തീര്‍ത്തും അശാസ്‌ത്രീയമായ രീതിയിലുള്ള റോഡുകളാണ്‌ കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും. പാതയോരത്തുകൂടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയും എവിടേയും കാണാം. ഏറെ കൊട്ടിഘോഷിച്ച്‌ നിര്‍മ്മിച്ച ഹൈവേകളിലാകട്ടെ `സ്‌പീഡ്‌ ബ്രേക്കര്‍' വെച്ചിരിക്കുന്നതു കേരളത്തിലുടനീളം കാണാം. യാതൊരു മുന്നറിയിപ്പും കൊടുക്കാതെ റോഡുകളില്‍ കുറുകെ വെച്ചിരിക്കുന്ന ഈ സ്‌പീഡ്‌ ബ്രേക്കറുകള്‍ പലപ്പോഴും മരണക്കെണിയാകാറുമുണ്ട്‌.

റോഡിന്‌ എത്രതന്നെ വീതികൂട്ടിയാലും ട്രാഫിക്‌ നിയമലംഘനം ഒരു തുടര്‍ക്കഥയായ കേരളത്തില്‍ അപകടമരണങ്ങളും വര്‍ദ്ധിക്കുകയേയുള്ളൂ. ട്രാഫിക്‌ നിയമങ്ങളും, ഡ്രൈവിംഗ്‌ നിയമങ്ങളും പാലിക്കാതെ അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനുപകരം കൈക്കൂലിയുടെ ബലത്തില്‍ അവരെ കുറ്റവിമുക്തരാക്കുന്ന നിയമപാലകരും തുല്യ കുറ്റവാളികള്‍ തന്നെയാണ്‌. വാഹനപ്പെരുപ്പം, പ്രത്യേകിച്ച്‌ ടൂ വീലറുകളും, ഓട്ടോറിക്ഷകളും, കാല്‍നടക്കാരുടെ ഗതാഗതാവകാശം നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്‌. നഗരങ്ങളിലും പട്ടണങ്ങളിലും എന്നുവേണ്ട പ്രധാനപ്പെട്ട റോഡുകളില്‍ പാതയോരങ്ങളില്ലാത്തതും, സീബ്രാ ക്രോസ്സിംഗ്‌ അവഗണിക്കപ്പെടുന്നതും കാല്‍നടയാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുമെന്ന്‌ മാത്രമല്ല, നിരവധി പേര്‍ അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. എറണാകുളം, തൃശൂര്‍, കോഴിക്കോട്‌, കോട്ടയം മുതലായ തിരക്കുള്ള നഗരങ്ങളില്‍ പോലും ട്രാഫിക്‌ സംവിധാനങ്ങളുടെ അപര്യാപ്‌തത മൂലം പലപ്പോഴും ഗതാഗതക്കുരുക്കുകള്‍ കൊണ്ട്‌ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നത്‌ ഒരു നിത്യസംഭവമായിരിക്കുന്നത്‌ നമുക്ക്‌ കാണാന്‍ കഴിയും. 

ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ മാസത്തില്‍ തൃശൂര്‍ നഗരത്തില്‍ ഈ ലേഖകന്‍ ഒരു മണിക്കൂറോളം ട്രാഫിക്‌ കുരുക്കില്‍ അകപ്പെട്ടു. സ്വരാജ്‌ റൗണ്ടില്‍ ഒരു ചെരിപ്പുകടയ്‌ക്ക്‌ തീപിടിച്ചതാണ്‌ മുഖ്യകാരണം. നിമിഷ നേരംകൊണ്ട്‌ തൃശൂര്‍ നഗരം മുഴുവനും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി. കാല്‍നടക്കാര്‍ക്ക്‌ ഏതുവിധേനയും പുറത്തുകടക്കാമായിരുന്നു. പക്ഷെ, വാഹനത്തില്‍ അകപ്പെട്ടവര്‍ക്ക്‌ പുറത്തുകടക്കാന്‍ യാതൊരു നിര്‍വ്വാഹവുമുണ്ടായിരുന്നില്ല. ഗത്യന്തരമില്ലാതെ ഏകദേശം മൂന്നുനാലു മണിക്കൂറുകളോളം അവിടെ കുടുങ്ങിക്കിടന്നു. അശാസ്‌ത്രീയമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന റോഡുകളും, ട്രാഫിക്‌ സംവിധാനങ്ങളുമാണ്‌ ഇങ്ങനെയുള്ള ഗതാഗതക്കുരുക്കുകള്‍ക്ക്‌ മുഖ്യകാരണം. തന്നെയുമല്ല, ഇങ്ങനെയുള്ള എമര്‍ജന്‍സി സമയങ്ങളില്‍ വാഹനങ്ങളേയും ജനങ്ങളേയും നിയന്ത്രിക്കാന്‍ പോലീസിനു കഴിയാതെവരുന്നതും മറ്റൊരുകാരണം തന്നെ. അയ്യന്തോളില്‍ റോഡ്‌ മുറിച്ചുകടക്കാന്‍ ശ്രമിച്ച ഒരു സ്‌ത്രീയുടെ ദേഹത്ത്‌ ഓട്ടോറിക്ഷ വന്നു മുട്ടിയപ്പോള്‍, അത്‌ ചോദ്യംചെയ്‌തതിന്‌ ഓട്ടോറിക്ഷക്കാരന്റെ രൂക്ഷ നോട്ടവും, അസുഖകരമായ കമന്റും കേള്‍ക്കേണ്ടിവന്ന ആ സ്‌ത്രീയുടെ നിസ്സഹായാവസ്ഥ നേരില്‍ കാണാനും കഴിഞ്ഞു. നാട്ടുകാരും വഴിപോക്കരും വെറും കാഴ്‌ച്ചക്കാരായി നോക്കിനിന്നതും, കുറച്ചകലെ യാതൊരു ഭാവഭേദവുമില്ലാതെ നിസ്സംഗതയോടെ നില്‍ക്കുന്ന പോലീസുകാരനേയും കണ്ടപ്പോള്‍ മാനം കാക്കാന്‍ ആ സ്‌ത്രീ അവിടെനിന്ന്‌ തടിതപ്പി. വാദിയെ പ്രതിയാക്കുന്ന ദൈവത്തിന്റെ നാട്ടില്‍ അതല്ലാതെ മറ്റ്‌ പോംവഴിയില്ലല്ലോ.

ടിപ്പര്‍ ലോറികളാണ്‌ ഏറ്റവുംകൂടുതല്‍ അപകടങ്ങള്‍ വരുത്തിവെയ്‌ക്കുന്നതെന്ന്‌ പൊതുജനങ്ങളും പോലീസും ഒരേ സ്വരത്തില്‍ പറയുമ്പോള്‍, ഈ കൊലയാളി വാഹന ഉടമകളേയോ ഡ്രൈവര്‍മാരേയോ നലയ്‌ക്കു നിര്‍ത്താനോ, അമിതവേഗ നിയന്ത്രണമേര്‍പ്പെടുത്താനോ അധികാരികള്‍ തുനിയുന്നില്ല. തന്മൂലം തലങ്ങും വിലങ്ങും മരണപ്പാച്ചില്‍ നടത്തി ദിനംപ്രതി അനേകം ജീവനുകളെ ഈ വാഹനങ്ങള്‍ കവര്‍ന്നെടുക്കുന്നു.

റോഡുകളിലെ മരണനിരക്ക്‌ ഉയരുമ്പോള്‍ മന്ത്രിയുടെ വിളംബരത്തില്‍ ഒതുങ്ങാതെ നിയമങ്ങള്‍ നടപ്പിലാക്കാനും അവ അനുസരിക്കാന്‍ ജനങ്ങളെ ബോധവത്‌കരിക്കാനും സന്മനസ്സുള്ള ഒരു ഭരണരീതി നമ്മുടെ കേരളത്തില്‍ അനിവാര്യമാണ്‌. അമേരിക്കയിലെ പല സംഘടനകളും പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും കേരള സര്‍ക്കാരുമായി നടത്തുന്നുണ്ടെങ്കിലും അവയെല്ലാം ചുവപ്പുനാടകളില്‍ കുരുങ്ങിപ്പോകുകയാണ്‌. വര്‍ഷംതോറും ലക്ഷക്കണക്കിന്‌ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ റോഡുകള്‍ എന്തുകൊണ്ട്‌ സഞ്ചാരയോഗ്യമാക്കാന്‍ അധികാരികള്‍ മടിക്കുന്നു? പത്രമാധ്യമങ്ങളില്‍കൂടിയും വിവിധ ചാനലുകള്‍ വഴിയും സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണം നടത്തിയിട്ടും എന്തുകൊണ്ട്‌ ബന്ധപ്പെട്ട ഭരണാധികാരികളും ഉദ്യോഗസ്ഥരും ഗൗരവമായി ഇക്കാര്യം പരിഗണിക്കുന്നില്ല?

No comments:

Post a Comment