Wednesday, December 15, 2010

സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന മലയാളി


`സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവര്‍' എന്നൊരു പഴഞ്ചൊല്ല്‌ കേട്ടിട്ടുണ്ട്‌. അതിരുകവിഞ്ഞ ഈ വിധേയത്വം കാണണമെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെന്നാല്‍ മതി. തൊലി വെളുത്തവര്‍, അവര്‍ സ്വന്തം നാട്ടില്‍ തോട്ടിപ്പണി ചെയ്യുന്നവരാണെങ്കിലും, കേരളത്തില്‍ ചെന്നാല്‍ വി.ഐ.പി. പരിവേഷമാണ്‌ ദൈവത്തിന്റെ സ്വന്തം മക്കള്‍ നല്‍കുക. മലയാളിയുടെ അടിമത്തമനോഭാവമായിരിക്കാം അവരെ അതിന്‌ പ്രേരിപ്പിക്കുന്നത്‌.

സായിപ്പിന്റെ മുന്‍പില്‍ കവാത്തു മറക്കുന്ന ചില രംഗങ്ങള്‍ എനിക്കും ഈയ്യിടെ കാണാന്‍ കഴിഞ്ഞു. സ്ഥലം എറണാകുളത്തെ ഒരു പ്രശസ്‌ത വസ്‌ത്രവ്യാപാര സ്ഥാപനം. എന്റെ ചില പഴയകാല സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും കാണാനും മറ്റു ചില ആവശ്യങ്ങള്‍ക്കുമാണ്‌ ഞാന്‍ എറണാകുളത്തു പോയത്‌. എറണാകുളത്തു ചെന്നാല്‍ ഈ സ്ഥാപനത്തില്‍ കയറിയില്ലെങ്കില്‍ അതൊരു കുറച്ചിലായിരിക്കുമെന്ന്‌ ആരൊക്കെയോ പറഞ്ഞതനുസരിച്ചാണ്‌ ആകര്‍ഷണീയമായി മോടിപിടിപ്പിച്ചിട്ടുള്ള ഈ സ്ഥാപനം കണ്ടപ്പോള്‍ ഒന്നു കയറാമെന്നു വെച്ചത്‌. മുല്ലപ്പൂ ചൂടിയ കസവുപുടവയണിഞ്ഞ സുന്ദരികളായ തരുണീമണികള്‍ കൈകൂപ്പി സ്വാഗതം ചെയ്‌തയുടനെ മറ്റൊരു തരുണി വന്ന്‌ എന്താണ്‌ വേണ്ടതെന്ന്‌ സൗമ്യമായി ചോദിച്ചു. `കൊച്ചി കണ്ടവന്‌ അച്ചി വേണ്ട' എന്നൊക്കെ പറയുമെങ്കിലും അച്ചിക്കൊരു ചൂരിദാര്‍ ആയിക്കോട്ടെ എന്നു കരുതി ആവശ്യം പറഞ്ഞതനുസരിച്ച്‌ എന്നെ മൂന്നാമത്തെയോ നാലാമത്തെയോ നിലയിലേക്ക്‌ കൂട്ടിക്കൊണ്ടുുപോയി അവിടെയൊരു തരുണിയെ ഏല്‌പിച്ചു. ആ തരുണി എന്നെ കൂട്ടിക്കൊണ്ടുപോയി മറ്റു രണ്ടു തരുണികളെ ഏല്‌പിച്ചു. അവരെന്നെ ലേഡീസ്‌ സെക്‌ഷനിലേക്ക്‌ ആനയിച്ചു.


വിലവിവരപ്പട്ടികയുടെ ഏറ്റക്കുറച്ചിലനുസരിച്ച്‌ ഓരോ തരം ചൂരിദാറുകളും എന്നെ കാണിച്ചു തന്നുകൊണ്ട്‌്‌ അവരങ്ങനെ നടന്നു. കൂടെ ഞാനും. ഇഷ്ടപ്പെട്ട ഒന്നു രണ്ടെണ്ണം സെലക്‌റ്റ്‌ ചെയ്യാമെന്നു വെച്ച്‌ നിന്നപ്പോഴാണ്‌ അതാ കയറിവരുന്നു ഒരു സായിപ്പും കുടുംബവും ! അവരെ കണ്ടതും എന്റെ കൂടെയുണ്ടായിരുന്ന തരുണി എന്നെ വിട്ട്‌ അവരുടെ പുറകെ പോയി. കാര്യമായി പണിയൊന്നുമില്ലാതെ നിന്നിരുന്ന മറ്റു തരുണികളും അതാ സായിപ്പിന്റെ പുറകെ പോകുന്നു. എല്ലാവരും മദാമ്മയെ ചൂരിദാറുടുപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ചൂരീദാറുകള്‍ ഓരോന്നായി എടുത്ത്‌ കാണിച്ച്‌ എന്തൊക്കെയോ പറയുന്നുമുണ്ട്‌. സായിപ്പും മദാമ്മയും പറയുന്നത്‌ തരുണികള്‍ക്കും മനസ്സിലാകുന്നില്ല തരുണികള്‍ പറയുന്നത്‌ സായിപ്പിനും മനസ്സിലാകുന്നില്ല. അവരുടെ മിമിക്രി കണ്ട്‌ മെഴുക്കസ്യാ എന്ന മട്ടില്‍ ഞാന്‍ നില്‍ക്കുന്നതൊന്നും അവര്‍ ശ്രദ്ധിക്കുന്നതേ ഇല്ല. ആ ഫ്‌ളോറിലുണ്ടായിരുന്ന സെയില്‍സ്‌ ഗേള്‍സ്‌ എല്ലാവരും സായിപ്പിന്റേയും മദാമ്മയുടേയും പുറകേ പോകുന്നതും നോക്കി അണ്ടികളഞ്ഞ അണ്ണാനെപ്പോലെ ഞാന്‍ നില്‌ക്കുന്നത്‌ അവരുടെ സൂപ്പര്‍വൈസര്‍ ക്യാമറയിലൂടെ കണ്ടതുകൊണ്ടാകാം അദ്ദേഹം എന്റെ അടുത്തെത്തി. ഞാനും അമേരിക്കയില്‍ നിന്നു വന്നൊരു കേരള സായിപ്പാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ക്ഷമ ചോദിക്കുകയും തരുണികളെ തിരിച്ചു വിളിക്കുകയും ചെയ്‌തു. എനിക്ക്‌ നേരിട്ട ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്‌ ഡിസ്‌ക്കൗണ്ടു തരാനും അദ്ദേഹം മറന്നില്ല. പിന്നെ കുടിക്കാന്‍ തണുത്ത നാരങ്ങാവെള്ളവും നല്‍കി. അങ്ങനെ സായിപ്പിനെ കണ്ട്‌ അവര്‍ കവാത്തു മറന്നപ്പോള്‍ അല്‌പം ലാഭം കിട്ടിയത്‌ എനിക്കും.


അടുത്ത കവാത്തു കണ്ടത്‌ എം.ജി. റോഡിലുള്ള എന്‍.ആര്‍.ഐ., ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ സൗകര്യമുള്ള ഒരു ബാങ്കിലായിരുന്നു. ഞാന്‍ കയറിച്ചെല്ലുമ്പോള്‍ രണ്ടുമൂന്നു കസ്റ്റമേഴ്‌സ്‌ അവരുടെ ഊഴവും കാത്ത്‌ ഇരിപ്പുണ്ട്‌. ഞാനും അവരുടെ അടുത്ത്‌ സ്ഥലം പിടിച്ചു. അകത്തുള്ളവര്‍ ആരേയും ശ്രദ്ധിക്കാതെ മസിലുപിടിച്ചിരുന്ന്‌ തകൃതിയായി ജോലി ചെയ്യുകയാണ്‌. എന്തു ജോലി എന്നത്‌ അവര്‍ക്കു മാത്രമറിയാം. പുറത്ത്‌ കാത്തിരിക്കുന്നത്‌ കസ്റ്റമേഴ്‌സ്‌ ആണെന്ന ചിന്തയൊന്നും അവര്‍ക്കില്ല. തടിച്ച കണ്ണട വെച്ച ഒരു വെല്ല്യമ്മച്ചി ഒരു ചില്ലുകൂട്ടിലിരിപ്പുണ്ട്‌. മാനേജരാണെന്നു തോന്നുന്നു. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നുമില്ല, കസ്റ്റമര്‍ സര്‍വ്വീസ്‌ കൗണ്ടറൊന്നും കാണാനുമില്ല. അല്‌പം കഴിഞ്ഞപ്പോള്‍ ഞാനെഴുന്നേറ്റു ചെന്ന്‌ ഒരാളോട്‌ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോഴേക്കും അയാള്‍ പറഞ്ഞു `സാറിരി..ഊഴം വരുമ്പോള്‍ വിളിക്കും....' ഭവ്യതയോടെ ഞാന്‍ തിരിച്ചുവന്ന്‌ പൂര്‍വ്വസ്ഥാനത്തിരുന്നു. അല്‌പം കഴിഞ്ഞപ്പോള്‍ അതാ വരുന്നു വിയര്‍ത്തു കുളിച്ച്‌ ഒരു സായിപ്പ്‌. അയാളെ കണ്ടാല്‍ ഏതോ അത്താഴപ്പട്ടിണിക്കാരനാണെന്നു തോന്നും. പക്ഷേ ബാങ്കുകാര്‍ക്ക്‌ അയാള്‍ സായിപ്പ്‌ തന്നെ. വന്നപാടേ അയാള്‍ നേരെ പോയി കൗണ്ടറിനടുത്തേക്ക്‌. എന്നോട്‌ ഇരിക്കാന്‍ പറഞ്ഞ അതേ വ്യക്തിതന്നെ സായിപ്പിനോട്‌ കുശലം ചോദിക്കുന്നതും അയാളെ മാനേജരുടെ മുറിയിലേക്ക്‌ ആനയിക്കുന്നതും നോക്കിയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.

അടുത്ത കവാത്ത്‌ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലായിരുന്നു. അവിടെയാണെങ്കില്‍ സി.ഐ.എസ്‌.എഫ്‌. ജവാന്മാര്‍ യാത്രക്കാരല്ലാതെ ഒരീച്ചയെപ്പോലും അകത്തേക്ക്‌ കയറ്റി വിടുകയില്ല എന്ന ദൃഢപ്രതിജ്ഞയെടുത്ത്‌ തോളിലൊരു തോക്കും തൂക്കി യാത്രക്കാരെ അകത്തേക്ക്‌ കയറ്റി വിടുന്നു. പാസ്സ്‌പോര്‍ട്ടും ടിക്കറ്റും കാണിച്ചാല്‍ മാത്രം പോരാ....വിസയും കൂടി കാണിച്ചാലേ ചിലരെ അകത്തേക്ക്‌ കയറ്റി വിടുന്നുള്ളൂ...! അതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടികിട്ടിയില്ല. അതു കണ്ടാല്‍ അവരുടെ ദയാവായ്‌പ്‌ കൊണ്ടാണ്‌ ജനങ്ങള്‍ വിദേശത്തേക്ക്‌ പോകുന്നതെന്ന്‌ തോന്നിപ്പോകും. ഒരു പ്രാവശ്യം അകത്തേക്ക്‌ കയറിയ യാത്രക്കാരെ പിന്നീട്‌ പുറത്തേക്ക്‌ ഇറക്കുകയില്ല എന്ന ദൃഢനിശ്ചയത്തോടെയാണ്‌ അവരുടെ നില്‌പ്‌. അവരും സായിപ്പിന്റെ മുന്‍പില്‍ കവാത്തു മറക്കുന്നതും കാണാനിടയായി. അകത്തേക്കു കയറിയ പല യാത്രക്കാരും യാത്രയാക്കാന്‍ വന്നവരെ ഒന്നുകൂടി കാണാനോ മറ്റു വല്ല ആവശ്യങ്ങള്‍ക്കോ പുറത്തേക്കൊന്നിറങ്ങാന്‍ ശ്രമിച്ചാല്‍ അവരെ രൂക്ഷമായി നോക്കി തിരിച്ചു വിടുന്നതും ഞാന്‍ കണ്ടു. പക്ഷേ, ഒരു സായിപ്പ്‌ കുടുംബം അകത്തേക്കു കയറി അല്‌പനിമിഷങ്ങള്‍ക്കകം പുറത്തേക്കിറങ്ങുന്നതും വീണ്ടും അതാവര്‍ത്തിക്കുന്നതും കണ്ടു. ചെക്ക്‌-ഇന്‍-കൗണ്ടറിനടുത്തും, എമിഗ്രേഷന്‍ കൗണ്ടറിനടുത്തും ഈ അടിയറവ്‌ കണ്ടപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു പോയി...`ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാക്കളേ....ഞങ്ങളിന്നും സായിപ്പിനടിമകളാണ്‌. ഞങ്ങളോടു ക്ഷമിക്കൂ.......!'


വാല്‍ക്കഷ്‌ണം: അമേരിക്കയിലെ സ്ഥാനപതി മീരാ ശങ്കറിനെ ദേഹ പരിശോധനക്ക്‌ വിധേയമാക്കിയ സംഭവത്തില്‍ യു.എസ്‌. സോറി പറഞ്ഞു - വാര്‍ത്ത 


അടിക്കുറിപ്പ്‌: സായിപ്പ്‌ എന്തു പറഞ്ഞാലും അതപ്പാടെ അനുസരിക്കുകയോ അവരോട്‌ വിധേയത്വം കാണിക്കുകയോ ചെയ്യുന്നതാണല്ലൊ ഭാരതീയരുടെ വീക്ക്‌നസ്സ്‌. ദുബൈ സിനിമയില്‍ മമ്മൂട്ടിയുടെ ആ സ്റ്റൈലന്‍ ഡയലോഗുപോലെ സായിപ്പിന്റെ മുഖത്തുനോക്കി ഡയലോഗുകള്‍ കാച്ചാന്‍ ധൈര്യമുള്ളവരാരുണ്ടിവിടെ? ആ മമ്മൂട്ടിയേയും ഷാരുഖ്‌ ഖാനെയും അമേരിക്കയിലെ എയര്‍പോര്‍ട്ടുകളില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചപ്പോഴും ഇന്ത്യാ ഗവണ്മെന്റ്‌ പ്രതികരിച്ചില്ല. പേരിനൊന്നു പ്രതികരിച്ചപ്പോഴാകട്ടേ സായിപ്പിന്റെ `സോറിയില്‍' അവര്‍ വാലു മടക്കുകയും ചെയ്‌തു. ഇനി ഭാരത സ്‌ത്രീകളുടെ സാരിയഴിച്ച്‌ മാറ്റിയാലും ഇതുതന്നെ സംഭവിക്കും. സാരിക്കുള്ളില്‍ മാരകായുധവും വെപ്പണ്‍സ്‌ ഓഫ്‌ മാസ്‌ ഡിസ്‌ട്രക്‌ഷനുമൊക്കെ ഒളിപ്പിച്ചിട്ടുണ്ടാകാം എന്ന തോന്നല്‍ ടി.എസ്‌.എ. ഇപ്പോഴേ അവസാനിപ്പിച്ചില്ലെങ്കില്‍ ഭാരതസ്‌ത്രീകളുടെ മാനം പോകുമെന്ന്‌ തീര്‍ച്ച. ഇനി ചൂരിദാര്‍, സല്‍വാര്‍ കമ്മീസ്‌ മുതലായവയും സര്‍ദാര്‍ജിമാരുടെ തലപ്പാവുകളും അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ അഴിപ്പിക്കുന്ന സംഭവങ്ങളും അതിവിദൂരമല്ല. എത്ര അത്യാധുനിക ടെക്‌നോളജിയുണ്ടായാലും അല്‌പം കോമണ്‍സെന്‍സില്ലെങ്കില്‍ പോയില്ലേ എല്ലാം..!

4 comments:

  1. Sir,

    Saayippine kandappol kavath maranna sthaapanangal ethokkeyaanennu koodi parayanamaayirunnu. Eni pokumpol sradhikkamallo..nannayitundu.

    ReplyDelete
  2. അങ്ങനെ എഴുതുന്നത് ശരിയല്ലല്ലോ.

    ReplyDelete
  3. Sir,
    Lavanmaareyokke samoohathil thurannu kaanikkanamennaanu ente eliya paksham. athaa paranjath..

    ReplyDelete
  4. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുക എന്നതിൻ്റെ അർത്ഥം പഠിച്ചു ഉറപ്പിച്ച കാര്യം പരിശോധകനെ കാണുമ്പോൾ പേടി കാരണം മറക്കുക/പുറത്ത് എടുക്കാൻ പറ്റാതെ വരുക എന്നാണ്.

    ReplyDelete