ഉള്ളിയരിഞ്ഞാല്‍ കണ്ണില്‍നിന്ന് കണ്ണീരു മാത്രമല്ല പൊന്നീച്ചയും പറക്കുമെന്ന് ഈയ്യിടെ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, ഉള്ളിയുടെ വില തെളിയിച്ചുകഴിഞ്ഞു. ഉള്ളിയില്‍നിന്നു തുടങ്ങിയത് മാലപ്പടക്കംപോലെ മറ്റു പലവ്യഞ്‌ജനാദികളിലെല്ലാം പടര്‍ന്നുപിടിച്ചപ്പോള്‍ സാധാരണക്കാര്‍ തീയിലകപ്പെട്ടതുപോലെയായി. ഏതായാലും തൊട്ടടുത്ത് പാക്കിസ്ഥാന്‍ ഉണ്ടായിരുന്നതുകൊണ്ട് ഇന്ത്യക്കാര്‍ രക്ഷപ്പെട്ടു. ഉള്ളി ലോഡുമായി ലോറികള്‍ വാഗാ അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് വന്നു. ഉള്ളിത്തീറ്റക്കാരുടെ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലൊക്കെ വിതരണം ചെയ്‌തിട്ടേ ഉള്ളി കേരളത്തിലേക്കെത്തുകയുള്ളൂ എന്ന് കേന്ദ്രം അറിയിച്ചതോടെ കേരളത്തിലെ മൊത്തക്കച്ചവടക്കാര്‍ അവര്‍ പൂഴ്‌ത്തിവെച്ചിരുന്ന ഉള്ളി പുറത്തെടുത്തിട്ടു. കാരണം, പാക്കിസ്ഥാന്‍ ഉള്ളിക്ക് വില കുറവാണ്. ആ പാക്കിസ്ഥാന്‍ ഉള്ളി കേരളത്തിലേക്കെത്തിയാല്‍ ഉള്ളി പൂഴ്‌ത്തിവെച്ച് കൊള്ള ലാഭം കൊയ്യാമെന്ന അവരുടെ മോഹം അതോടെ പൊലിയും. എന്തെങ്കിലുമാകട്ടേ, ശത്രുരാജ്യമാണെങ്കിലും ഇന്ത്യയിലെ ജനങ്ങളെ ഉള്ളിപ്രശ്‌നത്തില്‍നിന്നും കരകയറ്റാന്‍ പാക്കിസ്ഥാന്‍ സന്മനസ്സു കാണിച്ചതില്‍ അവരോട് നന്ദി പറയണം.
ഉള്ളിവില നിയന്ത്രിക്കാന്‍ ഉന്നതതലയോഗം വിളിച്ചുചേര്‍ത്ത കേന്ദ്രം ഉള്ളിയുടെ ഇറക്കുമതി ചുങ്കം വെട്ടിക്കുറക്കുകയും താത്‌കാലികവില പ്രഖ്യാപിച്ച് സമാധാനിച്ചെങ്കിലും പൂഴ്‌ത്തിവെപ്പുകാരും ഊഹക്കച്ചവടക്കാരും ഉള്ളിയില്‍ നിന്ന് കോടികള്‍ കൊയ്‌തു എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. ലോകത്തില്‍ ഉള്ളി ഉത്‌പാതിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനത്തു നില്‌ക്കുന്ന ഇന്ത്യയ്‌ക്ക് എന്തുകൊണ്ട് സ്വന്തം രാജ്യത്തെ ഉള്ളിവില നിയന്ത്രിക്കാനും ഉള്ളിക്ഷാമം പരിഹരിക്കാനും കഴിയുന്നില്ല എന്ന് കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖരന്‍ ചോദിക്കുന്നു.
മോങ്ങാന്‍ നില്‍ക്കുന്ന നായയുടെ തലയില്‍ തേങ്ങ വീണെന്നു പറഞ്ഞതുപോലെയാണ് കേരളത്തിലെ വിലക്കയറ്റം. ഏതെങ്കിലും ഒരു സാധനത്തിന്റെ വില അല്‌പമൊന്നു കൂടിയാലുടനെ അനുബന്ധ സാധനങ്ങള്‍ക്കെല്ലാം വില കൂടും. ഉള്ളി പച്ചക്കറി വകുപ്പില്‍ പെട്ടതിനാല്‍ മറ്റു പച്ചക്കറി ഐറ്റംസിനെല്ലാം പെട്ടെന്നാണ് വിലകൂടുന്നത്. അതിന് പഴി കേള്‍ക്കേണ്ടിവരുന്നത് തമിഴ്‌നാടും.തമിഴ്‌നാടിന്റെ കാര്യം പറയുമ്പോള്‍ മുല്ലപ്പെരിയാറും അറിയാതെ കയറിവരും. കാരണം, മുല്ലപ്പെരിയാറിലെ വെള്ളം ഊറ്റിയെടുത്തുകൊണ്ടാണല്ലോ തമിഴ്‌നാട് കൃഷി ചെയ്യുന്നത്. മെഗാസീരിയലുപോലെ ഈ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇങ്ങനെ നീണ്ടുപോകുന്നതിന്റെ മുഖ്യകാരണക്കാര്‍ തമിഴ്‌നാടിന്റെ കൈയ്യില്‍നിന്ന് നക്കാപ്പിച്ച വാങ്ങി കേരളത്തിന് പാരപണിയുന്ന കേരളത്തിലെതന്നെ ചില നേതാക്കളാണെന്നാണ് പിന്നാമ്പുറസംസാരം.
കൃഷിമന്ത്രി ശരദ് പവാറിനെ പ്രധാനമന്ത്രി വിളിച്ച് വിശദീകരണം ചോദിച്ചെങ്കിലും കരിഞ്ചന്തക്കാരേയും പൂഴ്‌ത്തിവെപ്പുകാരേയും കടിഞ്ഞാണിടാന്‍ കഴിയാത്ത കേന്ദ്ര ഗവണ്‍മന്റ് തന്നെയാണ് ഈ വിലക്കയറ്റത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം അടക്കം പറഞ്ഞത്രേ. എലിയെ പിടിക്കാന്‍ ഇല്ലം ചുടുമെന്നു പറഞ്ഞതുപോലെ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ പറയുന്നത് ഒറ്റ ഉള്ളിപോലും രാജ്യത്തിനു പുറത്തേക്ക് പോകാന്‍ സമ്മതിക്കില്ല എന്ന്. അപ്പോള്‍ ഉള്ളി കെട്ടിക്കിടന്ന് ചീഞ്ഞുനാറുമ്പോള്‍ പൂഴ്‌ത്തിവെപ്പുകാരും കരിഞ്ചന്തക്കാരും ഒളിച്ചുവെച്ചിരിക്കുന്ന ഉള്ളിയെല്ലാം പുറത്തേക്കെടുത്തിടുംപോലും ! കൊള്ളാം വാട്ട് ആന്‍ ഐഡിയ സാബ്‌ജീ..! എന്നാല്‍പിന്നെ 2-ജി സ്‌പെക്ട്രം റെയ്‌ഡും കോമണ്‍വെല്‍ത്ത് ഗെയിം റെയ്‌ഡും നടക്കുന്ന കൂട്ടത്തില്‍ ഒരു ഉള്ളി റെയ്‌ഡും കൂടി നടത്തി ഈ ഉള്ളി പ്രശ്‌നത്തില്‍നിന്ന് സാധാരണക്കാരെ കരകയറ്റിക്കൂടെ
No comments:
Post a Comment