Sunday, March 25, 2012

മക്കള്‍ രാഷ്ട്രീയവും മത രാഷ്ട്രീയവും രാജ്യത്തിന് ആപത്ത്

''മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചൂ
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവെച്ചു.....മനസ്സു പങ്കു വെച്ചൂ..''

1972-ല്‍ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ച് ദേവരാജന്‍ ഈണം നല്‍കി യേശുദാസ് പാടിയ ഈ ഗാനത്തിന്റെ ഈരടികള്‍ അന്വര്‍ത്ഥമാക്കും വിധമാണ് ഇന്ന് കേരളത്തിന്റെ സ്ഥിതി. 'മനുഷ്യരും മതങ്ങളും പാര്‍ട്ടികളും കൂടിഭരണം പങ്കുവെച്ചൂ...' എന്നുകൂടി ചേര്‍ക്കുമ്പോള്‍ ഗാനം പൂര്‍ത്തിയാകും.

ഓരോ തിരഞ്ഞെടുപ്പിലുംപക്വതയും പ്രാപ്തിയുമുള്ള ജനനേതാക്കളെ ഉത്തരവാദിത്വമുള്ള ജനങ്ങള്‍ ജയിപ്പിച്ചു വിടുമ്പോള്‍ അവരെ ഏത് വകുപ്പ് നല്‍കണം, എവിടെയൊക്കെ അവരോധിക്കണം എന്നു തീരുമാനിക്കുന്നത് മതങ്ങളാണ്, അല്ലെങ്കില്‍ മതമേലദ്ധ്യക്ഷന്മാരാണ്. മതനേതാക്കള്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ കേരളം കത്തിയെരിയും.

പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മതങ്ങള്‍ തമ്മില്‍ വിലപേശല്‍ തുടങ്ങി. ടി.എം. ജേക്കബ്ബ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മകനും വമ്പിച്ച ഭൂരിപക്ഷത്തോടെ ഇലക്ഷനില്‍ ജയിച്ചുവന്ന അനൂപ് ജേക്കബ്ബിന് കൊടുക്കണമെന്ന് കേരള കോണ്‍ഗ്രസ്സ് (ജെ) വാശി പിടിക്കുന്നുണ്ടെങ്കിലും അവിടെയും പാര്‍ട്ടിയുടെ താല്പര്യത്തിനുപരി കൃസ്ത്യന്‍ സഭയുടേയും താല്പര്യമാണ് പ്രതിഫലിക്കുന്നത്. ഒരു സര്‍ക്കാരിനെ പിടിച്ചു നിര്‍ത്താനും താഴെയിറക്കാനും മതനേതാക്കള്‍ വിചാരിച്ചാല്‍ നടക്കുമെന്ന സ്ഥിതിയാണ് ഇന്ന് കേരളത്തില്‍.

വെറും 157 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച ടി.എം. ജേക്കബ്ബിന്റെ തട്ടകത്തിലാണ് അനൂപ് ജേക്കബ്ബ് 12,070 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു വന്നത്. പക്ഷേ, വകുപ്പു കാര്യം വന്നപ്പോള്‍ അവിടെ മുസ്ലീം ലീഗ് കയറി ഇടപെട്ടു. അവര്‍ ആഗ്രഹിച്ച അത്രയും മന്ത്രി സ്ഥാനം കൊടുത്തില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്ന് മുന്നറിയിപ്പും കിട്ടി. എന്‍എസ്എസ്, എസ്എന്‍ഡിപി എന്നീ ഹിന്ദു സമുദായ സംഘടനകളും അവരവരുടെ വാദമുഖങ്ങളുമായി ഒരു വശത്തുമുണ്ട്. 

ഒരു മതേതര രാഷ്ട്രമായ ഭാരതത്തില്‍ മക്കള്‍ രാഷ്ട്രീയവും, ഗുണ്ടാ രാഷ്ട്രീയവും അരങ്ങു തകര്‍ക്കുമ്പോള്‍ മതരാഷ്ട്രീയവും അവരോടു ചേര്‍ന്ന്രാഷ്ട്രത്തിന്റെ ഭാവി നിശ്ചയിക്കുന്നത് ശരിയായ പ്രവണതയല്ല. മതങ്ങള്‍ വകുപ്പു വിഭജിച്ച് അവര്‍ക്കിഷ്ടമുള്ള മന്ത്രിമാരെ അവരോധിക്കാനാണെങ്കില്‍ കാക്കത്തൊള്ളായിരം പാര്‍ട്ടികള്‍ക്ക് എന്തു പ്രസക്തി? ഹിന്ദു-കൃസ്ത്യന്‍-മുസ്ലീം സമുദായങ്ങള്‍ അവരവരുടെ മതങ്ങളില്‍ നിന്ന് ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് അവരവരുടെ ഇംഗിതത്തിന് നാടു ഭരിച്ചാല്‍ പോരെ. ഒരു മതങ്ങളിലും വിശ്വസിക്കാത്തവര്‍ അവരുടേതായ പ്രതിനിധികളേയും തിരഞ്ഞെടുക്കട്ടേ. 

ഒരു ഉപതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴേക്കും കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വിലപേശലുകളും ഭ്രാന്തന്‍ കൊട്ടിക്കലാശങ്ങളും കാണുമ്പോഴും കേള്‍ക്കുമ്പോഴും ഓര്‍മ്മ വരുന്നത് ''കേരളം ഒരു ഭ്രാന്താലയം'' എന്ന സ്വാമി വിവേകാനന്ദന്റെ പ്രവചനമാണ്. കേരളത്തിലെ സവര്‍ണ്ണ മേധാവിത്വവും ജാതി-മത വ്യവസ്ഥയും കൊടികുത്തി വാഴുന്നതു കണ്ടാണ് അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞതെങ്കില്‍ അതേ സംഭവവികാസങ്ങളാണ് നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും ഇപ്പോഴുംനടന്നുകൊണ്ടിരിക്കുന്നത്. 

അധികാരത്തിനും ആധിപത്യത്തിനും വേണ്ടി മത്സരം നടത്തുന്ന രാഷ്ട്രീയ ശക്തികള്‍ അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവരെ വരുതിയിലാക്കാന്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കുള്ളിലാക്കി വില പേശുന്നു. എന്നിട്ടും വഴങ്ങാത്തവരെമതമേലദ്ധ്യക്ഷന്മാരുടെ പിന്‍ബലം കൊണ്ട്ബലിയാടുകളാക്കുന്നു. ഒരു മതത്തെ തകര്‍ക്കുവാനും അവരുടെ വിശ്വാസങ്ങളിലും മതമൂല്ല്യങ്ങളിലും വിഷം കലര്‍ത്തി ഭിന്നതയുണ്ടാക്കാനും അവരെ തമ്മിലടിപ്പിക്കാനും ഇതര മതസ്ഥരെ ഉപയോഗിക്കുന്നു. അതിന്റെ പരിണിതഫലമോ മതസഹിഷ്ണുതയോടെ, പരസ്പരസ്‌നേഹത്തോടെ വിശ്വാസത്തോടെ വസിച്ചിരുന്ന ജനസമൂഹം ഇന്ന് അവരവരുടെ ജാതിയുടേയും മതത്തിന്റേയും പേരില്‍ തമ്മില്‍തല്ലുന്നു.

കേരള രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ വൃദ്ധരും വയോവൃദ്ധരും തങ്ങളുടെ കാലശേഷം തങ്ങളുടെ മക്കള്‍ നാടു ഭരിച്ചാല്‍ മതി എന്നു നിര്‍വചിക്കുന്നപ്രവണതയും, ജാതി-മത നേതാക്കള്‍ പറയുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് തീര്‍ച്ച. അര്‍ഹതയുള്ളവര്‍ അധികാരസ്ഥാനങ്ങളിലെത്തുന്നതിന് ഈ പ്രവണത വിലങ്ങുതടിയാകുകയും ചെയ്യും. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയില്‍ മക്കള്‍ രാഷ്ട്രീയവും കുടുംബരാഷ്ട്രീയവും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


No comments:

Post a Comment