2012, മാർച്ച് 31, ശനിയാഴ്‌ച

പുല്ലുമേട്‌ ദുരന്തം ഇനിയും ആവര്‍ത്തിക്കരുത്‌

2011 ജനുവരി 14-ന്‌ ശബരിമല പുല്ലുമേട്ടിലുണ്ടായ അത്യാഹിതത്തില്‍ പെട്ട്‌ 102 പേര്‍ മരിക്കാനുണ്ടായ കാരണം സര്‍ക്കാരിന്റെ വീഴ്‌ചയാണെന്നുള്ള ജസ്റ്റീസ്‌ ഹരിഹരന്‍ നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ ഗൗരവമായി കണക്കാക്കണം. ശബരിമല മകരജ്യോതി ദര്‍ശിച്ചശേഷം പുല്ലുമേട്ടില്‍ നിന്നിറങ്ങിയ ഭക്തര്‍ക്കാണ്‌ ഈ അത്യാഹിതം സംഭവിച്ചത്‌. അതില്‍ ഭൂരിഭാഗം പേരും അന്യസംസ്ഥാന ക്കാരായിരുന്നു.

അന്ന്‌ ആ സംഭവം നിസ്സാരവത്‌ക്കരിക്കുകയും അപകടത്തിനുത്തരവാദികളായവര്‍ പരസ്‌പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. കേരളത്തിനു മാത്രമല്ല അഖണ്ഡഭാരത്തിനുതന്നെ അപമാനമായ ആ സംഭവം ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ എന്തുകൊണ്ട്‌ എടുത്തില്ല എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം കൊടുക്കാന്‍ അന്ന്‌ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഭക്തിയുടേയും വിശ്വാസത്തിന്റേയും പേരു പറഞ്ഞ്‌ വീണ്ടും ജനങ്ങളെയും കോടതിയേയും കബളിപ്പിക്കാനാണ്‌ ശ്രമിച്ചത്‌.

സന്നിധാനത്തിലോ പതിനെട്ടാം പടിയിലോ ക്ഷേത്രചുറ്റുപാടുകളിലോ അല്ല അപകടം നടന്നത്‌. ആയിരക്കണക്കിന്‌ ഭക്തജനങ്ങള്‍, അതും അന്യസംസ്ഥാനക്കാര്‍, വിശ്വാസത്തിന്റെ ഒരു ഭാഗമായ മകരജ്യോതി ദര്‍ശിക്കാനാണ്‌ പുല്ലുമേട്ടിലേക്ക്‌ നീങ്ങിയത്‌. മകര ജ്യോതി ദര്‍ശനത്തിന്‌ പോകുന്ന ഭക്തര്‍ക്ക്‌ എല്ലാ സൗകര്യങ്ങളും ചെയ്‌തുകൊടുക്കേണ്ട കടമ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുണ്ടായിരുന്നു.

മകരജ്യോതിയും മകരവിളക്കും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്‌ ദേവസ്വം ബോര്‍ഡ്‌ വ്യക്തമാക്കണമെന്ന്‌ അന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മകര ജ്യോതി മനുഷ്യനിര്‍മ്മിതമാണെന്നായിരുന്നു അന്ന്‌ ഹൈക്കോടതിയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ബോധിപ്പിച്ചിരുന്നത്‌. മകരവിളക്കില്‍ സത്യമില്ലെന്നും മകരജ്യോതിയും മകരവിളക്കും അയ്യപ്പചരിത്രത്തില്‍ ഇല്ലെന്നും, ഇവ രണ്ടും തെളിയിക്കുന്നത്‌ സര്‍ക്കാര്‍ വകുപ്പുകളോ അല്ലെങ്കില്‍ സര്‍ക്കാരിനുവേണ്ടി മറ്റാരോ ആണെന്നുമുള്ള പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി പ്രസിഡന്റ്‌ രേവതിനാള്‍ പി. രാമവര്‍മ്മരാജയുടെ പ്രസ്‌താവനയും അതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്‌. 

അത്‌ ഭട്ടതിരിപ്പാടിന്റെ (അന്നത്തെ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌) പണിയാണ്‌' എന്ന്‌ 1989 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ്‌ നായനാര്‍ പറഞ്ഞിരുന്നു എന്നും പറയപ്പെടുന്നു.

ഇതര ക്ഷേത്രങ്ങളെ അപേക്ഷിച്ച്‌ ശബരിമല ഏറെ വ്യത്യസ്ഥമാണ്‌. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുള്ള ലോകപ്രശസ്‌തിയാര്‍ജ്ജിച്ച ഒരു ക്ഷേത്രമാണ്‌ ശബരിമല. അതോടൊപ്പം തന്നെ ഈ ക്ഷേത്രത്തിന്റെ പേരില്‍ തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും ഏറെയാണ്‌. മകരജ്യോതി ദര്‍ശിച്ച്‌ വണങ്ങിയാല്‍ ആജന്മമോക്ഷം കിട്ടുമെന്ന വിശ്വാസം ഭക്തരില്‍ ആവാഹിക്കുന്നതാണ്‌ അതിലൊന്ന്‌. ഈ വിശ്വസികളാകട്ടേ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരും.

1999ല്‍ മകരവിളക്കിനോടനുബന്ധിച്ച്‌ പമ്പയില്‍ തിക്കിലും തിരക്കിലും പെട്ട്‌ അയ്യപ്പന്മാര്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന്‌ മുന്‍ ഡി.ജി.പി. എന്‍. കൃഷ്‌ണന്‍ നായരും, സുഗതകുമാരിയും യഥാക്രമം മലയാള മനോരമയിലും മാതൃഭൂമിയിലും എഴുതിയ ലേഖനങ്ങളിലും ഈ മകര ജ്യോതിയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. 

ഏകദേശം ആയിരത്തോളം വര്‍ഷം പഴക്കമുള്ള ശബരിമലയുടെ ചരിത്രത്തില്‍ പൊന്നമ്പലമേട്ടിലെ വാസക്കാരായിരുന്ന ആദിവാസികളില്‍പെട്ട മലമ്പണ്ടാരങ്ങള്‍ എന്ന ഗിരി വര്‍ഗക്കാര്‍ അക്കാലങ്ങളില്‍ മകരം ഒന്നിന്‌ വിളക്കു തെളിയിക്കുമായിരുന്നത്രേ. പക്ഷേ, അതിന്റെ ദീപശിഖ ദൃശ്യമാകാറില്ലായിരുന്നു. പക്ഷെ പിന്നീട്‌ പോലീസും വനംവകുപ്പും കെ.എസ്‌.ഇ.ബി.യും ഈ ജോലി ഏറ്റെടുക്കുകയും കര്‍പ്പൂരം കത്തിച്ച്‌ മകരജ്യോതിയെന്ന്‌ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു വെന്ന്‌ പറയപ്പെടുന്നു. 

എന്തുതന്നെയായാലും കഴിഞ്ഞ വര്‍ഷം ജനുവരിയിലുണ്ടായ അപകടത്തില്‍ പെട്ട്‌ 102 പേര്‍ മരിക്കുകയും, അനേകം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടും ആ അപകടത്തിന്റെ ഉറവിടം കണ്ടെത്തി യുക്തമായ തീരുമാനമെടുക്കാനോ സുരക്ഷാ വീഴ്‌ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനോ അന്നത്തെ ബന്ധപ്പെട്ട മന്ത്രിയോ ഉദ്യോഗസ്ഥരോ തയ്യാറായില്ല. മകരജ്യോതി മാനുഷികമാണോ അമാനുഷികമാണോ എന്നതല്ല ഇവിടെ പ്രശ്‌നം. ദശാബ്ദങ്ങളായി ഭക്തര്‍ വിശ്വസിച്ചുപോരുന്ന ആചാരത്തിന്‌ കോട്ടം തട്ടാതെ നോക്കുകയും, അവര്‍ക്കുവേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്‌തുകൊടുക്കേണ്ടതും കോടിക്കണക്കിനു രൂപ വരുമാനമുള്ള ദേവസ്വം ബോര്‍ഡും സര്‍ക്കാരുമാണ്‌. 

ഇപ്പോള്‍ ജസ്റ്റീസ്‌ എം.ആര്‍. ഹരിഹരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പഠിച്ചതിനുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവന ആശാവഹമാണ്‌. ഇനിയും ഇതുപോലെയുള്ള ദുരന്തങ്ങള്‍ നടക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക്‌്‌ ആവശ്യമായ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ചെയ്‌തുകൊടുക്കേണ്ടതും സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ഉത്തരവാദിത്വമാണ്‌. 

http://www.youtube.com/watch?v=i58IaLnICrs&feature=player_embedded


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ