Sunday, January 29, 2017

നായര്‍ നാരികള്‍ തലവേദനയാകുന്ന യുഡി‌എഫും എല്‍‌ഡി‌എഫും

ലക്ഷ്മി നായര്‍
"അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ!
നാരികൾ, നാരികൾ !-വിശ്വവിപത്തിന്റെ
നാരായവേരുകൾ, നാരകീയാഗ്നികൾ !"

ചങ്ങമ്പുഴയുടെ ഈ വരികള്‍ അന്വര്‍ത്ഥമാക്കും വിധമാണ് ഇന്ന് കേരളത്തിലെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ നാരികളാല്‍ നാറിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെയും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെയും പ്രതിസന്ധിയില്‍ ആക്കിയത് എപ്പോഴും പുറത്തുനിന്നുള്ള വിവാദങ്ങളായിരുന്നു. ഈ വിവാദങ്ങള്‍ എല്ലാം ഉണ്ടാക്കിയത് നായര്‍ സ്‌ത്രീകളുമായിരുന്നു എന്നതും എടുത്തു പറയാവുന്ന പ്രത്യേകതയാണ്.

സരിത നായര്‍
2015-ല്‍ സരിത നായരും, ശാലു മേനോനും 2016-ല്‍ രശ്മി നായരും 2017-ല്‍ ലക്ഷ്മി നായരും. ഇനിയും ഏതു നായരാണ് വിവാദമുണ്ടാക്കുന്നതെന്ന് എല്ലാവരും ആകാംക്ഷപൂര്‍വം കാത്തിരിക്കുകയാണ്. 2017 ന്റെ തുടക്കം മുതല്‍ ലോ അക്കാദമിയും ലക്ഷ്മി നായരും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പരക്കുന്ന ഒരു കോമഡിയാണ് ഇത്. യു.ഡി.എഫ് മാറി എല്‍ ഡി എഫ് വന്നപ്പോള്‍ കേരളത്തില്‍ ഉണ്ടായ ഒരു മാറ്റം എന്ന് പറയുന്നത് സരിത നായര്‍ പോയി ലക്ഷ്മി നായര്‍ വന്നു എന്നതാണ്. രണ്ട് സര്‍ക്കാരിനും ഒപ്പം ഓരോ നായര്‍ സ്ത്രീകളും. ഇടയ്ക്ക് വിവാദത്തിലായ മറ്റൊരു നായരാണ് ചുംബന സമരനായിക രശ്മി നായര്‍. ഈ മൂന്ന് വര്‍ഷങ്ങളില്‍ ന്യൂസ് മേക്കേഴ്സ് ആക്കാന്‍ പറ്റിയ മൂന്ന് സ്ത്രീകള്‍.

ശാലു മേനോന്‍
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം പിടിച്ച സരിത എസ് നായര്‍ എന്ന സരിത നായര്‍. ബിജു രാധാകൃഷ്ണനും ജിക്കുമോനും സലിം രാജുമൊക്കെ കേസില്‍ ഉണ്ടായിരുന്നെങ്കിലും സോളാര്‍ കേസിലെ ഭൂരിഭാഗം വാര്‍ത്തകളും സരിത നായരെക്കുറിച്ചും അവരുടെ സാരിയെക്കുറിച്ചുമായിരുന്നു. വിവാദത്തില്‍ തുടങ്ങിയ സരിത നായര്‍ വൈകാതെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് ഉയര്‍ന്നു.

സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയെന്ന പരാതിയാണ് പില്‍ക്കാലത്ത് സോളാര്‍ കേസായി അറിയപ്പെട്ടത്. മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ഇതിനായി ദുരുപയോഗം ചെയ്തു എന്നായിരുന്നു ആക്ഷേപം. നൂറോളം പേര്‍ക്ക് എഴുപതിനായിരം മുതല്‍ അന്‍പതുലക്ഷം രൂപ വരെയാണ് സോളാര്‍ ഇടപാടില്‍ നഷ്ടപ്പെട്ടത്.

ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് വര്‍ഷങ്ങളോളം സരിത നായര്‍ ഒരു തരംഗമായി നിറഞ്ഞുനിന്നു. മന്ത്രിമാരുമായി സരിതയ്ക്ക് ഫോണ്‍വിളികളും മറ്റ് ഇടപാടുകളും ഉണ്ടെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതിനിടയില്‍ സരിത ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു. സരിത നായരുടെ നഗ്‌നചിത്രങ്ങളും പുറത്തായി. സരിതയുടെ പാവാടത്തുമ്പിലാണ് ഭരണമെന്ന് ആക്ഷേപമുയര്‍ന്നു. സരിതാ നായരെ തുറുപ്പു ചീട്ടാക്കി സി‌പി‌എം കളിച്ച കളിയാണ് യുഡി‌എഫിന്റെ പതനത്തിന് കാരണമെന്നും പറയുന്നു. ജയിലില്‍ കിടക്കേണ്ട സരിത സെലിബ്രിറ്റി സ്റ്റാറ്റസുമായി കറങ്ങി നടക്കുകയും ദിവസേന പുതിയ ആരോപണങ്ങളുമായി രംഗപ്രവേശം ചെയ്ത് മന്ത്രിസഭയെ മുള്‍മുനയില്‍ നിര്‍ത്തിയതിനൊക്കെ ചുക്കാന്‍ പിടിച്ചത് സിപി‌എം ആണെന്നും പറയുന്നു.

രശ്മി നായര്‍
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പിടിയിലായ മറ്റൊരു സെലിബ്രിറ്റിയാണ് സിനിമാ - സീരിയല്‍ നടിയായ ശാലു മേനോന്‍. സോളാര്‍ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനെയും ശാലുമേനോനെയും ചേര്‍ത്ത് അപസര്‍പ്പക കഥകള്‍ ഒരുപാട് പറയപ്പെട്ടു. കേസില്‍ ജാമ്യത്തിലിറങ്ങിയ ശാലു നൃത്തവും സ്റ്റേജ് പരിപാടികളുമായി കഴിയുന്നു.

രശ്മി നായര്‍
ചുംബനസമര നായികയായും പിന്നീട് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായും വാര്‍ത്തകളില്‍ നിറഞ്ഞ രശ്മി നായരായിരുന്നു 2016ലെ വാര്‍ത്തയിലെ നായര്‍ യുവതി. കിസ്സ് ഓഫ് ലവ് മൂവ്മെന്റിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന രശ്മി നായരുടെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്ലേ ബോയ് മോഡല്‍ എന്നാണ് രശ്മി സ്വയം വിശേഷിപ്പിക്കുന്നത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ഭര്‍ത്താവ് രാഹുല്‍ പശുപാലനൊപ്പം അറസ്റ്റിലായതോടെ രശ്മി നായര്‍ ശരിക്കും വാര്‍ത്തകളിലെ താരമായി. രശ്മിയുടെ ചിത്രങ്ങള്‍ മാത്രമല്ല ജീവിതം തന്നെ വാര്‍ത്താമാധ്യങ്ങള്‍ അരിച്ചുപെറുക്കി. പെണ്‍വാണിഭക്കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ രശ്മി.

2017 ന്റെ തുടക്കത്തില്‍തന്നെ മറ്റൊരു നായര്‍ സ്ത്രീയിലേക്ക് വാര്‍ത്തകളുടെ ഫോക്കസ് തിരിഞ്ഞു. സെലിബ്രിറ്റി ഷെഫും ലോ അക്കാദമി പ്രിന്‍സിപ്പാളുമായ ലക്ഷ്മി നായര്‍. പെരുമാറ്റദൂഷ്യമുള്ള പ്രിന്‍സിപ്പാള്‍ രാജിവെക്കാതെ അടങ്ങില്ലെന്ന് എല്ലാ വിദ്യാര്‍ഥി സംഘടനകളും ഒരേസ്വരത്തില്‍ സമരത്തിനിറങ്ങിയതോടെ ലക്ഷ്മി നായര്‍ വാര്‍ത്തകളിലെ താരമായത്. ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ മൂന്നു പേരും.

തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രിന്‍സിപ്പലും കൈരളി ടിവിയിലെ അവതാരകയുമായ ലക്ഷ്മി നായര്‍ക്കെതിരേ കടുത്ത ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ എന്ന പദവിയിലിരിക്കെ ഉണ്ടായ അവിഹിത ബന്ധത്തെപ്പറ്റിയാണ് വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. പരാതിക്കാരനാകട്ടെ മറ്റൊരു വിദ്യാര്‍ത്ഥി തന്നെയാണ്. ഒരു ദിവസം ആ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന്റെ മുറിയിലേക്കു ചെന്നപ്പോള്‍ ലക്ഷ്മിയേയും മറ്റൊരു വിദ്യാര്‍ത്ഥി നേതാവിനേയും അരുതാത്ത സാഹചര്യത്തില്‍ കാണാനിടയായെന്ന് വിദ്യാര്‍ത്ഥി തെളിവുകള്‍ സഹിതമാണ് സര്‍വ്വകലാശാലയ്ക്ക് പരാതികൊടുത്തത്. പ്രിന്‍സിപ്പാളിന്റെ അവിഹിത ബന്ധം താന്‍ അറിയാനിടയായതില്‍ പ്രകോപിതയായി മനഃപൂര്‍വ്വം ഇന്റേണല്‍ മാര്‍ക്കുകള്‍ കുറയ്ക്കുകയും പരീക്ഷകളില്‍ തോല്‍പ്പിക്കുക കൂടി ചെയ്യുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

ലോ കോളേജ് പ്രിന്‍സിപ്പാള്‍ എന്ന നിലയിലേക്കാളും ലക്ഷ്മി നായരെ ലോകമറിഞ്ഞത് അവരുടെ വാക്ചാതുര്യമുള്ള പാചക പരിപാടിയിലൂടെയാണ്. പ്രശസ്തിക്കൊപ്പം അവരെ ആദ്യ വിവാദം തേടിയെത്തി. സീരിയല്‍ താരങ്ങള്‍ക്കായുള്ള പ്രത്യേക പാചക പരിപാടിയിലായായ സെലിബ്രിറ്റി കിച്ചണ്‍ ഏരിയ മേജിക്കിലായിരുന്നു അത്. ലക്ഷ്മീ നായര്‍ പക്ഷപാതം കാണിച്ചു എന്നാരോപിച്ച് പ്രമുഖ സീരിയല്‍ നടി ലക്ഷ്മീ നായരെ പച്ചയ്ക്ക് ചീത്ത വിളിച്ചു. എന്നാല്‍ ഈ സംഭവം സെറ്റിലുള്ളവര്‍ റെക്കോര്‍ഡ് ചെയ്ത് യൂടൂബിലിട്ടു. അതിന്റെ പൂരപ്പറമ്പ് വീഡിയോ ഇപ്പോഴും യൂട്യൂബിലുണ്ട്.

ജാതിക്ക് ലക്ഷ്മി നായര്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി. നായരല്ലാത്തവരെ പരമാവധി ശത്രുക്കളായി കാണുന്നെന്നാണ് അവരുടെ വാദം. മാത്രമല്ല മേമിന് ഇഷ്ടമില്ലാത്തവരുടെ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നുവെന്നും വ്യാപക പരാതിയുണ്ട്. ആറുമാസത്തിനിടെ അഞ്ചു വിദ്യാര്‍ഥികളാണ് മാനേജ്മെന്റിന്റെ മാനസിക പീഡനം സഹിക്കവയ്യാതെ ടി.സി വാങ്ങിപ്പോയത്. തങ്ങളുടെ ടോയിലറ്റിലേക്ക് പോകുന്നവരെ വിധം ക്യാമറ വച്ചിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആരോപണം. ആരെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ നിന്റെ കാര്യം ഞാനെറ്റെന്നാണ് മേം പറയാറുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ലക്ഷ്മി നായരുടെ മകന്റെ കാമുകിയും കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയോട് ചോദിക്കാതെ എങ്ങോട്ടും പോകാനാവില്ലന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വീട്ടിലേക്ക് പോകണമെങ്കില്‍ കൂടി ഈ വിദ്യാര്‍ത്ഥിനിയുടെ അനുമതി വേണം. ഹോസ്റ്റലിലുള്‍പ്പെടെ കടുത്ത മുറകളാണ് അനുഭവിക്കേണ്ടി വരുന്നത്. ഇന്റെണല്‍ മാര്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രം കൊടുക്കുക.ഇതിനെയൊക്കെ ചോദ്യം ചെയ്ത 21 പേരെയാണ് ഇയര്‍ ഔട്ട് ചെയ്‌തെന്നും ആരോപണമുണ്ട്.

പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉടലെടുത്ത പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ലോ അക്കാദമിയിലും സമരം ആരംഭിച്ചത്.കൈരളി ടിവി അവതാരകയായ ഡോ. ലക്ഷ്മി നായരാണ് കേരള ലോ അക്കാദമിയുടെ പ്രിന്‍സിപ്പാള്‍. ലക്ഷ്മി നായര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് കെഎസ്യു, എഐഎസ്എഫ്,എംഎസ്എഫ് തുടങ്ങിയ സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ളത്.

പ്രിന്‍സിപ്പാളിന് കോളേജിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനേക്കാള്‍ കുക്കറി ഷോകളാണ് മുഖ്യമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കാതെ കോളേജ് അടച്ചു പൂട്ടി രക്ഷപ്പെടുന്ന സമീപനമാണ് എടുത്തതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. നിയമങ്ങള്‍ക്ക് അനുസൃതമായല്ല ലോ അക്കാദമി പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളെയല്ല അവര്‍ പ്രധാനമായി കാണുന്നത്.എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളെ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ തള്ളിക്കളയുന്നു. ഞാന്‍ കോളേജില്‍ സ്ഥിരമായെത്താറുണ്ട്. അവധി ദിവസങ്ങളിലോ അഴ്ചാവസാനങ്ങളിലോ ആണ് ഞാന്‍ ഷൂട്ടിംഗിനു പോവാറുള്ളത്. സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന ഹാജരില്ലാത്തവരും പരീക്ഷകളില്‍ തോല്‍ക്കുന്നവരുമാണ് സമരം ചെയ്യുന്നവരില്‍ അധികമെന്നും ലക്ഷ്മി നായര്‍ പ്രതികരിച്ചിരുന്നു.

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ലോ അക്കാദമിയില്‍ പെണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍വരെ ക്യാമറകള്‍ വച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികര്‍ ആരോപിക്കുന്നു. പേരൂര്‍ക്കടയില്‍ കുടപ്പനക്കുന്ന് റോഡിലായി പ്രവര്‍ത്തിക്കുന്ന കേരളാ ലോ അക്കാദമിയില്‍ മൂന്നു ബാച്ചുകളിലായി ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇതില്‍ ബിഎ എല്‍എല്‍ബി, എല്‍എല്‍എം കോഴ്‌സുകളില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രവേശനം എന്ന ചട്ടം ലോ അക്കാദമി കാറ്റില്‍പ്പറത്തുകയാണ്.

തോന്നിയതുപോലെയാണു വിദ്യാര്‍ഥി പ്രവേശനം. സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രാമുഖ്യം നല്‍കാതെ എല്ലാം കോളജ് തന്നെയാണു നടത്തുന്നത്. മൂന്നു വര്‍ഷ എല്‍എല്‍ബിക്കുള്ള ഈവനിംഗ് ബാച്ചിനും സര്‍ക്കാര്‍ ക്വാട്ട നടപ്പാക്കുന്നില്ല. ഇതോടൊപ്പം, അധ്യാപക നിയമനത്തിലും യുജിസി മാനദണ്ഡത്തിന്റെ ശക്തമായ ലംഘനമാണു കോളജില്‍ അരങ്ങേറുന്നത്. 50 ശതമാനം അധ്യാപകര്‍ സ്ഥാപനത്തിലെ തന്നെ സ്റ്റാഫ് ആയിരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഇതു പാലിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

നിയമങ്ങള്‍ക്കനുസൃതമായല്ല ലോ അക്കാദമി പ്രവര്‍ത്തിക്കുന്നത്. ആറുമാസത്തിനിടെ അഞ്ചു വിദ്യാര്‍ഥികളാണ് മാനേജ്‌മെന്റിന്റെ മാനസിക പീഡനം സഹിക്കവയ്യാതെ ടി.സി വാങ്ങിപ്പോയത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കു പോലും അര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാറില്ല. ഒരു സെമസ്റ്റര്‍ കാലയളവില്‍ രണ്ടുതവണ ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും പ്രസിദ്ധീകരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഇത് കോളജില്‍ നടക്കാറേയില്ല.

സ്‌കൂളില്‍ പോകാതെ സിനിമയിലഭിനയിച്ച് നടന്ന ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാളും സിനിമാ നടനുമായ സുധീര്‍ കരമനയെ സസ്പെന്‍ഡ് ചെയ്തതുപോലെ ലക്ഷ്മീ നായര്‍ക്കെതിരേയും നടപടി വേണമെന്നാണ് നിയമജ്ഞരായ വിദ്യാര്‍ത്ഥികളുടെ വാദം.

ലക്ഷ്മി നായര്‍ എല്‍‌ഡി‌എഫിന് തലവേദനയും ഒരു ബാധ്യതയുമായിരിക്കുകയാണിപ്പോള്‍.

"അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ!
നാരികൾ, നാരികൾ !-വിശ്വവിപത്തിന്റെ
നാരായവേരുകൾ, നാരകീയാഗ്നികൾ !"

Friday, January 27, 2017

ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ (ലേഖനം)

ഓരോ രാജ്യങ്ങളിലും മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ അവരവരുടെ ഇഛയ്ക്കനുസരിച്ച് ഭരണ പരിഷ്ക്കാരങ്ങള്‍ നടത്താറുണ്ട്. ചിലര്‍ പാര്‍ട്ടികളുടെ താല്പര്യത്തിനനുസരിച്ചും, ചിലര്‍ സ്വന്തം മനോധര്‍മ്മത്തിനനുസരിച്ചും ഭരണത്തില്‍ മാറ്റം വരുത്തും. മറ്റു ചിലരാകട്ടേ പൊതുസമൂഹത്തിന്റെ അഥവാ ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് ഭരണപരിഷ്ക്കാരങ്ങള്‍ നടത്താറുണ്ട്. അവരവരുടെ സ്വത്വം ഓരോ ഭരണാധികാരികളുടേയും പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും. എന്നാല്‍, ഒരു ദേശത്തിന്റെ അല്ലെങ്കില്‍ ഒരു രാജ്യത്തിന്റെ 'ചരിത്ര'ത്തെത്തന്നെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ അറിയപ്പെടുന്നത് 'സ്വേഛാധിപതികള്‍' എന്നാണ്. അങ്ങനെയുള്ളവരെ ഭരണകര്‍ത്താക്കളായോ, ഭരണനിപുണരായോ ലോകം അംഗീകരിച്ചിട്ടില്ലെന്ന് ചരിത്രം പഠിപ്പിക്കുന്നു. അവരുടെ ചെയ്തികളെല്ലാം തേച്ചുമായ്ച്ചു കളയാനാകാത്ത വിധം ആലേഖനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

ലോകത്തില്‍ മാതൃകാ ജനാധിപത്യ രാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ഉന്നതിയില്‍ നിലകൊള്ളുന്ന ഇന്ത്യയും അമേരിക്കയും മേല്പറഞ്ഞ സ്വേഛാധിപത്യ രാഷ്ട്രങ്ങളായി മാറുകയാണോ എന്നാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളിലും നടക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യയുടെ ചരിത്രമെടുത്തു നോക്കിയാല്‍ മതനിരപേക്ഷതക്കും മതസഹിഷ്ണുതക്കും പേരു കേട്ട രാജ്യമാണ്. എന്നാല്‍, ആ സഹിഷ്ണുതയ്ക്ക് കോട്ടം തട്ടുന്ന രീതിയിലാണ് അടുത്ത കാലങ്ങളിലെ സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. മതനിരപേക്ഷതക്കും മതസഹിഷ്ണുതക്കും ഭീഷണി മാത്രമല്ല ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയെഴുതാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങള്‍ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പുനഃസ്ഥാപിക്കുന്നതിലൂടെ മനസ്സിലാകുന്നത്. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോദ്സേയുടെ പേരില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും, ഗോദ്സേയെ പൂജിക്കുകയും, ഗോദ്സേയുടെ ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നതൊക്കെ വരാന്‍ പോകുന്ന വിപത്തുകള്‍ക്കുള്ള മുന്നറിയിപ്പായി കരുതണം. ഇന്ത്യയെ ബ്രിട്ടീഷുകാരില്‍ നിന്ന് മോചിപ്പിക്കുന്നതിന് ഗാന്ധിജി ഇന്ത്യന്‍ ജനതയെ ഐക്യപ്പെടുത്തുകയും സമരത്തിലിറക്കുകയും ചെയ്യാന്‍ ശ്രമിച്ചിരുന്ന കാലഘട്ടത്തില്‍, ഗാന്ധിജിയുടെ ആശയങ്ങളെ ചെറുത്തു തോല്‍പ്പിക്കാനായിരുന്നു ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരുന്നതെന്ന് ചരിത്രം പറയുന്നു. ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യ സ്വതന്ത്രയാക്കുക എന്നതിനേക്കാള്‍ അവര്‍ക്ക് വേണ്ടിയിരുന്നത് ഇന്ത്യയിലെ ജാതിവ്യവസ്ഥയും, പഴയ നാടുവാഴി വ്യവസ്ഥയും നിലനിര്‍ത്തുകയും അങ്ങനെ ഇന്ത്യയെ സവര്‍ണര്‍ക്ക് ആധിപത്യമുള്ള ഒരു ജാതി ജന്മി നാടുവാഴി വ്യവസ്ഥയില്‍ നിര്‍ത്തുകയും ചെയ്യുക എന്നുള്ളതായിരുന്നു. ഈ ചരിത്രം എങ്ങനെ തിരുത്തിയെഴുതാന്‍ സാധിക്കും? ഏത് പാര്‍ട്ടി ജയിച്ചാലും, ഏത് ഭരണാധികാരി ഭരിച്ചാലും ചരിത്രം ചരിത്രസത്യമായിത്തന്നെ നിലകൊള്ളും.

2017 ജനുവരി 20-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പും അമേരിക്കയുടെ ചരിത്രം തന്നെ മാറ്റിയെഴുതാനുള്ള തത്രപ്പാടിലാണ്, വിജയിക്കുമെന്നുറപ്പില്ലെങ്കിലും. ഭരണകക്ഷികളെ നൂറു ശതമാനം അംഗീകരിക്കുന്ന ഒരു പ്രതിപക്ഷ പാര്‍ട്ടിയും ഈ ഭൂമിയിലില്ല. ഒരു പാര്‍ട്ടി ചെയ്യുന്നത് മറുവശത്തുള്ളവര്‍ക്ക് ഇഷ്ടപ്പെടണമെന്നുമില്ല. ഒരാള്‍ ചെയ്യുന്നത് മറ്റൊരാള്‍ക്ക് ഇഷ്ടവുമാകില്ല എന്ന സത്യം നിലനില്‍ക്കേ തന്നെ, 'താന്‍ പറയുന്നതും ചെയ്യുന്നതും മാത്രമാണ് ശരി' എന്ന് ധരിച്ചുവശായി ഏതൊരു ഭരണാധികാരിക്കും മുന്നോട്ടുപോകാനുമാവില്ല. അമേരിക്കയുടെ നല്പത്തിയഞ്ചാം പ്രസിഡന്റായി അധികാരത്തില്‍ വന്ന ട്രം‌പ് ഏഴു ദിവസം കൊണ്ട് നാല്പത്തിയഞ്ച് കാര്യങ്ങളാണ് ചെയ്തതെന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയുടെ സാംഗത്യം വെളിപ്പെടുത്തുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അവസാന ദിവസങ്ങളില്‍ നടപ്പിലാക്കിയ പല ഉത്തരവുകളും റദ്ദാക്കിയതും, ഇനി അമേരിക്ക ലോക പോലീസ് വേഷം കെട്ടാനും തയ്യാറല്ല എന്ന തീരുമാനവും, അമേരിക്കന്‍ നികുതിദായകരുടെ പണമുപയോഗിച്ച് ലോകത്ത് ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് 'പ്രോത്സാഹനം' നല്‍കുന്ന പരിപാടി റദ്ദ് ചെയ്തതും, അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ നാടു കടത്തുന്നതും, അഭയാര്‍ത്ഥികളുടെ പേരില്‍ നുഴഞ്ഞു കയറുന്നവരെ പിടികൂടുകയോ അവര്‍ക്ക് പ്രവേശനം നിഷേധിക്കുകയോ ചെയ്യുന്നതൊക്കെ നല്ല കാര്യം തന്നെ. എന്നാല്‍, ആ പേരില്‍ കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നത് അമേരിക്കയുടെ ചരിത്രം തന്നെ മാറ്റിയെഴുതാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്. ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനത്തിന് അറുതി വരുമോ? സത്യത്തില്‍ ഈ ഏഴു രാജ്യങ്ങളിലെ പൗരന്മാരാണോ അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനം നടത്തിയത്?

തീവ്ര മുസ്ലീം ചിന്താഗതിക്കാരടങ്ങുന്ന രാജ്യത്തെ പൗരന്മാരെന്ന് അമേരിക്ക ആരോപിക്കുന്ന ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലേക്ക് വിസ അനുവദിക്കണമെങ്കില്‍ കടമ്പകളേറെ കടക്കാനുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസ അനുവദിക്കുന്നതിനു മുന്‍പ് അവരുടെ ബാക്ക്‌ഗ്രൗണ്ട് ചെക്ക് നടത്തിയതിനുശേഷമാണല്ലോ വിസ നല്‍കുന്നത്? എന്നാല്‍ അഭയാര്‍ത്ഥികളുടെ കാര്യം നേരെ തിരിച്ചാണ്. ട്രം‌പിന്റെ ഉത്തരവില്‍ പ്രത്യേകമായി പരാമര്‍ശിച്ചിരിക്കുന്ന മറ്റൊരു കാര്യമാണ് സിറിയിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ പലായനം ചെയ്യുന്ന സിറിയന്‍ ക്രിസ്ത്യാനികള്‍ക്കായിരിക്കും മുന്‍ഗണന കൊടുക്കുകയെന്ന്. ”ഇസ്ലാമിക തീവ്രവാദികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മാര്‍ഗമാണിത്. അത്തരക്കാരെ ആവശ്യമില്ലെന്നും അമേരിക്കയെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും” അദ്ദേഹം പറയുന്നു.

ട്രംപിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ഡെമോക്രാറ്റുകളും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ വിവാദ ഉത്തരവ് നൂറു കണക്കിന് യാത്രക്കാരെയാണ് രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളില്‍ അധികൃതര്‍ തടഞ്ഞു വെച്ചത്. ബോസ്റ്റണിലെ ലോഗന്‍, ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ. എന്നീ വിമാനത്താവളങ്ങളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ട്രംപ്പിന്റെ ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ പോയി തിരിച്ചു വന്നവരെയാണ് വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചത്. അവരില്‍ നിയമപരമായി അഭയാര്‍ത്ഥി സ്റ്റാറ്റസ് ഉള്ളവരും ഗ്രീന്‍ കാര്‍ഡുള്ളവരുമൊക്കെയുണ്ട്, സ്റ്റഡി ടൂറിനു പോയ അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുണ്ട്, എന്തിനു പറയുന്നു ഗൂഗിളിലെ ഉദ്യോഗസ്ഥര്‍ വരെയുണ്ട്. യാത്രയിലായിരുന്ന 200 ഉദ്യോഗസ്ഥരെയാണ് ഗൂഗിള്‍ തിരിച്ചു വിളിച്ചിരിക്കുന്നത്. ഏതായാലും ഫെഡറല്‍ കോടതി ട്രംപിന്റെ ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്തതുകൊണ്ട് തല്‍ക്കാലം പ്രശ്നം പരിഹരിച്ചേക്കാം. വിമാനത്താവളങ്ങളില്‍ തടഞ്ഞുവച്ച 200 ഓളം പേര്‍ക്ക് കോടതി ഉത്തരവിന്റെ പ്രയോജനം കിട്ടുമെന്നാണ് അമേരിക്കന്‍ സിവില്‍ ലിബേര്‍ട്ടീസ് യൂണിയന്‍ പറയുന്നത്. വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരെയാണ് ഉത്തരവ് വന്നതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെച്ചത്. സാധുവായ വിസയുണ്ടായിട്ടും തങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തതിനെതിരെയാണ് വിമാനത്താവളങ്ങളില്‍ പ്രതിഷേധം നടന്നത്. മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് മറുപടിയുമായി ഇറാനും ഇപ്പോള്‍ രംഗത്തെത്തി. മുസ്ലിം ജനതയ്ക്ക് പ്രവേശനം അനുവദിക്കാത്ത അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇറാനിലും പ്രവേശനം അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രാലയം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഓരോ രാജ്യത്തും അമേരിക്കന്‍ പൗരന്മാര്‍ക്ക് പ്രവേശനം നിഷേധിച്ചാലത്തെ അവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള ഈ അകല്‍ച്ച സൃഷ്ടിക്കുന്നത് അമേരിക്ക പോലെയുള്ള ഒരു ജനാധിപത്യ രാഷ്‌ട്രത്തിന് ചേര്‍ന്നതല്ല.

അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയും, നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തവര്‍ മേല്പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവരല്ല എന്നും ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു തുടങ്ങി. ഈ രാജ്യങ്ങളിലെല്ലാം ട്രം‌പിന് ബിസിനസ് സാമ്രാജ്യമുണ്ടെന്നും അതുകൊണ്ടാണ് അവരെ ഒഴിവാക്കിയതെന്നുമാണ് വിവിധ സംഘടനകള്‍ പറയുന്നത്. കൂടാതെ ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍ യെമന്‍ എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്മാരുടെ ഭാവി എന്താകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ടെന്ന് എസി‌എല്‍‌യു വക്താവ് പറഞ്ഞു. നാളെ ഇന്ത്യക്കാര്‍ക്കെതിരെയും ട്രം‌പ് തിരിയുകയില്ലെന്നെന്താണുറപ്പ്? തീവ്രവാദികളില്ലെങ്കിലും ഔട്ട്സോഴ്സിംഗില്‍ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടുകൊണ്ടായിരിക്കും ആ നീക്കം. ലക്ഷക്കണക്കിന് പേരെ അത് ബാധിക്കുകയും ചെയ്യും.

കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമിയാണ്‌ അമേരിക്ക എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തുടങ്ങിയതാണ്‌ ഈ കുടിയേറ്റ ചരിത്രം. 'റെഡ് ഇന്ത്യക്കാര്‍' ഏഷ്യയില്‍ നിന്ന് ബെറിംഗ് കടലിടുക്ക് വഴി അമേരിക്കയിലേക്ക്‌ കുടിയേറിയതോടെ അമേരിക്കന്‍ കുടിയേറ്റ ചരിത്രം ആരംഭിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളാണ് ഇതര മനുഷ്യസമൂഹങ്ങള്‍ അമേരിക്കയുടെ അസ്തിത്വം അറിയാതെ ഇവിടെ ജീവിച്ചത്. 1492-ല്‍ സ്പാനിഷ് സര്‍ക്കാരിന്റെ കീഴില്‍ കപ്പിത്താനായി സേവനം ചെയ്തിരുന്ന ക്രിസ്റ്റഫര്‍ കൊളംബസ് ഇന്നത്തെ ബഹാമാസ് ദ്വീപുകള്‍ കണ്ടെത്തിയതോടെയാണ് അമേരിക്കയില്‍ യൂറോപ്പിന്റെ അധിനിവേശം തുടങ്ങുന്നത്. യൂറോപ്യന്‍ കുടിയേറ്റത്തോടെയാണ് റെഡ് ഇന്ത്യക്കാര്‍ക്ക് സാംസ്കാരിക സ്വഭാവങ്ങള്‍ ഉരുത്തിരിഞ്ഞു തുടങ്ങിയതെന്ന് ചരിത്രം പറയുന്നു. യൂറോപ്യന്മാര്‍ എത്തുമ്പോള്‍ ജനസംഖ്യയില്‍ അവര്‍ ഒരു കോടിയോളമുണ്ടായിരുന്നു. ഭൂലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും മറഞ്ഞ് കഴിഞ്ഞിരുന്ന ഈ ജനതയുടെ ചരിത്രം മാറിമറിയുന്നത് യൂറോപ്യന്‍ കുടിയേറ്റത്തോടെയാണ്. ആ കുടിയേറ്റക്കാരുടെ കൂടെ വന്ന മാരകരോഗങ്ങള്‍ അവരെ നാമാവശേഷമാക്കി. ഇന്ന് അമേരിക്കയില്‍ തന്നെ ഏതാനും പ്രദേശങ്ങളില്‍ നേറ്റീവ് ഇന്ത്യക്കാര്‍ (Indian Reservations) സ്വയംഭരണത്തില്‍ ഒതുങ്ങി കഴിയുന്നു.

കുടിയേറ്റക്കാര്‍ ന്യൂയോര്‍ക്കിലെ എല്ലിസ് ഐലന്റില്‍ എത്തുന്നു (1890-ല്‍)





കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന ട്രം‌പിന്റെ അമ്മ മേരി ആന്‍ തന്നെ ഒരു കുടിയേറ്റക്കാരിയായിരുന്നില്ലേ? 1912 ല്‍ സ്‌കോട്ട്‌ലന്‍ഡിലെ ഒരു മത്സ്യത്തൊഴിലാളിയുടെ മകളായി ജനിച്ച മേരി സ്വന്തം രാജ്യത്തെ അരാജകത്വം മൂലവും, ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നു ആ രാജ്യം പട്ടിണിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തപ്പോള്‍, പട്ടിണി സഹിക്കാനാകാതെ വിസിറ്റിംഗ് വിസ തരപ്പെടുത്തിയാണ് ന്യൂയോര്‍ക്കിലേക്കു 'രക്ഷപ്പെട്ട'ത്. മേരി ആന്‍ എന്ന ട്രം‌പിന്റെ ആ അമ്മയും ചരിത്രത്തില്‍ ഇടം‌പിടിച്ചിട്ടുണ്ട്. അത് മാറ്റിയെഴുതാന്‍ ട്രം‌പിനെന്നല്ല ആര്‍ക്കും കഴിയില്ല. ലോംഗ് ഐലന്റില്‍ വീട്ടു ജോലിക്കാരിയായി ജീവിതമാരംഭിച്ച് 1936-ല്‍ ട്രം‌പിന്റെ പിതാവ് ഫ്രഡ് ട്രം‌പിനെ വിവാഹം കഴിക്കുന്നതുവരെ മേരിയുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. 1912-ല്‍ അമേരിക്കയിലെത്തിയ മേരിക്ക് 1942-ലാണ് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. അങ്ങനെ ഒരു കുടിയേറ്റക്കാരിയുടെ മകന്‍ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ തീവ്രവാദികളുടെ പേരു പറഞ്ഞ് കുടിയേറ്റ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് കുടിയേറ്റവിരുദ്ധമായാണ് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടത്. "എന്റെ പൂര്‍വ്വികര്‍ ജര്‍മ്മനിയില്‍ നിന്നും പോളണ്ടില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നും അമേരിക്കയിലേക്ക് എത്തിയവരാണ്. എന്റെ ഭാര്യയായ പ്രിസില്ലയുടെ രക്ഷിതാക്കളും ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്. നമ്മളതില്‍ അഭിമാനിക്കണം" സക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കിലൂടെ പ്രതികരിക്കുന്നു. "പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ച കുടിയേറ്റ വിരുദ്ധ ഉത്തരവുകളെ കുറിച്ച് നിങ്ങളെല്ലാവരെയും പോലെ എനിക്കും ആശങ്കയുണ്ട്. രാജ്യം സുരക്ഷിതമായിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ് പക്ഷേ അത് ഭീഷണി ഉയര്‍ത്തുന്നവരെ കേന്ദ്രീകരിച്ചാവണം. നമ്മുടെ സഹായം ആവശ്യമുള്ളവരെയും അഭയാര്‍ഥികളെയും നമ്മള്‍ സ്വീകരിക്കണം. ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പ് നമ്മള്‍ അത് നടപ്പിലാക്കിയിരുന്നെങ്കില്‍ പ്രിസില്ലയുടെ കുടുംബം അമേരിക്കയില്‍ ഉണ്ടാവുകയില്ലായിരുന്നു. നമ്മള്‍ കുടിയേറ്റക്കാരുടെ രാജ്യമാണ്. ലോകം മുഴുവനുമുള്ള സമര്‍ഥരും ബുദ്ധിമാന്‍മാരുമായ ആളുകള്‍ ഇവിടേക്ക് വരികയും തൊഴിലവസരം തേടുകയും ചെയ്യുമ്പോള്‍ നമ്മുക്കാണ് അത് ഗുണം ചെയ്യുകയെന്നും" സക്കര്‍ബര്‍ഗ് തന്റെ പോസ്റ്റിലൂടെ പറയുന്നു. കുടിയേറ്റക്കാരുടെ രാജ്യമായ അമേരിക്കയില്‍ കുടിയേറ്റത്തിന് തടയിടാന്‍ പൂര്‍‌വ്വികര്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഡോണാള്‍ഡ് ട്രം‌പിന്റെ അമ്മ അമേരിക്കയിലെത്തുകയുമില്ല ട്രം‌പ് പ്രസിഡന്റുമാകുമായിരുന്നില്ല.

ട്രം‌പിന്റെ ഭാര്യ, അമേരിക്കയുടെ 'പ്രഥമ വനിത' മെലാനിയ (46) യും ഒരു കുടിയേറ്റക്കാരിയാണ്. വിദേശത്ത് ജനിച്ച രണ്ടാമത്തെ അമേരിക്കന്‍ പ്രഥമ വനിത. ഇതിനു മുന്‍പ് പ്രസിഡന്റ് ജോണ്‍ ക്വിന്‍സി ആഡംസിന്റെ (1825-29) ഭാര്യ ലൂസിയ ആയിരുന്നു "പ്രഥമ വനിതാ പട്ടം" അലങ്കരിച്ച വിദേശ വനിത. ഇംഗ്ലണ്ടിലായിരുന്നു ലൂസിയ ജനിച്ചത്. യൂഗോസ്ലോവിയയുടെ ഭാഗമായിരുന്ന സ്ലോവേനിയയില്‍ ജനിച്ച മെലാനിയ 1996-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഫാഷന്‍ രംഗത്തെ സൂപ്പര്‍ മോഡലായ അവര്‍ 1998-ല്‍ ട്രം‌പിനെ കണ്ടുമുട്ടുകയും 2005-ല്‍ വിവാഹം കഴിക്കുകയും ചെയ്തു.
ഇന്ന് അമേരിക്കയുടെ സ്വന്തം പൗരന്മാരെന്ന് പറയാന്‍ ആരുണ്ടിവിടെ? ഇപ്പോഴുള്ളവരെല്ലാം തന്നെ കുടിയേറ്റക്കാരോ കുടിയേറ്റക്കാരുടെ പിന്‍‌തലമുറക്കാരോ ആണ്. അമേരിക്കയില്‍ ജനിച്ചതുകൊണ്ടും, പൗരത്വമെടുത്തതുകൊണ്ടും അവരെ "അമേരിക്കന്‍" പൗരന്‍ എന്ന് വിളിക്കുന്നു. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും അമേരിക്കയിലേക്ക് നിത്യേനയെന്നോണം കുടിയേറ്റ പ്രവാഹം നടന്നുകൊണ്ടിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ചില തീവ്ര ചിന്താഗതിക്കാരും അവര്‍ക്ക് കിട്ടിയ സൗഭാഗ്യങ്ങളെ ദുരുപയോഗം ചെയ്ത് രാജ്യത്ത് നാശങ്ങള്‍ വിതയ്ക്കുന്നു. അക്കൂട്ടരെ തെരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യാന്‍ മുന്‍ ഗവണ്മെന്റുകള്‍ക്ക് കഴിയാതെ പോയത് കുടിയേറ്റക്കാരുടെ കുറ്റമല്ല. ട്രം‌പ് പ്രഖ്യാപിച്ച ഏഴു രാജ്യങ്ങളില്‍ തീവ്രവാദികള്‍ സം‌ഹാരതാണ്ഡവമാടുമ്പോള്‍ അവരില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ പാലായനം ചെയ്യുന്നവര്‍ കൃസ്ത്യാനികള്‍ മാത്രമല്ല മുസ്ലീങ്ങളുമുണ്ട്. കലാപകാരികളില്‍ നിന്ന് രക്ഷപ്പെട്ടോടി വരുന്നവരോട്, അല്ലെങ്കില്‍ അവര്‍ക്ക് അമേരിക്കയില്‍ അഭയം കൊടുത്ത് പുതിയ നിയമം കൊണ്ടുവന്ന് ഇനി 'കൃസ്ത്യാനികള്‍ക്ക്' മാത്രമേ അഭയമുള്ളൂ എന്നു പറഞ്ഞ് മറ്റുള്ളവരെ വീണ്ടും കലാപകാരികള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് മനുഷ്യത്വപരമായ സമീപനമല്ല. ഇനി 'കൃസ്ത്യാനികളായ 'അഭയാര്‍ത്ഥികളുടെ' കൂട്ടത്തില്‍ മുസ്ലിം തീവ്രവാദികള്‍ വേഷപ്രഛന്നരായി കടന്നുകൂടുന്നില്ലെന്ന് എന്താണുറപ്പ്. ഫ്രാന്‍സിലും ജര്‍മ്മനിയിലുമൊക്കെ അതുതന്നെയല്ലേ നടന്നത്?

മേല്പറഞ്ഞ രാജ്യങ്ങളില്‍ തീവ്രവാദികള്‍ കൊന്നുതള്ളുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ തന്നെയാണ്. ആ കൊലയാളികളെ ഈ ഭൂമിയില്‍ നിന്നുതന്നെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? തീവ്രവാദികള്‍ മുസ്ലീങ്ങളല്ല, മുസ്ലീങ്ങള്‍ തീവ്രവാദികളുമല്ല. മതത്തിന്റെ 'സംരക്ഷകരെന്ന്' വിശേഷിപ്പിക്കുന്നവര്‍ ഭൂരിഭാഗവും താത്വികമായി മതവിരുദ്ധരാണ് എന്നതാണ് ആധുനിക ലോകത്തിന്റെ വലിയ ദുരന്തങ്ങളില്‍ ഒന്ന്. ബോംബും മാരകായുധങ്ങളുമായി ഇസ്ലാമിന്റെ സംരക്ഷകരാണെന്ന് സ്വയം പ്രഖ്യാപിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഒരു കൂട്ടം വികാരജീവികള്‍. യാഥാസ്ഥിതിക ചിന്താഗതി വെച്ചുപുലര്‍ത്തുന്നവര്‍ക്കിടയില്‍ അവരുടെ നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തി, അവരുടെ ഇഛയ്ക്ക് വിലങ്ങുതടിയാകുന്നവരെയെല്ലാം അവര്‍ കൊന്നൊടുക്കുന്നു, കൂട്ടത്തോടെ അഗ്നിക്കിരയാക്കുന്നു, നിരപരാധികളെ പച്ചയ്ക്ക് കഴുത്തറുക്കുമ്പോള്‍ അവര്‍ വിളിക്കുന്നത് 'അല്ലാഹു അക്‌ബര്‍'
എന്നാണ്. അറവു മാടുകളെപ്പോലെ മനുഷ്യരെ ട്രക്കുകളില്‍ കുത്തിനിറച്ച് വിജനമായ മരുഭൂമിയില്‍ കൊണ്ടുപോയി വൈക്കോല്‍ കൂനകള്‍ കൂട്ടിയിടുന്നത് പോലെ കൂട്ടിയിട്ട ശേഷം തുരുതുരാ വെടിവെച്ച് കൊല്ലുമ്പോള്‍ വിളിക്കുന്നതും 'അല്ലാഹു അക്ബര്‍' എന്നു തന്നെ. ചന്തകളിലും പൊതുസ്ഥലങ്ങളിലും വരുന്ന നിരപരാധികളുടെ ഇടയില്‍ ചാവേറായി പൊട്ടിത്തെറിക്കുമ്പോഴും വിളിക്കുന്നത്‌ അല്ലാഹു അക്ബര്‍ എന്നുതന്നെ. മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കൂടുന്ന വെള്ളിയാഴ്ചകളില്‍ ചാവേറുകളായി ഈ മനുഷ്യപിശാചുക്കള്‍ വന്ന് പൊട്ടിത്തെറിച്ച് നൂറു കണക്കിന് നിരപരാധികളെ കൊല്ലുന്നു. സ്വയം പൊട്ടിത്തെറിക്കുന്നതിനു മുന്‍പ് വിളിക്കുന്നതും 'അല്ലാഹു അക്ബര്‍' എന്ന്. അകാരണമായി ഒരു മനുഷ്യനെ കൊല്ലുന്നവന്‍ ഈ ഭൂമുഖത്തെ മുഴുവന്‍ മനുഷ്യരെയും കൊന്നവന് സമാനനനാണെന്ന വിശുദ്ധ ഖുര്‍ആന്റെ സുവ്യക്തമായ അധ്യാപനങ്ങളെ ഭ്രാന്തമായി തമസ്കരിച്ചുകൊണ്ടാണ് ഈ അല്ലാഹു അക്ബര്‍ വിളി ഉയരുന്നത്. ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചു കൂടാ എന്ന വിശുദ്ധ കല്പനക്കെതിരിലാണ് ഈ മനുഷ്യപ്പിശാചുക്കളുടെ കഠാരകള്‍ ഉയരുന്നത്. മനുഷ്യത്വത്തിന്റെ ഒരു കണികപോലുമില്ലാത്ത നിഷ്ഠൂരരാണവര്‍.

തന്റെ ആദര്‍ശത്തോട് നൂറുശതമാനം പ്രതിബദ്ധത പുലര്‍ത്തുമ്പോഴും അന്യരുടെ വിശ്വാസത്തില്‍ മുഹമ്മദ് നബി (സ്വ) കൈകടത്തിയിട്ടില്ല. തന്റെ അധികാര പരിധിയില്‍ അവര്‍ക്ക് എന്നും ആരാധനാ സ്വാതന്ത്യം നല്‍കിയിട്ടുണ്ട്. മദീന സന്ദര്‍ശിക്കാനെത്തിയ ക്രിസ്ത്യന്‍ സംഘത്തിന് പ്രാര്‍ത്ഥിക്കാന്‍ സ്വന്തം പള്ളിയില്‍ സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. സമാധാനത്തോടെ ജീവിക്കുന്ന അന്യ മതസ്ഥനായ സഹോദരനെ വധിക്കുന്നവന് സ്വര്‍ഗത്തിന്റെ പരിമളം പോലും നിഷിദ്ധമാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. ഏതെങ്കിലും അവിവേകികള്‍ ചെയ്യുന്ന തെററുകള്‍ക്ക് ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ പ്രതിഷ്ഠിക്കുന്നവര്‍ അറിയേണ്ടതാണ് ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍. ബഹുസ്വര സമൂഹങ്ങളില്‍ ഒരു മുസ്‌ലിം എങ്ങനെ വര്‍ത്തിക്കണമെന്നതിന് ഇനിയും ചരിത്രത്തില്‍ ഒട്ടേറെ നല്ല മാതൃകകളുണ്ട്. ഇസ്‌ലാമേതര ഭരണകൂടങ്ങളെ പ്രവാചകരും ഖലീഫമാരും എന്നും മാനിച്ച് ആദരിച്ചിരുന്നു. മൃഗങ്ങളോടും വൃക്ഷലതാദികളോടും ആകാശഭൂമിയോടും ആര്‍ദ്രതയോടെ വര്‍ത്തിക്കുകയും സഹവര്‍ത്തിത്വത്തിന്റെയും സമവായത്തിന്റെയും അനശ്വര പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്ത ആ മഹാത്മാവിന്റെ പേരില്‍ അക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും കോപ്പു കൂട്ടുന്നവര്‍ ഇസ്‌ലാമിന്റെ പേരു പോലും ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്തവരാണ്. ഇവര്‍ കാണിക്കുന്ന അവിവേകത്തിന് മുസ്‌ലിംകളെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവരുടെയും ഉദ്ദേശ്യശുദ്ധിയെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഇതെല്ലാം ഒരു നഗ്നസത്യമാണെന്നിരിക്കെ അമേരിക്കയുടെ കുടിയേറ്റനിയമത്തില്‍ മാറ്റം വരുത്തുന്നു എന്ന പേരില്‍ ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് സത്യത്തിനു നേരെ മുഖം തിരിക്കുന്നതിനു തുല്യമാണ്.

ട്രംപ് പ്രസിഡന്റായി അവരോധിതനായപ്പോള്‍ ഇന്ത്യക്കാരില്‍ ഒരു വിഭാഗത്തിന്റെ അമിത ആവേശപ്രകടനങ്ങളും കാണാനിടയായി. അമേരിക്കയെ രക്ഷിക്കാന്‍ 'ദൈവം രക്ഷകനെ' അയച്ചു എന്നുവരെ പോയി കമന്റുകള്‍. ഫെയ്സ്ബുക്കു വഴി പരസ്പരം പഴിചാരിയും ചെളിവാരിയെറിഞ്ഞും അവര്‍ ആഘോഷിച്ചു. ആര് ആരോട് എന്താണ് പറയുന്നതെന്നുപോലും ആലോചിക്കാതെ അര്‍മാദിച്ചു. ലേഖകനേയും ഒരു മിലിറ്റന്റ് അല്ലെങ്കില്‍ ഒരു തീവ്രവാദിയായി മുദ്രകുത്താനും ചിലര്‍ മടിച്ചില്ല. ഒബാമ കെയര്‍ റദ്ദു ചെയ്ത നടപടി ശരിയായില്ല എന്ന ഫെയ്സ്ബുക്കിലെ എന്റെ ഒരു ചെറിയ പോസ്റ്റിന് കമന്റുകളായി വന്നതില്‍ ചിലത് തീര്‍ത്തും അധിക്ഷേപം തന്നെയായിരുന്നു. ഒരുപക്ഷേ ട്രം‌പിന്റെ പ്രസ്താവനയില്‍ ഭ്രമിച്ചുവശായി എഴുതിയാകാം. പക്ഷെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റ് എഴുതിയത് ഒരു പ്രമുഖ സഭയിലെ പുരോഹിതനായാലോ? എന്നെ ഒരു അനധികൃത കുടിയേറ്റക്കാരനായും, അമേരിക്കയിലെ ക്രിസ്ത്യന്‍ പൗരന്മാരെ ചൂഷണം ചെയ്ത് ജീവിക്കുന്നവനും, നികുതി കൊടുക്കാത്തവനും, ഭീകരപ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്യുന്നവനെന്നുമൊക്കെ എഴുതുകയും, ഞാന്‍ ഒരു അമേരിക്കന്‍ വിരോധിയാണെങ്കില്‍ എന്നെ എഫ്ബിഐ പിടിക്കും എന്നുവരെ ആ പുരോഹിതന്‍ തട്ടിവിട്ടു. തീര്‍ന്നില്ല, എന്നോട് മക്കയിലേക്ക് പോകാനും അദ്ദേഹം ഉപദേശിച്ചു. ഒരു പുരോഹിതന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കടുത്ത ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. ആ സഭയിലെ എനിക്കറിയാവുന്ന പുരോഹിതരേയും നിരവധി സുഹൃത്തുക്കളേയും കുടുംബസുഹൃത്തുക്കളേയുമോര്‍ത്ത് ഞാന്‍ സം‌യമനം പാലിച്ചു. എന്റെ അന്വേഷണത്തില്‍ ഫെയ്സ്ബുക്കില്‍ രണ്ട് അക്കൗണ്ടുകളാണ് ഈ പുരോഹിതനുള്ളത്. ഒന്നില്‍ മാന്യമായ ആശയവിനിമയങ്ങളും ഫാമിലി ഫോട്ടോകളും കുറച്ച് ഫ്രണ്ട്സും, മറ്റൊന്നില്‍ രാഷ്‌ട്രീയപരമായ പോസ്റ്റുകളും, തീവ്ര സ്വഭാവമുള്ള ചിത്രങ്ങളും മറ്റും. ഇത്രയും വര്‍ഗീയത ആ അച്ചന്റെ മനസ്സില്‍ കടന്നുകൂടിയത് ട്രം‌പിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളും ഉത്തരവുകളുമാണെന്നതില്‍ സംശയമില്ല. ഇങ്ങനെയുള്ള അച്ചന്മാര്‍ സഭയ്ക്ക് തന്നെ ശാപമാണ്.

Monday, January 23, 2017

"മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു...മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു."

"മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു ...

ഹിന്ദുവായി മുസൽ‌മാനായി ക്രിസ്‌ത്യാനിയായി
നമ്മളെ കണ്ടാ‍ലറിയാതായി ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു ...

സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്‌നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കൽ വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു ..."

****ഈ ഗാനമെഴുതിയത് മുഹമ്മദ് നബിയോ, യേശുക്രിസ്തുവോ, ശ്രീരാമനോ, ശ്രീകൃഷ്ണനോ ഒന്നുമല്ല, വയലാര്‍ രാമവര്‍മ്മയാണ്. സംഗീതം നല്‍കിയത് ജി. ദേവരാജനും. അതും 1972-ല്‍. ഈ ഗാനത്തില്‍ പറയുന്ന അഭിപ്രായമാണ് എന്റേതും. 1972-ല്‍ നിന്ന് 2016-ല്‍ എത്തിനില്‍ക്കുമ്പോഴും അതിന്റെ പ്രസക്തി ഒട്ടും നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വയലാറിന്റെ ഉള്‍‌ക്കാഴ്ച എത്ര ബൃഹത്തായിരുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഈ ഗാനത്തിലടങ്ങിയിരിക്കുന്ന സാരാംശം നമുക്ക് മനസ്സിലാകുന്നത്. ആ കാലഘട്ടത്തില്‍ ജാതിയുടേയോ മതത്തിന്റേയോ പേരില്‍ മനുഷ്യര്‍ ആയുധമെടുത്തിരുന്നില്ല, പരസ്പരം സ്പര്‍ധ വെച്ചുപുലര്‍ത്തിയിരുന്നില്ല. പരസ്പര സ്നേഹത്തോടെയും, സൗഹാര്‍ദ്ദത്തോടെയും ജീവിച്ചിരുന്ന കാലമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ഇങ്ങനെ ഒരു ഗാനത്തിന്റെ ഈരടികളെഴുതാന്‍  പ്രചോദനമായത് എന്തായിരിക്കും? വരാന്‍ പോകുന്ന വിപത്തുകളായിരുന്നോ? 25 വര്‍ഷങ്ങള്‍ക്കിപ്പുറം ജാതിയുടേയും മതത്തിന്റേയും പേരില്‍, ദൈവങ്ങളെ പങ്കുവെയ്ക്കുന്നതിന്റെ പേരില്‍, ജനങ്ങള്‍ പരസ്പരം കലഹിച്ച് തമ്മില്‍ത്തല്ലി മരിക്കുമെന്നും, ബന്ധങ്ങളെല്ലാം ബന്ധനങ്ങളാകുമെന്നും അദ്ദേഹത്തിന് ദിവ്യദര്‍ശനം ഉണ്ടായിരുന്നോ? അതെ എന്നു തന്നെ വേണം പറയാന്‍.   ജാതിമതചിന്തകളും, പരസ്പരം കൊല്ലും കൊലയും എല്ലാം അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത്, സത്യത്തിനും ധര്‍മത്തിനും സ്ഥാനമില്ലാതാവുന്ന ഇക്കാലത്ത് എന്തുകൊണ്ട് കവിഹൃദയങ്ങളില്‍ ഇതുപോലെയുള്ള ഗാനങ്ങള്‍ പൊട്ടിമുളയ്ക്കുന്നില്ല? ഈ കാലഘട്ടത്തിലല്ലേ ഈ ഗാനത്തിന് കൂടുതല്‍ പ്രസക്തി? പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ നിത്യഹരിതമായി ഈ ഗാനം നിലകൊളളുന്നു. ഇനിയൊരു നൂറുസംവത്സരങ്ങള്‍ കഴിഞ്ഞാലും ഇതിന്റെ ആസ്വാദ്യത ഇതേപോലെ നിലനില്‍ക്കും.  കാരണം ഇതില്‍ സത്യമുണ്ട്. സത്യത്തെ നമുക്കൊരിക്കലും കുഴിച്ചുമൂടാനാകില്ല.

Tuesday, January 17, 2017

പുലിവാല് പിടിച്ച ആമസോണും തലതിരിഞ്ഞ ദേശീയപതാകയും

പ്രശസ്ത ആഗോള ഓണ്‍‌ലൈന്‍ ബിസിനസ് ഭീമനായ ആമസോണ്‍ ഡോട്ട് കോം തുടര്‍ച്ചയായി വിവാദങ്ങളില്‍ ചെന്നു പെടുന്നത് ഒരു പതിവായി തീര്‍ന്നിരിക്കുകയാണ്. ആമസോണ്‍ വഴി വിറ്റഴിക്കുന്ന ഉല്പന്നങ്ങള്‍ ഇന്ന് ലോകമെങ്ങും ലഭ്യമാണ്. സാധാരണക്കാര്‍ക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ കടകളില്‍ വാങ്ങാന്‍ കിട്ടുന്ന സാധനങ്ങള്‍ ആദായവിലയ്ക്ക് ആമസോണ്‍ വഴി വാങ്ങാവുന്നതുകൊണ്ട് കൂടുതല്‍ പേര്‍ ഈ ഓണ്‍ലൈന്‍ കച്ചവട ഭീമനെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു.

എന്നാല്‍, അറിഞ്ഞോ അറിയാതെയോ ഈ ഭീമന്‍ തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വൈവിധ്യങ്ങള്‍ നിറഞ്ഞ സാംസ്ക്കാരിക ഭാരതത്തിന്റെ പൈതൃകത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആമസോണ്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അടുത്ത നാളുകളില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞ ആഴ്ചയിലാണ് കാനഡ ആസ്ഥാനമായുള്ള ആമസോണ്‍ ഇന്ത്യന്‍ ദേശീയപതാകയുടെ രൂപത്തിലുള്ള ഡോര്‍ മാറ്റ് (ചവിട്ടി) വില്പനയ്ക്കായി ലിസ്റ്റ് ചെയ്തത്. അവയുടെ ഫോട്ടോകളും സൈറ്റില്‍ പ്രത്യക്ഷമായി. അത് കണ്ടുപിടിച്ച ഒരു ട്വിറ്റര്‍ ഉപഭോക്താവ് വിദേശകാര്യമന്ത്രി സുഷമസ്വരാജിന് ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. ട്വീറ്റില്‍ ഉടനടി മറുപടി കൊടുക്കുന്ന സുഷമ സ്വരാജ് പെട്ടെന്നു തന്നെ ആമസോണിന് ട്വീറ്റ് ചെയ്തു... "ഇന്ത്യയുടെ ദേശീയപതാകയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഉടനെ പിന്‍വലിക്കണം, ഇത് അനുസരിക്കാതിരുന്നാല്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ലെന്ന് മാത്രമല്ല നേരത്തെ ഇഷ്യൂ ചെയ്ത വിസയും റദ്ദാക്കും. ആമസോണ്‍ ഉടനെ മാപ്പുപറയണം." തീര്‍ന്നില്ല, കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷനോട് ആമസോണില്‍ നിന്നും വിശദീകരണം തേടാനും സുഷമ സ്വരാജ് നിര്‍ദ്ദേശിച്ചു. സംഭവം നയതന്ത്ര പ്രശ്‌നമായി വളരുമെന്നുറപ്പായ ആമസോണ്‍ ഉടനടി വെബ്‌സൈറ്റില്‍നിന്ന് ഉല്‍പന്നം പിന്‍വലിക്കുകയും നിരുപാധികം മാപ്പു പറയുകയും ചെയ്തു.

പക്ഷെ, ആമസോണ്‍ വീണ്ടും പുലിവാലു പിടിച്ചു. ഇതാ വരുന്നു മറ്റൊരു ഉല്പന്നം !! ഗാന്ധിജിയുടെ മുഖചിത്രമുള്ള വള്ളിച്ചെരിപ്പാണ് ഇത്തവണ ഓണ്‍‌ലൈനിലൂടെ വില്പനയ്ക്ക് വെച്ചത്. ഭാരതിയരെ സംബന്ധിച്ച് രാഷ്ട്രപിതാവിനോടുള്ള കടുത്ത അനാദരവാണ് ഈ ചെരിപ്പ്. ‘ഗാന്ധി ഫ്‌ളിപ് ഫ്‌ളോപ്‌സ്’ എന്ന പേരില്‍ ലിസ്റ്റ് ചെയ്തിരുന്ന ഒരു ജോഡി ചെരിപ്പിന് 16.99 ഡോളറായിരുന്നു വില. ഇത് ഇന്ത്യക്കാരെ മുഴുവനും പ്രകോപിപ്പിച്ചുവെന്നു മാത്രമല്ല, മലയാളികളുടെ ഹാക്കിംഗ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജ് പൊങ്കാലയ്ക്ക് ആഹ്വാനം നല്‍കിക്കൊണ്ട് ആമസോണിന്റെ ഔദ്യോഗിക ഫെയ്സ്ബുക്കില്‍ ആക്രമണം തുടര്‍ന്നു, അതും മലയാളികളുടെ തനതു ഭാഷയില്‍. കൂടാതെ ആമസോണിനെ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവുമായി BoycttoAmazon എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.

ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ആമസോണില്‍ നിന്നുണ്ടാകുന്നത് ആദ്യമല്ല. ഓം എന്ന് രേഖപ്പെടുത്തിയ അടിവസ്ത്രങ്ങള്‍, ഗണപതി, സരസ്വതി തുടങ്ങിയ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചവിട്ടികള്‍, ദേശീയപതാക ആലേഖനം ചെയ്ത പാദരക്ഷകള്‍ തുടങ്ങി വേറേയും ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ വില്‍ക്കുന്നുണ്ടായിരുന്നു. ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ട് പ്രതിഷേധമറിയിച്ചാല്‍ അവരതുടനെ പിന്‍‌വലിക്കും. പക്ഷെ, മറ്റൊരു ഉല്പന്നവുമായിട്ടായിരിക്കും വീണ്ടും സൈറ്റ് പ്രത്യക്ഷപ്പെടുക.

'ഫോര്‍ച്യൂണ്‍' എന്ന അമേരിക്കന്‍ ബിസിനസ് മാസികയുടെ 2013 ജനുവരി ലക്കത്തിന്റെ മുഖചിത്രം ആമസോണ്‍ സിഇഒ ജെഫ് ബോസിനെ ഹിന്ദു ദൈവമായ മഹാവിഷ്ണുവായി ചിത്രീകരിച്ചുകൊണ്ടായിരുന്നു പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഇതെന്ന് കാണിച്ച് ഒട്ടേറെ പേര്‍ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ആര്‍ട്ടിസ്റ്റ് നീഗല്‍ ബച്ചനാണ് കാര്‍ട്ടൂണിന്റെ രചയിതാവ്. വലതുകൈയ്യില്‍ ആമസോണിന്റെ ലോഗോയും മറുകൈയ്യില്‍ താമരയുമായി നില്‍ക്കുന്ന വിഷ്ണു ഭഗവാനായാണ് ജെഫ് ബോസിനെ ചിത്രീകരിച്ചിരുന്നത്. ഇന്ത്യയില്‍ ആമസോണിന്റെ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫോര്‍ച്ച്യൂണ്‍ മാസിക ആമസോണിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാല്‍, കാര്‍ട്ടൂണിനെതിരെ  ശക്തമായ പ്രതിഷേധമാണ് അന്ന് അമേരിക്കയിലും ഇന്ത്യയിലും നടന്നത്. ചിത്രം വിവാദമായതോടെ ഫോര്‍ച്ച്യൂണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് അലന്‍ മ്യുറേ ട്വിറ്ററിലെത്തി മാപ്പ് ചോദിച്ചു. ഹിന്ദുക്കള്‍ക്കിടയില്‍ ക്ഷേത്രങ്ങളില്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ദൈവമാണ് മഹാവിഷ്ണുവെന്നും അതിനാല്‍ നാടകീയ രംഗങ്ങള്‍ക്ക് വേണ്ടി പുനരാവിഷ്‌കരിക്കരുതെന്നും അന്ന് വിവിധ സംഘടനകള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ഗുരുത്വദോഷമാണോ അതോ അഹങ്കാരമാണോ എന്നറിയില്ല, ആമസോണിന് എന്തോ ശാപം കിട്ടിയിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കാം 2014-ല്‍ അവര്‍ വിവാദ ഉല്പന്നങ്ങളുമായി വീണ്ടും രംഗത്തെത്തിയത്. ഇത്തവണ അവര്‍ വില്പനയ്ക്കു വെച്ചത് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ലെഗിംഗ്സാണ്. 'യിസാം' എന്ന പേരിലാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുമായി ലെഗിംഗ്‌സും യോഗ പാന്റും അന്നവര്‍ പുറത്തിറക്കിയത്. ഗണപതി, ശിവന്‍, ബ്രഹ്മാവ്‌, വിഷ്ണു, മുരുകന്‍, ഹനുമാന്‍, രാമന്‍, രാധ-കൃഷ്ണ, കാളി തുടങ്ങിയ ചിത്രങ്ങള്‍ പതിച്ച വസ്ത്രങ്ങളായിരുന്നു ആമസോണ്‍ വില്പനയ്ക്കായി ലിസ്റ്റ് ചെയ്തത്. 48 മുതല്‍ 52 ഡോളര്‍ വരെയായിരുന്നു അതിന്റെ വില. സംഭവം വാര്‍ത്തയായതോടെ ആമസോണ്‍ 24 മണിക്കൂറിനകം ഉല്പന്നങ്ങള്‍ പിന്‍വലിച്ചു. വിവാദ ലെഗിംഗ്സിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരിന്നു. ഹിന്ദുക്കള്‍ ക്ഷേത്രങ്ങളിലും പൂജാമുറിയിലുമാണ് ദൈവങ്ങളെ ബഹുമാനത്തോടെ ആരാധിക്കുന്നത്. കാലിലും ജനനേന്ദ്രയത്തിലും അരക്കെട്ടിലുമൊക്കെ കച്ചവട താത്പര്യത്തോടുകൂടി ദൈവങ്ങളെ ചിത്രീകരിച്ചത് അനുവദിക്കാനാവില്ലെന്ന് അവര്‍ പ്രതികരിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ ലെഗിംഗ്സ് വില്പന അവസാനിപ്പിക്കാന്‍ ആമസോണ്‍ തീരുമാനിക്കുകയും മതവികാരണം വ്രണപ്പെടുത്തിയതില്‍ മാപ്പുചോദിക്കുകയും ചെയ്തു.

അടുത്തത് ഇന്ത്യന്‍ ദേശീയപതാകയാണ്. ഓരോ രാജ്യങ്ങള്‍ക്കും അവരുടെ ദേശീയ പതാകയുടെ ഉപയോഗത്തെക്കുറിച്ച് വ്യക്തമായ നിബന്ധനകളുണ്ട്. ഇന്ത്യന്‍ ദേശീയ പതാകയ്ക്കുമുണ്ട് നിബന്ധനകള്‍. ഇന്ത്യന്‍ ദേശീയ പതാകയുടേയും ദേശീയ ഗാനത്തിന്റേയും ചരിത്രത്തെക്കുറിച്ചും അവ ഉപയോഗിക്കുകയും ആദരിക്കുകയും ചെയ്യേണ്ട നിബന്ധനകളെക്കുറിച്ചും മറ്റും ഈ ലിങ്കുകളില്‍ ലഭ്യമാണ്: ദേശീയ പതാക - https://en.wikipedia.org/wiki/Flag_of_India, ദേശീയഗാനം - https://en.wikipedia.org/wiki/Jana_Gana_Mana. ഈ നിബന്ധനകള്‍ പാലിക്കാത്തവര്‍ ശിക്ഷാര്‍ഹരാണെന്ന കാര്യം പലരും മറക്കുന്നുണ്ടെന്ന് ചില സംഘടനകള്‍ ദേശീയപതാകയോട് കാണിക്കുന്ന അനാദരവില്‍ നിന്ന് മനസ്സിലാക്കാം. അമേരിക്കയിലെ പല സംഘടനകളും അക്കൂട്ടത്തില്‍ പെടും. ദേശീയ പതാക തലതിരിച്ചു കെട്ടിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ 'ഓ....അമേരിക്കയിലല്ലേ, ആര് കാണാന്‍' എന്നു പറയുന്നവരെയും കണ്ടിട്ടുണ്ട്.

ഇന്നലെ അബുദാബിയില്‍ കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ ദേശീയ പതാക തലതിരിച്ചാണ് പ്രദര്‍ശിപ്പിച്ചത്. സുസ്ഥിര ഊര്‍ജ്ജ കോണ്‍‌ഫറന്‍സില്‍ പങ്കെടുക്കാനാണ് മന്ത്രി അബുദാബിയിലെത്തിയത്. സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഹാലിഹുമായി മന്ത്രി പീയുഷ് ഗോയല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത ഫോട്ടോയുടെ പശ്ചാത്തലത്തിലാണ് തലതിരിഞ്ഞ ഇന്ത്യന്‍ ദേശീയ പതാക കാണുന്നത് (ചിത്രം കാണുക). സൗദി പ്രസ് ഏജന്‍സി ട്വീറ്റ് ചെയ്ത ചിത്രമാണത്.

2015 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലതിരിച്ച് കെട്ടിയ ദേശീയ പതാകയ്ക്കു മുന്‍പില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ആസിയാന്‍ ഉച്ചക്കോടിക്കിടെ മലേഷ്യയില്‍ മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ദേശീയ പതാക തലതിരിച്ച് കെട്ടിയിരുന്നത്. പല സന്ദര്‍ഭങ്ങളിലും മന്ത്രിമാര്‍ പോലും ഇന്ത്യന്‍ ദേശീയ പതാകയെ ശ്രദ്ധിക്കുന്നില്ലെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സംഭവങ്ങള്‍.
ഗാന്ധിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരിക്കാം കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രം, സ്കെച്ച് തുടങ്ങിയവ മോശം സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗാന്ധിജിയുടെ കണ്ണട, വാച്ച്, ചര്‍ക്ക തുടങ്ങിയവയുടെ ചിത്രങ്ങളും വികൃതമാക്കപ്പെടാവുന്ന രീതിയില്‍ ഉപയോഗിക്കരുതെന്നും, പൊതുകക്കൂസിന്‍െറ ഭിത്തി, ചവറ്റു കൊട്ട തുടങ്ങിയവയില്‍ അലങ്കാരമെന്ന പോലെ ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നും നിര്‍ദ്ദേശിക്കുന്നു. സ്വച്ഛ് ഭാരത് മിഷന്‍ പരിപാടികള്‍ക്കും ഗാന്ധി ചിത്രങ്ങളോ മഹാത്മാവിന്‍െറ ഉപയോഗവസ്തുക്കളോ ദുരുപയോഗം ചെയ്യരുതെന്നും പറയുന്നു. ഖാദി ഗ്രാമവ്യവസായ കോര്‍പറേഷന്‍െറ കലണ്ടറില്‍ നിന്നും ഡയറിയില്‍ നിന്നും ഗാന്ധിജിയെ കുടിയിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കുടിയേറിയതിനു പിന്നാലെയാണ് പുതിയ നിര്‍ദേശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പോയിരിക്കുന്നതെന്നത് വിരോധാഭാസമായി തോന്നുന്നു.


Friday, January 13, 2017

സ്‌ത്രീകളെ പേടിക്കുന്ന ദൈവങ്ങളോ?


  • ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനമില്ല.
  • മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനമില്ല.
  • ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കുകയില്ല (ചുരിദാറിന്റെ മേലെ മുണ്ടുടുത്താല്‍ പ്രവേശിക്കാം).
  • അമേരിക്കയില്‍ അനുവാദമില്ലാതെ സ്‌ത്രീയെ കെട്ടിപ്പിടിച്ച് സെല്‍‌ഫിയെടുത്തു !

സ്‌ത്രീകളോടുള്ള പുരുഷവര്‍ഗത്തിന്റെ സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട കാലം അതിക്രമിച്ചോ എന്ന് മേല്പറഞ്ഞ സംഭവങ്ങള്‍ വിളിച്ചോതുന്നു. അതില്‍ ആദ്യത്തെ മൂന്നെണ്ണം 'വിശ്വാസത്തിന്റെ' പേരിലാണെങ്കില്‍ നാലാമത്തേത് സ്ത്രീകള്‍ക്ക് നിര്‍ഭയമായി അവരുടെ പൗരാവകാശങ്ങള്‍ ആസ്വദിച്ചു ജീവിക്കാനോ, അതിക്രമങ്ങളും വിവേചനങ്ങളുമൊന്നുമില്ലാതെ, അവരുടെ വ്യക്തിസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നതില്‍ പുരുഷമേധാവിത്വം ഒരു തടസ്സമായി തീരുന്നുവോ എന്ന തരത്തില്‍ പലകോണുകളില്‍ നിന്നുള്ള നിയന്ത്രണം അദൃശ്യമായി തുടരുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നവോത്ഥാന പോരാട്ടങ്ങളും സ്ത്രീ മുന്നേറ്റങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായിത്തീര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍, സ്ത്രീകള്‍ക്കു നേരെ ഉയര്‍ന്നുവരുന്ന അവഗണനാ മനോഭാവം മാറ്റിയെടുക്കേണ്ടത് സാമൂഹ്യബാധ്യതയാണ്. ദൈവ വിശ്വാസത്തിന്റെ പേരില്‍, മതവിശ്വാസത്തിന്റെ പേരില്‍, ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകളില്‍ തളച്ചിടേണ്ടതാണോ സ്ത്രീ വംശം?

മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്‌ത്രീകളുടെ പ്രവേശനം നിരോധിച്ചത് ചില മതമൗലികവാദികളുടെ സമ്മര്‍ദ്ദം മൂലമാണ്. 15-ാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫിവര്യന്‍ പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഹാജി അലി ദര്‍ഗ. അറേബ്യന്‍ കടലില്‍ 500 അടി ഉള്ളിലേക്കുമാറി വര്‍ളി തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ദര്‍ഗ ലേഖകനും സന്ദര്‍ശിച്ചിട്ടുണ്ട്. 2010 വരെ ജാതിമതസ്‌ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാമായിരുന്ന ഈ ദര്‍ഗയില്‍ സ്‌ത്രീകളുടെ പ്രവേശനം നിരോധിച്ചത് 2012-ല്‍ ആണ്. എന്തു കാരണം കൊണ്ടാണെന്ന് നിരോധനം ഏര്‍പ്പെടുത്തിയ ട്രസ്റ്റ് വെളിപ്പെടുത്തിയില്ലെങ്കിലും മതമൗലികവാദികളുടെ സമ്മര്‍ദ്ദമാണെന്ന് പിന്നീട് അവര്‍ക്ക് സുപ്രീം കോടതിയില്‍ വെളിപ്പെടുത്തേണ്ടി വന്നു. ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍ (ബി.എം.എം.എ.) മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സ്‌ത്രീകള്‍ക്ക് അനുകൂലമായ വിധി വന്നിട്ടുപോലും ഹാജി അലി ട്രസ്റ്റ് അംഗീകരിച്ചില്ല. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് സ്‌ത്രീകള്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്. ഇതില്‍ നിന്ന് മനസ്സിലാകുന്നത് വിശ്വാസത്തെ കൂട്ടുപിടിച്ച് ചില മതമൗലികവാദികള്‍ സ്‌ത്രീകളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നു തന്നെയാണ്. കടലില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളിയ്ക്കകത്താണ് സൂഫിവര്യന്‍ പീര്‍ ഹാജി അലി ഷായുടെ ഖബറിടം. അവിടെ നിന്ന് പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ട ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. സ്‌ത്രീകളെ അങ്ങോട്ട് പ്രവേശിപ്പിക്കുന്നത് പാപമാണെന്നായിരുന്നു ദര്‍ഗ ഭാരവാഹികളുടെ വാദം. 2012 വരെ ഇല്ലാതിരുന്ന ഈ വിശ്വാസം എങ്ങനെ അവര്‍ക്ക് കിട്ടി എന്നത് അജ്ഞാതം.

ഇതേ രീതി തന്നെയാണ് മഹാരാഷ്‌ട്രയിലെ തന്നെ ശനി ഷിഗ്നാപൂര്‍ ക്ഷേത്ര പ്രവേശനവും സ്ത്രീകള്‍ നേടിയെടുത്തത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. അവിടെയും സ്ത്രീ മുന്നേറ്റ സംഘടനകള്‍ പ്രക്ഷോഭം തുടങ്ങിയപ്പോഴാണ് അധികൃതരുടെ കണ്ണു തുറന്നത്. ഭൂമാതാ റാണരാഗിണി ബ്രിഗേഡ് (ബി.ആര്‍.പി.) എന്ന സംഘടന പ്രക്ഷോഭം ആരംഭിക്കുകയും മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും തുടര്‍ന്ന് കോടതി ഉത്തരവിലൂടെയാണ് ഈ ക്ഷേത്രത്തിലേക്ക് സ്‌ത്രീ പ്രവേശനം അനുവദനീയമായത്. മാസങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഈ അവകാശം അവര്‍ നേടിയെടുത്തതെന്ന് ഓര്‍ക്കണം. മഹാരാഷ്ട്ര ഹിന്ദു പ്ലെയ്‌സ് ഓഫ് വര്‍ഷിപ് ആക്ട് 1956 പ്രകാരം ഏതെങ്കിലും ക്ഷേത്രത്തില്‍ സ്ത്രീകളെ വിലക്കിയാല്‍ ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ തന്നെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തിലും സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അടുത്തതായി ശബരിമലയിലെ സ്‌ത്രീ പ്രവേശനമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ശബരിമലയെക്കുറിച്ചും, അതിന്റെ ചരിത്രത്തെക്കുറിച്ചും അറിയാത്തവര്‍ വിരളമാണ്. എന്നാല്‍, അവിടെയും സ്ത്രീ പ്രവേശനം നിഷിദ്ധമാണ്. 55 വയസ്സു കഴിഞ്ഞ സ്‌ത്രീകള്‍ക്കു മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കൂ എന്ന് ക്ഷേത്രഭാരവാഹികളും ദേവസ്വം ബോര്‍ഡും ശഠിക്കുമ്പോള്‍ അതെന്തുകൊണ്ടാണെന്ന് പുരോഗമനവാദികളും കോടതിയും ചോദിക്കുന്നു. ചരിത്രപരമായ, വിശ്വസനീയമായ ഒരു വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നുമില്ല. ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമുണ്ടോ എന്നാണ് സുപ്രീം കോടതി ചോദിച്ചത്. പത്തിനും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പണ്ടുമുതലേ പ്രവേശം അനുവദിച്ചിരുന്നില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ ന്യായീകരണത്തിന് 1500 വര്‍ഷം മുമ്പ് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നോ എന്ന് ആര്‍ക്കാണറിവ് എന്നാണ് കോടതി ചോദിച്ചത്. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകണോ വേണ്ടയോ എന്നത് അവരുടെ താല്‍പര്യമാണ്. ആര്‍ക്കാണത് തടയാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു. എന്നാല്‍ പാരമ്പര്യവാദങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ പറയുന്നു സ്‌ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്ന്. അതിന് അവര്‍ പറയുന്ന ന്യായീകരണം 41 ദിവസത്തെ വ്രതവും ആര്‍ത്തവവുമാണ്. ആര്‍ത്തവകാലത്ത് വീട്ടില്‍ വിളക്ക് വെയ്ക്കാത്ത, അമ്പലങ്ങളിലും പള്ളികളിലും പോകാത്ത സ്ത്രീകളുള്ള നാട്ടില്‍, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ പ്രവേശനം വേണമെന്ന് പറഞ്ഞാല്‍ അതു നടക്കുന്ന കാര്യമല്ലെന്നാണവര്‍ പറയുന്നത്. എന്നാല്‍ രാഷ്ട്രീയവും ആചാരങ്ങളും തമ്മില്‍ കൂട്ടികുഴയ്ക്കരുതെന്ന് പറയുന്നവരും നിരവധിയാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവബുദ്ധിമുട്ട് ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ കയറുന്നതിന് മേല്‍പ്പറഞ്ഞ ക്ഷേത്രത്തിലെ താന്ത്രിക സങ്കല്‍പ്പം തടസ്സമാണെങ്കില്‍ അത് കാലോചിതമായി പരിഷ്‌കരിക്കപ്പെടേണ്ടതല്ലേ എന്നാണ് പുരോഗമനവാദികള്‍ ചോദിക്കുന്നത്.

ആര്‍ത്തവകാലത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വീടിന്റെ അടുക്കളകളില്‍ പോലും പ്രവേശനമില്ലാത്ത വീടുകളുണ്ട്. സ്‌ത്രീകളെ അകറ്റി നിര്‍ത്താന്‍ മാത്രം അത്രക്കും അപകടകാരിയാണോ അയിത്തം കല്പിക്കുന്ന ആര്‍ത്തവകാലം? സന്താനോല്പാദനത്തിന് വളരെ പ്രധാനപ്പെട്ട ഒരു ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. അതും ദൈവീകമായ വരദാനം. ആര്‍ത്തവം ജൈവികമായ സ്വാഭാവിക പ്രക്രിയാണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ ആര്‍ത്തവകാല വിലക്കുകള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിലനില്‍ക്കുന്നു. ശബരിമല സീസണ്‍ ആയിക്കഴിഞ്ഞാല്‍ പമ്പയിലേക്കുള്ള ബസുകളില്‍ പോലും സ്‌ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. പുരുഷന്നും സ്ത്രീക്കും ഒരുപോലെ പൊതുസ്ഥലങ്ങളും പൊതു സര്‍വീസുകളും ഉപയോഗിക്കാന്‍ തുല്യമായ അവകാശം ഭരണഘടനയിലൂടെ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തുടരുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നാണ് ബി.ആര്‍.പി പോലുള്ള സ്‌ത്രീ മുന്നേറ്റ സംഘടനകളുടെ വാദം. ആര്‍ത്തവം ദൈവീകമാണെങ്കില്‍ ആ ദൈവത്തെ കാണാന്‍ എന്തുകൊണ്ടാണ് സ്‌ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്നും അവര്‍ ചോദിക്കുന്നു.
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചുള്ള തര്‍ക്കം ഇത്രയും രൂക്ഷമാകാന്‍ കാരണം രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ ഇടപെടലാണെന്ന് വ്യക്തമാണ്. മാറിമാറി വന്ന ഇടതു വലതു സര്‍ക്കാരുകള്‍ അവരവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ചരിത്രം വളച്ചൊടിക്കുകയും, കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ സുപ്രീം കോടതി വരെ കേസ് എത്തിയത്. എന്തുകൊണ്ടാണ് സ്ത്രീകളെ നിരോധിച്ചതെന്നുള്ള ചോദ്യത്തിന് വിശ്വാസയോഗ്യമായ ഉത്തരം നല്‍കാന്‍ ഇതുവരെ ക്ഷേത്രക്കമ്മിറ്റിയ്ക്കോ ദേവസ്വം ബോര്‍ഡിനോ സാധിച്ചിട്ടില്ല. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നോ, സ്ത്രീകള്‍ അവിടെ പൂജ ചെയ്തിരുന്നോ, സ്ത്രീകള്‍ വേദമന്ത്രങ്ങള്‍ ഉച്ചരിക്കാന്‍ പാടില്ലെന്ന ആചാരമുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ ക്ഷേത്രാധികാരികള്‍ക്ക് കഴിഞ്ഞില്ല. പക്ഷെ, സ്ത്രീകള്‍ക്ക് അനുകൂലമായ സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ശബരിമല വിഷയം കോടതി സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് സാഹചര്യം മുതലെടുത്ത് മഹാരാഷ്‌ട്രയിലെ സ്ത്രീസന്നദ്ധ സംഘടനകള്‍ ജനുവരിയില്‍ ശബരിമലയിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കേ തന്നെ അയ്യപ്പന് സ്‌ത്രീകളെ ഭയമാണെന്ന വാദവുമായി ഡി.സി. ബുക്സ് ഒരു വീഡിയോ ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. അയ്യപ്പനെന്തിനാണ് പെണ്ണിനെപ്പേടി എന്ന് വാദിക്കുന്ന "റെഡി ടു വിസിറ്റ്" എന്ന ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ആര്‍ത്തവം ദൈവീകമാണെന്നും അതിന്റെ പേരില്‍ സ്ത്രീകളെ വിലക്കരുതെന്നും ആല്‍ബത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. എസ്.വി റിഷിയുടെ രചനയ്ക്ക് ദൃശ്യാവിഷ്‌കാരവും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സഞ്ജീവ് എസ് പിള്ളയാണ്. ദീപയാണ് ആല്‍ബത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്.

https://youtu.be/p-pri2eDEa4

അടുത്തത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രമാണ്. വിശ്വപ്രശസ്തമായ ഈ ക്ഷേത്രത്തിലെ ആചാരങ്ങള്‍ അതിവിചിത്രവും സാമൂഹ്യനീതിക്ക് ചേരാത്തതുമാണ്. മാന്യമായി വസ്ത്രം ധരിച്ച് ഏതു സ്‌ത്രീക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന കോടതി വിധി നിലനില്‍ക്കേ 'ഞങ്ങളതിനു സമ്മതിക്കില്ല' എന്ന ശാഠ്യവുമായി ക്ഷേത്രം അധികൃതരും ചില ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയത് അപലപനീയമാണ്. ആചാരമനുസരിച്ച് ചുരിദാറിന് മുകളില്‍ മുണ്ട് ധരിച്ചാല്‍ മാത്രമേ ക്ഷേത്രത്തില്‍ കയറ്റുകയുള്ളൂവെന്ന വിചിത്രമായ വാദവുമായാണ് അവര്‍ ചുരിദാര്‍ ധരിച്ചെത്തിയ സ്‌ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്. പുരുഷന്മാര്‍ മുണ്ടു മാത്രമുടുത്ത് ബാക്കിഭാഗം നഗ്നമാക്കി ക്ഷേത്രത്തില്‍ പ്രവേശിക്കാം. മാന്യമായി വേഷം ധരിച്ചെത്തുന്ന സ്‌ത്രീകളോട് "പോയി മുണ്ടുടുത്തോണ്ട്  വാ പെണ്ണേ" എന്നു പറഞ്ഞ് തിരിച്ചയക്കുന്നത് ദൈവത്തെപ്പോലും വെല്ലുവിളിക്കുന്നതിനു തുല്യമല്ലേ?

ഇനി അമേരിക്കയിലെ മലയാളി സ്‌ത്രീകളിലേക്ക് വരാം. കേരളത്തിലെപ്പോലെ ആരാധനാലയങ്ങളില്‍ അവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഈ രാജ്യത്തെ നിയമവ്യവസ്ഥ അത് അംഗീകരിക്കുകയുമില്ല. അപ്പോള്‍ കര്‍ശനമായ നിയമവ്യവസ്ഥയുണ്ടെങ്കില്‍ ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും, സ്‌ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാന്‍ ബുദ്ധിമുട്ടില്ല എന്നു സാരം. അമേരിക്കയില്‍ സ്ത്രീപ്രാതിനിധ്യമില്ലാത്ത ഒരൊറ്റ സംഘടന പോലുമില്ലെന്നു പറയാം. മിക്കവാറും എല്ലാ സംഘടനകള്‍ക്കും വിമന്‍സ് ഫോറം അല്ലെങ്കില്‍ വിമന്‍സ് വിംഗ് ഉണ്ട്. നിരവധി ആക്റ്റിവിസ്റ്റുകള്‍ അവയില്‍ അംഗങ്ങളായുമുണ്ട്. ഒരു പോഷക സംഘടനപോലെ അവര്‍ മാതൃസംഘടനകളുടെ ഉന്നമനത്തിനും, അതുവഴി സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തികള്‍ ചെയ്തുവരുന്നു. തൊഴില്‍ മേഖലകളില്‍ അവര്‍ ഉന്നതിയിലെത്തുന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വീണുകിട്ടുന്ന സമയം അവര്‍ സാമൂഹ്യസേവനത്തിനു വേണ്ടി നീക്കിവെയ്ക്കുന്നു. എന്നാല്‍, കുടുംബത്തിലെ പുരുഷന്മാരുടെ രക്ഷാകര്‍തൃത്വത്തിലല്ലാതെ സൂര്യാസ്തമയത്തിനുശേഷം 'നല്ല സ്ത്രീകള്‍' വീട്ടിനുപുറത്തിറങ്ങുകയില്ലെന്ന ധാരണ മനസ്സുകളില്‍ ആഴത്തില്‍ ഉറഞ്ഞുകിടക്കുന്ന ചില മലയാളികള്‍ അമേരിക്കയിലുമുണ്ട്. അവര്‍ സ്വന്തം ഭാര്യമാര്‍ മറ്റു പുരുഷന്മാരുമായി ചേര്‍ന്ന് സംഘടനാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതില്‍ അതൃപ്തിയുള്ളവരുമാണ്. അമേരിക്കയിലെത്തിയിട്ടും, ഔദ്യോഗിക-സാമ്പത്തിക-സാമൂഹിക-സാംസ്ക്കാരികപരമായി ഉന്നതിയിലെത്തിയിട്ടും ഈ ചിന്താഗതി വെച്ചുപുലര്‍ത്തുന്നവര്‍ അനവധിയുണ്ടിവിടെ. എവിടെയും പുരുഷന്മാര്‍ മാത്രം മതി. സ്ത്രീകള്‍ ധനസമ്പാദനത്തിനും മക്കളെ പ്രസവിക്കാനും മാത്രമുള്ള ഉപകരണമായി മാത്രം അവര്‍ കാണുന്നു.
എന്നാല്‍, അമേരിക്കന്‍ മലയാളികളില്‍ തന്നെ അറിയപ്പെടുന്ന നിരവധി സ്‌ത്രീകളെ നമുക്ക് പൊതുവേദികളില്‍ കാണാന്‍ കഴിയും. സംഘടനാ നേതൃത്വം വഹിക്കുന്നവര്‍ നിരവധിയുണ്ട്. അവര്‍ വളരെ സോഷ്യലായി എല്ലാവരോടും ഇടപെടുന്നു. ആ ഇടപെടല്‍ കാണുമ്പോള്‍ ചിലരുടെ മനസ്സുകളില്‍ "ലഡ്ഡു പൊട്ടുന്നത്" സ്വാഭാവികം. ലഡ്ഡു പൊട്ടിക്കാന്‍ നടക്കുന്ന സ്‌ത്രീകളുമുണ്ടാകാം. പക്ഷെ, 'കം‌ഫര്‍ട്ട് സോണില്‍' നിന്നുകൊണ്ടുതന്നെ അവര്‍ പുരുഷന്മാരോടിടപെടുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നു, തമാശകള്‍ പറയുന്നു, പൊട്ടിച്ചിരിക്കുന്നു, കുശലാന്വേഷണങ്ങള്‍ നടത്തുന്നു, ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു..... എല്ലാം വിശ്വാസത്തിന്റെ പേരില്‍. ഏതെങ്കിലും സ്‌ത്രീകള്‍ അല്പം അമിതസ്വാതന്ത്ര്യം കാണിച്ചാല്‍ 'മനസ്സില്‍ ലഡ്ഡു പൊട്ടുന്നവര്‍' സാഹചര്യം ചൂഷണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, ആ ചൂഷണത്തെ സ്‌ത്രീ എതിര്‍ക്കുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്താല്‍ അവളെ സമൂഹത്തിനു മുന്‍പില്‍ അപഹാസ്യയാക്കാനായിരിക്കും പിന്നെയുള്ള ശ്രമം. എന്തുകൊണ്ടാണ് പുരുഷന്മാര്‍ക്ക് ഇങ്ങനെയൊരു മാനസിക വൈകൃതമുണ്ടാകുന്നത്? എന്തുകൊണ്ടാണ് സംഘടനകളും പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഏറെ സജീവമായിട്ടും, സാമൂഹ്യ-സാംസ്ക്കാരിക-തൊഴില്‍ മേഖലകളില്‍ ശാക്തീകരണ വഴിയില്‍ സ്‌ത്രീകള്‍ ഏറെ മുന്നോട്ടു ഗമിച്ചിട്ടും, വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക സുരക്ഷിതത്വവും ഇന്നും അവള്‍ക്ക് അപ്രാപ്യമാവുന്നത്?




Tuesday, January 10, 2017

നഴ്സിംഗ് രംഗത്തെ വെല്ലുവിളികളും നിയമക്കുരുക്കില്‍ പെടുന്ന നഴ്സുമാരും (ഭാഗം രണ്ട്)

കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചതുപോലെ ഇതൊരു നിയമോപദേശമോ മറ്റേതെങ്കിലും തരത്തില്‍ ഗവണ്മെന്റ് സം‌വിധാനത്തെ അട്ടിമറിക്കാനുള്ള വളഞ്ഞ വഴി ഉപദേശിക്കുകയോ അല്ല. സാധാരണ പൊതുജനങ്ങള്‍ അറിയാത്ത നിരവധി ഘടകങ്ങള്‍ സര്‍ക്കാര്‍ സം‌വിധാനത്തിലുണ്ട്. ലേഖനത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ ഒരുപക്ഷെ കേസുകളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ഉപകാരപ്പെട്ടേക്കാം.  നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുതന്നെ നിയമപരമായിത്തന്നെ ഏത് കേസും വാദിച്ച് ജയിക്കാം. എന്നാല്‍ നിയമത്തെ ധിക്കരിച്ചുകൊണ്ട് ഒന്നും നേടാന്‍ കഴിയില്ലെന്നുകൂടി വ്യക്തമാക്കുകയും ചെയ്യുന്നു. ഓരോരോ കേസുകള്‍ക്കും വ്യത്യസ്ത സമീപനമാണ് സ്വീകരിക്കേണ്ടത്. അവയുടെ  നിയമസാധുതയെക്കുറിച്ച് അഭിഭാഷകരുമായി സംസാരിച്ചതിനുശേഷമേ തീരുമാനമെടുക്കാവൂ.  കോടതികളില്‍ ബോധിപ്പിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായിരിക്കണമെന്നു മാത്രമല്ല തെളിവുകളും ഹാജരാക്കണം. ഇംഗ്ലീഷ് ഭാഷയിലെ പ്രയോഗങ്ങള്‍ അറിയാത്തവര്‍ പരിഭാഷകരെ നിയോഗിക്കാം. അതും കോടതികളില്‍ അനുവദനീയമാണ്. സ്വന്തം ചിലവില്‍ പരിഭാഷകരെ നിയോഗിക്കാന്‍ കഴിവില്ലെങ്കില്‍ ആ വിവരം കോടതിയെ അറിയിച്ചാല്‍ സര്‍ക്കാര്‍ ചിലവില്‍ അവരെ നിയോഗിച്ചുതരും. യാതൊരു കാരണവശാലും പക്ഷഭേദം കാണിക്കാത്ത ജഡ്ജിയാണ് തീര്‍പ്പു കല്പിക്കുന്നതെന്നും, കോടതികളില്‍ വൈകാരികഭാവങ്ങള്‍ക്കോ പ്രകോപിത വികാരങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ലെന്നും ഓര്‍ക്കണം. കൂടാതെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ ജഡ്ജിമാര്‍ എല്ലാവരും ശ്ലാഘ്യമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് പ്രീതി സമ്പാദിച്ചവരാണ്. യാതൊരുവിധത്തിലുമുള്ള വിവേചനവും കാണിക്കാത്ത വ്യക്തിത്വത്തിനുടമകളാണ് എല്ലാവരും.

ലോംഗ് ഐലന്റില്‍ അറസ്റ്റിലായ നഴ്സുമാരെ സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് പ്രൊസിക്യൂട്ട് ചെയ്തു കാണാനിടയില്ലെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. എങ്കിലും അവരുടെ കേസ് ഫയലുകള്‍ ലീഗല്‍ അഫയേഴ്സില്‍ എത്തിക്കാണണം. ആ  വിവരം അറ്റോര്‍ണി ജനറല്‍ ഓഫീസിനും (ഏജീസ്) അറിയാം. ഇങ്ങനെയുള്ള കേസുകളില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് തീരുമാനമെടുക്കുന്നത് എജീസ് ഓഫീസിന്റെ തീരുമാനം കഴിഞ്ഞതിനുശേഷമായിരിക്കും. അവരുടേത് ക്രിമിനല്‍ വകുപ്പാണെന്നുള്ളതുകൊണ്ട് നഴ്സിംഗ് ലൈസന്‍സിനെ നേരിട്ട് ബാധിക്കുന്നത് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റേയും എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റേയും വിചാരണയ്ക്കു ശേഷമായിരിക്കും. ഒരു കേസിന് മൂന്ന് ശിക്ഷയോ എന്ന് പലരും സംശയിച്ചേക്കാം. എന്നാല്‍ അതാണ് നിയമം. തന്നെയുമല്ല, ഒരു കേസില്‍ ഉള്‍പ്പെട്ട മെഡിക്കല്‍ പ്രൊഫഷണലുകള്‍ അവരുടെ കേസ് തീര്‍പ്പാക്കുന്നതുവരെ ഏതെങ്കിലും മെഡിക്കല്‍ ഫെസിലിറ്റികളില്‍ സമാന ജോലി ചെയ്യാന്‍ അനുവദിക്കുന്നതുമല്ല.

അറ്റോര്‍ണി ജനറല്‍ കേസ് വിചാരണ നടത്തുന്നത് കോടതികളിലാണ്. എന്നാല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് വിചാരണ നടത്തുന്നത് റീജന്‍ ഓഫീസുകളിലെ ഹിയറിംഗ് റൂമുകളിലുമാണ്. മേല്പറഞ്ഞ നഴ്സുമാരുടെ കേസുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇതിനോടകം തന്നെ സ്റ്റേറ്റ് ‌ഇന്‍‌വെസ്റ്റിഗേറ്റര്‍ ശേഖരിച്ചുകാണും.    കിട്ടാവുന്നതിന്റെ പരമാവധി വിവരങ്ങള്‍ അവര്‍ ശേഖരിക്കും. അതില്‍ അബ്യൂസ് ചെയ്ത വ്യക്തിയുടെ അല്ലെങ്കില്‍ വ്യക്തികളുടെ പൂര്‍ണ്ണ വിവരങ്ങള്‍, അബ്യൂസ് ചെയ്യപ്പെട്ട റസിഡന്റിന്റെ പൂര്‍ണ്ണവിവരങ്ങള്‍, സാക്ഷി മൊഴി, ഫോട്ടോഗ്രാഫുകള്‍, റസിഡന്റിന്റെ കെയര്‍ പ്ലാന്‍, കഴിക്കുന്ന മരുന്നുകള്‍, അലര്‍ട്ട് ഇന്‍ഫര്‍മേഷന്‍, നഴ്സിംഗ് സൂപ്പര്‍‌വൈസര്‍/ഡയറക്ടര്‍/അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം പ്രത്യേക ഫോര്‍മാറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കൂടാതെ അവര്‍ ജോലിക്ക് അപേക്ഷിച്ച സമയത്തുള്ള രേഖകളും, ബയോഡേറ്റയുമോക്കെ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ഫയല്‍ ആയിരിക്കും ലീഗല്‍ അഫയേഴ്സില്‍ എത്തുക. ഒരു റസിഡന്റ് മരിച്ചതുകൊണ്ട് ഈ കേസ് അല്പം സങ്കീര്‍ണ്ണമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് പ്രഗത്ഭരായ അഭിഭാഷകരെ വേണം ഈ കേസ് ഏല്പിക്കാന്‍ എന്ന് കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞത്.

ഒരു കേസ് ഫയല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് അറ്റോര്‍ണിയുടെ കൈയ്യില്‍ എത്തുന്നതിനുമുന്‍പ് അതിലെ വിവരങ്ങള്‍ ട്രാക്കിംഗ് സിസ്റ്റത്തില്‍ എന്‍‌ട്രി ചെയ്യുന്നതോടെ കേസ് നമ്പര്‍ ലഭിക്കുന്നു. ഈ നമ്പറിലാണ് പിന്നീട് എല്ലാ കറസ്പോന്‍ഡന്‍സും നടക്കുന്നത്. ഫയലില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഡോക്യുമെന്റാണ് 'കേസ് ഹിസ്റ്ററി.' കേസിനെക്കുറിച്ച് ചുരുക്കിയെഴുതിയിരിക്കുന്ന ആ ഹിസ്റ്ററിയില്‍ എല്ലാമുണ്ടാകും. അതിന്റെ സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റ്സ് വേറെയും. കേസില്‍ തീര്‍പ്പു കല്പിക്കാന്‍ വര്‍ഷങ്ങളോളം ഫയല്‍ സൂക്ഷിക്കാറില്ല. കേസ് ഹിസ്റ്ററി വായിച്ചു കഴിയുമ്പോള്‍ അറ്റോര്‍ണിക്ക് കേസിനെക്കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടും. പിന്നെ സമയം കളയാതെ ഒരു ലറ്റര്‍ പ്രതിക്ക് അയക്കുകയാണ് ആദ്യം ചെയ്യുന്നത്. 'Commissioner's Designee Letter' എന്നറിയപ്പെടുന്ന മൂന്നു പേജുള്ള ആ ലറ്ററില്‍ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കേസ് ഹിസ്റ്ററിയില്‍ ചുരുക്കിയെഴുതിയിരിക്കുന്ന ഭാഗം പകര്‍ത്തിയതായിരിക്കും. പിന്നെ കേസിന്റെ വകുപ്പുകള്‍, നിബന്ധനകള്‍, പ്രതിയുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. കൂടാതെ, "ഈ കേസ് ചോദ്യം ചെയ്യപ്പെടുകയോ, കുറ്റകൃത്യം നിഷേധിച്ച് ഡിപ്പാര്‍ട്ട്മെന്റിനെ വെല്ലുവിളിക്കുകയോ ചെയ്താല്‍ സ്റ്റേറ്റിന്റെ പ്രൊസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നു മാത്രമല്ല, ഒരുപക്ഷെ ലൈസന്‍സ് നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും, കേസില്‍ തോറ്റാല്‍ ഓരോ കുറ്റത്തിനും രണ്ടായിരം ഡോളര്‍ വീതം പിഴയടക്കേണ്ടിയും വരും.." എന്ന് പ്രത്യേകം എഴുതിയിട്ടുണ്ടാകും. ഈ ഭാഗം ഒരു 'ട്രാപ്പ്'  ആണെന്ന് പലര്‍ക്കും അറിയില്ല. അശ്രദ്ധകൊണ്ടോ അജ്ഞത കോണ്ടോ ആ ട്രാപ്പില്‍ കുരുങ്ങിയവര്‍ നിരവധിയാണ്. ആ ലറ്ററിന്റെ കൂടെ മൂന്ന് അറ്റാച്മെന്റുകളുണ്ടാകും. അവ ഇപ്രകാരമാണ്: 1) WAIVER FORM - "ലറ്ററില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണ്. ഞാന്‍ അത് സമ്മതിക്കുന്നു. കമ്മീഷണറുടെ തീരുമാനങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നു...എനിക്കതില്‍ യാതൊരു പരാതിയുമില്ല. എന്റെ ലൈസന്‍സ് റദ്ദാക്കുകയോ ഓരോ കുറ്റകൃത്യത്തിനും രണ്ടായിരം ഡോളര്‍ പിഴ ചുമത്തുകയോ ചെയ്യുന്നതിന് കമ്മീഷണര്‍ക്ക് ഞാന്‍ പൂര്‍ണ്ണ സമ്മതം തരുന്നു, ഭാവിയില്‍ ഈ കേസ് ഞാന്‍ ചലഞ്ച് ചെയ്യുകയില്ല... " എന്നീ വിവരങ്ങളാണ് ഈ അറ്റാച്മെന്റിലുള്ളത്. താഴെ ഒപ്പ് രേഖപ്പെടുത്താനുള്ള സ്ഥലവുമുണ്ട്. 2) PRE-HEARING CONFERENCE REQUEST FORM - "കമ്മീഷണറുടെ കുറ്റാരോപണം ഞാന്‍ നിഷേധിക്കുന്നു. വിചാരണയ്ക്കു മുന്‍പ് എനിക്ക് സ്റ്റേറ്റ് അറ്റോര്‍ണിയുമായി സംസാരിക്കാന്‍ അനുവാദം തരണം.." 3) HEARING REQUEST FORM - ഇത് കുറ്റാരോപിതര്‍ക്ക് നേരിട്ടോ അഭിഭാഷകര്‍ വഴിയോ ഏജന്റുമാര്‍ വഴിയോ യൂണിയന്‍ വഴിയോ കോടതിയില്‍ കേസ് വാദിക്കാനുള്ള അപേക്ഷയാണ്. ഈ മൂന്ന് അറ്റാച്മെന്റുകളില്‍ ഏതു തിരഞ്ഞെടുക്കണമെന്ന് പ്രതികള്‍ക്ക് അവകാശമുണ്ട്. മുപ്പതു ദിവസത്തിനകം അത് അയക്കുകയും വേണം.

മെല്പറഞ്ഞ ഡോക്യുമെന്റുകള്‍ സര്‍ട്ടിഫൈഡ് മെയിലായും റഗുലര്‍ ഫസ്റ്റ് ക്ലാസ് മെയിലായുമാണ് അയക്കുന്നത്. അതാണ് നിയമവും. സ്റ്റേറ്റിന്റെ സര്‍ട്ടിഫൈഡ് മെയില്‍ കാണുമ്പോള്‍, അല്ലെങ്കില്‍ പോസ്റ്റ്മാന്‍ മഞ്ഞ കാര്‍ഡ് മെയില്‍ ബോക്സില്‍ ഇട്ടാല്‍, പലരും ആ സര്‍ട്ടിഫൈഡ് മെയില്‍ കളക്ട് ചെയ്യാറില്ല. അഡ്രസ്സില്‍ കാണുന്ന ആള്‍ ഒപ്പിടാതെ പോസ്റ്റ്മാന്‍ അത് കൈമാറുകയുമില്ല. എന്നാല്‍, റഗുലര്‍ മെയില്‍ പ്രതിയുടെ മെയില്‍ ബോക്സിലുണ്ടാകും. മൂന്നു പ്രാവശ്യം സര്‍ട്ടിഫൈഡ് മെയില്‍ ഡെലിവറി ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടാല്‍ പോസ്റ്റ് ഓഫീസ് അത് തിരിച്ച് ലീഗല്‍ അഫയേഴ്സിനയക്കും. എന്തു കാരണം കൊണ്ടാണ് തിരിച്ചയക്കുന്നതെന്ന് കവറിനു പുറത്ത് എഴുതിയിട്ടുണ്ടാകും. കൂടാതെ എത്ര പ്രാവശ്യം അത് ഡെലിവറി ചെയ്യാന്‍ ശ്രമിച്ചു എന്നും, തിയ്യതികളുമുണ്ടാകും (മൂന്നു പ്രാവശ്യം ശ്രമിക്കണമെന്നാണ് നിയമം). ആ കവര്‍ ഇവിടെ കിട്ടിക്കഴിഞ്ഞാല്‍ അത് ഫയലില്‍ സൂക്ഷിക്കും. കൃത്യം 30 ദിവസം കഴിഞ്ഞ് 'ഫ്ലാഗ്' ചെയ്ത ഫയല്‍ നോക്കി മറുപടി വന്നോ അതോ കവര്‍ തിരിച്ചുവന്നോ എന്ന് പരിശോധിക്കും.

[മെയിലുകള്‍ തിരിച്ചു വരുന്നത് പല കാരണങ്ങളാലായിരിക്കും. "അഡ്രസില്‍ പറഞ്ഞിരിക്കുന്ന വ്യക്തി താമസം മാറ്റി, ഫൊര്‍‌വേഡിംഗ് അഡ്രസ് ഫയലില്‍ ഇല്ല" എന്നാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് മാര്‍ക്ക് ചെയ്തിട്ടുള്ളതെങ്കില്‍ പുതിയ അഡ്രസ് തേടി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡാറ്റാബെയ്സിലേക്കാണ് അന്വേഷണം പോകുന്നത് (ലീഗല്‍ ഡിവിഷന് ഈ ഡാറ്റാബെയ്സിലേക്കുള്ള ആക്സസ് ഉണ്ട്). അവിടെയും പുതിയ അഡ്രസ് ഇല്ലെങ്കില്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡാറ്റാബെയ്സില്‍ അന്വേഷിക്കും. നഴ്സുമാര്‍ സ്ഥലം മാറി മറ്റൊരു സ്ഥലത്ത് ജോലി തേടുമ്പോള്‍ ആ സ്ഥാപനം പുതിയ അഡ്രസ് അപ്പോള്‍ തന്നെ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനെ അറിയിച്ചിരിക്കും. അതുപോലെ തന്നെയാണ് നഴ്സസ് എയ്ഡ്സും. അവരുടെ അഡ്രസ് നഴ്സസ് എയ്ഡ് രജിസ്‌ട്രിയിലായിരിക്കും കൊടുക്കുക. ഇതെഴുതുവാന്‍ പ്രത്യേക കാരണവുമുണ്ട്. പലരും അഡ്രസ് മാറുന്നത് ബന്ധപ്പെട്ട അധികൃതരെ അറിയിക്കാറില്ല. എന്നാല്‍, അങ്ങനെയുള്ളവരെ കണ്ടുപിടിക്കാന്‍ സര്‍ക്കാരിന് പല സം‌വിധാനങ്ങളുമുണ്ട്. അത് അടുത്ത ലക്കത്തില്‍.]

ഇനി മുകളില്‍ പറഞ്ഞിരിക്കുന്ന അറ്റാച്മെന്റിലെ ആദ്യത്തെ ഫോം ആണ് ഒപ്പിട്ട് അയച്ചിട്ടുള്ളതെങ്കില്‍ കേസില്‍ കൂടുതല്‍ സമയം ചിലവഴിക്കില്ല. പ്രതിയുടെ ഒപ്പോടുകൂടിയുള്ള രേഖ പ്രകാരം അറ്റോര്‍ണി ഒരു "Stipulation And Order" (ഉടമ്പടി) തയ്യാറാക്കുന്നു. അതിലും മേല്പറഞ്ഞ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ അക്കമിട്ട് എഴുതിയിട്ടുണ്ടാകും. നാലു പേജോളം വരുന്ന ഈ ഉടമ്പടി പ്രതിക്ക് അയച്ചുകൊടുക്കും. 30 ദിവസത്തിനകം അവരതില്‍ ഒപ്പു വെച്ച് അറ്റോര്‍ണിക്ക് തിരിച്ചയച്ചുകൊടുക്കണം. പിഴ കൊടുക്കണമെങ്കില്‍ പിഴ സംഖ്യയും എഴുതിയിട്ടുണ്ടാകും. പ്രതിയുടെ ഒപ്പോടുകൂടിയുള്ള ഉടമ്പടി തിരിച്ചുകിട്ടിക്കഴിഞ്ഞാല്‍ അറ്റോര്‍ണി അതില്‍ ഒപ്പ് വെച്ച് കമ്മീഷണറുടെ ഓഫീസിലേക്ക് കൊടുക്കും. കമ്മീഷണര്‍ അതില്‍ ഒപ്പു വെച്ചു കഴിഞ്ഞാല്‍ അതൊരു ലീഗല്‍ ഡോക്യുമെന്റ് ആയി. അത് ഡിസ്പൊസിഷന്‍ ഡാറ്റാബേസിലേക്ക് സ്കാന്‍ ചെയ്യുകയും ഒറിജിനല്‍ ഫയലില്‍ സൂക്ഷിക്കുകയും ചെയ്യും. കേസുകളുടെ വകുപ്പനുസരിച്ച് വിവിധ ഏജന്‍സികള്‍ക്കും, ബ്യൂറോകള്‍ക്കും, ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും അതിന്റെ ഇലക്ട്രോണിക് കോപ്പികള്‍ അയച്ചുകൊടുക്കും. അതില്‍ ഡിസ്‌ട്രിക്റ്റ് അറ്റോര്‍ണി, അറ്റോര്‍ണി ജനറല്‍, റീജനല്‍ ഓഫീസ്, സ്റ്റേറ്റ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (നഴ്സസ് ആണെങ്കില്‍),  നഴ്സസ് എയ്ഡ് രജിസ്‌ട്രി എന്നിവയൊക്കെ ഉള്‍പ്പെടും.

രണ്ടാമത്തെ ഡോക്യുമെന്റ് (PRE-HEARING CONFERENCE REQUEST FORM) ആണ് അയക്കുന്നതെങ്കില്‍ അറ്റോര്‍ണി പ്രതിയുമായി നേരിട്ട് ടെലഫോണില്‍ സംസാരിക്കും. ആ സമയത്ത് എന്തു ചോദ്യവും പ്രതിക്ക് അറ്റോര്‍ണിയോട് ചോദിക്കാം. നേരിട്ട് മുഖാമുഖം സംസാരിക്കണമെങ്കില്‍ അതിനും അറ്റോര്‍ണി സമ്മതിക്കും. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ ദിവസം തിരഞ്ഞെടുത്ത് ഏത് റീജനല്‍ ഓഫീസിന്റെ പരിധിയിലാണോ കേസ് ഉള്‍പ്പെട്ടിരിക്കുന്നത് ആ ഓഫീസിലായിരിക്കും കോണ്‍ഫറന്‍സിന് സൗകര്യം ചെയ്യുന്നത്. പ്രതിക്ക് പറയാനുള്ളത് എല്ലാം അപ്പോള്‍ പറയാം. കുറ്റകൃത്യം നിഷേധിക്കുകയാണെങ്കില്‍ എന്തുകൊണ്ട് എന്നതിന്റെ വിശദാശംങ്ങളും, വേണ്ടിവന്നാല്‍ തെളിവുകളും നല്‍കാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചില ധാരണകളോടെ പല കേസുകളും ഒത്തുതീര്‍പ്പാക്കാറുണ്ട്. കാരണം, കേസ് വാദിക്കാന്‍ നിന്നാല്‍ ഇരുകൂട്ടര്‍ക്കും പല നഷ്ടങ്ങളും ഉണ്ടാകുമെന്ന് ബോധ്യമുള്ളതുകൊണ്ടുതന്നെ. കേസിന്റെ ഗൗരവമനുസരിച്ച് ചില കേസുകളില്‍ നഴ്സുമാരുടെ ലൈസന്‍സ് സസ്പെന്‍ഡു ചെയ്യാറുണ്ട്. ചിലര്‍ക്ക് പിഴ ചുമത്തും. ചിലര്‍ക്ക് രണ്ടുമുണ്ടാകും. എല്ലാം അറ്റോര്‍ണിയുടെ മുമ്പാകെ പ്രതിയുടെ സമീപനത്തേയും തെളിവുകള്‍ നല്‍കുന്നതിനേയും വിവരങ്ങള്‍ പറയുന്നതിനേയും ആശ്രയിച്ചിരിക്കും.

മൂന്നാമത്തെ HEARING REQUEST FORM ആണ് അയക്കുന്നതെങ്കില്‍ അതില്‍ പ്രതിയുടെയോ പ്രതിഭാഗം വക്കീലിന്റേയോ പൂര്‍ണ്ണ വിവരങ്ങളെല്ലാം വ്യക്തമായി നല്‍കിയിരിക്കണം. ഈ ഫോറം ലഭിച്ചുകഴിഞ്ഞാല്‍  ബ്യൂറോ ഓഫ് അഡ്ജുഡിക്കേഷനില്‍ വിവരമറിയിക്കും. അവിടെയാണ് ജഡ്ജിമാര്‍. അവരുടെ ലഭ്യതയും പ്രൊസിക്യൂഷന്‍ അറ്റോര്‍ണിയുടെ ലഭ്യതയും കൂടി നോക്കിയിട്ടാണ് വിചാരണയ്ക്കുള്ള തിയ്യതി അറ്റോര്‍ണി നിശ്ചയിക്കുന്നത്. വിചാരണ നേരിടാന്‍ തയ്യാറാകുന്ന പ്രതികള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതേക്കുറിച്ചും ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുന്ന നഴ്സസ് എയ്ഡുമാരെക്കുറിച്ചും അടുത്തതില്‍.......

(തുടരും....)

Tuesday, January 3, 2017

നഴ്സിംഗ് രംഗത്തെ വെല്ലുവിളികളും നിയമക്കുരുക്കില്‍ പെടുന്ന നഴ്സുമാരും (ഭാഗം ഒന്ന്)

ന്യൂയോര്‍ക്ക് ലോംഗ്  ഐലന്റ് യൂണിയന്‍ഡെയ്‌ലിലെ ഹോളി പാറ്റേഴ്സണ്‍ എക്സ്റ്റന്‍ഡഡ് കെയര്‍ ഫെസിലിറ്റിയില്‍ 81 വയസ്സുള്ള റസിഡന്റ് മരിക്കാനിടയായ സംഭവത്തില്‍ ഉത്തരവാദികളെന്ന കുറ്റമാരോപിച്ച് രണ്ട് മലയാളി നഴ്സുമാരെയും ഒരു നഴ്സസ് എയ്ഡിനേയും അറസ്റ്റു ചെയ്തെന്ന വാര്‍ത്ത കണ്ട് നിരവധി പേര്‍ പ്രതികരണങ്ങളുമായി മുന്നോട്ടു വന്നത് വായിക്കാനിടയായി. ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് അല്ലെങ്കില്‍ അതപ്പാടെ കോപ്പി ചെയ്ത് ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച് സായൂജ്യമടഞ്ഞവരേയും കണ്ടു. ആ നഴ്സുമാര്‍ നമ്മുടെ മലയാളി സമൂഹത്തിലെ സഹോദരിമാരാണെന്ന പരിഗണന പോലും കൊടുക്കാതെ അവരെ തേജോവധം ചെയ്യുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത് സംസ്ക്കാരസമ്പന്നരെന്ന് വിശേഷിപ്പിക്കുന്ന മലയാളികള്‍ക്ക് ഭൂഷണമല്ല. ഇന്ന് അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് (അതോ കോടിക്കണക്കിനോ) നഴ്സുമാര്‍ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍‌വ്വഹണത്തില്‍ തിളങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ അതവരുടെ അര്‍പ്പണബോധത്തിനും ആത്മാര്‍ത്ഥതയ്ക്കും അവര്‍ക്ക് കിട്ടിയ അംഗീകാരമാണ്. അതുകൊണ്ടുതന്നെയാണ് മലയാളി നഴ്സുമാര്‍ക്ക് വിദേശരാജ്യങ്ങളില്‍ മുന്‍‌ഗണനയും പരിഗണനയും ലഭിക്കുന്നതും.

അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത നഴ്സുമാരുടെ ചരിത്രം കുറിക്കുകയല്ല ഇവിടെ ലക്ഷ്യം. മറിച്ച് ആ മേഖലയില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കപ്പെടാന്‍, അല്ലെങ്കില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍, അവരെ സഹായിക്കാന്‍ കാര്യപ്രാപ്തിയുള്ള വ്യക്തികളോ സംഘടനകളോ നിലവിലുണ്ടോ എന്നുകൂടി അറിയാനുമാണ്. ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍, ഇന്തോ അമേരിക്കന്‍ നഴ്സസ് അസ്സോസിയേഷന്‍ എന്നിങ്ങനെയുള്ള നഴ്സുമാരുടെ സംഘടനകള്‍ നഴ്സുമാര്‍ക്കായി പല സേവനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ, നിയമക്കുരുക്കില്‍ പെടുന്ന നഴ്സുമാരെ രക്ഷപ്പെടുത്തിയെടുക്കാന്‍ പര്യാപ്തമായ സം‌വിധാനം ഈ സംഘടനകള്‍ക്കുണ്ടോ എന്നറിയില്ല.

ഇവിടെ നിയമക്കുരുക്കില്‍ പെട്ടിരിക്കുന്നത് മലയാളി സമൂഹത്തില്‍ നിന്നു തന്നെയുള്ള രണ്ട് നഴ്സുമാരാണ്. അവര്‍ ആരോ ആയിക്കൊള്ളട്ടേ, ആപത്തില്‍ പെടുമ്പോള്‍ അവര്‍ക്ക് തുണയായി നില്‍ക്കേണ്ടവര്‍ തന്നെ നെഗേറ്റീവ് പബ്ലിസിറ്റി കൊടുക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മാധ്യമങ്ങളില്‍കൂടി അപവാദം പടച്ചുവിടുന്നവര്‍ ആ നഴ്സുമാരുടെ മാനസികവ്യഥയെക്കുറിച്ചും ചിന്തിക്കണം. ആതുര ശുശ്രൂഷാ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കറിയാം അവരുടെ റിസ്ക്കുകള്‍ എന്തെല്ലാമാണെന്ന്. ആശുപത്രികളായാലും നഴ്സിംഗ് ഹോമുകളായാലും നഴ്സുമാരുടേയും ഡോക്ടര്‍മാരുടേയും ഇതര ടെക്നീഷ്യന്മാരുടേയും ജോലി വളരെ അപകടം പിടിച്ചതാണ്. ഒരു നിമിഷത്തെ അശ്രദ്ധ മതി അവരുടെ ജോലി നഷ്ടപ്പെടാനും കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിച്ച ലൈസന്‍സ് റദ്ദാകാനും. അതു മനസ്സിലാക്കാതെയാണ് പലരും കമന്റുകള്‍ അടിച്ചുവിടുന്നത്.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ ഡിവിഷന്‍ ഓഫ് ലീഗല്‍ അഫയേഴ്സില്‍ (പ്രൊസിക്യൂഷന്‍) ഇരുപത്തിമൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളതുകൊണ്ട്, ഡിപ്പാര്‍ട്ട്മെന്റില്‍ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഒരു ലഘുവിവരണം വായനക്കാരുമായി പങ്കു വെയ്ക്കാനാണ് ഈ ലേഖകന്‍ ശ്രമിക്കുന്നത്. ആര്‍ക്കെതിരെയും ആരോപണമുന്നയിക്കുകയോ, വ്യക്തിഹത്യ നടത്തുകയോ അല്ല ലക്ഷ്യം. നമ്മള്‍ മലയാളികള്‍ ചിന്തിക്കുന്നതുപോലെ സര്‍ക്കാരില്‍ "അയ്യോ പാവം" കളിച്ചാല്‍ ഒരു ദയയും ലഭിക്കുകയില്ലെന്നുകൂടി ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തട്ടെ. വൈകാരിക പ്രകടനങ്ങള്‍ക്കും  ഇവിടെ പ്രസക്തിയില്ല. ലേഖകന് പരിചയമുള്ള പലരുടേയും കേസുകള്‍ വന്ന കൂട്ടത്തില്‍ "അയ്യോ പാവം" കാണിച്ച് ചിലര്‍ക്ക് സഹായം ചെയ്തുകൊടുത്തതിന് എനിക്കിട്ട് ചിലര്‍ പാര വെച്ചതിനെക്കുറിച്ച് പിന്നീട് എഴുതാം. ഇത് ഒരു നിയമോപദേശമോ മറ്റേതെങ്കിലും തരത്തില്‍ ഗവണ്മെന്റ് സം‌വിധാനത്തെ അട്ടിമറിക്കാനുള്ള വളഞ്ഞ വഴി ഉപദേശിക്കുകയോ അല്ല. ഒരുപക്ഷെ ചില വിവരങ്ങള്‍ ഇങ്ങനെയുള്ള കേസുകളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുതന്നെ നിയമപരമായി ഏത് കേസും വാദിച്ച് ജയിക്കാം. എന്നാല്‍ നിയമത്തെ ധിക്കരിച്ചുകൊണ്ട് ഒന്നും നേടാന്‍ കഴിയില്ല.  കേസിനെ പ്രതികൂലമായി ബാധിക്കാവുന്ന യാതൊരു നീക്കവും സംഘടനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഓരോ ദിവസവും നൂറു കണക്കിനു കേസ് ഫയലുകളാണ് ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ റീജനുകളില്‍ നിന്ന് ലീഗല്‍ ഡിവിഷനിലെത്തുന്നത്. ഓരോ റീജനുകളിലും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസുകളുണ്ട്. ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ഓരോ കൗണ്ടികളിലുമുണ്ട് ഓഫീസ്. കംപ്ലെയ്ന്റിനെക്കുറിച്ച് അന്വേഷണം നടത്തുന്നത് ഈ ഓഫീസുകളിലെ ഇന്‍‌വെസ്റ്റിഗേറ്റര്‍മാരാണ്. എല്ലാവരും അവരവരുടെ ഫീല്‍ഡുകളില്‍ നല്ല പരിജ്ഞാനമുള്ളവരായിരിക്കും. ഉദാഹരണത്തിന് പേഷ്യന്റ് അബ്യൂസ് കേസുകള്‍ അന്വേഷിക്കാന്‍ വരുന്നത് ഇരുപതും ഇരുപത്തഞ്ചും വര്‍ഷം നഴ്സായി ജോലി ചെയ്തിട്ടുള്ള വ്യക്തികളായിരിക്കും. അവര്‍ സ്റ്റേറ്റ് പരീക്ഷയെഴുതി ഗവണ്മെന്റ് സര്‍‌വ്വീസില്‍ കയറുന്നു. കേസ് അന്വേഷണവും ഫയല്‍ രൂപീകരണവുമൊക്കെ റീജനല്‍ ഓഫീസുകളില്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അവ പ്രൊസിക്യൂഷനു വേണ്ടി ലീഗല്‍ അഫയേഴ്സിലേക്ക് അയക്കുന്നത്. എങ്ങനെയാണ് ഈ ലീഗല്‍ പ്രൊസസിഗ് നടക്കുന്നതെന്നും, ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്യുന്നതെന്നും മറ്റുമുള്ള വിവരങ്ങള്‍ ഈ ലിങ്കില്‍ വായിക്കാം... https://www.health.ny.gov/facilities/nursing/rights/docs/2013_nh_resident_abuse_report.pdf

ആരോഗ്യമേഖലകളിലെ എല്ലാ നിയമലംഘനവും പ്രൊസിക്യൂട്ട് ചെയ്യുന്നത് ഡിവിഷന്‍ ഓഫ് ലീഗല്‍ അഫയേഴ്സ് ആണ്. ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍സ്, ആംബുലന്‍സ് സര്‍‌വീസ്, ഫ്യൂണറല്‍ ഹോംസ്, ഫാര്‍മസി, നര്‍ക്കോടിക്സ്, ഫുഡ് സ്റ്റാമ്പ്, Women Infant and Children (WIC) ചെക്കുകള്‍, ഗ്രോസറിക്കടകള്‍ (ഫുഡ് സ്റ്റാമ്പ്, വിക് ചെക്ക് എടുക്കുന്നവ), അഡള്‍റ്റ് ഹോംസ്, ഹോം കെയര്‍, എക്സ്റേ ടെക്നീഷ്യന്‍സ്, റസ്പിറ്റോറി, നഴ്സിംഗ് ഹോം അഡ്മിനിസ്‌ട്രേറ്റര്‍, നഴ്സിംഗ് ഹോം ഓപ്പറേറ്റര്‍, നഴ്സസ്, നഴ്സിംഗ് അസിറ്റന്റ്സ്, നഴ്സ് പ്രാക്ടീഷണര്‍, ഡോക്ടര്‍മാര്‍, ഹോം നഴ്സസ് എന്നുവേണ്ട നൂറു കണക്കിന് പൊതുജനാരോഗ്യ മേഖലകളിലെ കേസുകളൊക്കെ അതില്‍ ഉള്‍പ്പെടും. ഈ ഫീല്‍ഡിലെല്ലാം പ്രാവീണ്യം നേടിയ അതിവിദഗ്‌ദ്ധരായ അറ്റോര്‍ണിമാരാണ് കേസ് വാദിക്കാന്‍ കോടതിയിലെത്തുന്നത്. അവരുടെ വാദങ്ങളെ ഘണ്ഡിക്കാന്‍ അവരേക്കാള്‍ വൈഭവമുള്ള അറ്റോര്‍ണിമാര്‍ തന്നെ വേണം. സാധാരണ ഗതിയില്‍ സര്‍ക്കാര്‍ അറ്റോര്‍ണിമാര്‍ അവരുടെ ഭാഗം ജയിക്കാന്‍ തീവ്രശ്രമമായിരിക്കും നടത്തുക. കാരണം "തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല" എന്ന ചിന്താഗതിക്കാരാണ് ഭൂരിഭാഗം പേരും.

കേസ് ഫയലുകള്‍ ഇവിടെ എത്തിക്കഴിഞ്ഞാല്‍ എന്താണിവിടെ നടക്കുന്നതെന്നോ, ആ ഫയലുകളില്‍ എന്തെല്ലാം രേഖകളാണ് അടങ്ങിയിരിക്കുന്നതെന്നോ, കേസ് കൈകാര്യം ചെയ്യാന്‍ ഏത് അറ്റോര്‍ണിയെയാണ് നിര്‍ണ്ണയിക്കുന്നതെന്നോ പുറത്തുള്ള ആര്‍ക്കും അറിയില്ല. പ്രമാദമായ കേസുകള്‍ വാദിക്കാന്‍ പോലും പ്രത്യേക പരിശീലനം ലഭിച്ച അറ്റോര്‍ണിമാരാണ് സര്‍ക്കാരിലുള്ളത്. അവര്‍ ഒരു കേസ് ഏറ്റെടുത്താല്‍ ജയിക്കുമെന്നുറപ്പ്. ലീഗല്‍ അഫയേഴ്സില്‍തന്നെ വ്യത്യസ്ഥ ബ്യൂറോകളുണ്ട്. ഓരോ ബ്യൂറോയിലും ഡയറക്ടര്‍മാരുമുണ്ട്. ആ ഡയറക്റ്റര്‍മാരുടെ കീഴില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യം നേടിയ പത്ത് അറ്റോര്‍ണിമാരെങ്കിലുമുണ്ടാകും. ബ്യൂറോ ഡയറക്ടര്‍മാരുടെ സുപ്പീരിയര്‍ ആയി ജനറല്‍ കൗണ്‍സലുമുണ്ട്. കൂടാതെ ബ്യൂറോ ഓഫ് അഡ്ജുഡിക്കേഷനില്‍ ജഡ്ജിമാരുമുണ്ട്. അവിടെയുമുണ്ട് ഒരു ഡയറക്ടര്‍. ആ ജഡ്ജിമാരാണ് വിധി നിര്‍ണ്ണയിക്കുന്നത് (അറ്റോര്‍ണി ജനറല്‍ കേസുകള്‍ സാധാരണ കോടതികളില്‍ വിചാരണ നടത്തും). ഇവരെല്ലാവരും ഹെല്‍ത്ത് കമ്മീഷണറുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരാണ്. ഹെല്‍ത്ത് കമ്മീഷണറാകട്ടേ ഗവര്‍ണ്ണറുമായും. ഇങ്ങനെ ഒരു ചെയ്ന്‍ ഓഫ് കമാന്റില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സം‌വിധാനം അട്ടിമറിക്കാനോ അവരുടെ തീരുമാനങ്ങളെ നിസ്സാരവത്ക്കരിക്കാനോ പത്രവാര്‍ത്തകള്‍ക്കോ നെഗേറ്റീവ് കമന്റുകള്‍ക്കോ സാധിക്കുകയില്ല എന്നുകൂടി ഇത്തരുണത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നു.

ഭാഷാ പ്രശ്നമുണ്ടെന്നോ, ജോലിഭാരം കാരണം ക്ഷീണമായിരുന്നെന്നോ, സഹപ്രവര്‍ത്തകര്‍ അസൂയാലുക്കളാണെന്നോ, ഫെസിലിറ്റിയില്‍ സ്റ്റാഫ് കുറവായിരുന്നെന്നോ ഒന്നും ഒരു കാരണമായി ഈ കേസുമായി ബന്ധപ്പെടുത്തി വാദിക്കാന്‍ കഴിയില്ല. ഈ കേസില്‍ നഴ്സുമാര്‍ ജോലി ചെയ്തിരുന്ന നഴ്സിംഗ് ഹോമിനെതിരായി മറ്റൊരു അന്വേഷണവും ഇപ്പോള്‍ നടക്കുന്നുണ്ടായിരിക്കും. റസിഡന്റ് മരണപ്പെട്ടതിന് അവരും ഉത്തരവാദികളാണ്. ഒരുപക്ഷെ എമര്‍ജന്‍സി അലാറം കേടായിരുന്നെങ്കിലോ എന്ന വാദത്തിനും ഇവിടെ പ്രസക്തിയില്ല. കാരണം അത് കേടാകാതിരിക്കാന്‍ നോക്കേണ്ടത് നഴ്സിംഗ് ഹോമിന്റെ ഉത്തരവാദിത്വമാണ്. ഏതായാലും ആ കേസ് കൈകാര്യം ചെയ്യുന്നത് ലീഗല്‍ അഫയേഴ്സിലെ തന്നെ നഴ്സിംഗ് ഹോം പ്രൊസിക്യൂട്ടര്‍മാരായിരിക്കും.

മേല്പറഞ്ഞ മലയാളി നഴ്സുമാരുടെ കേസ് നിസ്സാരവത്ക്കരിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ ചില മാധ്യമങ്ങളില്‍ കണ്ടു. കേസിന്റെ ഗൗരവം മനസ്സിലാക്കാതെയുള്ള അത്തരം വാര്‍ത്തകളും കമന്റുകളും ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ഈ കേസ് വ്യത്യസ്ഥ സ്വഭാവമുള്ളതുകൊണ്ടാണ് അറ്റോര്‍ണി ജനറല്‍ നേരിട്ട് ഏറ്റെടുത്ത് പ്രൊസിക്യൂട്ട് ചെയ്യുന്നത്. സാധാരണ ഗതിയില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം കഴിഞ്ഞതിനുശേഷമാണ് അറ്റോര്‍ണി ജനറല്‍ തീരുമാനിക്കുന്നത് അവരത് ഏറ്റെടുക്കണോ വേണ്ടയോ എന്ന്. ദുര്‍ബ്ബലമായ കേസുകള്‍ അറ്റോര്‍ണി ജനറല്‍ പ്രൊസിക്യൂട്ട് ചെയ്യാറില്ല. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രൊസിക്യൂഷന്‍ കഴിഞ്ഞാല്‍ കമ്മീഷണറുടെ ഓര്‍ഡര്‍ അറ്റോര്‍ണി ജനറലിന് അയച്ചുകൊടുക്കും. അവരത് പരിശോധിച്ചതിനുശേഷമാണ് അന്വേഷണം വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. ഇവിടെ നടന്നത് 81 വയസ്സുള്ള ഒരു റസിഡന്റ്, അതും വെന്റിലേറ്ററിനെ ആശ്രയിക്കുന്ന, മരണപ്പെട്ടതാണ്. അറസ്റ്റു ചെയ്യപ്പെട്ടവരെ സ്വന്തം ജാമ്യത്തില്‍ വിട്ടു എന്നു വെച്ച് അവരെ കുറ്റവിമുക്തരാക്കിയിട്ടില്ലെന്ന് ഓര്‍ക്കണം. "The charges are merely accusations, and the defendants are presumed innocent until and unless proven guilty." എല്ലാ കേസുകളിലും സാധാരണ പറയുന്ന ഭാഷയാണിത്. അറ്റോര്‍ണി ജനറല്‍ ക്രിമിനല്‍ വകുപ്പിലാണ് കേസ് എടുത്തിരിക്കുന്നത്. അതു കഴിഞ്ഞാല്‍ മൂന്ന് വ്യത്യസ്ഥ കേസുകളാണ് ഈ നഴ്സുമാര്‍ ഇനി നേരിടേണ്ടി വരിക. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റും എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രൊഫഷണല്‍ ലൈസന്‍സിംഗ് ബ്യൂറോയും (അവരാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണോ അതോ റദ്ദാക്കണോ എന്നു തീരുമാനിക്കുന്നത്). പിന്നെ മരണപ്പെട്ട റസിഡന്റിന്റെ ബന്ധുക്കള്‍ ഫയല്‍ ചെയ്യാവുന്ന സിവില്‍ കേസ്. അതേക്കുറിച്ച് അടുത്തതില്‍ വിശദീകരിക്കാം. ഏതായാലും ഈ രണ്ടു സഹോദരിമാര്‍ പ്രഗത്ഭരായ അഭിഭാഷകരുടെ സഹായം എത്രയും വേഗം തേടണം. ശുപാര്‍ശകള്‍ക്കും കൈക്കൂലിക്കും ഇവിടെ പ്രസക്തിയില്ലെന്നും ഓര്‍ക്കണം. നേരിട്ട് ഈ കേസ് ഒരിക്കലും കൈകാര്യം ചെയ്യരുത്. വൈകാരിക പ്രകടനവും അരുത്.
(തുടരും....)