ന്യൂയോര്‍ക്ക് ലോംഗ് ഐലന്റ് യൂണിയന്‍ഡെയ്‌ലിലെ ഹോളി പാറ്റേഴ്സണ്‍ എക്സ്റ്റന്‍ഡഡ് കെയര്‍ ഫെസിലിറ്റിയില്‍ 81 വയസ്സുള്ള റസിഡന്റ് മരിക്കാനിടയായ സംഭവത്തില്‍ ഉത്തരവാദികളെന്ന കുറ്റമാരോപിച്ച് രണ്ട് മലയാളി നഴ്സുമാരെയും ഒരു നഴ്സസ് എയ്ഡിനേയും അറസ്റ്റു ചെയ്തെന്ന വാര്‍ത്ത കണ്ട് നിരവധി പേര്‍ പ്രതികരണങ്ങളുമായി മുന്നോട്ടു വന്നത് വായിക്കാനിടയായി. ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് അല്ലെങ്കില്‍ അതപ്പാടെ കോപ്പി ചെയ്ത് ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച് സായൂജ്യമടഞ്ഞവരേയും കണ്ടു. ആ നഴ്സുമാര്‍ നമ്മുടെ മലയാളി സമൂഹത്തിലെ സഹോദരിമാരാണെന്ന പരിഗണന പോലും കൊടുക്കാതെ അവരെ തേജോവധം ചെയ്യുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത് സംസ്ക്കാരസമ്പന്നരെന്ന് വിശേഷിപ്പിക്കുന്ന മലയാളികള്‍ക്ക് ഭൂഷണമല്ല. ഇന്ന് അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് (അതോ കോടിക്കണക്കിനോ) നഴ്സുമാര്‍ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ തിളങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ അതവരുടെ അര്‍പ്പണബോധത്തിനും ആത്മാര്‍ത്ഥതയ്ക്കും അവര്‍ക്ക് കിട്ടിയ അംഗീകാരമാണ്. അതുകൊണ്ടുതന്നെയാണ് മലയാളി നഴ്സുമാര്‍ക്ക് വിദേശരാജ്യങ്ങളില്‍ മുന്‍ഗണനയും പരിഗണനയും ലഭിക്കുന്നതും.
അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത നഴ്സുമാരുടെ ചരിത്രം കുറിക്കുകയല്ല ഇവിടെ ലക്ഷ്യം. മറിച്ച് ആ മേഖലയില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കപ്പെടാന്‍, അല്ലെങ്കില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍, അവരെ സഹായിക്കാന്‍ കാര്യപ്രാപ്തിയുള്ള വ്യക്തികളോ സംഘടനകളോ നിലവിലുണ്ടോ എന്നുകൂടി അറിയാനുമാണ്. ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍, ഇന്തോ അമേരിക്കന്‍ നഴ്സസ് അസ്സോസിയേഷന്‍ എന്നിങ്ങനെയുള്ള നഴ്സുമാരുടെ സംഘടനകള്‍ നഴ്സുമാര്‍ക്കായി പല സേവനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ, നിയമക്കുരുക്കില്‍ പെടുന്ന നഴ്സുമാരെ രക്ഷപ്പെടുത്തിയെടുക്കാന്‍ പര്യാപ്തമായ സംവിധാനം ഈ സംഘടനകള്‍ക്കുണ്ടോ എന്നറിയില്ല.
ഇവിടെ നിയമക്കുരുക്കില്‍ പെട്ടിരിക്കുന്നത് മലയാളി സമൂഹത്തില്‍ നിന്നു തന്നെയുള്ള രണ്ട് നഴ്സുമാരാണ്. അവര്‍ ആരോ ആയിക്കൊള്ളട്ടേ, ആപത്തില്‍ പെടുമ്പോള്‍ അവര്‍ക്ക് തുണയായി നില്‍ക്കേണ്ടവര്‍ തന്നെ നെഗേറ്റീവ് പബ്ലിസിറ്റി കൊടുക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മാധ്യമങ്ങളില്‍കൂടി അപവാദം പടച്ചുവിടുന്നവര്‍ ആ നഴ്സുമാരുടെ മാനസികവ്യഥയെക്കുറിച്ചും ചിന്തിക്കണം. ആതുര ശുശ്രൂഷാ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കറിയാം അവരുടെ റിസ്ക്കുകള്‍ എന്തെല്ലാമാണെന്ന്. ആശുപത്രികളായാലും നഴ്സിംഗ് ഹോമുകളായാലും നഴ്സുമാരുടേയും ഡോക്ടര്‍മാരുടേയും ഇതര ടെക്നീഷ്യന്മാരുടേയും ജോലി വളരെ അപകടം പിടിച്ചതാണ്. ഒരു നിമിഷത്തെ അശ്രദ്ധ മതി അവരുടെ ജോലി നഷ്ടപ്പെടാനും കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിച്ച ലൈസന്‍സ് റദ്ദാകാനും. അതു മനസ്സിലാക്കാതെയാണ് പലരും കമന്റുകള്‍ അടിച്ചുവിടുന്നത്.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ ഡിവിഷന്‍ ഓഫ് ലീഗല്‍ അഫയേഴ്സില്‍ (പ്രൊസിക്യൂഷന്‍) ഇരുപത്തിമൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളതുകൊണ്ട്, ഡിപ്പാര്‍ട്ട്മെന്റില്‍ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഒരു ലഘുവിവരണം വായനക്കാരുമായി പങ്കു വെയ്ക്കാനാണ് ഈ ലേഖകന്‍ ശ്രമിക്കുന്നത്. ആര്‍ക്കെതിരെയും ആരോപണമുന്നയിക്കുകയോ, വ്യക്തിഹത്യ നടത്തുകയോ അല്ല ലക്ഷ്യം. നമ്മള്‍ മലയാളികള്‍ ചിന്തിക്കുന്നതുപോലെ സര്‍ക്കാരില്‍ "അയ്യോ പാവം" കളിച്ചാല്‍ ഒരു ദയയും ലഭിക്കുകയില്ലെന്നുകൂടി ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തട്ടെ. വൈകാരിക പ്രകടനങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല. ലേഖകന് പരിചയമുള്ള പലരുടേയും കേസുകള്‍ വന്ന കൂട്ടത്തില്‍ "അയ്യോ പാവം" കാണിച്ച് ചിലര്‍ക്ക് സഹായം ചെയ്തുകൊടുത്തതിന് എനിക്കിട്ട് ചിലര്‍ പാര വെച്ചതിനെക്കുറിച്ച് പിന്നീട് എഴുതാം. ഇത് ഒരു നിയമോപദേശമോ മറ്റേതെങ്കിലും തരത്തില്‍ ഗവണ്മെന്റ് സംവിധാനത്തെ അട്ടിമറിക്കാനുള്ള വളഞ്ഞ വഴി ഉപദേശിക്കുകയോ അല്ല. ഒരുപക്ഷെ ചില വിവരങ്ങള്‍ ഇങ്ങനെയുള്ള കേസുകളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുതന്നെ നിയമപരമായി ഏത് കേസും വാദിച്ച് ജയിക്കാം. എന്നാല്‍ നിയമത്തെ ധിക്കരിച്ചുകൊണ്ട് ഒന്നും നേടാന്‍ കഴിയില്ല. കേസിനെ പ്രതികൂലമായി ബാധിക്കാവുന്ന യാതൊരു നീക്കവും സംഘടനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഓരോ ദിവസവും നൂറു കണക്കിനു കേസ് ഫയലുകളാണ് ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ റീജനുകളില്‍ നിന്ന് ലീഗല്‍ ഡിവിഷനിലെത്തുന്നത്. ഓരോ റീജനുകളിലും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസുകളുണ്ട്. ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ഓരോ കൗണ്ടികളിലുമുണ്ട് ഓഫീസ്. കംപ്ലെയ്ന്റിനെക്കുറിച്ച് അന്വേഷണം നടത്തുന്നത് ഈ ഓഫീസുകളിലെ ഇന്‍വെസ്റ്റിഗേറ്റര്‍മാരാണ്. എല്ലാവരും അവരവരുടെ ഫീല്‍ഡുകളില്‍ നല്ല പരിജ്ഞാനമുള്ളവരായിരിക്കും. ഉദാഹരണത്തിന് പേഷ്യന്റ് അബ്യൂസ് കേസുകള്‍ അന്വേഷിക്കാന്‍ വരുന്നത് ഇരുപതും ഇരുപത്തഞ്ചും വര്‍ഷം നഴ്സായി ജോലി ചെയ്തിട്ടുള്ള വ്യക്തികളായിരിക്കും. അവര്‍ സ്റ്റേറ്റ് പരീക്ഷയെഴുതി ഗവണ്മെന്റ് സര്‍വ്വീസില്‍ കയറുന്നു. കേസ് അന്വേഷണവും ഫയല്‍ രൂപീകരണവുമൊക്കെ റീജനല്‍ ഓഫീസുകളില്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അവ പ്രൊസിക്യൂഷനു വേണ്ടി ലീഗല്‍ അഫയേഴ്സിലേക്ക് അയക്കുന്നത്. എങ്ങനെയാണ് ഈ ലീഗല്‍ പ്രൊസസിഗ് നടക്കുന്നതെന്നും, ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്യുന്നതെന്നും മറ്റുമുള്ള വിവരങ്ങള്‍ ഈ ലിങ്കില്‍ വായിക്കാം... https://www.health.ny.gov/facilities/nursing/rights/docs/2013_nh_resident_abuse_report.pdf
ആരോഗ്യമേഖലകളിലെ എല്ലാ നിയമലംഘനവും പ്രൊസിക്യൂട്ട് ചെയ്യുന്നത് ഡിവിഷന്‍ ഓഫ് ലീഗല്‍ അഫയേഴ്സ് ആണ്. ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍സ്, ആംബുലന്‍സ് സര്‍വീസ്, ഫ്യൂണറല്‍ ഹോംസ്, ഫാര്‍മസി, നര്‍ക്കോടിക്സ്, ഫുഡ് സ്റ്റാമ്പ്, Women Infant and Children (WIC) ചെക്കുകള്‍, ഗ്രോസറിക്കടകള്‍ (ഫുഡ് സ്റ്റാമ്പ്, വിക് ചെക്ക് എടുക്കുന്നവ), അഡള്‍റ്റ് ഹോംസ്, ഹോം കെയര്‍, എക്സ്റേ ടെക്നീഷ്യന്‍സ്, റസ്പിറ്റോറി, നഴ്സിംഗ് ഹോം അഡ്മിനിസ്‌ട്രേറ്റര്‍, നഴ്സിംഗ് ഹോം ഓപ്പറേറ്റര്‍, നഴ്സസ്, നഴ്സിംഗ് അസിറ്റന്റ്സ്, നഴ്സ് പ്രാക്ടീഷണര്‍, ഡോക്ടര്‍മാര്‍, ഹോം നഴ്സസ് എന്നുവേണ്ട നൂറു കണക്കിന് പൊതുജനാരോഗ്യ മേഖലകളിലെ കേസുകളൊക്കെ അതില്‍ ഉള്‍പ്പെടും. ഈ ഫീല്‍ഡിലെല്ലാം പ്രാവീണ്യം നേടിയ അതിവിദഗ്‌ദ്ധരായ അറ്റോര്‍ണിമാരാണ് കേസ് വാദിക്കാന്‍ കോടതിയിലെത്തുന്നത്. അവരുടെ വാദങ്ങളെ ഘണ്ഡിക്കാന്‍ അവരേക്കാള്‍ വൈഭവമുള്ള അറ്റോര്‍ണിമാര്‍ തന്നെ വേണം. സാധാരണ ഗതിയില്‍ സര്‍ക്കാര്‍ അറ്റോര്‍ണിമാര്‍ അവരുടെ ഭാഗം ജയിക്കാന്‍ തീവ്രശ്രമമായിരിക്കും നടത്തുക. കാരണം "തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല" എന്ന ചിന്താഗതിക്കാരാണ് ഭൂരിഭാഗം പേരും.
കേസ് ഫയലുകള്‍ ഇവിടെ എത്തിക്കഴിഞ്ഞാല്‍ എന്താണിവിടെ നടക്കുന്നതെന്നോ, ആ ഫയലുകളില്‍ എന്തെല്ലാം രേഖകളാണ് അടങ്ങിയിരിക്കുന്നതെന്നോ, കേസ് കൈകാര്യം ചെയ്യാന്‍ ഏത് അറ്റോര്‍ണിയെയാണ് നിര്‍ണ്ണയിക്കുന്നതെന്നോ പുറത്തുള്ള ആര്‍ക്കും അറിയില്ല. പ്രമാദമായ കേസുകള്‍ വാദിക്കാന്‍ പോലും പ്രത്യേക പരിശീലനം ലഭിച്ച അറ്റോര്‍ണിമാരാണ് സര്‍ക്കാരിലുള്ളത്. അവര്‍ ഒരു കേസ് ഏറ്റെടുത്താല്‍ ജയിക്കുമെന്നുറപ്പ്. ലീഗല്‍ അഫയേഴ്സില്‍തന്നെ വ്യത്യസ്ഥ ബ്യൂറോകളുണ്ട്. ഓരോ ബ്യൂറോയിലും ഡയറക്ടര്‍മാരുമുണ്ട്. ആ ഡയറക്റ്റര്‍മാരുടെ കീഴില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യം നേടിയ പത്ത് അറ്റോര്‍ണിമാരെങ്കിലുമുണ്ടാകും. ബ്യൂറോ ഡയറക്ടര്‍മാരുടെ സുപ്പീരിയര്‍ ആയി ജനറല്‍ കൗണ്‍സലുമുണ്ട്. കൂടാതെ ബ്യൂറോ ഓഫ് അഡ്ജുഡിക്കേഷനില്‍ ജഡ്ജിമാരുമുണ്ട്. അവിടെയുമുണ്ട് ഒരു ഡയറക്ടര്‍. ആ ജഡ്ജിമാരാണ് വിധി നിര്‍ണ്ണയിക്കുന്നത് (അറ്റോര്‍ണി ജനറല്‍ കേസുകള്‍ സാധാരണ കോടതികളില്‍ വിചാരണ നടത്തും). ഇവരെല്ലാവരും ഹെല്‍ത്ത് കമ്മീഷണറുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരാണ്. ഹെല്‍ത്ത് കമ്മീഷണറാകട്ടേ ഗവര്‍ണ്ണറുമായും. ഇങ്ങനെ ഒരു ചെയ്ന്‍ ഓഫ് കമാന്റില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനം അട്ടിമറിക്കാനോ അവരുടെ തീരുമാനങ്ങളെ നിസ്സാരവത്ക്കരിക്കാനോ പത്രവാര്‍ത്തകള്‍ക്കോ നെഗേറ്റീവ് കമന്റുകള്‍ക്കോ സാധിക്കുകയില്ല എന്നുകൂടി ഇത്തരുണത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നു.
ഭാഷാ പ്രശ്നമുണ്ടെന്നോ, ജോലിഭാരം കാരണം ക്ഷീണമായിരുന്നെന്നോ, സഹപ്രവര്‍ത്തകര്‍ അസൂയാലുക്കളാണെന്നോ, ഫെസിലിറ്റിയില്‍ സ്റ്റാഫ് കുറവായിരുന്നെന്നോ ഒന്നും ഒരു കാരണമായി ഈ കേസുമായി ബന്ധപ്പെടുത്തി വാദിക്കാന്‍ കഴിയില്ല. ഈ കേസില്‍ നഴ്സുമാര്‍ ജോലി ചെയ്തിരുന്ന നഴ്സിംഗ് ഹോമിനെതിരായി മറ്റൊരു അന്വേഷണവും ഇപ്പോള്‍ നടക്കുന്നുണ്ടായിരിക്കും. റസിഡന്റ് മരണപ്പെട്ടതിന് അവരും ഉത്തരവാദികളാണ്. ഒരുപക്ഷെ എമര്‍ജന്‍സി അലാറം കേടായിരുന്നെങ്കിലോ എന്ന വാദത്തിനും ഇവിടെ പ്രസക്തിയില്ല. കാരണം അത് കേടാകാതിരിക്കാന്‍ നോക്കേണ്ടത് നഴ്സിംഗ് ഹോമിന്റെ ഉത്തരവാദിത്വമാണ്. ഏതായാലും ആ കേസ് കൈകാര്യം ചെയ്യുന്നത് ലീഗല്‍ അഫയേഴ്സിലെ തന്നെ നഴ്സിംഗ് ഹോം പ്രൊസിക്യൂട്ടര്‍മാരായിരിക്കും.
മേല്പറഞ്ഞ മലയാളി നഴ്സുമാരുടെ കേസ് നിസ്സാരവത്ക്കരിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ ചില മാധ്യമങ്ങളില്‍ കണ്ടു. കേസിന്റെ ഗൗരവം മനസ്സിലാക്കാതെയുള്ള അത്തരം വാര്‍ത്തകളും കമന്റുകളും ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ഈ കേസ് വ്യത്യസ്ഥ സ്വഭാവമുള്ളതുകൊണ്ടാണ് അറ്റോര്‍ണി ജനറല്‍ നേരിട്ട് ഏറ്റെടുത്ത് പ്രൊസിക്യൂട്ട് ചെയ്യുന്നത്. സാധാരണ ഗതിയില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം കഴിഞ്ഞതിനുശേഷമാണ് അറ്റോര്‍ണി ജനറല്‍ തീരുമാനിക്കുന്നത് അവരത് ഏറ്റെടുക്കണോ വേണ്ടയോ എന്ന്. ദുര്‍ബ്ബലമായ കേസുകള്‍ അറ്റോര്‍ണി ജനറല്‍ പ്രൊസിക്യൂട്ട് ചെയ്യാറില്ല. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രൊസിക്യൂഷന്‍ കഴിഞ്ഞാല്‍ കമ്മീഷണറുടെ ഓര്‍ഡര്‍ അറ്റോര്‍ണി ജനറലിന് അയച്ചുകൊടുക്കും. അവരത് പരിശോധിച്ചതിനുശേഷമാണ് അന്വേഷണം വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. ഇവിടെ നടന്നത് 81 വയസ്സുള്ള ഒരു റസിഡന്റ്, അതും വെന്റിലേറ്ററിനെ ആശ്രയിക്കുന്ന, മരണപ്പെട്ടതാണ്. അറസ്റ്റു ചെയ്യപ്പെട്ടവരെ സ്വന്തം ജാമ്യത്തില്‍ വിട്ടു എന്നു വെച്ച് അവരെ കുറ്റവിമുക്തരാക്കിയിട്ടില്ലെന്ന് ഓര്‍ക്കണം. "The charges are merely accusations, and the defendants are presumed innocent until and unless proven guilty." എല്ലാ കേസുകളിലും സാധാരണ പറയുന്ന ഭാഷയാണിത്. അറ്റോര്‍ണി ജനറല്‍ ക്രിമിനല്‍ വകുപ്പിലാണ് കേസ് എടുത്തിരിക്കുന്നത്. അതു കഴിഞ്ഞാല്‍ മൂന്ന് വ്യത്യസ്ഥ കേസുകളാണ് ഈ നഴ്സുമാര്‍ ഇനി നേരിടേണ്ടി വരിക. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റും എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രൊഫഷണല്‍ ലൈസന്‍സിംഗ് ബ്യൂറോയും (അവരാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണോ അതോ റദ്ദാക്കണോ എന്നു തീരുമാനിക്കുന്നത്). പിന്നെ മരണപ്പെട്ട റസിഡന്റിന്റെ ബന്ധുക്കള്‍ ഫയല്‍ ചെയ്യാവുന്ന സിവില്‍ കേസ്. അതേക്കുറിച്ച് അടുത്തതില്‍ വിശദീകരിക്കാം. ഏതായാലും ഈ രണ്ടു സഹോദരിമാര്‍ പ്രഗത്ഭരായ അഭിഭാഷകരുടെ സഹായം എത്രയും വേഗം തേടണം. ശുപാര്‍ശകള്‍ക്കും കൈക്കൂലിക്കും ഇവിടെ പ്രസക്തിയില്ലെന്നും ഓര്‍ക്കണം. നേരിട്ട് ഈ കേസ് ഒരിക്കലും കൈകാര്യം ചെയ്യരുത്. വൈകാരിക പ്രകടനവും അരുത്.
(തുടരും....)
No comments:
Post a Comment