ഇന്ത്യ ഒരു മതേതര രാജ്യമാണ്. മതേതരം എന്ന വാക്കിനര്‍ഥം എല്ലാ മതങ്ങളോടും തുല്യത എന്നാണ്. ഏതെങ്കിലും മതത്തിനോടു പ്രത്യേകിച്ച് ആഭിമുഖ്യമോ വെറുപ്പോ ഉണ്ടാവരുതെന്നാണ് അതിന്റെ കാതല്‍. ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും പൗരന് അവകാശമുണ്ട്. ഇതേ അവകാശം ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഇന്ത്യന്‍ ഭരണഘടന പൗരനെ അനുവദിക്കുന്നു എന്നതാണു മതേതരത്വം എന്ന സംജ്ഞയുടെ സവിശേഷത. ഭരണഘടനയുടെ പതിന്നാലാം അനുച്ഛേദം കൂടി ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. അതനുസരിച്ച് രാജ്യത്ത് ആര്‍ക്കും നിയമപരമായ തുല്യത നിഷേധിക്കാനാവില്ല. തുല്യതയിലുള്ള അനിഷേധ്യമായ അവകാശമാണ് ഇപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിലൂടെ നിഷേധിക്കപ്പെട്ടിരിക്കുന്നത് എന്ന വാദം നമ്മുടെ രാജ്യത്തിന്റെ സ്വസ്ഥത കെടുത്തുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലപ സമാനമായ സാഹചര്യങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷവും നിലനിര്‍ത്തുന്നത് ഈ അസ്വസ്ഥതയാണ്.
2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയില്‍ കുടിയേറിയവരും ദീര്‍ഘകാല റെസിഡന്‍ഷ്യല്‍ വിസയുള്ളവരുമായ മൂന്നു രാജ്യങ്ങളിലെ പൗരന്മാര്ക്ക് സ്ഥിരമായി ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നതാണു പുതിയ നിയമം. ഇതുപ്രകാരം 33,313 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. ഇവരെല്ലാം പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ മതത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ക്കിരയായി അവിടം വിട്ട് ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, പാഴ്സി, ജൈന മതങ്ങളില്പ്പെട്ടവരാണ് ഇവരെല്ലാം. എന്നാല്‍ ഇതേ രാജ്യങ്ങളില്‍ നിന്നു തന്നെ ഇന്ത്യയില്‍ അഭയം തേടിയ മുസ്ലിംകള്ക്ക് എന്തുകൊണ്ടു പൗരത്വം നിഷേധിക്കപ്പെടുന്നു എന്നതാണു കേന്ദ്ര സര്‍ക്കാരിനു വെല്ലുവിളി ഉയര്‍ത്തുന്ന ചോദ്യം. മറ്റു മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു പൗരത്വം അനുവദിക്കാമെങ്കില്‍ മുസ്ലിംകള്ക്കും അതിന് അര്‍ഹതയുണ്ടെന്ന പ്രതിപക്ഷ വാദത്തിന് അനുകൂലമായി ഒട്ടേറെ നിയമജ്ഞര്‍ രംഗത്തു വന്നിട്ടുണ്ട്.
മതപരമായ വിവേചനം മാത്രമല്ല പൗരത്വ ഭേദഗതി ബില്ലിലൂടെ കേന്ദ്രസര്‍ക്കാരിനു മേൽ ആരോപണമായി വന്നിരിക്കുന്നത്. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പൗരത്വം മാത്രമാണു പരിഗണിക്കപ്പെട്ടത്. സമാനമായ സാഹചര്യങ്ങളില്‍ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, മ്യാൻമര്, ഭൂട്ടാന്, നേപ്പാള്‍, ചൈന എന്നിവിടങ്ങളില്‍ നിന്നും നിരവധി പേര് ഇന്ത്യയില്‍ അഭയം തേടിയിട്ടുണ്ട്. അവര്‍ക്കും സമാനമായ തരത്തില്‍ പൗരത്വത്തിന് അവകാശമുണ്ട്. എന്നാല്‍, പുതിയ പൗരത്വ ഭേദഗതി നിയമത്തില്‍ അത് അനുവദിക്കുന്നില്ല. ഇതു രാഷ്ട്രീയമായ വിവേചനമാണെന്നാണു മറുപക്ഷത്തുള്ളവരുടെ വാദം.
പൗരത്വ ഭേദഗതി ബില്‍ കഴിഞ്ഞ ജനുവരിയില്‍ത്തന്നെ ലോക്സഭയില്‍ പാസായതാണ്. എന്നാല്‍ രാജ്യസഭയില്‍ എന്‍ഡിഎയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ അന്നു നിയമമായില്ല. രാജ്യസഭയില്‍ ഇപ്പോഴും എന്‍ഡിഎയ്ക്കു ഭൂരിപക്ഷമില്ല. എന്നിട്ടും നല്ല ഭൂരിപക്ഷത്തിനു തന്നെ ബില്‍ രാജ്യസഭ അംഗീകരിച്ചു. നേരത്തേ എന്‍ഡിഎയിലുണ്ടായിരുന്ന ശിവസേനയുടെ മൂന്ന് അംഗങ്ങളും സ്വതന്ത്രരുള്‍പ്പെടെ ഏഴോളം എംപിമാരും സഭയില്‍ നിന്നു വിട്ടു നിന്നിട്ടും പ്രതിപക്ഷത്താണു വിള്ളല്‍ ഉണ്ടായത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ പാസാക്കപ്പെട്ട മുത്തലാക്ക് ബില്‍, ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞ നിയമ നിര്‍മാണം തുടങ്ങിയ സുപ്രധാന സഭാ നടപടികളിലും പ്രതിപക്ഷത്തിന് ഒന്നിച്ചു നില്ക്കാന് കഴിഞ്ഞില്ല.
നിയമ നിര്‍മാണ രംഗത്ത് ബിജെപിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാണിക്കുന്ന തന്ത്രപ്രധാനമായ നീക്കങ്ങളുടെ വിജയമായാണ് ഈ നിയമ നിര്‍മാണങ്ങളെ കാണേണ്ടത്. പക്ഷേ, ഭരണഘടന ഉറപ്പു നല്കുന്ന പൗരാവകാശങ്ങള്‍ ഒരു നിയമഭേദഗതി കൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ ഭാവിയിലും ഇത്തരത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ കൊണ്ടുവരാന്‍ ട്രഷറി ബെഞ്ചിനു കഴിഞ്ഞേക്കാം.
മതേതരത്വവും തുല്യതയും സ്ഥിതിസമത്വവും ഉറപ്പു വരുത്തുന്ന നമ്മുടെ ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്യുന്ന നടപടികളില്‍ നിന്ന് ഭരണകൂടങ്ങളും രാഷ്ട്രീയ കക്ഷികളും മാറിനില്‍ക്കുന്നതാണു നല്ലത്. പാര്‍ലമെന്റ് അംഗീകരിച്ച മുത്തലാക്ക്, ജമ്മു കശ്മീര്‍ ബില്ലുകള്‍ തികച്ചും സമാധാനപരമായി സ്വാഗതം ചെയ്ത ജനങ്ങള്‍, പൗരത്വ ഭേദഗതി ബില്ലിനെതിരേ തെരുവിലിറങ്ങിയതിന്റെ കാരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പഠിക്കണം. പുതിയ നിയമത്തെച്ചൊല്ലി അവര്‍ക്കുള്ള ആശങ്കകള്‍ മുഴുവന്‍ ഇല്ലാതാക്കാനും മുന്‍കൈ എടുക്കണം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളിപ്പടരുന്ന പ്രതിഷേധാഗ്നി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരാതിരിക്കാന്‍ അതു മാത്രമാണു പോംവഴി.
No comments:
Post a Comment