പതിനേഴാമതു ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണു ബിജെപി നേടിയത്. ഭരണത്തുടർച്ച ലഭിച്ചു എന്നതു മാത്രമല്ല ബിജെപിയുടെ രാഷ്ട്രീയ നേട്ടം. കേന്ദ്രമന്ത്രിസഭ രൂപീകരിക്കാൻ ഒറ്റയ്ക്കു ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞു എന്നതും എടുത്തു പറയണം. അമിത് ഷാ എന്ന രാഷ്ട്രീയ പടുത്വത്തിന്റെയും നരേന്ദ്ര മോദി എന്ന ഭരണ മികവിന്റെയും ബലത്തിലാണു ഭാരതീയ ജനതാ പാർട്ടിയുടെ തിളക്കമാർന്ന വിജയം. ഒരു ഘട്ടത്തിൽ രാജ്യത്തെ 21 സംസ്ഥാനങ്ങളിലെങ്കിലും ഭരണനേതൃത്വമോ പങ്കാളിത്തമോ ലഭിച്ചിരുന്നു ബിജെപിക്ക്.
ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിൽ സ്വയം അഭിമാനിക്കാനുള്ള വകയാണ് ഇതെല്ലാം എന്നു സമ്മതിക്കാം. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന പ്രധാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിവിധ നിയമനിർമാണ സഭകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പൊതുവേ പരാജയമാണു ബിജെപി ഏറ്റുവാങ്ങിയത്. അതിൽ അവസാനത്തേതാണ് ഇന്നലെ വോട്ടെണ്ണൽ നടന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ. കഴിഞ്ഞ അഞ്ചു വർഷമായി അധികാരത്തിലിരുന്ന ബിജെപിക്ക് ഇവിടെ ഭരണത്തുടർച്ച നഷ്ടപ്പെട്ടു. ഝാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, ആർജെഡി കക്ഷികൾ ഉൾപ്പെട്ട മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്കു നീങ്ങി.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളിൽ നാണം കെട്ടു പോയ ബിജെപി, ഹരിയാനയിൽ കേവല ഭൂരിപക്ഷത്തിലെത്തിയില്ല. തെരഞ്ഞെടുപ്പിനു ശേഷം ദുഷ്യന്ത് ചൗതാലയുടെ ജെജെപിയെ ഒപ്പം കൂട്ടിയാണു വീണ്ടും സർക്കാരുണ്ടാക്കിയിരിക്കുന്നത്. ഏക ആശ്വാസം കാലുമാറിവന്നപ്പോൾ സ്പീക്കർ അയോഗ്യരാക്കിയ എംഎൽഎമാരെ കർണാടകയിലെ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും ജയിപ്പിക്കാനായി എന്നതാണ്. അങ്ങനെ യെദിയൂരപ്പ സർക്കാർ അധികാരം ഉറപ്പിച്ചു.
വോട്ടെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞു രണ്ടു മാസങ്ങൾ ലഭിച്ചിട്ടും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനൻ കഴിയാതെ പോയതു മഹാരാഷ്ട്രാ സംസ്ഥാന ഘടകത്തിനു മാത്രമല്ല, ബിജെപി ദേശീയ നേതൃത്വത്തിനു പോലും മാനക്കേടായി. ശിവസേനയ്ക്കെതിരേ ആദ്യം രംഗത്തു വന്ന ദേവേന്ദ്ര ഫഡ്നാവിസിനെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വളരെ അപ്രതീക്ഷിതമായി എൻസിപിയിൽ പിളർപ്പുണ്ടാക്കി ഫഡ്നാവിസിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കി. എന്നാൽ, മന്ത്രിസഭയ്ക്കു 48 മണിക്കൂർ ആയുസ് കിട്ടിയില്ല. മുഖ്യമന്ത്രിസ്ഥാനത്തിനു വിലപേശിയ ശിവസേനയെ കൈവിടാനെടുത്ത തീരുമാനം ബിജെപിക്കു വലിയ തിരിച്ചടിയായി അവസാനം.
2014ലെ അവസ്ഥയിലല്ല, ബിജെപി ഇപ്പോൾ എന്നതാണു പുതിയ രാഷ്ട്രീയ ചിത്രം. ഹിന്ദി ബെൽറ്റിൽ അവർക്കുണ്ടായിരുന്ന മേൽക്കൈ മിക്കവാറും നഷ്ടപ്പെട്ടു. പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലെല്ലാം ഭരണം നഷ്ടപ്പെട്ടു. കർണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പാർട്ടി പതിവുപോലെ പരുങ്ങലിലാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മേൽക്കൈ പൗരത്വ നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്ട്രിയുടെയും പേരിൽ നടക്കുന്ന കലാപങ്ങൾ മൂലം നഷ്ടപ്പെടുത്താതെ നോക്കേണ്ട അവസ്ഥ. ബിഹാറിൽ സഖ്യകക്ഷിയായ ജെഡിയു ഇക്കാര്യത്തിൽ വലിയ പിണക്കത്തിലുമാണ്.
തുടർച്ചയായ തെരഞ്ഞെടുപ്പു വിജയങ്ങൾ ഒരു കാലത്ത് കോൺഗ്രസിനെയും മത്തു പിടിപ്പിച്ചിരുന്നു. ഞങ്ങൾ തീരുമാനിക്കുന്നു, നിങ്ങൾ വോട്ടു ചെയ്യുന്നു എന്നതായിരുന്നു അക്കാലത്ത് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട്. ഈ നിലപാട് അതിരുവിട്ടപ്പോൾ ജനങ്ങൾ പാർട്ടിയെ കൈവിട്ടു. ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷവും ഏറെക്കുറെ മിക്ക സംസ്ഥാനങ്ങളിലും ഭരണവുമുണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോഴത്തെ ലോക്സഭയിൽ ഔദ്യോഗിക പദവിയുള്ള പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ല. ജനങ്ങളെ മറന്നുള്ള പ്രവർത്തനങ്ങൾക്കു ജനങ്ങൾ നൽകിയ മറുപടിയാണിത്.
മുന്നറിയിപ്പുകളിൽ നിന്നു പാഠം പഠിക്കാതെ പോയതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി തുടങ്ങിയ അതിശക്തരായ നേതാക്കളുടെ കാലത്ത് കോൺഗ്രസ് അജയ്യമായിരുന്നു. അതുതന്നെയാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കാലത്തെ ബിജെപിയും. എന്നാൽ, തുടർന്നും പാർട്ടി കരുത്തോടെ നിലനിൽക്കണമെങ്കിൽ ജനങ്ങളെ ഒപ്പം നിർത്തണം.
സാമ്പത്തിക പ്രതിസന്ധിയുടെയും പരിഷ്കരണ നയങ്ങളുടെയും തൊഴിലില്ലായ്മയുടെയും സാധാരണക്കാരുടെ ദാരിദ്യ്രത്തിന്റെയും പേരിൽ ഏറെ പഴി കേട്ട ബിജെപി സർക്കാർ ഇപ്പോൾ അഭിമുഖീകരിക്കുന്നത് പൗരത്വ നിയമത്തിലെ ഭരണഘടനാ ലംഘനമെന്ന ആരോപണമാണ്. ജനങ്ങൾക്കു മുന്നിലേക്കെത്തുന്ന ആശങ്കകൾക്ക് കൃത്യമായ മറുപടിയില്ലാതെ പോയാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ശുഭസൂചകമാവണമെന്നില്ലെന്നാണ് രാജസ്ഥാനും മധ്യപ്രദേശും ഇപ്പോൾ ഝാർഖണ്ഡും നൽകുന്ന മുന്നറിയിപ്പ്.
No comments:
Post a Comment