2020 മാർച്ച് 19, വ്യാഴാഴ്‌ച

ജുഡീഷ്യറിക്ക് കളങ്കം ചാര്‍ത്തിയ ന്യായാധിപന്‍

ഇന്ന് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്ത സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, യഥാര്‍ത്ഥത്തില്‍ സത്യസന്ധനായ ഒരു ന്യായാധിപനായിരുന്നോ എന്നതാണ് ഇപ്പോഴത്തെ സംസാര വിഷയം. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് എടുത്ത രാഷ്ട്രീയ വഴിമാറ്റം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്.

'കോടതിയലക്ഷ്യം' എന്നാല്‍ ഗൗരവമേറിയ കുറ്റമാണ്. കോടതിയുടെ ഉത്തരവ് പാലിക്കാതിരിക്കുകയോ കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയോ അപകീര്‍ത്തിപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്നത് 'കോടതിയലക്ഷ്യം' എന്ന ഗുരുതരമായ കുറ്റത്തില്‍ പെടുന്നു. പിഴയോ ജയില്‍ ശിക്ഷയോ അതുമല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് ലഭിക്കാവുന്ന കുറ്റം ! എന്നാല്‍, ജനാധിപത്യത്തിന്റെ മൂന്നാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജുഡീഷ്യറി തന്നെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാലോ? കോടതിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേല്പിച്ചാലോ? അതുമല്ലെങ്കില്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തിയാലോ? ആര് ആരെ ശിക്ഷിക്കും? ആരില്‍ നിന്ന് പിഴയീടാക്കും? ആരെ ജയിലിലേക്കയക്കും? ആര് വിധി പറയും? നീതി പീഠത്തിലിരുന്ന് കോടതിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന ന്യായാധിപന്മാര്‍ക്ക് എന്താണ് ശിക്ഷ? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുമായാണ് ഇന്ന് രാജ്യസഭയില്‍ എം.പി.യായി സത്യപ്രതിജ്ഞ ചെയ്ത മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി.

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി മോദി സര്‍ക്കാരിന്റെ നോമിനിയായി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന്റെ അനാരോഗ്യകരമായ രംഗം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ജനത നേരിടാന്‍ നിര്‍ബന്ധിതരാകുകയാണ്. എന്തുകൊണ്ടാണ് ഇതിനിത്ര പ്രാധാന്യം? രഞ്ജന്‍ ഗോഗോയി വെറുമൊരു ജഡ്ജി ആയിരുന്നില്ല എന്നുള്ളതുതന്നെയാണ് അതിന്റെ കാരണം. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ നീതിപീഠത്തിലിരുന്ന് അദ്ദേഹം കൈകാര്യം ചെയ്ത കേസുകളുടെ പിന്നാമ്പുറ കഥകള്‍ അറിയുമ്പോഴാണ് ഈ രാജ്യസഭാംഗത്വം ഒരു 'ഫ്രീ എന്‍ട്രി' അല്ല എന്നു മനസ്സിലാകുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ ഏതെല്ലാം കേസുകള്‍ ഏതെല്ലാം ബെഞ്ചുകളിലേക്ക് വിടണം എന്ന അന്തിമ തീരുമാനമെടുത്തിരുന്നത് ഗോഗോയി ആയിരുന്നു. പ്രത്യേകിച്ച് മോദി സര്‍ക്കാര്‍ എതിര്‍ കക്ഷികളായ സുപ്രധാനമായ നിരവധി കേസുകള്‍ ! ഇപ്പോള്‍ എം.പി.യെന്ന നിലയില്‍ അദ്ദേഹത്തിന് കൊടുത്ത ആ സ്ഥാനം ശക്തനായ ഒരു വ്യവഹാരിയും ന്യായാധിപനും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിനെ സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും തമ്മിലുള്ള ബന്ധവും, അദ്ദേഹത്തിന് ലഭിച്ച എം.പി. സ്ഥാനം അര്‍ഹതപ്പെട്ടതാണെന്ന് ന്യായീകരിക്കാനും ചില 'വ്യാജ' വക്താക്കളും 'തല്പര കക്ഷികളും' വിശദീകരണങ്ങളുമായി രംഗത്തു വന്നത് അപഹാസ്യമായിട്ടാണ് തോന്നുന്നത്. രാജ്യസഭാ എംപിയായി മാറിയ ആദ്യത്തെ ജഡ്ജിയല്ല രഞ്ജന്‍ ഗോഗോയ് എന്നും, ഇതിനു മുന്‍പും ജഡ്ജിമാര്‍ എം.പി.യായി വന്നിട്ടുണ്ടെന്നും, കോണ്‍ഗ്രസ് ഭരണകാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബഹറുല്‍ ഇസ്ലാമും, രംഗനാഥ് മിശ്രയുമാണെന്നൊക്കെ അവര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. എന്നാല്‍, അവരുടെ രാജ്യസഭാ പ്രവേശനത്തിന്റെ സാഹചര്യങ്ങള്‍ ഗോഗോയിയുടെ കേസുമായി താരതമ്യപ്പെടുത്താനാകില്ല.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യത്തിനൊത്ത് പ്രവര്‍ത്തിക്കേണ്ടതല്ല രാജ്യത്തെ കോടതികള്‍, പ്രത്യേകിച്ച് പരമോന്നത കോടതി. ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയല്ല ജുഡീഷ്യറിയുടെ ധര്‍മ്മം. ഉദാഹരണത്തിന്, പൗരത്വ നിയമ ഭേദഗതി നിയമ (സിഎഎ)വുമായി ബന്ധപ്പെട്ടു സമര്‍പ്പിക്കപ്പെട്ട ഹരജികളുടെ കാര്യത്തില്‍ വിവിധ കോടതികളില്‍ നിന്നുണ്ടായ സമീപനമാണ് ഇങ്ങനെയൊരു സന്ദേഹത്തിന് കാരണം. സിഎഎക്കെതിരെ വിവിധ സംഘടനകളും പാര്‍ട്ടികളും സമര്‍പ്പിച്ച അറുപതോളം ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. എന്നാല്‍, അവ പരിഗണനക്കെടുക്കുന്നതിനു പകരം കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അറിയാതെ ഒന്നും പറയാനോ തീരുമാനമെടുക്കാനോ ആകില്ലെന്നും വിശദീകരണമാവശ്യപ്പെട്ട് കേന്ദ്രത്തിനു നോട്ടീസയക്കാമെന്നും പറഞ്ഞ് വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറി നില്‍ക്കുകയാണ് ജഡ്ജിമാര്‍.

മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയിയുടെ രാജ്യസഭാംഗത്തെ ചോദ്യം ചെയ്യുന്നവരോട് ബഹറുല്‍ ഇസ്ലാമിന്റേയും രംഗനാഥ് മിശ്രയേയുമാണ് ഭരണപക്ഷത്തുള്ള വിമര്‍ശകര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. കാരണം അവര്‍ രണ്ടു പേരും കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായിരുന്നവരായിരുന്നു.

ബാങ്ക് തട്ടിപ്പ് നടത്തിയൊരോപിച്ച് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതിന് 1983 ല്‍ ഇന്ദിരാഗാന്ധി ബഹാറുല്‍ ഇസ്ലാമിന് നല്‍കിയ പാരിതോഷികമാണ് രാജ്യസഭാംഗത്വം. ബഹാറുല്‍ ഇസ്ലാമിന്റെ രാജ്യസഭാ പ്രവേശനം ചൂണ്ടിക്കാണിച്ച് ബിജെപി സര്‍ക്കാരിനേയും ഗോഗോയിയേയും ന്യായീകരിക്കുന്നവര്‍ ഗോഗോയിക്ക് ഏത് വിധിന്യായത്തിന്റെ പ്രതിഫലമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് പറയണം.

അടുത്തതായി രംഗനാഥ് മിശ്രയിലേക്ക് വരാം. ബഹറുല്‍ ഇസ്ലാമിനെപ്പോലെ മിശ്രയും ജുഡീഷ്യറിക്ക് അപമാനം വരുത്തിവെച്ച ന്യായാധിപനായിരുന്നു. കേന്ദ്ര അന്വേഷണ കമ്മീഷന്റെ തലവന്‍ എന്ന നിലയില്‍, 1984 നവംബറില്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് സിഖുകാരെ കൂട്ടക്കൊല ചെയ്തതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പങ്ക് മറച്ചുവെക്കാന്‍ അദ്ദേഹം രാജീവ് ഗാന്ധി സര്‍ക്കാരിനെ സഹായിച്ചു. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് ആദ്യം ചീഫ് ജസ്റ്റിസ് പദവി നല്‍കിയത്. 1992 ല്‍ വിരമിച്ച അദ്ദേഹത്തെ പുതുതായി രൂപീകരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു. സുപ്രീം കോടതിയിലെ വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍ക്കായി ഒരു തസ്തിക അന്ന് പുതുതായി സൃഷ്ടിക്കുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍.

ഇന്ദിരാഗാന്ധിയുടെ കുറ്റങ്ങള്‍ മറച്ചു വെച്ച് കോണ്‍ഗ്രസിനെ സഹായിച്ച രംഗനാഥ് മിശ്രയെപ്പോലെ, ഇപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച രഞ്ജന്‍ ഗോഗോയ് മോദിയുടെ എന്ത് കുറ്റങ്ങള്‍ മറച്ചുവെച്ചിട്ടാണ് ഈ രാജ്യസഭാംഗത്വം നേടിയെടുത്തതെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

എന്തുതന്നെയായാലും, മറ്റൊരു കാര്യവും കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. 1998 ല്‍ മിശ്രയുടെ രാജ്യസഭാ പ്രവേശനം കോണ്‍ഗ്രസ് സര്‍ക്കാരല്ല നല്‍കിയത്. അടല്‍ ബിഹാരി വാജ്പേയിയായിരുന്നു അക്കാലത്ത് പ്രധാനമന്ത്രി. എന്നാല്‍, സോണിയ ഗാന്ധിയുടെ കീഴിലുള്ള പ്രതിപക്ഷ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നോമിനിയെന്ന നിലയിലാണ് അദ്ദേഹത്തിന് ആ സ്ഥാനം ലഭിച്ചത്. തീര്‍ച്ചയായും, അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശം മുന്‍ ജഡ്ജിയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള അനാരോഗ്യകരമായ ബന്ധത്തിന്‍റെ തെളിവായിരുന്നു. പക്ഷേ അത് ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള അധികാര വിഭജനത്തിന്റെ ലംഘനത്തെ പ്രതിനിധീകരിക്കുന്നില്ല.

കേന്ദ്ര സര്‍ക്കാരിന്റെ നോമിനിയായി ഗോഗോയ് രാജ്യസഭയിലേക്ക് പോകുന്നതില്‍ അലോസരപ്പെടുത്തുന്ന പ്രധാന ഘടകം, നാല് മാസം മുമ്പ് വരെ, സര്‍ക്കാരിന് ധാരാളം രാഷ്ട്രീയ പങ്കാളിത്തമുള്ള കേസുകളില്‍ അദ്ദേഹം വിധി പറഞ്ഞു എന്നുള്ളതാണ്.

അതേ ഗവണ്മെന്റിന്റെ നാമനിര്‍ദ്ദേശം, ഈ കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെക്കുറിച്ചും ഒരു ജഡ്ജിയെന്ന നിലയില്‍ നിഷ്പക്ഷതയെക്കുറിച്ചും എന്താണ് പറയുന്നത്? ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എ.പി. ഷാ പറയുന്നത് ഈ നാമനിര്‍ദ്ദേശം മൊത്തത്തില്‍ ജുഡീഷ്യറിക്ക് നാണക്കേടുണ്ടാക്കുന്നതും തെറ്റായ സന്ദേശം നല്‍കുകയാണെന്നുമാണ്. 'എക്സിക്യൂട്ടീവിന് അനുകൂലമായ വിധിന്യായങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കത് പ്രതികൂലമായി ഭവിക്കും, അല്ലെങ്കില്‍ നിങ്ങളെ സ്ഥലം മാറ്റും, അതുമല്ലെങ്കില്‍ സ്ഥാനക്കയറ്റത്തിന് പരിഗണിക്കില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ പ്രശ്നം ചൂണ്ടിക്കാണിച്ച ആദ്യത്തെ വ്യക്തിയല്ല ജസ്റ്റിസ് ഷാ. അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി 2013-ലും ഇതേ കാര്യം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ വിരമിച്ചാല്‍ അവര്‍ക്ക് രാജ്യസഭയില്‍ സീറ്റ് കൊടുക്കാതെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ കൊടുത്ത് വീട്ടിലിരുത്തണം, അല്ലാതെ രാജ്യസഭയില്‍ സീറ്റ് കൊടുക്കാന്‍ പുതിയ തസ്തിക സൃഷ്ടിക്കുകയല്ല വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. കൂടാതെ, 1958 ല്‍ ആദ്യത്തെ നിയമ കമ്മീഷന്‍ ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, രാഷ്ട്രീയക്കാരനും ന്യായാധിപനുമായുള്ള അവിശുദ്ധ ബന്ധം ചോദ്യം ചെയ്യപ്പെടാതിരുന്നതുകൊണ്ട് അതിനെക്കുറിച്ച് ഒന്നും ചെയ്യാന്‍ ആരും മെനക്കെട്ടുമില്ല.

അടുത്തിടെ നടന്ന ഡല്‍ഹി വംശീയ കലാപത്തെത്തുടര്‍ന്ന് കോടതിയില്‍ വാദം കേട്ടതിന് ശേഷം ജസ്റ്റിസ് എസ്. മുരളീധര്‍ കേന്ദ്ര സര്‍ക്കാരിനേയും ഡല്‍ഹി പോലീസിനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിറ്റേ ദിവസം അര്‍ദ്ധരാത്രിയില്‍ അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു..! 2012 ല്‍ അമിത് ഷായെ ജയിലിലടച്ച ജസ്റ്റിസ് അഖില്‍ കുരേഷിയെ, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, മാസങ്ങളോളം കാലതാമസം വരുത്തുകയും പിന്നീട് സര്‍ക്കാര്‍ അദ്ദേഹത്തെ ത്രിപുരയിലെ ഒരു ചെറിയ കോടതിയില്‍ നിയമിക്കുകയും ചെയ്തു.

ഇനി ജസ്റ്റിസ് രജ്ഞന്‍ ഗോഗോയിയുടെ കേസ് റെക്കോര്‍ഡ് പരിശോധിച്ചാല്‍, അദ്ദേഹം കൈകാര്യം ചെയ്ത മൂന്ന് തരത്തിലുള്ള, രാഷ്ട്രീയമായി സെന്‍സിറ്റീവുള്ള കേസുകളാണ് ലഭിക്കുക. ആദ്യത്തേത് അദ്ദേഹം അദ്ധ്യക്ഷത വഹിച്ച മോദി സര്‍ക്കാരിന് അനുകൂലമായി വിധിച്ച റാഫേല്‍ അഴിമതി കേസും അയോദ്ധ്യ കേസും.

ഫ്രാന്‍സുമായി ഇന്ത്യ നടത്തിയ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ചുകൊണ്ട് മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി വേണ്ടവിധം പരിഗണിക്കാതെ 'അതിന്റെ ആവശ്യമില്ല' എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജികളില്‍ കഴമ്പില്ലെന്ന് കാണിച്ച് തള്ളിയത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 വ്യവസ്ഥകള്‍ റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുതയും തുടര്‍ന്നുള്ള രാഷ്ട്രപതി ഉത്തരവുകളും പരിശോധിക്കാന്‍ ഭരണഘടനാ ബെഞ്ചിന് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവര്‍ വാദം കേള്‍ക്കുകയും കേന്ദ്രത്തിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന കൂട്ട അറസ്റ്റുകള്‍, ഇന്റര്‍നെറ്റ് ഉപരോധം എന്നുവേണ്ട കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നിയമലംഘനങ്ങള്‍ക്കും 'ക്ലീന്‍ ചിറ്റ്' നല്‍കിയ ന്യായാധിപനാണ് രഞ്ജന്‍ ഗോഗോയ്.

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ഒരു രാത്രിയില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ആദ്യം ചോദ്യം ചെയ്ത ജഡ്ജിയാണ് രഞ്ജന്‍ ഗോഗോയ്. പക്ഷെ, നേരത്തെ റാഫേല്‍ കേസില്‍ അലോക് വര്‍മ അന്വേഷണമാരംഭിച്ചിരുന്നതായും അത് കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നും അറിയാവുന്നതുകൊണ്ട് പിന്നീട് തന്ത്രപൂര്‍‌വ്വം അദ്ദേഹം കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഒക്ടോബര്‍ 23ന് രാത്രി 1 മണിക്കാണ് അലോക് വര്‍മയെ സെലക്ഷന്‍ കമ്മിറ്റിയോട് പോലും ആലോചിക്കാതെ നരേന്ദ്ര മോദി സ്ഥാനഭ്രഷ്ടനാക്കിയത്. വര്‍മ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ച് വരികയാണെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന് കനത്ത ആഘാതമാവും ഉണ്ടാക്കുകയെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്, അതും വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കേ. എന്നാല്‍, ഗവണ്‍മെന്‍റിന് അനുകൂലമായി വിധിയെഴുതാന്‍ ഗോഗോയ് ഒരു അവസരമൊരുക്കി. അതിനാല്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടറായി പുനഃസ്ഥാപിച്ചുവെങ്കിലും പിന്നീട് വാദം കേട്ടത് ഗോഗോയ് നിര്‍ദ്ദേശിച്ച ബെഞ്ചായിരുന്നു. അത് ഗോഗോയിയുടെ ഒരു തന്ത്രമായിരുന്നു. കാരണം, ആ കേസ് തള്ളിപ്പോകാന്‍ അവസരമൊരുക്കുകയായിരുന്നു ഗോഗോയ്.

2018 സെപ്റ്റംബര്‍ 28 നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഏത് പ്രായത്തിലുമുള്ള വനിതകള്‍ക്കും ഉപാധികളില്ലാതെ ശബരിമലയില്‍ പ്രവേശനമാകാം എന്ന് വിധിച്ചത്. ഇതിനെതിരെ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 65 പരാതികള്‍ സുപ്രീം കോടതിയില്‍ എത്തി. ആ പുനഃപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് കല്പിച്ചത് ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍‌ഗാമിയായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ്. ഇവരില്‍ ജസ്റ്റിസ് ഇന്ദു മല്‍‌ഹോത്ര മാത്രമേ വിയോചനക്കുറിപ്പ് എഴുതിയുള്ളൂ. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മോദി സര്‍ക്കാരിന് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നതിന് വ്യക്തമായ തെളിവാണ് ശബരിമല വിധി.

ഈ കേസുകളിലെല്ലാം ഗോഗോയിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിയാലും, ഒരുപക്ഷേ ഈ വിധിന്യായങ്ങള്‍ ശരിക്കും അദ്ദേഹത്തിന്റെ മികച്ച പ്രകടനമായിരുന്നു എന്നു വേണമെങ്കില്‍ പറയാം. ഒരു ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറില്‍ അപകടകരമായ ന്യൂനത നിലനില്‍ക്കുന്നുണ്ട്. അപകീര്‍ത്തി സമ്പാദിച്ചതു മാത്രമല്ല ഇപ്പോള്‍ പാര്‍ലമെന്‍റിന്റെ മേല്‍ ഒരു കരിനിഴല്‍ വീഴ്ത്തുകയും ചെയ്തു. സുപ്രീം കോടതി ജഡ്ജിയായിരിക്കേ ഒരു വനിതാ ജൂനിയര്‍ കോടതി സഹായി അദ്ദേഹത്തിനെതിരെ ഉന്നയിച്ച ലൈംഗിക പീഡന ആരോപണം അദ്ദേഹം കൈകാര്യം ചെയ്ത രീതി തന്നെ നീതിന്യായ വ്യവസ്ഥയ്ക്ക് ഒട്ടും ചേര്‍ന്നതല്ല.

യഥാര്‍ത്ഥത്തില്‍ ആ പീഡന ആരോപണത്തിന്റെ കൃത്യതയെക്കുറിച്ച് സംശയത്തിന്റെ ആനുകൂല്യം ഇപ്പോള്‍ നല്‍കിയാലും, തന്റെ പേര് മായ്ക്കാമെന്നു കരുതി അദ്ദേഹം ചെയ്ത പ്രവൃത്തികള്‍ ഒരു ന്യായാധിപന് നിരക്കാത്തതായിരുന്നു.

ഒന്നാമതായി, സ്ത്രീയെയും ഭര്‍ത്താവിനെയും സഹോദരങ്ങളെയും ക്രൂരമായ കുടിപ്പകയ്ക്ക് വിധേയരാക്കിയതും, ജോലിയില്‍ നിന്ന് പുറത്താക്കിയതും, ചെയ്യാത്ത കുറ്റത്തിന് അവരുടെ പേരില്‍ കുറ്റം ചാര്‍ത്തുകയും ഒക്കെ പരമോന്നത കോടതിയെ അപമാനിക്കലായിരുന്നു. ശക്തമായ പിന്തുണയില്ലാതെ ഗോഗോയ്ക്ക് അത് ചെയ്യാന്‍ കഴിയുകയില്ലായിരുന്നു.

രണ്ടാമതായി, സ്ത്രീയുടെ ലൈംഗിക പീഡന ആരോപണത്തിനൊപ്പം ഈ കുടിപ്പക പൊതുശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷ നേടാന്‍ ഗോഗോയ് ചെയ്തത് ജുഡീഷ്യല്‍ സം‌രക്ഷണം ഉറപ്പാക്കലായിരുന്നു. അതിനായി സ്വന്തം കേസ് കേള്‍ക്കാന്‍ വിളിച്ചു ചേര്‍ത്ത സുപ്രീം കോടതിയുടെ പ്രത്യേക സിറ്റിംഗില്‍ അദ്ദേഹം തന്നെ അദ്ധ്യക്ഷത വഹിച്ചു. ജുഡീഷ്യല്‍ അനുചിതത്വത്തെ തന്നെ അതിശയിപ്പിക്കുന്ന ഒരു പ്രവൃത്തിയായിരുന്നു അത്. അദ്ദേഹം 'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ സ്പര്‍ശിക്കുന്ന വലിയൊരു വിഷയമാക്കി അവതരിപ്പിച്ച് യുവതിയെ അപമാനിക്കുകയായിരുന്നു. അദ്ദേഹത്തിനെതിരെ പരാതിപ്പെട്ടത് വലിയ 'ഗൂഢാലോചന'യാണെന്നുവരെ അവകാശപ്പെടുകയും ചെയ്തു.

ഗോഗോയിക്കെതിരായ സ്ത്രീയുടെ ആരോപണങ്ങള്‍ 'അടിസ്ഥാനരഹിതമാണ്' എന്നും ഒരു ആഭ്യന്തര അന്വേഷണം വേണമെന്നും പ്രഖ്യാപിച്ചെങ്കിലും, അടിസ്ഥാനരഹിതമല്ല എന്ന സത്യം അവര്‍ക്കും ഭര്‍ത്താവിനുമെതിരെ കെട്ടിച്ചമച്ച മോഷണക്കേസ് പിന്‍‌വലിപ്പിച്ചതോടെ സ്ഥിരീകരിക്കപ്പെട്ടു. ഗോഗോയിക്കെതിരെയുള്ള കേസ് പിന്‍‌വലിപ്പിക്കാന്‍ മോഷണക്കുറ്റം ആരോപിച്ചതോടെ ഗത്യന്തരമില്ലാതെ യുവതി കേസ് പിന്‍‌വലിക്കുകയായിരുന്നു. അല്ലെങ്കില്‍ അവരുടെ ജീവിതം തന്നെ തകര്‍ന്ന് തരിപ്പണമാവുമായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ അവര്‍ക്കും ഭര്‍ത്താവിനും ജോലി തിരികെ കിട്ടി. ഗോഗോയിയാകട്ടേ അന്നത്തെ 'ഗൂഢാലോചന'യെക്കുറിച്ച് പിന്നീട് ശബ്ദിച്ചതേ ഇല്ല. ആരായിരുന്നു ആ ഗൂഢാലോചനയുടെ പിറകില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടു പിടിക്കേണ്ട ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു.

സുതാര്യതയെ വിലമതിക്കുന്ന ഏതൊരു രാഷ്ട്രീയത്തിലും, നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്ന ഏതൊരു നീതിന്യായ വ്യവസ്ഥയിലും, യുവതിയുടെ ആരോപണങ്ങള്‍ ഗൗരവമായി കാണുമായിരുന്നു. ഗോഗോയിക്കെതിരായ കേസ് നിഷ്പക്ഷമായി പുനഃപരിശോധിക്കപ്പെടാനും വിരമിക്കലിനു ശേഷം ലഭിക്കാവുന്ന സ്ഥാനത്തെക്കുറിച്ച് അദ്ദേഹത്തിന് ഉണ്ടായിരുന്ന പ്രതീക്ഷകളെ തകര്‍ക്കാന്‍ ഇടയാക്കുമെന്നതു കൊണ്ടായിരിക്കാം അങ്ങനെയൊരു നീക്കം നടത്താതിരുന്നത്.

മോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് അധികാര വിഭജനത്തിനെതിരായ യുദ്ധം ആരംഭിച്ചത്. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത നിയമസഭാംഗമായി ഗോഗോയി ഉയര്‍ന്നു വന്നത് ആക്രമണം എത്രത്തോളം വിജയകരമായിരുന്നു എന്നതിന്റെ സൂചനയാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനെതിരെ 2014 ലാണ് മോദി ദ്വിമുഖ ആക്രമണം നടത്തിയത്. “ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ ചുമതല ജഡ്ജിമാര്‍ ഏറ്റെടുത്ത സംഭവങ്ങളുണ്ട് ... എന്നാല്‍ പ്രധാനമന്ത്രിയെയും അമിത് ഷായെയും സന്തോഷിപ്പിച്ച സംഭവമാണ് കേരള ഗവര്‍ണ്ണറായിരുന്ന പി. സദാശിവത്തിന്റെ നിയമനം. മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിക്കലിനു ശേഷം പ്രധാന തസ്തികകളൊന്നും നല്‍കരുതെന്ന് പ്രതിപക്ഷത്തിരിക്കേ പ്രസംഗിച്ച ബിജെപിയാണ് പി. സദാശിവത്തെ ഗവര്‍ണ്ണറായി നിയമിച്ചത്. 2013 മുതല്‍ 2014 വരെ പി. സദാശിവം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. വിരമിച്ച ശേഷമാണ് അദ്ദേഹത്തെ കേരളത്തിന്റെ 21-ാമത് ഗവര്‍ണറായി 2014 സെപ്റ്റംബറില്‍ നിയമിച്ചത്. മോദി ഗവണ്മെന്റിന്റെ ഈ പ്രത്യുപകാരം എന്തിന്റെ പേരിലായിരുന്നു? വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ അമിത് ഷായ്‌ക്കെതിരായ രണ്ടാമത്തെ എഫ്‌ഐആര്‍ അല്ലെങ്കിൽ പോലീസ് പരാതി റദ്ദാക്കിയതിനുള്ള പാരിദോഷികം..!

ബിജെപി അധികാരത്തില്‍ വതിനുശേഷം, മുന്‍ കോണ്‍ഗ്രസ് ഭരണകൂടം നിയോഗിച്ച ഗവര്‍ണര്‍മാരെ മാറ്റി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിയമിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചുറച്ചു. രാജീവ് ഗാന്ധി ഭരണകാലത്ത് ബോഫോഴ്സ് പ്രതിരോധ ഇടപാടിനെക്കുറിച്ച് വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ കംട്രോളറും ഓഡിറ്റര്‍ ജനറലുമായ ടിഎന്‍ ചതുര്‍വേദിയെ ബിജെപി ഗവര്‍ണറാക്കി. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്. ഗില്ലിനെ രാജ്യസഭാ അംഗമാക്കിയതും കേന്ദ്രമന്ത്രിയാക്കിയതുമൊക്കെ ഇവിടെ കൂട്ടി വായിക്കണം.

ജുഡീഷ്യറിയിലെ നേരും നെറിവുമില്ലായ്മ ജനാധിപത്യത്തെ എങ്ങനെ അപകടത്തിലാക്കുന്നുവെന്ന മുന്നറിയിപ്പ് നല്‍കാന്‍ സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ 2018 ജനുവരിയില്‍ പത്രസമ്മേളനം നടത്തിയത് ലോകം കണ്ടതാണ്. ലോകത്തെ ഏതൊരു കോടതിയിലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അത്. എന്നാല്‍, രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ആ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഇപ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ രാജ്യസഭാ പ്രവേശനം.

ഇവിടെ 'നിങ്ങള്‍ക്ക് അവരെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവരോടൊപ്പം ചേരുക' എന്ന ആപ്തവാക്യമാണ് അന്വര്‍ത്ഥമാകുന്നത്. ജുഡീഷ്യറിയില്‍ സര്‍ക്കാറിന്റെ കൈയ്യേറ്റങ്ങളെ തകര്‍ക്കാന്‍ ഗോഗോയി ആഗ്രഹിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും, നിയമത്തെയും ഭരണഘടനയെയും കോടതികളെയും അവഹേളിക്കുന്നവരുടെ ക്യാമ്പില്‍ അദ്ദേഹം മനഃപ്പൂര്‍‌വ്വം ചെന്നു ചേര്‍ന്നു എന്ന് വ്യക്തമാണ്. ഇത് തീര്‍ച്ചയായും 'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ സ്പര്‍ശിക്കുന്ന' വലിയൊരു പൊതു പ്രാധാന്യമുള്ള വിഷയമാണ്.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, വിരമിച്ച ഒരു സുപ്രീം കോടതി ജഡ്ജിക്ക് അത്തരമൊരു വാഗ്ദാനം ചെയ്യുന്നത് കേവലം ധിക്കാരമല്ല. ജുഡീഷ്യല്‍ അധികാരത്തെ ദുര്‍ബലപ്പെടുത്താനുള്ള ഭയാനകമായ ഒരു ഉദ്ദേശ്യത്തെ ഇത് സൂചിപ്പിക്കുന്നു, അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് സര്‍വ്വശക്തനായി കാണപ്പെടുന്നു.

അതേസമയം, വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് മദന്‍ ബി ലോകുര്‍, എ കെ പട്നായിക്, കുര്യന്‍ ജോസഫ്, ജെ ചേലമേശ്വര്‍ എന്നിവര്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയും നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ജസ്റ്റിസ് ലോകുര്‍ പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്.... "വിരമിച്ചു കഴിഞ്ഞാല്‍ ജസ്റ്റിസ് ഗോഗോയിക്ക് എന്ത് ബഹുമാനമായിരിക്കും ലഭിക്കുക എന്നതിനെക്കുറിച്ച് ഏറെക്കുറെ ഊഹമുണ്ടായിരുന്നു. അതിനാല്‍, ആ അര്‍ത്ഥത്തില്‍ എം.പി. സ്ഥാനം ആശ്ചര്യകരമല്ല. പക്ഷെ, അതിശയിപ്പിക്കുന്ന കാര്യം അത് ഇത്രയും പെട്ടെന്ന് വന്നു എന്നതാണ്. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സമഗ്രത എന്നിവ പുനര്‍ നിര്‍വചിക്കുന്നു. അവസാനത്തെ കോട്ടയും വീണുപോയോ? ”

അരുണ്‍ ജെയ്‌റ്റ്‌ലിയുടെ രാജ്യ സഭാ പ്രസംഗം: https://youtu.be/9wgzFM3d_Hw

2020 മാർച്ച് 16, തിങ്കളാഴ്‌ച

കൊറോണയുടെ പേരില്‍ കച്ചവടക്കണ്ണും അടിച്ചമര്‍ത്തലും

ലോകവ്യാപകമായി അതിഭീകരമാരിയായ കൊറോണ വൈറസ് ബാധയില്‍ വിറങ്ങലിച്ചുനില്‍ക്കേ, ഈ മഹാമാരിയെ എങ്ങനെ ചെറുക്കാമെന്നും ഇനിയൊരിക്കലും ഇത്തരത്തിലുള്ള മാരക രോഗങ്ങള്‍ ജനങ്ങള്‍ക്ക് പിടിപെടാതിരിക്കാന്‍ പ്രതിവിധിയായി വാക്സിനുകള്‍ ഉല്പാദിപ്പിക്കാനും ശാസ്ത്രജ്ഞര്‍ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സാഹചര്യം മുതലെടുക്കാനും രോഗത്തിന്റെ പേരില്‍ ജനങ്ങളില്‍ അനാവശ്യമായ അടിച്ചമര്‍ത്തലുകളാണ് ചില രാജ്യങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയാകട്ടേ രോഗവ്യാപനം തടയാനുള്ള വാക്സിന്‍ ഉല്പാദിപ്പിക്കുന്ന ജര്‍മ്മന്‍ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി അതിന്റെ പേറ്റന്റ് കൈയ്യടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ക്യൂര്‍വാക് എന്ന ജര്‍മ്മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായാണ് അമേരിക്ക കരാറുണ്ടാക്കിയിരിക്കുത്. ഈ കമ്പനി ഏതു മരുന്ന് നിര്‍മ്മിച്ചാലും അത് വിപണിയിലിറക്കാനും അതിന്‍റെ അവകാശം കുത്തകയാക്കാനും അമേരിക്കയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. ഇത് നീതിബോധമില്ലാത്ത നടപടിയാണെന്നാണ് ജര്‍മ്മനിയിലെ മാധ്യമങ്ങളും ഭരണകൂടവും കുറ്റപ്പെടുത്തുന്നത്.

ജര്‍മ്മനിയുള്‍പ്പെടെയുള്ള ലോകജനതയാകെ കൊറോണ ഭീതിയില്‍ വലയുമ്പോള്‍ അമേരിക്ക ഈ ഔഷധത്തിന്‍റെ കുത്തക സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് അനീതിയാണെന്നാണ് ജര്‍മ്മന്‍ ആഭ്യന്തരമന്ത്രി ഹോസ്റ്റ് സീഹോഫര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. പക്ഷെ യുഎസിന്‍റെ വാദം അനുസരിച്ചു അവര്‍ക്കുവേണ്ടി മാത്രമായിരിക്കും ഔഷധം നിര്‍മ്മിക്കുന്നത്. ഔഷധം അവരുടെ കൈയ്യിലായാല്‍ പിന്നെ എന്ത് വിലയും അവര്‍ക്കു ഈടാക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ യാതൊരു നീതിബോധവും പിന്തുടരാത്ത അമേരിക്കന്‍ കച്ചവടക്കണ്ണുകള്‍ ലോകവിപണിയില്‍ വിലപേശല്‍ നടത്തുകയാവും പിന്നെ അമേരിക്കയുടെ പദ്ധതി.

പക്ഷെ കമ്പനി ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അവര്‍ പറയുന്നത് ഈ ഔഷധം ലോകജനതയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ് എന്നാണ്. ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള സദ്ധസംഘടനകള്‍ ഈ ഔഷധത്തിന്‍റെ വിജയകരമായ പൂര്‍ത്തീകരണത്തിനായി കാത്തിരിക്കുകയാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഔഷധം ലോകജനതയ്ക്കു മുഴുവന്‍ വേണ്ടിയുള്ളതാണ്. ഇത് യു എസുമായുള്ള കരാറില്‍ പെടില്ല എന്നും കമ്പനി പറയുന്നു.

എന്നാല്‍ സംഗതിയുടെ ഏറ്റവും ദുരൂഹമായ വശം മറ്റൊന്നാണ്. ട്രംപ് ക്യൂര്‍വാക് കമ്പനിയുമായി നടത്തിയ ആലോചനകള്‍ ഒന്നും തന്നെ വൈറ്റ് ഹൌസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഇതിനിടെ ജര്‍മനിയിലെ യു എസ് അംബാസിഡര്‍ കമ്പനിയുടെ ആരോപണത്തെ ശക്തമായി നിഷേധിച്ചിട്ടുമുണ്ട്. ജര്‍മ്മന്‍ പാര്‍ലമെന്‍റിലെ സോഷ്യല്‍ ഡെമോക്രാറ്റിക് മെമ്പറായ കാള്‍ ലക്റ്റര്‍ബാസ് അമേരിക്കയുടെ നീക്കത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തു വരികയും ചെയ്തു. ജര്‍മ്മനി വികസിപ്പിക്കുന്ന വാക്സിന്‍ ജര്‍മ്മന്‍ ജനതയ്ക്കാണ് പ്രാഥമികമായി ഉപയോഗിക്കാന്‍ അവകാശമുള്ളതെന്നും മറ്റൊരു രാജ്യത്തിനും ഏകപക്ഷീയമായ അവകാശം നല്‍കാനാകില്ലെന്നും അദ്ദേഹം പറയുന്നു.

വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ടനുസരിച്ച് യു എസിന്‍റെ പ്രതിരോധ വാക്സിന്‍ ഗവേഷണം ഫലപ്രദമായി മുന്‍പോട്ടു പോകുന്നില്ലെന്നും നിലവില്‍ സര്‍ക്കാര്‍ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കമ്പനികള്‍ ഒന്നും തന്നെ ചെയ്യുന്നില്ല എന്ന അവസ്ഥയാണുള്ളതെന്നാണറിയുന്നത്. എന്നാല്‍, ട്രംപ് ഇടയ്ക്കൊക്കെ 'ഞങ്ങള്‍ പ്രതിരോധ വാക്സിന്‍ നിര്‍മ്മാണത്തിന്‍റെ അവസാനഘട്ടത്തില്‍ എത്തി' യെന്നും പറഞ്ഞുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മാസം ക്യൂര്‍വാക് കമ്പനിയുടെ സി ഇ ഒ യും പ്രസിഡന്‍റ് ട്രമ്പുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കമ്പനി ഉടന്‍ തന്നെ പ്രതിരോധ വാക്സിന്‍ നിര്‍മ്മിക്കും എന്നറിയിച്ചിരുന്നതുമായി ഈ വിവാദത്തെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. മാത്രമല്ല ക്യൂര്‍വാക് കൃത്യമായും ഒരു യൂറോപ്യന്‍ കമ്പനിയല്ല അതിനു യു എസില്‍ നിന്ന് ഫണ്ടിംഗും ലഭിക്കുന്നുണ്ട്.

ഇതെല്ലം കൂടി ചര്‍ച്ച ചെയ്യുമ്പോള്‍ കമ്പനിയില്‍ അമേരിക്ക എന്ന രാജ്യത്തിനുപരി ട്രംപ് എന്ന കച്ചവടക്കാരന്‍ പിടിമുറുക്കുന്നതായാണ് മനസിലാക്കാവുന്നത്. ഒരു ലോകവ്യാധിയെ എങ്ങനെ കച്ചവടത്തിനായി അധികാരവും നിയമവും ഉപയോഗിച്ച് സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയും എന്ന് ആത്യന്തികമായി കച്ചവടക്കാരനായ ട്രംപിനെ ആരും പറഞ്ഞു മനസിലാക്കേണ്ടതില്ല.

അതിനിടെ, ഈ മാരക രോഗത്തില്‍ നിന്ന് ജനങ്ങള്‍ക്ക് രക്ഷയേകാനുള്ള വാക്‌സിനായി കാത്തിരിക്കുന്നതിനിടയില്‍ രോഗവ്യാപനം തടയാനായി ഇതുവരെ കീഴ്‌നടപ്പില്ലാത്ത പല നടപടികളും രാജ്യങ്ങള്‍ സ്വീകരിക്കുന്നുണ്ട്. നഗരം മുഴുവന്‍ അടയ്ക്കുക, ജനങ്ങളെ മുഴുവന്‍ ഏകാന്തവാസത്തിലാക്കുക, ആളുകളെ നിര്‍ബന്ധിത പരിശോധനകള്‍ക്ക് വിധേയമാക്കുക തുടങ്ങിയ നടപടികളാണ് വിവിധ രാജ്യങ്ങളിലെ ഭരണകൂടവും ആരോഗ്യവിഭാഗവും സ്വീകരിച്ചിരിക്കുന്നത്. പലരും ഇതിനെ എതിര്‍ക്കുകയും ഏകാന്തവാസത്തിലാക്കിയിരിക്കുന്നവരില്‍ ചിലര്‍ ചാടിപ്പോവുകയും ചെയ്യുന്ന സ്ഥിതി വിശേഷവും നാം കാണുന്നുണ്ട്. എങ്കില്‍പ്പോലും രോഗവ്യാപനം തടയാന്‍ ഏകാന്തവാസത്തിനേക്കാള്‍ മികച്ച ഒരു മാര്‍ഗം ഇതുവരെ ആരും നിര്‍ദേശിച്ചിട്ടുമില്ല.

ഇറ്റലിയിലെ വെനീസില്‍ 14-ാം നൂറ്റാണ്ടിലാണ് ഏകാന്തവാസം (ക്വാറന്റൈന്‍) എന്ന രീതി നടപ്പാക്കിത്തുടങ്ങിയത്. അന്ന് പ്രദേശത്ത് പടര്‍ന്ന് പിടിച്ച പ്ലേഗ് എന്ന രോഗത്തില്‍ നിന്നും തീരദേശ നഗരങ്ങളെ സംരക്ഷിക്കാനായിരുന്നു ആളുകള്‍ക്ക് ഏകാന്തവാസം നിര്‍ദേശിച്ചത്. തുറമുഖത്തേയ്ക്ക് അടുപ്പിക്കുന്ന കപ്പലുകള്‍ തീരത്തുനിന്നും കുറച്ചകലെയായി 40 ദിവസത്തേയ്ക്ക് നങ്കൂരമിട്ടിരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലോകത്തിലെ ആദ്യത്ത ക്വാറന്റൈന്‍ നടപ്പാക്കി. നാല്‍പ്പത് ദിവസം എന്ന് അര്‍ത്ഥം വരുന്ന 'ക്വാറന്റ ഗിയോര്‍ണി' എന്ന ഇറ്റാലിയന്‍ വാക്കില്‍ നിന്നാണ് 'ക്വാറന്റൈന്‍' എന്ന വാക്ക് ഉരുത്തിരിഞ്ഞത്. 20-ാം നൂറ്റാണ്ടില്‍ മഞ്ഞക്കൊടി പാറിച്ച കപ്പലില്‍ കയറിയ ഇന്‍സ്‌പെക്ടര്‍മാരെ മുഴുവന്‍ യുഎസ്, ഏകാന്തവാസത്തിലാക്കിയിരുന്നു. കപ്പല്‍ ക്വാറന്റൈനിലാണെന്ന് കാണിക്കാനാണ് മഞ്ഞക്കൊടി പാറിക്കുന്നത്. സാര്‍സ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോഴും രോഗവ്യാപനം തടയാന്‍ സ്വീകരിച്ചത് ക്വാറന്റൈന്‍ എന്ന രീതിയായിരുന്നു.

എന്നാല്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ഈ ലോകത്തില്‍ ഫലപ്രദമായ രീതിയില്‍ ക്വാറന്റൈന്‍ നടപ്പാക്കുക ബുദ്ധിമുട്ടാണെന്നാണ് വിദ്ഗധര്‍ അഭിപ്രായപ്പെടുന്നത്. ഏകാന്തവാസം പൂര്‍ണമായും നടപ്പാക്കണമെങ്കില്‍ ഒരു തരത്തിലുമുള്ള ചലനങ്ങളും ആളുകള്‍ക്ക് അനുവദിക്കാന്‍ പാടില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് അത് അത്രകണ്ട് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഒന്നല്ല.

അതേസമയം വാക്‌സിനുകളും ആന്റിവൈറലുകളും വികസിപ്പിച്ചെടുക്കുന്നതുവരെ ഏകാന്തവാസം തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗമെന്ന് മറ്റൊരു വിഭാഗം വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഒരു വ്യക്തിയ്ക്ക് എത്ര പേരിലേക്ക് രോഗം പടര്‍ത്താന്‍ സാധിക്കുമെന്നതിന്റെ തോത് കണക്കാക്കുന്ന ആര്‍ഒ വാല്യു, ഒന്നില്‍ കൂടുതലായിരിക്കുന്ന വൈറസ് രോഗങ്ങളെ ചെറുക്കാന്‍, ഏറ്റവും ഫലപ്രദമായ മാര്‍ഗം ക്വാരന്റൈന്‍ തന്നെയാണ്. കൊവിഡ് 19 ന്റെ ആര്‍ഒ വാല്യു ഇതുവരെ കണക്കാക്കിയിട്ടില്ല. തീര്‍ച്ചയായും ഒന്നില്‍ കൂടുതലായിരിക്കും. അതിനാല്‍ ഏകാന്തവാസം തന്നെയാണ് മികച്ച പോംവഴി.

എന്നാല്‍ രോഗവ്യാപനം തടയുന്നതിന് ഭരണകൂടത്തിന് ലഭിക്കുന്ന അധികാരം ജനങ്ങളുടെ മേല്‍ ദുരുപയോഗിക്കപ്പെടുകയാണെന്നാണ് വിമര്‍ശനം. കൊവിഡ് 19ന്റെ ഉറവിടമായ ചൈനയില്‍ അധികൃതര്‍ പല നഗരങ്ങളും അടച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുവാന്‍ ജനങ്ങളോട് ഭരണകൂടം നിര്‍ദേശിച്ചിരിക്കുകയാണ്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആരൊക്കെ ക്വാറന്റൈനില്‍ പോകണമെന്നും ആരൊക്കെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെന്നും അറിയാന്‍ സാധിക്കും. ഈ വിവരം പൊലീസിനും കൈമാറും. ഇത്തരത്തില്‍ ജനങ്ങളെ നിയന്ത്രിക്കുകയാണ് ഭരണകൂടം. ഇതുവഴി കൊവിഡ് 19 നെ നേരിടുകയല്ല, അടിച്ചമര്‍ത്തുകയാണ് ചൈനീസ് ഭരണകൂടം ചെയ്യുന്നതെന്നും വിമര്‍ശനമുണ്ട്.

സാങ്കേതിക വിദ്യ വരുന്നതിന് മുമ്പും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ 1897ല്‍ പാസാക്കിയ എപ്പിഡമിക് ഡിസീസ് നിയമം ഇതിന് ഉദാഹരണമാണ്. അന്ന് ബോംബെയില്‍ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിരുകവിഞ്ഞ അധികാരമാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്. വീടുകള്‍തോറും കയറിയിറങ്ങി അന്വേഷണം നടത്തുകയും ആളുകളെ നിര്‍ബന്ധിച്ച് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

ഈ നിയമം ഉപയോഗിച്ച് തന്നെയാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ പകര്‍ച്ച വ്യാധികള്‍ തടയാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. എച്ച്1എന്‍1 രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ സംസ്ഥാനങ്ങളും എപ്പിഡെമിക് ഡിസീസ് നിയമമാണ് പ്രയോഗിച്ചത്. ഈ നിയമം ലംഘിക്കുന്നവര്‍ ഐപിസി 188 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹരാണ്. രോഗം പടര്‍ത്തുവാന്‍ ഉതകുന്ന പ്രവര്‍ത്തി ചെയ്യുന്നയാള്‍ ഐപിസി 270 പ്രകാരം ശിക്ഷിക്കപ്പെടുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

പ്രസ്തുത നിയമം ഭേദഗതി ചെയ്യാന്‍ 2017ല്‍ പബ്ലിക് ഹെല്‍ത്ത് ബില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ അധികൃതര്‍ക്ക് അതിരുകവിഞ്ഞ അധികാരം നല്‍കുന്ന വ്യവസ്ഥകളും ജനങ്ങളുടെ സമ്മതമില്ലാതെ അവരെ ഏകാന്തവാസത്തിലാക്കുന്ന വ്യവസ്ഥകളും ഉള്ളതിനാല്‍ ബില്ലിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. അതിനാല്‍ ഈ ബില്‍ പാര്‍ലമെന്റില്‍ വെയ്ക്കാന്‍ സാധിച്ചില്ല.

ഏകാന്തവാസം സമൂഹത്തോടുള്ള ഉത്തരവാദിത്വമാണ് എന്ന് മനസ്സിലാക്കുന്നതിന് പകരം ശിക്ഷയായാണ് പലരും കരുതുന്നത്. ഇവിടെ സമൂഹ നന്‍മയും വ്യക്തിസ്വാതന്ത്ര്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് പ്രധാനമായും നടക്കുന്നത്. എന്നാല്‍ രോഗവ്യാപനം തടയാന്‍ ജനങ്ങള്‍ അധികൃതരെ വിശ്വസിച്ചേ മതിയാകൂ. ഓരോ ആളുകളും തങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളെയും മൗലിക അവകാശങ്ങളെയും പൊതുനന്‍മയ്ക്ക് വേണ്ടി ത്യജിക്കാന്‍ സ്വയം തയ്യാറാകേണ്ടതുണ്ട്. അതേസമയം തന്നെ ഏകാന്തവാസത്തില്‍ കഴിയുന്ന ആളുകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതരും ബാധ്യസ്ഥരാണ്. നല്ല ഭക്ഷണം, നല്ല വെള്ളം, മനുഷ്യത്വപരമായ പെരുമാറ്റം, മികച്ച ചികിത്സ, വിവരകൈമാറ്റം, അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ഏകാന്തവാസത്തില്‍ കഴിയുന്നവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്.

2020 മാർച്ച് 8, ഞായറാഴ്‌ച

സ്ത്രീ വെറുമൊരു കാഴ്ച വസ്തുവല്ല

തങ്ങളുടെ രാജ്യങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും ചരിത്രത്തില്‍ അസാധാരണമായ പങ്ക് വഹിച്ച സാധാരണ സ്ത്രീകളുടെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതിനും മാറ്റത്തിനായി ആഹ്വാനം ചെയ്യുന്നതിനും ധൈര്യത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ ആഘോഷിക്കുന്നതിനുമുള്ള സമയമാണ് അന്താരാഷ്ട്ര വനിതാ ദിനം. ലോകം അഭൂതപൂര്‍വമായ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരു രാജ്യവും ലിംഗസമത്വം നേടിയിട്ടില്ല. അമ്പത് വര്‍ഷം മുമ്പ് ഞങ്ങള്‍ ചന്ദ്രനില്‍ വന്നിറങ്ങി; കഴിഞ്ഞ ദശകത്തില്‍, ഞങ്ങള്‍ പുതിയ മനുഷ്യ പൂര്‍വ്വികരെ കണ്ടെത്തി എന്നൊക്കെ വീമ്പിളക്കുമെങ്കിലും, നിയമപരമായ നിയന്ത്രണങ്ങള്‍ 2.7 ബില്യണ്‍ സ്ത്രീകളെ പുരുഷന്മാരുടേതിന് സമാനമായ ജോലികളില്‍ നിന്ന് തടയുകയും ചെയ്തു. 2019 ലെ കണക്കനുസരിച്ച് പാര്‍ലമെന്‍റംഗങ്ങളില്‍ 25 ശതമാനത്തില്‍ താഴെയാണ് സ്ത്രീകള്‍. മൂന്നില്‍ ഒരാള്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ അനുഭവിക്കുന്നുമുണ്ട്.

ലോകമെമ്പാടും വനിതാ ശാക്തീകരണത്തിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ആഹ്വാനം ചെയ്യുകയാണ് അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8. സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓർക്കാനും ഓർമപ്പെടുത്താനും ഒരുദിനം. ദേശ-സംസ്കാര-ജാതി-വര്‍ണ്ണ-ഭാഷകളുടെ അതിരുകൾക്കപ്പുറത്ത്, സര്‍വ്വരാജ്യ വനിതകൾക്കുമായി ഒരു ദിനം. ഈ ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്.

സ്ത്രീ സുരക്ഷ നടപ്പാക്കുമെന്ന മാറിമാറി വന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദാനങ്ങള്‍ ഇപ്പോഴും ജലരേഖകളായി തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ചില കാര്യങ്ങളില്‍ പ്രതീക്ഷാനിര്‍ഭരമായ തുടക്കങ്ങള്‍ കുറിക്കാന്‍ ഓരോ സര്‍ക്കാരിനും കഴിഞ്ഞിട്ടുണ്ടെങ്കിലും സമ്പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള സ്ത്രീസുരക്ഷ വാഗ്ദാനം മാത്രമായി തുടരുന്നു.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്‍റെ
അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിനു വഴിയൊരുക്കിയത്. ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്‍റെ പിൻബലവും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും പോരാട്ടവും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്‍റെ കഥയും ഇന്നും ആവേശം വിതയ്ക്കുന്ന മാതൃകകളാണ്.

ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്‍റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്‍റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം. ഇന്ന് സ്ത്രീകള്‍ പല നേതൃത്വസ്ഥാനങ്ങളിലും വിരാജിക്കുന്നുണ്ടെങ്കിലും ആ പദവിയില്‍ ഇരിക്കെത്തന്നെ പുരുഷാധിപത്യ സമൂഹത്തിന്‍റെ മേല്‍ക്കോയ്മകളാല്‍ അപമാനിക്കപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതികൂല സാഹചര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല.

നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് ഇക്കാലത്ത് ഓരോ സ്ത്രീയും പ്രവര്‍ത്തിക്കുന്നത്. കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇരിപ്പിടം നിഷേധിക്കരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഭൂരിപക്ഷം ഇടങ്ങളിലും അതൊന്നും ഇല്ലാത്ത സാഹചര്യമാണ്. ഇരട്ടനീതിയെന്നത് യാഥാര്‍ഥ്യം തന്നെയാണ്.

വസ്ത്രധാരണത്തിന്‍റെ കാര്യത്തിലും സ്ത്രീയുടെ സ്വാതന്ത്ര്യത്തിനുനേരെ പൊതുസമൂഹത്തിന് ഇപ്പോഴും യാഥാസ്ഥിതിക മനോഭാവമാണുള്ളത്. പുരുഷന്‍ ഏത് വസ്ത്രം ധരിക്കണമെന്നത് പുരുഷന്‍ തീരുമാനിക്കുംപോലെ സ്ത്രീ ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീ തന്നെയാണ് തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതും.

സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലുള്ള സ്‌ത്രീ പീഡനങ്ങളുടെ വാര്‍ത്തകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്ന് നാം വനിതാദിനം ആചരിക്കുന്നത്. ഓരോ പീഡനകഥയും കുറച്ചുനാള്‍ സജീവമായ്‌ നിന്ന ശേഷം വിസ്‌മൃതിയിലാണ്ടുപോകുന്നു. സ്‌ത്രീകള്‍ക്ക്‌ സ്‌ത്രീ സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള അജ്ഞത, നിയമസഹായം ലഭ്യമാകുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, സമൂഹത്തില്‍ നിന്ന്‌ വേണ്ടത്ര പിന്തുണ കിട്ടാതെ വരല്‍, ഇവയെല്ലാം മൂലം, ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികള്‍ക്ക്‌ അര്‍ഹമായ ശിക്ഷ കിട്ടാതെ രക്ഷപ്പെടുന്ന അവസ്ഥയാണ്‌. സ്‌ത്രീകള്‍ക്ക്‌ പീഡനങ്ങളില്‍ നിന്ന്‌ രക്ഷ നേടുന്നതിനും പീഡനശ്രമങ്ങളെ ചെറുത്ത്‌ തോല്‍പ്പിക്കുന്നതിനും, മെച്ചപ്പെട്ട മാനസികനിലവാരവും, മതിയായ സുരക്ഷിതത്വബോധവും ഉളവാക്കുന്നതിനും വേണ്ടി ശരിയായ ബോധവത്‌കരണം ആവശ്യമാണ്‌. .

മാതൃകാപുരുഷോത്തമന്മാരെ ഉയര്‍ത്തിക്കാട്ടാനായി നവംബര്‍ 19 പുരുഷദിനമായി കൊണ്ടാടുമ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതേയുള്ളൂ. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനായ് അനീതിക്കെതിരെ വിരല്‍ ചൂണ്ടുകയോ ശബ്ദം ഉയര്‍ത്തുകയോ ചെയ്താല്‍ പലര്‍ക്കും ”അവള്‍ നാടിന് അപമാനമാണ്.”

കേരളത്തിലടക്കം ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ ലൈംഗിക പീഡനങ്ങളിലൂടെയും കൂട്ട ബലാത്സംഗങ്ങളിലൂടെയും ആക്രമിക്കപ്പെടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിന് ഉത്തരവാദികള്‍ ആരൊക്കെയാണ്. ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വച്ച് അതിക്രൂരമായി ബലാത്കാരം ചെയ്ത് കൊലചെയ്യപ്പെട്ട നിർഭയ മുതൽ കേരളത്തില്‍ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വച്ച് പീഡിപ്പിക്കപ്പെട്ട് ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ട യുവനടി വരെയുള്ളവരുടെ ഉദാഹരണങ്ങള്‍ ഈ സമൂഹത്തിൽ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് സ്വയം വിളിച്ചുപറയുന്നു.

പുരോഹിതരും വൈദികരും പൂജാരികളും അടക്കമുള്ളവര്‍ പോലും പുരുഷാധിപത്യ സമൂഹത്തിലെ പീഡകരായ പുരുഷന്മാരുടെ പ്രാതിനിധ്യം വഹിക്കുന്നു എന്നത് ലജ്ജാകരമാണ്. നന്മയുടെ പാഠങ്ങള്‍ ചൊല്ലികൊടുക്കേണ്ട ഗുരുക്കന്മാരില്‍ നിന്നുപോലും ബാല പീഡനങ്ങളുണ്ടാവുന്നു.

സ്ത്രീയെ വേറിട്ട്‌ കാണുന്നത് കൊണ്ടാണ് പ്രശ്നങ്ങള്‍ ഉരുത്തിരിയുന്നത്. നിയമങ്ങളുണ്ടായിട്ടും സംരക്ഷണം ലഭിക്കാത്ത അവസ്ഥയാണ്. സ്ത്രീ പുരുഷ സമത്വം മഹത്തായ ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും സ്ത്രീയെ കാഴ്ചവസ്തുവായി കാണാനുള്ള പലരുടെയും ത്വര അവസാനിപ്പിച്ചേ മതിയാകൂ. ചില വിദേശ രാജ്യങ്ങളെങ്കിലും സ്വീകരിച്ചിട്ടുള്ള നിയമാവലികള്‍ നടപ്പാക്കിയാല്‍ മാത്രമേ സ്ത്രീപീഡനങ്ങള്‍ക്ക് ശമനമുണ്ടാവുകയുള്ളൂ. കടുത്ത ശിക്ഷാ നടപടികള്‍ കൊണ്ടുവരണം.

അന്താരാഷ്ട്ര വനിതാ ദിനം വെറുമൊരു ചടങ്ങല്ല. ചടങ്ങായി കാണുകയുമരുത്. അങ്ങനെ സംഭവിച്ചാല്‍ അതിന്‍റെ പ്രസക്തിയും അതോടെ നഷ്ടപ്പെടും. ഉയര്‍ന്നു വരുന്ന ആഗോള സമവായം, ചില പുരോഗതികള്‍ക്കിടയിലും, ലോകത്തിലെ ഭൂരിഭാഗം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും യഥാര്‍ത്ഥ മാറ്റം വളരെ മന്ദഗതിയിലാണ്. ഇന്ന്, ഒരു രാജ്യത്തിന് പോലും ലിംഗസമത്വം നേടിയെന്ന്  അവകാശപ്പെടാന്‍ കഴിയില്ല. ഒന്നിലധികം തടസ്സങ്ങള്‍ നിയമത്തിലും സംസ്കാരത്തിലും മാറ്റമില്ലാതെ തുടരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും വിലകുറച്ച് കാണുന്നത് തുടരുന്നു; അവര്‍ കൂടുതല്‍ ജോലി ചെയ്യുകയും കുറച്ച് വേതനം വാങ്ങുകയും ചെയ്യുന്നു; സമ്പാദ്യവും കുറവ്; വീട്ടിലും പൊതു ഇടങ്ങളിലും വിവിധ തരത്തിലുള്ള അക്രമങ്ങള്‍ അനുഭവിക്കുന്നു.

2020 മാർച്ച് 6, വെള്ളിയാഴ്‌ച

മോദിയും മുസ്ലിം രാജ്യങ്ങളും

"മുസ്ലീം രാഷ്ട്രങ്ങള്‍ എന്നെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസിന് ദഹിക്കുന്നില്ല" - കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ ഭാഷയില്‍ പറഞ്ഞ വാക്കുകളാണിവ. പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ മുസ്ലീങ്ങളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നേരിടുന്ന സമയത്തായിരുന്നു ഇത്. ലോകത്തെ മുസ്ലിം രാജ്യങ്ങള്‍ എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഞാനെങ്ങനെ ഭയപ്പാടുണ്ടാക്കും എന്നും മോദി ചോദിച്ചു. ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പായിരുന്നു ഈ പ്രസംഗം.

തന്നെ മുസ്ലീം വിരുദ്ധനായി മുദ്ര കുത്തിയത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന കാര്യം അടിവരയിടുന്നതിനായി മോഡി ഗള്‍ഫ് രാജ്യങ്ങളുമായുള്ള തന്റെ നല്ല ബന്ധത്തെ പ്രകീര്‍ത്തിച്ചു.  ഇന്ത്യക്ക് ചരിത്രത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി എക്കാലത്തെയും മികച്ച ബന്ധമുണ്ടെന്നും മാലിദ്വീപും ബഹ്റൈനും അദ്ദേഹത്തിന് ഏറ്റവും ഉയര്‍ന്ന ബഹുമതികള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എന്നാല്‍, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ ശരിക്കും മോദിയെ സ്നേഹിക്കുന്നുണ്ടോ? മോദിയുടെ നയത്തെ പ്രകീര്‍ത്തിക്കുന്നുണ്ടോ? ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍ 'ഇല്ല' എന്ന ഉത്തരമായിരിക്കും കിട്ടുക.

ഡല്‍ഹി കലാപത്തെക്കുറിച്ച് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോദിയെ അലട്ടുന്നില്ലെങ്കിലും ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പ്രതികരണവും ബംഗ്ലാദേശില്‍ നിന്നുള്ള പ്രതിഷേധവും പുനര്‍വിചിന്തനം നടത്തേണ്ടതാണ്.

സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മോദിയുടെ ഇന്ത്യയുമായുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ ബന്ധത്തില്‍ സന്ദേഹപ്പെടേണ്ടതുണ്ട്.
താരതമ്യേന ജനാധിപത്യപരമായ അല്ലെങ്കില്‍ പൊതുജനാഭിപ്രായത്തോട് യോജിക്കുന്ന, വിദേശനയങ്ങളില്‍ വിശ്വാസ്യത പുലര്‍ത്തുന്ന മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ മോദിയുടെ മുസ്ലിം വിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും പിന്തുടരുകയും മോദിയുടെ മനുഷ്യാവകാശ ലംഘനം അവഗണിക്കുകയും ചെയ്യുന്നത് കൂടുതലും സ്വേച്ഛാധിപത്യ രാജ്യങ്ങളാണ്. ഇന്ത്യയില്‍ ആര്‍ക്ക് എന്തു സംഭവിച്ചാലും അവര്‍ക്ക് പ്രശ്നമല്ല. അവര്‍ അവരുടെ വിഭവസമ്പത്ത് വിറ്റഴിക്കാനുള്ള ഒരു ഉപാധിയായി ഇന്ത്യയെ കാണുന്നു. അതുകൊണ്ട് അവര്‍ ഒന്നുകില്‍ നിശബ്ദരായിരിക്കാനോ അല്ലെങ്കില്‍ മോദിയെ സജീവമായി നിലനിര്‍ത്താനോ ശ്രമിക്കുന്നു.

വാസ്തവത്തില്‍, മുസ്ലീം ലോകത്തിന്‍റെ പല ഭാഗങ്ങളിലും മോദിയുടെ സ്വീകാര്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഇറാനിയന്‍ സുപ്രീം നേതാവ് അയത്തൊള്ള ഖൊമൈനി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു : 'ഇന്ത്യയിലെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ഹൃദയം ദുഃഖിക്കുകയാണ്. ഇസ്ലാമിക ലോകത്ത് നിന്ന് ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് തടയാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീവ്രവാദികളായ ഹിന്ദുക്കളെയും അവരുടെ പാര്‍ട്ടികളെയും നിയന്ത്രിക്കുകയും  മുസ്ലിം കൂട്ടക്കൊല അവസാനിപ്പിക്കുകയും വേണം.' ഇറാനിയന്‍ വിദേശകാര്യമന്ത്രി സവാദ് ജരീഫിന്‍റെ 'ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരായ സംഘടിത അതിക്രമങ്ങള്‍' ആരോപിച്ച് ഇറാനിയന്‍ പത്രത്തിന്‍റെ ഒന്നാം പേജില്‍ മോദിയെ 'ഡല്‍ഹിയുടെ കശാപ്പുകാരന്‍' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

https://twitter.com/mehdizafar/status/1235495838165512193?s=20   

തുര്‍ക്കി പ്രസിഡന്‍റ് റീസെപ് തയ്യിപ് എര്‍ദോഗന്‍ ഡല്‍ഹി കലാപത്തെ അപലപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പാക്കിസ്താന്‍  പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കവേ എര്‍ദോഗന്‍ കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്‍റെ നിലപാടിനെ വ്യക്തമായി പിന്തുണച്ചു. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതിന്‍റെ പശ്ചാത്തലത്തില്‍ തുര്‍ക്കി പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ചതെങ്ങനെയെന്നും അദ്ദേഹം പാക്കിസ്താന്‍ ഭരണാധികാരികളെ ധരിപ്പിച്ചു. 'കശ്മീരി ജനതയുടെ കഷ്ടപ്പാടുകള്‍ക്ക്' ഉത്തരവാദിയായി ഏകപക്ഷീയമായ നടപടികള്‍ സ്വീകരിച്ച  ഇന്ത്യയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധവും, തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്നുവരുന്ന സമരവും കൊലപാതകങ്ങളും കണ്ട് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് സിഎഎയുടെ ആവശ്യകതയെ ചോദ്യം ചെയ്തിരുന്നു. ഇന്ത്യ കശ്മീര്‍ ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തുവെന്ന് പ്രഖ്യാപിച്ച് മഹാതിര്‍ ഇന്ത്യയുടെ ആര്‍ട്ടിക്കിള്‍ 370 നീക്കത്തെ ആക്ഷേപിച്ചതോടെ ഇന്ത്യയും പ്രതികരിച്ചു. അന്ന് ആരംഭിച്ച വാക്കുതര്‍ക്കങ്ങള്‍ മലേഷ്യന്‍ ഈന്തപ്പഴ ഇറക്കുമതി ഗണ്യമായി വെട്ടിക്കുറക്കുന്നതിലും നയതന്ത്ര തര്‍ക്കത്തില്‍ വരെ കാര്യങ്ങള്‍ എത്തിച്ചു. പക്ഷെ, മഹാതിര്‍ തന്റെ നിലപാടുകളില്‍ തന്നെ ഉറച്ചുനിന്നു. തന്റെ രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും തെറ്റായ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് തുടരുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.

ന്യൂഡല്‍ഹിയിലുണ്ടായ കലാപത്തെക്കുറിച്ച് 'ആശങ്കകള്‍' പ്രകടിപ്പിച്ചുകൊണ്ട് സാധാരണഗതിയില്‍ ഇന്തോനേഷ്യന്‍ സര്‍ക്കാരും  ചേര്‍ന്നു. 'ഇന്ത്യയിലേത് മുസ്ലീം വിരുദ്ധ അക്രമമാണെന്ന് പ്രാദേശിക ഇസ്ലാമിക ഗ്രൂപ്പുകള്‍ പറയുന്നതിനെച്ചൊല്ലി രാജ്യത്ത് പ്രകോപനം വര്‍ദ്ധിക്കുന്നു' എന്ന് ജക്കാര്‍ത്ത പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണേഷ്യയിലെ മോദിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊരാളായ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പോലും സിഎഎയെ 'അനാവശ്യമായ പ്രവണത'  എന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. 

അതിനാല്‍, ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തില്‍ മോദിയെ പുകഴ്ത്തുന്ന ഗള്‍ഫ് രാജവാഴ്ചയല്ല ഇവിടെ പ്രധാനം, ദീര്‍ഘകാല പങ്കാളികളുടെ വിമര്‍ശനമാണ്. ഇന്ത്യക്ക് ചരിത്രപരമായി ഈ രാജ്യങ്ങളുമായി നല്ല ബന്ധമുണ്ട്. മുന്‍ നയതന്ത്രജ്ഞന്‍ എം.കെ. ഭദ്രകുമാര്‍ ട്വീറ്റ് ചെയ്തതുപോലെ ഇന്ത്യ-ഇറാന്‍ ബന്ധത്തില്‍ 'ഗുരുതരമായ വിള്ളല്‍' തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

https://twitter.com/BhadraPunchline/status/1235566665405853696

പ്രൊഫസര്‍ റെയ്മണ്ട് ഹിന്നെബുഷ് തന്‍റെ പുസ്തകമായ 'ദി ഇന്‍റര്‍നാഷണല്‍ പൊളിറ്റിക്സ് ഓഫ് മിഡില്‍ ഈസ്റ്റില്‍' എഴുതുന്നു: 'മിഡില്‍ ഈസ്റ്റില്‍ പൊതുജനാഭിപ്രായം സാധാരണഗതിയില്‍ വിദേശനയ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നില്ല. അത് ഉന്നത വരേണ്യരുടെ പ്രത്യേക ബിസിനസാണ്.' ഗള്‍ഫ് രാജ്യങ്ങളില്‍ 'രാഷ്ട്രീയ എതിര്‍പ്പ് സാധാരണഗതിയില്‍ അടിച്ചമര്‍ത്തപ്പെടുകയും മാധ്യമങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു,' ആളുകള്‍ 'അശ്രദ്ധരും വിവരമില്ലാത്തവരുമാണ്. എണ്ണ സമ്പന്ന രാജ്യങ്ങളുടെ രക്ഷാകര്‍തൃത്വത്തെ അങ്ങേയറ്റം ആശ്രയിക്കുന്നതാണ് ഇതിന് കാരണം.'

മോദിയെക്കുറിച്ചുള്ള അറബ് രാജ്യങ്ങളിലെ പൊതുജനാഭിപ്രായം കൃത്യമായി കണക്കാക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം, ആ രാജ്യത്തെ ജനങ്ങള്‍ക്ക് അതത്ര ഗൗരവമുള്ള കാര്യമല്ലതന്നെ.  ആ രാജ്യങ്ങള്‍ മോദിയെ എത്രത്തോളം സ്നേഹിക്കുന്നുവെന്നല്ല,  മറിച്ച് അവരുടെ ഭരണകൂടങ്ങള്‍ തന്ത്രപ്രധാനമായ വാണിജ്യ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കായി മോദിയെ ബഹുമാനിക്കുന്നു എന്നുള്ളതാണ് പ്രധാനം. പ്രതികൂല പൊതുജനാഭിപ്രായം നേരിടേണ്ടിവന്നാലും ഭരണാധികാരികള്‍ അതൊന്നും ചെവിക്കൊള്ളുകയില്ലതാനും.

ഇറാനിയന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് ജോലിയും അടിസ്ഥാന സേവനങ്ങളും നല്‍കാന്‍ അവര്‍ ശ്രദ്ധ ചെലുത്തുന്നു, പ്രത്യേകിച്ചും യുഎസ് ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍. അതിനാല്‍, ഇറാനിയന്‍ ഭരണകൂടം ആഭ്യന്തര പൊതുജനാഭിപ്രായത്തോട് കൂടുതല്‍ സെന്‍സിറ്റീവ് ആണ്.

ഇന്ത്യയില്‍ നടക്കുന്ന മുസ്ലിം വിരുദ്ധ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാനോ അതിജീവിക്കാനോ മോദിയുടെ 'അറബ്' സ്നേഹം അപര്യാപ്തമാണ്. 

2020 ഫെബ്രുവരി 24, തിങ്കളാഴ്‌ച

'നമസ്തേ ട്രം‌പ്': അമേരിക്കയുടെ നേട്ടവും ഇന്ത്യയുടെ കോട്ടവും

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഇരിക്കുന്ന കസേര വരെ തെറിച്ചു പോയേക്കാവുന്ന അവസ്ഥയില്‍ ഇം‌പീച്ച്മെന്റിനെ നേരിട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് ധൃതി പിടിച്ച് ഒരു ഇന്ത്യാ സന്ദര്‍ശനം തല്ലിക്കൂട്ടിയെടുത്തപ്പോള്‍ പലര്‍ക്കും സംശയമായിരുന്നു. 'ഇങ്ങേരിത് എന്തിന്റെ പുറപ്പാടാണ്' എന്നുവരെ ചോദിച്ചവരുണ്ട്.

ട്രം‌പിന്റെ ഈ അസാധാരണ സന്ദര്‍ശനം മോദിയുമായുള്ള ചങ്ങാത്തം കൊണ്ടൊന്നുമല്ലെന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ മനസ്സിലാകും. ഇരുവരും തമ്മില്‍ എട്ടാമത്തെ കൂടിക്കാഴ്ചയാണ് അഹമ്മദാബാദില്‍ നടന്നത്. അടുത്ത കാലങ്ങളില്‍ ഇന്ത്യയുമായുള്ള വ്യാപാരക്കരാറുകളില്‍ യാതൊരു നീക്കുപോക്കും ഉണ്ടാക്കാതെ ഇത്രയും വലിയൊരു രാജ്യാന്തര കൂടിക്കാഴ്ച എന്തിനായിരുന്നു?

വെറും മൂന്ന് മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമേറിയ നമസ്‌തേ ട്രംപ് പരിപാടിയ്ക്കായി 120 കോടി രൂപയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ പണമെടുത്ത് ഒരു മെഗാ ഷോ നടത്തി  ഒരു രാജ്യത്തിന്റെ തലവനെ സ്വീകരിച്ചാനയിക്കുമ്പോള്‍ അതില്‍ ഇന്ത്യന്‍ ജനതയ്ക്ക് എന്ത് നേട്ടമാണുണ്ടാകുക എന്ന ചോദ്യം ഉയരുന്നതില്‍ അസാധാരണമായി ഒന്നുമില്ല. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ട ട്രംപ് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ച് പറയാതെ പകരം നമസ്‌തേ ട്രംപ് പരിപാടിയില്‍ തന്നെ കാണാനെത്തുന്ന ലക്ഷക്കണക്കിന് ആളുകളുടെ കണക്കാണ് പറഞ്ഞത്. നമസ്‌തേ ട്രംപ് പരിപാടിയാകട്ടെ പരസ്പരം പുകഴ്ത്താനും വാഴ്ത്താനുമുള്ള അവസരമാക്കി ഇരു രാജ്യതലവന്‍മാരും മാറ്റി.

അമേരിക്കയില്‍ പ്രസിഡന്റ് ട്രംപിന്റെ പ്രതിച്ഛായ ഇടിഞ്ഞിരിക്കുന്ന സമയമാണിത്. ഒരു ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ട്രംപിന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്തും ക്ഷയിച്ചു. ഈ സാഹചര്യത്തില്‍ തന്റെ പ്രതിച്ഛായ വീണ്ടെടുക്കേണ്ടത് ട്രംപിന്റെ ആവശ്യകതയാണ്. അമേരിക്കയില്‍ ഏകദേശം 40 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. മാത്രമല്ല, ഗുജറാത്തി വ്യവസായികളുടെ പണമാണ് അമേരിക്കയില്‍ ട്രംപിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ പോകുന്നത്. അമേരിക്കയുടെ നയത്തെപ്പോലും സ്വാധീനിക്കാന്‍ ശേഷിയുള്ള അവരുടെ ആതിഥ്യം സ്വീകരിക്കാനാണ് ട്രംപ് എത്തുന്നതെന്ന ഒരു ആക്ഷേപമുണ്ട്.

പരസ്പരം ഗുണം ചെയ്യുന്ന ഒരു നയതന്ത്ര ബന്ധത്തിന് വേണ്ടിയാണ് ഈ 120 കോടി ചെലവാക്കിയിരുന്നതെങ്കില്‍ അതില്‍ ആര്‍ക്കും പ്രശ്‌നമുണ്ടാകുമായിരുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന ഒരു കരാറും പ്രത്യക്ഷത്തില്‍ ഈ സന്ദര്‍ശനം കൊണ്ട് ഉണ്ടാകുന്നില്ല. മാത്രമല്ല, വ്യാപാരക്കരാറില്‍പ്പോലും തന്റെ നയത്തില്‍ അണുവിട മാറ്റം വരുത്താന്‍ തയ്യാറാകാത്ത പ്രസിഡന്റിന് വേണ്ടിയാണ് രാജ്യം കോടികള്‍ മുടക്കുന്നതും ചുവപ്പ് പരവതാനി വിരിക്കുന്നതും. മാത്രമല്ല, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ താലിബാനുമായി വരുന്ന 29-ാം തിയതി ഉടമ്പടിയ്‌ക്കൊരുങ്ങുകയാണ് അമേരിക്ക.

അമേരിക്കയിലെ പ്രതിരോധ വ്യവസായ ഭീമനായ ലോക്‌ഹീഡ്‌ മാര്‍ട്ടിന്‍ ഗ്രൂപ്പ്‌ നിര്‍മിച്ച എംഎച്ച്‌–60 ആര്‍ ഹെലികോപ്‌ടറുകള്‍ വാങ്ങാനുള്ള 21,000 കോടിയുടെ  കരാറിലാണ് ഇന്ത്യ ഒപ്പിടുന്നത്. ഇതടക്കം 50,000 കോടിയോളം രൂപയുടെ ആയുധ കരാറിനാണ്‌ ചര്‍ച്ച നടക്കുന്നത്‌. സമുദ്ര നിരീക്ഷണ ഡ്രോണുകള്‍, പി–81 മുങ്ങിക്കപ്പല്‍ വേധ ആയുധ സംവിധാനം, ദീര്‍ഘദൂര നിരീക്ഷണ വിമാനങ്ങള്‍ എന്നിവ വാങ്ങാനും പദ്ധതി തയ്യാറാണ്‌.

അമേരിക്കയിലെ വെസ്റ്റിംഗ്‌ഹൗസില്‍നിന്ന്‌ ആറ്‌ ആണവ റിയാക്ടര്‍ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപനം ചൊവ്വാഴ്‌ച മോഡിയും ട്രംപും ചേര്‍ന്ന്‌ നടത്തുമെന്നാണ്‌ സൂചന. രണ്ടര ലക്ഷം കോടി രൂപയുടെ ഇടപാടിലൂടെ പ്രതിസന്ധിയിലായ അമേരിക്കന്‍ ആണവ വ്യവസായ മേഖലയ്‌ക്ക്‌ പുത്തനുണര്‍വ്‌ പകരനാണ്‌ ട്രംപ്‌ ലക്ഷ്യമിടുന്നത്.

അമേരിക്ക ഫസ്റ്റ് എന്ന് മാത്രം പറയുന്ന പ്രസിഡന്റ് ട്രംപിന്റെ കക്ഷത്തില്‍ കൊണ്ടുപോയി തലവെച്ചുകൊടുക്കുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി ഏറ്റവും വലിയ സുഹൃത്തുക്കളെപ്പോലും വെറുപ്പിക്കാനും മടിയ്ക്കുന്നില്ല. റഷ്യയുമായുള്ള ബന്ധം കുറച്ചത് ഉദാഹരണം.

ഇന്ത്യയിലെ 22 കിലോ മീറ്റര്‍ റോഡ് ഷോയിലൂടെ അമേരിക്കയില്‍ രാഷ്ട്രീയമായി ഒരു മൈലേജുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ട്രംപ് എന്നത് അനിഷേധ്യമായ വസ്തുതയാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തെക്കന്‍ ഏഷ്യയിലെ മുഴുവന്‍ ജനങ്ങളെയും ട്രംപ് ലക്ഷ്യമിടുന്നുണ്ട്. ഇനി അമേരിക്കയിലുള്ള പാക് ജനതയെ ലക്ഷ്യം വെച്ച്ഒരു വലിയ പരിപാടി  അമേരിക്കയില്‍ സംഘടിപ്പിക്കാനും ട്രംപ് മടിച്ചേക്കില്ല.

അമേരിക്കയുടെ ബിജെപിയുടെ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുക എന്നതിലുപരി ഒരിക്കലും ഇന്ത്യ എന്ന രാജ്യത്തിന്റെ താല്‍പ്പര്യത്തെ സംരക്ഷിക്കുന്നതല്ല ഈ സന്ദര്‍ശനം എന്നാണ് പ്രത്യക്ഷത്തില്‍ മനസസിലാക്കാന്‍ കഴിയുന്നത്. പലരും ഉള്ളുകളി കുറഞ്ഞ സന്ദര്‍ശനമാണെന്ന് പറയുന്നുണ്ടെങ്കിലും അത് എത്രമാത്രം വിശ്വാസ യോഗ്യമാണ് എന്നത് സംശയമാണ്. കെട്ടിപ്പിടുത്തവും കൈപിടിച്ച് നടക്കലും തോളില്‍ തട്ടലുമല്ലാതെ എന്താണ് രാജ്യത്തിന് വേണ്ടി മോദിയും ട്രംപും ചെയ്യുന്നത്? ഇന്ത്യക്കാരുടെ കയ്യില്‍ നിന്നും പണം വാങ്ങിയതിന് ശേഷം അവരെ മതിലടച്ച് ഒളിപ്പിച്ച് അമേരിക്കന്‍ സാമ്രാജ്യത്തിന്റെ തലവന്റെ കണ്ണ് കുളിര്‍പ്പിക്കുകയാണ് മോദി. എന്നിട്ട് ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി, ട്രംപിനെ വാനോളം പുകഴ്ത്തി മനസ്സും തരളിതമാക്കുന്നു. എന്തിനാണ് ഈ പ്രഹസനം? ഒരു മേളം എന്നതിനപ്പുറം വേറെ എന്തെങ്കിലുമുണ്ടോ? കാത്തിരുന്ന് കാണാം.

2020 ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ആ അപകടം ഒഴിവാക്കാമായിരുന്നു

സേലം -  കോയമ്പത്തൂര്‍ ബൈപാസില്‍ അവിനാശിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ബസപകടത്തില്‍ 19 യാത്രക്കാര്‍ മരണമടഞ്ഞുവെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് കേരളം. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ വോള്‍വോ ബസില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. രണ്ട് വാഹനങ്ങളും നല്ല വേഗത്തിലായിരുന്നിരിക്കണം. വെളുപ്പിന് മൂന്നു മണിയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവാകും. എറണാകുളത്തുനിന്ന് നിറയെ ടൈലുകളും കയറ്റി പുറപ്പെട്ട കണ്ടെയ്നര്‍ ലോറിയുടെ മുന്‍വശത്തെ ടയറുകളിലൊന്ന് പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിന്‍റെ ആഘാതത്തില്‍ മീഡിയനും മറികടന്നെത്തിയ കണ്ടെയ്നര്‍ ലോറി എതിരെ വന്ന ബസിന്‍റെ വലതുഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. മരണമടഞ്ഞവരെല്ലാം ആ ഭാഗത്ത് ഇരുന്നവരാണെന്നാണു വിവരം. 48 യാത്രക്കാരുണ്ടായിരുന്ന ബസിലെ 42 പേരും മലയാളികളായിരുന്നു. മരണമടഞ്ഞവരില്‍ ഏറെപ്പേരും മലയാളികള്‍ തന്നെ. മരിച്ചവരില്‍ ബസിന്‍റെ ഡ്രൈവറും  കണ്ടക്ടറും ഉള്‍പ്പെടുന്നു. രാവിലെ ഏഴിന് എറണാകുളത്തെത്തേണ്ട ബസ് ബുധനാഴ്ച രാത്രിയാണ് ബംഗളൂരുവില്‍ നിന്ന് തിരിച്ചത്. ഷെഡ്യൂള്‍ പ്രകാരം ചൊവ്വാഴ്ച പുറപ്പെട്ട് ബുധനാഴ്ച രാവിലെ എറണാകുളത്ത് എത്തേണ്ടതായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ പ്രസ്റ്റീജ് സര്‍വീസുകളിലൊന്നായ ഈ ബസ്. ചൊവ്വാഴ്ച യാത്രക്കാര്‍ കുറവായതിനാല്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തി ബുധനാഴ്ചയാക്കുകയായിരുന്നു. ആ മാറ്റം വലിയ ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു. വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ലെന്നാണല്ലോ പറയാറുള്ളത്.

വാഹനാപകടങ്ങളും അവയിലെ മരണങ്ങളും സംസ്ഥാനത്ത് നിത്യസംഭവമാണ്. ഒട്ടേറെ ജാഗ്രതയും കരുതലുകളുമെടുത്തിട്ടും വാഹനാപകടങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. ശരാശരി ഒരു ഡസന്‍ പേരെങ്കിലും പ്രതിദിനം വാഹനാപകടങ്ങളില്‍പ്പെട്ട് മരണപ്പെടുന്നുണ്ടെന്നാണ് പൊലീസിന്‍റെ കണക്ക്. പരിക്കേറ്റ് ആശുപത്രിയിലാകുന്നവര്‍ അനവധിയാണ്. വാഹനപ്പെരുപ്പം മാത്രമല്ല അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതെന്ന് പൊലീസ് രേഖകള്‍ പരിശോധിച്ചാലറിയാം. വലിയ അപകടങ്ങളിലധികവും ഉണ്ടാകുന്നത് രാത്രികാലങ്ങളിലാണെന്ന് സ്ഥിതിവിവരക്കണക്കുണ്ട്. രാത്രികാലത്ത് മിക്കവാറും വിജനമായിത്തീരുന്ന ഹൈവേകളില്‍ എല്ലാ വാഹനങ്ങളും പരമാവധി സ്പീഡിലാകും. ശ്രദ്ധ ഒന്നു പാളുകയോ ഉറക്കച്ചടവു ബാധിക്കുകയോ ചെയ്താല്‍ വലിയ അപകടത്തിലേക്കായിരിക്കും നയിക്കുക. പരിചയമില്ലാത്ത റോഡുകളിലെ രാത്രി യാത്ര അതീവ അപകട സാദ്ധ്യതകള്‍ നിറഞ്ഞതാണ്. കുടുംബാംഗങ്ങളുമൊത്തുള്ള രാത്രിയാത്ര എത്രയെത്ര കുടുംബങ്ങളെയാണ് ഇല്ലാതാക്കിയിട്ടുള്ളത്.

അവിനാശിയിലുണ്ടായ ബസപകടം ബസ് ജീവനക്കാരുടെ പിഴവുമൂലം സംഭവിച്ചതല്ല. ഇരുദിശകളിലേക്കും പ്രത്യേകം പ്രത്യേകം പോകാവുന്ന റോഡാണ് ഇവിടെയുള്ളത്. കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് മറുഭാഗത്തെ റോഡില്‍ വന്നുപെട്ടതാണ് അപകടം സൃഷ്ടിച്ചത്. അമിതഭാരം വഹിച്ചിരുന്ന കണ്ടെയ്നര്‍ ലോറിയുടെ അമിത വേഗവും അപകടത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചിരിക്കാം. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ പരിശോധനകളിലൂടെ മാത്രമേ അപകട കാരണം കണ്ടെത്താനാവൂ. വിജനമായ സ്ഥലത്തുവച്ചാണ് അപകടം നടന്നതെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും താമസമുണ്ടായെന്നാണ് കേള്‍ക്കുന്നത്. നാട്ടുകാരും അതുവഴി എത്തിയ മറ്റു വാഹനങ്ങളിലെ ആള്‍ക്കാരുമെല്ലാം ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇതുപോലുള്ള ദുരന്ത സ്ഥലങ്ങളില്‍ ആദ്യം ഓടി എത്താറുള്ളതും സ്ഥലവാസികള്‍ തന്നെയാണ്. വിവരം അറിഞ്ഞ മാത്രയില്‍ സംസ്ഥാനത്തെ രണ്ട് മന്ത്രിമാരും കെ.എസ്.ആര്‍.ടി.സിയിലെ ഉന്നതന്മാരുമൊക്കെ സ്ഥലത്തെത്തി അനന്തര നടപടികള്‍ക്കു നേതൃത്വം നല്‍കിയത് വളരെ സഹായമായി. മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിലും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യം ഏറെ സഹായകമായി. ഏറെ പരിചയസമ്പന്നരായിരുന്നു അപകടത്തില്‍പ്പെട്ട വോള്‍വോയുടെ ഡ്രൈവറും കണ്ടക്ടറും എന്നാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുമായി ബന്ധപ്പെട്ടവരില്‍ നിന്നു ലഭിച്ച വിവരം. തങ്ങളുടേതല്ലാത്ത കാരണം കൊണ്ടുണ്ടായ വന്‍ ദുരന്തത്തില്‍ സ്വജീവനുകള്‍ നല്‍കിയാണ് ഇരുവരും ഒപ്പം നിന്നതെന്നത് ദുരന്തസ്മരണയായി എന്നും അവശേഷിക്കും.

ഐ.ടി നഗരമായ ബംഗളൂരുവില്‍ പതിനായിരക്കണക്കിനു മലയാളികളാണ് ജോലിചെയ്യുന്നത്. നാട്ടിലേക്കുള്ള ഇവരുടെ യാത്രാദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ്. ട്രെയിനുകള്‍ ഏറെ ഉണ്ടെങ്കിലും അതൊന്നും മതിയാകാത്തവണ്ണമാണ് യാത്രക്കാരുടെ ബാഹുല്യം. വലിയ സംഖ്യ നല്‍കി ബസുകളിലാണ് പലരും ഈ റൂട്ടില്‍ യാത്ര ചെയ്യുന്നത്. ബന്ദിപ്പൂര്‍ വഴി രാത്രിയാത്രാ വിലക്കുള്ളത് കൂടുതല്‍ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ബസിലെ തിരക്കും യാത്രാക്ളേശവും കുറയ്ക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് ഓടിക്കുക മാത്രമാണ് പരിഹാരമാര്‍ഗം. അതിനാകട്ടേ ഒരു നടപടിയുമില്ലതാനും. രാത്രി യാത്രയുടെ അപകടം അറിഞ്ഞുകൊണ്ടു തന്നെയാകും പലരും അതു തിരഞ്ഞെടുക്കുന്നത്. ഒരു രാത്രി യാത്രയുടെ ദുരന്തത്തില്‍ സ്വന്തം വീടുകളിലെത്താന്‍ തിരിച്ച എത്രയോ പേരുടെ യാത്രയാണ് അവിനാശിയിലെ പൊതുനിരത്തില്‍ അവസാനിച്ചത്. ആ കുടുംബങ്ങളുടെ തീരാദുഃഖം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല.

2020 ജനുവരി 17, വെള്ളിയാഴ്‌ച

വേലി തന്നെ വിളവു തിന്നാല്‍?

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നത് ഭീകരതയ്ക്കെതിരായ പോരാട്ടത്തിലെ ഏറ്റവും നിര്‍ണായക നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ധരിപ്പിച്ചതിനു ശേഷം, തീവ്രവാദികളുമായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.

 ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് ശ്രീനഗര്‍-ജമ്മു ഹൈവേയില്‍ കശ്മീര്‍ പൊലീസിലെ ഡിഎസ്പി ദേവിന്ദര്‍ സിംഗിനേയും രണ്ട് തീവ്രവാദികളെയും അറസ്റ്റു ചെയ്തത്. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഭവമാണ്. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയെ ഉപദേശിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ അജിത് ഡോവല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറ്റെന്തെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ നവീദ് ബാബ, അല്‍താഫ് എന്നിവരോടൊപ്പം കഴിഞ്ഞ ശനിയാഴ്ചയാണ് ദേവിന്ദര്‍ സിംഗ് അറസ്റ്റിലായത്. ജമ്മു കശ്മീര്‍ പോലീസിന്‍റെ അഭിപ്രായത്തില്‍ തീവ്രവാദികളുടെ കൂട്ടാളിയും മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനുമായിരുന്നു അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന നാലാമത്തെ വ്യക്തി. സിംഗിന്റെ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ ലഭിച്ചതായി പോലീസ് പറയുന്നു. അതിനുശേഷം സിംഗുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങള്‍ റെയ്ഡ് ചെയ്ത് ആയുധങ്ങളും കണ്ടെടുത്തു. കൂടാതെ സുപ്രധാനമായ രേഖകള്‍ക്കൊപ്പം കണക്കില്‍പ്പെടാത്ത 75 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.

സിംഗ് തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നതെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്റ്റ് (യുഎപിഎ) പ്രകാരം കേസെടുക്കുമെന്നും കശ്മീരിലെ എ ജി വിജയ് കുമാര്‍ പത്രസമ്മേളനത്തില്‍ പറയുകയും ചെയ്തു.

കേസിന്‍റെ അന്വേഷണം കേന്ദ്ര ത്രീവ്രവാദ വിരുദ്ധ യൂണിറ്റായ ദേശീയ തീവ്രവാദ വിരുദ്ധ ഏജന്‍സിക്ക് (എന്‍‌ഐ‌എ) യ്ക്ക് കൈമാറുമെന്നാണ് ഇപ്പോള്‍ പറയുന്നത്.

ദേവിന്ദര്‍ സിംഗിന്റെ ഇപ്പോഴത്തെ അറസ്റ്റ് അല്ല ഇവിടെ പ്രധാനം. ഇതുപോലെ, ഇതിനു മുന്‍പും എത്ര തീവ്രവാധികളെ ഇയ്യാള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ എത്തിച്ചിട്ടുണ്ടാകും എന്നതാണ്.

ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും ക്രിമിനലുകളും ക്രിമിനല്‍ സ്വഭാവമുള്ളവരുമുണ്ട്.  പോലീസ് സേനയിലാണെങ്കില്‍ അത്തരത്തിലുള്ളവര്‍ക്ക് കുറവില്ലെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. സിംഗിന്റെ അറസ്റ്റിനുശേഷം ജമ്മു കശ്മീര്‍ പോലീസ് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ, രഹസ്യാന്വേഷണ സ്ഥാപനങ്ങളെക്കുറിച്ചു ഇത് തന്നെയാണ് സംശയം.

അത്തരമൊരു 'സത്യസന്ധമല്ലാത്ത സം‌വിധാനത്തിലേക്ക്' വിരല്‍ ചൂണ്ടുന്നത് അത് നിര്‍മ്മിച്ചതും, പതിറ്റാണ്ടുകളായി തഴച്ചുവളരാന്‍ അനുവദിച്ചതുമായ സ്ഥാപന വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്കാണ്. ദേവിന്ദര്‍ സിംഗിന്റെ അറസ്റ്റ് സുരക്ഷാ ഏജന്‍സികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കാരണം സിംഗിന്റെ പേര് തീവ്രവാദവുമായി ബന്ധപ്പെടുന്നത് ഇതാദ്യമല്ല.

രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അതായത് 2000 ല്‍, ജമ്മു കശ്മീര്‍ പോലീസിന്‍റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് എന്നറിയപ്പെടുന്ന 'സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പില്‍' സിംഗ് ജൂനിയര്‍ ഓഫീസര്‍ ആയിരുന്നപ്പോഴാണ്  മുന്‍ തീവ്രവാദിയായ അഫ്സല്‍ ഗുരുവിനെ പരിചയപ്പെടുന്നത്.  2001 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായതിന് 2013 ല്‍ തൂക്കിലേറ്റപ്പെട്ട അതേ അഫ്സല്‍ ഗുരുവാണത്.

2001 ഡിസംബറില്‍ അരങ്ങേറിയ പാര്‍ലമെന്റ്‌ ആക്രമണം ആസൂത്രിതമാണോയെന്ന സംശയം ബലപ്പെടുത്തുന്നതാണ്‌ സിംഗിന്റെ അറസ്‌റ്റ്‌. പാര്‍ലമെന്റ്‌ ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു, വിചാരണയ്‌ക്കിടെ ദേവിന്ദർ സിംഗിന്റെ പേര്‌ പരാമര്‍ശിച്ചിരുന്നു. ആക്രമണത്തിനിടെ കൊല്ലപ്പെട്ട മുഹമ്മദ്‌ എന്ന തീവ്രവാദിക്ക്‌ ഡല്‍ഹിയിൽ സഹായങ്ങള്‍ ചെയ്‌തുകൊടുത്തെന്ന കുറ്റമാണ്‌ അഫ്‌സലിന്‌ മേല്‍ ചുമത്തിയത്‌.  ദേവീന്ദർ സിംഗാണ് മുഹമ്മദിനെ തനിക്ക്‌ പരിചയപ്പെടുത്തിയതെന്നും സഹായങ്ങള്‍ ചെയ്‌തുകൊടുക്കാന്‍ നിര്‍ദേശിച്ചതെന്നുമാണ്‌ അഫ്‌സല്‍ ഗുരു വെളിപ്പെടുത്തിയത്‌. എന്നാല്‍, ദേവീന്ദര്‍ സിംഗിനെതിരെ അന്വേഷണം ഉണ്ടായില്ല. അഫ്‌സല്‍ സ്വന്തം കൈപ്പടയിലെഴുതിയ കത്തിലാണ്‌ ദേവീന്ദറിനെ കുറിച്ച്‌ പറയുന്നത്‌.  ഡിഎസ്‌പി ദേവീന്ദര്‍ സിംഗ് എന്നാണ്‌ അഫ്‌സല്‍ കത്തില്‍ വിശേഷിപ്പിച്ചത്‌. എന്നാല്‍ കത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച്‌ ഒരു അന്വേഷണവും  നടത്തിയില്ല.

'ഞാന്‍ അദ്ദേഹത്തിന് വേണ്ടി ഒരു ചെറിയ ജോലി ചെയ്യേണ്ടി വരുമെന്ന് ഡി.എസ്‌.പി എന്നോട് പറഞ്ഞു, എനിക്ക് ദില്ലിയില്‍ നല്ല പരിചയമുള്ളതിനാല്‍ ഒരാളെ ദില്ലിയിലേക്ക് കൊണ്ടുപോകേണ്ടിവന്നു. ആ മനുഷ്യന് ഒരു വാടക വീട് കണ്ടെത്തേണ്ടിവന്നു. എനിക്ക് ആ മനുഷ്യനെ അറിയില്ലായിരുന്നു. പക്ഷേ അദ്ദേഹം കശ്മീരിയല്ലെന്ന് എനിക്ക് സംശയമുണ്ട്. കാരണം അദ്ദേഹം കശ്മീരി സംസാരിക്കുന്നില്ല. പക്ഷേ ദേവീന്ദര്‍ പറഞ്ഞത് ചെയ്യാതിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു, ഞാന്‍ നിസ്സഹായനായിരുന്നു.

ഞാന്‍ ആ വ്യക്തിയെ ദില്ലിയിലേക്ക് കൊണ്ടുപോയി. ഒരു ദിവസം ഒരു കാര്‍ വാങ്ങണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതിനാല്‍ ഞാന്‍ അവനെ കരോള്‍ ബാഗിലേക്ക് കൊണ്ടുപോയി. അയാള്‍ ഒരു കാര്‍ വാങ്ങി. തുടര്‍ന്ന് അദ്ദേഹം ദില്ലിയില്‍ പലരുമായും കണ്ടുമുട്ടി. ഞാനും മുഹമ്മദും ദേവിന്ദര്‍ സിംഗില്‍ നിന്ന് വ്യത്യസ്ഥ സമയങ്ങളില്‍ ഫോണ്‍ കോളുകള്‍ എടുക്കാറുണ്ടായിരുന്നു.'

2001 ഡിസംബര്‍ 13 ന് നടന്ന പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് തീവ്രവാദികളില്‍ ഒരാളാണ് ദേവീന്ദര്‍ സിംഗ്  ദില്ലിയിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട 'മുഹമ്മദ്' എന്നും, കൊല്ലപ്പെടുന്നതിന് മുമ്പ് അയാള്‍ ഒമ്പത് പേരെ കൊന്നതായും അഫ്സല്‍ പറയുന്നു.

അഫ്സല്‍ എഴുതിയ കത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ഇപ്പോള്‍ ഒരു മാര്‍ഗവുമില്ല. മാത്രമല്ല, തന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ മരണശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ഒരാള്‍ക്ക് ഇനി എന്ത് പറയാന്‍ കഴിയും?

ഈ ആരോപണം ശരിയാണെങ്കിലും അദ്ദേഹത്തിന്‍റെ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അഫ്സലിനെ ശിക്ഷിച്ച ജഡ്ജി ഇപ്പോള്‍ പറയുന്നു. തന്നെയുമല്ല, രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജഡ്ജി പറയുന്നു.

ഉദാഹരണത്തിന് അദ്ദേഹം പറയുന്നത് ഇസ്രായേലിന്‍റെ മൊസാദിനെയാണ്. മൊസാദില്‍, 'ടെന്‍ത്ത് മാന്‍ സ്ട്രാറ്റജി' യാണ് പിന്തുടരുന്നത്.  അതായത്, ഏജന്‍സിയിലെ 9 ആളുകള്‍ ഏതെങ്കിലും ഒരു കഥയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, അത് തെറ്റാണെന്ന് തെളിയിക്കേണ്ടത് പത്താമത്തെ വ്യക്തിയുടെ കടമയാണ്.

ഇപ്പോള്‍, കശ്മീരിലെ എസ്ടിഎഫ് അഴിമതിക്കാരാണെന്ന് കുപ്രസിദ്ധിയാകുമ്പോള്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ആരെങ്കിലും എഴുന്നേറ്റു നിന്ന് അതിനെതിരെ സംസാരിക്കേണ്ടതായിരുന്നു. 'കാത്തിരിക്കൂ, അഫ്സല്‍-ദേവീന്ദര്‍ സിംഗിനെക്കുറിച്ച് അപകടകരമായ ചില കാര്യങ്ങള്‍ പറയാനുണ്ട്. ഞങ്ങള്‍ അത് പരിശോധിക്കുകയാണ്,' എന്ന്. പക്ഷെ ആരും ഇന്നുവരെ അത് ചെയ്തിട്ടില്ല. അതിനര്‍ത്ഥം അതിര്‍ത്തി സേനയിലും സുരക്ഷാ ഏജന്‍സികളിലും പണത്തിനുവേണ്ടി രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരുണ്ട് എന്നല്ലേ?

ഇന്ത്യക്കാരുടെ കഴിവില്ലായ്മയോ നിഷ്ക്രിയത്വമോ മൂലമാണോ ഇങ്ങനെ സംഭവിക്കുന്നത്? രാജ്യ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തെക്കുറിച്ചാണ് ജനങ്ങള്‍ സംസാരിക്കുന്നത്.  തീര്‍ച്ചയായും സുരക്ഷാ ഏജന്‍സികള്‍ അതിനെ നിസ്സാരമായി കാണരുതായിരുന്നു.

കശ്മീരിലെ ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ എസ്ടിഎഫ് മുന്‍പന്തിയിലായിരുന്നതിനാല്‍ ഒരു ഡിഎസ്പിയുടെ നേരെ വിരല്‍ ഉയര്‍ത്തിയാല്‍, ചോദ്യങ്ങള്‍ ചോദിച്ചാല്‍, സുരക്ഷാ സേനയുടെ മനോവീര്യം കെടുത്തുമായിരുന്നോ? അല്ലെങ്കില്‍, രഹസ്യാന്വേഷണ, സുരക്ഷാ ഏജന്‍സികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ദേവീന്ദര്‍ തനിച്ചല്ലെന്നും, പണത്തിനുവേണ്ടി അത് ചെയ്തിട്ടില്ലെന്നും അറിയാമായിരുന്നോ? 

ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞു കയറുകയും അവയുടെ ഭാഗമാവുകയും, അവിടെ നടക്കുന്നതൊക്കെ ചോര്‍ത്തിയെടുത്ത് സ്വന്തം രാജ്യത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ചിലര്‍ ആ ദൗത്യത്തില്‍ കുടുങ്ങാറുണ്ടെന്നും നമുക്കറിയാം. സുരക്ഷാ ഏജന്‍സികള്‍ കളിക്കുന്ന അതേ കളി തന്നെയാണ്  തീവ്രവാദ ഗ്രൂപ്പുകളും കളിക്കുന്നത്. കെണിയിലാണ് ചെന്നു ചാടുന്നതെന്ന് അറിഞ്ഞുകൊണ്ടു തന്നെ അത്തരം നീക്കങ്ങള്‍ തെറ്റായ ലക്ഷ്യത്തിലെത്താനും സാധ്യത കൂടുന്നു.

ദേവീന്ദര്‍ സിംഗിനെതിരെ അഫ്സല്‍ ഗുരു ഉന്നയിച്ച ആരോപണങ്ങള്‍ ഒരിക്കലും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരു നിഗൂഢതയായി ഇപ്പോഴും തുടരുന്നു. ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാത്തതിലൂടെ, ഈ ഗൂഢാലോചനയില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും സംശയിക്കണം. സുരക്ഷാ സിസ്റ്റത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാനുള്ള അവസരം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.  ഈ രീതിയില്‍, ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ വിജയിക്കാനാവില്ല.  ഇന്ത്യന്‍ സുരക്ഷാ, ഇന്‍റലിജന്‍സ് ഏജന്‍സികള്‍ തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ പരാജയപ്പെടുന്നതാണോ അതോ സുരക്ഷയുടെ മറവില്‍ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്നവരാണോ എന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. 

മറ്റ് പല എസ്ടിഎഫ് ജീവനക്കാരെയും പോലെ ദേവീന്ദര്‍ സിംഗും ഗണ്യമായ സ്വത്ത് സമ്പാദിച്ചുവെന്ന് സംശയിക്കേണ്ടതായിരുന്നു.  പക്ഷേ അത് സംഭവിച്ചില്ല. തന്നെയുമല്ല, സിംഗ് കീഴുദ്യോഗസ്ഥരെ ഉപദ്രവിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു.  കീഴുദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുക വഴി സ്വന്തം നേട്ടം കൊയ്യുകയായിരുന്നു സിംഗിന്റെ ലക്ഷ്യം.

സൈന്യത്തിന്റെ ശ്രീനഗറിലെ 15 കോര്‍പ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപം ദേവിന്ദര്‍ പുതിയ വീട് നിര്‍മ്മിക്കുന്ന വാര്‍ത്ത പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈനിക ആസ്ഥാനത്തിന്റെ ഒരു മതില്‍ പങ്കുവയ്ക്കുന്ന രീതിയിലായിരുന്നു ഈ വീടിന്റെ നിര്‍മ്മാണം. ശ്രീനഗറിലെ ഏറ്റവും സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന പ്രദേശമാണിത്. 2017 മുതലാണ് വീടിന്റെ നിര്‍മാണം ആരംഭിച്ചത്. അഞ്ച് വര്‍ഷമായി ബന്ധുവിന്റെ വാടക വീട്ടിലായിരുന്നു ദേവീന്ദര്‍ സിംഗ് താമസിച്ചിരുന്നത്. ശ്രീനഗറിലെ ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു എകെ 47 റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെത്തിയിരുന്നു.

    അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ കഴിഞ്ഞിരുന്നത് എങ്ങനെയാണെന്നും എവിടെയായിരുന്നുവെന്നും ഇത്തരുണത്തില്‍ ഓര്‍ക്കണം. 2002 മുതല്‍ 2011-ല്‍ കൊല്ലപ്പെടുന്നതുവരെ അബട്ടാബാദിലെ പാകിസ്താന്‍ സൈനിക അക്കാദമിക്ക് തൊട്ടടുത്തായിരുന്നു ലാദന്റെ ഒളിത്താവളം. ഒളിത്താവളമെന്നു പറഞ്ഞുകൂടാ. ഒരു ആഡംബര ബംഗ്ലാവ് തന്നെയായിരുന്നു അത്..! അത്രയും നാള്‍ പാക് അഫ്ഗാന്‍ മലനിരകളില്‍ രാപകല്‍ അമേരിക്കയുടേയും മറ്റു സഖ്യരാജ്യങ്ങളുടേയും കണ്ണുവെട്ടിച്ച് വളരെ സുരക്ഷിതമായ ഒരു സ്ഥലത്ത് ലാദന് രഹസ്യമായി താമസിക്കാന്‍ ഇടം കൊടുത്തതിന് ലോക രാഷ്ട്രങ്ങളുടെ വിമര്‍ശനം കുറച്ചൊന്നുമല്ല പാക്കിസ്താന് നേരിടേണ്ടി വന്നത്. പാക്കിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐയുടെ സഹായമില്ലാതെ അത് നടക്കില്ലെന്ന് ലാദനെ വകവരുത്തിയതിനുശേഷം പാക് സര്‍ക്കാര്‍ നിയോഗിച്ച അബട്ടാബാദ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കമ്മീഷന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ ഐ എസ് ഐയെ മാത്രമല്ല, വിവിധ സ്ഥാപനങ്ങളേയും പരോക്ഷമായി പാക് സര്‍ക്കാരിനേയും വിമര്‍ശിക്കുന്നുണ്ട്. ബിന്‍ ലാദന്‍ പാക്കിസ്താനില്‍ കഴിഞ്ഞതിന്റെയും പാക് സര്‍ക്കാറിന്റെ അനുമതിയില്ലാതെ ലാദനെ യുഎസ് കമാന്‍ഡോകള്‍ വധിച്ചതിനെയും കുറിച്ച് അന്വേഷിക്കാനാണ്  കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.

ദേവിന്ദര്‍ സിംഗിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ കുറച്ചു നാളത്തേക്ക് അയാളെ മാറ്റി നിര്‍ത്തി. പക്ഷേ അതിനുശേഷം അയാളെ വളരെ സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ നിയമിക്കുകയും ചെയ്തു. ആദ്യം പുല്‍വാമയും പിന്നീട് ശ്രീനഗര്‍ വിമാനത്താവളവും. ഇതിലെ ഏറ്റവും വലിയ വിരോധാഭാസം, യുഎസ് അംബാസഡര്‍ ഉള്‍പ്പെടെയുള്ള വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ സ്വീകരിക്കാനും അവരോടൊപ്പം പര്യടനത്തില്‍ പങ്കെടുക്കാനും കഴിഞ്ഞയാഴ്ച കാശ്മീര്‍ സന്ദര്‍ശനത്തിനായി
ദേവിന്ദര്‍ സിംഗ് ശ്രീനഗറിലെത്തിയിരുന്നു എന്നതാണ്. രണ്ട് ദിവസത്തിന് ശേഷമാണ് തീവ്രവാദികളുമായി അയാളെ പിടികൂടിയത്.

റിപ്പബ്ലിക് ദിനത്തിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി ദേവീന്ദര്‍ സിംഗ് ഡല്‍ഹിയിലേക്ക് വന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. എന്തിനാണ് ഡല്‍ഹിയിലേക്ക് വന്നതെന്നോ ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ് വന്നതെന്നോ അറിയില്ല.

 ഇപ്പോള്‍ ഹിസ്ബുള്‍ തീവ്രവാദികള്‍ക്കൊപ്പം ഡല്‍ഹിയിലേക്കുള്ള കാർ യാത്രക്കിടയിലാണ് ദേവീന്ദർ സിംഗ് അറസ്റ്റിലാകുന്നത്. ദേവീന്ദറിനൊപ്പം യാത്ര ചെയ്ത തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീവ്രവാദികളെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് ദേവീന്ദര്‍ 12 ലക്ഷം രൂപ കൈപ്പറ്റിയതായാണ് വിവരം. സൈനിക ആസ്ഥാനത്തിനടുത്തുള്ള വീട്ടില്‍ ഇയാള്‍ ഭീകരര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

ദേവിന്ദര്‍ സിംഗിനോടൊപ്പം പിടിയിലായ തീവ്രവാദി നവീദ് ബാബയെ പിടികൂടുന്നവര്‍ക്ക്  20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.  കഴിഞ്ഞ വര്‍ഷം കശ്മീരില്‍ പത്തിലധികം ബംഗാളി, ബിഹാരി തൊഴിലാളികളെ കൊലപ്പെടുത്തിയത് നവീദ് ആയിരുന്നു എന്നാണ് കശ്മീര്‍ പോലീസിന്റെ സംശയം. അങ്ങനെ വരുമ്പോള്‍ വെറും 12 ലക്ഷം രൂപയ്ക്ക് നവീദിനെയും സംഘത്തേയും ഡല്‍ഹിയിലെത്തിക്കാന്‍ ദേവിന്ദര്‍ മുതിരുമോ എന്ന സംശയവും ബലപ്പെടുന്നു.

ഒരുപക്ഷേ ഇതിന്‍റെ ഭാഗമായി കൂടുതല്‍ പേരുണ്ടാകാം.  അതില്‍ നിന്ന് പണം സമ്പാദിക്കുകയല്ല അവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദേവിന്ദറിന്‍റെ പ്രവര്‍ത്തനങ്ങളല്ലാതെ മറ്റെന്തെങ്കിലും ജമ്മു കശ്മീര്‍ പോലീസിന് സംശയമുണ്ടെന്ന് വേണം അനുമാനിക്കാന്‍. ആ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ടായിരിക്കാം മറ്റ് സുരക്ഷാ ഏജന്‍സികളെ ഉള്‍പ്പെടുത്താതെ അവര്‍ ഈ ഓപ്പറേഷന്‍ രഹസ്യമായി നടത്തിയത്.

എന്‍.ഐ.എ. ഇക്കാര്യം അന്വേഷിക്കുമെന്ന് ഇപ്പോള്‍ പറയുന്നു. അത് സംഭവിക്കാന്‍ സാധ്യതയില്ല. കാരണം, അവരുടെ ട്രാക്ക് റെക്കോര്‍ഡിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഇപ്പോള്‍.  ഇക്കാര്യത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണമാണ് ആവശ്യം. എന്‍.ഐ.എ. മേധാവി വൈ.സി. മോദി സിബിഐയില്‍ ആയിരുന്നപ്പോള്‍ ഹരേന്‍ പാണ്ഡ്യ കൊലപാതക കേസ്* അന്വേഷിച്ചതുപോലെയല്ല ഇത്.

*ഗുജറാത്ത് കലാപത്തിന് ശേഷം 2003 മാര്‍ച്ച് 26 നായിരുന്നു ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യയെ അഹമ്മദാബാദിലെ തിരക്കുള്ള ഒരു ജംഗ്ഷനില്‍ നിര്‍ത്തിയിട്ട വണ്ടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.  വണ്ടിയില്‍ രക്തത്തിന്റെ പാടുകളോ, പരിസരവാസികള്‍ വെടിവെപ്പിന്റെ ശബ്ദമോ കേട്ടിരുന്നില്ല. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതോടെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട നേതാവായിരുന്നു ഹരേന്‍ പാണ്ഡ്യ. നരേന്ദ്രമോദിയുമായി കടുത്ത അഭിപ്രായ വ്യാത്യസമുള്ള ബി.ജെ.പി നേതാവായിരുന്നു അദ്ദേഹം. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിച്ച അന്വേഷണ കമ്മീഷനു മുന്നില്‍ മോദിക്കെതിരെ അദ്ദേഹം മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത്.

കേസ് അന്വേഷിച്ച സി.ബി.ഐ പന്ത്രണ്ടു പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും അവരെ ഭീകര വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഗുജറാത്ത് ഹൈക്കോടതി ഇവരെ വെറുതെ വിട്ടു. അന്വേഷണം നടത്തിയ സി.ബി.ഐ രീതിയ്ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഗോധ്ര കലാപ ശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നായിരുന്നു ഹരേന്‍ പാണ്ഡ്യയുടെ വെളിപ്പെടുത്തല്‍. ഹരേന്‍ പാണ്ഡ്യ  തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായി ഔട്ട്‌ലുക്ക് മാഗസിനും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാണ്ഡ്യയുടെ കൊലപാതകത്തിന് ശേഷമായിരുന്നു ഔട്ട്‌ലുക്ക് ഇക്കാര്യങ്ങളടങ്ങുന്ന അദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്.

എന്നാല്‍, ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ട 12ല്‍ ഏഴുപേരും കുറ്റക്കാരെന്ന് പിന്നീട് സുപ്രീം കോടതി കണ്ടെത്തി. ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി മാനിക്കാതെ അപ്പീല്‍ പോകുകയായിരുന്നു സി.ബി.ഐ.

ഗുജറാത്ത് കലാപക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ എന്‍ ഐ എയുടെ തലപ്പത്തിരിക്കുന്ന വൈ.സി മോദി. കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു മോദി. ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ നരേന്ദ്രമോദിക്ക് വൈ.സി മോദി ഭാഗമായ എസ്.ഐ.ടി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വൈ.സി മോദിയെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സി.ബി.ഐ അഡീഷണല്‍ കമ്മീഷണറായും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഗുജറാത്ത് മുന്‍ അഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകം അന്വേഷിച്ച സി.ബി.ഐ സംഘത്തിലും വൈ.സി മോദി അംഗമായിരുന്നു.

ഇവിടെ മറ്റൊരു പ്രധാന സംഭവവും ഓര്‍ക്കാതിരിക്കാന്‍ വയ്യ. 2019 ഫെബ്രുവരി 14-ന് ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ കാര്‍ ബോംബ് ചാവേര്‍ ആക്രമണത്തിലും വെടിവെപ്പിലും 18 സി.ആര്‍.പി.എഫ് ജവാന്മാര്‍ മരിക്കുകയും 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവും. ആ ആക്രമണം നടത്തിയത് പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്ന് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് സൈനിക പരിശീലനം കഴിഞ്ഞു കോണ്‍വോയ് ആയി പോയ സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ ഭീകരര്‍ ഓടിച്ചു കയറ്റുകയാണുണ്ടായത്. ഉഗ്രശേഷിയുളള ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചായിരുന്നു ആക്രമണം. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

സ്ഫോടനത്തില്‍ തകര്‍ന്ന ബസില്‍ മുപ്പത്തഞ്ചു സൈനികരായിരുന്നു ഉണ്ടായിരുന്നത്. 70 വാഹനങ്ങളിലായി രണ്ടായിരത്തിലധികം സൈനികരാണ് പരിശീലനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയത്. ഇതില്‍ രണ്ടു ബസുകളുടെ നേരെയായിരുന്നു ചാവേര്‍ ആക്രമണം. അതീവ സുരക്ഷാ മേഖലയിലൂടെ സഞ്ചരിച്ചിരുന്ന സൈനിക വാഹനത്തിനടുത്തേക്ക് എങ്ങനെ ഭീകരര്‍ കടന്നു ചെന്നുവെന്ന് അന്നേ ചോദ്യങ്ങളുണ്ടായിരുന്നു. ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികളെല്ലാവരും ഉടനെ പാക്കിസ്താന് നേരെ വിരല്‍ ചൂണ്ടി. പക്ഷെ, സൈനിക വാഹനങ്ങള്‍ സഞ്ചരിക്കുന്ന റൂട്ട് മാപ്പ് കശ്മീരില്‍ നിന്നുതന്നെ ഭീകരര്‍ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നു എന്നും അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പിടിയിലായ ദേവിന്ദര്‍ സിംഗിനും മറ്റും അതില്‍ പങ്കുണ്ടോ എന്നുവേണം സംശയിക്കാന്‍. 

തീവ്രവാദമാണ് ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര പ്രശ്നമെന്ന് ലോകത്തോട് പറയാന്‍ ഇന്ത്യ മടിക്കാറില്ല. പക്ഷെ, തീവ്രവാദികള്‍ ഇന്ത്യയില്‍ തന്നെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളില്‍ ഉണ്ടെന്നുള്ളതിനുള്ള തെളിവുകളല്ലേ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പ്രഗ്യ താക്കൂറിനെപ്പോലുള്ള തീവ്രവാദികളെ പാര്‍ലമെന്‍റിലേക്ക് അയച്ചത് എന്തിനു വേണ്ടിയാണെന്ന ചോദ്യത്തിന് ഉത്തരം തരേണ്ടത് അവര്‍ തന്നെയാണ്.

കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനാണ് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതെന്ന് കേന്ദ്രം പറയുമ്പോഴും അതേ കശ്മീരില്‍ നിന്നു തന്നെയാണ് ഭീകരര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന (കൊടുത്തിരുന്ന) ഒരു ഉദ്യോഗസ്ഥനെ കശ്മീര്‍ പോലീസ് അറസ്റ്റു ചെയ്തത്.  2001-ല്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ പാർലമെന്റിനെ ലഷ്കര്‍-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകര തീവ്രവാദ സംഘടനകള്‍ ആക്രമിക്കുകയും, ഡല്‍ഹി പോലീസ് സേനാംഗങ്ങള്‍, പാര്‍ലമെന്റ് സര്‍‌വ്വീസ് ഉദ്യോഗസ്ഥരടക്കം 14 പേരുടെ മരണത്തിനു കാരണക്കാരന്‍ ഈ ദേവീന്ദര്‍ സിംഗ് ആയിക്കൂടെ?
 കശ്മീരില്‍ പരിഷ്കാരങ്ങള്‍ നടക്കുന്നുണ്ടെന്നും, ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നത് കശ്മീരിന്‍റെ ഏറ്റവും മികച്ച നടപടിയാണെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിലാണെന്നും പറയുമ്പോള്‍ തന്നെ തീവ്രവാദികളുമായി ഡല്‍ഹിയെ ലക്ഷ്യമാക്കി, അതും റിപ്പബ്ലിക് ദിനത്തോടടുത്ത സമയത്ത്, പോകുന്ന ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിലപാട് എങ്ങനെ അംഗീകരിക്കും? 

2020 ജനുവരി 10, വെള്ളിയാഴ്‌ച

കൗ​തു​ക​ക്കാ​ഴ്ച​യ​ല്ല, മ​ര​ടി​ന്‍റെ ക​ണ്ണീ​ര്‍ക്കാ​ഴ്ച

കേ​ര​ള ച​രി​ത്ര​ത്തി​ല്‍ ഇ​ന്നു പു​തി​യൊ​രു ഏ​ട് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ്. പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചു നി​ര്‍മി​ച്ച പാ​ര്‍പ്പി​ട സ​മു​ച്ച​യ​ങ്ങ​ള്‍, സു​പ്രീം കോ​ട​തി​യു​ടെ വി​ധി മാ​നി​ച്ച് ഇ​ന്നും നാ​ളെ​യു​മാ​യി പൊ​ളി​ച്ചു ക​ള​യു​ന്നു. കൊ​ച്ചി മു​നി​സി​പ്പ​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ പ​രി​ധി​ക്കു​ള്ളി​ല്‍ മ​ര​ടു ന​ഗ​ര​സ​ഭ​യി​ല്‍ നി​ര്‍മി​ച്ച ആ​ല്‍ഫ സെ​റി​ന്‍ ഇ​ര​ട്ട ഫ്ലാ​റ്റു​ക​ള്‍, ജ​യി​ന്‍ കോ​റ​ല്‍ കോ​വ്, ഹോ​ളി ഫെ​യ്ത്ത് എ​ച്ച് 2 ഒ, ​കെ.​പി. വ​ര്‍ക്കി ഗോ​ള്‍ഡ​ന്‍ കാ​യ​ലോ​രം എ​ന്നീ ഫ്ലാ​റ്റു​ക​ളാ​ണ് നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ര്‍ത്തു ക​ള​യു​ന്ന​ത്.
ഈ ​അ​ഞ്ചു ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ലും കൂ​ടി 343 താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​രോ​ന്നി​നും ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ മ​തി​പ്പു വി​ല വ​രും. ചി​ല​തൊ​ക്കെ അ​ത്യാ​ഡം​ബ​ര​മാ​ക്കി ര​ണ്ടു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ മൂ​ല്യം വ​രു​മെ​ന്നും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. ഇ​തെ​ല്ലാം പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ഏ​ക​ദേ​ശം നാ​നൂ​റു കോ​ടി രൂ​പ മു​ദ്ര വി​ല വ​രു​ന്ന പാ​ര്‍പ്പി​ട സ​മു​ച്ച​യ​ങ്ങ​ളാ​ണ് ര​ണ്ടു കോ​ടി രൂ​പ ചെ​ല​വി​ല്‍ പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത്. ഈ ​സ​ങ്ക​ട​ക്കാ​ഴ്ച​യ്ക്കി​ട​യി​ല്‍ വേ​മ്പ​നാ​ട് കാ​യ​ലോ​ര​ത്തു നി​ര്‍മി​ച്ചി​രി​ക്കു​ന്ന കാ​പി​കോ റി​സോ​ർ​ട്ടി​നും മ​ര​ണ വോ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്ക​യാ​ണു സു​പ്രീം കോ​ട​തി ഇ​ന്ന​ലെ.   
ഇ​ങ്ങ​നെ​യൊ​രു പൊ​ളി​ച്ച​ടു​ക്ക​ല്‍ ന​ട​ക്കു​മ്പോ​ള്‍, അ​തി​നു പി​ന്നി​ലെ നി​യ​മ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ന്ന കൊ​ടി​യ അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ചു​മൊ​ക്കെ വ​ള​രെ വി​ശ​ദ​മാ​യി​ത്ത​ന്നെ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ങ്കി​ലും അ​തി​ലേ​ക്കു വ​ഴി​തു​റ​ക്കു​ന്ന​തി​ന് ഭ​ര​ണ യ​ന്ത്ര​ത്തി​നു സം​ഭ​വി​ക്കു​ന്ന പി​ഴ​വു​ക​ളും കാ​ണാ​തി​രു​ന്നു​കൂ​ടാ. 1986ലെ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മം സെ​ക്ഷ​ന്‍(3) പ്ര​കാ​ര​മു​ള്ള നി​യ​മ​ലം​ഘ​ന​മാ​ണു മ​ര​ടി​ല്‍ സം​ഭ​വി​ച്ച​ത്.
ഈ ​നി​യ​മ​ത്തി​ന്‍റെ പ​രി​ര​ക്ഷ​യി​ല്‍ വ​രു​ന്ന കോ​സ്റ്റ​ല്‍ റെ​ഗു​ലേ​റ്റ​റി ക്യാ​റ്റ​ഗ​റി സോ​ണ്‍ 3ല്‍ ​വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് അ​ഞ്ചു ഫ്ലാ​റ്റു​ക​ളും നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നി​ന്ന് 200 മീ​റ്റ​ര്‍ അ​ക​ലെ മാ​ത്ര​മേ വ​ലി​യ നി​ര്‍മി​തി​ക​ള്‍ അ​നു​വ​ദി​ക്കു​ന്നു​ള്ളൂ. എ​ന്നാ​ല്‍ പൊ​ളി​ക്കാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട മു​ഴു​വ​ന്‍ ഫ്ലാ​റ്റു​ക​ളും ശ​രാ​ശ​രി അ​ന്‍പ​തു മീ​റ്റ​ര്‍ പോ​ലും ദൂ​ര​പ​രി​ധി പാ​ലി​ച്ചി​ട്ടി​ല്ല. ഇ​ത്ര​യും വ​ലി​യ നി​യ​മ​ലം​ഘ​നം ക​ണ്ടു​പി​ടി​ക്കേ​ണ്ട അ​ധി​കാ​രി​ക​ള്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നോ എ​ന്ന ചോ​ദ്യം ബാ​ക്കി.
അ​ധി​കൃ​ത​രി​ല്‍ നി​ന്ന് എ​ല്ലാ​വി​ധ അ​നു​മ​തി പ​ത്ര​ങ്ങ​ളും വൈ​ദ്യു​തി ക​ണ​ക്ഷ​നും കു​ടി​വെ​ള്ള ക​ണ​ക്ഷ​നും എ​ല്ലാം ല​ഭി​ച്ച ശേ​ഷം എ​ന്തി​നാ​ണു ത​ങ്ങ​ളെ നി​ഷ്ക​രു​ണം ഇ​റ​ക്കി​വി​ട്ട​തെ​ന്ന ഫ്ലാ​റ്റ് ഉ​ട​മ​ക​ളു​ടെ ചോ​ദ്യ​ത്തി​നും ഉ​ത്ത​ര​മി​ല്ലാ​യി​രു​ന്നു. കേ​ര​ള കോ​സ്റ്റ​ല്‍ സോ​ണ്‍ മാ​നെ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ ഹ​ര്‍ജി​യി​ലാ​ണു ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​ന്‍ സു​പ്രീം കോ​ട​തി വി​ധി​ച്ച​ത്. എ​ന്നാ​ല്‍ വി​വാ​ദ ഫ്ലാ​റ്റു​ക​ള്‍ക്ക് അ​നു​മ​തി ല​ഭി​ച്ച​പ്പോ​ള്‍ ഈ ​അ​ഥോ​റി​റ്റി നി​ല​വി​ല്‍ ഇ​ല്ലാ​യി​രു​ന്നു എ​ന്ന  നി​ര്‍മാ​താ​ക്ക​ളു​ടെ വാ​ദം ശ​രി​യ​ല്ല. 1986 മു​ത​ല്‍ ഈ ​അ​ഥോ​റി​റ്റി​ക്കു നി​യ​മ സാ​ധു​ത​യു​ണ്ട്. 2006ല്‍ ​അ​ന്ന​ത്തെ മ​ര​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​ണ് ഫ്ലാ​റ്റു​ക​ള്‍ നി​ര്‍മി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി​യ​ത്.
സി​ആ​ര്‍എ​സ് 3 ക്യാ​റ്റ​ഗ​റി​യി​ല്‍പ്പെ​ട്ട സ്ഥ​ല​മാ​യി​രു​ന്നി​ല്ല അ​ന്ന് ഈ ​പ്ര​ദേ​ശ​മെ​ന്ന വാ​ദ​ത്തി​നു പ്ര​സ​ക്തി​യു​ണ്ട്. എ​ന്നാ​ല്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭ​യാ​യി മാ​റി​യ​പ്പോ​ള്‍, അ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ക്ക് അ​നു​മ​തി തേ​ടാ​ന്‍ ത​ദ്ദേ​ശ വ​കു​പ്പി​ലെ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യ​തു​മി​ല്ല. നി​യ​മ​വി​രു​ദ്ധ​മാ​യി നി​ര്‍മി​ച്ച​തെ​ന്നു തീ​ര​സം​ര​ക്ഷ​ണ മേ​ഖ​ലാ മാ​നെ​ജ്മെ​ന്‍റ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന ഫ്ലാ​റ്റു​ക​ള്‍ വ​ലി​യ വി​ല​യ്ക്കു വി​റ്റ​ഴി​ക്കു​ന്ന​തു വ​രെ എ​ന്തു​കൊ​ണ്ടു ക​ണ്ണ​ട​ച്ചു എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം, നി​യ​മ​ങ്ങ​ള്‍ വി​ല​യ്ക്കെ​ടു​ക്കാ​മെ​ന്ന എ​ല്ലാ​വ​രു​ടെ​യും അ​തി​രു​വി​ട്ട ആ​ത്മ​വി​ശ്വാ​സ​മാ​യി​രു​ന്നു എ​ന്നു സ​മ്മ​തി​ക്കേ​ണ്ടി വ​രും.
മ​ര​ട് ഫ്ലാ​റ്റ് കേ​സി​ല്‍ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഒ​രു​പോ​ലെ കൈ​കോ​ര്‍ത്ത​തും ഈ ​പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍, കേ​ര​ള​ത്തി​ല​ട​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി, സു​പ്രീം കോ​ട​തി എ​ല്ലാ എ​തി​ര്‍മു​ഖ​ങ്ങ​ളെ​യും ഖ​ണ്ഡി​ച്ചു. ഇ​നി​യാ​ണ് ഇ​തി​ലെ​ല്ലാം വ​ലി​യ ഒ​രു ചോ​ദ്യം ഉ​യ​രു​ന്ന​ത്. പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചു നി​ര്‍മി​ച്ച ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ള്‍ക്ക് എ​ന്താ​ണു പ്ര​തി​വി​ധി​യെ​ന്ന് ആ​രും പ​റ​യു​ന്നി​ല്ല.
ഏ​താ​ണ്ട് 6.8 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി വ​രു​ന്ന കൂ​റ്റ​ന്‍ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ള്‍ ഇ​ടി​ച്ചു നി​ര​ത്തു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന 76,350 മെ​ട്രി​ക് ട​ണ്‍ മാ​ലി​ന്യ​ങ്ങ​ള്‍ എ​വി​ടെ​ക്കൊ​ണ്ടു ത​ള്ളും? നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ട്ടി​പ്പൊ​ളി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന പ്ര​ക​മ്പ​ന​ത്തി​ല്‍ സ​മീ​പ​ത്തു​ള്ള മ​റ്റു ഫ്ലാ​റ്റു​ക​ള്‍ക്കും പാ​ല​ങ്ങ​ള്‍ക്കും മ​റ്റു നി​ര്‍മി​തി​ക​ള്‍ക്കു​മു​ണ്ടാ​കു​ന്ന ബ​ല​ക്ഷ​യം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​നാ​വു​മോ? ഇ​ത്ത​ര​ത്തി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ശ​രി​യാ​യ ക​ണ​ക്കു കി​ട്ടാ​ന്‍ കാ​ല​ങ്ങ​ള്‍ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം സം​ഭ​വി​ക്കാ​വു​ന്ന ഇ​ത്ത​രം ന​ഷ്ട​ങ്ങ​ള്‍ക്ക് ആ​രു സ​മാ​ധാ​നം പ​റ​യും? 
സി​ആ​ര്‍സെ​ഡ് 3 മേ​ഖ​ല​യി​ലെ വാ​ട്ട​ര്‍ ഫ്ര​ണ്ട് കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ള്‍ നി​ര്‍മി​ക്കു​ന്ന​തി​നു വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് നീ​രൊ​ഴു​ക്കു ത​ട​സ​പ്പെ​ടു​ന്ന​ത​ട​ക്ക​മു​ള്ള പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ്. ഇ​ങ്ങ​നെ നീ​രൊ​ഴു​ക്കു ത​ട​യു​ന്ന​തു മു​ക​ളി​ലേ​ക്കു​ള്ള നി​ര്‍മി​തി​ക​ള്‍ മാ​ത്ര​മ​ല്ല. ഭൂ​മി​ക്ക​ടി​യി​ല്‍ പൈ​ലി​ല്‍ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന പ​ടു​കൂ​റ്റ​ന്‍ പി​ല്ല​റു​ക​ള്‍ക്കും അ​തി​ല്‍ പ​ങ്കു​ണ്ട്. ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് മു​പ്പ​തു മീ​റ്റ​ര്‍ വ​രെ ആ​ഴ​ത്തി​ല്‍ പൈ​ലു​ക​ള്‍ താ​ഴ്ത്തി​യി​ട്ടു​ണ്ട് മ​ര​ടി​ല്‍. ഇ​വ​യൊ​ന്നും നീ​ക്കം ചെ​യ്യാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ല്ല.
ഈ ​അ​നാ​ഥ പൈ​ലു​ക​ള്‍ ഭൂ​മി​ക്ക​ടി​യി​ല്‍ അ​തേ​പ​ടി നി​ല​നി​ന്നാ​ല്‍ ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ച്ചു​ക​ള​യു​ന്ന​തു മൂ​ല​മു​ണ്ടാ​കു​മെ​ന്നു ക​രു​തു​ന്ന പ​രി​സ്ഥി​തി സു​ര​ക്ഷ ഉ​റ​പ്പി​ല്ല. ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്ന് ഈ ​പി​ല്ല​റു​ക​ള്‍ പി​ഴു​തെ​ടു​ത്താ​ല്‍ സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള ഒ​ട്ടു​മി​ക്ക നി​ര്‍മി​തി​ക​ളും അ​തീ​വ ഗു​രു​ത​ര​മാ​യ ബ​ല​ക്ഷ​യം നേ​രി​ടേ​ണ്ടി വ​രും. ഇ​ത്ത​രം സ​ങ്കീ​ര്‍ണ​ത​ക​ളെ​ല്ലാം ബാ​ക്കി​വ​ച്ചാ​ണു മ​ര​ടി​ലെ അ​ഞ്ചു ഫ്ലാ​റ്റു​ക​ള്‍ ഇ​ന്നു മ​ണ്ണ​ടി​യു​ന്ന​ത്.
കേ​ര​ളം മു​ഴു​വ​ന്‍ കാ​ത്തി​രി​ക്കു​ന്ന ഒ​രു കൗ​തു​ക​ക്കാ​ഴ്ച​യ​ല്ല അ​തെ​ന്ന് ഉ​റ​പ്പ്. പ​ല​രു​ടെ​യും വി​യ​ര്‍പ്പി​ല്‍ കു​രു​ത്തു​പൊ​ന്തി​യ നാ​നൂ​റു കോ​ടി രൂ​പ​യും അ​നേ​ക​രു​ടെ ജീ​വി​ത സ്വ​പ്ന​ങ്ങ​ളും ക​ഷ്ടി​ച്ച് ഒ​രു മി​നി​റ്റി​ല്‍ താ​ഴെ സ​മ​യം കൊ​ണ്ടു മ​ണ്ണ​ടി​യു​ന്ന ദു​ര​ന്ത​ക്കാ​ഴ്ച​യാ​ണ് ഇ​ന്നു മ​ര​ടി​നെ കാ​ത്തി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ഒ​രി​ട​ത്തും ഇ​നി ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്ക​ട്ടെ, ഈ ​ക​ണ്ണീ​ര്‍ക്കാ​ഴ്ച.

2020 ജനുവരി 9, വ്യാഴാഴ്‌ച

യുദ്ധവും സമാധാനവും (ലേഖനം)

2020-ല്‍ ലോകം പുതുവത്സരാഘോഷ ലഹരിയില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു യുദ്ധകാഹളം മുഴങ്ങിയത്. അതും മുമ്പത്തേക്കാള്‍ പതിന്മടങ്ങ് കൂടുതല്‍. പക്ഷെ മറവിയെന്ന മാസ്മരികതയില്‍ മനുഷ്യന്‍ എല്ലാം മറക്കുന്നു. അല്ലെങ്കില്‍ മറക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞകാല യുദ്ധാനുഭവങ്ങള്‍ എത്ര വേഗമാണ് ലോക നേതാക്കളും സാധാരണ മനുഷ്യരും മറക്കുന്നത്. 

യുദ്ധം എങ്ങനെ ആരംഭിക്കുന്നു, എവിടെ ആരംഭിക്കുന്നു, എപ്പോള്‍ അവസാനിക്കുന്നു എന്നൊന്നും പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥ. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അതിന്റെ കാരണവും വ്യക്തമാകും.  മിക്കപ്പോഴും, യുദ്ധങ്ങളുടെ കാരണം പരാജയപ്പെട്ട നേതൃത്വമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു.  നല്ല വിധി നടപ്പാക്കാന്‍ പാടുപെടുക, മറ്റുള്ളവര്‍ എന്തു ചെയ്യുമെന്ന് തെറ്റായി കണക്കാക്കുക, എതിരാളികള്‍ക്ക് സമ്മിശ്ര സന്ദേശങ്ങള്‍ അയക്കുക, ബുദ്ധിയെ അവഗണിക്കുക, ഏതൊരു കാര്യത്തിലും വേഗത്തില്‍ വിജയിക്കാന്‍ ശക്തി മാത്രം മതിയെന്ന തെറ്റായ വിശ്വാസത്തെ ആശ്രയിക്കുക മുതലായവ ഒരു യുദ്ധത്തിലേക്ക് തന്നെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ നിര്‍വചിച്ചിരിക്കുന്നത് എളുപ്പത്തില്‍ പ്രവേശിക്കാവുന്നതും എന്നാല്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ യുദ്ധങ്ങളാണ്. തീവ്രവാദവും സങ്കീര്‍ണ്ണമായ യുദ്ധതന്ത്രങ്ങളും പഴയ നിയമങ്ങളെ അപ്പാടെ അവഗണിച്ച് യുദ്ധത്തില്‍ വിജയം നേടുക എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി.

പരാജയപ്പെട്ട ആ നേതൃത്വത്തിന്റെ ശരിയായ ചിത്രം ഇപ്പോള്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ പ്രതിഫലിച്ചിരിക്കുന്നതു കാണാം. തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് മറ്റൊരാളെ കരുവാക്കാമെന്നും ഭീഷണിപ്പെടുത്താമെന്നും ഇരുപക്ഷവും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഗൗരവമേറിയ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ മനസ്സു കാണിക്കാതെയും സന്നദ്ധത പ്രകടിപ്പിക്കാതെയും ഇരുവരും പരസ്പരം മത്സരിച്ച് ആരോപണപ്രത്യാരോപണങ്ങളുടെ ചക്രത്തില്‍ കുടുങ്ങി കറങ്ങിക്കൊണ്ടിരിക്കുന്നു. അതിന്റെ പരിണിത ഫലമോ മിഡില്‍ ഈസ്റ്റിനെ ഒരു നീണ്ട യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. 

വര്‍ഷങ്ങളായി ആയിരക്കണക്കിന് നിരപരാധികളെയും നൂറുകണക്കിന് അമേരിക്കന്‍ സൈനികരേയും കൊന്നൊടുക്കിയതിന്റെ ഉത്തരവാദിത്വം കണക്കിലെടുത്ത് ഇറാന്‍റെ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോറിന്‍റെ മേജര്‍ ജനറലായിരുന്ന കാസെം സൊലൈമാനിയുടെ മരണത്തില്‍ വിലപിക്കേണ്ടതില്ല. രഹസ്യവും നിഗൂഢവുമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ഇറാന്‍റെ ഖുദ്സ് ഫോഴ്സിന്റെ കമാന്ററായിരുന്ന സൊലൈമാനി അമേരിയ്ക്കക്ക് എന്നും തലവേദനയായിരുന്നു. അതിനാല്‍ തന്നെ ഖുദ്സ് ഫോഴ്സിനെ ഭീകര സംഘടനയായാണ് അമേരിക്ക കാണുന്നത്, സൊലൈമാനിയെ ഭീകരനായും. സൊലൈമാനിയുമായോ അനുബന്ധ വ്യാപാര വ്യവസായങ്ങളുമായോ പങ്കാളികളാകുന്നതില്‍ നിന്ന് പൗരൻമാരെ അമേരിക്ക വിലക്കിയിട്ടുമുണ്ട്. സൊലൈമാനിയുടെ വധം ഇറാനുമായുള്ള യുദ്ധസാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് വസ്തുത. പ്രസിഡന്റ് ട്രം‌പും ഇറാന്‍ ഭരണകൂടവും കൂടുതല്‍ ആക്രമണ ഭീഷണികള്‍ കൈമാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

അമേരിക്കയിലെയും ഇറാനിലെയും നേതാക്കള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇറാന്‍ ആണവ കരാറില്‍ നിന്ന് മാറിനില്‍ക്കാനും, കരാര്‍ ചര്‍ച്ച ചെയ്ത ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളെ അവഗണിക്കാനും, പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും, അറേബ്യന്‍ ഗള്‍ഫില്‍ യുഎസ് സേനയെ ശക്തിപ്പെടുത്താനും, ബലപ്രയോഗം നടത്താനുമാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ച്ത്.  ചര്‍ച്ചയ്ക്കായി ഇറാന്‍ മുന്‍‌കൈ എടുക്കുമ്പോള്‍ ട്രംപാകട്ടേ ബലപ്രയോഗത്തിലൂടെ കാര്യങ്ങള്‍ നേടാമെന്ന് വൃഥാ ശഠിച്ചു. മൂഢ സ്വര്‍ഗത്തിലെ രാജാവിനെപ്പോലെ ഭീഷണിപ്പെടുത്തി മിഡില്‍ ഈസ്റ്റില്‍ യു എസിന്റെ ആധിപത്യം തുടരുമെന്ന സമ്മിശ്ര സന്ദേശങ്ങളും ട്വിറ്ററിലൂടെ അയച്ചുകൊണ്ടിരുന്നു.

കഴിഞ്ഞ വര്‍ഷം യു എസ് താവളങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കുമെതിരെ ഇറാന്‍ നടത്തിയ ആക്രമണ പരമ്പരകളോട് പ്രതികരിക്കാന്‍ ട്രംപ് വിമുഖത കാണിച്ചു. യുഎസ് ഡ്രോണ്‍ തകര്‍ത്തതിനെത്തുടര്‍ന്ന് ജൂണില്‍ അവസാന നിമിഷം ഇറാനെതിരായ പ്രതികാര സമരം അദ്ദേഹം പിന്‍വലിച്ചു. സൗദി അറേബ്യയിലെ എണ്ണ സംസ്ക്കരണ കേന്ദ്രങ്ങള്‍ക്കെതിരെ സെപ്തംബറില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിക്കാനോ പ്രതികരിക്കാനോ  പ്രസിഡന്‍റ് വിസമ്മതിച്ചു.

സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പെട്ടെന്ന് പിന്‍വലിക്കാന്‍ ട്രംപ് തീരുമാനിച്ചപ്പോള്‍, പ്രത്യക്ഷമായി കുര്‍ദിഷ് സഖ്യകക്ഷികളെ ഉപേക്ഷിച്ച് തുര്‍ക്കിയെയും റഷ്യയെയും ഇറാനെയും സിറിയയില്‍ തങ്ങളുടെ സ്വാധീനം വിപുലീകരിക്കാന്‍ അനുവദിക്കുകയായിരുന്നു ട്രം‌പ്. യുദ്ധങ്ങളില്‍ നിന്ന് ട്രം‌പ് 'എന്നന്നേക്കുമായി' പിന്മാറുന്നുവെന്ന് പ്രതിജ്ഞയെടുക്കുന്ന സമയത്ത് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍ അവരവരുടെ പ്രശ്നങ്ങള്‍ സ്വയം പരിഹരിച്ചുകൊള്ളണമെന്ന ഉപദേശവും നല്‍കി.  അടുത്തിടെ വാള്‍സ്ട്രീറ്റ് ജേണല്‍ എഡിറ്റോറിയല്‍ വിശേഷിപ്പിച്ചത് 'ഒറ്റപ്പെടാനുള്ള പ്രേരണകള്‍ അപകടങ്ങള്‍ വിളിച്ചു വരുത്താനും എതിരാളികള്‍ക്കുള്ള തുറന്ന ക്ഷണവുമാണ്,' എന്നാണ്.

കഴിഞ്ഞ ജൂണില്‍ അറേബ്യന്‍ ഗള്‍ഫിലെ ഓയില്‍ ടാങ്കറുകളില്‍ ആക്രമണം നടത്തുകയും, സഖ്യ സേനയെ ഉപയോഗിച്ച് യുഎസ് താവളങ്ങളെയും അവരുടെ സഖ്യകക്ഷികളെയും തുരത്തിയോടിക്കാമെന്നും ഇറാന്‍ തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തി. ഡിസംബര്‍ 27 ന് കിര്‍ക്കുക്കിനടുത്തുള്ള ഒരു യു എസ് സൈനിക താവളത്തില്‍ റോക്കറ്റ് ആക്രമണം നടത്തിയതു തന്നെ ട്രംപിനെ മിഡില്‍ ഈസ്റ്റില്‍ നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ ആ തന്ത്രം പരാജയപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും ഇറാനിയന്‍ പ്രൊക്സി മിലിഷ്യയായ കതെബ് ഹിസ്ബുള്ളയെ എഫ് 15ഇ യുദ്ധവിമാനങ്ങളുപയോഗിച്ച് ആക്രമിക്കാന്‍ പ്രസിഡന്‍റ് ഉത്തരവിട്ടു. ആ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ നടപടിയുടെ അനന്തരഫലങ്ങള്‍ വൈറ്റ് ഹൗസ് പ്രതീക്ഷിച്ചിരുന്നോ എന്ന് വ്യക്തമല്ല. എന്നാല്‍ പരിണത ഫലങ്ങള്‍ സംഭവിച്ചു.

അക്രമാസക്തവും ഇറാനിയന്‍ അനുകൂലവുമായ പ്രതിഷേധം ബാഗ്ദാദിലെ യുഎസ് എംബസിയെ അപകടത്തിലാക്കി.   നാവികരുടെ വിന്യാസവും 82-ാം എയര്‍ബോണ്‍ ഡിവിഷനും മറീന്‍സുമായാണ് അമേരിക്ക അതിനെ നേരിട്ടത്.  കൂടാതെ, ഇറാനിയന്‍ ഖുഡ്സ് ഫോഴ്സിന്‍റെ കമാന്‍ഡറായിരുന്ന ഖാസെം സൊലൈമാനിയെ വധിക്കാന്‍ പ്രസിഡന്റ് തീരുമാനിക്കുകയും ഉത്തരവിടുകയും ചെയ്തു. 

തന്‍റെ പ്രസിഡന്‍റ് സ്ഥാനത്തിന്‍റെ ഏറ്റവും വലിയ പരീക്ഷണമാണ് ട്രംപ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുഎസ് ആഗോള നേതൃത്വത്തിന്‍റെ പങ്ക് അദ്ദേഹം ചോദ്യം ചെയ്യുകയും സഖ്യങ്ങളെ വിമര്‍ശിക്കുകയും കൂടുതല്‍ പരിചയസമ്പന്നരായ സൈനിക, നയതന്ത്ര ഉപദേഷ്ടാക്കളുടെ മാര്‍ഗനിര്‍ദ്ദേശം അവഗണിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. യുദ്ധ സാഹചര്യമുണ്ടാക്കാന്‍ പ്രകോപനപരമായ ട്വീറ്റുകള്‍ നിരന്തരം അയച്ചുകൊണ്ടിരിക്കുന്നു.

അദ്ദേഹത്തില്‍ നിക്ഷിപ്തമായിട്ടുള്ള പ്രസിഡന്റ് പദവിയും, രാജ്യത്തിന്‍റെ ഗതിയും യുദ്ധഭീഷണിയെക്കുറിച്ചും കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും അദ്ദേഹം ഗൗരവമായി കാണുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സൈനിക ശക്തി കൊണ്ട് മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. 21ാം നൂറ്റാണ്ടിലെ യുദ്ധങ്ങളുടെ ഏറ്റവും ഗൗരവമേറിയ പാഠം, ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടും എന്നതാണ്.

ലോകസമാധാനമാണ് ഓരോ ഭരണാധികാരികളും ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം വേണ്ടത് അവരുടെ മനസ്സില്‍  സമാധാനം സ്ഥാപിക്കുക എന്നതാണ്. എന്നാല്‍, അവരുടെ മനസ്സുകള്‍ ധനമോഹവും അധികാര ദുര്‍മോഹവും സുഖലോലുപതയും മറ്റും കൊണ്ടു വിഷലിപ്തമാക്കിത്തീര്‍ത്തിരിക്കുകയാണ്. ആ വിഷലിപ്തമായ മനസ്സാണ് ഇപ്പോള്‍ യുദ്ധത്തിലേക്ക് അവരെ നയിച്ചിരിക്കുന്നത്. പക്ഷേ സ്വാഭാവികമായ സമാധാനത്തെ ഇല്ലാതാക്കിയത്, സ്വന്തം മനസ്സ് വിഷലിപ്തമായിത്തീര്‍ന്നതാണെന്ന് അവര്‍ കാണുന്നില്ല. അതിനാല്‍ അവര്‍ വിഷത്തില്‍ മുങ്ങിക്കിടക്കുന്നുകൊണ്ട് അതില്‍ നിന്ന് കരകയറാന്‍ ഇഷ്ടപ്പെടാതെതന്നെ, ആ വിഷത്തിന്റെ ദോഷഫലത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഈ ഭരണകര്‍ത്താക്കളുടെ മത്സരബുദ്ധി കാരണം തങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നു മനുഷ്യവര്‍ഗം അറിയണം. അങ്ങനെ തിരിച്ചറിവു നേടിയ മനുഷ്യര്‍ പ്രതികരിക്കുമ്പോള്‍ മാത്രമേ അവര്‍ കണ്ണു തുറക്കുകയുള്ളൂ. അവരുടെ കണ്ണുകള്‍ തുറക്കണമെങ്കില്‍ സാധാരണക്കാരുടെ മനസ്സറിയണം. അതു ചെയ്യാത്തിടത്തോളം കാലം ന്യൂക്ലിയര്‍ ബോംബ് എന്ന മുള്‍മുനയില്‍ തൂങ്ങിനില്‍ക്കുന്ന 'സമാധാനം' അനുഭവിച്ചുകൊണ്ട് സമാധാനമില്ലാതെ ലോക ജനത ജീവിക്കേണ്ടിവരും.

2020 ജനുവരി 6, തിങ്കളാഴ്‌ച

ഡല്‍ഹിയിലെ ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാനുള്ളതല്ല സര്‍‌വ്വകലാശാലകള്‍

ന​വം​ന​വ​ങ്ങ​ളാ​യ ആ​ശ​യ​ങ്ങ​ളു​ടെ​യും ന​ലം​തി​ക​ഞ്ഞ രാ​ഷ്ട്രീ​യ ചാ​ണ​ക്യ ത​ന്ത്ര​ങ്ങ​ളു​ടെ​യും അ​തി​സ​ങ്കീ​ര്‍ണ​മാ​യ ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ജ്ഞാ​ന​ങ്ങ​ളു​ടെ​യും പ​രി​ശീ​ല​ന​ക്ക​ള​രി ആ​കേ​ണ്ട സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ അ​ക്ര​മി​ക​ളു​ടെ​യും ഗൂ​ണ്ട​ക​ളു​ടെ​യും ക​ലാ​പ​കാ​രി​ക​ളു​ടെ​യും രാ​ജ്യ​ദ്രോ​ഹി​ക​ളു​ടെ​യു​മൊ​ക്കെ കൂ​ത്ത​ര​ങ്ങാ​യി മാ​റു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മെ​ന്ന​ല്ല, ഭ​യാ​ന​ക​മെ​ന്നു വേ​ണം വി​ശേ​ഷി​പ്പി​ക്കേ​ണ്ട​ത്. രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ന്യൂ​ഡ​ല്‍ഹി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ത​ല​യു​യ​ര്‍ത്തി നി​ല്‍ക്കു​ന്ന ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും വി​ദ്യാ​ര്‍ഥി സം​ഘ​ട്ട​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല​ല്ല എ​ഴു​തി​ച്ചേ​ര്‍ക്കേ​ണ്ട​ത്. വി​ദ്യാ​ര്‍ഥി​ക​ളെ ക​രു​ക്ക​ളാ​ക്കി, സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ത​ത്പ​ര ക​ക്ഷി​ക​ള്‍ ന​ട​ത്തു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളാ​യി​ത്ത​ന്നെ ഇ​വ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം ക്യാം​പ​സി​നു​ള്ളി​ല്‍ ന​ട​ന്ന കൊ​ല​വി​ളി​യും യു​ദ്ധ​സ​മാ​ന​മാ​യ അ​ക്ര​മ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട​ത​ല്ല. വ​ര്‍ഷ​ങ്ങ​ളാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന ചി​ല അ​ജ​ന്‍ഡ​ക​ളു​ടെ തു​ട​ര്‍ച്ച മാ​ത്ര​മാ​ണ​ത്. ഇ​പ്പോ​ഴ​ത്തെ ക​ക്ഷി ആ​രെ​ന്ന​ല്ല, ഇ​ന്നോ​ള​മു​ണ്ടാ​യി​ട്ടു​ള്ള ഓ​രോ ആ​ക്ര​മ​ത്തി​നു പി​ന്നി​ലും ആ​രൊ​ക്കെ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം കി​ട്ടി​യാ​ല്‍ മാ​ത്ര​മേ ജെ​എ​ന്‍യു​വി​നെ ബാ​ധി​ച്ചി​രി​ക്കു​ന്ന അ​പ​ക​ട​ത്തി​ന് അ​വ​സാ​ന​മാ​കൂ. ഹോ​സ്റ്റ​ല്‍ ഫീ​സ് വ​ര്‍ധ​ന​യ്ക്കെ​തി​രേ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി വി​ദ്യാ​ര്‍ഥി​ക​ള്‍ സ​മ​ര​ത്തി​ലാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മാ​സം അ​വ​ര്‍ ന​ട​ത്തി​യ പാ​ര്‍ല​മെ​ന്‍റ് മാ​ര്‍ച്ച് ഡ​ല്‍ഹി​യു​ടെ ഉ​റ​ക്കം കെ​ടു​ത്തി. ഭ​ര​ണ​കൂ​ട​ങ്ങ​ളും പൊ​ലീ​സും വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് ഈ ​മാ​ര്‍ച്ചി​ന്‍റെ വീ​ര്യം കെ​ടു​ത്തി​യ​ത്. ക്യാം​പ​സി​ലെ ഇ​ട​തു​പ​ക്ഷ വി​ദ്യാ​ര്‍ഥി​ക​ളാ​ണ് പാ​ര്‍ല​മെ​ന്‍റ് മാ​ര്‍ച്ചി​നു മു​ന്നി​ട്ടു നി​ന്ന​ത് എ​ന്ന​തും മ​റ​ക്ക​രു​ത്. പ്ര​ക്ഷോ​ഭം കേ​ന്ദ്ര സ​ര്‍ക്കാ​രി​നെ​തി​രേ എ​ന്ന മ​റു​പ്ര​ചാ​ര​ണ​ത്തി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള സം​ഘ​ട​ന​ക​ള്‍ക്കു വി​ദ്യാ​ര്‍ഥി​ക​ളോ​ടു വി​ദ്വേ​ഷം തോ​ന്നു​ക​യും ചെ​യ്തു​വ​ത്രേ.

സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണു ക​ഴി​ഞ്ഞ ദി​വ​സ​വും ന​ട​ന്ന​ത്. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി അ​ട​ക്കം പ്ര​മു​ഖ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ​ല്ലാം വി​ദ്യാ​ര്‍ഥി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. ജെ​എ​ന്‍യു, ജാ​മി​യ മി​ലി​യ, അ​ലി​ഗ​ഡ് സ​ര്‍വ​ക​ലാ​ശാ​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യി​രു​ന്നു. അ​തി​ന്‍റെ പേ​രി​ലു​ള്ള പ്ര​കോ​പ​ന​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​നു കാ​ര​ണം എ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ക്യാം​പ​സി​ല്‍ ക​ട​ന്നു​ക​യ​റി വേ​ട്ട ന​ട​ത്തി​യ​തു ക്യാം​പ​സി​നു പു​റ​ത്തു​ള്ള ഗൂ​ണ്ട​ക​ളാ​ണെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് അ​തീ​വ ഗു​രു​ത​രം. ക്യാം​പ​സു​ക​ള്‍ക്കു​ള്ളി​ലെ വി​ദ്യാ​ര്‍ഥി സം​ഘ​ട്ട​ന​ങ്ങ​ളി​ല്‍ പു​തു​മ​യി​ല്ല. പ​ക്ഷേ, അ​വി​ടേ​ക്കു പ​ക്ഷം പി​ടി​ച്ചു ഗൂ​ണ്ട​ക​ള്‍ ക​ട​ന്നു​വ​ന്നാ​ല്‍ സ്ഥി​തി അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​കും. അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ള്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ഇ​തി​നു മു​ന്‍പും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

2001ലെ ​പാ​ര്‍ല​മെ​ന്‍റ് ആ​ക്ര​മ​ണ കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​ന്‍ അ​ഫ്സ​ല്‍ ഗു​രു​വി​നെ​യും ക​ശ്മീ​ര്‍ വി​ഘ​ട​ന​വാ​ദി​യും കൊ​ടും ഭീ​ക​ര​നു​മാ​യി​രു​ന്ന മ​ക്ബൂ​ല്‍ ഭ​ട്ടി​നെ​യും തൂ​ക്കി​ലേ​റ്റാ​ന്‍ സു​പ്രീം കോ​ട​തി വി​ധി​ച്ച​പ്പോ​ള്‍ ഏ​റ്റ​വും വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്ന​തു ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നാ​യി​രു​ന്നു. അ​ന്നും ഇ​തു​പോ​ലെ മു​ഖം മൂ​ടി ധ​രി​ച്ച കു​റേ​പ്പേ​ര്‍ ക്യാം​പ​സി​നു​ള്ളി​ല്‍ ക​ട​ന്നു​ക​യ​റി വ​ലി​യ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടു. അ​ക്ര​മം മാ​ത്ര​മാ​യി​രു​ന്നി​ല്ല അ​ന്ന​ത്തെ പ്ര​ശ്നം. അ​ക്ര​മി​ക​ള്‍ മു​ഴ​ക്കി​യ മു​ദ്രാ​വാ​ക്യം മു​ഴു​വ​ന്‍ ഇ​ന്ത്യാ വി​രു​ദ്ധ​മാ​യി​രു​ന്നു. ആ​രാ​യി​രു​ന്നു ഈ ​മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ക്കു പി​ന്നി​ലെ​ന്ന അ​ന്വേ​ഷ​ണം ഇ​ന്ത്യാ വി​രു​ദ്ധ ക്യാം​പു​ക​ളി​ലേ​ക്കും ഭീ​ക​ര താ​വ​ള​ങ്ങ​ളി​ലേ​ക്കും വ​രെ നീ​ണ്ടു. രാ​ജ്യ​ദ്രോ​ഹി​ക​ള്‍ക്കു പോ​ലും ക​ട​ന്നു ക​യ​റി ഇ​ന്ത്യാ വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കാ​വു​ന്ന ഇ​ട​മാ​യി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ​ര്‍വ​ക​ലാ​ശാ​ല എ​ന്ന​ല്ല, ഒ​രു സ​ര്‍വ​ക​ലാ​ശാ​ല​യും ത​രം താ​ഴ​രു​ത്.

അ​ന്ന​ത്തെ ഗൂ​ണ്ട​ക​ളെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​ന്നു ശി​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം, പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ ഇ​ട​തു​പ​ക്ഷ വി​ദ്യാ​ര്‍ഥി​ക​ളെ ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍ ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​തും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ്. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ഒ​രു സം​ഘം ആ​ളു​ക​ള്‍ ക്യാം​പ​സി​ലെ വി​വി​ധ ഹോ​സ്റ്റ​ലു​ക​ളി​ല്‍ ഇ​ര​ച്ചു​ക​യ​റി, മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വി​ദ്യാ​ര്‍ഥി​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു സാ​ര​മാ​യി പ​രു​ക്കേ​റ്റു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ട​തു​പ​ക്ഷ അ​നു​കൂ​ല അ​ധ്യാ​പ​ക​ര്‍ ക്യാം​പ​സി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. അ​തി​ല്‍ പ്ര​കോ​പി​ത​രാ​യി കൂ​ടു​ത​ല്‍ അ​ക്ര​മി​ക​ളെ​ത്തി കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​യ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. അ​തി​ന് ക്യാം​പ​സി​ലെ ബി​ജെ​പി- ആ​ര്‍എ​സ്എ​സ് അ​നു​കൂ​ല അ​ധ്യാ​പ​ക​രു​ടെ​യും പൊ​ലീ​സി​ന്‍റെ​യും ഒ​ത്താ​ശ​യു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ആ​രോ​പ​ണം. ഏ​താ​യാ​ലും യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ര്‍ഥി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഐ​ഷി ഘോ​ഷ്, മ​ല​യാ​ളി പ്രൊ​ഫ​സ​ര്‍ അ​മി​ത് പ​ര​മേ​ശ്വ​ര​ന്‍ തു​ട​ങ്ങി നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും പ​രു​ക്കേ​റ്റു.

ജെ​എ​ന്‍യു​വി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളെ​ക്കാ​ള്‍ അ​ധ്യാ​പ​ക​രാ​ണു രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​തും പ​യ​റ്റു​ന്ന​തും. രാ​ഷ്ട്രീ​യ പോ​രാ​ട്ട​ങ്ങ​ള്‍ക്കും അ​ക്ര​മ​ങ്ങ​ള്‍ക്കും പു​റ​ത്തു നി​ന്ന​ല്ല, ഒ​പ്പം നി​ന്നു​കൊ​ണ്ടു ത​ന്നെ വി​ദ്യാ​ര്‍ഥി​ക​ളെ അ​വ​ര്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അ​തി​സ​ങ്കീ​ര്‍ണ​മാ​യ രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ളി​ല്‍ സ​ര്‍വ​ക​ലാ​ശാ​ലാ ചാ​ന്‍സ​ല​റും വൈ​സ് ചാ​ന്‍സ​ല​റു​മൊ​ക്കെ നി​ഷ്പ്ര​ഭ​രും നി​രാ​ശ്ര​യ​രു​മാ​കു​ന്നു. അ​തോ​ടെ ആ​ര്‍ക്കും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത ചെ​കു​ത്താ​ന്‍ കോ​ട്ട​യാ​യി ജെ​എ​ന്‍യു അ​ട​ക്ക​മു​ള്ള സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ അ​ധഃ​പ​തി​ക്കു​ന്നു. സ​ര്‍വ​ക​ലാ​ശാ​ല​ക​ളെ​യും ക​ലാ​ശാ​ല​ക​ളെ​യും ഗൂ​ണ്ട​ക​ളു​ടെ​യും മു​തി​ര്‍ന്ന​വ​രു​ടെ​യും രാ​ഷ്ട്രീ​യ കൂ​ത്ത​ര​ങ്ങു​ക​ള്‍ക്കു​ള്ള മ​റ​യാ​ക്കാ​തി​രി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​രും സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളും ആ​ത്മാ​ര്‍ഥ​ത കാ​ണി​ക്കാ​ത്തി​ട​ത്തോ​ളം, ഇ​നി​യും ര​ക്ത​പ​ങ്കി​ല​മാ​കു​ക​യാ​വും അ​വ​യു​ടെ ഗ​തി.