2012 ഫെബ്രുവരി 24, വെള്ളിയാഴ്‌ച

അമേരിക്കയിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഭീകര പ്രവര്‍ത്തകരോ?

2009ല്‍ റിലീസായ ഒരു ഹിന്ദി സിനിമ നെറ്റ്‌ഫ്‌ളിക്‌സിലൂടെ ഈയ്യിടെ കാണാനിടയായി. യാഷ്‌രാജ്‌ ഫിലിംസിനുവേണ്ടി കബീര്‍ ഖാന്‍ സംവിധാനം ചെയ്‌ത ആദിത്യ ചോപ്ര നിര്‍മ്മിച്ച `ന്യൂയോര്‍ക്ക്‌' എന്ന ഈ സിനിമ ന്യൂയോര്‍ക്ക്‌, ന്യൂജെഴ്‌സി, പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ വെച്ചാണ്‌ ചിത്രീകരണം നടത്തിയിരിക്കുന്നത്‌. 2001 സെപ്‌തംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിനുശേഷം ആരെങ്കിലും ഒരു ചെറിയ ക്യാമറയുമായി ന്യൂയോര്‍ക്ക്‌ നഗരത്തിലൂടെ നടന്നാല്‍ പോലീസിന്റെ പിടിയിലാകുന്ന അവസ്ഥയുണ്ടായിട്ടും, ഇങ്ങനെയൊരു ബോളിവുഡ്‌ ത്രില്ലര്‍ സിനിമ അമേരിക്കയില്‍, അതും വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ സ്ഥിതി ചെയ്‌തിരുന്ന ന്യൂയോര്‍ക്ക്‌ നഗരത്തില്‍, ചിത്രീകരിച്ചതു തന്നെ ഒരു അത്ഭുതമായി തോന്നി.

ജോണ്‍ എബ്രഹാം, കത്രീന കയ്‌ഫ്‌, നീല്‍ നിതിന്‍ മുകേഷ്‌, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ സിനിമ മുസ്ലീം തീവ്രവാദികള്‍ അമേരിക്കയില്‍ നടത്തിയിരുന്ന അല്ലെങ്കില്‍ നടത്താന്‍ സാദ്ധ്യതയുള്ള ഭീകരപ്രവര്‍ത്തനങ്ങളെ ആസ്‌പദമാക്കി നിര്‍മ്മിച്ചിരിക്കുന്നതാണ്‌. അതോടൊപ്പം, മുസ്ലീം പേരുള്ളവര്‍ ഭീകരപ്രവര്‍ത്തകരാകാന്‍ സാദ്ധ്യതയുണ്ട്‌ എന്ന അമേരിക്കയുടെ മുന്‍വിധിയെ തുറന്നു കാണിക്കുകയും ചോദ്യം ചെയ്യപ്പെടുന്നവരെ ഭീകരവാദിയായി മുദ്രകുത്തി അകാരണമായി ജയിലിലടയ്‌ക്കാനുള്ള അധികാരം ഉണ്ടെന്ന്‌ തെളിയിക്കുന്ന വസ്‌തുതകളിലേക്ക്‌ വിരല്‍ ചൂണ്ടുന്നതുമാണ്‌.

അമേരിക്കയിലെ ചില യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന മുസ്ലീം വിദ്യാര്‍ത്ഥികളുടെ ഇ-മെയിലുകളും അവരുമായി ബന്ധമുള്ള വെബ്‌സൈറ്റുകളും എഫ്‌.ബി.ഐ.യുടെ നിരീക്ഷണത്തിലാണെന്നുള്ള വാര്‍ത്തയും
ന്യൂയോര്‍ക്ക്‌ സിറ്റി മേയര്‍ ബ്ലൂംബര്‍ഗിന്റെ ഇപ്പോള്‍ പുറത്തിറങ്ങിയ പ്രസ്‌താവനയും കൂട്ടി വായിക്കുമ്പോള്‍ മേല്‌പറഞ്ഞ ന്യൂയോര്‍ക്ക്‌ എന്ന സിനിമയുടെ കഥാതന്തു നൂറു ശതമാനം ശരിയാണെന്ന്‌ സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.

സിനിമ തുടങ്ങുന്നത്‌ 
ന്യൂയോര്‍ക്ക്‌ സിറ്റിയിലൂടെ ഒരു ടാക്‌സി ഓടുന്നതാണ്‌. പോലീസും എഫ്‌.ബി.ഐ. ഏജന്റുമാരും പുറകെയും ഒരു?ഹെലിക്കോപ്‌റ്റര്‍ മുകളിലൂടെയും ടാക്‌സിയെ പിന്തുടരുന്നു. അവസാനം ടാക്‌സി നിര്‍ത്തുന്നതോടെ ഒമര്‍ എന്ന ചെറുപ്പക്കാരന്‍ (നീല്‍ നിതിന്‍ മുകേഷ്‌) പുറത്തിറങ്ങുകയും തോക്കുധാരികളായ എഫ്‌.ബി.ഐ. ഏജന്റുമാര്‍ ചുറ്റും വളഞ്ഞ്‌ കാറിന്റെ ട്രങ്ക്‌ തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അതാ ട്രങ്കില്‍ കുറെ  ആയുധങ്ങള്‍ !! ഞെട്ടിത്തരിച്ചു നില്‍ക്കുന്ന ഒമറിനെ അറസ്റ്റു ചെയ്യുന്നു. `എന്റെതല്ല ഇവയൊന്നും, എനിക്കറിയില്ല ഇതെവിടെ നിന്നു വന്നു എന്ന്‌' ഒമര്‍ കെഞ്ചുന്നുണ്ടെങ്കിലും എഫ്‌.ബി.ഐ. ഏജന്റുമാര്‍ അതൊന്നും ചെവിക്കൊള്ളാതെ ഒമറിനേയും കൊണ്ട്‌ ഒരു അജ്ഞാത കേന്ദ്രത്തിലേക്ക്‌ പോകുന്നു.

ഒമറിന്റെ സുഹൃത്തും കോളേജില്‍ സഹപാഠിയുമായിരുന്ന, തീവ്രവാദിയെന്നു എഫ്‌.ബി.ഐ. സംശയിക്കുന്ന, സമീര്‍ ഷേയ്‌ക്കിന്റെ (ജോണ്‍ എബ്രഹാം) പ്രവര്‍ത്തനങ്ങള്‍ ചാരപ്പണിയിലൂടെ നിരീക്ഷിക്കാന്‍ ഒമറിനെ ഉപയോഗിക്കാനായിരുന്നു എഫ്‌.ബി.ഐ. ഈ കെണി വെച്ചതെന്ന്‌ പിന്നീട്‌ ഈ സിനിമയിലൂടെ നമുക്ക്‌ മനസ്സിലാക്കാം.

ഒമറിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യാന്‍ നിയോഗിച്ചിരിക്കുന്നത്‌ ഇന്ത്യക്കാരനായ രോഷന്‍ (ഇര്‍ഫാന്‍ ഖാന്‍) എന്ന ഏജന്റിനെയാണ്‌. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒമര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും എഫ്‌.ബി.ഐ.യ്‌ക്ക്‌ സ്വീകാര്യമല്ല.  ദിവസങ്ങളോളം ഒമറിനെ ഏകാന്ത തടവിലിട്ട്‌ പീഡിപ്പിക്കുന്നു. അവസാനം ഏജന്റ്‌ ചോദിക്കുന്നു `നീ ആദ്യമായി അമേരിക്കയില്‍ വന്നതെന്നാണ്‌....എന്തിനു വന്നു?' ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനാണ്‌ വന്നതെന്നു പറഞ്ഞപ്പോള്‍ സുഹൃത്തുക്കളെക്കുറിച്ചായി ചോദ്യം. എല്ലാ സുഹൃത്തുക്കളുടേയും പേരു പറഞ്ഞപ്പോള്‍ എന്തുകൊണ്ട്‌ ഒരാളുടെ പേരു വിട്ടുപോയി എന്നായി. ആ വിട്ടു പോയ ആളുടെ പേര്‌ സാം എന്ന്‌ വിളിക്കുന്ന സമീര്‍ ഷേയ്‌ക്ക്‌ ആണെന്നും അയാളെക്കുറിച്ച്‌ പറയാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കോളേജ്‌ ജീവിതകാലം ഫ്‌ളാഷ്‌ ബാക്ക്‌. ആദ്യമായി കോളേജിലെത്തിയപ്പോള്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌ കൗണ്‍സലര്‍ മായ (കത്രീന കയ്‌ഫ്‌) എന്ന പെണ്‍കുട്ടി സ്വീകരിക്കാനെത്തിയതും, സമീര്‍ ഷെയ്‌ക്കിനെ പരിചയപ്പെടുന്നതും, മായയെ താന്‍ പ്രണയിക്കുന്നതും, അവസാനം സമീര്‍ ഷെയ്‌ക്കുമായി അവള്‍ക്ക്‌ അടുപ്പമുണ്ടെന്നറിഞ്ഞപ്പോള്‍ നിരാശനായി പിന്തിരിഞ്ഞതുമെല്ലാം ഒമര്‍ വിവരിക്കുന്നു. സമീര്‍ ഷെയ്‌ക്ക്‌ മായയെ വിവാഹം കഴിച്ചെന്നും അവര്‍ക്കൊരു കുട്ടിയുണ്ടെന്നും ഇപ്പോള്‍ ന്യൂജെഴ്‌സിയില്‍ താമസിക്കുന്നുണ്ടെന്നുമൊക്കെ എഫ്‌.ബി.ഐ. ഏജന്റ്‌ പറഞ്ഞപ്പോള്‍ ഒമര്‍ ഞെട്ടുന്നു. അവസാനം സമീറുമായി വീണ്ടും സന്ധിച്ച്‌ പഴയ ബന്ധം പുതുക്കി അവന്റെ വീട്ടില്‍ തന്നെ താമസിച്ച്‌ അവന്റെ ഓരോ ചലനങ്ങളും തങ്ങളെ അറിയിച്ചാല്‍ വെറുതെ വിടാമെന്ന വാഗ്‌ദാനവും നല്‍കി എഫ്‌.ബി.ഐ. തന്നെ ഒമറിനെ മായയുമായി സന്ധിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കുന്നു.

ഒരാളെ കുടുക്കാന്‍ അയാളുടെ തന്നെ പരിചയക്കാരെയോ ബന്ധുക്കളെയോ ഉപയോഗിക്കുന്ന ഈ ഗൂഢതന്ത്രമാണ്‌ ഇവിടെയും പയറ്റുന്നത്‌. സുഹൃത്തിന്റെ വീട്ടില്‍ താമസം തുടങ്ങിയ ഒമറിന്‌ സമീര്‍ തീവ്രവാദിയാണെന്ന്‌ സ്ഥിരീകരിക്കാനുള്ള?യാതൊരു തെളിവുകളും കിട്ടിയില്ലെന്നു മാത്രമല്ല, കണ്‍സ്‌ട്രക്‌ഷന്‍ കോണ്‍ട്രാക്‌റ്റ്‌ ബിസിനസ്സ്‌ നടത്തിയിരുന്ന സമീറിനെ അകാരണമായി ഒരിക്കല്‍ എഫ്‌.ബി.ഐ. തടവിലാക്കി ക്രൂരമായി പീഡിപ്പിക്കപ്പെട്ട്‌ ഒന്‍പതു മാസങ്ങള്‍ക്കുശേഷം തെളിവിന്റെ അഭാവത്തില്‍ നിരപരാധിയാണെന്ന്‌ പ്രഖ്യാപിച്ച്‌ വെറുടെ വിട്ടതാണെന്നും മനസ്സിലായത്‌.

മനുഷ്യാവകാശ പ്രവര്‍ത്തകയായ മായയും സമീറും മകനുമൊത്ത്‌ സന്തോഷപ്രദമായ ജീവിതം നയിക്കുമ്പോഴാണ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം കഴിഞ്ഞ്‌ പത്തു ദിവസത്തിനുശേഷം തീവ്രവാദിയായി മുദ്രകുത്തപ്പെട്ട്‌ സമീറിനെ എഫ്‌.ബി.ഐ. കസ്റ്റഡിയിലെടുക്കുന്നത്‌. മുസ്ലീം പേരുതന്നെ മുഖ്യകാരണം. ഈ വിവരം ഒമര്‍ എഫ്‌.ബി.ഐ. ഏജന്റിനോട്‌ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. `പാട്രിയറ്റ്‌ ആക്‌റ്റ്‌ പ്രകാരം ഞങ്ങള്‍ക്ക്‌ ആരേയും എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും കാരണമില്ലാതെ കസ്റ്റഡിയിലെടുക്കാം, ചോദ്യം ചെയ്യാം, ഭത്സിക്കാം. നീ ഞങ്ങളോട്‌ സഹകരിച്ചില്ലെങ്കില്‍ നിന്റെയും ഗതി അതു തന്നെയാകും.' എന്ന്‌.

ജയിലിലായ സമീര്‍ അവിടെവെച്ചാണ്‌ തീവ്രവാദ പ്രവര്‍ത്തകരായ ചില മുസ്ലീം തടവുകാരെ പരിചയപ്പെടുന്നതും അവര്‍ വഴി ബ്രൂക്ക്‌ലിനിലുള്ള മറ്റു ചില അറബ്‌ വംശജരുമായി പരിചയപ്പെടാനിടയാകുകയും പിന്നീട്‌ തീവ്രവാദിയാകുകയും ചെയ്യുന്നത്‌. തന്നെ അകാരണമായി തടവില്‍ വെക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌ത എഫ്‌.ബി.ഐ.യോട്‌ പകരം വീട്ടുന്നതിനായി സമീര്‍ കോണ്‍ട്രാക്‌റ്റര്‍ പണികള്‍ക്കായി മന്‍ഹാട്ടനിലെ എഫ്‌.ബി.ഐ. ആസ്ഥാന മന്ദിരത്തിലെ പണി ഏറ്റെടുക്കുകയും അവിടെ വെച്ച്‌ ആ കെട്ടിടം തകര്‍ക്കാന്‍ പദ്ധതി തയ്യാറാക്കുകയും അവസാനം എഫ്‌.ബി.ഐ.യുടേയും ന്യൂയോര്‍ക്ക്‌ പോലീസിന്റേയും വെടിയുണ്ടയേറ്റ്‌ മരണപ്പെടുകയും ചെയ്യുന്നതാണ്‌ കഥയുടെ ഇതിവൃത്തം. ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മായയും എഫ്‌.ബി.ഐ. സ്‌നൈപ്പേഴ്‌സിന്റെ വെടിയുണ്ടയേറ്റ്‌ പിടഞ്ഞു മരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ നിരപരാധികളെ സംശയത്തിന്റെ പേരില്‍ തടവിലാക്കി ക്രൂരമായ പീഢനത്തിനിരയാക്കുക വഴി തീവ്രവാദികളെ വാര്‍ത്തെടുക്കുകയായിരുന്നു പാട്രിയറ്റ്‌ ആക്‌റ്റിന്റെ മറവില്‍ ചെയ്‌തിരുന്നത്‌. ആയിരക്കണക്കിനു പേരെ ഇതുപോലെ രക്ഷസാക്ഷികളാക്കുകയും ചെയ്‌തിട്ടുണ്ട്‌.?

മേല്‌പറഞ്ഞ സിനിമയുടെ ഇതിവൃത്തത്തിലൂടെ സഞ്ചരിച്ചാല്‍ അമേരിക്കയുടെ മനുഷ്യാവകാശ ധ്വംസനത്തിന്റെ ഞെട്ടിക്കുന്ന രഹസ്യങ്ങളാണ്‌ നമുക്ക്‌ കിട്ടുന്നത്‌. തീവ്രവാദിയെന്ന്‌ മുദ്രയടിച്ച്‌ പ്രത്യേക സെല്ലുകളില്‍ താമസിപ്പിച്ചിരിക്കുന്ന തടവു പുള്ളികളെ കൈകാര്യം ചെയ്യുന്ന രീതി ഈ സിനിമയില്‍ കാണിക്കുന്നുണ്ട്‌. ചാക്കുകൊണ്ട്‌ തല മൂടിക്കെട്ടി ബാത്ത്‌ റൂമിലെ ക്ലോസറ്റില്‍ മുക്കിപ്പിടിച്ച്‌ രണ്ടു പോലീസുകാര്‍ അതിന്മേല്‍ മൂത്രമൊഴിക്കുന്നതു മുതല്‍ പൂര്‍ണ്ണ നഗ്നരാക്കി പട്ടിക്കൂടുപോലെയുള്ള ഇരുമ്പുകൂട്ടില്‍ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച്‌ ചുരുട്ടിക്കൂട്ടി ഇട്ടിരിക്കുന്നതുവരെ നമുക്കു കാണാം. 
ന്യൂയോര്‍ക്ക്‌ സിറ്റി പോലീസിന്റെ മര്‍ദ്ദനമുറകളും നമ്മെ കാണിക്കുന്നു. കൂടാതെ മനുഷ്യാവകാശ പ്രവര്‍ത്തകയായ മായയെ അപമാനിക്കുന്നതും കാണാം.

ന്യൂയോര്‍ക്ക്‌ സിറ്റി മേയര്‍ മൈക്കള്‍ ബ്ലൂംബര്‍ഗ്‌ ഇപ്പോള്‍ സംശയത്തിന്റെ വലയത്തിലാക്കിയിരിക്കുന്ന യേല്‍, കൊളമ്പിയ, യൂണിവേഴ്‌സിറ്റി ഓഫ്‌ പെന്‍സില്‍വാനിയ, സിറാക്കൂസ്‌ യൂണിവേഴ്‌സിറ്റി, 
ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റി, ക്ലാര്‍ക്‌സണ്‍ യൂണിവേഴ്‌സിറ്റി, ന്യൂവാര്‍ക്ക്‌-ന്യൂ ബ്രന്‍സ്‌വിക്‌ കാമ്പസസ്‌ ഓഫ്‌ റട്‌ജേഴ്‌സ്‌, സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യൂയോര്‍ക്ക്‌ കാമ്പസസ്‌ ഓഫ്‌ ബഫലോ, ആല്‍ബനി, സ്റ്റോണി ബ്രൂക്ക്‌ ആന്റ്‌ പോസ്റ്റ്‌ഡാം, ക്വീന്‍സ്‌ കോളേജ്‌, ബറൂച്‌ കോളേജ്‌, ബ്രൂക്ക്‌ലിന്‍ കോളേജ്‌, ലാ ഗാര്‍ഡിയ കമ്മ}ണിറ്റി കോളേജ്‌ മുതലായ കോളേജുകളിലെ മുസ്ലിം വിദ്യാര്‍ത്ഥികളുടേ ഇ-മെയിലുകളും വെബ്‌ സൈറ്റുകളും നിരീക്ഷണത്തിനു വിധേയമാക്കുകയും, അത്‌ ന്യായീകരിച്ച്‌ മേയര്‍?പ്രസ്‌താവനയിറക്കുകയും ചെയ്‌തതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്‌. മുസ്ലീങ്ങളെ ഇപ്പോഴും അമേരിക്ക സംശയദൃഷ്ടിയോടെയാണ്‌ വീക്ഷിക്കുന്നത്‌. മനുഷ്യാവകാശത്തെക്കുറിച്ച്‌ ലോകമൊട്ടാകെ ഗീര്‍വാണം മുഴക്കുമ്പോഴും, ഏതെങ്കിലും രാജ്യം മനുഷ്യാവകാശ ലംഘനം നടത്തിയാല്‍ അവരെ ശിക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന അമേരിക്കയില്‍ നിരപരാധികളായ അനേകം മനുഷ്യജീവനുകള്‍ ഹോമിക്കപ്പെടുന്നുണ്ടെന്ന്‌ ആരും അറിയുന്നില്ല. 

കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക്‌ ലോംഗ്‌ ഐലന്റില്‍ നിന്നുള്ള അമേരിക്കന്‍ കൊണ്‍ഗ്രസ്സ്‌മാന്‍ പീറ്റര്‍ കിംഗിന്റെ മുസ്ലീം വിരുദ്ധ നടപടി അമേരിക്കയിലെ വിവിധ മുസ്ലീം സംഘടനകള്‍ മാത്രമല്ല, ലോകമൊട്ടുക്കുള്ള മുസ്ലീം സമൂഹം ഏറെ ഉദ്‌ഘണ്‌ഠയോടെയാണ്‌ വീക്ഷിച്ചത്‌. /11 ന്റെ പേരുപറഞ്ഞ്‌ ഒരു സമുദായത്തെ മുഴുവന്‍ ഭീകരവാദികളായി മുദ്രകുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം അമേരിക്കയിലെ മുസ്ലീം മതവിശ്വാസികളില്‍ ഏറെ അങ്കലാപ്പ്‌ സൃഷ്ടിച്ചിരുന്നു. സ്വാര്‍ത്ഥ താല്‌പര്യങ്ങള്‍ക്കുവേണ്ടി വിവേകശൂന്യമായ നിലപാടുകളിലൂടെ മുസ്ലീങ്ങള്‍ക്കെതിരെയും മുസ്ലീം പ്രസ്ഥാനങ്ങള്‍ക്കെതിരേയും വ്യാപകവും സംഘടിതവുമായ ആക്ഷേപങ്ങളും ആരോപണങ്ങളും അഴിച്ചുവിടാനുള്ള ഒരു കുത്സിത ശ്രമമായിരുന്നോ അതെന്നും സംശയിച്ചിരുന്നു.

ന്യൂയോര്‍ക്ക്‌ ലോംഗ്‌ ഐലന്റിലെ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ തന്നെയുള്ള, അദ്ദേഹത്തോട്‌ ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന, അനേകം മുസ്ലീങ്ങള്‍ അവിശ്വസനീയതയൊടെയാണ്‌ ഈ സംഭവത്തെ നോക്കിക്കണ്ടത്‌. അവരോട്‌ സൗഹൃദം പുലര്‍ത്തുകയും, അത്താഴ വിരുന്നുകളില്‍ സംബന്ധിക്കുകയും, പള്ളികള്‍ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്ന ഈ കോണ്‍ഗ്രസ്സ്‌മാന്‍, ഒരു സുപ്രഭാതത്തില്‍ മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്നും, അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും ഇതര രാജ്യങ്ങളിലുമുള്ള അല്‍-ക്വയ്‌ദ പ്രവര്‍ത്തകരെ അമേരിക്ക ഉന്മൂലനാശം ചെയ്‌തുകൊണ്ടിരിക്കുന്നതുകൊണ്ട്‌ അവരിപ്പോള്‍ അമേരിക്കയിലെ തന്നെ മുസ്ലീങ്ങളുടെ ഒത്താശയോടെ അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണെന്നും, അതുകൊണ്ട്‌ അമേരിക്കയിലുള്ള എല്ലാ മുസ്ലീങ്ങളേയും സംശയിക്കണമെന്നുമുള്ള ആരോപണവുമായി മുന്നോട്ടു വന്നത്‌ അവിശ്വസനീയമാണെന്ന്‌ അദ്ദേഹത്തെ വളരെ അടുത്തറിയാവുന്നവര്‍ അഭിപ്രായപ്പെടുന്നു. ബ്ലൂംബര്‍ഗ്‌ നിരത്തുന്ന ന്യായീകരണവും അതുതന്നെ. ഇപ്പോള്‍ 
ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റികളിലെ മുസ്ലീം വിദ്യാര്‍ത്ഥികളുടെ ഇ-മെയില്‍, വെബ്‌ സൈറ്റുകള്‍ മുതലായവ നിരീക്ഷിക്ഷണ വിധേയമാക്കുന്നതിന്റെ പുറകിലെ രഹസ്യവും ഇതായിരിക്കാം.

മുസ്ലീമായതുകൊണ്ട്‌ എപ്പോഴും സംശയിക്കണമെന്നും, ഇസ്ലാം മതാചാരപ്രകാരം ജീവിക്കുന്നവരെ ഏറ്റവും കൂടുതല്‍ സൂക്ഷിക്കണമെന്നുമുള്ള സമ്പ്രദായം രാജ്യസംസ്‌ക്കാരത്തിന്‌ യോജിച്ചതല്ല. അത്തരം സമീപനം മൗലികാവകാശ ലംഘനത്തിന്‌ കാരണമായേക്കാം. മുസ്ലീം വിരുദ്ധത പടര്‍ന്നു പിടിക്കുവാന്‍ കാരണക്കാര്‍ തന്നെയാണ്‌ ഈ വിരുദ്ധതയ്‌ക്കു പിന്നിലും പ്രവര്‍ത്തിക്കുന്നത്‌. പീറ്റര്‍ കിംഗിന്റെ അതേ പാതയാണ്‌ ഇപ്പോള്‍ മേയര്‍ ബ്ലൂംബര്‍ഗും പിന്തുടരുന്നത്‌. 

സമാധാനകാംക്ഷികളായ അമേരിക്കയിലെ മുസ്ലീം സമൂഹം ഒരിക്കലും അവരെ ദത്തെടുത്ത രാഷ്ട്രത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയില്ല. ഏതൊരു സമുദായത്തിലേയും പോലെ നികൃഷ്ടര്‍ മുസ്ലീം സമുദായത്തിലുമുണ്ട്‌. അവര്‍ ചെയ്യുന്ന നിഷ്‌ഠൂരതക്ക്‌ മുസ്ലീം സമുദായത്തെ ഒന്നടങ്കം കുറ്റവാളികളാക്കുകയോ സംശയദൃഷ്ടിയോടെ അമേരിക്കന്‍ ജനപ്രതിനിധികള്‍ നോക്കിക്കാണുകയോ ചെയ്യുമ്പോള്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ്‌ ബോദ്ധ്യപ്പെടുത്തുവാനുള്ള ധാര്‍മ്മികബോധമെങ്കിലും ഇവിടത്തെ സംഘടനകള്‍ക്കും നേതാക്കള്‍ക്കും വേണം.

2012 ഫെബ്രുവരി 22, ബുധനാഴ്‌ച

പിണറായിയും തിരുകേശവും


പ്രവാചകനായ മുഹമ്മദ്‌ നബി (സ)യുടെ തിരുകേശത്തെക്കുറിച്ച്‌ പിണറായി വിജയന്‍ നടത്തിയ പ്രസ്‌താവന മതനിന്ദയാണെന്നാരോപിച്ച്‌ മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം സി.പി.എമ്മിനും പിണറായി വിജയനുമെതിരായി ജിഹാദ്‌ മുഴക്കുന്നത്‌ തികച്ചും അപലപനീയമാണ്‌. 

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരാണ്‌ മുസ്ലീം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന `തിരുകേശ' പ്രശ്‌നത്തിന്റെ ഉപജ്ഞാതാവ്‌. അതില്‍ പിണറായി വിജയന്‌ യാതൊരു പങ്കുമില്ല. ഏത്‌ മുടിയും കത്തിച്ചാല്‍ കത്തുമെന്നും നബി (സ)യുടെ മുടി കത്തിച്ചാല്‍ കത്തുകയില്ല എന്നുമൊക്കെ ഖുര്‍-ആനെ ഉദ്ധരിച്ച്‌ അന്ധവിശ്വാസികള്‍ പ്രചരിപ്പിക്കുന്നതാണ്‍്‌. അതിനെയാണ്‌ പിണറായി വിജയന്‍ ചോദ്യം ചെയ്‌തിരിക്കുന്നത്‌. മുസ്ലീം സമുദായത്തിലെ ഭൂരിഭാഗവും ഈ അന്ധവിശ്വാസത്തെ എതിര്‍ക്കുന്നവരാണ്‌. കാന്തപുരം മുസ്ല്യാര്‍ക്ക്‌ ഈ തിരുകേശം എവിടെ നിന്നു കിട്ടി, അതിലൊളിഞ്ഞിരിക്കുന്ന ഗൂഢതന്ത്രങ്ങള്‍ എന്തൊക്കെ എന്ന്‌ അന്വേഷിക്കേണ്ടതാണ്‌.

പ്രവാചകന്റെ മുടിയായാലും നഖമായാലും അവയൊക്കെ ബോഡി വേസ്റ്റാണെന്ന പിണറായിയുടെ പ്രസ്‌താവനയെ മതനിന്ദയായി വ്യാഖ്യാനിക്കുന്ന ഒരു വിഭാഗം സുന്നികള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. അദ്ദേഹം പറഞ്ഞതല്ലേ ശരി എന്ന്‌ ഒരുവട്ടം കൂടി ആലോചിക്കാനുള്ള സാമാന്യബോധം ഇല്ലാതെ പോയതാണ്‌ ഇക്കൂട്ടര്‍ക്ക്‌ പറ്റിയ തെറ്റ്‌. പ്രവാചകന്റെ ഒരു ഫോട്ടോ പോലും ലഭ്യമല്ലാതെന്നിരിക്കെ എവിടെ നിന്നോ കുറെ മുടി സംഘടിപ്പിച്ച്‌ അത്‌ പ്രവാചകന്റെ മുടിയാണെന്നു പറഞ്ഞ്‌ ജനങ്ങളെ വഞ്ചിക്കുന്ന കാന്തപുരമാണോ അതോ ആ സത്യം വിളിച്ചു പറഞ്ഞ പിണറായി വിജയനാണോ യഥാര്‍ത്ഥ പ്രതി എന്ന്‌ നാം ആലോചിക്കണം. 

മുഹമ്മദ്‌ നബിയെ അപമാനിച്ചുവെന്ന്‌ ആരോപിക്കപ്പെട്ട്‌ തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയ ഇസ്ലാമിന്റെ കാവലാളുകളെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ആ തീവ്രവാദികളുടെ ഗണത്തില്‍ പെട്ടവരെന്തേ ഈ തിരുമുടി വിവാദ നായകന്‍ അബൂബക്കര്‍ മുസ്ല്യാരെ വെറുതെ വിട്ടു? ശത്രുക്കളോടുപോലും അനീതി കാണിക്കരുതെന്ന്‌ നിഷ്‌ക്കര്‍ഷിച്ചിരുന്ന, തന്നെ പരമാവധി ദ്രോഹിച്ച നാട്ടുകാര്‍ക്കുപോലും പട്ടിണിക്കാലത്ത്‌ ധാന്യങ്ങള്‍ കൊടുത്തയച്ചിരുന്ന, ദിനംപ്രതി തന്നെ നിന്ദിച്ച ജൂതസ്‌ത്രീയെ അവരുടെ രോഗസമയത്ത്‌ ചെന്നു കണ്ട്‌ സ്‌നേഹപരിഗണനകള്‍ അറിയിച്ചിരുന്ന പ്രവാചക ശ്രേഷ്‌ഠനെ നിന്ദിച്ചു എന്ന്‌ ആരോപിച്ചാണ്‌ പ്രൊഫസറുടെ കൈ വെട്ടിമാറ്റിയത്‌. 

യാഥാസ്ഥിതിക സുന്നികളില്‍ ഒരു വിഭാഗം കാന്തപുരം മുസ്ല്യാരെ നവോത്ഥാന നായകനായും പരിഷ്‌ക്കര്‍ത്താവുമായി കാണുമ്പോള്‍, മറുവിഭാഗം കാണുന്നത്‌ നേരെ മറിച്ചാണ്‌. നവോത്ഥാനം എന്ന പരികല്‌പനയുടെ ദാര്‍ശനിക വിവക്ഷ എന്തായിരുന്നാലും ഒരു വിഭാഗത്തിന്റെ മാനസികവും സാമൂഹികവും ഭൗതികവുമായ വളര്‍ച്ച സാമൂഹിക ശാസ്‌ത്രത്തിന്റെ വിശകലന മാനദണ്ഡപ്രകാരം നവോത്ഥാനം തന്നെയാണ്‌. ഈ അര്‍ത്ഥത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ കേരളത്തിലെ യാഥാസ്ഥിതിക സുന്നികളുടെ നവോത്ഥാന നായകനാണെന്ന്‌ പറയുന്നതിലും ശരിയുണ്ട്‌.

പ്രവാചകന്റെ മുടിക്കും നഖത്തിനുമല്ല പിന്‍ഗാമികള്‍ മുന്‍ഗണന കൊടുക്കേണ്ടത്‌ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കാണ്‌ പ്രാധാന്യം കൊടുക്കേണ്ടതെന്ന പിണറായിയുടെ പ്രസ്‌താവനയാണ്‌ ശരി. കാന്തപുരം ഒരു നവോത്ഥാന നായകാനായിരിക്കാം. അദ്ദേഹം സുന്നികളുടെ ആത്മീയ ഗുരുവായിരിക്കാം. പക്ഷേ, ഈ അടുത്ത നാളുകളില്‍ അദ്ദേഹം ചെയ്‌തു കുട്ടിയ വിക്രിയകള്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. 

പ്രവാചകന്റെ മുടിയാണെന്നു പറഞ്ഞ്‌ ആ മുടി സൂക്ഷിക്കുവാന്‍ 40 കോടി രൂപ മുടക്കി ഒരു പള്ളി പണിയാന്‍ തയ്യാറായതാണ്‌ അദ്ദേഹത്തിനു പറ്റിയ അബദ്ധം. അതു മനസ്സിലാക്കി തെറ്റു തിരുത്താനല്ല അദ്ദേഹവും അനുയായികളും ചെയ്‌തത്‌. പകരം വിമര്‍ശിക്കുന്നവരെ ഭത്സിക്കാനും തമസ്‌ക്കരിക്കാനുമാണ്‌ തുനിഞ്ഞത്‌. മതപരമായ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം വെച്ചുപുലര്‍ത്തിക്കൊണ്ടുതന്നെ സമുദായത്തിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ സാധ്യമാകുന്നത്ര ഒന്നിക്കാനുള്ള പ്രവണത കേരളത്തിലെ മുസ്ലീങ്ങള്‍ കാണിച്ചിട്ടുണ്ട്‌. ഒരര്‍ത്ഥത്തില്‍ പിണറായി പറഞ്ഞതും അതുതന്നെയാണ്‌. `നിങ്ങളുടെ വിശ്വാസത്തെ ആരും ചോദ്യം ചെയ്യുന്നില്ല, പക്ഷെ, പ്രവൃത്തികളെയാണ്‌ ചോദ്യം ചെയ്യുന്നത്‌' എന്ന്‌ അദ്ദേഹം പറഞ്ഞതില്‍ എന്താണ്‌ തെറ്റ്‌? 

ഇസ്ലാം മതത്തെക്കുറിച്ച്‌ സംവദിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌. ലോകസമാധാനം കാംക്ഷിക്കുന്ന ഒരു തുറന്ന മതമാണ്‌ ഇസ്ലാം. മാന്യമായ വിമര്‍ശനവും ആര്‍ക്കും ആകാം. പ്രവാചകനെയോ മതത്തെയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്യരുതെന്നു മാത്രം. തിരുകേശത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ കാന്തപുരം ബാധ്യസ്ഥനാണ്‌. മുപ്പത്തി മുക്കോടി രാഷ്ട്രീയക്കാര്‍ക്കും പന്തീരായിരം കപട സന്യാസിമാര്‍ക്കും പതിനായിരത്തൊന്ന്‌ മനുഷ്യ ദൈവങ്ങള്‍ക്കും ഇന്ത്യാ മഹാരാജ്യത്ത്‌ ജനങ്ങളെ വഞ്ചിച്ച്‌ ജീവിക്കാമെങ്കില്‍ കാന്തപുരം മുസ്ല്യാര്‍ക്ക്‌ എന്തുകൊണ്ട്‌ പറ്റില്ല എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? തിരുകേശത്തിന്റെ വിശ്വാസ്യത അവര്‍ക്ക്‌ ബോധ്യപ്പെടുംവരെയെങ്കിലും.

അബൂദബിയിലെ ഖസ്രജിയില്‍ നിന്നോ മുംബൈ മാര്‍ക്കറ്റിലെ ഏതോ വഴിവാണിഭക്കാരനില്‍ നിന്നോ കുറച്ചു മുടി കൈയില്‍ വന്നു ചേര്‍ന്നപ്പോള്‍ അത്‌ മുഹമ്മദ്‌ നബി (സ) യുടെ തിരുകേശമാണെന്ന്‌ പ്രഖ്യാപിച്ച്‌ മുസ്ലീം വിശ്വാസികളെ വഞ്ചിക്കുകയും, ആ കേശത്തിന്റെ പേരില്‍ പണപ്പിരിവ്‌ നടത്തി കോടികള്‍ സമ്പാദിക്കുകയും ചെയ്യുമ്പോള്‍ പിണറായി വിജയനെപ്പോലെയുള്ള രാഷ്ട്രീയ നേതാ ക്കള്‍ അതിനെ ചോദ്യം ചെയ്‌തില്ലെങ്കിലേ അത്ഭുതമുള്ളൂ. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ പ്രവാചകനായോ പുണ്യവാളനായോ മുദ്രയടിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ അനുയായികള്‍ കെട്ടുകഥകളുണ്ടാക്കുകയും ചെയ്യുമ്പോള്‍ ധാര്‍മ്മിക ബോധമുള്ളവര്‍ പ്രതികരിക്കുമെന്നു തീര്‍ച്ച. 

മദീനയിലെ റൗളാ ഷരീഫില്‍ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യുടെ ചാരത്ത്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ സ്വപ്‌നത്തില്‍ ദര്‍ശിച്ചു എന്നെല്ലാം പ്രചരിപ്പിക്കുന്നത്‌ കാന്തപുരം മുസ്ലിയാരുടെ സ്വപ്‌ന പദ്ധതിയായ ശഅ്‌റേ മുബാറക്‌ മസ്‌ജിദിന്റെ പൂര്‍ത്തീകരണത്തിനായിരുന്നു. ഏകദേശം 40 കോടിയാണ്‌ ഈ പള്ളിക്കുവേണ്ടി അദ്ദേഹം ചിലവഴിക്കുന്നത്‌. അറബ്‌ നാടുകളിലെ ചില കോടീശ്വര അറബികളുടെ സഹായവും ഇദ്ദേഹത്തിനു കിട്ടുന്നുണ്ട്‌. പ്രവാചകന്റെ പേരു പറഞ്ഞ്‌ നിര്‍മ്മിക്കുന്ന ഈ പള്ളി അവസാനം കാന്തപുരത്തിന്റെ ഓര്‍മ്മയ്‌ക്കായി ഒരു തീര്‍ത്ഥാടന കേന്ദ്രമാകുകയും അതുവഴി വീണ്ടും കോടികള്‍ കൊയ്യാനുള്ള ഒരു ഗൂഢതന്ത്രമാണ്‌ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ ആസൂത്രണം ചെയ്‌തു വരുന്നത്‌.

ലക്ഷക്കണക്കിന്‌ ജനങ്ങള്‍ പട്ടിണി കിടക്കുകയും കെട്ടിച്ചയക്കാന്‍ പണമില്ലാതെ പാവപ്പെട്ട പെണ്‍കുട്ടികള്‍ ജീവിതകാലം മുഴുവന്‍ നരകജീവിതം നയിക്കുന്ന നമ്മുടെ നാട്ടില്‍ നാല്‌പതു കോടി രൂപ മുടക്കി പള്ളി പണിയേണ്ട ആവശ്യമുണ്ടോ? അഥവാ തിരുകേശം സത്യമാണെങ്കില്‍ തന്നെ ഈന്തപ്പനയോലകളില്‍ അന്തിയുറങ്ങിയിരുന്ന നബി തിരുമേനിയുടെ തിരുകേശം സൂക്ഷിക്കാന്‍ നാല്‌പതു കോടി ചിലവാക്കേണ്ടതുണ്ടോ? `തന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച്‌ ആഹാരം കഴിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല' എന്ന നബിവചനം മറന്നു ജീവിക്കുകയല്ല ഒരു വിശ്വാസി ചെയ്യേണ്ടത്‌.

ഒരു സാമുദായിക വിപത്ത്‌ എന്നതിലുപരി ഒരു സാമൂഹിക പ്രശ്‌നമായി തീരാവുന്ന ഈ നടപടി കാന്തപുരത്തിന്റെ തന്നെ അനുയായികളില്‍ പലരും സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. മുഹമ്മദ്‌ നബി (സ)യുടെ പേരില്‍ നടത്തുന്ന ഈ പ്രചരണം നബിയെ നിന്ദിക്കുന്നതിനു തുല്യമാണ്‌. കൈ വെട്ടാനോ കാലു വെട്ടാനോ ആരും തുനിയുന്നില്ല എന്നുള്ളതും വിരോധാഭാസമായി തോന്നുന്നു. മതമേലദ്ധ്യക്ഷന്മാരും, മതമൗലികവാദികളും, നിശ്ശബ്ദത പാലിക്കുന്നതും ദുരൂഹമാണ്‌.

2011 ഡിസംബർ 28, ബുധനാഴ്‌ച

`കൊലവെറിയും കൊലവിളിയും'

യൂ ട്യൂബില്‍ ഇന്ന്‌ ലോകമാകെ പ്രചരിക്കുന്ന ഗാനമാണ്‌ `വൈ ദിസ്‌ കൊലവെറി ഡി' എന്ന ഹിറ്റ്‌ ഗാനം. സന്തോഷ്‌ പണ്ഡിറ്റിന്റെ `കൃഷ്‌ണനും രാധയും' സൂപ്പര്‍ഹിറ്റ്‌ മലയാള സിനിമകളുടെ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ ലോകമാകെ പ്രചരിച്ചപ്പോള്‍ അതിനെ വിമര്‍ശിക്കാനും സന്തോഷ്‌ പണ്ഡിറ്റിനെ എവിടെവെച്ചു കണ്ടാലും കല്ലെറിഞ്ഞു കൊല്ലാനും ജനങ്ങള്‍ തയ്യാറായി. പക്ഷെ, ഓരോ പ്രാവശ്യവും കൂടുതല്‍ പേരെ ആ സിനിമ കാണാന്‍ തിയ്യേറ്ററുകളിലേക്ക്‌ ആകര്‍ഷിക്കുകയായിരുന്നു സന്തോഷ്‌ പണ്ഡിറ്റ്‌ `നെഗേറ്റീവ്‌ പബ്ലിസിറ്റിയിലൂടെ' ഉദ്ദേശിച്ചത്‌ എന്നതായിരുന്നു സത്യം. കുടുംബ സദസ്സില്‍ കാണാന്‍ കൊള്ളാത്ത പടമാണെന്ന്‌ പലരും അഭിപ്രായപ്പെടുമ്പോള്‍ തിയ്യേറ്ററുകളിലേക്ക്‌  തള്ളിക്കയറിയത്‌ യുവജനങ്ങളായിരുന്നു. തെറിയഭിഷേകം നടത്താനാണെന്നുള്ളത്‌ വേറെ കാര്യം. ആഭാസത്തരങ്ങളെന്തും കണ്ണടച്ച്‌ അനുകരിക്കുന്നവരാണല്ലോ കേരളത്തിലെ യുവജനസമൂഹം.

ഈ `കൊലവെറി' ഗാനവും ഏതാണ്ട്‌ അതുപോലെയൊക്കെയാണ്‌. `ഇതെന്തു പാട്ട്‌' എന്ന്‌ കേള്‍വിക്കാര്‍ക്ക്‌ തോന്നാമെങ്കിലും ഏകദേശം 3 കോടി ജനങ്ങള്‍ ഈ കൊലവെറി യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞു എന്നാണ്‌ കണക്ക്‌. തമിഴ്‌ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മരുമകനായ ധനുഷ്‌ ആണ്‌ ഈ ഗാനത്തിന്റെ സൃഷ്ടികര്‍ത്താവ്‌. കൊച്ചുകുട്ടിള്‍ക്കുപോലും ഈ കൊലവെറി ഇന്ന്‌ ഹരമാണ്‌. സംഗീതത്തെ വൈകൃതമാക്കി പല ഗാനങ്ങളും ഇതിനു മുന്‍പും ജന്മമെടുത്തിട്ടുണ്ടെങ്കിലും, ഈ കൊലവെറി അവയെയെല്ലാം കടത്തിവെട്ടി ഇന്ന്‌ ലോകപ്രശസ്‌തി നേടിക്കഴിഞ്ഞു. 

ഈ കൊലവെറിയെക്കാള്‍ ഭയാനകമാണ്‌ മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്‌നാട്ടുകാര്‍ കൊലവിളിയുമായി മലയാളികളുടെ നേരെ പായുന്നത്‌. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇപ്പോള്‍ തമിഴ്‌നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നത്‌ കൊലവിളിയുമായാണ്‌. മലയാളികളെ എവിടെവെച്ചു കണ്ടാലും ആക്രമിക്കുക, അവരുടെ സ്വത്തുവകകള്‍ കൊള്ളയടിക്കുക, കൃഷികളും ബിസിനസ്സ്‌ സ്ഥാപനങ്ങളും നശിപ്പിക്കുക മുതലായ ക്രൂരമായ പ്രവൃത്തികളാണ്‌ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ മലയാളികള്‍ നേരിടുന്നത്‌. 

മുല്ലപ്പെരിയാറിലെ ഭൂചലനങ്ങളെക്കാള്‍ ഭയാനകമാണ്‌ ഇന്ന്‌ തമിഴ്‌നാട്ടിലെ മലയാളികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. ജീവിതായോധനത്തിനായി കാലങ്ങള്‍ക്കുമുന്‍പ്‌ തമിഴ്‌ നാട്ടിലെ വിവിധ ഭാഗങ്ങളില്‍ ചേക്കേറി കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിച്ചതെല്ലാം ഒരൊറ്റ ദിവസം കൊണ്ട്‌ കൊലവിളിയുമായെത്തിയ തമിഴ്‌നാട്ടിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകളില്‍ പെട്ടവര്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്‌. 

സന്തോഷ്‌ പണ്ഡിറ്റ്‌ പ്രയോഗിച്ച അതേ നെഗേറ്റീവ്‌ പബ്ലിസിറ്റിയാണ്‌ തീവ്രവാദസ്വഭാവമുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ കേരളത്തിനെതിരായി പ്രയോഗിക്കുന്നതും അനുയായികളെ കേരളത്തിനെതിരായി തിരിച്ചുവിടുന്നതും. പക്ഷേ, ഈ നെഗേറ്റീവ്‌ പബ്ലിസിറ്റിയെ പ്രതിരോധിക്കാന്‍  കേരള രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്‌ കഴിഞ്ഞില്ലെന്നു മാത്രമല്ല, തമിഴ്‌നാട്ടുകാര്‍ക്ക്‌ വടി വെട്ടിക്കൊടുത്ത്‌ സ്വയം അടി ഏറ്റുവാങ്ങുന്ന പ്രക്രിയകളാണ്‌ ഇന്ന്‌ കേരളത്തില്‍ ദിനേന നടന്നുകൊണ്ടിരിക്കുന്നത്‌. തമിഴ്‌നാട്ടിലുള്ള മലയാളികള്‍ പോലും കേരളത്തിനെതിരായി തിരിഞ്ഞതിന്റെ മുഖ്യ കാരണവും അതുതന്നെ. 

തീവ്രവാദ ഗ്രൂപ്പിന്റെ നേതാവായ വൈക്കോയുടെ നേതൃത്വവും വിടുതലൈ പുലികള്‍ എന്ന സംഘടനയും കൈകോര്‍ത്തു പിടിച്ചുകൊണ്ടാണ്‌ മലയാളികളുടെ നേര്‍ക്ക്‌ കൊലവിളിയുമായി എത്തുന്നത്‌. മാനുഷികമായ ഒരു പ്രശ്‌നം വൈകാരികമായും കക്ഷിരാഷ്ട്രീയപരമായും കൈയ്യാളിയാല്‍ എന്തു സംഭവിക്കുമെന്നതിന്‌ ഉത്തമ ഉദാഹരണമായി മുല്ലപ്പെരിയാര്‍ മാറിക്കഴിഞ്ഞു. 

കേരളത്തിലെ 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവന്റെ പ്രശ്‌നമായി നാം ഉയര്‍ത്തിക്കാട്ടുമ്പോള്‍ തമിഴ്‌നാട്‌ ഉയര്‍ത്തിക്കാട്ടുന്നത്‌ അഞ്ചു ജില്ലകളിലായി പരന്നു കിടക്കുന്ന പതിനായിരക്കണക്കിന്‌ ഏക്കര്‍ കൃഷിയിടങ്ങളും, മനുഷ്യരുടേയും കന്നുകാലികളുടേയും കുടിവെള്ള പ്രശ്‌നമാണ്‌. അതുകൊണ്ടുതന്നെ അവര്‍ കൊലവിളിയുമായി രംഗത്തിറങ്ങി ഏതു വിധേനയും കേരളത്തെ ഈ പ്രശ്‌നത്തില്‍നിന്ന്‌ പിന്തിരിപ്പിക്കാന്‍ ശ്രമിശ്രമിച്ചുകൊണ്ടിരിക്കുന്നു. 

മലയാളി വ്യാപാരികളും കൃഷിക്കാരും സര്‍വ്വതും നഷ്ടപ്പെട്ട്‌ ദിനംപ്രതി കേരളത്തിലേക്ക്‌ പലായനം ചെയ്‌തു തുടങ്ങിയെങ്കിലും അവരുടെ സംരക്ഷണത്തിനോ പുനരധിവാസത്തിനോ കേരള സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന പരാതി നിലനില്‌ക്കുമ്പോള്‍ തന്നെ, തമിഴ്‌നാട്ടിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ്‌ പെരുവഴിയിലായിരിക്കുന്നത്‌. അവരുടെ നേരെയും കൊലവിളിയുമായി തമിഴ്‌ തീവ്രവാദ ഗ്രൂപ്പുകള്‍ നേരിടുന്നു. പക്ഷെ, കേരള സര്‍ക്കാര്‍ എന്തുകൊണ്ട്‌ സത്വര നടപടികള്‍ സ്വീകരിക്കുന്നില്ല   ജയലളിതക്ക്‌ കത്തയച്ച്‌ മറുപടിക്കായി കാത്തു നില്‍ക്കാതെ, ക്രിയാത്മകമായ പ്രവൃത്തിയാണ്‌ ഇവിടെ വേണ്ടത്‌. 

എന്തിനേയും അന്ധമായി വിശ്വസിക്കുന്ന തമിഴ്‌ ജനതയുടെ വൈകാരിക പ്രതികരണ രീതിയും സ്വഭാവ വിശേഷങ്ങളും നന്നായി അറിയാവുന്ന കേരള രാഷ്ട്രീയ നേതൃത്വം അവരെ പ്രകോപിപ്പിച്ചതാണ്‌ ഇപ്പോള്‍ ഈ കൊലവിളിക്ക്‌ മുഖ്യകാരണം. മുല്ലപ്പെരിയാറിലെ വെള്ളം തരാത്ത മലയാളികളെ തമിഴ്‌നാട്ടില്‍ വെച്ചു പൊറുപ്പിക്കില്ല എന്ന്‌ അവരെക്കൊണ്ട്‌ പറയിപ്പിച്ചത്‌ ആരാണെന്ന്‌ നാം ചിന്തിക്കണം. 

തമിഴ്‌നാട്ടില്‍ സ്ഥിരതാമസവും കച്ചവടസ്ഥാപനങ്ങളുമുള്ള മലയാളികളും, ഏകദേശം 120 മലയാളി സംഘടനകളും ഇപ്പോള്‍ കേരളത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌. കാരണം, അവര്‍ക്ക്‌ അവിടെ സമാധാനമായി ജീവിക്കണം. കേരളത്തില്‍ ജീവിക്കാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ്‌ തമിഴ്‌നാട്ടില്‍ മിക്കവരും അഭയം പ്രാപിച്ചിരിക്കുന്നത്‌. മുല്ലപ്പെരിയാറിന്റെ പേരില്‍ അവരുടെ സ്വത്തിനും ജീവനും ഭീഷണിയായാല്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടാകുന്നതിനേക്കാള്‍ ഭയാനകമായിരിക്കുമെന്ന്‌ അവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൊലവിളിയുമായി ഏതുനിമിഷവും വിടുതലൈ പുലികളും മറ്റു പ്രാദേശിക തീവ്രസ്വഭാവമുള്ള സംഘടനകളും അവര്‍ക്കു നേരെ ആഞ്ഞടിക്കും. 

അഭിഭാഷകര്‍ പോലും ആയുധങ്ങളുമായി കൊലവിളി നടത്തി പാഞ്ഞടുക്കുമ്പോള്‍ മലയാളികള്‍ക്ക്‌ നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. അവര്‍ക്ക്‌ സംരക്ഷണമായി നോക്കുകുത്തികളെപ്പോലെ ഏതാനും പോലീസുകാര്‍ മാത്രം. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‌ അനുകൂലമായി തീരുമാനമെടുക്കുമെന്ന മിഥ്യാബോധമാണ്‌ കേരളത്തിനുള്ളത്‌. ഒന്നുകില്‍ കേന്ദ്രത്തില്‍ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തി പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുക. അല്ലെങ്കില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിന്‌ തീരുമാനമാകുന്നതുവരെ കാത്തിരിക്കുക. അതോടൊപ്പം കേരളത്തില്‍ ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കസര്‍ത്തുകള്‍ നിര്‍ത്തി വെച്ച്‌ ജനങ്ങളെ ബോധവത്‌ക്കരിക്കുക. 

അണക്കെട്ട്‌ തകര്‍ന്നാലുണ്ടാകാവുന്ന ആഘാതം തടയുന്നതിനെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കാമെന്ന്‌ കേരളത്തിന്‌ ഉറപ്പുകൊടുത്ത പ്രധാനമന്ത്രി ആ ഉറപ്പ്‌ മരവിപ്പിച്ചതായി തമിഴ്‌നാട്‌ പൊതുമരാമത്തു വകുപ്പിനെ അറിയിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദര്‍ശനമാണ്‌ ഈ തീരുമാനത്തിനു വഴിയൊരുക്കിയത്‌. അവിടെയും കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നിലനില്‌പിനാണ്‌ പ്രാധാന്യം കൊടുത്തത്‌. ജയലളിതയും കരുണാനിധിയും വേണ്ടവിധത്തില്‍ പ്രധാനമന്ത്രിയെ കണ്ടതിന്റെ പ്രത്യുപകാരമാണ്‌ കേന്ദ്രത്തിന്റെ ഈ തീരുമാനം. 

കേരളത്തിലെ മന്ത്രിമാരും, എം.പി.മാരും. എം.എല്‍.എ.മാരും സത്യാഗ്രഹമിരുന്നതും ഉണ്ണാവൃതമിരുന്നതും വൃഥാവിലയായി. സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ദ്ധ സംഘം കേരളത്തിലെ ഉദ്യോഗസ്ഥരെ അവഗണിച്ചതും കൂടി കൂട്ടിവായിക്കുമ്പോള്‍ കേരളത്തിന്റെ ഒരാവശ്യവും പ്രായോഗികമാകുകയില്ല എന്നാണ്‌ മനസ്സിലാകുന്നത്‌. തന്നെയുമല്ല, വര്‍ഷങ്ങളായി കൂടംകുളം ആണവ നിലയത്തിനെതിരായി സമരം നടത്തുന്ന തമിഴ്‌നാടിനെ പ്രീണിപ്പിച്ച്‌ ഏതുവിധേനയും ആ പദ്ധതി നടപ്പിലാക്കേണ്ടതും കേന്ദ്രത്തിന്റെ അഭിമാനപ്രശ്‌നമാണ്‌. കേരളത്തിലെ മുപ്പതോ നാല്‌പതോ ലക്ഷം ജനങ്ങളുടെ ജീവന്‌ ആപത്തുവന്നാലും കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്ടങ്ങളുണ്ടായാലും റഷ്യ ഉപേക്ഷിച്ച ആണവ പദ്ധതി കൂടംകുളത്ത്‌ സ്ഥാപിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യമേ കേന്ദ്രത്തിനുള്ളൂ.

അയല്‍ക്കാരായ തമിഴ്‌നാടുമായി കേരളം ഒരു തുറന്ന ചര്‍ച്ചയ്‌ക്ക്‌ തയ്യാറായാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും രമ്യമായ പരിഹാരമാകും. അതിന്‌ കേന്ദ്രത്തിന്റേയോ സുപ്രീം കോടതിയുടെയോ മദ്ധ്യസ്ഥതയുടെ ആവശ്യമില്ല. തമിഴ്‌നാടുമായി സൗഹൃദപൂര്‍ണ്ണമായ സമീപനം കേരളത്തിന്‌ ഗുണമേ ചെയ്യൂ. രാഷ്ട്രീയമായി ഈ പ്രശ്‌നം കൈകാര്യം ചെയ്യാതെ കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ ഈ പ്രശ്‌നം സൗഹൃദപരമായി പരിഹരിക്കാവുന്നതേ ഉള്ളൂ. തമിഴ്‌നാട്ടുകാര്‍ മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ വെള്ളം ഉപയോഗിച്ച്‌ അവര്‍ ഉല്‌പാദിപ്പിക്കുന്ന ഉല്‌പന്നങ്ങളുടെ ഉപഭോക്താക്കള്‍ ഭൂരിഭാഗവും കേരളീയരാണെന്ന ബോധവും നമുക്കുണ്ടാകണം.

http://www.youtube.com/watch?v=YR12Z8f1Dh8



2011 ഡിസംബർ 11, ഞായറാഴ്‌ച

നഴ്‌സുമാരെ തല്ലാന്‍ കേരളത്തിലും ക്വട്ടേഷന്‍ സംഘം?

കൊച്ചിയിലെ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട്‌ സമരം ചെയ്‌ത നഴ്‌സുമാരെ ആശുപത്രി ജീവനക്കാരും ചില ഗുണ്ടകളും ചേര്‍ന്ന്‌ തല്ലിച്ചതച്ചെന്ന വാര്‍ത്ത ഞെട്ടലുളവാക്കി. സ്വന്തം സ്ഥാപനത്തില്‍ ആതുരശുശ്രൂഷകരായി സേവനം ചെയ്യുന്നവരെ ആക്രമിക്കുവാന്‍ ആശുപത്രി അധികൃതര്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുമെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം.

ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ടിക്കുന്ന നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പൊതുജനശ്രദ്ധയാകര്‍ഷിച്ചത്‌ ഡല്‍ഹിയിലെ സമരത്തില്‍ നിന്നാണ്‌. പിന്നീടത്‌ ഇന്ത്യയൊട്ടാകെ പ്രചരിക്കുകയും, അതില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ വിവിധ സംസ്ഥാനങ്ങളില്‍ നഴ്‌സുമാര്‍ തങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുവാന്‍ സമരമുറകളിലേക്ക്‌ തിരിയുകയുമായിരുന്നു.

കോളിളക്കം സൃഷ്ടിച്ച, മുംബൈ ഏഷ്യന്‍ ഹാര്‍ട്ട്‌ ആശുപത്രിയില്‍ ജോലി ചെയ്‌തിരുന്ന, തൊടുപുഴ സ്വദേശിനി ബീന എന്ന നഴ്‌സിന്റെ ആത്മഹത്യയില്‍ അധികൃതര്‍ പതറിയെങ്കിലും വീണ്ടും പഴയ രീതിയായ കൈയ്യേറ്റത്തിലേക്ക്‌ ആശുപത്രി അധികൃതര്‍ തിരിയുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ഇപ്പോള്‍ അമൃതയില്‍ സംഭവിച്ചത്‌. അടുത്ത കാലത്ത്‌ കൊല്ലത്തെ ശങ്കേഴ്‌സ്‌ ആശുപത്രിയിലും സമാന സംഭവം നടന്നിരുന്നു. അവിടെയും ക്വട്ടേഷന്‍ സംഘത്തെയാണ്‌ ആശുപത്രി അധികൃതര്‍ നിയോഗിച്ചത്‌. ആനുകൂല്ല്യങ്ങള്‍ക്കുവേണ്ടി പണിമുടക്കിയ നഴ്‌സുമാരെ പുറത്തുനിന്നെത്തിയ ഗുണ്ടാ സംഘം ആക്രമിക്കുകയും ഗര്‍ഭിണിയായ ഒരു സ്റ്റാഫ്‌ നഴ്‌സിന്‌ പരിക്കേല്‌ക്കുകയും ചെയ്‌തിരുന്നു.

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്ന ഏതാനും ആശുപത്രികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും അനുവദിച്ചു കൊടുക്കുന്നതുകൊണ്ട്‌ സ്ഥാപനത്തിന്‌ ദോഷമല്ല മറിച്ച്‌ യശസ്സ്‌ കൂടുകയേ ഉള്ളൂ എന്ന ബോധോദയമാണ്‌ അധികൃതരെ അതിന്‌ പ്രേരിപ്പിക്കുന്നത്‌. പക്ഷേ, നഴ്‌സുമാര്‍ അടിമകളാണെന്ന ധാരണയില്‍ അവരോട്‌ പ്രതികാരബുദ്ധിയോടെ പെരുമാറാനാണ്‌ ഭൂരിഭാഗം അധികൃതരും ശ്രമിക്കുന്നത്‌.

കഴിഞ്ഞ മാസം കടിഞ്ഞൂല്‍ പ്രസവത്തിന്‌ അഭിഷേക്‌ ബച്ചന്റെ ഭാര്യയും ബോളിവുഡ്‌ സുന്ദരിയുമായ ഐശ്വര്യ റായിയെ മുബൈയിലെ സെവന്‍സ്‌ഹില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ മുതലെടുത്ത്‌ അതേ ആശുപത്രിയില്‍ നാളുകളായി സമരം ചെയ്യുന്ന നഴ്‌സുമാര്‍ അവരുടെ സമര തന്ത്രം കൗശലപൂര്‍വ്വം വഴിതിരിച്ചുവിട്ട്‌ ആശുപത്രി അധികൃതരെ വട്ടം കറക്കി ആനുകൂല്ല്യങ്ങള്‍ നേടിയെടുത്തത്‌ വാര്‍ത്തയായിരുന്നു.

`ബിഗ്‌ ബി'യുടെ മരുമകളാണ്‌ കുഞ്ഞു `ബി'ക്ക്‌ ജന്മം നല്‍കാന്‍ ആശുപത്രിയില്‍ എത്തിയത്‌. അപ്പോള്‍ മാധ്യമപ്പട ആശുപത്രിയുടെ ചുറ്റും തമ്പടിക്കുമെന്നും നഴ്‌സുമാര്‍ കണക്കുകൂട്ടി. `എ' ആയാലും `ബി' ആയാലും തങ്ങളുടെ ജീവല്‍പ്രശ്‌നമാണ്‌ വലുതെന്ന്‌ അവരും തീരുമാനിച്ച്‌ സമരമുറ ആരംഭിച്ചപ്പോഴാണ്‌ ആശുപത്രി അധികൃതര്‍ക്ക്‌ കാര്യത്തിന്റെ ഗൗരവം മനസ്സിലായത്‌. നഴ്‌സുമാരുടെ സമര കോലാഹലം തത്സമയ സംപ്രേക്ഷണത്തിലൂടെ ലോകമൊട്ടാകെ അറിഞ്ഞാല്‍ നാണക്കേടാണെന്നും, ആശുപത്രിയുടെ നിലനില്‌പിനെത്തന്നെ അതു ബാധിക്കുമെന്നും കരുതിയതുകൊണ്ടാകാം നഴ്‌സുമാരുമായി അവര്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറായതും അവരുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയും ചെയ്‌തത്‌. സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‌കുക, ശമ്പളത്തോടെയുള്ള ഒരു മാസത്തെ അവധി, ശമ്പള വര്‍ദ്ധന എന്നിത്യാദി ആവശ്യങ്ങളെല്ലാം അംഗീകരിച്ചു. അതോടെ സെവന്‍സ്‌ഹില്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ രക്ഷപ്പെടുകയും ചെയ്‌തു.

നഴ്‌സുമാരെ ആക്രമിച്ച്‌ പരിക്കേല്‌പിക്കുകയും അവരെ ആക്രമിച്ച ഗുണ്ടകള്‍ തന്നെ അവരെ അതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, അവര്‍ക്ക്‌ ചികിത്സ നിഷേധിക്കുകയും ചെയ്‌തെങ്കില്‍ അത്‌ ന്യായീകരിക്കാവുന്നതല്ല. ഒരു നഴ്‌സിനെ കാണാതായെന്ന വാര്‍ത്തയാണ്‌ സമരക്കാരെ ഏറെ പരിഭ്രാന്തരാക്കിയത്‌. പോലീസില്‍ പരാതി കൊടുത്തതനുസരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ആ നഴ്‌സിനെ ആശുപത്രിയില്‍ തന്നെയുള്ള ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നതായി കൊച്ചി സിറ്റി പോലീസ്‌ അസിസ്റ്റന്റ്‌ കമ്മീഷണറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കണ്ടുപിടിച്ചു എന്ന്‌ കേള്‍ക്കുമ്പോള്‍ മനസ്സിലാകുന്നത്‌ തീര്‍ച്ചയായും ഈ സ്ഥാപനങ്ങളുടെയെല്ലാം നിയന്ത്രണവും സംരക്ഷണവും ക്വട്ടേഷന്‍ സംഘത്തിന്റേയോ മാഫിയാ സംഘത്തിന്റെയോ കൈകളിലാണെന്നതാണ്‌. കേരള-കേന്ദ്ര സര്‍ക്കാരുകളുടെ അന്വേഷണവും ഇത്തരുണത്തില്‍ അനിവാര്യമാണ്‌. അക്രമികളെ അറസ്റ്റു ചെയ്യുകയും അതോടൊപ്പം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌?കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കൊണ്ട്‌ അന്വേഷിപ്പിച്ച്‌ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.

ന്യൂഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം വലിച്ചുകീറുകയും പ്രകോപനപരമായ രീതിയില്‍ പ്രിന്‍സിപ്പല്‍ പെരുമാറുകയുമാണ്‌ ചെയ്‌തതെങ്കില്‍, അമൃതാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ}ട്ടില്‍ ഒരു നഴ്‌സിനെ മറ്റൊരു ജീവനക്കാരന്‍ മുറിയില്‍ പൂട്ടിയിട്ട്‌ മര്‍ദ്ദിക്കുകയാണ്‌ ചെയ്‌തത്‌. ഈ രണ്ടു സംഭവങ്ങളും താരതമ്യം ചെയ്യുമ്പോള്‍ തമ്മില്‍ ഭേദം രാം മനോഹര്‍ ലോഹ്യ ആശുപത്രി തന്നെ.

ഇത്രയെല്ലാം അക്രമങ്ങള്‍ കൊച്ചിയുടെ ഹൃദയഭാഗത്ത്‌ സംഭവിച്ചിട്ടും കോഴിക്ക്‌ മുലവരുന്നതും, റോഡില്‍ പാറ മുളച്ചതും, ആലിന്‌ വാലു കിളിര്‍ത്തതുമൊക്കെ എക്‌സ്‌ക്ലൂസീവ്‌ ആയി റിപ്പോര്‍ട്ട്‌ ചെയ്യുന്ന ചാനലുകാരും പത്ര മാധ്യമങ്ങളൊന്നും ഇതേക്കുറിച്ച്‌ കാര്യമായി റിപ്പോര്‍ട്ട്‌ ചെയ്‌തു കണ്ടില്ല. ഇങ്ങനെയുള്ള സംഭവങ്ങള്‍ സാമൂഹിക പ്രശ്‌നമായി കണ്ട്‌ വേണ്ടത്ര പ്രചരണം കൊടുത്തെങ്കിലേ ഭാവിയില്‍ ഇങ്ങനെയുള്ള അക്രമങ്ങക്ക്‌ തടയിടാനാകൂ.

`വിശ്വാസം, അതല്ലേ എല്ലാം......!!'




2011 ഡിസംബർ 3, ശനിയാഴ്‌ച

വാണിയനും വാണിയത്തിയും കളിക്കുന്ന കേരള സര്‍ക്കാര്‍

``മുല്ലപ്പെരിയാര്‍: എം.പി.മാര്‍ നാളെ മനുഷ്യാവകാശ കമ്മീഷനെ കാണും; മൂന്നാം കക്ഷിയെ ഏല്‌പിക്കുന്നതില്‍ വിരോധമില്ല-തിരുവഞ്ചൂര്‍; വിഷയം കോടതിക്കു പുറത്ത്‌ പരിഹരിക്കണമെന്ന്‌ എല്‍.ഡി.എഫ്‌; കേരള സര്‍ക്കാര്‍ ജനങ്ങളെ അക്രമത്തിന്‌ പ്രേരിപ്പിക്കുന്നു-വൈക്കോ; ഹൈക്കോടതി വിശദീകരണം തേടി; ഡിസംബര്‍ ആദ്യവാരം നിയമസഭ ചേരും; ജലനിരപ്പ്‌ കുറയ്‌ക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിലേക്ക്‌; `ഡാം 999 നിരോധനം'-സുപ്രീം കോടതിയില്‍ ഹര്‍ജി നല്‌കും; തമിഴ്‌ നാട്ടില്‍ നിന്നുള്ള എം.പി.മാര്‍ പ്രധാന മന്ത്രിയെ കണ്ടു; എല്‍.ഡി.എഫ്‌. മനുഷ്യ മതില്‍ തീര്‍ക്കും; റൂര്‍ക്കി ഐ.ഐ.ടി.യുമായി സര്‍ക്കാര്‍ നാളെ കരാറൊപ്പിടും; പാര്‍ലമെന്റിനു മുന്നില്‍ തമിഴ്‌നാട്‌ എം.പി.മാരുടെ പ്രതിഷേധം; ഇരു മുഖ്യമന്ത്രിമാരുമായും പ്രധാന മന്ത്രി ചര്‍ച്ചയ്‌ക്ക്‌; നിയമ സഭ ചേരണമെന്ന്‌ സി.പി.എം.; എന്തു വിലകൊടുത്തും പുതിയ ഡാം പണിയുമെന്ന്‌ മുഖ്യ മന്ത്രി; ലോക്‌ സഭയില്‍ അടിയന്തിര പ്രമേയത്തിന്‌ നോട്ടീസ്‌; കുമളിയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ചെക്‌പോസ്റ്റ്‌ ഉപരോധിച്ചു; പ്രത്യേക നിയമ സഭാ സമ്മേളനം വിളിക്കണമെന്ന്‌ പി.എം.കെ.; സുരക്ഷയ്‌ക്കായി കൈകോര്‍ക്കാം; നാലു ജില്ലകളിലും ഹര്‍ത്താല്‍ പൂര്‍ണ്ണം....''

മുല്ലപ്പെരിയാറിനെക്കുറിച്ച്‌ കഴിഞ്ഞ ആഴ്‌ച പുറത്തിറങ്ങിയ ഒരു പ്രമുഖ പത്രത്തിലെ മാത്രം ഒരു ദിവസത്തെ വാര്‍ത്തകള്‍ക്കനുബന്ധമായ തലക്കെട്ടുകളാണ്‌ മേല്‍ ഉദ്ധരിച്ചവ. മറ്റു പത്രങ്ങളില്‍ വന്നവ വേറെ. ഈ വാര്‍ത്തകളില്‍ നിന്ന്‌ സാധാരണക്കാരായ കേരളത്തിലെ ജനങ്ങള്‍ എന്തു മനസ്സിലാക്കി എന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേ ഉള്ളൂ. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഒരു ആഘോഷമായി കൊണ്ടാടുകയാണ്‌ ഇടതു-വലതു കക്ഷികളും മാധ്യമങ്ങളും.

ജനാധിപത്യത്തിന്റേയും പൗരാവകാശത്തിന്റേയും നെടും തൂണുകളായ മാധ്യമങ്ങളിലൂടെ, മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി കേരളത്തിലെ സര്‍വ്വ കക്ഷികള്‍ ചേര്‍ന്ന്‌ കാണിക്കുന്ന കപട നാടകം ഇന്ന്‌ ലോകം കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്‌. ഈ വാണിയനും വാണിയത്തിയും കളി തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകളായി. ഇ.എം.എസ്‌ മുതല്‍ ഉമ്മന്‍ചാണ്ടി വരെയെത്തിയ കളി ഇപ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ഒരു പ്രത്യേക സീസണില്‍ കേരളവും തമിഴ്‌നാടും മുല്ലപ്പെരിയാര്‍ പ്രശ്‌നമെടുത്തിട്ട്‌ ചില ചാനലുകാരുമായി ചങ്ങാത്തവും കൂടി ഒരു പ്രക്ഷോഭം സംഘടിപ്പിക്കും. അതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പലവ്യജ്ഞനങ്ങളും പച്ചക്കറികളും കയറ്റിവരുന്ന ചരക്കു വണ്ടികള്‍ അവര്‍ വഴിയില്‍ തടഞ്ഞിടും. ഉടനെ പ്രതിപക്ഷം രംഗത്തിറങ്ങും. അവരിറങ്ങിക്കഴിഞ്ഞയുടനെ മറ്റു പാര്‍ട്ടികളും രംഗത്തിറങ്ങും. പിന്നെ പൊടി പൂരം. പരസ്‌പരം പഴിചാരലും ആക്രോശങ്ങളും ബന്തും ഹര്‍ത്താലുമൊക്കെയായി പൊതുജനത്തെ വീര്‍പ്പു മുട്ടിക്കും. പൂഴ്‌ത്തിവെയ്‌പ്പുകാര്‍ ഈ തക്കം പാത്തിരുന്ന്‌ സാധനങ്ങളുടെ വില കൂട്ടുകയും ചെയ്യും. ഈ കോലാഹലങ്ങള്‍ക്കിടയില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം വെള്ളത്തില്‍ മുങ്ങിപ്പോകുകയും ചെയ്യും.

കേരളവും തമിഴ്‌നാടും തമ്മിലുള്ള ഈ ഒളിച്ചുകളി തുടങ്ങിയിട്ട്‌ ഏകദേശം 13 കൊല്ലമായി. മഴനിഴല്‍ പ്രദേശത്തില്‍പെട്ട തമിഴ്‌നാടിന്റെ അഞ്ചു ജില്ലകള്‍ക്ക്‌ വെള്ളവും വെളിച്ചവും ലഭ്യമാക്കണമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടാണ്‌ ആശ്രയം. പക്ഷേ, അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച്‌ പറയുമ്പോള്‍ അവര്‍ മലക്കം മറിയും. ഈ അണക്കെട്ട്‌ നിലനിന്നാലേ അവരുടെ ദേശത്ത്‌ പുല്ല്‌ കിളിര്‍ക്കൂ. അതുകൊണ്ട്‌ പുതിയൊരു അണക്കെട്ട്‌ ഉണ്ടാക്കി അതിലേക്ക്‌ മുല്ലപ്പെരിയാറിലെ വെള്ളം ഊറ്റിയെടുത്താല്‍ കേരളത്തിന്റെ അങ്കലാപ്പും മാറും തമിഴ്‌നാടിന്റെ ആവശ്യവും നടക്കും. പക്ഷേ, തമിഴ്‌നാട്‌ അതിനോട്‌ വിയോജിക്കുന്നു. കാരണം മറ്റൊന്നുമല്ല.

ഭൂമിശാസ്‌ത്രപരമായി പുതിയ അണക്കെട്ട്‌ കേരളത്തിനുള്ളിലായാല്‍ അതിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം കേരളത്തിനാകും. സ്വാഭാവികമായും അണക്കെട്ടിലെ വെള്ളത്തിന്റെ നിയന്ത്രണവും കേരളത്തിനാകും. എന്തു കരാര്‍ ഉണ്ടാക്കിയാലും ഭാവിയില്‍ ഭേദഗതി ചെയ്യില്ല എന്ന്‌ യാതൊരു ഉറപ്പുമില്ല. അങ്ങനെ സംഭവിച്ചാല്‍ ഇപ്പോള്‍ ചുളുവിലയില്‍ കിട്ടിക്കൊണ്ടിരിക്കുന്ന (ഏതാണ്‌ പത്തുലക്ഷത്തോളം രൂപ) വെള്ളത്തിന്‌ നല്ലൊരു തുക കേരളത്തിന്‌ കൊടുക്കേണ്ടിവരും. അതുകൊണ്ട്‌ കഴിവതും കേരളത്തിന്റെ ആവശ്യങ്ങളെ നിരാകരിക്കേണ്ടത്‌ തമിഴ്‌നാടിന്റെ ആവശ്യമാണ്‌.

തുടക്കത്തില്‍ കേരളം കാണിച്ച ശുഷ്‌കാന്തി കാലക്രമേണ മന്ദീഭവിച്ചത്‌ തമിഴ്‌നാടിനുവേണ്ടി കേരളത്തിലും തമിഴ്‌നാട്ടിലും ലോബികള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്ന്‌ നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ പച്ചക്കറി, പഴം, പാല്‍, മുട്ട ഉല്‌പാദകരില്‍ നിന്ന്‌ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കും ഏജന്റുമാര്‍ക്കും വന്‍ തുക കമ്മീഷനായി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന വാര്‍ത്തയും നേരത്തെ പുറത്തു വന്നതാണ്‌. കേരളത്തിലെ കൃഷിയിടങ്ങള്‍ തരിശുഭൂമിയാക്കി മാറ്റുകയോ, കാര്‍ഷിക വിളകള്‍ക്ക്‌ വിലങ്ങുതടിയായി ഉല്‌പാദനം കുറയ്‌ക്കുകയോ ചെയ്യുകയാണ്‌ ഈ ലോബികള്‍.

നീതി ലഭ്യമാക്കേണ്ട നീതിന്യായ കോടതികള്‍ വരെ സംശയത്തിന്റെ നിഴലിലാണ്‌. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഒരു ജലതര്‍ക്കമല്ല എന്ന്‌ സുപ്രീം കോടതിക്ക്‌ ബോദ്ധ്യപ്പെടാന്‍ എട്ടുകൊല്ലം വേണ്ടി വന്നു. ജലനിരപ്പ്‌ കുറയ്‌ക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ച്‌ ജലനിരപ്പ്‌ ഉയര്‍ത്തണമെന്നുള്ള തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട്‌ ഉത്തരവിറക്കിയതും ഈ സുപ്രീം കോടതി തന്നെ. ഇതുകൊണ്ടെല്ലാമാണ്‌ കേരളത്തില്‍ ജയരാജനെപ്പോലെയുള്ളവര്‍ കോടതിയേയും ജഡ്‌ജിമാരേയും  വെല്ലുവിളിക്കാന്‍ ധൈര്യം കാട്ടിയത്‌.

ഖജനാവിലെ പണം മുടക്കി നമ്മുടെ മന്ത്രിമാരും, എം.എല്‍.എ.മാരും, പ്രതിപക്ഷവുമൊക്കെ ഡല്‍ഹിക്ക്‌ പറന്നത്‌ വൃഥാവിലയായെന്ന്‌ ഇപ്പോള്‍ മനസ്സിലായി. അവയൊക്കെ വെറും പ്രഹസനങ്ങളായിരുന്നു എന്ന്‌ ജനങ്ങള്‍ക്ക്‌ ബോദ്ധ്യമായത്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ പ്രസ്‌താവന തന്നെ. അപ്പോഴും `വീണതു വിദ്യ'യെന്ന മട്ടിലാണ്‌ മന്ത്രിമാരുടെ പ്രതികരണം. ഇ.എം.എസ്സിന്റേയും അച്യുതമേനോന്റേയും ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭകള്‍ ചെയ്‌തുകൊണ്ടിരുന്നതും ചെയ്യുന്നതും ഒരേ കാര്യം തന്നെയാണ്‌.

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാലും കാര്യമായ അപകടമുണ്ടാകില്ലെന്നും ഇടുക്കി, ചെറുതോണി, കുളമാവ്‌ അണക്കെട്ടുകള്‍ക്ക്‌ ഈ വെള്ളം താങ്ങിനിര്‍ത്താന്‍ കഴിയുമെന്ന അഡ്വക്കേറ്റ്‌ ജനറലിന്റെ വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്പോള്‍ `ഇതൊക്കെ അപ്പച്ചന്റെയൊരു തമാശയല്ല്യോടാ...' എന്ന ഒരു പഴയ ഗാനത്തിന്റെ ഈരടികളാണ്‌ ഓര്‍മ്മ വരുന്നത്‌. അതായത്‌ കേരളത്തിന്റെ താല്‌പര്യത്തിനു വിരുദ്ധമായി എ.ജി. നടത്തിയ ഈ പരാമര്‍ശം സര്‍ക്കാറിലെ ചില നേതാക്കളുടെയെങ്കിലും അറിവോടെയാണെന്ന്‌ സാരം.

മുല്ലപ്പെരിയാറിന്റെ പേരില്‍ ജനങ്ങളില്‍ അപകടഭീതി പരത്തി മന്ത്രിമാര്‍ തെക്കോട്ടും വടക്കോട്ടും ഓടുകയും ഇന്ദ്രപ്രസ്ഥത്തില്‍ പോയി പട്ടിണി കിടന്നും കീജയ്‌ വിളിച്ചും, പോയതിനെക്കാള്‍ വേഗത്തില്‍ തിരിച്ചു വന്ന്‌ വീണ്ടും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുമ്പോള്‍ തമിഴ്‌നാട്ടിലാകട്ടേ ബന്ധപ്പെട്ടവരെ സ്വാധീനിച്ച്‌ തങ്ങളുടെ അവകാശവാദം ഒന്നുകൂടി ഉറപ്പിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ കേരള സര്‍ക്കാറിന്‌ അറിയാഞ്ഞിട്ടല്ല. അണക്കെട്ട്‌ നിലനിര്‍ത്താന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ കോടികളാണ്‌ ചിലവഴിക്കുന്നത്‌. ബന്ധപ്പെട്ടവരെ തങ്ങളുടെ വരുതിയിലാക്കാന്‍ അവര്‍ക്ക്‌ നല്ല കഴിവാണെന്ന്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താല്‌പര്യമെടുത്ത ചില നേതാക്കളെങ്കിലും സമ്മതിച്ചിട്ടുള്ളതാണ്‌.

അഡ്വക്കേറ്റ്‌ ജനറലായി ഒരാളെ നിയമിക്കുമ്പോള്‍ ആ വ്യക്തിയുടെ പൂര്‍വ്വകാല ചരിത്രവും ജോലിയിലുള്ള ആത്മാര്‍ത്ഥതയും കൃത്യനിഷ്‌ഠയും നിയമ പരിജ്ഞാനവുമൊക്കെ അന്വേഷിച്ചതിനുശേഷമാകണമെന്ന സാമാന്യ ബുദ്ധിപോലും നമ്മുടെ കേരള സര്‍ക്കാറിനില്ലാതെ പോയതാണ്‌ കോടതികളുടെ രൂക്ഷവിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ കേള്‍ക്കേണ്ടി വരുന്നത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനുവേണ്ടി കേസ്‌ വാദിച്ച വ്യക്തിയെയാണ്‌ കേരള സര്‍ക്കാര്‍ അഡ്വക്കേറ്റ്‌ ജനറലായി നിയമിച്ചിരിക്കുന്നത്‌ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ കേരള മന്ത്രിസഭ നയിക്കുന്നത്‌ മന്ദബുദ്ധികളാണോ എന്നു സംശയിച്ചു പോകുന്നു. താനല്ല തന്റെ ഭാര്യയാണ്‌ തമിഴ്‌നാടിനുവേണ്ടി വക്കാലത്ത്‌ ഒപ്പിട്ടതെന്ന ന്യായം പറഞ്ഞ്‌ ഇപ്പോള്‍ സ്വയം ന്യായീകരിക്കുകയാണ്‌ എ.ജി. ദണ്ഡപാണി.

ഒരുവശത്ത്‌ രാഷ്ട്രീയക്കാര്‍ കോമരം തുള്ളുമ്പോള്‍ മറുവശത്ത്‌ ചാനലുകാര്‍ യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച്‌ ജനങ്ങളെ വിരട്ടിയും പരിഭ്രാന്തി സൃഷ്ടിച്ചും അശനിപാതങ്ങളാകുകയാണ്‌. ഇതിലും എത്രയോ ഭേദമാണ്‌ ഭൂകമ്പം !




2011 നവംബർ 23, ബുധനാഴ്‌ച

ഭാരതീയര്‍ ഇപ്പോഴും സായിപ്പിന്‌ അടിമകളോ?

ഇക്കഴിഞ്ഞ സെപ്‌തംബര്‍ 29-ന്‌ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിനെ ന്യൂയോര്‍ക്ക്‌ ജെ.ഫ്‌.കെ. വിമാനത്താവളത്തില്‍ വെച്ച്‌ ദേഹപരിശോധന നടത്തി അപമാനിച്ച സംഭവം അപലപനീയവും ലജ്ജാകരവുമാണ്‌.

ഈ വിവരം പുറം ലോകം അറിയുന്നത്‌ വൈകിയാണ്‌. അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും അമേരിക്കയില്‍ കൊടികുത്തിവാഴുന്ന ഇന്ത്യന്‍ സംഘടനകളോ ഇന്ത്യന്‍ നേതാക്കളോ അതിനെതിരെ പ്രതികരിക്കാനോ പ്രതിഷേധക്കുറിപ്പുകളിറക്കാനോതുനിയാതിരുന്നത്‌ തീര്‍ത്തും അപഹാസ്യമായിപ്പോയി.

2009 ഏപ്രില്‍ 21-ന്‌ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചും അദ്ദേഹത്തിന്‌ ഈ അപമാനം സഹിക്കേണ്ടി വന്നിട്ടുണ്ട്‌. അന്ന്‌ അമേരിക്കയുടെ തന്നെ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥരാണ്‌ കലാമിന്റെ ദേഹപരിശോധന നടത്തിയത്‌. മുന്‍ രാഷ്ട്രപതിയെന്ന നിലയില്‍ ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിയമപ്രകാരം ദേഹപരിശോധനയില്‍ നിന്ന്‌ അദ്ദേഹത്തെ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നിരിക്കെയാണ്‌ ഈ പരിശോധന. ഇന്ത്യാ ഗവണ്മെന്റിന്റിന്റെ എതിര്‍പ്പ്‌ ശക്തമായപ്പോള്‍ മാപ്പെഴുതിക്കൊടുത്ത്‌ അമേരിക്ക അന്ന്‌ തടിയൂരി. ഭാരത മണ്ണില്‍ വെച്ച്‌ ഒരു മുന്‍ രാഷ്ടപതിയെയാണ്‌ അമേരിക്ക അപമാനിച്ചതെന്നോര്‍ക്കണം. ഇപ്പോള്‍ അമേരിക്കയില്‍ വെച്ച്‌ അദ്ദേഹത്തെ വീണ്ടും അപമാനിച്ചിരിക്കുന്നു.

സുരക്ഷാ പരിശോധന കഴിഞ്ഞ്‌ വിമാനത്തില്‍ കയറിയ ഒരു യാത്രക്കാരന്റെ തുണിയഴിച്ചുള്ള പരിശോധന സാധാരണ നടത്താറില്ല. പക്ഷെ, ഇവിടെ സംഭവിച്ചത്‌ സുരക്ഷാ പരിശോധന കഴിഞ്ഞ്‌ വിമാനത്തിനകത്ത്‌ കയറിയിരുന്ന കലാമിനെ രണ്ട്‌ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിമാനത്തിലെത്തി വീണ്ടും പരിശോധന നടത്തി എന്നതാണ്‌. അദ്ദേഹം മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയാണെന്ന്‌ ഇന്ത്യന്‍  ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അതു വക വെക്കാതെ കലാമിന്റെ കോട്ടും ഷൂസും ഊരി വാങ്ങിക്കൊണ്ടുപോയി വീണ്ടും പരിശോധന നടത്തുകയായിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്റുമാര്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അവരെ ഇതുപോലെ ചെയ്‌താല്‍ എന്തായിരിക്കും അവസ്ഥ എന്നുകൂടി ഇത്തരുണത്തില്‍ ഓര്‍ക്കണം.

ഇന്ത്യന്‍ വിസാ ചട്ടലംഘനം നടത്തിയ ഒരു അമേരിക്കന്‍ പൗരനെ കേരള പോലീസ്‌ അറസ്റ്റു ചെയ്യാനെത്തിയപ്പോള്‍ രക്ഷപ്പെടാനുള്ള സൗകര്യം ചെയ്‌തുകൊടുത്തതും, ഒടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ ജയിലില്‍ പോകാതിരിക്കാനുള്ള തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത്‌ അയാളെ രക്ഷിച്ചതും നമ്മുടെ കേരളത്തിലായിരുന്നു. ഒടുവില്‍ അമേരിക്കയിലേക്ക്‌ തിരിച്ചുവന്ന്‌ അയാള്‍ പത്രസമ്മേളനം നടത്തി `ഇന്ത്യക്കാരെ പറ്റിച്ചേ.....' എന്നു വിളിച്ചുകൂവിയതും എല്ലാവരും കണ്ടതാണ്‌. ഒരു ഇന്ത്യന്‍ പൗരന്‌ അമേരിക്കയിലാണ്‌ ഇതു സംഭവിച്ചിരുന്നെങ്കിലോ? ഏതെങ്കിലും അമേരിക്കക്കാരന്‍ സഹായിക്കുമോ അയാളെ തീവ്രവാദിയായി മുദ്ര കുത്തി ഒരു നൂറ്റമ്പതു വര്‍ഷമെങ്കിലും ജയിലിലടച്ചേനെ.ഈ അമേരിക്കക്കാരനു വേണ്ടി ചില സംഘടനകള്‍ രംഗത്തുവരികയും പത്രപ്രസ്‌താവനകളും പ്രതിഷേധക്കുറിപ്പുകളുമായി കോലാഹലം സൃഷ്ടിച്ചതും ആരും മറന്നിട്ടില്ല.

ഭാരതത്തിന്റെ അഭിമാനമായ ഒരു മുന്‍ പ്രസിഡന്റിനെ ഇന്ത്യന്‍ സംഘടനകളുടെ ഈറ്റില്ലമായ ന്യൂയോര്‍ക്കില്‍ വെച്ച്‌ അപമാനിക്കപ്പെട്ടിട്ടും ഒരൊറ്റ സംഘടനകളോ നേതാക്കളോ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്‌തില്ല എന്നു കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. നാഴികക്ക്‌ നാല്‌പതുവട്ടം വിമാനത്താവളങ്ങളില്‍ ബൊക്കെയും പൂമാലയുമൊക്കെയായി മന്ത്രിപുംഗവന്മാരുടെയും ആത്മീയനേതാക്കളുടേയും വരവും കാത്ത്‌ നില്‌ക്കുന്ന നേതാക്കളെവിടെ പ്പോയി അതോ ഈ വക കാര്യങ്ങളില്‍ പ്രതികരിച്ച്‌ സായിപ്പിന്റെ അതൃപ്‌തി നേടിയാല്‍ ഉള്ള കഞ്ഞികുടിയും മുട്ടുമോ എന്ന പേടിയാണോ അവരെ നിസ്സംഗതരാക്കിയത്‌?

എന്തുകൊണ്ടാണ്‌ എ.പി.ജെ. അബ്ദുല്‍ കലാമിനെ തുടര്‍ച്ചയായി അമേരിക്കന്‍ ഭരണാധികാരികള്‍ അപഹാസ്യനാക്കുന്നതെന്ന്‌ ചിന്തിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ. 9/11നു ശേഷം അമേരിക്ക മുസ്ലീം പേരുള്ളവരെ സംശയത്തിന്റെ നിഴലിലാണ്‌ നിര്‍ത്തിയിരിക്കുന്നതെന്നതാണ്‌ സത്യം. 9/11നു മുന്‍പ്‌ പല പ്രാവശ്യം അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ള മമ്മൂട്ടിയെ ജെ.എഫ്‌.കെ.യില്‍ തടഞ്ഞുവെച്ചതും, ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാനെ ന്യൂവാര്‍ക്ക്‌ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതും ഈ പശ്ചാത്തലത്തിലാണ്‌.

അമേരിക്കയിലേക്ക്‌ അനേക തവണ യാത്ര ചെയ്‌തിട്ടുള്ള മമ്മൂട്ടിയെ ജെ.എഫ്‌.കെ.യില്‍ തടഞ്ഞുവെച്ചതിന്റെ മുഖ്യ കാരണം പാസ്‌പോര്‍ട്ടിലെ അദ്ദേഹത്തിന്റെ പേര്‌ തന്നെയാണ്‌. `മുഹമ്മദുകുട്ടി ഇസ്‌മയില്‍ പാണാപ്പറമ്പില്‍' എന്ന പേരില്‍ മുസ്ലീമിന്റെ മണമുണ്ട്‌. ഷാരൂഖ്‌ ഖാന്റെ പേരാകട്ടേ `ഷാ രുഖ്‌ ഖാന്‍' എന്നും. അതില്‍ ഖാന്‍ ആണ്‌ അദ്ദേഹത്തിനു വിനയായത്‌. ഖാന്‍ എന്ന പേരുകാര്‍ തീവ്രവാദികളല്ല എന്ന സന്ദേശം നല്‌കുന്ന `മൈ നെയിം ഈസ്‌ ഖാന്‍' എന്ന സിനിമയുടെ പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാനാണ്‌ അദ്ദേഹം അമേരിക്കയിലെത്തിയത്‌. തന്നെയുമല്ല, ഈ സിനിമയുടെ ഭൂരിഭാഗവും അമേരിക്കയിലാണ്‌ നിര്‍മ്മിച്ചതെന്നാണ്‌ രസകരം.

`ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക്‌ എതിരല്ല, മുസ്ലീങ്ങളെല്ലാം തീവ്രവാദികളല്ല' എന്നൊക്കെ സായിപ്പന്മാര്‍ ഗീര്‍വാണം മുഴക്കാറുണ്ടെങ്കിലും, ഉള്ളിന്റെയുള്ളില്‍ മുസ്ലീം വിരോധമുണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവാണ്‌ മേല്‍ വിവരിച്ച സംഭവങ്ങള്‍. തീര്‍ന്നില്ല, തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമലഹാസനും അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ തുണിയഴിക്കേണ്ടി വന്നിട്ടുണ്ട്‌. പേരില്‍ ചെറിയൊരു മാറ്റം വരുത്തിയതാണ്‌ അദ്ദേഹത്തിനു വിനയായത്‌. കമലഹാസന്‍ എന്ന പേര്‌ കമല്‍ ഹസന്‍ എന്നാക്കിയപ്പോള്‍ കമാല്‍ ആദ്യത്തെ പേരും (First Name) ഹസ്സന്‍ അവസാനത്തെ പേരും(Last Name) ആണെന്ന്‌ അമേരിക്കയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.ഹസ്സനില്‍ ഒരു മുസ്ലീം ഒളിഞ്ഞിരിപ്പില്ലേ എന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ തോന്നി. ആധുനിക സാങ്കേതിക വിദ്യകളെല്ലാമുണ്ടെങ്കിലും അമേരിക്കയില്‍ ഭൂരിഭാഗം പേര്‍ക്കും സാമാന്യ ബുദ്ധിപോലുമില്ല എന്ന്‌ അവരുടെതന്നെ ചില പ്രവൃത്തികള്‍ കാണുമ്പോള്‍ തോന്നാറുണ്ട്‌.

ഇത്തരുണത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു സംഭവമാണ്‌ ഓര്‍മ്മ വരുന്നത്‌.?അടുത്ത കാലം വരെ മുസ്ലീങ്ങളോട്‌ സൗഹൃദം പുലര്‍ത്തുകയും, അവരുടെ അത്താഴ വിരുന്നുകളില്‍ സംബന്ധിക്കുകയും, പള്ളികള്‍ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്ന അമേരിക്കയിലെ ഒരു കോണ്‍ഗ്രസ്സ്‌മാന്‍, ഒരു സുപ്രഭാതത്തില്‍ മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്നും, അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും മറ്റു രാജ്യങ്ങളിലുമുള്ള അല്‍-ക്വയ്‌ദ പ്രവര്‍ത്തകരെ അമേരിക്ക ഉന്മൂലനാശം ചെയ്‌തുകൊണ്ടിരിക്കുന്നതുകൊണ്ട്‌ അവരിപ്പോള്‍ അമേരിക്കയിലെ മുസ്ലീങ്ങളുടെ ഒത്താശയോടെ അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, അതുകൊണ്ട്‌ അമേരിക്കയിലുള്ള എല്ലാ മുസ്ലീങ്ങളേയും സംശയിക്കണമെന്നുമുള്ള ആരോപണവുമായി മുന്നോട്ടു വന്നത്‌ മുസ്ലീം സമുദായത്തെയാകെ അലോസരപ്പെടുത്തിയിരുന്നു. 9/11ന്റെ പേരു പറഞ്ഞ്‌ ഒരു സമുദായത്തെ മുഴുവന്‍ ഭീകരവദികളായി മുദ്രകുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം അമേരിക്കയിലെ മുസ്ലീം മതവിശ്വാസികളില്‍ ഏറെ അങ്കലാപ്പ്‌ സൃഷ്ടിച്ചിരുന്നു.

സ്വാര്‍ത്ഥ താല്‌പര്യങ്ങള്‍ക്കു വേണ്ടി വിവേകശൂന്യമായ നിലപാടുകളിലൂടെ മുസ്ലീങ്ങള്‍ക്കെതിരെയും മുസ്ലീം പ്രസ്ഥാനങ്ങള്‍ക്കെതിരേയും വ്യാപകവും സംഘടിതവുമായ ആക്ഷേപങ്ങളും ആരോപണങ്ങളും അഴിച്ചുവിടാനുള്ള ഒരു കുത്സിത ശ്രമമായിരുന്നോ അതെന്നും സംശയിച്ചിരുന്നു. കോണ്‍ഗ്രസ്സ്‌മാന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ മലയാളികളടക്കം ചില ഇന്ത്യന്‍ സംഘടനകളുടെ നേതാക്കളും തോളുരുമ്മി നിന്ന്‌ മുസ്ലീങ്ങള്‍ക്കെതിരായി ചില പ്രസ്ഥാവനകളിറക്കി സായിപ്പിന്റെ കൈയ്യടി വാങ്ങുകയും ചെയ്‌തു. എന്നാല്‍, എ.പി.ജെ. അബ്ദുല്‍കലാമിനെ സായിപ്പന്മാര്‍ അപമാനിച്ചപ്പോള്‍ ഈ നേതാക്കളുടെ പൊടിപോലും എങ്ങും കണ്ടില്ല. ഒരൊറ്റ ഇന്ത്യന്‍ സംഘടനകളോ നേതാക്കളോ പ്രതിഷേധിക്കാനോ പത്രപ്രസ്‌താവനകളിറക്കാനോ മിനക്കെട്ടതുമില്ല.അവിടെയാണ്‌ ഇന്ത്യന്‍ നേതാക്കളുടെ ഇരട്ടത്താപ്പ്‌ പുറത്തു വരുന്നത്‌.

തങ്ങളുടെ മാതൃരാജ്യവും ആ രാജ്യത്തെ ജനങ്ങളും സായിപ്പിനാല്‍ അപമാനിതരായാലും തങ്ങള്‍ സായിപ്പിന്റെ പാദസേവകരായി തുടരും എന്ന അമേരിക്കയിലെ ഇന്ത്യന്‍ സംഘടനാ നേതാക്കളേയും സായിപ്പ്‌ തള്ളിപ്പറയുന്ന കാലം വിദൂരമല്ല.

സായിപ്പിന്റെ അടിമകളായിക്കഴിഞ്ഞ ഭാരതീയര്‍ക്ക്‌ സ്വാതന്ത്ര്യം കിട്ടിയിട്ടും നായയുടെ വാലുപോലെയായത്‌ ലജ്ജാകരം തന്നെ. സായിപ്പ്‌ എന്തു പറഞ്ഞാലും `യാ യാ' പറഞ്ഞ്‌ കൂടെക്കൂടാനാണെങ്കില്‍ അനേകം പേരെ കാണാം. ഭാരതീയരുടെ, അല്ലെങ്കില്‍ ഭാരതത്തില്‍ ജന്മം കൊണ്ടവരുടെ ഈ അടിമത്ത മനോഭാവം എന്നെങ്കിലും അവസാനിക്കുമോ?




2011 നവംബർ 13, ഞായറാഴ്‌ച

പാരകള്‍ പാനലുകളാകുമ്പോള്‍

വളുരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും വളരാതെ പിളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങളാണ് അമേരിക്കയിലെപല മലയാളി സംഘടനകളുംഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.അഭിപ്രായവ്യത്യാസങ്ങളോ പടലപ്പിണക്കങ്ങളോ മൂലം സംഘടനകള്‍ പിളരുമ്പോള്‍ അതുമൂലം മറ്റുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കോ അതുവരെ സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചവരുടെ മാനസിക സംഘര്‍ഷങ്ങളോ ഒന്നും പിളര്‍ത്തുന്നവര്‍അറിയുന്നില്ല. ഈ പിളര്‍ത്തല്‍ നാടകം അമേരിക്കയിലുടനീളം ഒരു സാംക്രമികരോഗം പോലെ പടര്‍ന്നു പിടിക്കുന്നതോടൊപ്പം,നാലുപേര്‍ക്ക്ഒരു സംഘടന എന്ന നിലയിലേക്ക് തരംതാഴ്ന്നുപോകുകയും ചെയ്യുന്നു.നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ പാര പണിത് ഏതുവിധേനയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് തമ്മില്‍തല്ലിക്കുന്ന പ്രവണതയും ഏറിവരുന്നു.
സംഘടനകള്‍ പിളരുന്നത് ഒരു പരിധിവരെ നല്ലതു തന്നെ. കാരണം, മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്നതിന് മത്സരബുദ്ധി ആവശ്യമാണ്. ബുദ്ധിയില്ലെങ്കില്‍ പിന്നെ മത്സരിച്ചിട്ടെന്തുകാര്യം? എല്ലാ സംഘടനകളിലും ഭാരവാഹികളേക്കാള്‍ കൂടുതല്‍ പാരവാഹികളാകുന്നതാണ് ഏറെ അപകടകരം.അവരാണ് യഥാര്‍ത്ഥ പ്രശ്‌നക്കാര്‍. യാതൊരു സാമൂഹികപ്രതിബദ്ധതയുമില്ലാത്ത ഇക്കൂട്ടര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടായിരിക്കുകയില്ലെന്നു മാത്രമല്ല, നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം പ്രശ്‌നങ്ങളുണ്ടാക്കുക എന്നതായിരിക്കും മുഖ്യലക്ഷ്യവും. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍പോലും സംഘടനകള്‍ പിളര്‍ത്തുന്നവരുണ്ട്.
സാമാന്യം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പല സംഘടനകളും കാലക്രമേണ വിവാദക്കുരുക്കു കളില്‍പ്പെട്ട് ഭിന്നിക്കുന്ന കാഴ്ച ഇന്ന് അമേരിക്കയില്‍ നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണ്. നാലു പാരകള്‍ ചേര്‍ന്ന് ഒരു പാനലുണ്ടാക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്യുമ്പോള്‍ അതുവരെ ആ സംഘടനയുടെ വളര്‍ച്ചക്ക് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ പുറത്താകുന്നു. അസൂയയും കുശുമ്പും കുത്തിനിറച്ച് പുഴുക്കുത്തേറ്റ മനസ്സുമായി നടക്കുന്നപാരകളാകട്ടെ അവരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ നിര്‍ദ്ദാക്ഷിണ്യം തമസ്‌ക്കരിക്കുകയും ചെയ്യുന്നു.ഞാനല്ലാതെ മറ്റൊരു തമ്പുരാന്‍ നിനക്കുണ്ടാകരുതെന്ന കല്പനയുമായി ഇറങ്ങിത്തിരിക്കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്തവരെ ഏതുവിധേനയും സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുകയും ചെയ്യുന്നു.
മറ്റൊരു കൂട്ടരാകട്ടേ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച് പത്രങ്ങളില്‍ പടവും വാര്‍ത്തയും വന്ന് അല്പം പേരും പെരുമയും നേടിക്കഴിയുമ്പോള്‍ സാമുദായിക പരിവേഷമണിഞ്ഞ് ആധ്യാത്മികതയിലേക്ക് തിരിയുന്നു. മതസംഘടനകളില്‍ ചേരുകയൊ പുതിയതായി ഒന്ന് തട്ടിക്കൂട്ടുകയോ ചെയ്ത് തന്റെ പ്രവര്‍ത്തനങ്ങളുടെസിംഹഭാഗവും അതിനുവേണ്ടി ചിലവഴിക്കുന്നു. കേരളത്തില്‍നിന്നു വരുന്ന ആത്മീയഗുരുക്കളുടേയും സമുദായ നേതാക്കളുടേയും കൂടെ നടന്ന് വാര്‍ത്തകള്‍ സൃഷ്ടിച്ച് അവരും സായൂജ്യമടയുന്നു.അധികം താമസിയാതെ അവിടെയും പാരപണിത് അവര്‍ പുതിയ മേച്ചില്‍ സ്ഥലം തേടി പോകുകയും ചെയ്യുന്നു.
വെണ്‍കൊറ്റക്കുടകളായി പരിലസിക്കുന്ന സംഘടനകളില്‍നിന്ന് വേറിട്ട് ചിലര്‍ ജില്ലാടിസ്ഥാനത്തില്‍ സംഘടന രൂപീകരിക്കുന്നു. അവിടെനിന്ന് പഞ്ചായത്ത്, ഗ്രാമം, പട്ടണം, വാര്‍ഡ് എന്നിത്യാദികളിലേക്ക് ചുരുങ്ങി ചുരുങ്ങി അവസാനം കുടുംബക്കൂട്ടായ്മയിലേക്ക് ഒതുങ്ങുന്നു. പിന്നെ പരസ്പരം പഴിചാരലിലും ആരോപണപ്രത്യാരോപണങ്ങളിലേക്കും പോര്‍വിളികളിലേക്കും ദ്വന്ദയുദ്ധങ്ങളിലേക്കും കാര്യങ്ങള്‍ നീങ്ങുന്നു. ചില തന്ത്രശാലികളാകട്ടേ തങ്ങള്‍ക്കും തങ്ങളുടെ ആജ്ഞാനുവര്‍ത്തികള്‍ക്കും സ്ഥിരമായി ഭരിക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ ഭരണഘടനവരെ മാറ്റിയെഴുതുന്ന സംഭവങ്ങളുമുണ്ട്.ഈ പ്രാദേശിക സംഘടനകളാകട്ടേ കേരളത്തിന്റെ സമഗ്രവികസനത്തിനു പകരം അവരുടെ ദേശത്തിന്റെ വികസനത്തിനുമാത്രം മുന്‍തൂക്കം നല്‍കി പ്രവര്‍ത്തനങ്ങളാരംഭിക്കുന്നു. തദ്ദേശവാസികളുടെ ക്ഷേമവും വികസനവും മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദൂരഭാവിയില്‍ ഏറെ ദോഷം ചെയ്യും.

ബ്രിട്ടീഷുകാര്‍ക്കെതിരെ സുഭാഷ് ചന്ദ്രബോസിനോടൊപ്പം പ്രവര്‍ത്തിച്ച് ഹിറ്റ്‌ലറെ നേരിട്ടു കണ്ട് സംസാരിച്ച് ഉടമ്പടി ഉണ്ടാക്കിയ മലയാളിയായ ചെമ്പക രാമന്‍ പിള്ളയെപ്പോലും അംഗീകരിക്കാത്തവരാണ് മലയാളികള്‍. നമ്മുടെ നാട്ടില്‍ നിന്നുയരുന്നവരെ അഭിനന്ദിക്കാനും ആരാധിക്കാനും കഴിയാത്തമട്ടില്‍ അസൂയയില്‍ കഴുത്തറ്റംവരെ മുങ്ങിനില്ക്കുന്ന ഒരു വംശമാണ് മലയാളികള്‍. ആരാധിക്കാനും അംഗീകരിക്കാനും വയ്യെന്നേയുള്ളൂ. സ്വന്തം നാട്ടുകാരനെ ഇടിച്ചു താഴ്ത്താന്‍ അങ്ങേയറ്റം ഉത്സാഹമാണ് മലയാളിക്ക്. പ്രത്യേകിച്ച് പാരകളായി പ്രവര്‍ത്തിക്കുന്നവര്‍ക്ക്. സ്വന്തം ആളുകളെ ഇത്രകണ്ട് നിന്ദിക്കാനുള്ള ഈ ദുര്‍വാസന മലയാളികള്‍ക്കെങ്ങനെ കൈവന്നു? കേരളമുണ്ടാക്കിയെന്നു പറയുന്ന പരശുരാമന്‍തന്നെ ഒരു മാതൃഘാതകനാണ് എന്നതില്‍ നിന്നാണോ ഈ വൃത്തികെട്ട വാസനയുടെ തുടക്കം? സ്‌നേഹിക്കേണ്ടവര്‍ക്കെതിരെ മഴുവെടുക്കാന്‍ നമ്മള്‍ തയ്യാറാകുന്നത് അതുകൊണ്ടാണോ? അന്വേഷിക്കേണ്ട വിഷയമാണ്.
മലയാളിയുടെ ഈ വിചിത്ര സ്വഭാവത്തെ ഉദ്ധരിച്ച് പണ്ട്രാജീവ് ഗാന്ധി പറഞ്ഞകാര്യമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഈ കഥ പറയുന്നത്. എന്തോ ശാസ്ത്രഗവേഷണത്തിനുവേണ്ടി ഒരു അമേരിക്കന്‍ കമ്പനി ജീവനുള്ള ആയിരക്കണക്കിനു ഞണ്ടുകള്‍ക്ക് കേരളത്തിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഓര്‍ഡര്‍ കൊടുത്തു. ഒരു കണ്ടെയ്‌നര്‍ നിറയെ ജീവനുള്ള ഞണ്ടുകളുമായി ഒരു കപ്പല്‍ കേരളത്തില്‍നിന്ന് യാത്രയായി. അമേരിക്കയിലെത്തിയപ്പോഴാണ് അത്ഭുതകരമായ ഒരു കാര്യം ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചത്.
ഞണ്ടുകളെ കയറ്റിയ കണ്ടെയ്‌നര്‍ അടച്ചിരുന്നില്ല. പക്ഷേ, ഒരു ഞണ്ടുപോലും അതില്‍നിന്ന് പുറത്തു ചാടിയിരുന്നുമില്ല. ഞണ്ടുകളെ സൂക്ഷ്മനിരീക്ഷണം നടത്തിയപ്പോഴാണ് അവര്‍ക്ക് ഒരു രഹസ്യം പിടികിട്ടിയത്. ഏതെങ്കിലും ഒരു ഞണ്ട് അള്ളിപ്പിടിച്ച് കയറിയാല്‍ മറ്റേ ഞണ്ടുകളെല്ലാംകൂടി അതിന്റെ കാലില്‍ പിടിച്ച് വലിച്ചു താഴത്തിടും. കേരളത്തിന്റെ തീരത്തെ ഞണ്ടുകള്‍ക്കു മാത്രമാണത്രേ ഈ പ്രത്യേകത. ഏതാണ്ട്ഇതേ സ്വഭാവമാണ് ഒരു വിഭാഗം മലയാളികള്‍ക്കും കിട്ടിയിരിക്കുന്നത്.സ്വന്തം ആള്‍ക്കാരെ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാവാത്ത, നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ പാരപണിയുന്ന വിചിത്ര സ്വഭാവം മലയാളിക്കുണ്ടെന്നു സമ്മതിക്കാതെ വയ്യ.




2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

നീതിയുടെ വെള്ളിവെളിച്ചം

മനുഷ്യജീവനും ജീവിതത്തിനും മാരകമായ ഭീഷണിയായിത്തീര്‍ന്നെന്ന് അസന്നിഗ്ധമായി തെളിഞ്ഞ എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷമായ കീടനാശിനി ഇന്ത്യയില്‍ നിരോധിക്കണമെന്ന് 2011 ഏപ്രിലില്‍ ജനീവയില്‍ നടന്ന അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ ആവശ്യപ്പെടണമെമെന്ന ആവശ്യവുമായി അന്നത്തെ ഇടതുസര്‍ക്കാര്‍ പ്രതിനിധി സംഘം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നിവേദനം സമര്‍പ്പിച്ചെങ്കിലും, അദ്ദേഹത്തിന്റെ പ്രതികരണം തികച്ചും നിരാശാജനകമായിരുന്നു. പക്ഷേ, ഇപ്പോള്‍ സുപ്രീം കോടതി വിധി യു.ഡി.എഫിനേറ്റ പ്രഹരവും എല്‍.ഡി.എഫിന് കിട്ടിയ അംഗീകാരവുമായി.

അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘം കേന്ദ്രത്തിനു സമര്‍പ്പിച്ച നിവേദനത്തിന് ഘടകവിരുദ്ധമായാണ് ജനീവയില്‍ ഇന്ത്യന്‍ പ്രതിനിധികളെടുത്ത നിലപാട്.എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കീടനാശിനി ഉല്പാദക കമ്പനികളുടെ സമ്മര്‍ദ്ദത്തനു വഴങ്ങി ജനങ്ങളുടെയും രാജ്യത്തിന്റേയും താല്പര്യങ്ങള്‍ക്ക് പരിഗണന നല്‍കാത്ത അംബാനിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടെന്നതാണ് അതിനു കാരണം.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഉപവാസമനുഷ്ഠിക്കാന്‍ ഒരുങ്ങുന്ന് എന്ന് കേട്ടപ്പോള്‍തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ''വരാന്‍ പോകുന്ന ഹര്‍ത്താലുകളുടേയും ഇതര സമരപരിപാടികളുടേയും റിഹേഴ്‌സലാണെന്ന്'' പറഞ്ഞ് പരിഹസിക്കുകയായിരുന്നു അന്ന് ചെയ്തത്.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമ്പൊഴെല്ലാം അവരുടെ കണ്ണില്‍ പൊടിയിടാന്‍ കേന്ദ്രം ഒരുപഠനസംഘത്തെ കേരളത്തിലേക്കയക്കും. അവര്‍ എന്താണ് പഠിക്കുന്നതെന്നോ അവരുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കമെന്താണെന്നോ പിന്നീട് ആരും അന്വേഷിക്കാറില്ല. അന്വേഷിച്ചാല്‍ തന്നെ അവയെല്ലാം അട്ടിമറിക്കപ്പെടും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ വിദഗ്ദ്ധ പഠനത്തിലാണ് കീടനാശിനിയുടെ അംശം ജനങ്ങളില്‍ കണ്ടെത്തിയതും കുട്ടികളിലും സ്ത്രീകളിലും അത് വിനാശകരമായ പ്രതിഫലനങ്ങള്‍ ഉളവാക്കിയത് കണ്ടെത്തിയതും.

ഗതകാല പഠന റിപ്പോര്‍ട്ടുകളൊക്കെ അവഗണിച്ച് വീണ്ടും വീണ്ടും പഠനസംഘങ്ങളെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തെ തണുപ്പിക്കാനും നിരോധനാവശ്യം പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമായിരുന്നു എന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു.കേരളവും കര്‍ണ്ണാടകവും നിരോധനാവശ്യം ഉന്നയിച്ചെങ്കിലും എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെടാതെ ദേശീയതലത്തില്‍ നിരോധനം സാധ്യമല്ലെന്നായിരുന്നു അന്ന് കൃഷി മന്ത്രി ശരത് പവാര്‍ ന്യായീകരിച്ചത്. ഇതേ ആവശ്യമുന്നയിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷനെപ്പോലും മന്ത്രി നിരാകരിച്ചു. ദുര്‍ബലനായ പ്രധാനമന്ത്രിക്ക് പവാറിനെപ്പോലെയുള്ള പ്രഭൃതികളെ അവഗണിച്ച് തീരുമാനമെടുക്കാനുള്ള നിശ്ചയദാര്‍ഢ്യമോ ആര്‍ജ്ജവമോ ഇല്ല. പവാര്‍ ഏകാധിപതിയെപ്പോലെയാണെന്ന് വി.എം. സുധീരന്‍ പറഞ്ഞതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

170 രാജ്യങ്ങള്‍ സമ്മേളിച്ച ജനീവ കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനമായിരുന്നു മുഖ്യ അജണ്ട. നിര്‍ണ്ണായകമായ ഒരു തീരുമാനത്തിന്റെ വിവരങ്ങളറിയാന്‍ ലോകം ഉറ്റുനോക്കിയിരിക്കെ അവിടെ യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറേണ്ടുന്നതിനു പകരം വിപരീതബുദ്ധിയോടെ പെരുമാറിയ ഇന്ത്യയുടെ മാനം കാത്തത് കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു. അതോടെ കേന്ദ്രത്തിന്റെ മനസ്സിലിരുപ്പ് എല്ലാവര്‍ക്കും മനസ്സിലാക്കുകയും ചെയ്തു. മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും പരുത്തി കര്‍ഷകര്‍ക്കും എക്‌സല്‍ ഉള്‍പ്പടെയുള്ള എന്‍ഡോസള്‍ഫാന്‍ ഉല്പാദകര്‍ക്കും വേണ്ടിയാണ് കേന്ദ്രം നിലകൊള്ളുന്നതെന്ന സത്യം അതോടെ പുറത്തായി.

ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉല്പാദനം സുപ്രീം കോടതി പൂര്‍ണ്ണമായി നിരോധിച്ചത് ആളിക്കത്തിയ ജനരോഷത്തിന്റെ പ്രതിഫലനമാണ്. ഡി.വൈ.എഫ്.ഐ. സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇങ്ങനെയൊരു വിധി കല്പിച്ചത് ജനകീയ മുന്നേറ്റത്തിന്റെ വിജയമാണ്. അതോടൊപ്പം ജനീവ കണ്‍വന്‍ഷനില്‍ വിപരീത ബുദ്ധിയുപയോഗിച്ച കേന്ദ്ര സര്‍ക്കാരിനേറ്റ പ്രഹരവുമാണ്. ഉല്പാദനകേന്ദ്രങ്ങളില്‍ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ഉല്പാദനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യുന്നതോടൊപ്പം, രാജ്യത്തിന്റെ ഒരു ഭാഗത്തും പരിസ്ഥിതി മലിനീകരണം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം എന്ന വിധി തീര്‍ച്ചയായും മലബാറിലെ ജനങ്ങള്‍ക്ക്,പ്രത്യേകിച്ച് എന്‍ഡോസള്‍ഫാന്റെ കരാള ഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന് ജീവച്ഛവങ്ങളായി ജീവിതം തള്ളിനീക്കുന്ന പാവപ്പെട്ടവര്‍ക്ക് ലഭിച്ച നീതിയുടെ വെള്ളിവെളിച്ചം കൂടിയാണ്.

2011 സെപ്റ്റംബർ 4, ഞായറാഴ്‌ച

അനാദരിക്കപ്പെടുന്ന ഇന്ത്യന്‍ ദേശീയ പതാകയും ദേശീയഗാനവും

ഇന്ത്യയുടെ അറുപത്തിയഞ്ചാമത്‌ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ അമേരിക്കയിലുടനീളം സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ഇന്ത്യന്‍ സംഘടനകളും ഇന്തോ-അമേരിക്കന്‍ സംഘടനകളും.അതുകൊണ്ടുതന്നെ ദേശീയപതാകയുടെ സാന്നിദ്ധ്യവും ഏറെയുണ്ടായിരുന്നു.

ഏതു പരിപാടിയായാലും ഇന്ത്യന്‍ ദേശീയ ഗാനവും അമേരിക്കന്‍ ദേശീയ ഗാനവും ആലപിക്കുന്ന പതിവ്‌ അമേരിക്കയില്‍ എല്ലായിടത്തും നിര്‍ബ്ബന്ധമാണ്‌. അതോടൊപ്പം തന്നെ ദേശീയപതാകകള്‍ നാട്ടുന്നുണ്ടെങ്കില്‍ ഇരുരാജ്യങ്ങളുടെയും പതാകകളും സ്റ്റേജിനിരുവശവും നാട്ടണമെന്ന നിബന്ധനയുമുണ്ട്‌. വിദേശരാജ്യങ്ങളിലെ പതാകയും ഇന്ത്യന്‍ ദേശീയപതാകയും ഒരേ ഉയരത്തില്‍തന്നെ നാട്ടണമെന്നും, യാതൊരു കാരണവശാലും ഇന്ത്യന്‍ ദേശീയ പതാക ഒരു വിദേശ പതാകയേക്കാള്‍ താഴ്‌ത്തി നാട്ടരുതെന്ന നിയമവുമുണ്ട്‌.

പതാകകള്‍ പുതപ്പായി ഉപയോഗിക്കുക,അരയില്‍ കെട്ടുക, പതാകകൊണ്ട്‌ വസ്‌ത്രങ്ങള്‍ നിര്‍മ്മിക്കുക, പതാക നിലത്തിടുക, നിലത്തു വിരിക്കുക,തലതിരിച്ച്‌ കെട്ടുക, പതാകകൊണ്ട്‌ അലങ്കാരവസ്‌തുക്കള്‍ ഉണ്ടാക്കുക, പതാക പ്രസംഗവേദിയില്‍ (പോഡിയം) പുതപ്പിക്കുക എന്നിവ കുറ്റകരവും ശിക്ഷാര്‍ഹവുമാണ്‌. എന്നാല്‍, അമേരിക്കയിലെ പല ഇന്ത്യന്‍ സംഘടനകളും ഈ നിയമങ്ങള്‍ പാലിക്കാറില്ല എന്ന്‌ അവരുടെ ചടങ്ങുകളുടെ ദൃശ്യങ്ങളില്‍നിന്ന്‌ വ്യക്തമാണ്‌. ഇന്ത്യയുടെ അറുപത്തിയഞ്ചാമത്‌ സ്വാതന്ത്ര്യദിനം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ആഘോഷിക്കുന്ന വേളയിലും കണ്ടു ഇന്ത്യന്‍ ദേശീയപതാകയോടുള്ള അനാദരവ്‌. അമേരിക്കക്കാരും ഇന്ത്യക്കാരുമടങ്ങുന്ന ഒരു ചടങ്ങിലെ പ്രസംഗവേദി (പോഡിയം) യെ ഇന്ത്യന്‍ ദേശീയ പതാക കൊണ്ട്‌ പൊതിഞ്ഞിരിക്കുന്നു. ഇന്തോ-അമേരിക്കന്‍ നേതാക്കളുടെ സാന്നിദ്ധ്യവും ആ സദസ്സില്‍ കണ്ടു.

ഇന്ത്യന്‍ ദേശീയഗാനാലാപനസമയത്ത്‌ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണമെന്നും, തലതിരിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും നോക്കുകയോ, സംസാരിക്കുകയോ മുഖം വക്രിക്കുകയോ ചെയ്യരുതെന്നാണ്‌ നിയമം. അതേ സമയം അമേരിക്കന്‍ ദേശീയഗാനാലാപനസമയത്താകട്ടേ അമേരിക്കന്‍ പൗരന്മാര്‍ വലത്തേ കൈപ്പത്തി ഇടത്തുഭാഗത്ത്‌ നെഞ്ചോടുചേര്‍ത്ത്‌ വെച്ച്‌ നില്‍ക്കണമെന്നും നിയമമുണ്ട്‌. തല കുമ്പിട്ടു നില്‍ക്കരുതെന്നും ഇരുദേശീയഗാനത്തിലും നിഷ്‌ക്കര്‍ഷിക്കുന്നു. ഇന്ത്യന്‍ ദേശീയഗാനം 52 സെക്കന്റുകള്‍കൊണ്ട്‌ ആലപിച്ചു തീര്‍ക്കണമെന്നാണ്‌ നിയമം. ഈ നിയമങ്ങള്‍ എല്ലായിടത്തും ലംഘിക്കുന്നത്‌ ആരും മനസ്സിലാക്കാറില്ല.

കുറച്ചു നാളുകള്‍ക്കു മുന്‍പ്‌ അമേരിക്കയിലെ ഒരു മലയാളിക്കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയുടെ ദൃശ്യങ്ങള്‍ ഒരു പത്രത്തിന്റെ വീഡിയോ ദൃശ്യങ്ങളിലൂടെ കാണാനിടയായി. കുട്ടികള്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത്‌ സദസ്സിലെ ആരുംതന്നെ എഴുന്നേറ്റു നിന്നില്ല. അതില്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരും, വിവിധ സംഘടനകളിലെ നേതാക്കളും ഉണ്ടായിരുന്നു. വളരെ ലാഘവത്തോടെ അവര്‍ കൈയും കെട്ടി കസേരകളില്‍ ഇരിക്കുന്നു. തൊട്ടുപുറകില്‍ ചായ/കോഫി മുതലായവ ഉണ്ടാക്കുന്ന തിരക്കില്‍ ചിലര്‍, മറ്റു ചിലരാകട്ടേ പത്രം വായിക്കുന്നു. ഇന്ത്യയിലായിരുന്നെങ്കില്‍ ഈ അവഹേളനത്തിന്‌ തീര്‍ച്ചയായും അവര്‍ ശിക്ഷിക്കപ്പെടുമായിരുന്നു. മുന്‍ എം.പി. ശശി തരൂര്‍ ന്യൂയോര്‍ക്കിലെ ഒരു ചടങ്ങില്‍ സംബന്ധിച്ച സമയത്ത്‌ ഇന്ത്യന്‍ ദേശീയഗാനാലാപനം നടക്കുമ്പോള്‍ നെഞ്ചില്‍ കൈവെച്ചു നിന്നതിന്‌ ഇന്ത്യയില്‍ അദ്ദേഹം നേരിട്ട പ്രശ്‌നങ്ങള്‍ ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നു.

ദേശീയഗാനമായ `ജനഗണമന'യുടേയും ദേശീയഗീതമായ `വന്ദേമാതര'ത്തിന്റേയും പവിത്രത മനസ്സിലാക്കുന്നതോടൊപ്പം,ദേശീയ പതാകയുടെ മഹത്വവും മാഹാത്മ്യവും ഇന്ത്യന്‍ അമേരിക്കന്‍ സംഘടനാ നേതാക്കളും വ്യക്തികളും ഖണ്ഡശ്ശ: ഓര്‍ത്തിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ്‌.തന്നെയുമല്ല, ഇവയുടെ?യശ്ശസ്സ്‌ ഉയര്‍ത്തിപ്പിടിക്കേണ്ടതും അവരുടെ കടമയാണ്‌.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെപ്പോലും അവഹേളിക്കുന്ന രീതിയിലായിരുന്നു ഇക്കൊല്ലത്തെ ന്യൂയോര്‍ക്കിലെ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്ത ചിലര്‍ പ്രവര്‍ത്തിച്ചത്‌. സന്ദര്‍ഭം മറന്ന്‌ അവര്‍ ചെയ്‌തുകൂട്ടിയ വിഡ്‌ഢിത്തരങ്ങള്‍ കണ്ടപ്പോള്‍ ഇവരാണോ ഭാരതത്തിന്റെ മൂല്ല്യം കാത്തുസൂക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ എന്ന്‌ തോന്നിപ്പോയി. സ്വതന്ത്ര ഭാരത ശില്‌പികളായ മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും അബുല്‍കലാം ആസാദും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മറ്റു നേതാക്കളും വീരമൃത്യു വരിച്ച ധീരജവാന്മാരുമെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ അവിഭാജ്യഘടകങ്ങളാണ്‌. അവരുടെ പേരുകളും പെരുമകളുമാണ്‌ അവിടെ പ്രതിധ്വനിക്കേണ്ടത്‌. അവരെ വിസ്‌മരിച്ചുകൊണ്ടാണ്‌ ഇന്ത്യന്‍-അമേരിക്കന്‍ കമ്യൂണിറ്റിയുടെ അപഹാസ്യപരമായ ഹാസ്യപ്രകടനങ്ങള്‍ ന്യൂയോര്‍ക്കിലും ന്യൂജെഴ്‌സിയിലുമൊക്കെ ആടിത്തകര്‍ത്തത്‌.

ഇന്ത്യ സ്വതന്ത്രയായത്‌ ആഘോഷിക്കാനാണ്‌ അവിടെ പരേഡും ഇതര പരിപാടികളും എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്‌. അതിനു ഘടകവിരുദ്ധമായി ഇത്തവണ അവിടെ ചിലര്‍ സംഘടിപ്പിച്ചത്‌ അണ്ണാ ഹസാരേ പരേഡായിരുന്നു. ഗാന്ധിജിയുടെ സന്ദേശത്തിനു പകരം `ഞാന്‍ അണ്ണാ' എന്നെഴുതിയ പ്ലേക്കാര്‍ഡുകളും ബാനറുകളുമേന്തി, അണ്ണാ ഹസാരേയ്‌ക്ക്‌ കീജയ്‌ വിളിച്ചുകൊണ്ട്‌ നടന്നു നീങ്ങുന്ന `ഇന്ത്യക്കാരെ' കണ്ടപ്പോള്‍ ഇവരാണോ സാമൂഹ്യസേവകരെന്നും, ഇന്ത്യയുടെ യശസ്സ്‌ ഉയര്‍ത്തുമെന്നുമൊക്കെ കൊട്ടിഘോഷിച്ചു നടക്കുന്ന നേതാക്കള്‍ എന്ന്‌ ഓര്‍ത്തുപോയി.

ബാബ രാംദേവിന്റെ ചിത്രമാണ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രദര്‍ശിപ്പിച്ച്‌ നേതാക്കള്‍ ജയ്‌ വിളിച്ചത്‌. അഴിമതിക്കെതിരെ ആദ്യം രംഗത്തുവരികയും രാംലീലയില്‍ നിരാഹാര സത്യാഗ്രഹമിരിക്കുകയും അവസാനം പിടിക്കപ്പെടുമെന്നു തോന്നിയപ്പോള്‍ സ്‌ത്രീ വേഷത്തില്‍ രാത്രിയില്‍തന്നെ ഡല്‍ഹിയില്‍നിന്ന്‌ മുങ്ങി ഹരിയാനയില്‍ പൊങ്ങിയ ഇദ്ദേഹത്തെ പുകഴ്‌ത്തിപ്പാടുകയായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ ചിലര്‍ ചെയ്‌തത്‌.

മഹാത്മാഗാന്ധിയുടേ ഛായാചിത്രത്തിനു മുന്‍പില്‍ അണ്ണാ ഹസാരെയുടെ പേരെഴുതിയ ബാനറുകളുമേന്തി ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായി മുദ്രാവാക്യം മുഴക്കിയവര്‍ സ്വയം അപഹാസ്യരായതോടൊപ്പം, അമേരിക്കന്‍ തെരുവീഥികളില്‍ ഇന്ത്യയേയും ഇന്ത്യന്‍ ജനാധിപത്യമൂല്ല്യത്തേയും അവഹേളിക്കുകയായിരുന്നു എന്ന്‌ അവര്‍ മനസ്സിലാക്കിയോ ആവോ. സാക്ഷാല്‍ അണ്ണാ ഹസാരെ പോലും സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന്‌ മാത്രമാണ്‌ തന്റെ നിരാഹാരസമരം ആരംഭിച്ചത്‌. അതും ഒരു മാസം മുന്‍പേ മുന്‍കൂട്ടി അറിയിച്ച്‌ അധികാരികളില്‍നിന്ന്‌ അനുവാദം വാങ്ങിയതിനുശേഷം. അമേരിക്കയിലെ നേതാക്കളാകട്ടേ കിട്ടിയ അവസരം പാഴാക്കാതെ കൊടിയും തൊപ്പിയുമായി രംഗത്തിറങ്ങിയത്‌? അനൗചിത്യമായെന്നു മാത്രമല്ല, അമേരിക്കയിലെ ഇതര?ഇന്ത്യന്‍ വംശജരെ അപമാനിക്കുന്നതിനു തുല്ല്യവുമായി.

ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷവേളയിലും സ്വാതന്ത്ര്യദിനാഘോഷവേളയിലും സമരപ്പന്തലൊരുക്കി ജനാധിപത്യധ്വംസകരെന്ന്‌ വിശേഷിപ്പിക്കപ്പെട്ടവര്‍ക്കുവേണ്ടി മുദ്രാവാക്യം വിളിച്ച രീതി തീര്‍ത്തും അപമാനകരമാണ്‌. അഴിമതിക്കാരായ രാഷ്ട്രീയക്കാരുടേയും അവരിലൂടെ അധികാരത്തില്‍ സ്വാധീനം നേടുന്ന കോടീശ്വരന്മാരുടെയും കോടികള്‍ കോഴ വാങ്ങി രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരുടേയും പിടിയില്‍ നിന്ന്‌ ഇന്ത്യയെ രക്ഷിക്കേണ്ടത്‌ ഓരോ പൗരന്റേയും കടമയും കര്‍ത്തവ്യവുമാണ്‌. പ്രതികരിക്കാനും പ്രകടനം നടത്താനും അവര്‍ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ, അതിന്‌ തെരഞ്ഞെടുക്കുന്ന വേദിയും രീതിയും സുതാര്യമായിരിക്കണം. അഴിമതിയെ അഴിമതികൊണ്ട്‌ ചെറുക്കാനാവില്ല.

സ്‌ത്രീകളേയും കുട്ടികളേയും വേഷംകെട്ടിച്ചു നിര്‍ത്തി അണ്ണാ ഹസാരേയ്‌ക്കും ബാബാ രാംദേവിനും കീജയ്‌ വിളിപ്പിച്ചതിനു പകരം ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ച ചരിത്രവും അതിനായി ജീവത്യാഗം ചെയ്‌ത മഹാത്മാക്കളുടെ ജീവചരിത്രത്തെക്കുറിച്ചും അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന യുവജനങ്ങളെ ബോധാവാരാക്കുകയായിരുന്നു വേണ്ടത്‌. അവരെക്കൊണ്ട്‌ അണ്ണാ ഹസാരേയ്‌ക്കും ബാബാ രാംദേവിനും അനുകൂലമായി മുദ്രാവാക്യം വിളിപ്പിച്ച നേതാക്കള്‍ ഇന്ത്യയെ സ്‌നേഹിക്കുന്ന, ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, ഇന്ത്യന്‍ പൗരന്മാരോട്‌ ചെയ്‌ത അനീതിയാണ്‌. ഇനിയെങ്കിലും ഇതുപോലെയുള്ള ആഘോഷങ്ങളുടെ പ്രസക്തി നേതാക്കള്‍ മനസ്സിലാക്കി വിവേകപൂര്‍വ്വം പെരുമാറുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.

ജനാധിപത്യവ്യവസ്ഥയുടെ ആരോഗ്യകരമായ നിലനില്‌പിന്‌ ഭീഷണിയാകാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ബന്ധപ്പെട്ട അധികാരികള്‍ ഗൗരവപൂര്‍വ്വം കാണുകയും നിരുത്സാഹപ്പെടുത്തുകയും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം. ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനവും സ്വാതന്ത്ര്യദിനവും മഹത്വത്തോടെ കാണാനും ആദരിക്കാനും കഴിഞ്ഞില്ലെങ്കിലും അവയെ ഭത്സിക്കാന്‍ ആരേയും അനുവദിക്കരുതെന്നാണ്‌ എന്റെ അഭിപ്രായം.




2011 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

`രാജാവ്‌ നഗ്നനാണ്‌'

പണ്ട്‌ പണ്ട്‌ ജീവിച്ചിരുന്ന ഒരു രാജാവിന്റെ കഥയാണ്‌. ഒരു കൂട്ടം ഉപജാപകസംഘത്തിന്റെയും സ്‌തുതിപാഠകരുടേയും വലയത്തില്‍ രാജാവ്‌ അങ്ങനെ വാണരുളി. അവരെന്തുപറഞ്ഞാലും അതപ്പാടെ വിശ്വസിച്ച്‌ പാരിതോഷികങ്ങള്‍ വാരിക്കോരി കൊടുക്കും. രാജ്യത്തെക്കുറിച്ചോ പ്രജകളെക്കുറിച്ചോ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത രാജാവ്‌.

തങ്ങള്‍ എന്തുപറഞ്ഞാലും കണ്ണടച്ച്‌ വിശ്വസിക്കുന്ന ഈ രാജാവിനെ വിഡ്‌ഢിവേഷം കെട്ടിക്കാന്‍ ഒരു ദിവസം അവര്‍ തീരുമാനിച്ചു. ചൈനയില്‍ നിന്ന്‌ ഒരു അത്ഭുത വസ്‌ത്രം വാങ്ങാന്‍ കിട്ടുമെന്നും, അത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ സ്വര്‍ക്ഷരാജ്യത്തുനിന്നുകൊണ്ടുവന്ന, ചൈനയില്‍ മാത്രം കിട്ടുന്ന ഒരുതരം സില്‍ക്ക്‌ കൊണ്ടാണെന്നും രാജാവിനെ ധരിപ്പിച്ചു. ആ സില്‍ക്കുകൊണ്ട്‌ നിര്‍മ്മിക്കുന്ന വസ്‌ത്രം നഗ്നനേത്രങ്ങള്‍കൊണ്ട്‌ കാണാന്‍ കഴിയാത്തത്ര സുതാര്യമാണെന്നും രാജാവിനെ പറഞ്ഞ്‌ വിശ്വസിപ്പിച്ചു. വിഡ്‌ഢിയായ രാജാവ്‌ അതു വിശ്വസിക്കുകയും,ആ വസ്‌ത്രം കൊണ്ടുവരാന്‍ കല്‌പന കൊടുക്കുകയും ചെയ്‌തു.

ഒരു ദിവസം രാജാവിനെ വിവസ്‌ത്രനാക്കി സില്‍ക്കുകൊണ്ടുണ്ടാക്കിയ വസ്‌ത്രം ധരിപ്പിക്കുന്നതുപോലെ അവര്‍ അഭിനയിച്ചു. പൂര്‍ണ്ണ നഗ്നനായ രാജാവ്‌ പരിവാരസമേതം രാജവീഥിയിലൂടെ നടന്നു നീങ്ങി. നഗ്നനായി നടന്നുപോകൂന്ന രാജാവിനെ നോക്കി ജനങ്ങള്‍ ആര്‍പ്പു വിളിച്ചു , കൈവീശി. തന്റെ സ്വര്‍ക്ഷീയ സില്‍ക്ക്‌ വസ്‌ത്രം കണ്ട്‌ ജനങ്ങള്‍ തന്നെ അഭിനന്ദിക്കുന്നതാണെന്ന്‌ തെറ്റിദ്ധരിച്ച്‌ രാജാവ്‌ എല്ലാവര്‍ക്കും അഭിവാദ്യങ്ങളര്‍പ്പിച്ച്‌ നടന്നു നീങ്ങി.

പക്ഷേ, കുറെ ദൂരം ചെന്നപ്പോള്‍ രാജാവ്‌ പെട്ടെന്ന്‌ നിന്നു. ഒരു മൂലയില്‍ ഒരു കുട്ടി നിന്ന്‌ രാജാവിനെ നോക്കി അടക്കിച്ചിരിക്കുന്നു. രാജാവ്‌ ഉടനെ ആ കുട്ടിയുടെ അടുത്തുചെന്ന്‌ ചിരിക്കുന്നതിന്റെ കാരണമാരാഞ്ഞു. എന്റെ പുതിയ വസ്‌ത്രം കണ്ട്‌ ജനങ്ങള്‍ കൈയ്യടിച്ച്‌ ആര്‍പ്പു വിളിക്കുമ്പോള്‍ നീ മാത്രം എന്തുകൊണ്ടാണ്‌ ചിരിക്കുന്നതെന്നു രാജാവ്‌ ചോദിച്ചു.നിഷ്‌ക്കളങ്കനായ ആ കുട്ടി പറഞ്ഞു `രാജാവേ, അങ്ങ്‌ നഗ്നനാണ്‌.' ങ്‌ഹേ, ഞാന്‍ നഗ്നനോ രാജാവ്‌ ആശ്ചര്യപ്പെട്ടു. `അതേ മഹാരാജാവേ, അങ്ങ്‌ വിവസ്‌ത്രനാണ്‌.' കുട്ടിയുടെ വാക്കുകള്‍ കേട്ട്‌ രാജാവ്‌ അമ്പരന്നു. തന്റെ സ്‌തുതിപാഠകരും ഉപജാപകരും തന്നെ വിഡ്‌ഢിയാക്കുകയായിരുന്നു എന്ന്‌ തിരിച്ചറിഞ്ഞ രാജാവ്‌ പിന്നീട്‌ പ്രജാവത്സനനായ രാജാവായി നാടു വാണു എന്നാണ്‌ കഥ.

ഏതാണ്ട്‌ സമാനമായ സംഭവമാണ്‌ മുഖ്യമന്ത്രിക്കുപ്പായമിട്ട്‌ പ്രതിപക്ഷ നേതാവിന്റെ ജോലി ചെയ്‌ത്‌ അഞ്ചു വര്‍ഷക്കാലം കേരളം ഭരിച്ച?വി.എസ്സിന്റെ കഥ. `എന്നെ അധികാരത്തിലേറ്റിയാല്‍ സ്‌ത്രീപീഡനക്കാരെ മുഴുവന്‍ കൈയ്യാമം വെച്ച്‌ തെരുവിലൂടെ നടത്തിച്ച്‌ ഇരുമ്പഴിക്കുള്ളിലാക്കും,നാട്ടിലെ എല്ലാ പെണ്ണുങ്ങള്‍ക്കും ഏത്‌ നട്ടപ്പാതിരാക്കും എവിടെ വേണമെങ്കിലും ഭയലേശമന്യേ ഒറ്റക്ക്‌ ഇറങ്ങി നടക്കാനുള്ള നിയമം കൊണ്ടുവരും' എന്ന്‌ ഉറപ്പു കൊടുത്തെങ്കിലും, അധികാരത്തിലെത്തിയപ്പോള്‍ നട്ടപ്പാതിര പോയിട്ട്‌ നട്ടുച്ച നേരത്തുപോലും പെണ്ണുങ്ങള്‍ക്ക്‌ വഴിയിലിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായത്‌ പകല്‍പോലെ സത്യം. പെണ്ണുങ്ങള്‍ വഴിയിലിറങ്ങിയില്ലെങ്കില്‍ വീട്ടില്‍ കയറി പീഡിപ്പിക്കുന്ന അവസ്ഥവരെയായി. ചുരുക്കിപ്പറഞ്ഞാല്‍ അഞ്ചു കൊല്ലംകൊണ്ട്‌ കേരളത്തിലെ ജനസംഖ്യയില്‍ പീഡനക്കാരുടെ എണ്ണം കൂടി യതുമാത്രം ബാക്കി.

കൈവിട്ടുപോയ ഭരണം തിരിച്ചുകിട്ടിയ സന്തോഷത്തോടെ മുഖ്യമന്ത്രിപദം ഏറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടി മനസ്സമാധാനത്തോടെ ഒന്നു ഭരിച്ചു കളയാമെന്നു വെച്ചാണ്‌ അധികാരക്കസേരയിലിരുന്നത്‌. ഏതായാലും ഉമ്മന്‍ചാണ്ടി ഭരണത്തിലെത്തി അധികകാലം കഴിയുന്നതിനു മുന്‍പ്‌ കേരളം ലോകഭൂപടത്തില്‍ ഏറ്റവും സമ്പന്ന സംസ്ഥാനമായി. അനന്തപുരിയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കോടികളുടെ സ്വത്ത്‌ ഭൂഗര്‍ഭ അറകളില്‍ ഭദ്രമായിരിക്കുന്നിടത്തോളംകാലം കേരളം കോടീശ്വരി തന്നെ.`ദരിദ്രരായ അത്താഴപ്പട്ടിണിക്കാര്‍ അന്തിയുറങ്ങുന്ന കോടീശ്വരിയായ കേരളം' എന്ന്‌ വേണമെങ്കില്‍ നമുക്കഭിമാനിക്കാം.

കേരളത്തില്‍ നടന്നുകൊണ്ടിരുന്ന, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന്‌ തലപുകഞ്ഞാലോചിച്ച്‌ ഒരു നൂറു ദിവസത്തെ സാവകാശം ചോദിച്ച്‌ തട്ടിയും മുട്ടിയുമങ്ങനെ പോയിക്കൊണ്ടിരുന്നപ്പോഴാണ്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പ്രശ്‌നം സര്‍ക്കാരിന്‌ തലവേദന സൃഷ്ടിച്ചത്‌. ജനങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല, തൊഴിലില്ലാതെ ജനങ്ങള്‍ നരകയാതന അനുഭവിച്ചാലും വേണ്ടില്ല, ആവശ്യമായ ചികിത്സ കിട്ടാതെ ആശുപത്രികളില്‍ രോഗികള്‍ മരിച്ചുവീണാലും വേണ്ടില്ല,?ഖജനാവില്‍ പണമില്ലെങ്കിലും വേണ്ടില്ല കടം വാങ്ങിയെങ്കിലും ഭഗവാന്റെ സ്വത്ത്‌ സംരക്ഷിക്കുകതന്നെ ചെയ്യുമെന്ന്‌ പ്രതിജ്ഞയെടുത്ത ഉമ്മന്‍ചാണ്ടിക്ക്‌ തലവേദന സൃഷ്ടിച്ചുകൊണ്ട്‌?അതാ വി.എസ്സ്‌. വീണ്ടും തന്റെ സ്വതസിദ്ധമായ ശൈലിയുമായി രംഗത്തെത്തി.

ഇത്തവണ വി.എസ്സി.ന്റെ ചൂണ്ടയില്‍ കൊത്തിയത്‌ കുഞ്ഞാലിക്കുട്ടിയോ, മുനീറോ അല്ല. സാക്ഷാല്‍ ഉത്രാടം തിരുനാള്‍ മഹാരാജാവ്‌ തന്നെ. `രാജാവ്‌ കള്ളനാണെന്ന്‌' വിളിച്ചു പറയാന്‍ വി.എസ്സിന്‌ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ പാല്‌പായസവും നിവേദ്യവുമൊക്കെയാണെന്നു പറഞ്ഞ്‌ രാജാവും കുടുംബാംഗങ്ങളും പാത്രങ്ങളിലാക്കി കൊട്ടാരത്തിലേക്ക ്‌ കൊണ്ടുപോകുന്നത്‌ ക്ഷേത്രത്തിലെ സ്വര്‍ണ്ണവും വെള്ളിയുമൊക്കെയാണെന്നാണ്‌ വി.എസ്സിന്റെ കണ്ടുപിടുത്തം ! നിലവറകളിലുള്ള സ്വത്തുക്കളെല്ലാം അവര്‍ കട്ടുകൊണ്ടു പോകുകയാണെന്നും വി.എസ്സ്‌ പറയുന്നു. വി.എസ്സ്‌. നടത്തിയ മറ്റു പ്രസ്‌താവനകളൊക്കെ തള്ളിക്കളഞ്ഞാലും, ഈ പ്രസ്‌താവന അല്‌പം അതിരു കടന്നതായിപ്പോയില്ലേ എന്ന്‌ ജനങ്ങള്‍ ചിന്തിച്ചെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ

ആര്‍ക്കെങ്കിലും ആരെയെങ്കിലും ആക്ഷേപിക്കണമെങ്കിലോ അപഹാസ്യരാക്കണമെങ്കിലോ വി.എസ്സിനെ ചെന്ന്‌ കണ്ട്‌ ഒരു വെള്ളക്കടലാസില്‍ എഴുതിക്കൊടുത്താല്‍ മതി. നിമിഷങ്ങള്‍ക്കകം അദ്ദേഹം പത്രസമ്മേളനം നടത്തി നാടാകെ നാറ്റിക്കുമെന്നതിന്റെ ഉദാഹരണമാണ്‌ ക്ഷേത്രത്തില്‍ നിന്ന്‌ പിരിച്ചു വിട്ട രണ്ട്‌ ജീവനക്കാര്‍ പറഞ്ഞതുകൊണ്ടാണ്‌ താനത്‌ പറഞ്ഞതെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയില്‍ നിന്ന്‌ മനസ്സിലാകുന്നത്‌.

ഒരു സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി ഇങ്ങനെയുള്ള പ്രസ്‌താവനകള്‍ വിളിച്ചു പറയുന്നത്‌ സാംസ്‌ക്കാരിക കേരളത്തിനും, ജനങ്ങള്‍ക്കും അപമാനമാണ്‌. വി.എസ്സിന്റെ പ്രസ്‌താവനക്കെതിരെ എതിര്‍പ്പുമായി രാജകുടുംബവും വിവിധ സംഘടനകളും രംഗത്തെത്തിയപ്പോള്‍, താന്‍ പറഞ്ഞത്‌ തിരുത്താനല്ല അദ്ദേഹം തുനിഞ്ഞത്‌. പറഞ്ഞത്‌ ന്യായീകരിക്കാനും വേണമെങ്കില്‍ സുപ്രീം കോടതി വരെ പോകാനും മടിക്കില്ലെന്നും തട്ടി വിട്ടു. നോക്കണേ കലികാലം.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ പാല്‌പായസത്തില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആക്ഷേപം തന്റേതല്ല, തനിക്കു ലഭിച്ച പരാതിയില്‍ ഒരെണ്ണം താന്‍ പറഞ്ഞെന്നേ ഉള്ളൂ എന്നൊക്കെ പറഞ്ഞാല്‍ ആരാണ്‌ വിശ്വസിക്കുക. കളവു നടന്നാല്‍ നേരെ പോലീസ്‌ സ്റ്റേഷനിലല്ലേ പരാതി പറയേണ്ടത്‌. ആരോപണമുന്നയിച്ച വ്യക്തി തന്നെ കോടതിയില്‍ പോകുമെന്ന്‌ പറയുന്നതിലെന്തു ന്യായം. വാദിയും, പ്രതിയും, പോലീസും, വക്കീലും, ജഡ്‌ജിയും ഒരാള്‍ തന്നെയായാലെങ്ങനെ നീതി ലഭിക്കും ഏതായാലും ഒരു തരംഗം സൃഷ്ടിക്കാന്‍ വി.എസ്സിന്‌ സാധിച്ചു.

ഉപജാപക സംഘങ്ങളാണോ സ്‌തുതിപാഠകരാണോ വി. എസ്സിനു സാരോപദേശങ്ങള്‍ നല്‌കുന്നതെന്നറിയില്ലെങ്കിലും,നഗ്നനായ രാജാവ്‌ അബദ്ധം തിരിച്ചറിഞ്ഞ്‌ നന്നാവാന്‍ തീരുമാനിച്ചപോലെ വി.എസ്സിനും തിരിച്ചറിവുണ്ടാകുമെന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.