Sunday, May 29, 2016

സ്വന്തം മകന്റെ കൈകളാല്‍ കൊല്ലപ്പെട്ട അമേരിക്കന്‍ മലയാളിയുടെ ദുരന്ത കഥ

ചെങ്ങന്നൂര്‍ സ്വദേശിയും ടെക്സസില്‍ സ്ഥിരതാമസക്കാരനുമായിരുന്ന 68-കാരന്‍ ജോയ് ജോണിന്റെ ദാരുണ അന്ത്യം മനുഷ്യമനഃസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഒരു അമേരിക്കന്‍ മലയാളിയെ നാട്ടില്‍ വെച്ച് സ്വന്തം മകന്‍ തന്നെ കൊലപ്പെടുത്തി എന്നത് അവിശ്വസനീയമായി തോന്നുന്നു. മെയ് 19-നാണ് ജോണും ഭാര്യയും ഇളയ മകന്‍ ഡോ. ഡേവിഡും നാട്ടിലെത്തിയത്. മെയ് 25-ന് ജോണ്‍ കൊല്ലപ്പെടുകയും ചെയ്തു; അതും മൂത്ത മകന്‍ ഷെറിന്‍ (36)ജോണിന്റെ കൈകളാല്‍....!!

ജന്മസ്വദേശമായ ചെങ്ങന്നൂരില്‍ വെച്ചാണ് പിതാവിനെ വെടിവച്ചുകൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചുകളഞ്ഞതെന്ന് വാര്‍ത്തകളില്‍ പറയുന്നു.  മകനുമായുള്ള സ്വത്തുതര്‍ക്കമെന്ന് സൂചനയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. മെയ് 25 മുതലാണ് ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ ജോയ്.വി. ജോണിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ ഷെറിന്‍.വി.ജോണ്‍ ഇപ്പോള്‍ പോലീസ് പിടിയിലാണ്. ഇന്ത്യയില്‍ സൈനികസേവനം പൂര്‍ത്തിയാക്കിയ ജോയ് ഭാര്യ ടെക്‌സസില്‍ നഴ്‌സായിരുന്നതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങോട്ടു താമസം മാറ്റുകയായിരുന്നു. ഇവരുടെ മൂന്നു മക്കളില്‍ രണ്ടു പേര്‍ അമേരിക്കയിലും പിടിയിലായ മകന്‍ ഷെറിന്‍ കേരളത്തിലുമാണ് താമസിക്കുന്നത്. മുന്‍പ് അമേരിക്കയിലായിരുന്ന ഷെറിന്റെ ദുര്‍നടപ്പ് കാരണം ടെക്സസില്‍ നിന്ന് ഡിപ്പോര്‍ട്ട് (നാടുകടത്തല്‍) ചെയ്യുകയായിരുന്നു എന്നും സംസാരമുണ്ട്. തുടര്‍ന്ന് കേരളത്തിലെത്തിയ ഐടി വിദഗ്ധനായ ഷെറിന്‍ ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു .

2003 മുതല്‍ നാട്ടില്‍ താമസിക്കുന്ന ഷെറിനും പിതാവ് ജോയ്.വി.ജോണും തമ്മില്‍ സ്വത്തു സംബന്ധിച്ചു നിരവധി തവണ തര്‍ക്കമുണ്ടായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2010 ല്‍ ഷെറിനും ചെന്നൈ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ആര്‍ഭാടപൂര്‍ണമായാണു ചെങ്ങന്നൂരില്‍ നടത്തിയത്. ഒരു വര്‍ഷത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞെന്നും വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയെന്നും പറയപ്പെടുന്നു. ഷെറിന്‍ ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിവാഹബന്ധം തകര്‍ന്ന ശേഷം ജോയിയും ഷെറിനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിനു സമീപത്തെ ഇവരുടെ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ രക്തം പുരണ്ട ചെരിപ്പും ചുമരില്‍ രക്തക്കറയും മാംസാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. നഗരമധ്യത്തിലെ ഈ ഗോഡൗണിന്റെ ഒരു ഭാഗത്ത് ഭിത്തിയില്‍ രക്തം ചീറ്റിത്തെറിച്ച നിലയിലായിരുന്നു. തുണികള്‍ കൂട്ടിയിട്ടാണു പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇവിടെനിന്നു ലഭിച്ച ചെരുപ്പും ഷര്‍ട്ടിന്റെ ഒരു ബട്ടണും ഭര്‍ത്താവിന്റേതാണെന്നു മറിയാമ്മ തിരിച്ചറിഞ്ഞു. ഇതോടെയാണ് ജോയി ജോണ്‍ കൊല ചെയ്യപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കോട്ടയത്തെ ലോഡ്ജില്‍ നിന്നു മെയ് 26 രാത്രിയോടെ മകനെ പിടികൂടിയത്. ജോയ് വി. ജോണിന്റെ ദുരൂഹമായ തിരോധാനം കൊലപാതകമാണെന്ന സംശയം പൊലീസിനു ബലപ്പെട്ടതു പിടിയിലായ മകന്‍ അമ്മ മറിയാമ്മയോടു പറഞ്ഞ കാര്യങ്ങളായിരുന്നു.

മെയ് 25 മുതലാണു ജേണിനെയും മകന്‍ ഷെറിനെയും കാണാതായത്. 26 രാവിലെ എട്ടരയോടെയാണു മറിയാമ്മയുടെ ഫോണിലേക്കു ഷെറിന്റെ വിളിയെത്തിയത്. തലേന്നു രാത്രി മുതല്‍ കാണാതായതിന്റെ വിഷമത്താല്‍ അമ്മയെന്തെങ്കിലും പറയുന്നതിനു മുന്‍പേ മകന്‍ പറഞ്ഞതു ഞെട്ടിക്കുന്ന വാക്കുകളായിരുന്നു. ‘സ്വത്തിനെച്ചൊല്ലി അച്ഛനുമായി വഴക്കുണ്ടായി, എന്നെ തോക്കെടുത്തു വെടിവയ്ക്കാനൊരുങ്ങിയപ്പോള്‍ പിടിച്ചു വാങ്ങി തിരികെ വെടിവച്ചു’. ഇതു കേട്ടതിന്റെ ആഘാതത്തില്‍ സ്തബ്ധയായി നിന്ന മറിയാമ്മ സമനില വീണ്ടെടുക്കുന്നതിനു മുന്‍പേ ഷെറിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയി. ഈ ഫോണ്‍ സന്ദേശം സംബന്ധിച്ച മറിയാമ്മയുടെ മൊഴിയാണു കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഇതേത്തുടര്‍ന്നാണു പൊലീസ് ആ വഴിക്ക് അന്വേഷണം നടത്തിയതും ഷെറിനെ കസ്റ്റഡിയിലെടുത്തതും.

25നു രാവിലെ കാറിന്റെ എസി നന്നാക്കാനാണു ജോയിയും മകനും തിരുവനന്തപുരത്തേക്കു പോയത്. വൈകിട്ടു നാലരയ്ക്കു തിരിച്ചു മുളക്കുഴയില്‍ എത്തിയപ്പോള്‍ ഭാര്യ ജോയിയെ വിളിച്ചിരുന്നു. എന്നാല്‍ ഇതിനിടെ സ്വത്തു സംബന്ധിച്ചു അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതു വെടിവയ്പില്‍ കലാശിക്കുകയും ചെയ്തുവെന്നാണു കരുതുന്നത്. തോക്ക് ജോയിയുടേതാണെന്നു പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് ഇവരുടെ ഗോഡൗണിന്റെ താക്കോല്‍ മറ്റൊരു കടക്കാരനില്‍ നിന്നു ഷെറിന്‍ വാങ്ങിച്ചിരുന്നു. ഇതു തിരിച്ചു നല്‍കിയിട്ടില്ല. നാട്ടില്‍ താമസിക്കുന്ന മകന്‍ ബന്ധുക്കളുമായി അകല്‍ച്ചയിലായിരുന്നു. ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്നു ഭാര്യ മറിയാമ്മ 26ന് ആണു പൊലീസില്‍ പരാതി നല്‍കിയത്. 25നു തിരുവനന്തപുരത്തു പോയ ഇരുവരും തിരിച്ചു വീട്ടില്‍ എത്തിയില്ലെന്നായിരുന്നു പരാതി. തന്റെ ഭര്‍ത്താവിനു ഈ രീതിയിലുള്ള ഒരു ദുരന്തമാണ് സംഭവിച്ചതെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഭര്‍ത്താവ് മകനാലാണ് കൊല്ലപെട്ടതെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് ആ അമ്മ ഇപ്പോഴും.

സ്വന്തം പിതാവിനെ വെടിവെച്ചു കൊല്ലാന്‍ ഷെറിനെ പ്രേരിപ്പിച്ചതെന്ത്?

നാട്ടിലെ കോടികളുടെ സമ്പാദ്യങ്ങള്‍ ധൂര്‍ത്തടിക്കാന്‍ വിട്ടുകൊടുക്കാത്തതാണ് പിതാവിനെ കൊലചെയ്യാന്‍ കാരണമെന്ന് സംശയിക്കുന്നു . ചെങ്ങന്നൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സ്വത്ത് വീതം വയ്ക്കല്‍ സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കത്തിലാകുകയും പിതാവിനെ മകന്‍ വെടിവച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: 

ചാരനിറത്തിലുള്ള കെ.എല്‍ 2-ടി 5550 സ്‌കോഡ കാറില്‍ തിരുവനന്തപുരത്തുപോയ ഇവര്‍ ഉച്ചയ്ക്കു 12.30-ന് ഷോറൂമില്‍ നിന്നു മടങ്ങി. വൈകിട്ട് 4.30-നു മറിയാമ്മ വിളിച്ചപ്പോള്‍ ചെങ്ങന്നൂരിനു സമീപം മുളക്കുഴയിലെത്തിയെന്ന് ജോയി മറുപടി നല്‍കിയെങ്കിലും രാത്രിയായിട്ടും വീട്ടിലെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു.

തുടര്‍ന്ന് ഇളയ മകന്‍ ഡോ. ഡേവിഡും സുഹൃത്ത് ജിനുവും ചെങ്ങന്നൂര്‍ ടൗണിലും ഇവര്‍ പോകാനിടയുള്ള സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെ എട്ടരയോടെയാണ് ഷെറിന്‍ മാതാവിനെ ഫോണില്‍ വിളിച്ച് അബദ്ധം പറ്റിയെന്ന തരത്തില്‍ പറഞ്ഞത്.

ഡിവൈ.എസ്‌പി: കെ.ആര്‍. ശിവസുതന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ സിഐ അജയ്‌നാഥ്, മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ട് എസ്.ഐമാരടങ്ങുന്ന 22 അംഗ പൊലീസ് സംഘവും എസ്‌പിയുടെ സ്പെഷല്‍ സ്‌ക്വാഡുമാണ് അന്വേഷണം നടത്തുന്നത്. ജോയിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പമ്പാനദിയില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം രണ്ടു സ്പീഡ് ബോട്ടുകളിലായി ആറാട്ടുപുഴ മുതല്‍ നെടുമുടി വരെ രാത്രി വൈകിയും തെരച്ചില്‍ നടത്തിയിരുന്നു.

ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. അമേരിക്കയില്‍ കുടുംബവുമായി താമസിക്കുന്ന മലയാളികളില്‍ എത്ര പേര്‍ സ്വന്തം ആണ്‍/പെണ്‍ മക്കളുമായി പൊരുത്തക്കേടില്‍ ജീവിക്കുന്നുണ്ടെന്ന ഒരു സര്‍‌വ്വേ നടത്തിയാല്‍ ഒരുപക്ഷേ ഇതുപോലുള്ള ഷെറിന്‍‌മാരേയും ജോയിമാരേയും കാണാന്‍ സാധിച്ചേക്കും. സമൂഹ ജീവിയായ മനുഷ്യന് പൊതു സമൂഹത്തിന്റെ ആദരവും അംഗീകാരവും നേടിക്കൊടുക്കുന്നതും പൊതു സമൂഹം ഒരാളെ തിരസ്കരിക്കപ്പെടുന്നതും അയാളുടെ സ്വഭാവം കൂടി മാനദണ്ഡമാക്കിയാണ്. ഓരോ വ്യക്തിയെയും വ്യത്യസ്തമാക്കുന്നത് അവരുടെ രൂപം കൊണ്ട് മാത്രമല്ല, അവരുടെ സ്വഭാവവും വ്യക്തിത്വവും കൊണ്ട് കൂടിയാണ്. എങ്ങിനെയാണ് നമ്മളില്‍ നല്ല സ്വഭാവം ഉണ്ടാകുന്നത്, നല്ല സ്വഭാവം നമ്മുടെ ജീവിതത്തില്‍ ഉണ്ടായില്ലെങ്കില്‍ അതുകൊണ്ട് നമുക്കുണ്ടാവുന്ന ദോഷങ്ങള്‍ എന്തൊക്കെയാണ് എന്ന് അവനവന്‍ തന്നെ അറിഞ്ഞിരിക്കേണ്ടതാണ്. ടെക്സസില്‍ മാതാപിതാക്കളോടൊപ്പം ജീവിച്ചിരുന്ന ഷെറിന്‍ എന്ന ചെറുപ്പക്കാരനെ നാട്ടിലേക്ക് തിരിച്ചയക്കേണ്ടി വന്ന സാഹചര്യം എന്താണെന്ന് ആര്‍ക്കും അറിയില്ല. ഇവിടെ സ്വഭാവദൂഷ്യത്തോടെ ജീവിച്ച വ്യക്തിയാണോ ഈ ഷെറിന്‍. മാതാപിതാക്കളേയും സഹോദരന്മാരേയും വിട്ട് 2003 മുതല്‍ കേരളത്തില്‍ ജീവിക്കേണ്ടി വന്നത് എന്തുകൊണ്ട്?

ഷെറിന്റെ സഹോദരന്‍ ഡോക്ടറാണെന്ന് പറയുന്നു. ഷെറിന്‍ ഐ.ടി. വിദഗ്ധനും.. അങ്ങനെയൊരു വ്യക്തിക്ക് അമേരിക്കയില്‍ തന്നെ നല്ല ജീവിതം ലഭിക്കുമായിരുന്നില്ലേ? കോടികളുടെ ആസ്ഥി നാട്ടില്‍ ഉള്ള പിതാവിനെ ആ സ്വത്ത് കൈക്കലാക്കാന്‍ കൊലപ്പെടുത്തി എന്നത് അവിശ്വസനീയമായി തോന്നുന്നു. 36-കാരനായ ഷെറിന്‍ 2003 മുതല്‍ കേരളത്തിലായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അമേരിക്ക വിടുമ്പോള്‍ 23 വയസ്സ് മാത്രമേ പ്രായമുള്ളൂ. ഈ പ്രായത്തില്‍ പല ചെറുപ്പക്കാരും വഴിവിട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. 'ദുര്‍നടപ്പ്' കാരണം അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് പോയി എന്ന് എന്നു കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ ഷെറിനെ ദുര്‍നടപ്പില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നില്ലേ? അമേരിക്കയില്‍ അതിനുള്ള എല്ലാ സം‌വിധാനങ്ങളുമുണ്ട്. അന്ന് അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ആ ചെറുപ്പക്കാരന്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ തന്നെ ജീവിക്കുമായിരുന്നില്ലേ? നല്ല സ്വഭാവം നല്ല വ്യക്തിത്വത്തെയും ചീത്തസ്വഭാവം ചീത്ത വ്യക്തിത്വത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. മനസ്സുമായിട്ടാണ് സ്വഭാവത്തിന്റെ ബന്ധം. മനസ്സ് നന്നായാല്‍ സ്വഭാവം നന്നാവും. സ്വഭാവം നന്നായാല്‍ ജീവിതം നന്നാവും. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ കെട്ടുറപ്പിനും വിജയത്തിനും ഈ ഗുണങ്ങള്‍ അനിവാര്യമാണ്. ജോയ് പി. ജോണിന്റെ കുടുംബത്തിന്റെ തീരാനഷ്ടം നികത്താവുന്നതല്ല, എങ്കിലും സ്വന്തം മകന്റെ കൈകളാല്‍ കൊല്ലപ്പെടേണ്ടി വന്ന ഒരു പിതാവ് ചെയ്ത തെറ്റ് എന്താണ്? മക്കളെ വളര്‍ത്തി വലുതാക്കിയതോ? അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കിയതോ? ഇങ്ങനെ എത്ര ജോയ് പി. ജോണുമാര്‍ ഇന്ന് അമേരിക്കയില്‍ ജീവിച്ചിരിപ്പുണ്ട്?



Friday, May 27, 2016

ഫോമയോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഇന്ത്യാ പ്രസ്സ് ക്ലബ്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി മാധ്യമങ്ങളുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഇനിമുതല്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്ക (ഫോമ)യുടെ നിലവിലുള്ള നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളുമായി നിസ്സഹകരിക്കാന്‍ തീരുമാനം. ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവിന്റെയും അഡൈ്വസറി ബോര്‍ഡിന്റെയും സംയുക്ത യോഗത്തിലാണ് ഏകകണ്ഠമായി ഈ തീരുമാനമെടുത്തത്. ദേശീയ പ്രസിഡന്റ് ശിവന്‍ മുഹമ്മയുടെയും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യുവിന്റെയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഫോമയുടെ നിലവിലുള്ള നേതൃത്വവുമായുള്ള ബന്ധത്തില്‍ പ്രസ്സ് ക്ലബ്ബിനുണ്ടായിട്ടുള്ള വിള്ളലുകള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

2007-ല്‍ ഹൂസ്റ്റണില്‍ രൂപംകൊണ്ട് നാളിതുവരെ ഫോമായുടെ നേതൃത്വം പ്രസ്സ് ക്ലബ്ബുമായി നിലനിര്‍ത്തിയിരുന്ന പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും ബന്ധമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഫോമയുടെ വരുംകാല നേതൃത്വവുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന് യോഗം പ്രത്യാശിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം 400 ഓളം പത്രക്കുറിപ്പുകളാണ് ഫോമാ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇവയെല്ലാം അതിന്റെ പ്രാധാന്യമനുസരിച്ച് പ്രസിദ്ധീകരിക്കുകയും ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്തത് അമേരിക്കയിലെ മലയാളി മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വിരുദ്ധമായിമയാമിയില്‍ നടക്കുന്ന ഫോമാ ദേശീയ കണ്‍വന്‍ഷനില്‍ നിന്നും അമേരിക്കയിലെ മലയാളി മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും അകറ്റി നിര്‍ത്തുന്ന ഫോമാ നേതൃത്വത്തിന്റെ നിലപാടാണ് നിസ്സഹകരണത്തിനു പ്രധാന കാരണമായിരിക്കുന്നത്.

നാഷണല്‍ എക്‌സിക്യൂട്ടീവിന്റെയും അഡൈ്വസറി ബോര്‍ഡിന്റെയും തീരുമാനം ഇന്ത്യാ പ്രസ്സ് ക്ലബ് ചാപ്റ്ററുകളെ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട് അറിയിക്കുന്നതായിരിക്കും.
ഈ വാര്‍ത്തയില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. കാരണം, ഈ തീരുമാനമെടുത്തവര്‍ തന്നെയാണ് ഫോമയുടെ നിസ്സഹകരണത്തിന് ഉത്തരവാദികള്‍. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനേ ഈ വാര്‍ത്ത കൊണ്ട് ഉപകരിക്കൂ. കൂടാതെ, ആരൊക്കെയോ ഈ സംഘടനയുടെ പേരില്‍ ലാഭമുണ്ടാക്കിയിട്ടുണ്ടെന്നും വ്യക്തം. 

ഇന്ത്യാ പ്രസ് ക്ലബ്ബ് എന്ന് പേരുണ്ടെങ്കിലും അതിലെ അംഗങ്ങള്‍ക്കോ അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ക്കോ യാതൊരു പരിഗണനയും അവര്‍ നല്‍കാറില്ലെന്നതാണ് സത്യം. ഞാന്‍ ഈ സംഘടനയിലെ അംഗമാണ്. കഴിഞ്ഞ 7-8 വര്‍ഷങ്ങളായി നിരവധി പത്രങ്ങള്‍ക്ക് വാര്‍ത്തകളും ലേഖനങ്ങളുമൊക്കെ എഴുതി നല്‍കാറുണ്ട്. നിരവധി സംഘടനകളെ പ്രതിനിധീകരിച്ച് അവര്‍ക്കായി വാര്‍ത്തകള്‍ എഴുതുകയും അത് എല്ലാ പത്രക്കാര്‍ക്കും അയച്ചുകൊടുത്തുമിരുന്നു. ഏതെങ്കിലും പത്രമോ സംഘടനകളോ യാതൊരു പ്രതിഫലവും എനിക്ക് തരാറില്ല (ഫൊക്കാന ഒഴിച്ച്). വര്‍ഷങ്ങളോളം ഞാനിതു തുടാര്‍ന്നുകൊണ്ടിരുന്നു. സാമ്പത്തികമായി യാതൊരു നേട്ടവുമില്ലാത്ത ഈ പണിക്ക് ഞാന്‍ സുല്ലിടാന്‍ തീരുമാനിച്ചത് നാലു വര്‍ഷം മുന്‍പാണ്. 

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം 400 ഓളം പത്രക്കുറിപ്പുകളാണ് ഫോമാ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇവയെല്ലാം അതിന്റെ പ്രാധാന്യമനുസരിച്ച് പ്രസിദ്ധീകരിക്കുകയും ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്തത് അമേരിക്കയിലെ മലയാളി മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണെന്ന് വാര്‍ത്തയില്‍ തന്നെ നിങ്ങള്‍ സമ്മതിക്കുന്നു. എങ്കില്‍ ഫോമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം മേല്പറഞ്ഞ മാധ്യമങ്ങള്‍ക്ക് വീതിച്ചു നല്‍കുകയല്ലേ ചെയ്യേണ്ടത്? പ്രസ് ക്ലബ് അങ്ങനെ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആര്‍ക്കൊക്കെ ഇതിനു മുന്‍പ് നല്‍കിയിട്ടുണ്ട്? ഇല്ലെങ്കില്‍ ഫോമയെപ്പോലെയുള്ള ദേശീയ സംഘടനകളെ ബഹിഷ്ക്കരിക്കുവാന്‍ പ്രസ് ക്ലബ്ബിന് എന്താണ് അധികാരം? 

ഇത്തരുണത്തില്‍ മറ്റൊരു പ്രധാന കാര്യവും അവരോട് ചോദിക്കുകയാണ്. അമേരിക്കയിലെ ആദ്യത്തെ ദേശീയ സംഘടനയായ ഫൊക്കാനയില്‍ നിന്ന് നിങ്ങള്‍ എത്ര പണം (അല്ലെങ്കില്‍ സ്പെഷ്യ ല്‍ പാക്കേജ്) കൈപ്പറ്റി? ആ കണക്ക് എല്ലാവരേയും ബോധിപ്പിക്കേണ്ട സമയമാണിത്. അല്ലെങ്കില്‍ ഇന്ത്യാ പ്രസ് ക്ലബ് വെറുമൊരു പ്രഹസനമാണെന്നേ ജനങ്ങള്‍ കരുതൂ. 

മാധ്യമങ്ങളുടെ കൂട്ടായ്മയാണെന്ന് പറയുന്നതല്ലാതെ അതിലെ അംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ, അവര്‍ പ്രതിനിധീകരിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ നേരിടുന്ന കഷ്ടനഷ്ടങ്ങള്‍ക്കോ നാളിതുവരെ യാതൊരു പരിഗണനയും നല്‍കാന്‍ തയ്യാറാകാത്ത പ്രസ് ക്ലബ്ബ് നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയാണ് ഈ വാര്‍ത്തയില്‍ പ്രതിഫലിച്ചു കാണുന്നത്. നിഷ്പക്ഷതയാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ കാതല്‍. അതറിയാത്തവര്‍ മാധ്യമപ്രവര്‍ത്തനത്തിനിറങ്ങരുത്. സ്വന്തം പല്ലിട കുത്തി മറ്റുള്ളവരെ മണപ്പിച്ചതിനു തുല്യമായി ഈ വാര്‍ത്ത. 

ഓര്‍മ്മകള്‍ മരിക്കുമോ ?

വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ ആ ഗ്രാമപാതയിലൂടെ നടന്നു. തന്റെ വസന്തകാലത്തില്‍ അയാള്‍ക്കു കിട്ടിയ ഒരുപിടി ഓര്‍മ്മകള്‍. ഓര്‍മ്മകള്‍ മരിക്കുന്നില്ല എന്ന സത്യം തന്റെ ജീവിതത്തിലും സത്യമായി ഭവിച്ചു എന്നോര്‍ത്ത് ഒരു നെടുവീര്‍പ്പോടെ അയാള്‍ നടന്നു. നേരിയ നിലാവെളിച്ചത്തിലൂടെ നടക്കുമ്പോള്‍ അയാളുടെ മനസ്സ് ഗതകാലത്തിലേക്ക് ഊളിയിട്ടു. ഗ്രാമപാത അവസാനിക്കുന്ന പുഴയുടെ ഓരത്ത് നിര്‍‌വ്വികാരനായി അയാള്‍ നിന്നു.

അതെ, ഈ പുഴയും പുഴയുടേ തീരവും ... ഇവിടെയാണ് അയാള്‍ കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ കൊണ്ട് പൂമാല കോര്‍ത്തത്. എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു.....മനസ്സുനിറയെ. ഓര്‍മ്മകള്‍ക്ക് മരണമില്ല എന്നയാള്‍ ഓര്‍ത്തു...

ഇരുളും വെളിച്ചവും നിറഞ്ഞ വഴിത്താരകളിലൂടെ പലപ്പോഴായി ചെയ്ത യാത്രകള്‍, വേദനകള്‍ പലപ്പോഴും മനസ്സിനെ കീഴടക്കിയിട്ടുണ്ട്. എന്നിട്ടും അയാള്‍ ജീവിക്കുകയായിരുന്നു. ഏകാന്തമായ ഈ ജീവിതത്തില്‍ കൂട്ടിനു യാത്ര ചെയ്യാന്‍ ഒരുപിടി ഓര്‍മ്മകള്‍ മാത്രം.

സ്വയം ഉരുകുമ്പോഴും തന്റെ മുഖത്ത് ഒരു പ്രസന്നഭാവം നിലനിര്‍ത്തുവാന്‍ അയാള്‍ ശ്രമിച്ചിരുന്നു. വേദനകള്‍ അയാളെ തളര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ കൂടി…. ഇനിയെന്തു ചെയ്യണം എന്നു സ്വയം ചോദിച്ചുകൊണ്ടുള്ള യാത്രകള്‍, ചിന്തകള്‍…!

തന്റെ ജീവിതത്തില്‍ എവിടെയൊക്കെയോ എത്തിപ്പെടണം എന്നയാള്‍ ആഗ്രഹിച്ചിരുന്നു. ജീവിതത്തിലെ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടണം എന്നയാളും ഒരിക്കല്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, ചിലര്‍ക്ക് ചിലത് വിധിച്ചിട്ടുണ്ട്.

വിധിയെന്നത് നമ്മള്‍ സ്വയം വരുത്തി വെയ്ക്കുന്നതാണെന്ന് പലരും ഘോരഘോരം പ്രസംഗിക്കുമ്പോഴും ജീവിതത്തിലെ സംഭവങ്ങള്‍ ഒരാളില്‍ വരുത്തിവെയ്ക്കുന്ന മാറ്റങ്ങളിലൂടെയാണ് ആ വ്യക്തിയുടെ വിധി എഴുതപ്പെടുന്നത് എന്നാണ് അയാളുടെ തത്വം. അതാണ് അയാളുടെ ജീവിതത്തിലും സംഭവിച്ചത് എന്നയാള്‍ക്കു ഉത്തമ ബോധ്യവും ഉണ്ടായിരുന്നു.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ന്യൂയോര്‍ക്കില്‍ വെച്ച് അയാള്‍ അവളെ പരിചയപ്പെടുന്നത്. പോര്‍ട്ട്ചെസ്റ്ററിലെ ഒരു ഷോപ്പിംഗ് മാളില്‍ വെച്ചാണത്. ടി.സി.എസ്സിന്റെ കോണ്‍‌ട്രാക്റ്റില്‍ ലാര്‍സണ്‍ ആന്റ് ടൂബ്രോയില്‍ സോഫ്‌റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന കാലം. ഒരു മദ്ധ്യാഹ്നവേളയില്‍ മാളില്‍ അലസമായി കാഴ്ചകള്‍ കണ്ട് ചുറ്റി നടന്ന അയാളുടെ മുന്‍പില്‍ അവള്‍ വന്നു പെട്ടതറിയാതെ അവളുടെ ദേഹത്തു മുട്ടിയതും കൈയിലിരുന്ന ഷോപ്പിംഗ് ബാഗുകള്‍ അവളില്‍ നിന്ന് താഴെ വീണതും,  ‘സോറി’  പറഞ്ഞ് അവയെല്ലാം എടുത്തുകൊടുത്തതും ഇന്നലെയെന്നപോലെ ഓര്‍മ്മ വരുന്നു.

പിന്നീടൊരു ദിവസം സുഹൃത്തിന്റെ ഭാര്യയെ പിക്കപ്പ് ചെയ്യാന്‍ അവന്റെ കൂടെ അവര്‍ ജോലി ചെയ്യുന്ന പോര്‍ട്ട്‌ചെസ്റ്റര്‍ നഴ്സിംഗ് ഹോമില്‍ വെച്ചാണ് വീണ്ടും അവളെ കാണുന്നത്. അന്ന് ഒരു പുഞ്ചിരി സമ്മാനിച്ച് നടന്നു നീങ്ങിയ അവളെ ആരാധനയോടെ അയാള്‍ നോക്കി നിന്നു. പിന്നീടതൊരു പതിവായി….. എല്ലാറ്റിന്റെയും തുടക്കവും !!

കൂടിക്കാഴ്ചകള്‍ പതിവായപ്പോള്‍ സുഹൃത്ത് വിലക്കി. ‘അനാവശ്യമായ പ്രവണതകള്‍ക്ക് ‘ വളം വെച്ചുകൊടുക്കരുതെന്ന് അവന്‍ ഉപദേശിച്ചു. പക്ഷെ, അവളെക്കുറിച്ചുള്ള ചിന്തകള്‍ അയാളെ മത്തുപിടിപ്പിച്ചു കഴിഞ്ഞിരുന്നു.

വീക്കെന്റുകളില്‍ തമ്മില്‍ കാണാതിരിക്കാന്‍ വയ്യെന്നായത് അയാള്‍ മനസ്സിലാക്കി. അവള്‍ എഴുതിയ കൊച്ചു കൊച്ചു കവിതകള്‍ വായിച്ച് അഭിപ്രായങ്ങള്‍ പറയുന്നത് പതിവാക്കിയതോടെ അവളുടെ എഴുത്തുകളുടെ ഭംഗി അയാളെ അവളിലേക്ക് കൂടുതല്‍ അടുപ്പിച്ചു. അതിലൂടെ അവളുടെ രേഖാചിത്രം തന്റെ മനസ്സിലേക്ക് കോറിയിടുവാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍.

രാത്രികളില്‍ പലപ്പോഴും ഉറങ്ങാതിരുന്ന് അവള്‍ എന്തു ചെയ്യുകയായിരിക്കും എന്നയാള്‍ ചിന്തിച്ചു. വല്ലപ്പോഴും വീണുകിട്ടുന്ന സംഭാഷണങ്ങളിലൂടെ അവളെ കൂടുതല്‍ അറിയാന്‍ അയാള്‍ ശ്രമിച്ചു. എവിടെവെച്ചു കണ്ടാലും ആരാധനയോടെ അയാളവളെ വീക്ഷിക്കുക പതിവായി… തിരിച്ചു അവളും. രാഗാര്‍ദ്രമായൊരു പുഞ്ചിരി സമ്മാനിച്ച് അവള്‍ അയാളുടെ നിഴലിലേക്കു ചേരും.

പിടിതരാതെ ഒഴിഞ്ഞു മാറുന്ന ഒരു തുമ്പിയെപ്പോലെ അവളുടെ മനസ്സ് അയാളില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. ആരോടും പറയാതെ വെച്ച, ആകാശം കാണിക്കാതെ പുസ്തകത്തിന്റെ താളുകളിലെവിടെയോ ഒളിപ്പിച്ചുവെച്ച ഒരു മയില്‍‌പ്പീലിത്തുണ്ടുപോലെ അവളുമായിട്ടുള്ള സൗഹൃദം അയാള്‍ അടുത്ത കൂട്ടുകാരില്‍ നിന്നുപോലും മറച്ചു പിടിച്ചു. പിന്നെയെപ്പോഴോ അവളുമായുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു.

അവളെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ട് അയാള്‍ തന്റെ ജീവിതത്തില്‍ പുതിയ അര്‍ത്ഥതലങ്ങള്‍ തേടി.

വിവാഹിതയാണെന്നറിഞ്ഞിട്ടും അവളെ നേടണമെന്നുതന്നെ അയാള്‍ അതിയായി ആഗ്രഹിച്ച കുറെ നാളുകള്‍. പിന്നെയെപ്പോഴോ തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ അവള്‍ക്ക് മറുപടിയുണ്ടായില്ല. ഒരിക്കലും തന്നെ സ്നേഹിക്കുന്നുണ്ടോ എന്നയാള്‍ അവളോടു ചോദിച്ചിട്ടുമില്ല. പക്ഷേ, അവളുടെ മനസ്സ് അതിനാഗ്രഹിക്കുന്നുണ്ടെന്ന സത്യം അയാള്‍ മനസ്സിലാക്കി.

എങ്ങനേയും പണമുണ്ടാക്കണമെന്ന അത്യാര്‍ത്തിയുമായി നെട്ടോട്ടമോടുന്ന ഭര്‍ത്താവ് അവളുടെ മോഹന സ്വപ്നങ്ങളെ തല്ലിക്കൊഴിച്ചു. അവളുടെ ഇഷ്ടാനിഷ്ടങ്ങളെ മ:നപ്പൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു. ഭര്‍ത്താവിന്റെ നിസ്സംഗത അവളെ അവളില്‍തന്നെ ഒതുക്കി നിര്‍ത്താനുള്ള ബദ്ധപ്പാടിലാണ് ഒരു നിമിത്തമെന്നോണം അയാളുമായി അടുക്കാന്‍ സാഹചര്യമൊരുക്കിയത്.

എന്നത്തേയും പോലെ എവിടെവെച്ചു കണ്ടാലും കുസൃതിച്ചോദ്യങ്ങളുമായി അവളെ ചിരിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. സ്വന്തം ഭര്‍ത്താവിന്റെ മുന്‍പില്‍ തന്റെ അതിരുകവിഞ്ഞ സ്നേഹപ്രകടനങ്ങള്‍ അവള്‍ക്കു മനസ്സിലാകുമെങ്കിലും മനസ്സിലാകാത്തപോലെ നടിക്കുന്നതായിരിക്കുമോ എന്ന ചിന്ത അയാളെ പലപ്പോഴും അസ്വസ്ഥനാക്കി. മനസ്സിലേക്കു ചൂഴ്‌ന്നിറങ്ങുന്ന അവളുടെ അര്‍ത്ഥം വെച്ചുള്ള നോട്ടവും ആംഗ്യഭാഷയും തനിക്കു മനസ്സിലായില്ല എന്നയാള്‍ അഭിനയിക്കും.

തന്റെ ഉള്ളുപിടഞ്ഞാലും അവളെ ചിരിപ്പിക്കുക എന്നത് അയാള്‍ സന്തോഷപൂര്‍‌വ്വം ചെയ്തു തീര്‍ക്കുന്നത് അയാള്‍ക്കൊരു പതിവായി.

ഒരു വിദൂഷകന്റെ റോള്‍ ആടിത്തീര്‍ക്കുന്ന ലാഘവത്തോടെ. നഷ്ടപ്പെടരുതെന്ന് താനും അവളും ആഗ്രഹിച്ച ആ ബന്ധം എന്നോ ഒരിക്കല്‍ മുറിഞ്ഞു. വിധിയായിരിക്കും….!

ഓര്‍മ്മകള്‍ ഇടമുറിയാതെ കടന്നുവന്നുകൊണ്ടിരുന്നു. വീണ്ടും പുഴക്കരയിലേക്ക് അയാള്‍ കണ്ണോടിച്ചു. യാത്രകള്‍ക്കിടയില്‍ താന്‍ ധാരാളം പുഴക്കരകളില്‍ പോയി ഇരുന്നിട്ടുണ്ട്.

ഹഡ്സണ്‍ നദിക്കരയില്‍ നില്‍ക്കുമ്പോള്‍ നഗരത്തിന്റെ വിഹ്വലതകള്‍ മുഴുവന്‍ ഉള്ളിലൊതുക്കി ജീവിതം ജീവിച്ചു തീര്‍ക്കുന്ന ഒരു മഹാനഗരത്തിലെ പെണ്‍കുട്ടിയുടെ അടുത്ത് ഇരിക്കുന്നപോലെയാണ് അയാള്‍ക്ക് തോന്നിയത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് റോച്ചസ്റ്ററിലേക്കുള്ള യാത്രയില്‍ ഹഡ്സണ്‍ നദിയുടെ ഓരം ചേര്‍ന്ന് ആംട്രാക്ക് ട്രെയിന്‍ വേഗത കുറച്ച് ഓടുമ്പോള്‍ സുന്ദരിയായ പെണ്‍കുട്ടിയുടെ വശ്യമായ പുഞ്ചിരിപോലെ സൂര്യപ്രകാശമേറ്റ് നദിയിലെ ഓളങ്ങള്‍ വെട്ടിത്തിളങ്ങുന്ന കാഴ്ച.

കാമുകിയുടെ ചുംബനം ഏറ്റുവാങ്ങി പുളകിതതരളിതമായി വീണ്ടും വീണ്ടും ചുംബനങ്ങള്‍ക്കായി കാത്തിരിക്കുന്ന കാമുകനെപ്പോലെ കരയിലെ മണല്‍ത്തരികള്‍ രോമാഞ്ചം കൊള്ളുന്ന കാഴ്ച !!

പിന്നീടൊരിക്കല്‍ നദിയുടെ മാറിലൂടെ ടാപ്പന്‍സീ ബ്രിഡ്ജ് താണ്ടി അക്കരെയെത്തിയപ്പോള്‍ നദിയിലെ ഓളപ്പരപ്പുകള്‍ അവളുടെ മാറിലൂടെ അലസമായി പടര്‍ന്നു കിടക്കുന്ന കാര്‍കൂന്തലാണെന്നയാള്‍ക്കു തോന്നി.

വിരസത തോന്നുന്ന സന്ധ്യകളില്‍ അവളുടെ സാമീപ്യം അയാള്‍ക്ക് അനിര്‍‌വചനീയമായ ആനന്ദം പകര്‍ന്നു. ജാക്സണ്‍ ഹൈറ്റ്സിലേക്കുള്ള യാത്രയില്‍ പാസഞ്ചര്‍ സീറ്റിലിരുന്ന് അലസമായി പുറത്തേക്കു കണ്ണുകള്‍ പായിച്ച് എന്തോ അഗാധ ചിന്തയിലാണ്ട അവളുടെ കരങ്ങള്‍ പുകര്‍ന്നുകൊണ്ട് അയാള്‍ ചോദിച്ച ചോദ്യത്തിന് അവള്‍ കൊടുത്ത മറുപടിയില്‍ നൈരാശ്യത്തിന്റെ ചുവയുണ്ടായിരുന്നോ?

കൃഷ്ണാ ജ്വല്ലറിയില്‍ നിന്ന് അവള്‍ക്കിഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ സെലക്ട് ചെയ്തപ്പോള്‍ ആ കണ്ണുകളിലെ തിളക്കം അയാള്‍ ശ്രദ്ധിച്ചു. തന്തൂര്‍ പാലസിലെ ഇരുണ്ട വെളിച്ചത്തിലിരുന്ന് ഐസ്‌ക്രീം നുണയുമ്പോള്‍ അവളുടെ വശ്യമായ ശോണിമയാര്‍ന്ന കവിളിണകളില്‍ തെളിഞ്ഞുനിന്ന നുണക്കുഴികള്‍ അയാളില്‍ അനുരാഗത്തിന്റെ വിത്തുകള്‍ വീണ്ടും പാകി.

നൈരാശ്യത്തിന്റേയും ഒറ്റപ്പെടലുകളുടെയും ഇടയിലെവിടെയോ അയാള്‍ സ്വയം തീര്‍ത്ത രക്ഷാകവചമായിരുന്നു അവള്‍...

ലക്ഷ്യങ്ങളിലേക്ക് ഒരു പ്രചോദനമാകാന്‍, അലസതയെ ശാസിക്കാന്‍, മനസ്സു തുറന്ന് ഒന്ന് പശ്ചാത്തപിക്കാന്‍, കുറച്ചു സമയത്തേക്കെങ്കിലും മുഖം മൂടികള്‍ വലിച്ചെറിയാന്‍ …. അവളുടെ സാമീപ്യം അയാള്‍ക്കെന്നും ശക്തി പകര്‍ന്നിരുന്നു.

അകലാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ അവളുമായി അടുക്കാന്‍ സാഹചര്യമൊരുക്കുന്നതും അവളായിരുന്നു. ‘സ്നേഹിക്കാനും അടുത്തറിയാനും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് നിങ്ങളെയാണ്…..’ മുന്തിരിവള്ളിപോലെ അയാളില്‍ ചുറ്റിപ്പടര്‍ന്ന്,  അയാളുടെ ആലിംഗനത്തിലമര്‍ന്ന് ഒരുനാള്‍ അവള്‍ അയാളുടെ ചെവിയില്‍ മന്ത്രിച്ചു.

തന്റെ ബലഹീനതകളെ അവള്‍ സ്നേഹിക്കുന്നതു അയാള്‍ സ്വപ്നം കണ്ടിരുന്നു…. അവളുടെ ഇ-മെയിലുകളില്‍…. ടെലഫോണ്‍ സംഭാഷണങ്ങളില്‍, അയാളുടെ കുസൃതിത്തരങ്ങള്‍ക്ക് തരുന്ന കുസൃതികള്‍ നിറഞ്ഞ മറുപടികളില്‍ എല്ലാം അവളുടെ മനസ്സില്‍ അയാള്‍ക്കുള്ള സ്ഥാനം അയാള്‍ മനസ്സിലാക്കിയിരുന്നു.

മറ്റുള്ളവര്‍ അഹങ്കാരിയായി ചിത്രീകരിച്ചപ്പോഴും ആ വ്യക്തിത്വത്തെ അയാള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തിരിച്ച് അവളും.

താന്‍ ഇത്രയും കാലം കാത്തിരുന്നത് വെറുതെയായില്ല എന്ന തോന്നല്‍…. പുതിയൊരു തുടക്കത്തിലേക്കുള്ള പ്രയാണമായി മനസ്സ് വ്യാപരിച്ചു. തന്നിലെ തന്നെ… മുഖം മൂടിയണിയാത്ത തന്നെ അവള്‍ക്കെപ്പോഴും ഇഷ്ടമാണെന്ന് അറിഞ്ഞ നിമിഷം, അവളെ കോരിയെടുത്ത് മാറോടണയ്ക്കാന്‍ അയാളുടെ മനസ്സ് വെമ്പല്‍ കൊണ്ടു.

മലയാളി അസോസ്സിയേഷന്റെ ക്രിസ്‌മസ് ആഘോഷങ്ങളുടെ തിരക്കുകളിലെപ്പോഴോ വീണുകിട്ടിയ അവസരം പാഴാക്കാതെ അയാളെ അവാഹിക്കാനുള്ള വെമ്പലുകളുടെ സൂചന തന്ന് ഇരുട്ടിന്റെ മറവില്‍ അവള്‍ കാത്തുനിന്നതും ചുടുനിശ്വാസങ്ങള്‍ പരസ്പരം ഏറ്റു വാങ്ങിയതും അയാളെ ഒഴിവാക്കാനല്ല എന്ന് അയാള്‍ മനസ്സിലാക്കി.

ഇരമ്പുന്ന ഒരു കടല്‍ എല്ലാ ഭിത്തികളും തകര്‍ത്ത് ഒരു വേലിയേറ്റം പോലെ ലാര്‍ച്ച്മണ്ടിലെ അയാളുടെ അപ്പാര്‍ട്ട്മെന്റില്‍ ആദ്യം കയറിവന്നത് അവളുടെ രൂപത്തിലായിരുന്നു. ആ വേലിയേറ്റം പതുക്കെ വളര്‍ന്നു വളര്‍ന്ന് പ്രളയമായി മാറിയപ്പോഴേക്കും അവര്‍ പരസ്പരം കുതിര്‍ന്നലിഞ്ഞ് ജലമായിത്തീര്‍ന്നിരുന്നു.

 തിരമാലകളായി, നുരകളും പതകളുമായി പരസ്പരം അലിഞ്ഞുചേര്‍ന്നും ഇഴുകി മാറിയും അവരുടെ ശ്വാസോച്ഛാസങ്ങള്‍ യോജിച്ച് കൊടുങ്കാറ്റുകളായി കടനിനു മീതെ പറന്നു നടന്നു. ഹൃദയമിടിപ്പുകള്‍ യോജിച്ച് ഇടിമുഴക്കങ്ങളായിത്തീര്‍ന്നു. തളര്‍ച്ചയുടെ ആലസ്യത്തിനിടയില്‍ അവള്‍ അയാളുടെ കാതില്‍ മന്ത്രിച്ചു….. ’ഞാനീ നിമിഷം ധന്യയായി….!!’

അയാളുടെ അപ്പാര്‍ട്ട്മെന്റില്‍ അവള്‍ നിത്യ സന്ദര്‍ശകയായതും യാദൃശ്ചികമല്ല എന്നയാള്‍ മനസ്സിലാക്കി. പ്രണയിക്കുന്ന രണ്ടു ഹൃദയങ്ങള്‍ ഒന്നായപ്പോള്‍ അവളിലെ പ്രണയപാരവശ്യം എത്ര അഗാധമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.

അവള്‍ വിവാഹിതയാണെന്നറിഞ്ഞിട്ടും അവളില്‍ ലയിച്ചു ചേരാന്‍ അയാളുടെ മനസ്സ് എപ്പോഴും വെമ്പല്‍ പൂണ്ടു. തന്റെ സാമീപ്യം കൊതിക്കുന്നതുപോലെയുള്ള അവളുടെ നോട്ടവും ഭാവവും പലപ്രാവശ്യം അതിരുവിട്ടു സഞ്ചരിച്ചു. ഒരുപക്ഷേ അയാള്‍ കണ്ടില്ലെന്നു നടിച്ച് കടന്നുപോയ കാലങ്ങളോടുള്ള സ്നേഹപ്രതികാരമാണോ അവളുടെ രൂപത്തില്‍ വന്ന് അയാളെ കീഴടക്കുന്നത്……?

ജീവിതാവസാനം വരെ നമുക്കിങ്ങനെ തുടരാമെന്ന അവളുടെ അഭിലാഷം പൂര്‍ത്തീകരിക്കുന്നതെങ്ങനെ എന്ന് അയാള്‍ വ്യാകുലപ്പെട്ടു. തന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകിയ അവള്‍ക്ക് ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ലെന്നു അയാള്‍ മനസ്സിലാക്കി. അവളുടെ സ്‌ത്രീത്വത്തെ തൊട്ടറിഞ്ഞ നാള്‍ മുതല്‍ അവളയാളുടേതായിക്കഴിഞ്ഞിരുന്നു.

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി അവളുടെ ഭര്‍ത്താവ് ടൂറിലായിരിക്കുന്ന സമയങ്ങളിലെല്ലാം അവരിരുവരും അവരുടേതായ ലോകത്തിലേക്ക് ഊളിയിട്ടു. മധുരാനുഭൂതികള്‍ നുണഞ്ഞാസ്വദിച്ച് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പങ്കിട്ടെടുത്തു. തനിക്കിഷ്ടപ്പെട്ട ആഹാരം വിളമ്പി,  വാത്സല്യത്തോടെ ഊട്ടുകയും തന്റെ ആത്മാവിന്റെ ചൂടു നുകരുകയും ചെയ്ത അവളെ അയാള്‍ക്ക് മറക്കാന്‍ കഴിയാതെയായി.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം ഹാര്‍ട്ട്ഫോര്‍ഡിലെ ലാര്‍സണ്‍ ആന്റ് ടൂബ്രോയിലും വന്നു പതിച്ചു. ഡല്‍ഹിയിലെ അവരുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ച വിവരം അറിഞ്ഞ അവള്‍ നിര്‍‌വ്വികാരയായി നിന്നു. ഒരു സന്ധ്യാസമയത്ത് ഒരിക്കള്‍കൂടി അവളെ കാണാന്‍ പോയി. അവസാനത്തെ കൂടിക്കാഴ്ചയാണെന്നു മനസ്സില്‍ തീരുമാനിച്ചാണ് പോയത്. കാണുമ്പോള്‍ പരസ്പരം ചിരിക്കാന്‍ തന്നെ മറന്നുപോയ രണ്ടുപേര്‍ .

ഗ്ലെന്‍ ഐലന്റ് പാര്‍ക്കില്‍ ഒഴിഞ്ഞ കോണിലെ ബഞ്ചില്‍ അയാളുടെ തോളില്‍ തലചായ്ച്ച് അവള്‍ വിതുമ്പി. നിസ്സഹായനെപ്പോലെ അവളെ തന്നോടു ചേര്‍ത്തിരുത്തി കഴിഞ്ഞുപോയ നല്ല നാളുകളെയോര്‍ത്ത് കുറെനേരം ദു:ഖിച്ചിരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കൂടെയിരിക്കുന്ന ഓരോ നിമിഷവും ഇനി ഏതാനും മിനിറ്റുകള്‍കൂടി മാത്രമേ അവളോടു കൂടിയിരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ഓര്‍മ്മ അയാളെ അലട്ടുന്നുണ്ടായിരുന്നു. ഇനിയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും അതിനു കഴിയില്ലെന്ന സത്യം അവളുടെ വായില്‍നിന്നു കേട്ടതോടെ ജീവിതം നിശ്ചലമായതുപോലെ. പിരിയേണ്ടത് ആവശ്യമാണെന്നു അപ്പോള്‍ അയാള്‍ക്കു തോന്നി.

അയാളുടെ ജീവന്റെ തുടിപ്പ് അവളുടെ ഉദരത്തില്‍ വളരുന്നുണ്ടെന്ന് അവള്‍ പറഞ്ഞ നിമിഷം ഇനി എന്ത് എന്ന ചോദ്യം ഡമോക്ലിസിസിന്റെ വാള്‍ പോലെ തലക്കു മുകളില്‍ തൂങ്ങിയാടി. മുന്നോട്ടുള്ള ജീവിതം എന്താകും എന്ന വ്യഥ അയാളെ വല്ലാതെ അലട്ടി. എങ്ങുമെത്താത്ത ജീവിതത്തിലേക്ക് അവളെക്കൂടി വിളിക്കാന്‍ അയാളുടെ മനസ്സനുവദിച്ചില്ല. എന്തുവന്നാലും ധൈര്യപൂര്‍‌വ്വം നേരിടും എന്ന അവളുടെ ദൃഢനിശ്ചയം അയാളില്‍ ആത്മവിശ്വാസം പകര്‍ന്നു.

ഭര്‍ത്താവറിഞ്ഞാല്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നുറപ്പ്. അതിന്റെ അവസാനം വിവാഹമോചനത്തില്‍ അവസാനിക്കുമെന്നും അവള്‍ക്കറിയാമായിരുന്നു. എല്ലാം നേരിടാനുള്ള അവളുടെ കരുത്ത് അയാളെ തെല്ല് ആശ്ചര്യപ്പെടുത്തി. ഡല്‍ഹിയിലായാലും ഒരുമിച്ചുതന്നെ ജീവിക്കാമെന്ന ശുഭാപ്തി വിശ്വാസം പങ്കിട്ട് യാത്രപറഞ്ഞ് തിരിച്ചുവരുമ്പോള്‍ ഇരുളടഞ്ഞ വഴിയില്‍ ഇനി ആരുണ്ടാവും എന്ന ചോദ്യം വീണ്ടും വീണ്ടും അയാളുടെ മനസ്സില്‍ ഉയര്‍ന്നു വന്നു.

ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യ പറന്നുയരുമ്പോള്‍ അയാളുടെ മനസ്സ് തിരിച്ചു പറക്കുകയായിരുന്നു. പഞ്ഞിക്കെട്ടുപോലെ കെട്ടുപിണഞ്ഞുകിടക്കുന്ന മേഘപാളികള്‍ക്കിടയിലൂടെ……. അങ്ങകലെ പൊട്ടുപോലെ നഗരം അപ്രത്യക്ഷമാകുന്നതുവരെ അയാള്‍ നോക്കിയിരുന്നു.

ആദ്യനാളുകളില്‍ അവളില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന ഇ-മെയിലുകളും ഇന്‍സ്റ്റന്റ് മെസ്സേജുകളും സാവധാനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന ദു:ഖസത്യം അയാളില്‍ വേദനയുളവാക്കിയെങ്കിലും കാലക്രമേണ അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയാളുടെ മനസ്സില്‍ പുകപടലം സൃഷ്ടിക്കുന്നതും അത് പുകച്ചുരുളുകളായി അന്തരീക്ഷത്തില്‍ ലയിക്കുന്നതും അയാള്‍ മനസ്സിലാക്കി.

ഇപ്പോഴിതാ ഈ പുഴയുടെ തീരങ്ങളില്‍ വന്നുനില്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ അവളുടെ വ്യക്തമായ ചിത്രം തെളിഞ്ഞു വരുന്നതുപോലെ തോന്നി. ന്യൂയോര്‍ക്കില്‍ അവളുമായി പങ്കിട്ട രാവുകളും പകലുകളും അയാളില്‍ മധുരാനുഭൂതി പകര്‍ന്നു. അവള്‍ മനസ്സിലാക്കിയപോലെ തന്നെ മനസ്സിലാക്കുന്നത് ഈ പുഴയാണെന്നു അയാള്‍ക്കു തോന്നി. എല്ലാ കാര്യങ്ങളും അയാള്‍ ആ പുഴയുമായി പങ്കുവെയ്ക്കുകയായിരുന്നു.

ഓളങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കുന്നില്ലെങ്കില്‍‌പോലും അയാളെ ആ പുഴ തലോടുകയായിരുന്നു. കാല്പാദങ്ങളെ തൊട്ടൊഴുകുന്ന പുഴ തന്റെ മനസ്സിനെ തൊട്ടറിഞ്ഞപോലെ അയാള്‍ക്കു തോന്നി. ഓര്‍മ്മകള്‍ അപ്പോഴും കൂടെയുണ്ടായിരുന്നു…!

രണ്ടാം വാര്‍ഷികത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം

200 ജന്‍ ഔഷധി സെന്റര്‍, വിവിധ പദ്ധതികള്‍ക്കായി 1000 കോടി, *പ്ലാസ്റ്റിക് ഇന്‍സ്റ്റിറ്റിയൂട്ട് * പ്ലാസ്റ്റിക് പാര്‍ക്ക് * ഫാര്‍മ പാര്‍ക്ക്, സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തില്‍ വന്‍കിട കേന്ദ്ര പദ്ധതികള്‍: കേന്ദ്രമന്ത്രി അനന്തകുമാര്‍

തിരുവനന്തപുരം: സദ്ഭരണം കാഴ്ചവച്ച മോദി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളത്തിന് സമ്മാനമായി വന്‍കിട കേന്ദ്ര പദ്ധതികള്‍.  സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും നൂറുകണക്കിന് ഉദ്യോഗാര്‍ത്തികള്‍ക്കും തൊഴിലവസരം നല്‍കുന്ന മൂന്ന് ബൃഹത് പദ്ധതികള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജി സെന്റര്‍, പ്ലാസ്റ്റിക് പാര്‍ക്ക്, ഫാര്‍മാ പാര്‍ക്ക് എന്നിവ  ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇതിന് പുറമേ കുറഞ്ഞ വിലക്ക് ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്ന 200 ജന്‍ ഔഷധി സെന്ററുകള്‍ കേരളത്തിന് അനുവദിക്കുമെന്നും കേന്ദ്ര മന്ത്രി അനന്തകുമാര്‍ പറഞ്ഞു. 70 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാകുമെന്നതിനാല്‍ പദ്ധതി സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാവും. 100 രൂപയുടെ മരുന്നുകള്‍ക്ക് 30 രൂപ നല്‍കിയാല്‍ മതിയെന്നതാണ് ജന്‍ ഔഷധി കേന്ദ്രത്തിന്റെ പ്രത്യേകത. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തില്‍ രാജ്യത്ത് ഇത്തരത്തിലുള്ള 3000 സെന്ററുകളാണ് ആരംഭിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഘട്ട്, ത്സാര്‍ഖണ്ഡ്, മധ്യപ്രദേശ്, ആസാം എന്നിവിടങ്ങളില്‍ ഇതിനോടകം പദ്ധതി നടപ്പിലാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 സെന്റട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പഌസ്റ്റിക് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയും, പഌസ്റ്റിക് പാര്‍ക്കും, ഫാര്‍മ പാര്‍ക്കും ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഉടനനടി നടപടിയെടുക്കും,  ഇതിന് സ്ഥലം കണ്ടത്തെി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ ഒരുമാസത്തിനകം ധാരണാ പത്രം ഒപ്പുവയ്ക്കും. പഌസ്റ്റിക് പാര്‍ക്കിന് 100 ഏക്കറും ഫാര്‍മ പാര്‍ക്കിന് 200 മുതല്‍ 500 വരെ ഏക്കര്‍ സ്ഥലമാണ് ആവശ്യമായി വരുന്നത്. ഐഐടി മാതൃകയിലാണ് സെന്റട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പഌസ്റ്റിക് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയുടെ സ്ഥാപിക്കുക. പഌസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പഌസ്റ്റിക് പാര്‍ക്ക്. വിവിധ പദ്ധതികള്‍ക്കായി 1000 കോടി രൂപയാണ് പ്രാഥമിക ഘട്ടത്തില്‍ അനുവദിക്കുക. പഌസ്റ്റിക വ്യവസായം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്ക് സ്ഥാപിക്കുന്നത. ആരോഗ്യകാര്‍ഷിക വ്യോമയാന മേഖലകളിലടക്കം പഌസ്റ്റികിന്റെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണിത്. കേരളം വൈദ്യശാസ്ത്ര ഹബ്ബായി വളുരുന്ന പശ്ചാത്തലത്തില്‍ ഫാര്‍മ പാര്‍ക്ക് ഈ മേലഖയുടെ വളര്‍ച്ചക്ക് സഹായകമാകും. മരുന്നുകളുടെ ഉദ്പാദനം, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവയടങ്ങുന്ന വിവിധ സ്ഥാപനങ്ങളാണ് ഫാര്‍മ പാര്‍ക്കില്‍ ഉള്‍പ്പെടുന്നത്. കയറ്റുമതി സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് ഫാര്‍മ പാര്‍ക്ക് രൂപകല്‍പ്പന ചെയ്യുന്നത്.

പാത ഇരട്ടിപ്പിക്കല്‍, വൈദ്യൂതീകരണം, പുതിയ സര്‍വീസുകള്‍ എന്നിങ്ങനെ വിവിദോദ്ദേശ പദ്ധതികള്‍ക്കായി കേരളവും റെയില്‍വേയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തിന് ഏറെ ഉപകാരപ്പെടും. ഫാക്ടിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ 1000 കോടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2008 മുതല്‍ ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും എ.കെ ആന്റണി മുതല്‍ ശശി തരൂര്‍ വരെ മന്ത്രിമാരുണ്ടായിട്ടും അക്കാലത്ത് ഇത് അവഗണിക്കപ്പെടുകയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിന്ന് എട്ടു കേന്ദ്ര മന്ത്രിമാരുണ്ടായിരുന്നു. എന്നിട്ടുപോലും കേരളത്തില്‍ വികസനമെന്തെന്നറിഞ്ഞിട്ടില്ലെന്നും അനന്തകുമാര്‍ പരിസഹിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാക്കളായ വി.മുരളീധരന്‍, ജെ.ആര്‍. പത്മകുമാര്‍, അഡ്വ. എസ്. സുരേഷ് എന്നിവരും പങ്കെടുത്തു.


ബി.ജെ.പി. മീഡിയ സെല്‍ 

Thursday, May 26, 2016

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

കോഴിക്കോട്: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പിന്റെ പ്രകാശനം കാലിക്കറ്റ് ബീച്ച് ഹോട്ടലില്‍ നടന്നു. ഖത്തര്‍ കെ.എം.സി.സി നേതാവും കുറ്റ്യാടി എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല, കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കിയാണ് ഡയറക്ടറി പ്രകാശനം ചെയ്തത്. 

വെബ്‌സൈറ്റ് ലോഞ്ചിംഗ് കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആന്റ് നാഷണല്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. കെ മൊയ്തു നിര്‍വഹിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ ലോഞ്ചിംഗ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിംഗ് കമ്പനി ചെയര്‍മാന്‍ രമേശന്‍ പാലേരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ മീഡിയ പ്ലസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമാനുല്ല വടക്കാങ്ങര, കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷ്, റിയ ട്രാവല്‍സ് ഡയറക്ടര്‍ സാമുവല്‍ തോമസ്, ഇബ്‌റാഹീം ബിന്‍ അബ്ദുല്ല അല്‍ഹെയ്ല്‍ (ഖത്തര്‍), മുഹമ്മദുണ്ണി ഒളകര, ജോസ് ഫിലിപ്പ്, ഖത്തര്‍ ഐ.എം.എഫ് മുന്‍ പ്രസിഡന്റ് അശ്‌റഫ് തൂണേരി, മീഡിയ പ്ലസ് ഇന്ത്യന്‍ ഓപറേഷന്‍സ് മാനേജര്‍ ഷാജു അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

കഴിഞ്ഞ 10 വര്‍ഷത്തോളമായി ഖത്തറില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് സ്‌മോള്‍ ആന്‍ഡ് മീഡിയം മേഖലകളില്‍ വമ്പിച്ച സ്വാധീനമുണ്ടാക്കുവാന്‍ കഴിഞ്ഞതായി ഡയറക്ടറിയുടെ പ്രകാശനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മീഡിയ പ്ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കിലെടുത്താണ് ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചത്. വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി വര്‍ഷം തോറും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്നത് ഡയറക്ടറിയുടെ പ്രചാരത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ടാര്‍ജറ്റഡ് മാര്‍ക്കറ്റിഗിനുള്ള ഇന്‍ട്രാ ഗള്‍ഫ്, ഇന്തോ ഗള്‍ഫ് ബിസിനസ് കോറിഡോറായി ഡയറക്ടറി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. www.gbcdonline.com എന്ന വിലാസത്തില്‍ ഓണ്‍ലൈനിലും ഗൂഗില്‍ പ്ലേ സ്റ്റോറില്‍ gbcd എന്ന വിലാസത്തിലും ഡയറക്ടറി ലഭ്യമാണ്.

പാറക്കലിന്റെ ആദ്യ പൊതുപരിപാടി ഖത്തറില്‍ നിന്നും

കോഴിക്കോട് : എം.എല്‍.എ ആയതിന് ശേഷമുള്ള ആദ്യ പൊതുപരിപാടി മൂന്ന് പതിറ്റാണ്ട് കാലം സാമൂഹിക, സാംസ്‌കാരിക, വ്യാവസായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഖത്തറില്‍ നിന്നുള്ള ഒരു ഡയറക്ടറി പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത് അതീവ സന്തോഷമുണ്ടെന്ന് കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല പറഞ്ഞു. അതും രണ്ട് പതിറ്റാണ്ട് കാലമായി ആത്മബന്ധമുള്ള അമാനുല്ല വടക്കാങ്ങര നേതൃത്വം നല്‍കുന്ന മീഡിയ പ്ളസിന്റെ ഡയറക്ടറി പ്രകാശനം ചെയ്യാന്‍ അവസരം ലഭിച്ചത് ഒരു നിയോഗമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്‌മോള്‍ ആന്റ് മീഡിയം സെക്ടറില്‍ സ്ഥാപനങ്ങളുടെ വിവരങ്ങളുമായി പുറത്തിറങ്ങുന്ന ഡയറക്ടറി തൊഴിലന്വേഷകര്‍ക്കും സംരഭകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഒന്നാണെന്നും ഇന്തോ ഗള്‍ഫ്, ഇന്‍ട്രാ ഗള്‍ഫ് ബിസിനസ് കോറിഡോറായി പ്രവര്‍ത്തിക്കുന്ന ഈ ഡയറക്ടറി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Wednesday, May 25, 2016

ജിഷ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളോ ?

പെരുമ്പാവൂര്‍ രായമംഗലം ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട ഇരിങ്ങോള്‍ ഗ്രാമത്തിലെ നിയമവിദ്യാര്‍ത്ഥിയായിരുന്ന ജിഷ (29 വയസ്സ്) 2016 ഏപ്രില്‍ 28-ന് രാത്രി അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പോലീസിന്റെ അനാസ്ഥ മൂലവും മാധ്യമശ്രദ്ധ പതിയാത്തതിനാലും അധികമാരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സോഷ്യല്‍ മീഡിയകളിലും, നവമാധ്യമങ്ങളിലും ജിഷയ്ക്ക് നീതിയ്ക്കായുള്ള പ്രചരണങ്ങള്‍ ശക്തമായതോടെയാണ് മറ്റു മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തിലെ പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജിഷയുടെ കൊലപാതകം കോളിളക്കമുണ്ടാക്കി. കൊലപാതകം നടന്നുകഴിഞ്ഞ് നാളുകള്‍ കഴിഞ്ഞിട്ടും പോലീസിന് കേസുമായി ബന്ധപ്പെട്ട ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല. പെരിയാര്‍ ബണ്ട് കനാലിന്റെ തിണ്ടയില്‍ പുറമ്പോക്ക് ഭൂമിയില്‍ പണിത ഒരു ഒറ്റമുറി വീട്ടിലാണ് ജിഷയും അമ്മ രാജേശ്വരിയും കഴിഞ്ഞിരുന്നത്. ജോലിക്കു പോയിരുന്ന രാജേശ്വരി രാത്രി 8:30ഓടെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കാണുന്നത്. ശ്വാസം മുട്ടിച്ചും, ക്രൂരമായി മര്‍ദ്ദിച്ചുമാണ് ജിഷയെ കൊലപ്പെടുത്തിയത്. വയറിലും, കഴുത്തിലും, യോനിയിലും ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ തെളിവുകളുണ്ട്. ലൈംഗിക പീഢനം നടന്നതിനുശേഷമാവാം കൊലപാതകം നടന്നിട്ടുള്ളതെന്ന് സാഹചര്യങ്ങള്‍ വെളിവാക്കുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ദേഹത്ത് മുപ്പതിലധികം മുറിവുകളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഡല്‍ഹിയിലെ നിര്‍ഭയ കേസിനു താരതമ്യപ്പെടുത്താവുന്ന രീതിയിലുള്ള കൊലപാതമായിരുന്നു ജിഷയുടേത്. കുടല്‍മാല മുറിഞ്ഞ് കുടല്‍ പുറത്തുവന്ന നിലയിലായിരുന്നെന്നും കത്തി നെഞ്ചില്‍ ആഴത്തില്‍കുത്തിയിറക്കിട്ടുണ്ടായിരുന്നെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലോക്കല്‍ പോലീസിന്റെ അന്വേഷണം ഒരു പ്രഹസനമായിത്തീര്‍ന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരണം ശക്തമാക്കുകയും അതനുസരിച്ച് ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം തുടങ്ങിയത്. പതിനഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുള്ള സംഘത്തില്‍ മൂന്നു ഡി. വൈ. എസ്.പി മാരുണ്ട്. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഏകദേശം 200 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. അയല്‍ക്കാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, കൊലപാതകം നടന്നു എന്നു പറയപ്പെടുന്ന സമയത്ത് ജിഷയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു.

ജിഷക്ക് ഒരു സഹോദരി കൂടിയുണ്ട്. ബേക്കറി ജീവനക്കാരിയായ ദീപ. ദീപയുടെ സുഹൃത്തായിരുന്ന അന്യസംസ്ഥാന തൊഴിലാളിയേയും പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്നു പോലീസ് പറയുന്നു. കഞ്ചാവ് വില്‍പ്പനക്കാരനായിരുന്ന ഇയാള്‍ ജിഷ കൊല്ലപ്പെട്ടതിനുശേഷം ഒളിവില്‍ പോയിരിക്കുകയാണ്. ജിഷക്കു പരിചയമുള്ള ഒരാളായിരിക്കാം കൊലപാതകി എന്നു പോലീസ് നേരത്തേ സൂചിപ്പിച്ചിരുന്നു.

കേസന്വേഷണം എങ്ങുമെത്താത്ത സ്ഥിതിക്കും, പ്രതികളെന്നു സംശയിക്കുന്നവരെ അറസ്റ്റു ചെയ്യാത്തതിലും പ്രതിഷേധിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും, അതു പ്രകാരം പോലീസ് മറ്റു നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. തന്നെയുമല്ല കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. 'ഇനിയൊരു ജിഷ ഇവിടെ ഉണ്ടാകരുത്' എന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയാണ് ഇപ്പോള്‍ അല്പമെങ്കിലും ആശ്വാസം നല്‍കുന്നത്.

ഈ കൊലപാതകത്തില്‍ അന്നത്തെ ഭരണകക്ഷിയായ യു.ഡി.എഫി.ലെ ചില ഉന്നത നേതാക്കളേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. ആ സംശയം ഇപ്പോള്‍ ബലപ്പെടുത്തുന്ന രീതിയിലാണ് സംഭവങ്ങള്‍ മാറിമറിയുന്നത്. കൊല്ലപ്പെട്ട  ജിഷ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഈ ആരോപണവുമായി രംഗത്തെത്തിക്കഴിഞ്ഞു.

ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷത്തോളമായി ഈ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നെന്നും, ഇയാളും ജിഷയുടെ അമ്മയുമായുണ്ടായ ബന്ധത്തില്‍ ജനിച്ചതാണ് ജിഷ എന്നുമാണ് ജോമോന്‍ ആരോപിക്കുന്നത്. ജിഷക്കും ഈ വിവരം അറിയാമായിരുന്നത്രേ ! ജിഷ കൊല്ലപ്പെടുന്നതിനു മുന്‍പ് ഈ നേതാവിന്റെ വീട്ടിലെത്തി സ്വത്തിന്മേല്‍ അവകാശവാദം ഉന്നയിച്ചിരുന്നതായും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിക്കുന്നു. എന്നാല്‍ ഈ നേതാവ് ജിഷയ്ക്ക് സ്വത്തില്‍ അവകാശം നല്‍കിയില്ലെന്നു മാത്രമല്ല, ജിഷയെ ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. തുടര്‍ന്ന് പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തുമെന്ന് ജിഷ ഇയാളെ ഭീഷണിപ്പെടുത്തി. ഈ സംഭവത്തിന് ശേഷമാണ് ജിഷ അതിദാരുണമായും മൃഗീയമായും കൊല്ലപ്പെട്ടതെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ പ്രമുഖന്റെ പേര് വ്യക്തമാക്കുന്നില്ല.

പിണറായി വിജയന് നല്‍കിയ പരാതി ജോമോന്‍ തന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ടില്‍ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണെന്നും ജോമോന്‍ ആരോപിക്കുന്നു. രാജ്യത്തെ നടുക്കിയ കൊലക്കേസ്സായിട്ടുപോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തതെന്നും ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാന്‍ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

പോസ്റ്റുമോര്‍ട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു, കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാന്‍ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീല്‍ ചെയ്തില്ല, വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനിടയായി തുടങ്ങിയ ആരോപണങ്ങളും പരാതിയില്‍ ജോമോന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോപണ വിധേയനായ ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ ശുപാര്‍ശയില്‍ നിയമിതരായ കുറുപ്പുംപടി എസ്.ഐയും സി.ഐയും ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണ സംഘത്തില്‍ മുഴുവന്‍ തെളിവും നശിപ്പിക്കാന്‍ കൂട്ടുനിന്നിരുന്നു. വീഴ്ചവരുത്തിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പൊലീസ് എഡിജിപി ശ്രീമതി ബി സന്ധ്യയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ തന്റെ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരുണത്തില്‍ കേരളത്തില്‍ നടന്ന അതിക്രൂരമായ മറ്റൊരു കൊലപാതകവും ഓര്‍മ്മ വരുന്നു. 2011 ഫെബ്രുവരി ഒന്നിന് ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട സൗമ്യ എന്ന പെണ്‍‌കുട്ടി കേരള ജനതയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. എറണാകുളത്തുള്ള ഒരു ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായിരുന്ന സൗമ്യ ഷൊര്‍ണൂലെ വീട്ടിലേക്ക് പോകുകയായിരുന്നു. അവള്‍ യാത്ര ചെയ്തിരുന്ന ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് അവള്‍ ആക്രമിക്കപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദച്ചാമി എന്നയാള്‍ സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു.

തൃശൂര്‍ അതിവേഗ കോടതിയില്‍ നടന്ന ഈ കേസിന്റെ വിചാരണയില്‍ പ്രതിയ്ക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന 15 കുറ്റങ്ങളില്‍ കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയവ സംശയാതീതമായി തെളിഞ്ഞിരിക്കുന്നതായി വെളിപ്പെടുത്തിയ ജഡ്ജി രവീന്ദ്രബാബു പ്രസ്താവിച്ചു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണിതെന്ന് കോടതി കണ്ടെത്തി. 2011 നവംബര്‍ 11 ന് പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു.

തൃശ്ശൂര്‍ അതിവേഗ കോടതിയില്‍ പതിനൊന്നു ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്നു കരുതിയ വിചാരണ നടപടികള്‍ അഞ്ചുമാസം കൊണ്ടാണ് പൂര്‍ത്തിയായത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ആകെ 82 സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചത്. നാല്‍പ്പതിമൂന്നോളം തൊണ്ടിയും 101 രേഖകളും കേസിലേക്കായി കോടതിയില്‍ സമര്‍പ്പിച്ചു. ക്രൂരനായ ഗോവിന്ദച്ചാമിക്ക് നിയമസഹായങ്ങളും മറ്റും നല്‍കാന്‍ ബോംബെയില്‍ നിന്നുമാണ് അഭിഭാഷകര്‍ കോടത്തിയില്‍ എത്തിയതെന്നു കേട്ടപ്പോള്‍ ജനം നെറ്റി ചുളിച്ചു. സ്വാധീനം പല വിധത്തിലും ക്രിമിനലുകള്‍ക്ക് സഹായവുമായി എത്തുന്നതാണ് രാജ്യത്ത് അക്രമങ്ങളും കൊലപാതകങ്ങളും പെരുകുന്നത്.

ജിഷയുടെ കൊലപാതകം ഭരണസ്വാധീനം ഉപയോഗിച്ച് തേച്ചുമായ്ച്ചു കളയാന്‍ ശ്രമങ്ങള്‍ നടത്തിയവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ടത് നിയമപാലകരാണ്. വേലിതന്നെ വിളവു തിന്നുന്ന പ്രവണത അവസാനിപ്പിച്ച് ഇതുപോലുള്ള ക്രൂര പ്രവൃത്തികള്‍ ചെയ്തവരേയും ചെയ്യിച്ചവരേയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരികയും അവര്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കുകയും ചെയ്തെങ്കില്‍ മാത്രമേ കേരളം "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പേരിന് അര്‍ഹയാകൂ.