ജന്മസ്വദേശമായ ചെങ്ങന്നൂരില്‍ വെച്ചാണ് പിതാവിനെ വെടിവച്ചുകൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചുകളഞ്ഞതെന്ന് വാര്‍ത്തകളില്‍ പറയുന്നു. മകനുമായുള്ള സ്വത്തുതര്‍ക്കമെന്ന് സൂചനയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. മെയ് 25 മുതലാണ് ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ ജോയ്.വി. ജോണിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ ഷെറിന്‍.വി.ജോണ്‍ ഇപ്പോള്‍ പോലീസ് പിടിയിലാണ്. ഇന്ത്യയില്‍ സൈനികസേവനം പൂര്‍ത്തിയാക്കിയ ജോയ് ഭാര്യ ടെക്‌സസില്‍ നഴ്‌സായിരുന്നതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങോട്ടു താമസം മാറ്റുകയായിരുന്നു. ഇവരുടെ മൂന്നു മക്കളില്‍ രണ്ടു പേര്‍ അമേരിക്കയിലും പിടിയിലായ മകന്‍ ഷെറിന്‍ കേരളത്തിലുമാണ് താമസിക്കുന്നത്. മുന്‍പ് അമേരിക്കയിലായിരുന്ന ഷെറിന്റെ ദുര്‍നടപ്പ് കാരണം ടെക്സസില്‍ നിന്ന് ഡിപ്പോര്‍ട്ട് (നാടുകടത്തല്‍) ചെയ്യുകയായിരുന്നു എന്നും സംസാരമുണ്ട്. തുടര്‍ന്ന് കേരളത്തിലെത്തിയ ഐടി വിദഗ്ധനായ ഷെറിന്‍ ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു .
ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിനു സമീപത്തെ ഇവരുടെ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ രക്തം പുരണ്ട ചെരിപ്പും ചുമരില്‍ രക്തക്കറയും മാംസാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. നഗരമധ്യത്തിലെ ഈ ഗോഡൗണിന്റെ ഒരു ഭാഗത്ത് ഭിത്തിയില്‍ രക്തം ചീറ്റിത്തെറിച്ച നിലയിലായിരുന്നു. തുണികള്‍ കൂട്ടിയിട്ടാണു പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇവിടെനിന്നു ലഭിച്ച ചെരുപ്പും ഷര്‍ട്ടിന്റെ ഒരു ബട്ടണും ഭര്‍ത്താവിന്റേതാണെന്നു മറിയാമ്മ തിരിച്ചറിഞ്ഞു. ഇതോടെയാണ് ജോയി ജോണ്‍ കൊല ചെയ്യപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കോട്ടയത്തെ ലോഡ്ജില്‍ നിന്നു മെയ് 26 രാത്രിയോടെ മകനെ പിടികൂടിയത്. ജോയ് വി. ജോണിന്റെ ദുരൂഹമായ തിരോധാനം കൊലപാതകമാണെന്ന സംശയം പൊലീസിനു ബലപ്പെട്ടതു പിടിയിലായ മകന്‍ അമ്മ മറിയാമ്മയോടു പറഞ്ഞ കാര്യങ്ങളായിരുന്നു.
മെയ് 25 മുതലാണു ജേണിനെയും മകന്‍ ഷെറിനെയും കാണാതായത്. 26 രാവിലെ എട്ടരയോടെയാണു മറിയാമ്മയുടെ ഫോണിലേക്കു ഷെറിന്റെ വിളിയെത്തിയത്. തലേന്നു രാത്രി മുതല്‍ കാണാതായതിന്റെ വിഷമത്താല്‍ അമ്മയെന്തെങ്കിലും പറയുന്നതിനു മുന്‍പേ മകന്‍ പറഞ്ഞതു ഞെട്ടിക്കുന്ന വാക്കുകളായിരുന്നു. ‘സ്വത്തിനെച്ചൊല്ലി അച്ഛനുമായി വഴക്കുണ്ടായി, എന്നെ തോക്കെടുത്തു വെടിവയ്ക്കാനൊരുങ്ങിയപ്പോള്‍ പിടിച്ചു വാങ്ങി തിരികെ വെടിവച്ചു’. ഇതു കേട്ടതിന്റെ ആഘാതത്തില്‍ സ്തബ്ധയായി നിന്ന മറിയാമ്മ സമനില വീണ്ടെടുക്കുന്നതിനു മുന്‍പേ ഷെറിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയി. ഈ ഫോണ്‍ സന്ദേശം സംബന്ധിച്ച മറിയാമ്മയുടെ മൊഴിയാണു കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഇതേത്തുടര്‍ന്നാണു പൊലീസ് ആ വഴിക്ക് അന്വേഷണം നടത്തിയതും ഷെറിനെ കസ്റ്റഡിയിലെടുത്തതും.
25നു രാവിലെ കാറിന്റെ എസി നന്നാക്കാനാണു ജോയിയും മകനും തിരുവനന്തപുരത്തേക്കു പോയത്. വൈകിട്ടു നാലരയ്ക്കു തിരിച്ചു മുളക്കുഴയില്‍ എത്തിയപ്പോള്‍ ഭാര്യ ജോയിയെ വിളിച്ചിരുന്നു. എന്നാല്‍ ഇതിനിടെ സ്വത്തു സംബന്ധിച്ചു അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതു വെടിവയ്പില്‍ കലാശിക്കുകയും ചെയ്തുവെന്നാണു കരുതുന്നത്. തോക്ക് ജോയിയുടേതാണെന്നു പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് ഇവരുടെ ഗോഡൗണിന്റെ താക്കോല്‍ മറ്റൊരു കടക്കാരനില്‍ നിന്നു ഷെറിന്‍ വാങ്ങിച്ചിരുന്നു. ഇതു തിരിച്ചു നല്‍കിയിട്ടില്ല. നാട്ടില്‍ താമസിക്കുന്ന മകന്‍ ബന്ധുക്കളുമായി അകല്‍ച്ചയിലായിരുന്നു. ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്നു ഭാര്യ മറിയാമ്മ 26ന് ആണു പൊലീസില്‍ പരാതി നല്‍കിയത്. 25നു തിരുവനന്തപുരത്തു പോയ ഇരുവരും തിരിച്ചു വീട്ടില്‍ എത്തിയില്ലെന്നായിരുന്നു പരാതി. തന്റെ ഭര്‍ത്താവിനു ഈ രീതിയിലുള്ള ഒരു ദുരന്തമാണ് സംഭവിച്ചതെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഭര്‍ത്താവ് മകനാലാണ് കൊല്ലപെട്ടതെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് ആ അമ്മ ഇപ്പോഴും.
സ്വന്തം പിതാവിനെ വെടിവെച്ചു കൊല്ലാന്‍ ഷെറിനെ പ്രേരിപ്പിച്ചതെന്ത്?
നാട്ടിലെ കോടികളുടെ സമ്പാദ്യങ്ങള്‍ ധൂര്‍ത്തടിക്കാന്‍ വിട്ടുകൊടുക്കാത്തതാണ് പിതാവിനെ കൊലചെയ്യാന്‍ കാരണമെന്ന് സംശയിക്കുന്നു . ചെങ്ങന്നൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സ്വത്ത് വീതം വയ്ക്കല്‍ സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കത്തിലാകുകയും പിതാവിനെ മകന്‍ വെടിവച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ:
ചാരനിറത്തിലുള്ള കെ.എല്‍ 2-ടി 5550 സ്‌കോഡ കാറില്‍ തിരുവനന്തപുരത്തുപോയ ഇവര്‍ ഉച്ചയ്ക്കു 12.30-ന് ഷോറൂമില്‍ നിന്നു മടങ്ങി. വൈകിട്ട് 4.30-നു മറിയാമ്മ വിളിച്ചപ്പോള്‍ ചെങ്ങന്നൂരിനു സമീപം മുളക്കുഴയിലെത്തിയെന്ന് ജോയി മറുപടി നല്‍കിയെങ്കിലും രാത്രിയായിട്ടും വീട്ടിലെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു.
ഡിവൈ.എസ്‌പി: കെ.ആര്‍. ശിവസുതന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ സിഐ അജയ്‌നാഥ്, മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ട് എസ്.ഐമാരടങ്ങുന്ന 22 അംഗ പൊലീസ് സംഘവും എസ്‌പിയുടെ സ്പെഷല്‍ സ്‌ക്വാഡുമാണ് അന്വേഷണം നടത്തുന്നത്. ജോയിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പമ്പാനദിയില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം രണ്ടു സ്പീഡ് ബോട്ടുകളിലായി ആറാട്ടുപുഴ മുതല്‍ നെടുമുടി വരെ രാത്രി വൈകിയും തെരച്ചില്‍ നടത്തിയിരുന്നു.
ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. അമേരിക്കയില്‍ കുടുംബവുമായി താമസിക്കുന്ന മലയാളികളില്‍ എത്ര പേര്‍ സ്വന്തം ആണ്‍/പെണ്‍ മക്കളുമായി പൊരുത്തക്കേടില്‍ ജീവിക്കുന്നുണ്ടെന്ന ഒരു സര്‍വ്വേ നടത്തിയാല്‍ ഒരുപക്ഷേ ഇതുപോലുള്ള ഷെറിന്‍മാരേയും ജോയിമാരേയും കാണാന്‍ സാധിച്ചേക്കും. സമൂഹ ജീവിയായ മനുഷ്യന് പൊതു സമൂഹത്തിന്റെ ആദരവും അംഗീകാരവും നേടിക്കൊടുക്കുന്നതും പൊതു സമൂഹം ഒരാളെ തിരസ്കരിക്കപ്പെടുന്നതും അയാളുടെ സ്വഭാവം കൂടി മാനദണ്ഡമാക്കിയാണ്. ഓരോ വ്യക്തിയെയും വ്യത്യസ്തമാക്കുന്നത് അവരുടെ രൂപം കൊണ്ട് മാത്രമല്ല, അവരുടെ സ്വഭാവവും വ്യക്തിത്വവും കൊണ്ട് കൂടിയാണ്. എങ്ങിനെയാണ് നമ്മളില്‍ നല്ല സ്വഭാവം ഉണ്ടാകുന്നത്, നല്ല സ്വഭാവം നമ്മുടെ ജീവിതത്തില്‍ ഉണ്ടായില്ലെങ്കില്‍ അതുകൊണ്ട് നമുക്കുണ്ടാവുന്ന ദോഷങ്ങള്‍ എന്തൊക്കെയാണ് എന്ന് അവനവന്‍ തന്നെ അറിഞ്ഞിരിക്കേണ്ടതാണ്. ടെക്സസില്‍ മാതാപിതാക്കളോടൊപ്പം ജീവിച്ചിരുന്ന ഷെറിന്‍ എന്ന ചെറുപ്പക്കാരനെ നാട്ടിലേക്ക് തിരിച്ചയക്കേണ്ടി വന്ന സാഹചര്യം എന്താണെന്ന് ആര്‍ക്കും അറിയില്ല. ഇവിടെ സ്വഭാവദൂഷ്യത്തോടെ ജീവിച്ച വ്യക്തിയാണോ ഈ ഷെറിന്‍. മാതാപിതാക്കളേയും സഹോദരന്മാരേയും വിട്ട് 2003 മുതല്‍ കേരളത്തില്‍ ജീവിക്കേണ്ടി വന്നത് എന്തുകൊണ്ട്?
ഷെറിന്റെ സഹോദരന്‍ ഡോക്ടറാണെന്ന് പറയുന്നു. ഷെറിന്‍ ഐ.ടി. വിദഗ്ധനും.. അങ്ങനെയൊരു വ്യക്തിക്ക് അമേരിക്കയില്‍ തന്നെ നല്ല ജീവിതം ലഭിക്കുമായിരുന്നില്ലേ? കോടികളുടെ ആസ്ഥി നാട്ടില്‍ ഉള്ള പിതാവിനെ ആ സ്വത്ത് കൈക്കലാക്കാന്‍ കൊലപ്പെടുത്തി എന്നത് അവിശ്വസനീയമായി തോന്നുന്നു. 36-കാരനായ ഷെറിന്‍ 2003 മുതല്‍ കേരളത്തിലായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അമേരിക്ക വിടുമ്പോള്‍ 23 വയസ്സ് മാത്രമേ പ്രായമുള്ളൂ. ഈ പ്രായത്തില്‍ പല ചെറുപ്പക്കാരും വഴിവിട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. 'ദുര്‍നടപ്പ്' കാരണം അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് പോയി എന്ന് എന്നു കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ ഷെറിനെ ദുര്‍നടപ്പില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നില്ലേ? അമേരിക്കയില്‍ അതിനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്. അന്ന് അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ആ ചെറുപ്പക്കാരന്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ തന്നെ ജീവിക്കുമായിരുന്നില്ലേ? നല്ല സ്വഭാവം നല്ല വ്യക്തിത്വത്തെയും ചീത്തസ്വഭാവം ചീത്ത വ്യക്തിത്വത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. മനസ്സുമായിട്ടാണ് സ്വഭാവത്തിന്റെ ബന്ധം. മനസ്സ് നന്നായാല്‍ സ്വഭാവം നന്നാവും. സ്വഭാവം നന്നായാല്‍ ജീവിതം നന്നാവും. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ കെട്ടുറപ്പിനും വിജയത്തിനും ഈ ഗുണങ്ങള്‍ അനിവാര്യമാണ്. ജോയ് പി. ജോണിന്റെ കുടുംബത്തിന്റെ തീരാനഷ്ടം നികത്താവുന്നതല്ല, എങ്കിലും സ്വന്തം മകന്റെ കൈകളാല്‍ കൊല്ലപ്പെടേണ്ടി വന്ന ഒരു പിതാവ് ചെയ്ത തെറ്റ് എന്താണ്? മക്കളെ വളര്‍ത്തി വലുതാക്കിയതോ? അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കിയതോ? ഇങ്ങനെ എത്ര ജോയ് പി. ജോണുമാര്‍ ഇന്ന് അമേരിക്കയില്‍ ജീവിച്ചിരിപ്പുണ്ട്?
താങ്കള്‍ എഴുതിയത് വെറും കേട്ടറിവുകൾ മാത്രം, സത്യം എന്തെന്ന് അറിയാതെ ഇങ്ങനെ അഭിപ്രായം പറയുന്നത് ശരിയല്ല .
ReplyDeleteഅപ്പോള്‍ ജോയ് ജോണിനെ മകന്‍ കൊലപ്പെടുത്തിയില്ലേ? അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ലോകമൊട്ടാകെ വന്ന പത്രവാര്‍ത്തകള്‍ തെറ്റായിരുന്നോ? എങ്കില്‍ അതിന്റെ നിജസ്ഥിതി അറിയാന്‍ താല്പര്യമുണ്ട്.
ReplyDelete