Friday, May 27, 2016

ഓര്‍മ്മകള്‍ മരിക്കുമോ ?

വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ ആ ഗ്രാമപാതയിലൂടെ നടന്നു. തന്റെ വസന്തകാലത്തില്‍ അയാള്‍ക്കു കിട്ടിയ ഒരുപിടി ഓര്‍മ്മകള്‍. ഓര്‍മ്മകള്‍ മരിക്കുന്നില്ല എന്ന സത്യം തന്റെ ജീവിതത്തിലും സത്യമായി ഭവിച്ചു എന്നോര്‍ത്ത് ഒരു നെടുവീര്‍പ്പോടെ അയാള്‍ നടന്നു. നേരിയ നിലാവെളിച്ചത്തിലൂടെ നടക്കുമ്പോള്‍ അയാളുടെ മനസ്സ് ഗതകാലത്തിലേക്ക് ഊളിയിട്ടു. ഗ്രാമപാത അവസാനിക്കുന്ന പുഴയുടെ ഓരത്ത് നിര്‍‌വ്വികാരനായി അയാള്‍ നിന്നു.

അതെ, ഈ പുഴയും പുഴയുടേ തീരവും ... ഇവിടെയാണ് അയാള്‍ കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ കൊണ്ട് പൂമാല കോര്‍ത്തത്. എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു.....മനസ്സുനിറയെ. ഓര്‍മ്മകള്‍ക്ക് മരണമില്ല എന്നയാള്‍ ഓര്‍ത്തു...

ഇരുളും വെളിച്ചവും നിറഞ്ഞ വഴിത്താരകളിലൂടെ പലപ്പോഴായി ചെയ്ത യാത്രകള്‍, വേദനകള്‍ പലപ്പോഴും മനസ്സിനെ കീഴടക്കിയിട്ടുണ്ട്. എന്നിട്ടും അയാള്‍ ജീവിക്കുകയായിരുന്നു. ഏകാന്തമായ ഈ ജീവിതത്തില്‍ കൂട്ടിനു യാത്ര ചെയ്യാന്‍ ഒരുപിടി ഓര്‍മ്മകള്‍ മാത്രം.

സ്വയം ഉരുകുമ്പോഴും തന്റെ മുഖത്ത് ഒരു പ്രസന്നഭാവം നിലനിര്‍ത്തുവാന്‍ അയാള്‍ ശ്രമിച്ചിരുന്നു. വേദനകള്‍ അയാളെ തളര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ കൂടി…. ഇനിയെന്തു ചെയ്യണം എന്നു സ്വയം ചോദിച്ചുകൊണ്ടുള്ള യാത്രകള്‍, ചിന്തകള്‍…!

തന്റെ ജീവിതത്തില്‍ എവിടെയൊക്കെയോ എത്തിപ്പെടണം എന്നയാള്‍ ആഗ്രഹിച്ചിരുന്നു. ജീവിതത്തിലെ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടണം എന്നയാളും ഒരിക്കല്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, ചിലര്‍ക്ക് ചിലത് വിധിച്ചിട്ടുണ്ട്.

വിധിയെന്നത് നമ്മള്‍ സ്വയം വരുത്തി വെയ്ക്കുന്നതാണെന്ന് പലരും ഘോരഘോരം പ്രസംഗിക്കുമ്പോഴും ജീവിതത്തിലെ സംഭവങ്ങള്‍ ഒരാളില്‍ വരുത്തിവെയ്ക്കുന്ന മാറ്റങ്ങളിലൂടെയാണ് ആ വ്യക്തിയുടെ വിധി എഴുതപ്പെടുന്നത് എന്നാണ് അയാളുടെ തത്വം. അതാണ് അയാളുടെ ജീവിതത്തിലും സംഭവിച്ചത് എന്നയാള്‍ക്കു ഉത്തമ ബോധ്യവും ഉണ്ടായിരുന്നു.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ന്യൂയോര്‍ക്കില്‍ വെച്ച് അയാള്‍ അവളെ പരിചയപ്പെടുന്നത്. പോര്‍ട്ട്ചെസ്റ്ററിലെ ഒരു ഷോപ്പിംഗ് മാളില്‍ വെച്ചാണത്. ടി.സി.എസ്സിന്റെ കോണ്‍‌ട്രാക്റ്റില്‍ ലാര്‍സണ്‍ ആന്റ് ടൂബ്രോയില്‍ സോഫ്‌റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന കാലം. ഒരു മദ്ധ്യാഹ്നവേളയില്‍ മാളില്‍ അലസമായി കാഴ്ചകള്‍ കണ്ട് ചുറ്റി നടന്ന അയാളുടെ മുന്‍പില്‍ അവള്‍ വന്നു പെട്ടതറിയാതെ അവളുടെ ദേഹത്തു മുട്ടിയതും കൈയിലിരുന്ന ഷോപ്പിംഗ് ബാഗുകള്‍ അവളില്‍ നിന്ന് താഴെ വീണതും,  ‘സോറി’  പറഞ്ഞ് അവയെല്ലാം എടുത്തുകൊടുത്തതും ഇന്നലെയെന്നപോലെ ഓര്‍മ്മ വരുന്നു.

പിന്നീടൊരു ദിവസം സുഹൃത്തിന്റെ ഭാര്യയെ പിക്കപ്പ് ചെയ്യാന്‍ അവന്റെ കൂടെ അവര്‍ ജോലി ചെയ്യുന്ന പോര്‍ട്ട്‌ചെസ്റ്റര്‍ നഴ്സിംഗ് ഹോമില്‍ വെച്ചാണ് വീണ്ടും അവളെ കാണുന്നത്. അന്ന് ഒരു പുഞ്ചിരി സമ്മാനിച്ച് നടന്നു നീങ്ങിയ അവളെ ആരാധനയോടെ അയാള്‍ നോക്കി നിന്നു. പിന്നീടതൊരു പതിവായി….. എല്ലാറ്റിന്റെയും തുടക്കവും !!

കൂടിക്കാഴ്ചകള്‍ പതിവായപ്പോള്‍ സുഹൃത്ത് വിലക്കി. ‘അനാവശ്യമായ പ്രവണതകള്‍ക്ക് ‘ വളം വെച്ചുകൊടുക്കരുതെന്ന് അവന്‍ ഉപദേശിച്ചു. പക്ഷെ, അവളെക്കുറിച്ചുള്ള ചിന്തകള്‍ അയാളെ മത്തുപിടിപ്പിച്ചു കഴിഞ്ഞിരുന്നു.

വീക്കെന്റുകളില്‍ തമ്മില്‍ കാണാതിരിക്കാന്‍ വയ്യെന്നായത് അയാള്‍ മനസ്സിലാക്കി. അവള്‍ എഴുതിയ കൊച്ചു കൊച്ചു കവിതകള്‍ വായിച്ച് അഭിപ്രായങ്ങള്‍ പറയുന്നത് പതിവാക്കിയതോടെ അവളുടെ എഴുത്തുകളുടെ ഭംഗി അയാളെ അവളിലേക്ക് കൂടുതല്‍ അടുപ്പിച്ചു. അതിലൂടെ അവളുടെ രേഖാചിത്രം തന്റെ മനസ്സിലേക്ക് കോറിയിടുവാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍.

രാത്രികളില്‍ പലപ്പോഴും ഉറങ്ങാതിരുന്ന് അവള്‍ എന്തു ചെയ്യുകയായിരിക്കും എന്നയാള്‍ ചിന്തിച്ചു. വല്ലപ്പോഴും വീണുകിട്ടുന്ന സംഭാഷണങ്ങളിലൂടെ അവളെ കൂടുതല്‍ അറിയാന്‍ അയാള്‍ ശ്രമിച്ചു. എവിടെവെച്ചു കണ്ടാലും ആരാധനയോടെ അയാളവളെ വീക്ഷിക്കുക പതിവായി… തിരിച്ചു അവളും. രാഗാര്‍ദ്രമായൊരു പുഞ്ചിരി സമ്മാനിച്ച് അവള്‍ അയാളുടെ നിഴലിലേക്കു ചേരും.

പിടിതരാതെ ഒഴിഞ്ഞു മാറുന്ന ഒരു തുമ്പിയെപ്പോലെ അവളുടെ മനസ്സ് അയാളില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. ആരോടും പറയാതെ വെച്ച, ആകാശം കാണിക്കാതെ പുസ്തകത്തിന്റെ താളുകളിലെവിടെയോ ഒളിപ്പിച്ചുവെച്ച ഒരു മയില്‍‌പ്പീലിത്തുണ്ടുപോലെ അവളുമായിട്ടുള്ള സൗഹൃദം അയാള്‍ അടുത്ത കൂട്ടുകാരില്‍ നിന്നുപോലും മറച്ചു പിടിച്ചു. പിന്നെയെപ്പോഴോ അവളുമായുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു.

അവളെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ട് അയാള്‍ തന്റെ ജീവിതത്തില്‍ പുതിയ അര്‍ത്ഥതലങ്ങള്‍ തേടി.

വിവാഹിതയാണെന്നറിഞ്ഞിട്ടും അവളെ നേടണമെന്നുതന്നെ അയാള്‍ അതിയായി ആഗ്രഹിച്ച കുറെ നാളുകള്‍. പിന്നെയെപ്പോഴോ തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ അവള്‍ക്ക് മറുപടിയുണ്ടായില്ല. ഒരിക്കലും തന്നെ സ്നേഹിക്കുന്നുണ്ടോ എന്നയാള്‍ അവളോടു ചോദിച്ചിട്ടുമില്ല. പക്ഷേ, അവളുടെ മനസ്സ് അതിനാഗ്രഹിക്കുന്നുണ്ടെന്ന സത്യം അയാള്‍ മനസ്സിലാക്കി.

എങ്ങനേയും പണമുണ്ടാക്കണമെന്ന അത്യാര്‍ത്തിയുമായി നെട്ടോട്ടമോടുന്ന ഭര്‍ത്താവ് അവളുടെ മോഹന സ്വപ്നങ്ങളെ തല്ലിക്കൊഴിച്ചു. അവളുടെ ഇഷ്ടാനിഷ്ടങ്ങളെ മ:നപ്പൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു. ഭര്‍ത്താവിന്റെ നിസ്സംഗത അവളെ അവളില്‍തന്നെ ഒതുക്കി നിര്‍ത്താനുള്ള ബദ്ധപ്പാടിലാണ് ഒരു നിമിത്തമെന്നോണം അയാളുമായി അടുക്കാന്‍ സാഹചര്യമൊരുക്കിയത്.

എന്നത്തേയും പോലെ എവിടെവെച്ചു കണ്ടാലും കുസൃതിച്ചോദ്യങ്ങളുമായി അവളെ ചിരിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. സ്വന്തം ഭര്‍ത്താവിന്റെ മുന്‍പില്‍ തന്റെ അതിരുകവിഞ്ഞ സ്നേഹപ്രകടനങ്ങള്‍ അവള്‍ക്കു മനസ്സിലാകുമെങ്കിലും മനസ്സിലാകാത്തപോലെ നടിക്കുന്നതായിരിക്കുമോ എന്ന ചിന്ത അയാളെ പലപ്പോഴും അസ്വസ്ഥനാക്കി. മനസ്സിലേക്കു ചൂഴ്‌ന്നിറങ്ങുന്ന അവളുടെ അര്‍ത്ഥം വെച്ചുള്ള നോട്ടവും ആംഗ്യഭാഷയും തനിക്കു മനസ്സിലായില്ല എന്നയാള്‍ അഭിനയിക്കും.

തന്റെ ഉള്ളുപിടഞ്ഞാലും അവളെ ചിരിപ്പിക്കുക എന്നത് അയാള്‍ സന്തോഷപൂര്‍‌വ്വം ചെയ്തു തീര്‍ക്കുന്നത് അയാള്‍ക്കൊരു പതിവായി.

ഒരു വിദൂഷകന്റെ റോള്‍ ആടിത്തീര്‍ക്കുന്ന ലാഘവത്തോടെ. നഷ്ടപ്പെടരുതെന്ന് താനും അവളും ആഗ്രഹിച്ച ആ ബന്ധം എന്നോ ഒരിക്കല്‍ മുറിഞ്ഞു. വിധിയായിരിക്കും….!

ഓര്‍മ്മകള്‍ ഇടമുറിയാതെ കടന്നുവന്നുകൊണ്ടിരുന്നു. വീണ്ടും പുഴക്കരയിലേക്ക് അയാള്‍ കണ്ണോടിച്ചു. യാത്രകള്‍ക്കിടയില്‍ താന്‍ ധാരാളം പുഴക്കരകളില്‍ പോയി ഇരുന്നിട്ടുണ്ട്.

ഹഡ്സണ്‍ നദിക്കരയില്‍ നില്‍ക്കുമ്പോള്‍ നഗരത്തിന്റെ വിഹ്വലതകള്‍ മുഴുവന്‍ ഉള്ളിലൊതുക്കി ജീവിതം ജീവിച്ചു തീര്‍ക്കുന്ന ഒരു മഹാനഗരത്തിലെ പെണ്‍കുട്ടിയുടെ അടുത്ത് ഇരിക്കുന്നപോലെയാണ് അയാള്‍ക്ക് തോന്നിയത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് റോച്ചസ്റ്ററിലേക്കുള്ള യാത്രയില്‍ ഹഡ്സണ്‍ നദിയുടെ ഓരം ചേര്‍ന്ന് ആംട്രാക്ക് ട്രെയിന്‍ വേഗത കുറച്ച് ഓടുമ്പോള്‍ സുന്ദരിയായ പെണ്‍കുട്ടിയുടെ വശ്യമായ പുഞ്ചിരിപോലെ സൂര്യപ്രകാശമേറ്റ് നദിയിലെ ഓളങ്ങള്‍ വെട്ടിത്തിളങ്ങുന്ന കാഴ്ച.

കാമുകിയുടെ ചുംബനം ഏറ്റുവാങ്ങി പുളകിതതരളിതമായി വീണ്ടും വീണ്ടും ചുംബനങ്ങള്‍ക്കായി കാത്തിരിക്കുന്ന കാമുകനെപ്പോലെ കരയിലെ മണല്‍ത്തരികള്‍ രോമാഞ്ചം കൊള്ളുന്ന കാഴ്ച !!

പിന്നീടൊരിക്കല്‍ നദിയുടെ മാറിലൂടെ ടാപ്പന്‍സീ ബ്രിഡ്ജ് താണ്ടി അക്കരെയെത്തിയപ്പോള്‍ നദിയിലെ ഓളപ്പരപ്പുകള്‍ അവളുടെ മാറിലൂടെ അലസമായി പടര്‍ന്നു കിടക്കുന്ന കാര്‍കൂന്തലാണെന്നയാള്‍ക്കു തോന്നി.

വിരസത തോന്നുന്ന സന്ധ്യകളില്‍ അവളുടെ സാമീപ്യം അയാള്‍ക്ക് അനിര്‍‌വചനീയമായ ആനന്ദം പകര്‍ന്നു. ജാക്സണ്‍ ഹൈറ്റ്സിലേക്കുള്ള യാത്രയില്‍ പാസഞ്ചര്‍ സീറ്റിലിരുന്ന് അലസമായി പുറത്തേക്കു കണ്ണുകള്‍ പായിച്ച് എന്തോ അഗാധ ചിന്തയിലാണ്ട അവളുടെ കരങ്ങള്‍ പുകര്‍ന്നുകൊണ്ട് അയാള്‍ ചോദിച്ച ചോദ്യത്തിന് അവള്‍ കൊടുത്ത മറുപടിയില്‍ നൈരാശ്യത്തിന്റെ ചുവയുണ്ടായിരുന്നോ?

കൃഷ്ണാ ജ്വല്ലറിയില്‍ നിന്ന് അവള്‍ക്കിഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ സെലക്ട് ചെയ്തപ്പോള്‍ ആ കണ്ണുകളിലെ തിളക്കം അയാള്‍ ശ്രദ്ധിച്ചു. തന്തൂര്‍ പാലസിലെ ഇരുണ്ട വെളിച്ചത്തിലിരുന്ന് ഐസ്‌ക്രീം നുണയുമ്പോള്‍ അവളുടെ വശ്യമായ ശോണിമയാര്‍ന്ന കവിളിണകളില്‍ തെളിഞ്ഞുനിന്ന നുണക്കുഴികള്‍ അയാളില്‍ അനുരാഗത്തിന്റെ വിത്തുകള്‍ വീണ്ടും പാകി.

നൈരാശ്യത്തിന്റേയും ഒറ്റപ്പെടലുകളുടെയും ഇടയിലെവിടെയോ അയാള്‍ സ്വയം തീര്‍ത്ത രക്ഷാകവചമായിരുന്നു അവള്‍...

ലക്ഷ്യങ്ങളിലേക്ക് ഒരു പ്രചോദനമാകാന്‍, അലസതയെ ശാസിക്കാന്‍, മനസ്സു തുറന്ന് ഒന്ന് പശ്ചാത്തപിക്കാന്‍, കുറച്ചു സമയത്തേക്കെങ്കിലും മുഖം മൂടികള്‍ വലിച്ചെറിയാന്‍ …. അവളുടെ സാമീപ്യം അയാള്‍ക്കെന്നും ശക്തി പകര്‍ന്നിരുന്നു.

അകലാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ അവളുമായി അടുക്കാന്‍ സാഹചര്യമൊരുക്കുന്നതും അവളായിരുന്നു. ‘സ്നേഹിക്കാനും അടുത്തറിയാനും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് നിങ്ങളെയാണ്…..’ മുന്തിരിവള്ളിപോലെ അയാളില്‍ ചുറ്റിപ്പടര്‍ന്ന്,  അയാളുടെ ആലിംഗനത്തിലമര്‍ന്ന് ഒരുനാള്‍ അവള്‍ അയാളുടെ ചെവിയില്‍ മന്ത്രിച്ചു.

തന്റെ ബലഹീനതകളെ അവള്‍ സ്നേഹിക്കുന്നതു അയാള്‍ സ്വപ്നം കണ്ടിരുന്നു…. അവളുടെ ഇ-മെയിലുകളില്‍…. ടെലഫോണ്‍ സംഭാഷണങ്ങളില്‍, അയാളുടെ കുസൃതിത്തരങ്ങള്‍ക്ക് തരുന്ന കുസൃതികള്‍ നിറഞ്ഞ മറുപടികളില്‍ എല്ലാം അവളുടെ മനസ്സില്‍ അയാള്‍ക്കുള്ള സ്ഥാനം അയാള്‍ മനസ്സിലാക്കിയിരുന്നു.

മറ്റുള്ളവര്‍ അഹങ്കാരിയായി ചിത്രീകരിച്ചപ്പോഴും ആ വ്യക്തിത്വത്തെ അയാള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തിരിച്ച് അവളും.

താന്‍ ഇത്രയും കാലം കാത്തിരുന്നത് വെറുതെയായില്ല എന്ന തോന്നല്‍…. പുതിയൊരു തുടക്കത്തിലേക്കുള്ള പ്രയാണമായി മനസ്സ് വ്യാപരിച്ചു. തന്നിലെ തന്നെ… മുഖം മൂടിയണിയാത്ത തന്നെ അവള്‍ക്കെപ്പോഴും ഇഷ്ടമാണെന്ന് അറിഞ്ഞ നിമിഷം, അവളെ കോരിയെടുത്ത് മാറോടണയ്ക്കാന്‍ അയാളുടെ മനസ്സ് വെമ്പല്‍ കൊണ്ടു.

മലയാളി അസോസ്സിയേഷന്റെ ക്രിസ്‌മസ് ആഘോഷങ്ങളുടെ തിരക്കുകളിലെപ്പോഴോ വീണുകിട്ടിയ അവസരം പാഴാക്കാതെ അയാളെ അവാഹിക്കാനുള്ള വെമ്പലുകളുടെ സൂചന തന്ന് ഇരുട്ടിന്റെ മറവില്‍ അവള്‍ കാത്തുനിന്നതും ചുടുനിശ്വാസങ്ങള്‍ പരസ്പരം ഏറ്റു വാങ്ങിയതും അയാളെ ഒഴിവാക്കാനല്ല എന്ന് അയാള്‍ മനസ്സിലാക്കി.

ഇരമ്പുന്ന ഒരു കടല്‍ എല്ലാ ഭിത്തികളും തകര്‍ത്ത് ഒരു വേലിയേറ്റം പോലെ ലാര്‍ച്ച്മണ്ടിലെ അയാളുടെ അപ്പാര്‍ട്ട്മെന്റില്‍ ആദ്യം കയറിവന്നത് അവളുടെ രൂപത്തിലായിരുന്നു. ആ വേലിയേറ്റം പതുക്കെ വളര്‍ന്നു വളര്‍ന്ന് പ്രളയമായി മാറിയപ്പോഴേക്കും അവര്‍ പരസ്പരം കുതിര്‍ന്നലിഞ്ഞ് ജലമായിത്തീര്‍ന്നിരുന്നു.

 തിരമാലകളായി, നുരകളും പതകളുമായി പരസ്പരം അലിഞ്ഞുചേര്‍ന്നും ഇഴുകി മാറിയും അവരുടെ ശ്വാസോച്ഛാസങ്ങള്‍ യോജിച്ച് കൊടുങ്കാറ്റുകളായി കടനിനു മീതെ പറന്നു നടന്നു. ഹൃദയമിടിപ്പുകള്‍ യോജിച്ച് ഇടിമുഴക്കങ്ങളായിത്തീര്‍ന്നു. തളര്‍ച്ചയുടെ ആലസ്യത്തിനിടയില്‍ അവള്‍ അയാളുടെ കാതില്‍ മന്ത്രിച്ചു….. ’ഞാനീ നിമിഷം ധന്യയായി….!!’

അയാളുടെ അപ്പാര്‍ട്ട്മെന്റില്‍ അവള്‍ നിത്യ സന്ദര്‍ശകയായതും യാദൃശ്ചികമല്ല എന്നയാള്‍ മനസ്സിലാക്കി. പ്രണയിക്കുന്ന രണ്ടു ഹൃദയങ്ങള്‍ ഒന്നായപ്പോള്‍ അവളിലെ പ്രണയപാരവശ്യം എത്ര അഗാധമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.

അവള്‍ വിവാഹിതയാണെന്നറിഞ്ഞിട്ടും അവളില്‍ ലയിച്ചു ചേരാന്‍ അയാളുടെ മനസ്സ് എപ്പോഴും വെമ്പല്‍ പൂണ്ടു. തന്റെ സാമീപ്യം കൊതിക്കുന്നതുപോലെയുള്ള അവളുടെ നോട്ടവും ഭാവവും പലപ്രാവശ്യം അതിരുവിട്ടു സഞ്ചരിച്ചു. ഒരുപക്ഷേ അയാള്‍ കണ്ടില്ലെന്നു നടിച്ച് കടന്നുപോയ കാലങ്ങളോടുള്ള സ്നേഹപ്രതികാരമാണോ അവളുടെ രൂപത്തില്‍ വന്ന് അയാളെ കീഴടക്കുന്നത്……?

ജീവിതാവസാനം വരെ നമുക്കിങ്ങനെ തുടരാമെന്ന അവളുടെ അഭിലാഷം പൂര്‍ത്തീകരിക്കുന്നതെങ്ങനെ എന്ന് അയാള്‍ വ്യാകുലപ്പെട്ടു. തന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകിയ അവള്‍ക്ക് ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ലെന്നു അയാള്‍ മനസ്സിലാക്കി. അവളുടെ സ്‌ത്രീത്വത്തെ തൊട്ടറിഞ്ഞ നാള്‍ മുതല്‍ അവളയാളുടേതായിക്കഴിഞ്ഞിരുന്നു.

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി അവളുടെ ഭര്‍ത്താവ് ടൂറിലായിരിക്കുന്ന സമയങ്ങളിലെല്ലാം അവരിരുവരും അവരുടേതായ ലോകത്തിലേക്ക് ഊളിയിട്ടു. മധുരാനുഭൂതികള്‍ നുണഞ്ഞാസ്വദിച്ച് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പങ്കിട്ടെടുത്തു. തനിക്കിഷ്ടപ്പെട്ട ആഹാരം വിളമ്പി,  വാത്സല്യത്തോടെ ഊട്ടുകയും തന്റെ ആത്മാവിന്റെ ചൂടു നുകരുകയും ചെയ്ത അവളെ അയാള്‍ക്ക് മറക്കാന്‍ കഴിയാതെയായി.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം ഹാര്‍ട്ട്ഫോര്‍ഡിലെ ലാര്‍സണ്‍ ആന്റ് ടൂബ്രോയിലും വന്നു പതിച്ചു. ഡല്‍ഹിയിലെ അവരുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ച വിവരം അറിഞ്ഞ അവള്‍ നിര്‍‌വ്വികാരയായി നിന്നു. ഒരു സന്ധ്യാസമയത്ത് ഒരിക്കള്‍കൂടി അവളെ കാണാന്‍ പോയി. അവസാനത്തെ കൂടിക്കാഴ്ചയാണെന്നു മനസ്സില്‍ തീരുമാനിച്ചാണ് പോയത്. കാണുമ്പോള്‍ പരസ്പരം ചിരിക്കാന്‍ തന്നെ മറന്നുപോയ രണ്ടുപേര്‍ .

ഗ്ലെന്‍ ഐലന്റ് പാര്‍ക്കില്‍ ഒഴിഞ്ഞ കോണിലെ ബഞ്ചില്‍ അയാളുടെ തോളില്‍ തലചായ്ച്ച് അവള്‍ വിതുമ്പി. നിസ്സഹായനെപ്പോലെ അവളെ തന്നോടു ചേര്‍ത്തിരുത്തി കഴിഞ്ഞുപോയ നല്ല നാളുകളെയോര്‍ത്ത് കുറെനേരം ദു:ഖിച്ചിരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കൂടെയിരിക്കുന്ന ഓരോ നിമിഷവും ഇനി ഏതാനും മിനിറ്റുകള്‍കൂടി മാത്രമേ അവളോടു കൂടിയിരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ഓര്‍മ്മ അയാളെ അലട്ടുന്നുണ്ടായിരുന്നു. ഇനിയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും അതിനു കഴിയില്ലെന്ന സത്യം അവളുടെ വായില്‍നിന്നു കേട്ടതോടെ ജീവിതം നിശ്ചലമായതുപോലെ. പിരിയേണ്ടത് ആവശ്യമാണെന്നു അപ്പോള്‍ അയാള്‍ക്കു തോന്നി.

അയാളുടെ ജീവന്റെ തുടിപ്പ് അവളുടെ ഉദരത്തില്‍ വളരുന്നുണ്ടെന്ന് അവള്‍ പറഞ്ഞ നിമിഷം ഇനി എന്ത് എന്ന ചോദ്യം ഡമോക്ലിസിസിന്റെ വാള്‍ പോലെ തലക്കു മുകളില്‍ തൂങ്ങിയാടി. മുന്നോട്ടുള്ള ജീവിതം എന്താകും എന്ന വ്യഥ അയാളെ വല്ലാതെ അലട്ടി. എങ്ങുമെത്താത്ത ജീവിതത്തിലേക്ക് അവളെക്കൂടി വിളിക്കാന്‍ അയാളുടെ മനസ്സനുവദിച്ചില്ല. എന്തുവന്നാലും ധൈര്യപൂര്‍‌വ്വം നേരിടും എന്ന അവളുടെ ദൃഢനിശ്ചയം അയാളില്‍ ആത്മവിശ്വാസം പകര്‍ന്നു.

ഭര്‍ത്താവറിഞ്ഞാല്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നുറപ്പ്. അതിന്റെ അവസാനം വിവാഹമോചനത്തില്‍ അവസാനിക്കുമെന്നും അവള്‍ക്കറിയാമായിരുന്നു. എല്ലാം നേരിടാനുള്ള അവളുടെ കരുത്ത് അയാളെ തെല്ല് ആശ്ചര്യപ്പെടുത്തി. ഡല്‍ഹിയിലായാലും ഒരുമിച്ചുതന്നെ ജീവിക്കാമെന്ന ശുഭാപ്തി വിശ്വാസം പങ്കിട്ട് യാത്രപറഞ്ഞ് തിരിച്ചുവരുമ്പോള്‍ ഇരുളടഞ്ഞ വഴിയില്‍ ഇനി ആരുണ്ടാവും എന്ന ചോദ്യം വീണ്ടും വീണ്ടും അയാളുടെ മനസ്സില്‍ ഉയര്‍ന്നു വന്നു.

ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യ പറന്നുയരുമ്പോള്‍ അയാളുടെ മനസ്സ് തിരിച്ചു പറക്കുകയായിരുന്നു. പഞ്ഞിക്കെട്ടുപോലെ കെട്ടുപിണഞ്ഞുകിടക്കുന്ന മേഘപാളികള്‍ക്കിടയിലൂടെ……. അങ്ങകലെ പൊട്ടുപോലെ നഗരം അപ്രത്യക്ഷമാകുന്നതുവരെ അയാള്‍ നോക്കിയിരുന്നു.

ആദ്യനാളുകളില്‍ അവളില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന ഇ-മെയിലുകളും ഇന്‍സ്റ്റന്റ് മെസ്സേജുകളും സാവധാനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന ദു:ഖസത്യം അയാളില്‍ വേദനയുളവാക്കിയെങ്കിലും കാലക്രമേണ അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയാളുടെ മനസ്സില്‍ പുകപടലം സൃഷ്ടിക്കുന്നതും അത് പുകച്ചുരുളുകളായി അന്തരീക്ഷത്തില്‍ ലയിക്കുന്നതും അയാള്‍ മനസ്സിലാക്കി.

ഇപ്പോഴിതാ ഈ പുഴയുടെ തീരങ്ങളില്‍ വന്നുനില്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ അവളുടെ വ്യക്തമായ ചിത്രം തെളിഞ്ഞു വരുന്നതുപോലെ തോന്നി. ന്യൂയോര്‍ക്കില്‍ അവളുമായി പങ്കിട്ട രാവുകളും പകലുകളും അയാളില്‍ മധുരാനുഭൂതി പകര്‍ന്നു. അവള്‍ മനസ്സിലാക്കിയപോലെ തന്നെ മനസ്സിലാക്കുന്നത് ഈ പുഴയാണെന്നു അയാള്‍ക്കു തോന്നി. എല്ലാ കാര്യങ്ങളും അയാള്‍ ആ പുഴയുമായി പങ്കുവെയ്ക്കുകയായിരുന്നു.

ഓളങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കുന്നില്ലെങ്കില്‍‌പോലും അയാളെ ആ പുഴ തലോടുകയായിരുന്നു. കാല്പാദങ്ങളെ തൊട്ടൊഴുകുന്ന പുഴ തന്റെ മനസ്സിനെ തൊട്ടറിഞ്ഞപോലെ അയാള്‍ക്കു തോന്നി. ഓര്‍മ്മകള്‍ അപ്പോഴും കൂടെയുണ്ടായിരുന്നു…!

No comments:

Post a Comment