Friday, May 27, 2016

ഫോമയോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഇന്ത്യാ പ്രസ്സ് ക്ലബ്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി മാധ്യമങ്ങളുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഇനിമുതല്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്ക (ഫോമ)യുടെ നിലവിലുള്ള നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളുമായി നിസ്സഹകരിക്കാന്‍ തീരുമാനം. ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവിന്റെയും അഡൈ്വസറി ബോര്‍ഡിന്റെയും സംയുക്ത യോഗത്തിലാണ് ഏകകണ്ഠമായി ഈ തീരുമാനമെടുത്തത്. ദേശീയ പ്രസിഡന്റ് ശിവന്‍ മുഹമ്മയുടെയും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യുവിന്റെയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഫോമയുടെ നിലവിലുള്ള നേതൃത്വവുമായുള്ള ബന്ധത്തില്‍ പ്രസ്സ് ക്ലബ്ബിനുണ്ടായിട്ടുള്ള വിള്ളലുകള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

2007-ല്‍ ഹൂസ്റ്റണില്‍ രൂപംകൊണ്ട് നാളിതുവരെ ഫോമായുടെ നേതൃത്വം പ്രസ്സ് ക്ലബ്ബുമായി നിലനിര്‍ത്തിയിരുന്ന പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും ബന്ധമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഫോമയുടെ വരുംകാല നേതൃത്വവുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന് യോഗം പ്രത്യാശിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം 400 ഓളം പത്രക്കുറിപ്പുകളാണ് ഫോമാ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇവയെല്ലാം അതിന്റെ പ്രാധാന്യമനുസരിച്ച് പ്രസിദ്ധീകരിക്കുകയും ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്തത് അമേരിക്കയിലെ മലയാളി മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വിരുദ്ധമായിമയാമിയില്‍ നടക്കുന്ന ഫോമാ ദേശീയ കണ്‍വന്‍ഷനില്‍ നിന്നും അമേരിക്കയിലെ മലയാളി മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും അകറ്റി നിര്‍ത്തുന്ന ഫോമാ നേതൃത്വത്തിന്റെ നിലപാടാണ് നിസ്സഹകരണത്തിനു പ്രധാന കാരണമായിരിക്കുന്നത്.

നാഷണല്‍ എക്‌സിക്യൂട്ടീവിന്റെയും അഡൈ്വസറി ബോര്‍ഡിന്റെയും തീരുമാനം ഇന്ത്യാ പ്രസ്സ് ക്ലബ് ചാപ്റ്ററുകളെ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട് അറിയിക്കുന്നതായിരിക്കും.
ഈ വാര്‍ത്തയില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. കാരണം, ഈ തീരുമാനമെടുത്തവര്‍ തന്നെയാണ് ഫോമയുടെ നിസ്സഹകരണത്തിന് ഉത്തരവാദികള്‍. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനേ ഈ വാര്‍ത്ത കൊണ്ട് ഉപകരിക്കൂ. കൂടാതെ, ആരൊക്കെയോ ഈ സംഘടനയുടെ പേരില്‍ ലാഭമുണ്ടാക്കിയിട്ടുണ്ടെന്നും വ്യക്തം. 

ഇന്ത്യാ പ്രസ് ക്ലബ്ബ് എന്ന് പേരുണ്ടെങ്കിലും അതിലെ അംഗങ്ങള്‍ക്കോ അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ക്കോ യാതൊരു പരിഗണനയും അവര്‍ നല്‍കാറില്ലെന്നതാണ് സത്യം. ഞാന്‍ ഈ സംഘടനയിലെ അംഗമാണ്. കഴിഞ്ഞ 7-8 വര്‍ഷങ്ങളായി നിരവധി പത്രങ്ങള്‍ക്ക് വാര്‍ത്തകളും ലേഖനങ്ങളുമൊക്കെ എഴുതി നല്‍കാറുണ്ട്. നിരവധി സംഘടനകളെ പ്രതിനിധീകരിച്ച് അവര്‍ക്കായി വാര്‍ത്തകള്‍ എഴുതുകയും അത് എല്ലാ പത്രക്കാര്‍ക്കും അയച്ചുകൊടുത്തുമിരുന്നു. ഏതെങ്കിലും പത്രമോ സംഘടനകളോ യാതൊരു പ്രതിഫലവും എനിക്ക് തരാറില്ല (ഫൊക്കാന ഒഴിച്ച്). വര്‍ഷങ്ങളോളം ഞാനിതു തുടാര്‍ന്നുകൊണ്ടിരുന്നു. സാമ്പത്തികമായി യാതൊരു നേട്ടവുമില്ലാത്ത ഈ പണിക്ക് ഞാന്‍ സുല്ലിടാന്‍ തീരുമാനിച്ചത് നാലു വര്‍ഷം മുന്‍പാണ്. 

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം 400 ഓളം പത്രക്കുറിപ്പുകളാണ് ഫോമാ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇവയെല്ലാം അതിന്റെ പ്രാധാന്യമനുസരിച്ച് പ്രസിദ്ധീകരിക്കുകയും ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്തത് അമേരിക്കയിലെ മലയാളി മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണെന്ന് വാര്‍ത്തയില്‍ തന്നെ നിങ്ങള്‍ സമ്മതിക്കുന്നു. എങ്കില്‍ ഫോമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം മേല്പറഞ്ഞ മാധ്യമങ്ങള്‍ക്ക് വീതിച്ചു നല്‍കുകയല്ലേ ചെയ്യേണ്ടത്? പ്രസ് ക്ലബ് അങ്ങനെ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആര്‍ക്കൊക്കെ ഇതിനു മുന്‍പ് നല്‍കിയിട്ടുണ്ട്? ഇല്ലെങ്കില്‍ ഫോമയെപ്പോലെയുള്ള ദേശീയ സംഘടനകളെ ബഹിഷ്ക്കരിക്കുവാന്‍ പ്രസ് ക്ലബ്ബിന് എന്താണ് അധികാരം? 

ഇത്തരുണത്തില്‍ മറ്റൊരു പ്രധാന കാര്യവും അവരോട് ചോദിക്കുകയാണ്. അമേരിക്കയിലെ ആദ്യത്തെ ദേശീയ സംഘടനയായ ഫൊക്കാനയില്‍ നിന്ന് നിങ്ങള്‍ എത്ര പണം (അല്ലെങ്കില്‍ സ്പെഷ്യ ല്‍ പാക്കേജ്) കൈപ്പറ്റി? ആ കണക്ക് എല്ലാവരേയും ബോധിപ്പിക്കേണ്ട സമയമാണിത്. അല്ലെങ്കില്‍ ഇന്ത്യാ പ്രസ് ക്ലബ് വെറുമൊരു പ്രഹസനമാണെന്നേ ജനങ്ങള്‍ കരുതൂ. 

മാധ്യമങ്ങളുടെ കൂട്ടായ്മയാണെന്ന് പറയുന്നതല്ലാതെ അതിലെ അംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ, അവര്‍ പ്രതിനിധീകരിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ നേരിടുന്ന കഷ്ടനഷ്ടങ്ങള്‍ക്കോ നാളിതുവരെ യാതൊരു പരിഗണനയും നല്‍കാന്‍ തയ്യാറാകാത്ത പ്രസ് ക്ലബ്ബ് നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയാണ് ഈ വാര്‍ത്തയില്‍ പ്രതിഫലിച്ചു കാണുന്നത്. നിഷ്പക്ഷതയാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ കാതല്‍. അതറിയാത്തവര്‍ മാധ്യമപ്രവര്‍ത്തനത്തിനിറങ്ങരുത്. സ്വന്തം പല്ലിട കുത്തി മറ്റുള്ളവരെ മണപ്പിച്ചതിനു തുല്യമായി ഈ വാര്‍ത്ത. 

No comments:

Post a Comment