2019 മാർച്ച് 8, വെള്ളിയാഴ്‌ച

മതസഹിഷ്ണുത ഇന്ത്യയിലോ അതോ പാക്കിസ്താനിലോ?

ഹിന്ദുക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ പാക്കിസ്താന്‍ പഞ്ചാബ് പ്രവിശ്യയിലെ സാംസ്ക്കാരിക വകുപ്പു  മന്ത്രി ഫയ്യാസുല്‍ ഹസന്‍ ചോഹാനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയ വിവരം ലോകം കേട്ടത് അത്ഭുതത്തോടെയാണ്.  കഴിഞ്ഞ മാസം ഒരു വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് ഹിന്ദുക്കള്‍ പശുമൂത്രം കുടിക്കുന്നവരാണെന്ന് മന്ത്രി പരാമര്‍ശം നടത്തിയത്. മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് പാക്കിസ്താനിലെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നത്.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിഷയത്തില്‍ ഇടപെടുകയും മന്ത്രിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല, മന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ സ്വന്തം പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫിന്റെ നേതാവു കൂടിയായ ഫയ്യാസുല്‍ ഹസന്‍ ചോഹാനെ പ്രധാനമന്ത്രി പുറത്താക്കുകയായിരുന്നു.

ഫയ്യാസിനെതിരെ നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയകാര്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പെഷ്യല്‍ അസിസ്റ്റന്റ് ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിവേകരഹിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ വെച്ചു പൊറുപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഈ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് പാക്കിസ്താനിലെ മനുഷ്യാവകാശ  വകുപ്പ് മന്ത്രി ഷെറെന്‍ മസാരി ഉൾപ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു.

പാക്കിസ്താനിലെ ന്യൂനപക്ഷ ഹിന്ദു സമുദായക്കാരെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല ഫയ്യാസ് നടത്തിയ പരാമര്‍ശം, മറിച്ച് എല്ലാ ഹിന്ദുക്കളെയും ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്നാണ് മനുഷ്യാവകാശ വകുപ്പ് മന്ത്രി വിലയിരുത്തിയത്. ആരുടെയെങ്കിലും മതവിശ്വാസം ദുര്‍വിനിയോഗം ചെയ്യുന്നതല്ല പാക്കിസ്താന്റെ പാരമ്പര്യം. സഹിഷ്ണുതയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത രാജ്യമാണ് പാക്കിസ്താന്‍ എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രിയെ പുറത്താക്കിയ വിവരം അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി തെഹ്രീക്കെ ഇ ഇന്‍സാഫും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ലോകത്തെ അറിയിച്ചത്. ഒരു മത രാഷ്ട്രമായ പാക്കിസ്താനില്‍ നിന്ന് ഇത്തരമൊരു തീരുമാനമുണ്ടായതിന് സ്വാഭാവികമായും വലിയ സ്വീകാര്യത ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ലഭിക്കുകയും ചെയ്തു. ലോക മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പുല്‍‌വാമ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും നടന്നുകൊണ്ടിരിക്കെ തന്നെയാണ് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനില്‍ നിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നതും ശ്രദ്ധേയമാണ്. ഈ വിഷയം ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ സ്വാഭാവികമായും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും താരതമ്യം ചെയ്യപ്പെട്ടു. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ പരസ്യമായി കലാപം ആഹ്വാനം നടത്തിക്കൊണ്ടിരിക്കുന്ന മന്ത്രിമാരും ബിജെപി/സംഘ്‌പരിവാര്‍ നേതാക്കളേയും സം‌രക്ഷിക്കുന്ന മതേതര ഇന്ത്യയിലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയാണ് പാക്കിസ്താന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാനുമായി താരതമ്യം ചെയ്യപ്പെട്ടത്. 'പാക്കിസ്താന്‍' എന്ന പേര് ഉച്ചരിക്കുന്നവരെ മുഴുവന്‍ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയും അവര്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും അവരെ പാക്കിസ്താനിലേക്ക് നാടുകടത്തണമെന്ന് നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ബിജെപി നേതാക്കളില്‍ കേരളത്തില്‍ നിന്നുള്ള എ എന്‍ രാധാകൃഷ്ണന്‍ തന്റെ മുസ്ലിം വിരുദ്ധത യാതൊരു മറയുമില്ലാതെയാണ് പ്രകടിപ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കുന്നതിന് അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ബിജെപിയുടെ വര്‍ഗീയത എത്രത്തോളം ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കാം.

പാക്ക് സൈന്യത്തിന്റെ പിടിയിലകപ്പെട്ട ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധ്‌മാന്റെ സമാധാന സൂചകമായി ഇന്ത്യക്ക് മടക്കി നല്‍കാന്‍ തീരുമാനിച്ച ഇമ്രാന്‍ ഖാന് നന്ദി അറിയിച്ചതിനും, ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൃത്യമായ എണ്ണം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതിനുമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ വര്‍ഗീയച്ചുവയോടെ വിമര്‍ശിച്ചത്. കൂടാതെ രാജ്യദ്രോഹപരമായ ട്വീറ്റാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്, ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്നാക്കണം. ഉമ്മന്‍ ചാണ്ടിക്ക് മത ന്യൂനപക്ഷങ്ങളില്‍ അവിശ്വാസമുണ്ടോ? അദ്ദേഹത്തെ പുറത്താക്കുമോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൗരവത്തില്‍ ആലോചിക്കണമെന്നും ഇക്കാര്യത്തില്‍ നിയമ നടപടികള്‍ ബിജെപി പരിഗണിക്കുമെന്നും എന്നാണ് രാധാകൃഷ്ണന്റെ പ്രതികരണം. പാക്കിസ്താന്‍ പ്രധാന മന്ത്രിയുടേയും പാക് പട്ടാളത്തിന്റേയും മെഗാഫോണാണ് ഉമ്മന്‍ ചാണ്ടിയെന്നും, ഉമ്മന്‍ ചാണ്ടിക്ക് തീവ്രവാദികളുടേയും പാക്കിസ്താന്റേയും ഭാഷയാണെന്നും പറഞ്ഞുകൊണ്ടാണ് രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിക്ക് പുതിയ പേരിടീല്‍ നടത്തിയത്.

എന്നാല്‍ ഉമ്മര്‍ ഖാന്‍ എന്ന പേരിന് എന്താണ് കുഴപ്പമെന്നും, അങ്ങനെയാണ് പേരെങ്കില്‍ തന്നെ അതോടെ രാജ്യ ദ്രോഹിയാവുമോ മിസ്റ്റര്‍ രാധാകൃഷ്ണാ എന്നായിരുന്നു വി ടി ബല്‍‌റാം രാധാകൃഷ്ണന് മറുപടി നല്‍കിയത്. വാ തുറന്നാല്‍ മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ മാത്രം സംസാരിക്കുന്ന ഈ ബിജെപി നേതാവിനെതിരെ ഐപിസി സെക്ഷന്‍ 295 എ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ പിണറായി വിജയന്റെ പൊലീസ് തയ്യാറാകുമോയെന്നും ബല്‍റാം ചോദിച്ചു.

മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ആദ്യ ബിജെപി നേതാവല്ല എഎന്‍ രാധാകൃഷ്ണന്‍, ബിജെപി അധികാരത്തില്‍ വന്നതിന് മുന്‍പും ശേഷവും പലരും അത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കശ്മീരികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുന്ന, അവരെ പുറത്താക്കാന്‍ ആഹ്വാനം ചെയ്യുന്ന, മോഡിയെ എതിര്‍ക്കുന്നവരോട് പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെടുന്ന ബിജെപി നേതാക്കളുടെ സ്വരവും എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയും ഒരേ പോലെയാണ്. എല്ലാത്തിലും ബിജെപി മുന്നോട്ട് വയ്ക്കുന്ന ഹിന്ദു രാഷ്ട്രത്തിന്റെ ശബ്ദം മറഞ്ഞിരിക്കുന്നു. എന്നാല്‍ ഇതിനെതിരെയൊന്നും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് മാത്രം. ഇത്രയേറെ വിമര്‍ശനങ്ങളുണ്ടായിട്ടും രാധാകൃഷ്ണനോ, മറ്റേതെങ്കിലും ബിജെപി നേതാവോ പരമാര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചില്ലെന്നതാണ് വാസ്തവം.

2015ല്‍ കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുടെ പ്രിയപ്പെട്ട മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ കുറിച്ച് പറഞ്ഞത് "മുസ്ലീം ആണ് എങ്കില്‍ പോലും അദ്ദേഹം ഒരു വലിയ മനുഷ്യനും ദേശ സ്‌നേഹിയും മനുഷ്യസ്‌നേഹിയും ആയിരുന്നു"വെന്നാണ്. "മുസ്ലീം ആണെങ്കില്‍ പോലും" എന്ന മന്ത്രിയുടെ പ്രസ്താവന അന്ന് വിവാദമായെങ്കിലും നടപടിയൊന്നും തന്നെ ഉണ്ടായില്ല. പ്രധാനമന്ത്രിയ്ക്കുള്‍പ്പെടെ ഇതേക്കുറിച്ച് പ്രതികരിക്കണമെന്നു പോലും തോന്നിയില്ല.

കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഡ്‌ഗെ 2016ല്‍ പറഞ്ഞത് "ഇസ്ലാം ലോകത്ത് നിലനില്‍ക്കുന്നിടത്തോളം ഭീകരവാദം നിലനില്‍ക്കും" എന്നാണ്. ഭീകരവാദത്തെ തുടച്ചു നീക്കാന്‍ ഇസ്ലാം തന്നെ ഇല്ലാതാക്കണമെന്നും ലോക സമാധാനത്തിന് തന്നെ ബോംബാണ് ഇസ്ലാമെന്നും പറഞ്ഞ ഹെഡ്‌ഗെക്ക് സ്ഥാനം നഷ്ടമാകുകയല്ല, മറിച്ച് കര്‍ണാടകയില്‍ മന്ത്രിസ്ഥാനം നല്‍കിയാണ് ബിജെപി ആദരിച്ചത്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഭരണഘടനയില്‍ നിന്ന് "മതേതര രാജ്യം" എന്നത് എടുത്തു മാറ്റുമെന്ന് പിന്നാടാവര്‍ത്തിച്ച ഹെഡ്‌ഗെക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത കൂടുകയാണ് ചെയ്തത്.

2014ലെ ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ "രാമന്റെ പിന്മുറക്കാരുടെ സര്‍ക്കാരാണോ അതോ അവിഹിതത്തില്‍ ജനിച്ചവരുടെ സര്‍ക്കാരാണോ വേണ്ടതെന്ന്" ചോദിച്ച ബിജെപി നേതാവ് സാധ്വി നിരഞ്ജന്‍ വലിയ തോതില്‍ വിമര്‍ശനം ഏറ്റുവാങ്ങിയപ്പേള്‍ മോഡി പ്രതികരിച്ചിരുന്നു. പക്ഷേ ലോക്‌സഭാ എംപിയായ സാധ്വി അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് മൃദുവായ പരാമര്‍ശം മാത്രമായിരുന്നു അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയത്.

മുസ്ലീങ്ങള്‍ ഒരുപാട് കുട്ടികളെ ഉത്പാദിപ്പിക്കുന്നുവെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ആയിരുന്നു മോദിക്ക് വോട്ട് ചെയ്യാത്തവരെല്ലാം പാകിസ്താനിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ആദ്യമെത്തിയവരില്‍ ഒരാള്‍. ബജ്രംഗദളിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപി വിനയ് കത്യാര്‍ മുസ്ലിംങ്ങള്‍ക്ക് അവരുടെ ഭൂമി പാകിസ്താനും ബംഗ്ലാദേശുമായി നല്‍കി കഴിഞ്ഞെന്നും അവര്‍ അങ്ങോട്ട് പോകണമെന്നുമാവശ്യപ്പെട്ടിട്ടും നടപടി ഒന്നും ഉണ്ടായിരുന്നില്ല.

രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ബോളിവുഡ് നടന്‍ ഷാറൂഖ് ഖാനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപമിച്ചത് ലഷ്‌കര്‍ ഇ തോയ്ബ നേതാവ് ഹാഫിസ് സയീദിനോടായിരുന്നു. അഞ്ചു തവണ ലോക്‌സഭയിലെത്തിയ യോഗി ഷാരൂഖിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പറഞ്ഞത് 'അയാള്‍ പിന്നെ തെരുവിലൂടെ സാധാരണ മുസ്ലീമിനെ പോലെ നടക്കുമെന്നായിരുന്നു'. അതിന് മുന്‍പും വിദ്വേഷ പ്രസംഗം നടത്തിയതിന് യോഗിക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ പ്രതി ചേര്‍ക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ പരാമര്‍ശത്തിലും ഒന്നും തന്നെ സംഭവിച്ചില്ല.

തെലങ്കാന എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിയെ രാജ്യദ്രോഹിയെന്ന് വിളിച്ച ബിജെപി എംഎല്‍ എ ടി രാജ സിങ്ങ്, ഒവൈസിയുടെ തല 5 മിനിറ്റുനുള്ളില്‍ തന്റെ കാല്‍ക്കീഴില്‍ കൊണ്ടുവരുമെന്നും ഇല്ലെങ്കില്‍ തന്റെ പേര് മാറ്റുമെന്നും ആവശ്യപ്പെട്ടിരുന്നു. ബീഫ് കഴിക്കുന്ന മുസ്ലീങ്ങളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ രാജ സിങ്ങ് ഹിന്ദു രാഷ്ട്രത്തിന് തടസമായി നില്‍ക്കുന്നത് മതേതര ഹിന്ദുക്കളാണെന്ന പ്രസ്താവനയും നടത്തി, പാര്‍ട്ടിയില്‍ ഇപ്പോഴും സ്വാധീനശക്തിയായി തുടരുന്നു.

പുല്‍വാല ഭീകരാക്രമണത്തിന് ശേഷം കശ്മീരികളെയും കശ്മീരി ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കണമെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടത് മുതിര്‍ന്ന ബിജെപി നേതാവും മേഘാലയ ഗവര്‍ണറുമായ തദാഘട്ട റോയിയാണ്. നടപടി ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല ആ ആഹ്വാനം പലരും നടപ്പാക്കുകയും ചെയ്തു. ഭരണഘടനാ വിരുദ്ധമായ പ്രസ്താവന ഒരു ഭരണാധിപന്റെ ഭാഗത്തുനിന്നുണ്ടായിട്ടും പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രി കൂട്ടാക്കിയില്ല.

ഈ സന്ദര്‍ഭത്തിലാണ് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും താരതമ്യം ചെയ്യപ്പെടേണ്ടത്. എവിടെയാണ് വര്‍ഗീയത, ആരാണ് വര്‍ഗീയതക്ക് വളം വെച്ചു കൊടുക്കുന്നത്? മതസഹിഷ്ണുത ഇന്ത്യയിലാണോ അതോ പാക്കിസ്താനിലോ?

2019 മാർച്ച് 6, ബുധനാഴ്‌ച

ആ മണിമുഴക്കം നിലച്ചിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം

മലയാള സിനിമയുടെ മണിമുഴക്കം നിലച്ചിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. നാടന്‍ പാട്ടിന്റെ താളവും തനതു ശൈലിയിലുള്ള അഭിനയ മികവും കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് താരമായി മാറിയ പ്രിയപ്പെട്ട കലാകാരന്‍ 2016 മാര്‍ച്ച് ആറാം തീയതിയാണ് കലാലോകത്തെ കണീരിലാഴ്ത്തി നമ്മെ വിട്ടുപിരിഞ്ഞത്. ഈ ചാലക്കുടിക്കാരനും അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങളും നാടന്‍ പാട്ടുകളുമെല്ലാം കാലത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഈ ഭൂമിയില്‍ അനശ്വരമായി തുടരും.

കടുത്ത ദരിദ്രത്തിന്റെ ചൂടേറ്റാണ് കലാഭവന്‍ മണിയെന്ന കലാകാരന്‍ വളര്‍ന്നത്. കലയോടുള്ള അടക്കാനാവാത്ത അഭിനിവേശമാണ് മണിയെന്ന സാധാരണക്കാരനെ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന വ്യക്തിയാക്കി മാറ്റിയത്. ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച, ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയെ മണിയെ മലയാളത്തിന് മറക്കാനാവില്ല. മണിയുടെ ചിരി മലയാളിക്ക് എന്നും ഹരമായിരുന്നു. മിമിക്രി, അഭിനയം, സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്ത വിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ പേരായിരുന്നു കലാഭവന്‍ മണി.

ഒരു സ്‌കൂളിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പിന്‍ബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ദിവസക്കൂലിക്ക് ഓടിയിരുന്ന മണി മലയാള സിനിമയില്‍ പിടിമുറുക്കുമ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് പല അഭിനയ സമ്പ്രദായങ്ങളുമായിരുന്നു.സിനിമാ താരം താരമായി മാത്രം നിലനില്‍ക്കുകയും അറിയപ്പെടുകയും ചെയ്യുമ്പോള്‍ മണി സിനിമതാരമായും വ്യക്തിയായും വൈവിധ്യങ്ങളിലെ തന്നെ ഒറ്റയാനായും മണ്ണില്‍ ചവിട്ടി നിന്നു.

ജനിച്ച് വളര്‍ന്ന നാടിനെയും നാട്ടുകാരെയും തന്റെ വളര്‍ച്ചയ്ക്കൊപ്പം ചേര്‍ത്തുപിടിച്ച വ്യക്തിയായിരുന്നു മണി. ആരെയും ആകര്‍ഷിക്കുന്ന തനത് ചിരിയാണ് ആ ഓര്‍മയെ കൂടുതല്‍ തെളിമയുള്ളതാക്കുന്നത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാനും കരയിപ്പിക്കാനും മണിയെന്ന അഭിനേതാവിന് അസാമാന്യ കഴിവായിരുന്നു. കലാഭവനിലൂടെയാണ് മണിയിലെ കലാകാരന്‍ ചുവടുവെയ്ക്കുന്നത്‌. സിബി മലയിൽ സംവിധാനം ചെയ്‌ത ആദ്യ ചിത്രമായ അക്ഷരത്തിൽ (1995) ഒരു ഓട്ടോ ഡ്രൈവവറുടെ വേഷമായിരുന്നു മണിക്ക്. സുന്ദര്‍ദാസിന്റെ സല്ലാപത്തിലെ ചെത്തുകാരന്റെ വേഷത്തോടെ മണി മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പാക്കി.

കൊച്ചു കൊച്ചു വേഷങ്ങളിലൂടെ ശ്രദ്ധേയനായ മണി പിന്നീട് നായക നിരയിലേക്ക് ഉയര്‍ന്നു. മണി എന്ന ചാലക്കുടിക്കാരന്‍ സ്വന്തമാക്കിയ വിജയങ്ങള്‍ക്ക് പിന്നില്‍ കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും പൊള്ളുന്ന ജീവിതാനുഭവങ്ങളാണുള്ളത്. ദുരൂഹമായ മരണമായിരുന്നു കലാഭവന്‍ മണിയുടേത്. ഏതു അഭിമുഖത്തിലും പൂര്‍വകാല കഷ്ടതകളെ അദ്ദേഹം യാതൊരും മറയും കുടാതെ വെളിപ്പെടുത്തി. മറ്റ് പലരും മറകളിലൂടെ സംസാരിക്കുമ്പോള്‍ മണി ഉച്ചത്തില്‍ സംസാരിച്ചു. 1990 കളുടെ പകുതിയോടെ ഒട്ടു മിക്ക മലയാളി വീടുകളിലും കാസറ്റ് പ്ലയറുകള്‍ അവിഭാജ്യ ഘടകമായപ്പോള്‍ അവിടെ മണിയും എത്തി. നാടന്‍ പാട്ടും തമാശകളുമായി മണിയുടെ ശബ്ദം നാട്ടിടവഴികളില്‍ മുഴങ്ങി.
സിനിമാ പാട്ടുകളില്‍ നിന്നും സാധാരണ മലയാളിയുടെ ഇഷ്ടം നാടന്‍ പാട്ടുകളിലേക്ക് കലാഭവന്‍ മണി പറിച്ചു നട്ടു. മണിയുടെ കണ്ണിമാങ്ങ പ്രായവും, ചാലക്കുടി ചന്തയും, ഓടപ്പഴവുമൊക്കെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിതത്തില്‍ നിന്നുള്ള ബിംബങ്ങള്‍ക്കൊണ്ടും അനുഭവങ്ങള്‍ക്കൊണ്ടും സമൃദ്ധമായിരുന്നു.

മലയാളി മറന്നുപോയ നാടന്‍പാട്ടുകള്‍ അവര്‍ പോലും അറിയാതെ താളത്തില്‍ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ മണിയോളം ശ്രമിച്ച കലാകാരന്‍ വേറെയില്ല.

ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി പകര്‍ന്നാട്ടം നടത്തിയും മണി മലയാളത്തിന്റെ സ്വന്തക്കാരനായി മാറി. പക്ഷേ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ മണി മു!ഴക്കം നിലച്ച് പോയെന്ന്, പ്രിയപ്പെട്ടവരൊള്‍ മരിച്ച് പോയെന്ന് ചാലക്കുടി പുഴപോലും വിശ്വസിച്ചിട്ടില്ല. മൂന്നാണ്ട് പിന്നിടുമ്പോഴും വിവാദങ്ങള്‍ക്ക് ശമനമില്ല. സംശയങ്ങളും അവ്യക്തതകളും നീങ്ങാതെ നില്‍ക്കുന്നു. കേസന്വേഷണം എങ്ങുമെത്തിയില്ല. കലാഭവന്‍ മണിയെന്ന അനശ്വര കലാകാരനെ പ്രേക്ഷക ലക്ഷങ്ങള്‍ ഇപ്പോഴും ഹൃദയത്തോട് ചേര്‍ത്ത് വച്ചാണ് ആരാധിക്കുന്നത്.

2019 ഫെബ്രുവരി 24, ഞായറാഴ്‌ച

ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് പാക്കിസ്താന്റെ നാശത്തിന്

ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുല്‍‌വാമയില്‍ ഭീകരാക്രമണം നടത്തിയതില്‍ പാക്കിസ്താന് യാതൊരു പങ്കുമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസ്താവനയിറക്കിയെങ്കിലും അത് ലാഘവത്തോടെ കാണാന്‍ ഇന്ത്യന്‍ ജനതക്കാകില്ലെന്ന് ഇമ്രാന്‍ ഖാനു തന്നെ അറിയാം. കാരണം, 'ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ' എന്നു പറഞ്ഞതുപോലെയാണ് പാക്കിസ്താന്റെ അവസ്ഥ. ഏതൊരാക്രമണവും ഇന്ത്യയിലുണ്ടാകുമ്പോള്‍, അതില്‍ പാക്കിസ്താന്റെ പങ്ക് സംശയലേശമന്യേ തെളിഞ്ഞു വരുമ്പോഴും പാക്കിസ്താന്റെ ഭാഗത്തു നിന്നു വരുന്ന സ്റ്റീരിയോ ടൈപ്പ് ചോദ്യമാണ് 'എന്തെങ്കിലും തെളിവുണ്ടോ' എന്നത്. ഈ ആക്രമണത്തിലും അതേ പല്ലവി തന്നെ പാക്കിസ്താന്‍ ആവര്‍ത്തിക്കുന്നു... ഇന്ത്യയുടെ ആരോപണങ്ങള്‍ തെളിവുകള്‍ ഇല്ലാതെയാണെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. പാകിസ്താനില്‍ നിന്ന് ആരും അക്രമം പടര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ താല്പര്യമാണ്, പാകിസ്താനില്‍ നിന്നുള്ള ആരെങ്കിലും ആക്രമണത്തിന് പിന്നിലുണ്ടെന്നതിന് തെളിവുകള്‍ കൈമാറിയാല്‍ നടപടി സ്വീകരിക്കാമെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിനോട് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടുന്നത്. തന്നെയുമല്ല, ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് പാക്കിസ്താന്‍ എന്തു നേടി എന്നും അദ്ദേഹം ചോദിക്കുന്നു.

പക്ഷെ, മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനായ ഇമ്രാന്‍ ഖാന്‍ ഇന്ത്യയുടെ ഭൂപടവും ചരിത്രവും നന്നായി അറിയാവുന്ന വ്യക്തിയാണെന്ന കാര്യം ഇവിടെ എടുത്തു പറയേണ്ടി വരുന്നു. പുല്‍‌വാമ ഭീകരാക്രമണത്തില്‍ പാക്കിസ്താന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലു, രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളുടേയും ചുക്കാന്‍ പിടിക്കുന്ന ജെയ്‌ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിന് ചെല്ലും ചെലവും കൊടുത്ത് സം‌രക്ഷിക്കുന്നത് ഇമ്രാന്‍ ഖാന്‍ ജീവിക്കുന്ന പാക്കിസ്താനിലാണെന്ന സത്യം വിസ്മരിക്കരുത്. പുല്‍‌വാമയിലെ ആക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ജെയ്ഷെ മുഹമ്മദാണെന്ന് അവര്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് അതിന്റെ തലവനെ പിടികൂടാനുള്ള സാമാന്യ മര്യാദയെങ്കിലും ഇമ്രാന്‍ ഖാന്‍ കാണിക്കണമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, പുല്‍വാമയ്ക്കു പകരം ചോദിക്കാന്‍ ഇന്ത്യ പ്രത്യാക്രമണത്തിനിറങ്ങിയാല്‍ പാക്കിസ്ഥാന്‍ തിരിച്ചടിക്കുമെന്ന ഭീഷണി സമാധാനം കാംക്ഷിക്കുന്ന ഒരു രാജ്യ തന്ത്രജ്ഞന് ചേര്‍ന്ന ഭാഷയുമല്ല. ജെയ്ഷെ മുഹമ്മദില്‍ നിന്ന് അച്ചാരം വാങ്ങി ഇന്ത്യയെ ആക്രമിക്കാന്‍ ഇന്ത്യയില്‍ തന്നെ നിരവധി തീവ്രവാദികളുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷെ, അവരെ ഉപയോഗിച്ച് അതിര്‍ത്തിക്കപ്പുറത്ത് ഭീകരര്‍ക്ക് 'സൗകര്യങ്ങള്‍' ചെയ്തുകൊടുക്കുന്ന പാക് സൈന്യത്തെ നിയന്ത്രിക്കാന്‍ ഇമ്രാന്‍ ഖാന് സാധിക്കുമല്ലോ. യുദ്ധം മണക്കുന്ന ഭാഷയില്‍ ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത് ഈ സന്ദര്‍ഭത്തില്‍ അനുചിതമായി.

ജെയ്ഷെ മുഹമ്മദ് എന്താണെന്നും അതിന്റെ തലവന്‍ മസൂദ് അസ്‌ഹര്‍ ആരാണെന്നും ഇമ്രാന്‍ ഖാന് വ്യക്തമായി അറിയാവുന്നതാണല്ലോ. കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുകയും യുവാക്കളെ റിക്രൂട്ട് ചെയ്ത് ഇന്ത്യക്കെതിരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്ന ഈ ഭീകരനെ 1994ല്‍ സൈന്യം പിടികൂടിയിരുന്നു. എന്നാല്‍ 1999-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലെക്ക് കൊണ്ടു പോയ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി വിമാനം റാഞ്ചിയവരുടെ ഡിമാന്റ് ജയിലില്‍ അടച്ച മസൂദ് അസ്ഹറിനെ വിട്ടയക്കാനായിരുന്നു. അങ്ങനെ ഇന്ത്യ വിട്ടയച്ച മസൂദ് അസ്‌ഹറാണ് പാക്കിസ്താനില്‍ സ്വസ്ഥമായി വിഹരിക്കുന്നത്. ആ സത്യം തിരിച്ചറിഞ്ഞ് ബുദ്ധിപൂര്‍‌വ്വം ഇമ്രാന്‍ ഖാന്‍ പ്രവര്‍ത്തിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ നശിപ്പിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്തിരിക്കുന്ന മസൂദ് അസ്‌ഹര്‍ പാക്കിസ്താനും തലവേദനയായിരിക്കുമെന്നതില്‍ സംശയമില്ല. പാക്കിസ്താന്‍ നേരും നെറിവും കെട്ട രാജ്യമാണെന്നാണല്ലോ മറ്റൊരു അയല്‍‌രാജ്യമായ ഇറാനിലെ പ്രസിഡന്റ് ഹസന്‍ റൂഹാനി വിശേഷിപ്പിച്ചിട്ടുള്ളത്. പുല്‍‌വാമ ആക്രമണത്തിനുശേഷം 27 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പിന്നില്‍ പാക്കിസ്താനാണെന്നും അദ്ദേഹം ആരോപിക്കുന്നു.

"മനുഷ്യരാണ് യുദ്ധത്തിന് തുടക്കം കുറിക്കുന്നതെങ്കിലും പിന്നീട് എവിടെ ചെന്ന് അവസാനിക്കുമെന്ന് ദൈവത്തിന് മാത്രമേ നിശ്ചയമുള്ളൂ" എന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയില്‍ കഴമ്പുണ്ട്. അതിന്റെ ഉത്തരം പാക് മുന്‍ പ്രസിഡന്റും കാര്‍ഗില്‍ യുദ്ധത്തിന്റെ സൂത്രധാരനുമായ പര്‍‌വേസ് മുഷറഫ് തന്നെ പറഞ്ഞു കഴിഞ്ഞു..."ഇന്ത്യക്ക് നേരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ പാക്കിസ്താന്‍ സൂക്ഷിക്കണം, പാക്കിസ്താന്‍ അതോടെ തീരും" എന്നാണ് മുഷറഫ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാരണം, കാര്‍ഗില്‍ യുദ്ധത്തിന്റെ അനന്തര ഫലം എന്തായിരുന്നുവെന്ന് മുഷറഫ് അനുഭവിച്ചറിഞ്ഞതാണ്. തന്നെയുമല്ല അങ്ങനെയൊരു ആശങ്ക അദ്ദേഹം പങ്കുവെക്കാന്‍ വേറെ കാരണങ്ങളുമുണ്ട്. 1965ലും 1971ലും നേരിട്ടു യുദ്ധം ചെയ്തവരാണു പാക്കിസ്താനും ഇന്ത്യയും. അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചറിഞ്ഞവരുടെ കൂട്ടത്തില്‍ ഇമ്രാന്‍ ഖാനും പെടും. കാലങ്ങള്‍ക്കുശേഷം 1999-ല്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ശ്രമഫലമായി പാക്കിസ്താനുമായി സമാധാന ഉടമ്പടി സ്ഥാപിക്കുകയും ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്ക് നേരിട്ട് ബസ് യാത്ര നടത്തി ചരിത്രം കുറിക്കുയും ചെയ്തെങ്കിലും ആ സമാധാന ചര്‍ച്ചകളെ നിഴലില്‍ നിര്‍ത്തി, ചതിയിലൂടെ ഇന്ത്യയിലേക്ക് നൂറുകണക്കിനു ഭീകരരെ നുഴഞ്ഞു കയറ്റി കാര്‍ഗില്‍ പിടിച്ചെടുക്കാന്‍ പാഴ്‌ശ്രമം നടത്തിയ പാക്കിസ്താന് എന്താണ് സംഭവിച്ചതെന്നും പര്‍‌വേസ് മുഷറഫിനു മാത്രമല്ല പാക് സൈന്യങ്ങളും നന്നായി അറിയാവുന്നതാണ്.  അതൊക്കെ മനസ്സിലാക്കിയിട്ടു വേണം ഇനിയും ഇന്ത്യക്കെതിരേ യുദ്ധം നയിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കേണ്ടത്.

ഇന്ത്യയോട് പൊരുതി ജയിച്ച ചരിത്രം പാക്കിസ്താനില്ല, എന്നാല്‍ ഓരോ യുദ്ധത്തിലും പാക്കിസ്താന്റെ പരാജയം ലോകം കണ്ടതാണ്. 1971-ലെ ഇന്ത്യാ പാക് യുദ്ധമായിരുന്നു അതില്‍ ഏറ്റവും പ്രധാനം. ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി ആ യുദ്ധത്തെ കണക്കാക്കപ്പെടുന്നു. 1971 ഡിസംബര്‍ 3-ന് ആരംഭിച്ച യുദ്ധം വെറും 13 ദിവസങ്ങള്‍കൊണ്ട് പാക്കിസ്താനെ മുട്ടുകുത്തിച്ച് ഡിസംബര്‍ 16-ന് അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് അടിയറവും പറഞ്ഞത് യുദ്ധമുഖത്ത് കിഴക്കന്‍ പാക് സൈന്യത്തെ നയിച്ച അമീര്‍ അബ്ദുള്ള ഖാന്‍ നിയാസിയും 93,000 പാക് സൈനികരുമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ജനറല്‍ ജഗ്ജിത് സിംഗ് അറോറയുടെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്.

ബംഗ്ലാദേശ് രൂപീകരണത്തിനു മുന്‍പുണ്ടായ സംഭവ വികാസങ്ങളാണ് ഇന്ത്യയും പാക്കിസ്താനുമായി യുദ്ധത്തിന് വഴി തെളിച്ചത്. 1970-ലെ പാക് പൊതുതെരഞ്ഞെടുപ്പില്‍ 313 അംഗ ലോക്‌സഭയില്‍ കിഴക്കന്‍ പാക്കിസ്താനിലെ രാഷ്ട്രീയ പാര്‍ട്ടിയായ അവാമി ലീഗിന് ഭൂരിപക്ഷം ലഭിച്ചതോടെ (167 സീറ്റുകള്‍) യാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. അവാമി ലീഗിന്റെ നേതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ സര്‍ക്കാർ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചപ്പോള്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് സുള്‍ഫിക്കര്‍ അലി ഭൂട്ടോ എതിര്‍ത്തു. തുടര്‍ന്ന് പ്രസിഡന്റ് യാഹ്യാ ഖാന്‍ സൈന്യത്തെ ഉപയോഗിച്ച് അവാമി ലീഗിനെയും അതിനെ പിന്തുണയ്ക്കുന്നവരേയും അടിച്ചമര്‍ത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അവാമി നേതാക്കളുമായി കൂടിയാലോചിക്കാമെന്ന ഭാവേന യാഹ്യായും ഭൂട്ടോയും ധാക്കയില്‍ എത്തി. യഥാര്‍ത്ഥത്തില്‍ കിഴക്കന്‍ പാകിസ്താനില്‍ സൈനികരെയെത്തിക്കാനുള്ള സാവകാശത്തിനു വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ച. യാഹ്യ-ഭൂട്ടോ സഖ്യത്തിന്റെ അടവുകള്‍ ബംഗ്ലാ ജനതയെ ക്ഷോഭിപ്പിച്ചു. സംഭാഷണങ്ങള്‍ സ്വാഭാവികമായും പരാജയപ്പെട്ടു. യാഹ്യായും ഭൂട്ടോയും മടങ്ങിപ്പോയി. യാഹ്യാ റാവല്‍പിണ്ടിയില്‍ തിരിച്ചെത്തിയ അന്നുതന്നെ കിഴക്കന്‍ പാകിസ്താനില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. അവാമി ലീഗ് നേതാവായ മുജീബുര്‍ റഹ്മാന്‍ കിഴക്കന്‍ പാകിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിമോചനം നേടിയെടുക്കുവാനുള്ള ഒരു സമരത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. മുജീബുര്‍ റഹ്മാനെ ഉടന്‍തന്നെ പാക് സൈന്യം പിടികൂടി പശ്ചിമ പാകിസ്താനിലേക്ക് കടത്തി. അതിനു ശേഷം ബംഗ്ലാ ജനതയ്ക്കുമേല്‍ അവര്‍ ആക്രമണവും അഴിച്ചുവിട്ടു. പാകിസ്താന്‍ പട്ടാളം കണ്ണില്‍ കണ്ട ബംഗാളികളെയെല്ലാം വെടിവെച്ച് വീഴ്ത്തി. ജനങ്ങളെ ഒറ്റക്കും കൂട്ടമായും കൊല്ലുക, അംഗഭംഗപ്പെടുത്തുക, വീടുകള്‍ അതിക്രമിച്ച് നശിപ്പിക്കുക, വസ്തുവകകള്‍ കൊള്ള ചെയ്യുക, സ്ത്രീകളെ ബലാത്സംഗം ചെയ്യുക, എന്നിങ്ങനെയുള്ള പല പൈശാചിക പ്രവൃത്തികളും അവര്‍ നടത്തി. 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടുവെന്നും ഏകദേശം നാനൂറോളം സ്ത്രീകൾ പാകിസ്താന്‍ സൈനികരാല്‍ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കപ്പെടുന്നു. യുദ്ധത്തിനിടെ 8 മുതല്‍ 10 ദശലക്ഷം വരെ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് കുടിയേറിയതായും ചരിത്രം രേഖപ്പെടുത്തുന്നു. സമാനതകളില്ലാത്ത ഭീകരത നടമാടിയതോടെയാണ് ഇന്ത്യ പ്രശ്നത്തിൽ ഇടപെട്ടത്. പ്രകോപിതനായ യാഹ്യാ ഖാന്‍ ഇന്ത്യക്കെതിരെ തിരിയുകയായിരുന്നു. ഇന്ത്യയെ നശിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ പാക്കിസ്താന്‍ തെരുവുകളിൽ മുഴങ്ങി. യുദ്ധത്തിനു മുന്നോടിയായി യാഹ്യാ ഖാന്‍ പാക്കിസ്താനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

1971 ഡിസംബര്‍ 3-ന് ആഗ്രയുള്‍പ്പടെ പതിനൊന്ന് വ്യോമസേനാ താവളങ്ങളില്‍ പാക് വ്യോമസേന ആക്രമണം അഴിച്ചുവിട്ടു. ഇന്ത്യന്‍ വ്യോമസേന ഉടന്‍ തന്നെ പാക്കിസ്താനിലും ആക്രമണം ആരംഭിച്ചു. പാക് നാവിക സേന ഇന്ത്യന്‍ തീരത്ത് ആക്രമണമാരംഭിച്ചതോടെ ഇന്ത്യന്‍ നാവിക സേന വൈസ് അഡ്മിറല്‍ എസ് എന്‍ കോഹ്‌ലിയുടെ നേതൃത്വത്തില്‍ കറാച്ചി ആക്രമിച്ചു. പാക് നശീകരണക്കപ്പല്‍ പി എന്‍ എസ് ഖൈബറിനെ തകര്‍ത്ത നാവിക സേന രണ്ടു കപ്പലുകള്‍ക്ക് കേടുപാടുണ്ടാക്കി. പാകിസ്ഥാന്റെ മൂന്ന് ചരക്കു കപ്പലുകളും മുക്കി. എന്നാല്‍ പാക് അന്തര്‍‌വാഹിനി ഹാഗറിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ പടക്കപ്പൽ ഐ എന്‍ എസ് കുക്രി തകര്‍ന്നു. 18 ഓഫീസര്‍മാരും 176 നാവികരും വീരമൃത്യു പ്രാപിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ പ്രതികാരം പാക് സൈന്യത്തിനു താങ്ങാനായില്ല. ശക്തമായ ഇന്ത്യന്‍ ആക്രമണത്തില്‍ പാക് നാവിക സേനയുടെ മൂന്നിലൊന്ന് സൈനിക ശേഷിയും നശിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാക് വ്യോമ സേനയ്ക്ക് കഴിഞ്ഞതുമില്ല. ഇന്ത്യ-ബംഗ്ലാദേശ് സഖ്യ സൈന്യത്തിന്റെ ആക്രമണത്തില്‍ പാക് സൈന്യം നിലംപരിശായി. ധാക്ക സ്വതന്ത്രമാക്കപ്പെട്ടു. അങ്ങനെ 1971 ഡിസംബര്‍ 16-ന് കിഴക്കന്‍ പാകിസ്താനെ സ്വതന്ത്രമാക്കിക്കൊണ്ട് പാകിസ്താന്റെ കിഴക്കന്‍ സൈന്യ നേതൃത്വം ഒപ്പുവച്ച "ഇന്‍സ്‌ട്രുമെന്റ് ഓഫ് സറണ്ടര്‍" എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിനു വിരാമമായി. പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 90,000 നും 93,000 നും ഇടക്ക് വരുന്ന പാകിസ്താന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം തടവിലാക്കി.

അമേരിക്കയും ചൈനയും പാക്കിസ്ഥാനെ പിന്തുണച്ചപ്പോള്‍ അന്നത്തെ സോവിയറ്റ് യൂണിയനാണ് ഇന്ത്യയെ പിന്തുണച്ചത്. ജോര്‍ദ്ദാന്‍, സൗദി അറേബ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പാക്കിസ്താന് യുദ്ധവിമാനങ്ങളും മറ്റു ആയുധങ്ങളും നല്‍കി സഹായിച്ചു. എന്നാല്‍ ഇതൊക്കെ ലഭിച്ചിട്ടും ഇന്ത്യയുടെ സൈനിക ശേഷിയെ മറികടക്കാന്‍ പാക്കിസ്താനു കഴിഞ്ഞില്ല. അങ്ങനെ 1971 ഡിസംബര്‍ 16 ന് ധാക്കയില്‍ വെച്ച് ഔപചാരികമായ കീഴടങ്ങൽ നടന്നു. പാകിസ്ഥാനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ സ്മരണയ്ക്കായി ഡിസംബര്‍ 16 ഭാരതം 'വിജയ ദിന'മായി ആചരിക്കുന്നു.

മറ്റൊരു രാജ്യത്തെ അങ്ങോട്ടു കയറി ആക്രമിക്കുന്നത് ഇന്ത്യയുടെ നയമല്ല. പക്ഷെ പ്രകോപനം സൃഷ്ടിച്ച് ഇങ്ങോട്ട് ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇനിയും മനസ്സിലായില്ലെങ്കില്‍ പുല്‍‌വാമ ആക്രമണത്തിനു ശേഷം കശ്മീരിലെ വിഘടന വാദികള്‍ക്കും തീവ്രവാദികള്‍ക്കും ഇന്ത്യന്‍ കരസേനയുടെ ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്റ്റനന്‍റ് ജനറല്‍ കന്‍വല്‍ജീത് സിംഗ് ധില്ലന്‍ നല്‍കിയ മുന്നറിയിപ്പ് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും - "ഇന്ത്യക്കും ഇവിടുത്തെ സൈന്യത്തിനുമെതിരേ തോക്കെടുക്കുന്നത് സ്വയം മരിക്കാനാവണം" എന്നാണ് കമാന്‍ഡര്‍ ധില്ലന്‍റെ മുന്നറിയിപ്പ്. ആ മുന്നറിയിപ്പ് വെറും വാക്കല്ല എന്ന് പ്രവൃത്തിയിലൂടെ ഇന്ത്യന്‍ സൈന്യം കാണിച്ചു കൊടുക്കുകയും ചെയ്തു. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് കമാന്‍ഡറുമായ അബ്ദുള്‍ റഷീദ് ഖാസി എന്ന കമാന്‍ഡര്‍ കമ്രാന്‍ അടക്കം അതിലെ മുഴുവന്‍ ബുദ്ധികേന്ദ്രങ്ങളെയും സൈന്യം വധിച്ചു. അതിനു സൈന്യത്തിനു വലിയ വില കൊടുക്കേണ്ടി വന്നു എന്നതു വേറേ കാര്യം.

പാക്കിസ്താനു തന്നെ ഭീഷണിയായ ഭീകര സംഘടന ജയ്ഷേ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്‌ഹറിനെതിരെയും, മറ്റൊരു ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്‌ബയുടെ മുഖ സംഘടനയായ ജമാഅത്ത്‌ ഉദ്‌ ദാവ നേതാവ് ഹാഫിസ് സയീദിനെതിരെയും നടപടിയെടുക്കാത്ത പാക് സര്‍ക്കാരിനും സൈന്യത്തിനുമെതിരെ പാക്കിസ്താനിലെ മുന്‍‌നിര മാധ്യമങ്ങളായ ദി നേഷനും ദി ഡോണും 2016-ല്‍ അവരുടെ മുഖപ്രസംഗത്തില്‍ തന്നെ നിശിതമായി വിമര്‍ശിച്ചിരുന്നു. ‘എങ്ങനെ സുഹൃത്തുക്കളെ നഷ്ടപ്പെടുത്തുകയും ജനങ്ങളെ അകറ്റുകയും ചെയ്യാം’ എന്ന തലക്കെട്ടോടു കൂടിയ മുഖപ്രസംഗത്തിലാണ് ദിനപത്രം ഭീകരരെ സംരക്ഷിക്കുന്ന നയത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിട്ടുള്ളത്. പാക്കിസ്താന്‍ സര്‍ക്കാരുമായും സൈന്യവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ദിനപത്രമാണ് ദി നേഷന്‍ എന്നും ഓര്‍ക്കണം. ഈ നഗ്ന സത്യങ്ങള്‍ മറച്ചുവെച്ച് ഇന്ത്യയ്ക്കെതിരെ യുദ്ധഭാഷയില്‍ സംസാരിക്കുന്ന പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ ലോകം ആദരിക്കുന്ന ക്രിക്കറ്റര്‍ കൂടിയാണെന്ന ബോധത്തോടെ, സം‌യമനത്തോടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. അയല്‍ രാജ്യങ്ങളെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്ന പാക് സൈന്യത്തിനെ 

2019 ഫെബ്രുവരി 17, ഞായറാഴ്‌ച

പുല്‍‌വാമ ഭീകരാക്രമണം (നിരീക്ഷണം)

ഇന്ത്യയില്‍ വീണ്ടുമൊരു ഭീകരാക്രമണം...! രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് ജമ്മു കശ്മീരിലെ അവന്തിപോറ പട്ടണത്തോടു ചേര്‍ന്നുള്ള ഗോറിപോരയില്‍ നടന്നത്. ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കു പോവുകയായിരുന്ന സിആര്‍പിഎഫിലെ 78 കവചിത വാഹനങ്ങളില്‍ ഒന്നിനു നേര്‍ക്കുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ഇന്ത്യയുടെ 44 ധീര ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മുംബൈ ടാജ് ഹോട്ടലില്‍ 26/11നു നടന്ന ഭീകരാക്രമണത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ജമ്മുവില്‍ നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജമ്മു കശ്മീരില്‍ ശക്തമായ സാന്നിധ്യമുള്ള ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ഏറ്റെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്ന് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ ചൈന എതിര്‍പ്പുമായി രംഗത്തു വന്നു കഴിഞ്ഞു.

എന്നാല്‍, മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഓരോ സംഘടനയ്ക്കും കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറയുന്നത്. പണ്ടുകാലത്ത് 'ഇന്ത്യാ ചൈനാ ഭായി ഭായി' എന്നായിരുന്നെങ്കിലും ഇപ്പോള്‍ 'പാക്കിസ്താനും ചൈനയുമാണ് ഭായി ഭായി.' അക്കാര്യം ഇന്ത്യ മറന്നോ എന്തോ. ഏതായാലും 'നടപടി ക്രമങ്ങള്‍' പാലിച്ച് ചൈന മുന്നോട്ട് പോകുമെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.  രക്ഷാസമിതിയില്‍ അഭിപ്രായ ഐക്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്‌ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ചൈന വിസമ്മതിക്കുന്നത്.  രക്ഷാസമിതിയില്‍ വീറ്റോ അധികാരമുളള ചൈനയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന യു.എന്നിലെ ഇന്ത്യയുടെ ആവശ്യത്തിന് നിരന്തരം തടയിടുന്നത്.

2011 ഒക്ടോബറിലാണ് ഇതുപോലെ മറ്റൊരു തീവ്രവാദി ആക്രമണം ജമ്മുവില്‍ നടന്നത്. അന്ന് മൂന്നു ഭീകരര്‍ നിയമസഭ ലക്ഷ്യമാക്കി റ്റാറ്റ സുമോ കാറില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഭീകരരും വധിക്കപ്പെട്ടു. അന്നും ഉത്തരവാദിത്വം ഏറ്റെടുത്തത് ജയ്‌ഷെ മുഹമ്മദ് തന്നെയായിരുന്നു. പിന്നീട് പലപ്പോഴും ചെറിയ ഭീകരാക്രമണങ്ങള്‍ ജമ്മു സെക്ടറില്‍ പതിവായി നടക്കാറുണ്ട്. ദേശീയ മാധ്യമങ്ങളുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 614 ഓളം തീവ്രവാദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 94 സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നു.

2016 സെപ്റ്റംബറില്‍ ഉറിയില്‍ നടന്ന ഭീകരാക്രമണം ആരും മറന്നുകാണില്ല. ഇന്ത്യന്‍ ആര്‍മിയുടെ മൂക്കിനു താഴെക്കൂടി വലിഞ്ഞു കയറി വന്ന് അവരുടെ ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം നടത്തിയ നാലു പേരെ കൊന്നെങ്കിലും ഇത്രയും സുരക്ഷയുള്ള പ്രദേശത്ത് എങ്ങനെ ഭീകരര്‍ നുഴഞ്ഞു കയറി എന്ന് ആഭ്യന്തര വകുപ്പ് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല ഒരു സംഘടനയും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. എന്നാല്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി അതിന് പകരം ചോദിച്ചു. ആ ഭീകരാക്രമണത്തില്‍ 17 ജവാന്മാര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പുനല്‍കുകയാണെന്ന് പ്രധാന മന്ത്രി മോദി ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന പേരില്‍ പാകിസ്താനോട് പകരം വീട്ടിയതെന്ന് പറയുമ്പോഴും ആ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' യഥാര്‍ത്ഥത്തില്‍ നടന്നതാണോ അതോ 'വ്യാജ'മാണോ എന്ന് ഇപ്പോഴും ജനങ്ങള്‍ സംശയിക്കുന്നുണ്ട്.

ചുറ്റും ശത്രുക്കളാണെന്ന ബോധം നിലനില്‍ക്കേ തന്നെ ജനങ്ങളുടെ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടുന്ന വാര്‍ത്തകളാണ് കശ്മീര്‍ താഴ്‌വരകളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സ്ഥലത്ത് പരാജയം സംഭവിക്കുമ്പോള്‍ രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ ചോദ്യ ചിഹ്നമാകും. എങ്ങിനെ ഭീകരര്‍ക്ക് ഇത്ര സമര്‍ത്ഥമായി  സുരക്ഷാ പോസ്റ്റുകളിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളാണ് ഇന്ത്യയുടേതെന്നാണ് പറയപ്പെടുന്നത്.  പക്ഷെ അതിന്റെ തന്നെ സുരക്ഷ ചോദ്യം ചെയപ്പെടുമ്പോള്‍ അതൊരു നിസ്സാര കാര്യമല്ല.

ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഭരണത്തില്‍ വന്നതിനുശേഷം ജമ്മു കശ്മീരില്‍ 1708 ഭീകരാക്രമണം നടന്നിട്ടുണ്ടെന്നും അതില്‍ 339 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് ലോക്‌സഭയില്‍ ആഭ്യന്തര സഹമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014-ല്‍ 47 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ 2018-ല്‍ 91 പേരാണ് കൊല്ലപ്പെട്ടത്. അതായത് 94 ശതമാനം വര്‍ദ്ധനവ്. 2014-ല്‍ 222 ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍ 2018ല്‍ മാത്രം 614 ആയി അത് ഉയര്‍ന്നു..!  ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ നാലു വര്‍ഷത്തിനിടെ 177 ശതമാനം വര്‍ധനവാണുണ്ടായത്. അഞ്ചു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2014ല്‍ 110 ഭീകരര്‍ കൊല്ലപ്പെട്ട സ്ഥാനത്ത് 2018ല്‍ 257 ആയി ഉയര്‍ന്നു, 134 ശതമാനം വര്‍ധനവ്. അഞ്ചു വര്‍ഷത്തിനിടെ 838 ഭീകരരാണ് ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടത്. അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭീകരാക്രമണം നടന്നത് 2018ലാണ്.  2017 വരെയുള്ള കണക്കുകള്‍ പ്രകാരം 28 വര്‍ഷത്തിനിടെ 70,000 ഭീകരാക്രമണങ്ങളാണ് ജമ്മു കശ്മീരില്‍ നടന്നത്. ഇതില്‍ 22,143 ഭീകരരും 13,976 സിവിലിയന്‍മാരും 5,123 സൈനികരുമാണ് കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ചരിത്രം ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നവര്‍ക്കുണ്ടെന്ന കാര്യം ഇവിടെ വിസ്മരിക്കരുത്.

ഇപ്പോള്‍ പുല്‍‌വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 44 ധീരജവാന്മാരുടെ വീരമൃത്യു രാജ്യത്തേയും ലോകത്തേയും ഞെട്ടിക്കുമ്പോള്‍, ആ 44 ജവാന്മാരുടെ ജീവന് ഉത്തരം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരും ആഭ്യന്തര വകുപ്പുമാണ്. പാക്കിസ്താനില്‍ വേരുറപ്പിച്ച് ഭീകരപ്രവര്‍ത്തനം നടത്തുന്ന ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ഇന്ത്യയെ ഏതു വിധേനയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അതിര്‍ത്തി സുരക്ഷാ സേനകള്‍ക്കും ആഭ്യന്തര വകുപ്പിനും വ്യക്തമായി അറിയാവുന്നതാണ്. ജമ്മു കശ്മീരിലാണു പ്രവര്‍ത്തനമെങ്കിലും പാക്കിസ്ഥാനിലാണ് ഈ ഭീകരര്‍ക്ക് ഏറെ ബന്ധങ്ങൾ. കശ്മീര്‍ താഴ്‌വരയിലെ യുവാക്കളെ പ്രലോഭിപ്പിച്ച് അവര്‍ക്ക് പാക്കിസ്ഥാനില്‍ പരിശീലനം കൊടുത്ത്,  ആയുധങ്ങളുമായി അതിർത്തി കടത്തി വിട്ടാണ് ഇന്ത്യയിൽ ഇവർ‌ ആക്രമണം നടത്തുന്നത്.

കാശ്മീര്‍ സ്വതന്ത്രമാക്കുക എന്ന ഉദ്ദേശത്തില്‍ രൂപം കൊണ്ട ഈ സംഘടനയുടെ പിന്നില്‍ പാക്കിസ്താനാണെന്ന് ഇന്ത്യ ആരോപിക്കുമ്പോള്‍ സാധാരണ പോലെ പാക്കിസ്ഥാന്‍ അത് നിഷേധിക്കുകയും ചെയ്യും. ഇന്ത്യ  മാത്രമല്ല അമേരിക്കയും റഷ്യയും ഇതര രാജ്യങ്ങളും ഈ സംഘടനയെ ഭീകരരാണെന്ന് അംഗീകരിച്ചിട്ടുണ്ട്. 2000-ത്തിലാണ് ആദ്യമായി ഇവര്‍ ആത്മഹത്യ രീതിയുമായി കാശ്മീരില്‍ രംഗത്ത് വരുന്നത്. ഒരു ആക്രമണം കഴിഞ്ഞാല്‍ ആ ചര്‍ച്ചയും അവസാനിക്കും. പിന്നെ അടുത്ത ആക്രമണത്തിലാണ് പലപ്പോഴും ആ സംഘടന ചര്‍ച്ചയാകുന്നത്.

ഇപ്പോള്‍ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ചാവേര്‍ ഭീകരന്‍ ആദില്‍ അഹമ്മദ് ദാര്‍ പുല്‍വാമയിലെ ഗുണ്ടിബാഗ് സ്വദേശിയാണെന്നും, 2016 മുതല്‍ ഇയാള്‍ ലഷ്‌കര്‍ ഇ തോയ്ബയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, കശ്‌മീരിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരവാദികള്‍ക്ക് താവളമൊരുക്കിക്കൊടുക്കുകയും മറ്റ് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നതെന്നും കശ്മീര്‍ താഴ്‌വരയിലെ പോലീസിന് അറിയാമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  ലഷ്‌കര്‍ കമാന്‍ഡോകളെയും ഭീകരപ്രവര്‍ത്തനത്തില്‍ ചേരാനാഗ്രഹിക്കുന്ന യുവാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലിയും ഇയാള്‍ക്കുണ്ടായിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇയാള്‍ പിടിയിലായത് ആറ് തവണയാണത്രേ. എന്നാല്‍ എല്ലാ തവണയും കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ ഇയാളെ വെറുതെ വിടുകയാണ് ചെയ്‌തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ സൈന്യത്തിനു നേരെ കല്ലേറ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നും, ലഷ്‌‌കര്‍ ഇ തോയ്‌ബയ്‌‌‌ക്ക് സഹായം ചെയ്‌‌തുകൊടുത്തതിനാലുമാണ് ഇരുപതുകാരനായ ആദിലിനെ പല തവണ പിടികൂടിയത്. പക്ഷേ ഒരിക്കല്‍ പോലും ആദിലിനെതിരെ കേസെടുക്കുകയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോപോലും ഉണ്ടായില്ല. ഇക്കാര്യം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കും കശ്മീര്‍ പോലീസിയും അറിയാമായിരുന്നുവത്രേ.

2017-ലാണ് ആദിലും ബന്ധുവായ മന്‍സൂര്‍ ദാറും മറ്റ് നാല് സുഹൃത്തുക്കളും ജെയ്‌ഷെ ഇ മുഹമ്മദില്‍ ചേരുന്നത്. "അവന്‍ ജെയ്‌ഷെയില്‍ ചേരുന്നതിന് മുന്‍പ് സുരക്ഷാ ജീവനക്കാരെ കല്ലെറിഞ്ഞതിന് രണ്ടുതവണയും, ലഷ്‌കര്‍ ഭീകരരെ സഹായിച്ചതിന് നാല് തവണയും ഞങ്ങള്‍ പിടികൂടിയിരുന്നു. പക്ഷേ ഒരിക്കല്‍ പോലും ആദിലിനെ അറസ്റ്റ് ചെയ്യുകയോ, എഫ്‌ഐആറില്‍ പേര് ചേര്‍ക്കുകയോ ചെയ്‌തിരുന്നില്ല..." പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.  ബന്ധുവായ മന്‍സൂര്‍ ദാറും ലഷ്‌കറിന്റെ ഉന്നത നേതാവും കൊല്ലപ്പെട്ട ശേഷമാണ് പാകിസ്ഥാനില്‍ നിന്നുള്ള ജെയ്‌ഷെ കമാന്‍ഡറായ ഒമര്‍ ഹാഫിസിന്റെ കീഴില്‍ ആദില്‍ പരിശീലനം തുടര്‍ന്നതെന്ന് ഐബി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. "ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഫെബ്രുവരി 9ന് ആക്രമണം നടത്താനായിരുന്നു ജെയ്‌ഷെ ഭീകരര്‍ പദ്ധതിയിട്ടത്. ചാവേറാക്രമണം തന്നെയായിരുന്നു മാര്‍ഗം. ചാവേറായി  ഷാബിര്‍ എന്നയാളെ ചുമതലപ്പെടുത്തി. അന്ന് എല്ലാ ജില്ലാ എസ്‌പിമാര്‍ക്കും ഞങ്ങള്‍ അലര്‍ട്ട് കൊടുത്തിരുന്നു. പ്രധാനപ്പെട്ട എല്ലാ റോഡുകളിലും കര്‍ശന സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജനുവരി 26ന് നടന്ന മറ്റൊരു ഏറ്റമുട്ടലില്‍ ഷാബിര്‍ കൊല്ലപ്പെട്ടു. അപ്പോഴും അലര്‍ട്ട് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഷാബിറിന് പകരമായി കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ആദിലിനെ അവര്‍ ചാവേറായി ചുമതലപ്പെടുത്തിയത്. സ്‌ഫോടക വസ്‌തുക്കളുമായി ഹൈവേയിലൂടെ ആരുടെയും ശ്രദ്ധ പതിയാതെയാണ് ആദില്‍ തന്റെ കാറോടിച്ച് പോയി ആക്രമണം നടത്തിയത്" - ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് അടിവരയിട്ടു പറയുന്നതാണ് ദേശീയ മാധ്യമങ്ങളായ എന്‍ഡിടിവിയും ഐഎഎന്‍എസും റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം  ഭീകരാക്രമണത്തില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയുണ്ടായെന്നും, ഭീകരാക്രമണം ഉണ്ടാകുമെന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോ രണ്ട് ദിവസം മുമ്പ് പുറത്തുവന്നിരുന്നതായാണ് ഈ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളാണ് ജയ്ഷ് ഇ മുഹമ്മദ് പുറത്തുവിട്ട വീഡിയോയിലുണ്ടായിരുന്നത്. ഓണ്‍‌ലൈന്‍ വഴിയാണ് ഭീകരര്‍ വീഡിയോ പുറത്തുവിട്ടത്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചുള്ള ആക്രമണമാണ് ഇതില്‍ കാണിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും കൃത്യമായ വിവരം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടും അവര്‍ യാതൊരു നടപടിയുമെടുത്തില്ലെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, കാശ്മീര്‍ പൊലീസ് ഐജി ഫെബ്രുവരി എട്ടിന് തന്നെ സിആര്‍പിഎഫ്, ആര്‍മി, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എയര്‍ഫോഴ്സ് എന്നിവയ്ക്ക് ഐഇഡി (ഇന്റന്‍സീവ് എക്സ്പ്ലോസീവ് ഡിവൈസ്) ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഐഎഎന്‍എസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ മേഖലകളും വിശദമായി പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്ത്. ഈ മുന്നറിയിപ്പുകളുണ്ടായിട്ടും 2547 ജവാന്മാരടങ്ങിയ 78 വാഹനമുള്‍പ്പെടെയുള്ള സംഘത്തെ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നുവത്രേ. അതേസമയം, വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നു, സുരക്ഷാസേനകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധക്കുറവ് വരുത്തിയെന്നും ജമ്മു-കശ്മീര്‍    ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറയുന്നു. ഭീകരാക്രമണത്തെക്കുറിച്ച് ഇന്റലിജന്റസ് വിവരശേഖരണം നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയധികം സൈന്യവ്യൂഹം ജമ്മു കശ്മീരില്‍ ഉണ്ടായിട്ടും, ഇന്റലിജന്‍സ് ബ്യൂറോയ്ക്കും, ആഭ്യന്തര വകുപ്പിനും സൈന്യങ്ങള്‍ക്കും മുന്നറിയിപ്പ് കൊടുത്തിട്ടും എങ്ങനെ ഒരു ഭീകരാക്രമണം നടന്നു എന്ന് സംശയിക്കുന്നതില്‍ തെറ്റു കാണാന്‍ കഴിയില്ല.

ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രായായിരിക്കെ 22 വ്യാജ ഏറ്റുമുട്ടലുകളിലൂടെ ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.   2002നും 2006നും ഇടയിലുണ്ടായ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച്  അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പമുഖ ചലച്ചത്ര പ്രവര്‍ത്തകന്‍ ജാവേദ് ആനന്ദ്, അന്തരിച്ച മുതിര്‍ന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ്, മനുഷ്യാവകാശ പ്രവര്‍ത്തക ശബ്‌നം ഹാഷ്മി എന്നിവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ തീര്‍ച്ചയും തീരുമാനവുമില്ലാതെ അനന്തമായി നീണ്ടുപോകുകയോ അട്ടിമറിയിലൂടെ നിഷ്ക്കാസനം ചെയ്യപ്പെടുകയോ ഉണ്ടായി. ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകളിലൂടെ ശ്രമം നടന്നോ എന്നു പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിക്കു നിര്‍ദേശം നല്‍കിയിരുന്നു. അതു പ്രകാരം നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തുണ്ടായ എല്ലാ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചും അന്വേഷിച്ച റിട്ട. ജസ്റ്റിസ് എച്ച്‌.എസ് ബേദി അധ്യക്ഷനായ പ്രത്യേക സമിതി 2016ല്‍ സുപ്രിംകോടതിക്കു റിപ്പോര്‍ട്ട് നല്‍കി. മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടെങ്കിലും ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ക്കുകയായിരുന്നുവെന്ന് പറയുന്നു.

പു‌ല്‍‌വാമ സംഭവത്തിലും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതിന് തെളിവാണ് കാശ്മീര്‍ പൊലീസ് ഐജി ഫെബ്രുവരി എട്ടിന് സിആര്‍പിഎഫ്, ആര്‍മി, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എയര്‍ഫോഴ്സ് എന്നിവയ്ക്ക് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത് അവഗണിച്ചത്. ആക്രമണം നടന്നതിനു ശേഷം പാക്കിസ്താന്റെ പങ്ക് ഉറപ്പിക്കുന്ന തെളിവുണ്ടെന്ന് ഇന്ത്യ അവകാശപ്പെടുന്നതും സംശയിക്കേണ്ടിയിരിക്കുന്നു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ അസര്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന്റെ തെളിവുകളാണത്രേ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഈ അന്വേഷണ ഏജന്‍സികള്‍ എന്നു പറയുന്നവര്‍ക്കല്ലേ കശ്മീര്‍ പോലീസ് ഐജി ഒരാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്‍കിയത്?

പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് മസൂദ് അസര്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്നും, ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദസന്ദേശം പാക് സൈനിക ആശുപത്രിയില്‍ നിന്നും ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പിലേക്ക് മസൂദ് അസര്‍ എട്ട് ദിവസം മുന്‍പ് അയച്ചതിന്റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്നും പറയുന്നു. ഈ തെളിവുകള്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറാനാണത്രേ ഇന്ത്യയുടെ തീരുമാനം...!! അറുപതോളം ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മസൂദ് അസ്ഹര്‍ ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ തീവ്രവാദിയോഗങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സെയ്ദ് സലാഹുദ്ദീന്‍ ആണെന്നാണ് വിവരം. ജനുവരി 19ന് ചേര്‍ന്ന അവസാന യോഗത്തില്‍ പുതിയ തീവ്രവാദി പോസ്റ്റുകള്‍ക്ക് രൂപം നല്‍കുന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ച. പാകിസ്താന്‍ നിയന്ത്രണത്തിലുള്ള കശ്മീരിലെ മുസഫറാബാദിലെ ടൗണ്‍ ഹാളില്‍ നടന്ന മറ്റൊരു യോഗത്തില്‍ ഐഇഡി ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ച. ഐഇഡി ഉപയോഗിച്ചുളള ചാവേറാക്രമണമായിരുന്നു ജെയ്ഷെ ഭീകരന്‍ പുല്‍വാമയില്‍ നടത്തിയതും.

ഇത്രയും വിവരങ്ങള്‍ മുന്‍‌കൂട്ടി അറിഞ്ഞിട്ടും എന്തുകൊണ്ട് ഇന്ത്യ അവയൊക്കെ അവഗണിച്ചു? സദാ ജാഗരൂകരായി നില്‍ക്കേണ്ട സുരക്ഷാ സൈനികര്‍ക്ക് ഈ വിവരങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം കൈമാറിയില്ലെന്നുണ്ടോ? ആക്രമണം നടന്ന് 44 ധീരജവാന്മാരുടെ വീരമൃത്യുവിനുശേഷം ഇന്ത്യന്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പ്രഖ്യാപിച്ച് മുതലക്കണ്ണീരൊഴുക്കുന്നതിന്റെ ഔചിത്യമെന്താണ്? 

ന്യൂനപക്ഷങ്ങളെ ഭീകരരായും രാജ്യദ്രോഹികളായും മുദ്ര കുത്താന്‍ ഏത് ഹീനമാര്‍ഗവും ഉപയോഗിക്കുന്ന സംഘ്‌പരിവാര്‍-ബജ്‌രംഗ്‌ദള്‍-വി‌എച്ച്‌പി ഇപ്പോള്‍ നിരപരാധികളായ കശ്മീരി വിദ്യാര്‍ത്ഥികളെ വേട്ടയാടുകയാണ്.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളും വ്യാപാരികളും ആക്രമിക്കപ്പെടുന്നു.  ഉത്തരാഖണ്ഡ്, ഹരിയാന, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ പഠിക്കുന്ന കശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയും കശ്മീരികളുടെ കച്ചവട സ്ഥാപനങ്ങളേയുമാണ് ഇവര്‍ ആക്രമിക്കുന്നത്. 'കശ്മീരികള്‍ തീവ്രവാദികളാണ്, ഇന്ത്യ വിട്ടുപോകുക' തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ആക്രമണം. ഭീകരാക്രമണത്തിന് പിന്നില്‍ ഇവരാണെന്ന് ആക്രോശിച്ചുകൊണ്ടാണ് ആള്‍ക്കൂട്ടം വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം നടത്തുന്നത്. ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ വ്യാപാരികള്‍ക്കു നേരെയും വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന ഈ ഘട്ടത്തില്‍ നിലവിലുള്ള സര്‍ക്കാരിന്റെ വിലയിരുത്തലില്‍ ആശങ്ക പൂണ്ടവര്‍ അതിനെ മറികടക്കാന്‍ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' പോലെ ഒരു ആസൂത്രിത നീക്കമായിരുന്നോ പുല്‍‌വാലയില്‍ നടന്ന ഭീകരാക്രമണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍, കൂട്ട ബലാത്സംഗം, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, അഭിപ്രായ സ്വാതന്ത്രത്തിനു നേരെയുള്ള അക്രമങ്ങള്‍ തുടങ്ങി രാജ്യത്ത് ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണുള്ളത്. ഇത് ജനങ്ങളെ ഭയപ്പെടുത്തുകയും  നിശബ്ദരാക്കുകയും ചെയ്യുന്നു. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ബിജെപിയും സംഘ്‌പരിവാറും നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. അതതു കാലത്തിനാവശ്യമായത് വളരെ ബുദ്ധിയോടെയാണ് അവര്‍ ഉപയോഗിക്കുന്നത്. പശുവിന്റെ പേരിലും നാഷണലിസത്തിന്റെ പേരിലും, ത്രിവര്‍ണ പതാകയുടെ പേരിലും വന്ദേമാതരം അല്ലെങ്കില്‍ ദേശീയഗാനം അങ്ങനെ കാലാനുസൃതമായി ജനവികാരം ഉണര്‍ത്താന്‍ അവര്‍ തീവ്ര ശ്രമം നടത്തുന്നുണ്ട്. ഏറ്റവും അവസാനത്തേതായിരുന്നു ശബരിമല.
ജുഡീഷ്യറി, പാര്‍ലമെന്റ് തുടങ്ങി എല്ലാ ഭരണവ്യവസ്ഥിതികളും കൈപ്പിടിയിലാക്കിയാണ് അവരുടെ പ്രവര്‍ത്തനം.  ഈ പുല്‍‌വാമ ആക്രമണവും അവരുടെ ദേശീയത (വ്യാജ) ഉയര്‍ത്തിക്കാട്ടി വോട്ട് തേടാനല്ലെന്ന് ആര്‍ക്കാണ് ഉറപ്പിച്ചു പറയുവാന്‍ കഴിയുക? ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ 'ശവ മഞ്ചം ചുമക്കലും' അതിന്റെ ഒരു ഭാഗമാണ്.

കശ്മീരില്‍ ഇന്റന്‍സീവ് എക്സ്പ്ലോസീവ് ഡിവൈസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കശ്മീര്‍ പോലീസ് ഐജി ഫെബ്രുവരി എട്ടിന് തന്നെ സിആര്‍പിഎഫ്, ആര്‍മി, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എയര്‍ഫോഴ്സ് എന്നിവയ്ക്കും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോക്കും മുന്നറിയിപ്പ് നല്‍കിയിട്ടും എന്തുകൊണ്ട് കേന്ദ്ര ഗവണ്മെന്റും ആഭ്യന്തര വകുപ്പും അത് അവഗണിച്ചു? ഇപ്പോള്‍ പാക്കിസ്താനു നേരെയുള്ള ഇന്ത്യയുടെ വാണിജ്യ ഉപരോധവും, അതിര്‍ത്തിയില്‍ വായുസേന കാണിക്കുന്ന അഭ്യാസങ്ങളുമെല്ലാം ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനല്ലേ?  ജനകീയത നഷ്ടപ്പെട്ട ബിജെപി അടുത്തുവരുന്ന പൊതു തെരഞ്ഞെടുപ്പില്‍ മറ്റൊരു 'വ്യാജ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ തങ്ങള്‍ ദേശ സ്നേഹികളാണെന്നും കശ്മീരികള്‍ ദേശവിരുദ്ധരുമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഉപാധിയായിട്ടാണ് പുല്‍‌വാല ഭീകരാക്രമണത്തെ  ഉപയോഗിക്കുന്നതെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവില്ല.

2018 ഡിസംബർ 23, ഞായറാഴ്‌ച

ഹര്‍ത്താല്‍ വിമുക്ത കേരളം

അനാവശ്യവും ജനദ്രോഹപരവുമായ ഹര്‍ത്താലുകള്‍ കൊണ്ട് പൊറുതി മുട്ടിയ ജനം ഒടുവില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത് നല്ലൊരു തുടക്കമാണെന്നതില്‍ സംശയമില്ല. കേരളത്തില്‍ നിന്ന് ഹര്‍ത്താലുകളെ നാടുകടത്തി ശുദ്ധികലശം ചെയ്യാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചെന്ന വാര്‍ത്ത ഏറെ ശുഭപ്രതീക്ഷകളാണ് നല്‍കുന്നത്.

പണ്ടൊക്കെ പ്രമുഖ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകള്‍ക്ക് വ്യാപാരികളും കേരള സമൂഹവും പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന സ്ഥിതി വന്നപ്പോള്‍ അത് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമായി. ഇപ്പോള്‍ ഒരു വ്യക്തി വിചാരിച്ചാല്‍ കേരളമൊട്ടാകെ സ്തംഭിപ്പിക്കാവുന്ന തരത്തില്‍ ഹര്‍ത്താലുകള്‍ മാറി. തിരുവനന്തപുരത്ത് ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ ആരെങ്കിലും കൈയ്യേറ്റം ചെയ്താല്‍ കാസര്‍ഗോഡില്‍ ഹര്‍ത്താല്‍ ആചരിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങള്‍. ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് എത്രയോ ഹര്‍ത്താലുകള്‍ അനാവശ്യമായി പ്രഖ്യാപിച്ച് ജനങ്ങളെ കഷ്ടപ്പെടുത്തി?

2018 പിറന്നതിനുശേഷം നവംബര്‍ വരെ 87 ഹര്‍ത്താലുകളാണു കേരളത്തില്‍ ന‌ടന്നത്. പ്രളയദുരന്തം സൃഷ്ടിച്ച പ്രതിസന്ധി സാഹചര്യം പോലും ചിന്തിക്കാതെ ഹര്‍ത്താല്‍ പ്രഖ്യാപനക്കാര്‍ മനുഷ്യത്വരഹിതമായാണ് സമരവുമായി രംഗത്തിറങ്ങിയത്. നൂറ്റാണ്ടിന്‍റെ ദുരന്തത്തില്‍ നിന്നുള്ള ജനങ്ങളുടെ അതിജീവനം പ്രഥമ പരിഗണനയര്‍ഹിക്കുമ്പോള്‍ ഓരോ ഹര്‍ത്താലും നഷ്ടപ്പെടുത്തുന്ന വിലയേറിയ മണിക്കൂറുകളുടെ വില ഹര്‍ത്താല്‍ പ്രഖ്യാപകര്‍ ഗൗനിച്ചില്ല. ഓരോ ഹര്‍ത്താലും ഏകദേശം ആയിരം കോടി രൂപയുടെ ഉത്പാദന നഷ്ടമുണ്ടാക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് പ്രതിവര്‍ഷം ഒരു ലക്ഷം കോടിയോളം രൂപയുടെ നഷ്ടം ഹര്‍ത്താലുകള്‍ വഴി സംസ്ഥാനത്തിനുണ്ടാകുന്നു എന്നര്‍ത്ഥം. കേരളത്തിന്റെ വാര്‍ഷിക പൊതുബജറ്റ് വിഹിതത്തിന്‍റെ മൂന്നില്‍ രണ്ടോളം വരുന്ന തുകയാണിത്. നോട്ട് നിരോധനം, ജി എസ് ടി, പ്രളയം തുടങ്ങിയ പ്രതിസന്ധികളില്‍ തകര്‍ന്നുപോയ കേരളത്തിന്റെ സാമ്പത്തിക അടിത്തറയുടെ അസ്ഥിവാരമിളക്കുന്നതാണു ഹര്‍ത്താലെന്ന് അറിവുള്ളവര്‍ തന്നെയാണ് നിരന്തരം ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം ചെയ്യുന്നതെന്നതും വിരോധാഭാസം തന്നെ.

ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഇറക്കുന്നവര്‍ തന്നെ അവയൊക്കെ വിസ്മരിച്ച് സ്വന്തം കാര്യസാധ്യത്തിനായി വീണ്ടും വീണ്ടും ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത് ജനവിരുദ്ധ സമരമുറയാണെന്നു മാത്രമല്ല, ജീവിക്കുന്നതിനുള്ള മനുഷ്യന്റെ പൗരാവകാശം നിഷേധിക്കുന്നതിനു തുല്യമാണ്. സമൂഹനന്മയ്ക്കായി നിലകൊള്ളേണ്ട ഭരണപ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും ജനദ്രോഹപരമായ നീക്കം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് സമൂഹത്തിന്‍റെ നാനാതുറകളില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ അടുത്ത വര്‍ഷം ഹര്‍ത്താലിനെ നാടുകടത്താനും 2019 ഹര്‍ത്താല്‍ മുക്ത വര്‍ഷമായി ആചരിക്കാനും തീരുമാനിച്ചിരിക്കുന്നത്. ഈ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി, മലബാര്‍ - കൊച്ചി ചേംബര്‍ ഒഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളും ഒട്ടേറെ സംരംഭകരും ചെറുകിട കച്ചവടക്കാരുമൊക്കെ ഈ പ്രഖ്യാപനത്തിന് ജീവന്‍ പകര്‍ന്നിരിക്കുകയാണ്. ഈ പ്രഖ്യാപനം മറ്റു തലങ്ങളിലേക്കും വ്യാപിച്ചതിന്റെ പരിണിതഫലമാണു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 64 സംഘടനകളും ഇന്ത്യന്‍ മര്‍ച്ചന്റ്സ് അസ്സോസിയേഷന്‍ കേരള ഘടകവും തീരുമാനമെടുത്തത്.

മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നത് അത്ര സുഖകരമായ വാര്‍ത്തയല്ല, അഭ്യസ്ഥവിദ്യരെന്ന് വിശേഷിപ്പിക്കുന്ന കേരളീയരെ സംബന്ധിച്ച് പ്രത്യേകിച്ചും. എല്ലാ വിഭാഗത്തിലും പെട്ടവരുടെ പൗരാവകാശ ലംഘനമാണു ഹര്‍ത്താലിലെ മനം മടുപ്പിക്കുന്ന ഏറ്റവും വലിയ ഘടകം. നിത്യരോഗികള്‍ മുതല്‍ ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളും വരെ അക്കൂട്ടത്തിലുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നതും, പകലന്തിയോളം കഷ്ടപ്പെട്ട് പണിയെടുത്ത് കുടുംബം പോറ്റുന്നവരുടെ കഞ്ഞിയില്‍ മണ്ണു വാരിയിട്ട് പാവപ്പെട്ടവരെ കഷ്ടതയിലേക്ക് തള്ളിവിടുന്നതാണ് ഹര്‍ത്താലുകള്‍. സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം പൊതുഗണത്തില്‍ പെടുത്തി എഴുതിത്തള്ളാനും കഴിയുന്നതല്ല.

ഹര്‍ത്താലുകള്‍ മൂലം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടു പോയത്, പ്രത്യേകിച്ച് പ്രവാസികള്‍ക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലീവിനു വന്ന് തിരിച്ചു പോകുന്നവര്‍ ജോലിക്ക് ഹാജരാകുന്നതിന്റെ തലേ ദിവസമായിരിക്കും നാട്ടില്‍ നിന്ന് തിരിച്ചു പോകുന്നത്. അന്നായിരിക്കും അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതും. വിമാനത്താവളത്തില്‍ എത്തിപ്പെടാനാകാതെ എത്രയോ പേര്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അവര്‍ക്കൊന്നും യാതൊരു നഷ്ടപരിഹാരമോ മറ്റു സഹായങ്ങളോ ഈ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികള്‍ ചെയ്തുകൊടുക്കാറില്ല. അങ്ങനെ തൊഴില്‍ നഷ്ടപ്പെട്ടുപോയ അസംഖ്യം ഹതഭാഗ്യരുടെ നാടാണു കേരളം. സമൂഹത്തിന്‍റെ എല്ലാ തുറകളിലും പെട്ടവര്‍ ഹഹര്‍ത്താലിന് ഇരകളാണെങ്കിലും സംഘടിത രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള സ്വാതന്ത്ര്യമോ സന്നാഹങ്ങളോ പൊതുജനമെന്ന കൂട്ടായ്മക്കില്ല. ഈ ദൗര്‍ബല്യം മുതലെടുത്താണ്, ആഹ്വാനം ചെയ്യാന്‍ സംഘടനയോ സാരഥികളോ ഇല്ലെങ്കില്‍ പോലും ഹര്‍ത്താല്‍ വിജയിക്കുന്ന നാടായി കേരളം മാറിയത്.

ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പൊതുനിരത്തിലിറങ്ങി സര്‍ക്കാര്‍ വാഹനങ്ങള്‍ തച്ചുടയ്ക്കുന്നതും, ജനങ്ങളെ ദേഹോപദ്രവമേല്പിക്കുന്നതും കൂടാതെ അക്രമാസക്തരായ ഹര്‍ത്താലനുകൂലികള്‍ കടകമ്പോളങ്ങള്‍ കൈയ്യേറുന്നതും അടിച്ചുതകര്‍ക്കുന്നതും പതിവു സംഭവമാണ്. അത്തരത്തിലുള്ള ഭീഷണികള്‍ക്ക് വഴങ്ങാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന ചിന്തയാണ് ഇപ്പോള്‍ വ്യാപാരി സമൂഹവും ടൂറിസം വ്യവസായ രംഗത്തെ വിവിധ സംഘടനകളും ചെറുത്തു തോല്പിക്കാന്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ജനം എന്ന കൂട്ടായ്മയുടെ ഭാഗം തന്നെയാണ് ഈ സംഘടനകള്‍. ഈ തീരുമാനത്തില്‍ സമൂഹം ഉറച്ചു നിന്നാല്‍ ഇനി കേരളത്തില്‍ ഒരു ദിവസം പോലും ഹര്‍ത്താല്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ അവര്‍ ഉയര്‍ത്തിക്കാട്ടിയ ഹര്‍ത്താല്‍ വിരുദ്ധ പ്രഖ്യാപനം ഏറ്റവും വലിയ ജനകീയ മുന്നേറ്റവുമാണ്. സമസ്ത മേഖലയിലെയും ജനങ്ങള്‍ ഈ കൂട്ടായ്മയ്ക്കൊപ്പമുണ്ടാകും. ശക്തമായ ഈ ജനവികാരം ശരിയായി മനസിലാക്കാന്‍ എല്ലാ രാഷ്‌ട്രീയ-സാമൂഹ്യ-സാമുദായിക സംഘടനകള്‍ക്കും കഴിഞ്ഞാല്‍ നാനാതുറകളില്‍ പെട്ട ജനസമൂഹം ഈ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും, ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടികള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവയെ ബഹിഷ്ക്കരിക്കുകയും, പൊതുനിരത്തിലിറങ്ങി കാഹളം മുഴക്കുന്ന വിവിധ പാര്‍ട്ടി അനുകൂലികളെ ശാരീരികമായി കൈകാര്യം ചെയ്യുകയും ചെയ്താല്‍ കേരളത്തിന്‍റെ മണ്ണില്‍ നിന്ന് എന്നന്നേക്കുമായി നാടുകടത്തപ്പെടും, ഹര്‍ത്താല്‍ എന്ന സാമൂഹ്യ വിപത്ത്. ഭാവിയില്‍ ഹര്‍ത്താലെന്ന പേരില്‍ അവര്‍ രംഗത്തിറങ്ങുകയില്ല. പോലീസ് സം‌രക്ഷിച്ചുകൊള്ളും എന്ന വിശ്വാസം പാടെ ഉപേക്ഷിക്കുകയാണ് അഭികാമ്യം. കാരണം, പോലീസിലും ക്രിമിനലുകളുണ്ട്, പാര്‍ട്ടി അനുഭാവികളുമുണ്ട്. കോടതികളും ഇപ്പോള്‍ വിശ്വാസയോഗ്യമല്ലാതായിത്തീര്‍ന്നിരിക്കുന്നു. ഇരുമ്പും ചിതലരിക്കുന്ന അവസ്ഥ....!

2018 ഡിസംബർ 21, വെള്ളിയാഴ്‌ച

നവോത്ഥാനവും വനിതാ മതിലും കേരളത്തെ എങ്ങോട്ട് നയിക്കും?

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലുണ്ടാക്കിയ ചലനങ്ങളുടെ പശ്ചാത്തലത്തിലാണ് ജനുവരി ഒന്നിന് കേരളത്തില്‍ വനിതാ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നവോത്ഥാന മൂല്യങ്ങളെയും മതനിരപേക്ഷ ആശയങ്ങളെയും സ്ത്രീ-പുരുഷ സമത്വത്തെയും ഉയര്‍ത്തിപ്പിടിക്കാനാണ് ഈ വനിതാ മതില്‍ ആശയം രൂപപ്പെട്ടതെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും, ഈ മതില്‍ കേരളത്തില്‍ വീണ്ടുമൊരു വിഭാഗീയത സൃഷ്ടിക്കാനിടവരില്ലേ? ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദു വര്‍ഗീയ ശക്തികളാണ് വ്യാജ പ്രചരണങ്ങളുമായി തെരുവുകളെ അക്രമ കേന്ദ്രങ്ങളാക്കിയത്. ഈ സാഹചര്യത്തിലാണ് നവോത്ഥാന മൂല്യങ്ങള്‍ക്കായി പൊരുതിയ ഹിന്ദു സംഘടനകളുടെ വര്‍ത്തമാനകാല നേതാക്കളുടെ ഒരു യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്. നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കുക എന്ന നാടിന്റെ താത്പര്യമാണ് അവിടെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. അതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ആശയമായിരുന്നുവത്രേ വനിതാ മതിലെന്നത്. അപ്പോള്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ക്കും വേണ്ടേ നവോത്ഥാനം? അവരിലുമില്ലേ വിഭാഗീയത?

കേരളത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ നാം ഉള്‍ക്കൊള്ളുന്ന പാഠം നവോത്ഥാനം എന്നത് ഏറിയും കുറഞ്ഞും എല്ലാ ജനവിഭാഗങ്ങളെയും ആധുനികവത്കരിക്കാന്‍ നടത്തിയ മുന്നേറ്റമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭന്‍, അയ്യന്‍കാളി, വി.ടി. ഭട്ടതിരിപ്പാട്, വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി, സനാഹുള്ള മക്തി തങ്ങള്‍, പോയ്കയില്‍ യോഹന്നാന്‍ എന്നിവര്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ വേര്‍തിരിച്ചല്ല നവോത്ഥാനത്തിന് നേതൃത്വം നല്‍കിയത്. അവിടെ ലിംഗ സമത്വമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും, സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും, കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപിച്ചുകൊണ്ട് പുതുവത്സര ദിനത്തില്‍ ഉയരാന്‍ പോകുന്ന വനിതാ മതില്‍ യഥാര്‍ത്ഥത്തില്‍ കേരളത്തെ ഒരു മുഴു മതഭ്രാന്താലയമാക്കുമെന്നുറപ്പാണ്.

ഹിന്ദു മതവിഭാഗങ്ങള്‍ എന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ടവരിലാണ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും സൃഷ്ടിച്ച ജാതി വ്യവസ്ഥ നിലനിന്നിരുന്നത്. ആധുനിക മനുഷ്യനായി മാറണമെങ്കില്‍ ആ വ്യവസ്ഥ തിരുത്തേണ്ടത് അനിവാര്യമായിരുന്നു.  ആധുനിക മനുഷ്യനെ സൃഷ്ടിക്കാനുള്ള നവോത്ഥാനം അതുകൊണ്ട് തന്നെ ജാതീയതയ്‌ക്കെതിരായുള്ള സമരമായിട്ടാണ് വികസിച്ചത്. ജാതി വ്യവസ്ഥ മറ്റു മത വിഭാഗങ്ങള്‍ക്കിടയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ഒന്നല്ല എന്നതിനാല്‍ അത്തരത്തിലുള്ള സമരങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉയര്‍ന്നുവന്നതുമില്ല. നവോത്ഥാനത്തിലെ ആദ്യ നായകര്‍ തൊട്ട് ഹിന്ദു വിഭാഗങ്ങള്‍ക്കിടയിലെ നവോത്ഥാന മുന്നേറ്റം ഊന്നിയത് ജാതിവ്യവസ്ഥയ്‌ക്കെതിരായിരുന്നു. അതിന്റെ ഭാഗമായിരുന്ന മുദ്രാവാക്യങ്ങളിലാണ് അവര്‍ കേന്ദ്രീകരിച്ചിരുന്നതും.

ശ്രീനാരായണ ഗുരുവിനെപ്പോലുള്ള നവോത്ഥാന നായകര്‍ മതപരമായ യോജിപ്പിന്റെ തലങ്ങളും ഇതോടൊപ്പം വികസിപ്പിച്ചിരുന്നു. 1924 ല്‍ ആലുവയില്‍ ചേര്‍ന്ന സര്‍വ്വമത സമ്മേളനം തന്നെ ഇതിനുദാഹരണമാണ്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം ചേരുന്നതെന്ന് സമ്മേളന കവാടത്തില്‍ തന്നെ ശ്രീനാരയണ ഗുരു എഴുതിവച്ചിരുന്നു. 'പല മത സാരമേകം' എന്ന കാഴ്ചപ്പാട് തന്നെ ശ്രീനാരായണ ഗുരു അവിടെ അവതരിപ്പിക്കുകയും ചെയ്തു. നവോത്ഥാനം ജാതീയതയ്‌ക്കെതിരെയും മതനിരപേക്ഷതയുടെയും കാഴ്ചപ്പാടുകളെ മുന്നോട്ടുവച്ചുകൊണ്ടാണ് ഇടപെട്ടത് എന്നര്‍ത്ഥം.

വനിതാ മതില്‍ എന്ന ആശയം കൊണ്ടുവന്നപ്പോള്‍ തന്നെ അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങളും സംശയങ്ങളും പൊന്തിവന്നിരുന്നു. അതില്‍ പ്രധാനമായത് ജനുവരി ഒന്നിനു തന്നെ എന്തുകൊണ്ട് വനിതാ മതില്‍ തീര്‍ക്കണം എന്നതായിരുന്നു. തുടര്‍ന്ന് ആര്‍ക്കൊക്കെ അതില്‍ പങ്കെടുക്കാം, അതിന്റെ ചിലവുകള്‍ ആര് വഹിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങളില്‍ പ്രധാനമായത് ചിലവിന്റെ കാര്യമായിരുന്നു. സര്‍ക്കാരിന്റെ ഒരു പൈസ പോലും ചിലവാക്കില്ല എന്നും സ്പോണ്‍സര്‍മാരുടെ ചിലവിലായിരിക്കുമെന്നും വനിതാ മതില്‍ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതാണ്.  പക്ഷെ പത്തു ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് വിഴുങ്ങി മറ്റൊരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.  സ്ത്രീ സുരക്ഷിത്വത്തിന് വേണ്ടി ബജറ്റില്‍ ഉള്‍പ്പെടുത്തിയ 50 കോടി രൂപ മതിലിന് വേണ്ടി മുടക്കുമെന്നാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഈ 'സത്യവാങ്മൂലം' എന്നാല്‍ എന്താണെന്നറിയാത്തവരാണോ മന്ത്രിസഭയിലുള്ളത്? കോടതികളില്‍ നിത്യവും സത്യവാങ്മൂലം മാറ്റിപ്പറയുന്ന സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കും?

ഇനി 50 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണെങ്കില്‍ കൂടി അത് സ്ത്രീ സുരക്ഷിതത്വത്തിനു വേണ്ടിയാണെന്നും, സര്‍ക്കാര്‍ ഖജനാവിലെ പണമാണെന്നും ആ പണം നികുതിദായകരുടേതാണെന്നും അറിവില്ലാഞ്ഞിട്ടാണോ? സ്ത്രീ സുരക്ഷയ്ക്കെന്ന വകുപ്പില്‍ ഒരു വേറെ ഫണ്ട് ഖജനാവില്‍ ഉണ്ടാവാന്‍ വഴിയില്ല. എന്തുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നിയമസഭയില്‍ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത്? സത്യം പറഞ്ഞാല്‍ എന്താണ് കുഴപ്പം? ഏതെങ്കിലും വകുപ്പിനു വേണ്ടി ബജറ്റില്‍ തുക മാറ്റി വെച്ചാല്‍ ആ തുക നിശ്ചിത കാലയളവില്‍ തന്നെ ചെലവാക്കണമെന്നാണ് നിയമം. ഓഖി ദുരന്ത നിവാരണത്തിന് കേന്ദ്രം അനുവദിച്ച തുക ഇതുവരെ ചെലവാക്കാത്തതുകൊണ്ട് (ഏകദേശം 160 കോടിയോളം) ആ പണം കഴിച്ച് ബാക്കി മാത്രമേ പ്രളയദുരന്ത നിവാരണത്തിന് നല്‍കിയുള്ളൂ എന്നതും ഇവിടെ പ്രസക്തമാണ്. ഇപ്പോള്‍ സ്ത്രീ സുരക്ഷാ ക്രമീകരണത്തിനായി മാറ്റിവെച്ച 50 കോടി രൂപ ഇതുവരെ ചിലവാക്കാത്തതുകൊണ്ട് ഈ സാമ്പത്തിക വര്‍ഷം  വിനിയോഗിക്കേണ്ടതാണത്രെ. സാമ്പത്തിക വര്‍ഷം അവസാനിക്കുക 2019 മാര്‍ച്ച് 31 ആണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കറിയാം. എന്നാല്‍ അത് ഡിസമ്പര്‍ 31 ന് തീരുമെന്നത് സര്‍ക്കാര്‍ പറയുമ്പോഴാണ് നികുതിദായകര്‍ മനസ്സിലാക്കുക. അമ്പമ്പോ ഫണ്ട് ചെലവാക്കുന്നതില്‍ എന്തോരു നിഷ്‌ക്കര്‍ഷ!

മഹാപ്രളയം വന്ന് കേരളത്തിന്റെ ഒരു ഭാഗം തകര്‍ന്നു തരിപ്പണമാകുകയും ആ മഹാദുരന്തത്തില്‍ കരകയറാനാവാതെ പതിനായിരങ്ങള്‍ ഒരു കൈ സഹായത്തിന്നായി സര്‍ക്കാര്‍ ഓഫീസുകളുടെ തിണ്ണകള്‍ നിരങ്ങുമ്പോഴാണ് ഈ വഴിമാറി ചെലവാക്കല്‍. കിടപ്പാടം നഷ്ടപ്പെട്ട് അന്യന്റെ വരാന്തകളിലും സര്‍ക്കാര്‍ ഓഫീസുകളുടേയും സ്‌ക്കൂളുകളുടെയും എന്തിന് ആതുരാലയങ്ങളുടെയും മട്ടുപ്പാവുകളില്‍ കടലാസും ചാക്കും മറച്ചു അന്തിയുറങ്ങുന്ന എണ്ണമറ്റ കുടംബങ്ങളുടെ കഥ മാസങ്ങളായി മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ അതൊന്നും കാണാറില്ലേ? കണ്ണീരും കൈയുമായി കഴിയുന്ന ആ പാവങ്ങളില്‍ പാവങ്ങളായ ആ കുടുംബങ്ങളില്‍ കുറച്ചു പേര്‍ക്കെങ്കിലും  ഒരു കിടപ്പാടം ഉണ്ടാക്കി കൊടുക്കാന്‍ ഈ തുക വിനിയോഗിച്ചിരുന്നുവെങ്കില്‍ ഇടത് സര്‍ക്കാറിന് ഒരു പുണ്യമാവുമായിരുന്നു. പുണ്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളും ഭരണ പക്ഷത്തുണ്ടല്ലൊ. ആരും തുണയില്ലാതെ ആയിരക്കണക്കിന് സഹോദരിമാരും അമ്മമാരും ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും വഴികാണാതെ നരകിക്കുമ്പോഴാണ് പലരും ചികഞ്ഞു നോക്കി രാഷ്ട്രീയ മതിലെന്നും  വര്‍ഗീയമതിലെന്നുമൊക്കെ ആക്ഷേപമുയരുന്ന ഈ സംരംഭത്തിന് സര്‍ക്കാര്‍ അമ്പത് കോടി മുടക്കി പെടാപ്പാട് നടത്തുന്നത്.

എത്ര ഉപദേശകരാണ് മുഖ്യമന്ത്രിക്കുള്ളത്? അവര്‍ക്കെങ്കിലും മുഖ്യമന്ത്രിയെ ഉപദേശിക്കാമായിരുന്നല്ലോ. അല്ലെങ്കില്‍ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ ഉണ്ടല്ലോ. അദ്ദേഹത്തിനെങ്കിലും ഈ സര്‍ക്കാരിന് നേര്‍‌വഴി കാണിച്ചുകൊടുക്കാമായിരുന്നല്ലോ. സ്ത്രീ സുരക്ഷയ്ക്കായുള്ള ഫണ്ട് വകമാറ്റുന്നത് ശരിയോ എന്ന് ചോദിക്കാമായിരുന്നല്ലൊ.  അതോ ഈ വകമാറ്റി ചിലവഴിക്കലും ഒരു തരത്തില്‍ ഭരണപരിഷ്‌ക്കാരത്തിന്റെ ഭാഗമാവുമോ?

അമേരിക്കയടക്കം നിരവധി രാജ്യങ്ങളില്‍ പ്രവാസികള്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഫണ്ടുകള്‍ ശേഖരിക്കുന്നുണ്ട്. തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അയച്ചിരുന്നവര്‍ പിന്നീട് അത് മാറ്റി പ്രാദേശിക സഹായങ്ങള്‍ക്കായി നല്‍കുന്ന വാര്‍ത്തകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. പ്രാദേശിക സംഘടനകള്‍ വഴിയും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ചര്‍ച്ചുകള്‍, വിവിധ മത സംഘടനകള്‍ എല്ലാം ഇങ്ങനെയുള്ള ഫണ്ടുകള്‍ യഥാവിധി അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ അയച്ചാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുമെന്ന ചിന്തയാണ് അതിനു കാരണം. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നര്‍ത്ഥം. ആ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള ഒരേയൊരു പോം‌വഴി. 

2018 ഡിസംബർ 15, ശനിയാഴ്‌ച

ജീവിതം എത്ര സുന്ദരം (കഥ)

വളരെ ആര്‍ഭാടമായിരുന്നു അവളുടെ വിവാഹം. മനസ്സിനിണങ്ങിയ പുരുഷന്‍. ബന്ധുമിത്രാദികളും സുഹൃത്തുക്കളും വാനോളം പുകഴ്ത്തി.

അന്നു വൈകുന്നേരം അവളുടെ അമ്മ ഒരു വിവാഹ സമ്മാനം അവള്‍ക്കു നല്‍കി. ആകാംക്ഷയോടെ അവള്‍ ആ കവര്‍ തുറന്നു. ഒരു സേവിംഗ്സ് ബാങ്ക് പാസ്സ്ബുക്ക് !

"പാസ്സ് ബുക്കോ?" അവള്‍ അമ്മയോട് ചോദിച്ചു.

"അതെ മോളെ, നിന്‍റെ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളിലൊന്നാണ് ഇന്ന് നടന്നത്. ഈ പാസ്സ് ബുക്ക് നീ ഭദ്രമായി സൂക്ഷിക്കുക. വിവാഹ ജീവിതത്തില്‍ പ്രധാനപ്പെട്ട എന്തു സംഭവങ്ങളുണ്ടായാലും നീ കുറച്ചു പണം ഇതില്‍ നിക്ഷേപിക്കണം. ഓരോ പ്രാവശ്യവും നീ അതു ചെയ്യുമ്പോള്‍ എന്തിനു ചെയ്തു എന്ന് എഴുതിയിടുകയും വേണം. നിന്‍റെ ഭര്‍ത്താവിനോടും ഇക്കാര്യം പറയണം. ആദ്യത്തെ നിക്ഷേപം ഞാന്‍ ചെയ്തിട്ടുണ്ട്. പിന്നെ ഒരു കാര്യം. ഈ പണം ഒരു കാരണവശാലും ചിലവാക്കരുത്."

അമ്മയുടെ വാക്കുകള്‍ കേട്ട് അവള്‍ക്ക് ചിരി വന്നു. അവള്‍ ആ പാസ്സ് ബുക്ക് തുറന്നു നോക്കി. ആയിരം രൂപ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു !

"ഈ അമ്മയുടെ ഒരു കാര്യം...." അവള്‍ സ്വയം പറഞ്ഞു.

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. അവരുടെ ജീവിതത്തില്‍ പല സംഭവങ്ങളും നടന്നു. നല്ല ജോലി, പുതിയ വീട്, ഉദ്യോഗക്കയറ്റം, ശമ്പള വര്‍ദ്ധന, പുതിയ വാഹനം എന്നിങ്ങനെ പലതും അവര്‍ക്ക് ലഭിച്ചു. ഇതിനോടകം രണ്ടു കുട്ടികളും ജനിച്ചു. ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും ഇരുവരും ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ മറന്നില്ല.
പക്ഷെ, ആ സന്തോഷ ദിനങ്ങള്‍ക്ക് മങ്ങലേല്‍ക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. നിസ്സാര കാര്യങ്ങളെച്ചൊല്ലി പരസ്പരം പഴിചാരി ഇരുവരും വഴക്കടിക്കുക ഒരു പതിവായി. പരസ്പരം സംസാരിക്കുന്നതുതന്നെ വിരളമായി. പ്രശ്നങ്ങള്‍ ഓരോന്നായി അവരുടെ ജീവിതത്തിന്‍റെ താളം തെറ്റിച്ചു തുടങ്ങി. ഇങ്ങനെ ജീവിക്കുന്നതില്‍ ഭേദം വേര്‍പിരിയുകയാണ് നല്ലതെന്ന് അവര്‍ തീരുമാനിച്ചു.

അവള്‍ ഈ വിവരം അമ്മയോടു പറഞ്ഞു.

"എനിക്ക് ഈ ജീവിതം മടുത്തു അമ്മേ. ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു."

അമ്മ പറഞ്ഞു, "അതിനെന്താ മോളെ, വേര്‍പിരിയാന്‍ തീരുമാനിച്ചെങ്കില്‍ അങ്ങനെ ചെയ്യുക. പക്ഷേ, ഒരു കാര്യം. വേര്‍പിരിയുന്നതിനു മുന്‍പ് ഞാന്‍ തന്ന ആ പാസ്സ് ബുക്കിലെ പണം മുഴുവന്‍ പിന്‍വലിക്കാന്‍ മറക്കരുത്. ഒരു രേഖയും ബാക്കി വെക്കരുത്."

അമ്മയുടെ ഉപദേശം കേട്ട് അവള്‍ സന്തോഷിച്ചു.

"ശരിയാണ്, ഈ പണം മുഴുവന്‍ ഞാന്‍ പിന്‍വലിക്കും."

അവള്‍ നേരെ ബാങ്കിലേക്ക് പോയി. അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള പേപ്പറുകള്‍ ശരിയാക്കിക്കൊണ്ടിരുന്ന സമയം അവളുടെ കണ്ണുകള്‍ പാസ്സ് ബുക്കില്‍ ഉടക്കി. അതിലെ ഓരോ പേജുകളും അവള്‍ ശ്രദ്ധയോടെ നോക്കി.  ആവശ്യത്തിലധികം പണം. അവള്‍ വീണ്ടും വീണ്ടും നോക്കി. ഓരോ ഡെപ്പോസിറ്റുകളുടേയും കാരണങ്ങള്‍ അവള്‍ ഓര്‍ത്തു. അവളുടെ ഓര്‍മ്മകള്‍ പുറകിലേക്ക് സഞ്ചരിച്ചു......ഓരോ ഡെപ്പോസിറ്റുകളുടേയും കാരണങ്ങളോര്‍ത്ത് അവളുടെ കണ്ണുകള്‍ നിറഞ്ഞു. നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കവിള്‍ത്തടങ്ങളിലൂടെ കണ്ണീര്‍ ഒഴുകി.

പാസ്സ് ബുക്ക് ബാഗിലിട്ട് അവള്‍ വീട്ടിലേക്ക് തിരിച്ചു. ഭര്‍ത്താവിനെ പാസ്സ് ബുക്ക് ഏല്പിച്ചിട്ടു പറഞ്ഞു..

 "വിവാഹമോചനത്തിനു മുന്‍പ് അതില്‍ കാണുന്ന പണം മുഴുവന്‍ എടുത്ത് ചിലവാക്കുക" എന്ന്.

ഒന്നും പറയാതെ ഭര്‍ത്താവ് ആ പാസ്സ് ബുക്ക് വാങ്ങി നിസ്സംഗതനായി നടന്നു നീങ്ങി.

അവളുടെ മനസ്സു വിങ്ങി. ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിച്ച ആ കാലങ്ങളെ ഓര്‍ത്ത് അവള്‍  നല്ല നാളുകളെയോര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു. ഒരുപാട് കരഞ്ഞു. ഇനി അധികം വൈകാതെ ഞങ്ങള്‍ തമ്മില്‍ എന്നന്നേക്കുമായി പിരിയുകയാണ്.

അടുത്ത ദിവസം അയാള്‍ ആ പാസ്സ്ബുക്ക് തിരിച്ച് അവള്‍ക്ക് നല്‍കി. അത്ഭുതത്തോടെയും  സംശയത്തോടെയും അവള്‍ അതു തുറന്നു നോക്കി.

5000 രൂപ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു ! തൊട്ടടുത്ത് ഒരു കുറിപ്പും. ആ കുറിപ്പില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു....
"നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കി. ഇത്രയും വര്‍ഷങ്ങള്‍ നാം ഇരുവരും പങ്കുവെച്ച സ്നേഹവും പരിചരണവും മനസ്സിലാക്കാന്‍ വൈകിപ്പോയി. എന്നോട് ക്ഷമിക്കുക.  നമുക്ക് വേര്‍പിരിയാനാകുമോ?"

അയാളുടെ കൈകള്‍ അവളുടെ തോളില്‍ അമര്‍ന്നു. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവള്‍ മെല്ലെ അയാളുടെ തോളിലേക്ക് ചാഞ്ഞു. അയാളുടെ കരവലയത്തിലമര്‍ന്നപ്പോള്‍ അവളുടെ മനസ്സ് മന്ത്രിച്ചു... "ഞാനെത്ര ഭാഗ്യവതിയാണ്."

ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞു.... സ്നേഹത്തിന്‍റെ കണ്ണീര്‍ !

ആ പാസ്സ് ബുക്ക് പെട്ടിയില്‍ വെക്കുന്നിനിടയില്‍ അവര്‍ പറഞ്ഞു...

 "ജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ പരസ്പരം മനസ്സിലാക്കി ജീവിച്ചാല്‍ എത്ര സുന്ദരമായിരിക്കും ആ ജീവിതം..!"


2018 ഡിസംബർ 3, തിങ്കളാഴ്‌ച

ശബരിമലയും വനിതാ മതിലും

ശബരിമലയില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുഖം മിനുക്കാനാണോ അതോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണോ എന്നറിയില്ല ഒരു "പുതിയ നവോത്ഥാന മൂവ്മെന്റ്" കേരളത്തില്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നു കേട്ടപ്പോള്‍ തോന്നിയത് 'ചങ്ങലയ്ക്കും ഭ്രാന്തിളകി' എന്നാണ്. സുപ്രീം കോടതി വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണെന്ന് ലോകം പറയുമ്പോള്‍ അതല്ല സത്യം സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ സ്ഥിതി ചെയ്യുന്ന സുപ്രീം കോടതി വിധിയെഴുതിയതിന്റെ മഷി ഉണങ്ങുന്നതിനു മുന്‍പേ ഇങ്ങ് കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ശബരിമലയിലേക്ക് പോലീസും പട്ടാളവുമായി ചെന്ന് 'ഉത്തരവ് നടപ്പിലാക്കാന്‍' ശ്രമിച്ചപ്പോള്‍ തന്നെ അരിയാഹാരം തിന്നുന്ന മലയാളികള്‍ക്ക് മനസ്സിലായിരുന്നു ഈ വിധി ചോദിച്ചു വാങ്ങിയതു തന്നെ എന്ന്.

 ശക്തവും സമ്പന്നവുമായ ഭ​ര​ണ​ഘ​ട​ന​യും അ​ത്ര​ത്തോ​ളം ശ​ക്ത​മാ​യ ജ​നാ​ധി​പ​ത്യ​വും നി​യ​മ​വാ​ഴ്ച​യും നി​ല​നി​ല്‍​ക്കു​ന്ന ഇന്ത്യയില്‍ ആ സം‌വിധാനങ്ങളെ ധി​ക്ക​രി​ച്ചു മു​ന്നോ‌​ട്ടു​പോ​കാന്‍ ജ​ന​ങ്ങ​ളാ​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു ഭ​ര​ണ​കൂ​ട​ത്തി​നും ക​ഴി​യി​ല്ല. അ​പ്പോ​ഴും ഈ ​സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ജ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി​യാ​ണെ​ന്നും അ​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളു‌​ടെ​യും അ​വ​കാ​ശ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ങ്ങ​ള്‍​ക്കു വേ​ണ്ടി​യാ​ണെ​ന്നു​ള്ള യാ​ഥാര്‍​ഥ്യ​വും നി​ല​നി​ല്‍​ക്കു​ന്നു. ഈ ​ര​ണ്ടു യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളും ഏ​റ്റു​മു​ട്ടു​ന്ന അ​വ​സ​ര​ങ്ങള്‍ വ​ള​രെ അ​പൂര്‍​വ​മാ​ണ്. അ​ത്ത​ര​മൊ​രു അ​പൂ​ര്‍​വ​ത​യ്ക്കാ​ണു കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര സം​സ്കാ​ര​ത്തി​ന്‍റെ​യും സ​നാ​ത​ന ധ​ര്‍​മ​ത്തി​ന്‍റെ​യും വി​ശ്വാ​സ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ ശ​ബ​രി​മ​ല​യി​ലെ ഈ ​വ​ര്‍​ഷ​ത്തെ തീര്‍​ഥാ​ട​ന കാ​ലം സാ​ക്ഷ്യം വ​ഹിക്കു​ന്ന​ത്. എ​ല്ലാ​ക്കാ​ല​ത്തും ഭ​ക്തി​സാ​ന്ദ്ര​മാ​യി​രു​ന്ന തീര്‍​ഥാ​ട​നം ഇ​ക്കു​റി സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യി. ആരാണ് ഇതിനുത്തരവാദി? ജനങ്ങളോ അതോ സര്‍ക്കാരോ? പ്രശ്നങ്ങളോരോന്നും പൊട്ടിമുളയ്ക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ പ്രവര്‍ത്തികള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയായിരുന്നു.

ശ​ബ​രി​മ​ല എ​ന്നാല്‍ വി​ശ്വാ​സ​മു​ള്ള​വ​രു​ടെ​യെ​ല്ലാം തീ​ര്‍​ഥാ‌​ട​ന കേ​ന്ദ്ര​മാ​ണ്. അ​ങ്ങ​നെ​യു​ള്ള തീ​ര്‍​ഥാ​ട​കര്‍​ക്കാ​വ​ണം അ​വി​ടെ എ​ല്ലാ പ​രി​ഗ​ണ​ന​യും ല​ഭി​ക്കേ​ണ്ട​ത്. അ​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളും അ​വര്‍ പു​ലര്‍​ത്തി​പ്പോ​രു​ന്ന ആ​ചാ​ര​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും വേ​ണം. ഭ​ര​ണ​ഘ​ട​ന​യും കോ​ട​തി​യും സ​ര്‍​ക്കാ​രു​മൊ​ക്കെ ഈ ​വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നു ബാ​ധ്യ​സ്ഥ​വു​മാ​ണ്. ത​ങ്ങ​ളു​ടെ ആ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും വെ​ല്ലു​വി​ളി​ക്ക​പ്പെ​ടു​ന്നു എ​ന്ന ധാ​ര​ണ ഭ​ക്ത​രി​ല്‍ ഉ​ണ്ടാ​കാന്‍ പാ​ടി​ല്ലാ​ത്ത​താ​ണ്. പക്ഷെ സംഭവിക്കാന്‍ പാടില്ലാത്തത് പലതും സംഭവിച്ചു. കേരളത്തെക്കുറിച്ചും ശബരിമലയെക്കുറിച്ചും ഇതര ദേശങ്ങളില്‍ പേരുദോഷമുണ്ടായി. തെറ്റു തിരുത്താന്‍ സര്‍ക്കാരിന് സമയം യഥേഷ്ടമുണ്ടായിരുന്നിട്ടു കൂടി അതൊന്നും ഗൗരവത്തിലെടുത്തില്ല. പോലീസിനെ ഉപയോഗിച്ച് എല്ലാം ശാന്തമാക്കാമെന്നു ധരിച്ചുവശായ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അടിയറവു പറയേണ്ട ഘട്ടത്തിലെത്തി.

പ്ര​ള​യ​കാ​ല​ത്ത് ജാ​തി-​മ​ത-​വര്‍ഗ-​രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ മ​റ​ന്ന് ഒ​രൊ​റ്റ ജ​ന​ത​യാ​യി പ്ര​വ​ര്‍ത്തി​ച്ചു മാ​തൃ​ക കാ​ട്ടി​യ മ​ല​യാ​ളി​കള്‍ വ​ള​രെ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ള്‍കൊ​ണ്ടാ​ണ് ഒ​രി​ക്ക​ലു​മു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​ത്ര വ​ലി​യ വി​ഭാ​ഗീ​യ​ത​യി​ലേ​ക്കു മാ​റി​യ​ത്. അ​വ​രെ അ​ങ്ങ​നെ മാ​റ്റി​യെ​ടു​ത്ത​തി​ല്‍ എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​കള്‍ക്കും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ക്കു​മാ​ണ് പ​ങ്ക്. സര്‍ക്കാരിന്റെ പരാജയം മറച്ചു പിടിക്കാന്‍ പുതിയ നയവുമായി ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. നവോത്ഥാന വനിതാ മതില്‍ എന്ന പേരില്‍ നടത്താന്‍ പോകുന്ന പ്രകടനം നവോത്ഥാനമല്ല മറിച്ച് രാഷ്ട്രീയ പ്രഹസനമല്ലേ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.  ജാതി സംഘടനകളെ കൂട്ടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഈ രാഷ്ട്രീയ നാടകം കളിക്കാന്‍ പോകുന്നത്. നാല് ലക്ഷം സ്ത്രീകളെ അണിനിരത്തി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഹിന്ദു സമുദായ സംഘടനകളുമായി നടത്തിയ യോഗത്തില്‍ വെച്ചാണ്. ശബരിമലയില്‍ നാമജപപ്രതിഷേധം നടത്തിയ സ്ത്രീകള്‍ക്കെതിരെയും അവിടെ നടമാടിയ രാഷ്ട്രീയപാര്‍ട്ടികളുടെ പേക്കൂത്തുകള്‍ക്കെതിരെ യുമാണ് ഈ വന്‍മതിലെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സമുദായ സംഘടനകളുടെ നേതൃത്വത്തിലാണ് ഈ വനിതാമതിലെന്നതുകൊണ്ട് പല കോണുകളില്‍ നിന്നും വിമര്‍ശനവും ഉയരുകയാണ്.

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനായി പക്ഷേ, ഹിന്ദു സമുദായസംഘടനകളായ എഎസ്എന്‍ഡിപിയെയും കെപിഎംഎസിനെയുമൊക്കെ കൂടെ നിര്‍ത്തി ബലം ഉറപ്പിക്കുന്നതിലാണ് വിമര്‍ശനം. നവോത്ഥാന സംഘടനകള്‍ എന്ന പേരില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവ രിലേറെയും ജാതി സംഘടനകളുടെ പ്രതിനിധികളായിരുന്നു. ജാതിയും മതവും പറയുന്ന ഇത്തരം സംഘടനകളാണ് നവോത്ഥാനം എന്ന പേരില്‍ നടത്തുന്ന സമരത്തിന്റെ മുമ്പില്‍ നില്‍ക്കുന്നത്. അതിനാല്‍ നവോത്ഥാനം എന്ന് വിളിക്കുന്നതിലെ വൈരുധ്യം വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സര്‍ക്കാര്‍ ചെലവിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന യോഗത്തിലാണ് വനിതാ മതില്‍ എന്ന തീരുമാനം വരുന്നത്.

അതേസമയം വനിതാ മതിലിനിറങ്ങുന്ന സ്ത്രീകള്‍ക്കൊക്കെയും ശബരിമലയിലെ സ്ത്രീപ്രവേശനത്തോട് അനുകൂല നിലപാടായിരിക്കുകയി ല്ലെന്നതാണ് വസ്തുത. മതില്‍ തീര്‍ക്കാന്‍ ഇറങ്ങുന്ന പെണ്ണുങ്ങള്‍ പാര്‍ട്ടിയോടും പാര്‍ട്ടിയുടെ പല സംവിധാനങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നവരായിരിക്കും. മൈക്രോഫിനാനന്‍സിലും സമുദായ സംഘടനകളുടെ അയല്‍ക്കൂട്ട ങ്ങളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലുമൊക്കെയുള്ളവര്‍. ഇവര്‍ക്കൊക്കെ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് എതിര്‍പ്പായിരിക്കും. എങ്കില്‍പ്പോലും പാര്‍ട്ടിയെ നിഷേധിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. പാര്‍ട്ടിയോടുള്ള കൂറുകൊണ്ടോ പേടിച്ചിട്ടോ ഇത്തരം സ്തീകള്‍ 'മതില്‍' കെട്ടാനിറങ്ങും. ഇവരെയെല്ലാം ശബരിമലയില്‍ കൊണ്ടുപോകാന്‍ നോക്കിയാല്‍ ഇപ്പറയുന്ന നവോത്ഥാനമെല്ലാം കുപ്പത്തൊട്ടിയില്‍ കിടക്കും.

2018 നവംബർ 27, ചൊവ്വാഴ്ച

ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ 2019-ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയിലേയും, സ്‌കെനക്റ്റഡി, ട്രോയ് എന്നീ സിറ്റികളിലേയും പരിസരപ്രദേശങ്ങളിലേയും ഇന്ത്യാക്കാരുടെ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്റെ 2019-ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു.

അശോക് അദിക്കൊപ്പുള (പ്രസിഡന്റ്), സ്മിത ജെയിന്‍ (വൈസ് പ്രസിഡന്റ്), ഇളങ്കോവന്‍ രാമന്‍ (സെക്രട്ടറി), സുധ ഡട്‌ല (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കല്‍‌പേഷ് കതിരിയ, വേണു മോറിഷെട്ടി, പുര്‍ത്തി പട്ടേല്‍, മൊയ്തീന്‍ പുത്തന്‍‌ചിറ, വേദ് ശ്രാവ, രവീന്ദ്ര വുപ്പള എന്നിവരെയും തിരഞ്ഞെടുത്തു. ബാസവ്‌രാജ് ബെങ്കി എക്സ് ഒഫീഷ്യോ ആയി തുടരും.

1960-ല്‍ രൂപീകൃതമായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ വംശജരെ ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തി നിരവധി പരിപാടികള്‍ നടത്തി വരുന്നു. വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന 'സ്‌പ്രിംഗ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ'യാണ് അതില്‍ ഏറ്റവും പ്രധാനം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന കലാകാരന്മാരെയും കലാകാരികളും അതാതു സംസ്ഥാനങ്ങളുടെ പൈതൃക കലകള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ ഏറെ ആകര്‍ഷകമാണ്. കൂടാതെ ഇന്ത്യന്‍ വിഭവങ്ങളുടെ ഭക്ഷണശാലകള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ ബൂത്തുകളുമൊക്കെയടങ്ങുന്ന ഈ ഉത്സവത്തില്‍ ജാതിമതഭേദമന്യേ എല്ലാ ഇന്ത്യക്കാരും പങ്കെടുക്കും.

ഇന്ത്യന്‍ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ എന്നിവയും, പിക്നിക്, ടെന്നീസ് ടൂര്‍ണ്ണമെന്റ് എന്നിവയും അസ്സോസിയേഷന്‍ നടത്തിവരുന്നു. അംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സപ്പോര്‍ട്ട് ഗ്രൂപ്പ്, മുതിര്‍ന്നവര്‍ക്കു വേണ്ടി സിക്സ്റ്റി പ്ലസ് ഗ്രൂപ്പ് എന്നിവ അസ്സോസിയേഷന്റെ ഭാഗമാണ്. കൂടാതെ സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, മെഡിക്കല്‍ സഹായങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നു.

 2019-ലെ ആദ്യത്തെ പരിപാടിയായ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ജനുവരി 27-ന് ആഘോഷിക്കും.

2018 നവംബർ 26, തിങ്കളാഴ്‌ച

വികല മനസ്സും വികട പ്രവര്‍ത്തികളും

കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഫെയ്സ്ബുക്കില്‍ അതിരുവിട്ട വര്‍ഗീയതയും രാഷ്ട്രീയവും കൊണ്ട് നിറയുന്നത് ഒരു പതിവായി കാണുന്നു. ഇന്ന് ശരിയാകും നാളെ ശരിയാകും എന്നു കരുതാമെങ്കിലും ഓരോ ദിവസവും അത് കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല. സംസ്ക്കാര സമ്പന്നരാണെന്നും മാനുഷിക മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരും പരസ്പര വിശ്വാസമുള്ളവരുമാണെന്ന് ധരിച്ചിരുന്നവരുടെ കമന്റുകളും പോസ്റ്റുകളും കണ്ട് സത്യത്തില്‍ മനസ്സ് പിടയ്ക്കുകയാണ്. ഇവരൊക്കെ എങ്ങനെ ഇത് എഴുതിപ്പിടിപ്പിക്കുന്നു എന്നുവരെ ചിന്തിക്കാറുണ്ട്. ദൈവത്തിന്റെ പേരില്‍ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ അമേരിക്കയിലിരുന്ന് ഇത്തരം നീചമായ രീതിയില്‍ പോസ്റ്റുകളും കമന്റുകളും ഇടണമെങ്കില്‍ തീര്‍ച്ചയായും അവരുടെ മനസ്സ് വികലമായിക്കഴിഞ്ഞു എന്നു വേണം കരുതാന്‍....ഞാന്‍ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ല. പക്ഷെ, പൊതുസമൂഹത്തില്‍ മാന്യന്മാരാണെന്ന് വിശ്വസിച്ചിരുന്നവര്‍, അല്ലെങ്കില്‍ വിശ്വസിപ്പിച്ചിരു ന്നവരാണ് അത്തരം പ്രവര്‍ത്തികളിലേര്‍പ്പെട്ടിരി ക്കുന്നതെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. എന്തിന്? ആര്‍ക്കു വേണ്ടി?

അമേരിക്ക എന്ന ഈ വാഗ്ദത്തഭൂവില്‍ വന്ന് അധ്വാനിച്ചും കഷ്ടപ്പെട്ടും ഭേദപ്പെട്ട നിലയില്‍ ജീവിക്കുന്ന നാമെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്, ഒരേ വേദി പങ്കിടുന്നവരാണ്. നാളെയും അതു തുടരണം. പരസ്പരം അറിയാവുന്നവര്‍ പോലും യാതൊരു മുന്‍‌ പരിചയവുമില്ലാത്തവരെപ്പോലെ ഫെയ്സ്ബുക്കില്‍ നീചഭാഷകള്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ സമാധാനകാംക്ഷികളുടെ ഉള്ളൊന്നു പിടയും. ഒരു ലൈക്ക് അടിക്കാനോ ഏതെങ്കിലും ഇമോജി പോസ്റ്റ് ചെയ്യാനോ പറ്റാത്ത അവസ്ഥ. പേര് നോക്കി ആക്ഷേപിക്കാനും, വേണ്ടി വന്നാല്‍ ഭീഷണിപ്പെടുത്താനും മടിക്കാത്തവരെ ഇനി എങ്ങനെ വിശ്വസിക്കും. 'അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്യോടാ' എന്നു പറഞ്ഞ് കൈയ്യൊഴിയാന്‍ സാധിക്കാത്ത വിധം മനസ്സിനെ മുറിവേല്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ കാണുമ്പോള്‍ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ 'അണ്‍‌ഫ്രണ്ട്' ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്താലത്തെ അവസ്ഥ പിന്നീടൊരിക്കലും ആ വ്യക്തിയുമായി യാതൊരടുപ്പവും കാണുകയില്ല എന്നതാണ്.

ചിലരുടെ പോസ്റ്റ് കാണുമ്പോള്‍ ഇവര്‍ക്കൊന്നും വേറെ പണിയില്ലേ എന്നുവരെ സംശയിച്ചു പോകും. സാധാരണ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ച് ദിനചര്യകളും കഴിഞ്ഞ് ജോലിക്ക് പോകുന്നതിനു പകരം ചിലര്‍ മറ്റുള്ളവര്‍ക്ക് പണി കൊടുക്കാനുള്ള ഏതെങ്കിലും വര്‍ഗീയ പോസ്റ്റുകളോ രാഷ്ട്രീയ പോസ്റ്റുകളോ ഫെയ്സ്ബുക്കിലിടുകയാണെന്ന് പോസ്റ്റിന്റെ സമയം നോക്കിയാല്‍ അറിയാം. വൈകീട്ട് ജോലി കഴിഞ്ഞു വന്നാല്‍ പിന്നെ പറയുകയും വേണ്ട. എന്തും ഏതും ആരെക്കുറിച്ചും പറയാമെന്ന അവസ്ഥയിലേക്ക് ഫെയ്സ്ബുക്കും മാറി. ചിലരാകട്ടേ മറ്റുള്ളവരുടെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത് കണ്ണടച്ചുകൊണ്ടാണ്. അതിലെഴുതിയിരിക്കുന്നതെന്താണെന്നു പോലും ചിന്തിക്കാതെ. എന്തിനാണ് ഇങ്ങനത്തെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതെന്നു ചോദിച്ചാല്‍, അല്ലെങ്കില്‍ എന്തെങ്കിലും കമന്റിട്ടാലോ പിന്നെ അന്നത്തെ ദിവസം മുഴുവന്‍ വാക്‌പയറ്റായിരിക്കും. കമന്റിടുന്നവരുടെ ജാതി നോക്കി പ്രതികരിക്കുന്നവരാണ് ഏറെയും. ചിലര്‍ ഫെയ്സ്ബുക്ക് കമന്റിന് ഫോണിലൂടെ മറുപടി പറയാന്‍ ശ്രമിക്കാറുണ്ട്.  അമേരിക്കയില്‍ ഇത്രയും വര്‍ഗീയതയുണ്ടെന്നും, അത് ഏറെയും മാന്യന്മാരായി ചമഞ്ഞു നടക്കുന്നവരിലാണെന്നും മനസ്സിലാക്കാന്‍ ശബരിമല ഒരു കാരണമായി. അതുകൊണ്ട് അത്തരക്കാരെ ഇനി സംശയത്തോടെ മാത്രമേ കാണാന്‍ കഴിയൂ.

ധര്‍മ്മം ക്ഷയിക്കുന്നു അധര്‍മ്മം വളരുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഇന്ന് ലോകത്താകമാനം നടക്കുന്ന സംഭവ വികാസങ്ങള്‍. ധര്‍മ്മം ചെയ്യുന്നവരെ പിന്താങ്ങുന്നവരെക്കാള്‍ അധര്‍മ്മം ചെയ്യുന്നവരെ പിന്താങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അവരാണെങ്കിലോ അസമാധാനത്തിന്റെ വിത്തുകള്‍ പാകി ജനങ്ങളില്‍ പകയും വിദ്വേഷവും വളര്‍ത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും എന്തും ചെയ്യാം, ആരും ചോദിക്കാനും പറയാനുമില്ല എന്ന ഒരുതരം അരാജകത്വം. തന്മൂലം സത്യവും നീതിയും ദിനം‌പ്രതി മരിച്ചു വീണുകൊണ്ടിരിക്കുന്നു. വികല മനസ്സോടെ, വികല ചിന്താഗതിയോടെ, കാപട്യം നിറഞ്ഞ മനസ്സോടെ പ്രവര്‍ത്തിക്കു ന്നവരെ പറഞ്ഞു മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. നീതിമാന്മാരെ കീഴ്‌പ്പെടുത്തി അനീതിയുടെ തമ്പുരാക്കന്മാര്‍ ഉയിര്‍ത്തെഴുന്നേറ്റോ എന്നുപോലും സംശയിക്കാവുന്ന സംഭവങ്ങളുടെ പരമ്പര തന്നെയാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

"കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളിക മുകളേറിയമന്നന്റെ തോളിൽ
മാറാപ്പു കേറ്റുന്നതും ഭവാൻ
എണ്ണിയെണ്ണികുറയുന്നിതാ‍യുസ്സും
മണ്ടി മണ്ടി കരേറുന്നു മോഹവും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ”