'ഉണ്ടെങ്കിലും അനുഭവിക്കാന്‍ യോഗമില്ല' എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്.ഏതാണ്ടിതുപോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ. ആനയുടേയും അമ്പാരിയുടേയും അകമ്പടിയോടെ , വെള്ളിത്താലത്തില്‍ വച്ചു നീട്ടിയ അധികാരം, കാലുവാരലിന്റെയും പിന്നാമ്പുറക്കളികളുടേയും കുത്തൊഴുക്കില്‍ കൈവിട്ടു പോയ ലക്ഷണമാണ് കാണുന്നത്. ചെന്നിത്തലയും വയലാര്‍ജിയും ഉമ്മന്‍ ചാണ്ടിയുടെ കസേരയിലേക്ക് കണ്ണുനട്ടു തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍മറിഞ്ഞു തുടങ്ങിയത്. കെ എസ് യു ,യൂത്ത് കോണ്‍ഗ്രസ് ഇലക്ഷനുകള്‍ വലിയ കോളിളക്കമൊന്നും കൂടാതെ നടന്നെങ്കില്‍ തന്നെയും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അവസാന ഘട്ടത്തില്‍ സംഗതി കുളമായി.
ഇതിനിടയ്ക്കാണ് 'ഉണ്ടോണ്ടിരുന്ന നായര്‍ക്ക് ഒരു വിളി വന്നു' എന്ന് പറഞ്ഞതു പോലെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ബന്ധുവും വിശ്വസ്തനുമായ റൗഫിന് റജീനയുടെ സംഗതി ഒന്നുകൂടി പൊക്കിയാലൊ എന്നൊരു പൂതി വന്നത്.'ചുമ്മാതിരിക്കുന്നിടത്ത് ചുണ്ണാമ്പിട്ടു പൊള്ളിച്ചു' എന്നു പറഞ്ഞതു പോലെ കുഞ്ഞാലിക്കുട്ടി ആ വാര്‍ത്തയ്ക്ക് ആധികാരിക ബലം നല്‍കിക്കൊണ്ടൊരു പത്രസമ്മേളനവും നടത്തി. എന്നിട്ട് മൈക്ക് ഉമ്മന്‍ ചാണ്ടിക്ക് കൈമാറി. 'നാറുന്നവനെ ചുമന്നാല്‍ ചമക്കുന്നവനും നാറും' എന്നതായി കുഞ്ഞൂഞ്ഞിന്റെ അവസ്ഥ. വേലിയിലിരുന്ന പാമ്പിനെയെടുത്ത് കൗപീനത്തില്‍ വച്ചതുപോലെയായി. അതിനിടയില്‍ പാമൊയില്‍ കേസില്‍ ചാണ്ടിയെ ഒന്നു തോണ്ടിയിട്ട് മുന്‍ മന്ത്രി മുസ്തഫ ഒരു പ്രസ്താവനയും കാച്ചി.
'ഉന്തിന്റെ കൂടെ ഒരു തള്ളുംകൂടി' എന്നു പറഞ്ഞതു പോലെ ഇരുപത്തിരണ്ടു വര്‍ഷം കൊണ്ടു നടന്ന ഇടമലയാര്‍ കേസില്‍ ആര്‍. ബാലക്ഷപിള്ളയ്ക്കെതിരെ കോടതി വിധി നേടി അച്ച്യുതാനന്ദന്‍ സൂപ്പര്‍ മാനായി. പിണറായിക്കു പോലും പിടികൊടുക്കാത്ത രീതിയില്‍ വളര്‍ന്നു. പൂജപ്പുരയില്‍ ഇപ്പോള്‍ ഗുമസ്ഥപ്പണിചെയ്യുന്ന പിള്ളേച്ചന്‍ താനും തന്റെ മകനുമല്ലാതെ മത്സരിക്കവാന്‍ ആമ്പിയറുള്ള മറ്റാരും പാര്‍ട്ടിയിലില്ല എന്നാണു പുലമ്പുന്നത്. സ്വന്തം പാര്‍ട്ടിയില്‍ ജനവിധി തേടാന്‍ മൂന്നാമതൊരാളില്ലെന്ന് നേതാക്കള്‍ തന്നെ വിലയിരുത്തുന്നൊരു പാര്‍ട്ടിയ്ക്ക് കേരളരാഷ്ട്രീയത്തില്‍ എന്തു പ്രസക്തി. ഇതിനിടെ തങ്ങളുടെ അരുമയാര്‍ന്ന പെണ്മകളെ ഉണ്ണിയാര്‍ച്ച വേഷം കെട്ടിച്ച് അങ്കത്തിലിറക്കുവാന്‍ പിള്ളേച്ചനും വയലാര്‍ജിയും ഒരു വിഫലശ്രമം നടത്തി. കൂടെ നിന്ന ചതിയന്‍ ചന്തുമാര്‍ പിന്നില്‍ നിന്നും മുറുച്ചുരികകൊണ്ടു അടവു മാറ്റി മാനം രക്ഷിച്ചു.
കൂട്ടത്തില്‍ ഗൗരിയമ്മയുടെ കാര്യമാണു ഏറ്റവും രസകരവും സഹതാപകരവും. തൊണ്ണൂറു കഴിഞ്ഞ ആ കോമളാങ്കിക്കു വീണ്ടും മത്സരിച്ച് മന്ത്രിയാവാനൊരു മോഹം. നാലും മൂന്നും ഏഴുപേരുള്ള ജെ എസ് എസ് എന്ന അവരുടെ പാര്‍ട്ടി അടുത്ത മന്ത്രിസഭയില്‍ ഇല്ലെങ്കില്‍ കേരളത്തിന്റെ ഗതി അധോഗതിയാകുമെന്നാണ് അവരുടെ ഉറച്ച വിശ്വാസം. ആ അമ്മച്ചിയ്ക്ക് നേരെ ചൊവ്വേ നടക്കാനും നല്ലതുപോലെ സംസാരിക്കാനുമുള്ള കഴിവ് എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ക്കും അണികളുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും.
എം വി രാഘവന്റെ കാര്യവും ദയനീയമാണ്. അധികാരപ്പിടി വിടാന്‍ അദ്ദേഹം തയ്യാറല്ല. സത്യത്തില്‍ ഇത്തരം ഈര്‍ക്കിലി പാര്‍ട്ടികളെ മുന്നണിയില്‍ നിന്ന് പുറത്താക്കുവാനുള്ള തന്‍റെടം യു ഡി എഫ് നേതാക്കള്‍ കാണിക്കണമായിരുന്നു.
ഇതിനിടെ ഓര്‍ത്തഡോക്സ് സഭാവിഭാഗത്തിന് പ്രാധിനിധ്യമില്ല എന്നു വിലപിച്ചു കൊണ്ട് , സഭാനേത്ര്ത്ത്വം ഈ വലിയ നോമ്പുകാലത്തു തന്നെ രംഗത്തെത്തിയത് പരിഹാസ്യമായി. 'ക്ഷമിക്കണം, പൊരുക്കണം എന്ന കല്പ്പനകള്‍ ഒരു വശത്തുകൂടിയും 'എതിരാളികളെ മലര്‍ത്തിയടിക്കും' എന്ന ആഹ്വാനം മറുവശത്തുകൂടിയും . അവരും വെള്ളാപ്പള്ളിയെ പോലെയും സുകുമാരന്‍ നായരെപ്പോലെയും സമദൂര സിദ്ധാന്തത്തിന് ആഹ്വനം ചെയ്തിരിക്കുകയാണ്. എന്തായാലും ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജിനെ പിന്താങ്ങി തങ്ങളുടെ മാനം കാക്കാന്‍ അവര്‍ തീരുമാനിച്ചത് ആശ്വാസമായി. ഓര്‍ത്തഡോക്സ് സഭയോടു കളിച്ചാല്‍ ഇങ്ങിനെയിരിക്കും!
പറയുമ്പോള്‍ എല്ലാം പറയണമല്ലോ- എം എം ഹസനും ടി സിദ്ധിഖിനും ജോസഫ് എം പുതുശ്ശേരിക്കും മറ്റും സീറ്റു കൊടുക്കാഞ്ഞത് മോശമായിപ്പോയി. എം എം ഹസന്റെയും ടി സിദ്ധിഖിന്റെയും പേരു കണ്ടപ്പോള്‍ത്തന്നെ രാഹുല്‍ ഗാന്ധി കോപം കൊണ്ട് വിറച്ച് ചവറ്റുകുട്ടയില്‍ എറിഞ്ഞത്രെ. ഉമ്മച്ചനും ചെന്നിത്തലയും ഇതുവരെ കണ്ടിട്ടും കേട്ടിട്ടു പോലുമില്ലാത്ത ചിലരെ രാഹുല്‍ മോന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്രേ. അങ്ങേരെ കാണാന്‍ അയാളുടെ വീടിനു ചുറ്റും കേരളത്തിലെ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാക്കളായ പുതുപ്പള്ളി കുഞ്ഞൂഞ്ഞും ഹരിപ്പാട് രമേശനും മൂന്നു പകലും രണ്ടു രാത്രിയും മതിലിനു ചുറ്റും മണ്ടി നടന്നിട്ടും കരിമ്പൂച്ചകള്‍ അവരെ അകത്തേക്കു കടത്തിവിട്ടില്ല.
രാഹുല്‍ ഗാന്ധി കോണകമുടുത്ത് കോമ്പ്ലാനും കഴിച്ചു നടക്കുന്ന കാലത്തു തന്നെ കൊടിവച്ച കാറില്‍ പറന്ന് കേരളം ഭരിച്ചവരാണ് ഈ നേതാക്കള്‍ .കുഞ്ഞാലി മരയ്ക്കാരുടേതോ പഴശ്ശിരാജയുടേതോ കുറഞ്ഞ പക്ഷം കായംകുളം കൊച്ചുണ്ണിയുടേയെങ്കിലും രക്തത്തിന്റെ ഒരംശമെങ്കിലും ഇവരുടെ സിരകളില്‍ കൂടി ഒഴുകുന്നുണ്ടായിരുന്നെങ്കില്‍ " പ്ഫാ..., പോടാ പുല്ലെ - ഷിറ്റ് "എന്ന് സുരേഷ് ഗോപി സ്റ്റൈലില്‍ പറഞ്ഞിട്ട് മതിലിനപ്പുത്തു നിന്നു ജൗളി പൊക്കിക്കാണിച്ചിട്ട് തിരികെ കേരളത്തില്‍ വന്ന് സ്വന്തം ഇഷ്ടപ്രകാരം സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി മത്സരിക്കാനുള്ള ചങ്കൂറ്റം കാണിച്ചിരുന്നെങ്കില്‍ അതിലൊരു ആണത്തമുണ്ടായിരുന്നു. തോറ്റൂപോയാല്‍ത്തന്നെയും അതിലൊരു അന്തസുണ്ടായിരുന്നു.
എല്‍ ഡി എഫ് മുന്നണി ഏതായാലും അഭിനന്ദനം അര്‍ഹിക്കുന്നു. നില്‍ക്കേണ്ടവരെ നില്‍ക്കേണ്ടിടത്തു നിര്‍ത്തി, ഒതുക്കേണ്ടവരെ ഒതുക്കി അവര്‍ പ്രചാരണത്തില്‍ ഏറെ മുന്നിലെത്തി. ഈയിടെയായി കണ്ണുമടച്ചു കൊണ്ടാണു പ്രസംഗമെങ്കിലും മറ്റുള്ളവരുടെ കണ്ണുതുറപ്പിക്കുന്നതില്‍ അച്ചുമാമന്‍ വിജയിച്ചിരിക്കുന്നു. പിണറായിയേയും സമ്മതിക്കാതെ തരമില്ല. ഇലക്ഷന്‍ കഴിയുന്നതു വരെയെങ്കിലും അദ്ദേഹം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരികങ്കയാണ്. അധികാരത്തിലെത്തഅന്‍ എല്ലാ അവസരമുണ്ടായിട്ടും പരസ്പരം പാരവെപ്പുകൊണ്ടു അതു തട്ടിക്കളയുവാന്‍ വേദിയൊരുക്കിയ കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടണം. അടുത്ത അഞ്ചുകൊല്ലം കൂടി അച്ച്യുതാനന്ദന്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച് കുറച്ചു പേരെ കൂടി പൂജപ്പുരയില്‍ പാര്‍പ്പിക്കണം.
അടിക്കുറിപ്പ്: എല്‍ ഡി എഫ് ജയിച്ചാലും യു ഡി എഫ് ജയിച്ചാലും കുഞ്ഞുമാണിയാണു ഇത്തവണ സ്കോര്‍ ചെയ്യാന്‍പോകുന്നത് .അപ്പന്‍ മാണി ഉപമുഖ്യമന്ത്രിയും മകന്‍ കൊച്ചു മാണി കേന്ദ്രത്തിലെ ഒരു കൊച്ചു മന്ത്രിയുമായാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.
- വ്യക്തിപരമായി എന്റെ ആഗ്രഹം കേരളത്തില്‍ ഒരു തൂക്കു മന്ത്രിസഭ ഉണ്ടാകണമെന്നാണ് . കാലുവാരിയും പാരപണിതും രണ്ടുമാസത്തിനുള്ളില്‍ അതു നിലം പതിക്കണം . പിന്നീട് കുറഞ്ഞത് ഒരു വര്‍ഷത്തേയ്ക്കെങ്കിലും കേരളത്തില്‍ പ്രസിഡന്റു ഭരണമായിരിക്കണം.
- ഒന്നാലൊചിച്ചാല്‍ രാജഭരണവും അത്ര മോശമല്ല. കുറഞ്ഞപക്ഷം കുടിവെള്ളത്തിനു വേണ്ടി കിണര്‍ കുഴിക്കുകയും തണല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുകയെങ്കിലും ചെയ്യുമല്ലോ!
ഒടുവില്‍ കിട്ടിയത്-പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം അനുവദിച്ചു കിട്ടിയിരിക്കുന്നു. ഇതുകൊണ്ട് ഒരു ശതമാനം അമേരിക്കന്‍ മലയാളികള്‍ക്കു പോലും യാതൊരു പ്രയോജനവുമില്ല എന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. ഭാഗ്യവശാല്‍ അമേരിക്കയില്‍ നമുക്ക് രണ്ട് പ്രവാസി കോണ്‍ഗ്രസ് സംഘടനകളുണ്ട്. രണ്ടു കൂട്ടരും മാറി മാറി മീറ്റിങ്ങുകള്‍ കൂടുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്ന് ഇതിന്റെ സമുന്നതരായ നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തില്‍ അനേകം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ സംഘടനകളുടെ അഭ്യര്‍ഥന ജനങ്ങള്‍ തള്ളിക്കളയില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.