Saturday, March 5, 2011

“മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍..”

കഴിഞ്ഞ ആഴ്ചകളില്‍ പത്രമാധ്യമങ്ങള്‍ക്കെല്ലാം ചാകരയായിരുന്നു. ധാരാളം ന്യൂസ് , എന്തോ ഒരു ഉള്‍വിളി, ജനം പിടഞ്ഞെഴുന്നേറ്റു; പിന്നെ സുനാമിപോലെ ആഞ്ഞടിച്ചു. ടുണീഷ്യയില്‍ ആരംഭിച്ച സുനാമി, ഈജിപ്റ്റ് വഴി യമന്‍, ലിബിയ വഴി ഇങ്ങ്  വിസ് കോണ്‍സിന്‍, ഒഹായോ, ഇന്‍ഡ്യാന, മിസ്സിസ്സിപ്പി വരെ എത്തി. അവസാനം ന്യൂയോര്‍ക്കിലേക്ക് തിരിയാന്‍ സാധ്യതയുള്ളതായിട്ടാണ് റിപ്പോര്‍ട്ട് . 

അതിനിടെ ഇറാനിയന്‍ വാര്‍ഷിപ്പ് സൂയസ് കനാലിലൂടെ സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്നു കേട്ടു. ഈ നീക്കം അല്‍പം മുന്‍കരുതലോടെ വേണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അവസരവാദികളായ ഒരു കൂട്ടര്‍ മെയ് 21 ന് ലോകം അവസാനിക്കുമെന്ന് പ്രവചിക്കുകയും ചെയ്തു. എങ്കില്‍ നിന്റെ കൈയിലുള്ള തെല്ലാം എന്റെ കയ്യില്‍ തന്നേക്കൂ എന്ന് കേട്ടു നിന്നവന്‍.

അറബികളുടെ ലോകത്ത് ഒരു വലിയ ധ്രുവീകരണത്തിനുള്ള നീക്കമാണ് കണ്ടു വരുന്നത്. ഭരണത്തില്‍ ഇരിക്കുന്ന നേതാക്കന്മാരെല്ലാം ഇതില്‍ നിന്നും പാഠം പഠിക്കാന്‍ തയ്യാറാകണം. “മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍..”

ഈജിപ്റ്റിലേക്ക് തിരിച്ചുവരാം. ജനങ്ങളുടെ പ്രകടനം വളരെ സമാധാനപരമായിരുന്നു, അതുപോലെ ഭരണകര്‍ത്താക്കളുടെ പ്രതികരണവും! പ്രകടനങ്ങള്‍ നടന്നപ്പോള്‍ പബ്ലിക് പ്രോപ്പര്‍ട്ടി അടിച്ചു പൊളിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്യാതെ ല്ലാവരും ഒരു പ്രത്യേക സ്ഥലത്തു ഒത്തുകൂടി തങ്ങളുടെ പ്രതിഷേധം നേതാക്കളെ അറിയിച്ചു; ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രസിഡന്റ്  രാജിവെച്ചൊഴിഞ്ഞു.

പിറ്റേദിവസം സമരക്കാരെല്ലാം വീണ്ടും വഴിയിലിറങ്ങി എല്ലാം ക്ലീന്‍ ചെയ്തു. വഴിയില്‍ പ്രതിഷേധ പ്രകടനത്തിനിടെ ഇളകിപ്പോയ ഇഷ്ടിക വരെ അവര്‍ സിമന്റിട്ട് ഉറപ്പിച്ചു. (സമരിക്കാന്‍ വേണ്ടി സമരിക്കുന്ന, തെരുവിലിറങ്ങുന്ന കേരള സഖാക്കളും ഇവരുടെ സമരം ഒന്നു വിലയിരുത്തണം; പൊതു മുതല്‍ നശിപ്പിക്കാതെ, എങ്ങനെ, ആവശ്യമുണ്ടെങ്കില്‍ സമരിക്കാം എന്നു പഠിക്കണം)

പക്ഷേ എന്താണിവരിങ്ങനെ പെട്ടെന്ന് പ്രതിഷേധവുമായി വഴിയിലിറങ്ങാന്‍ കാരണം? ചിലര്‍ പറയും ഫേസ് ബുക്കാണെന്ന്, മറ്റു ചിലര്‍ ട്വിറ്ററാണെന്നും, ചിലര്‍ മുസ്ലീം ബ്രദര്‍ഹുഡ് ആണെന്ന്.. ലേഖകന്‍ പറയുന്നു; ജനം പട്ടിണി കിടന്നു മടുത്തു, അതുതന്നെ കാരണം. സുഖലോലുപരായി കഴിയുന്ന നേതാക്കളോട് ജനങ്ങള്‍ക്ക് പകയായി. ഇനിയും ഇവരെ വച്ചുപൊറുപ്പിക്കില്ല, നഷ്ടപ്പെടുവാന്‍ യാതൊന്നുമില്ല, കിട്ടാനുള്ളതോ ഒരു നവ ലോകം, അല്ലെങ്കിലോ രക്തസാക്ഷിമണ്ഡപം!

ഒരിക്കല്‍ ജോര്‍ജ്ജ് ബുഷ് പറഞ്ഞു, വൈറ്റ് ഹൗസില്‍ പ്രസിഡന്റാകുന്ന ജോലി അങ്ങോര്‍ക്ക്                          പെരുത്തിഷ്ടമാണെന്ന്! ഒട്ടകത്തിന്റെ പാലും കുടിച്ച് ഈന്തപ്പഴവും തിന്ന് നാലു ഭാര്യമാരുമായി നശ്വരമായ ലോകത്ത് ആമോദത്തോടെ വാണിരുന്നവരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതല്ലേ ഈ അസ്സമാധാനത്തിന്റെ തുടക്കം? 

നേതാക്കന്മാരാകാന്‍ ശ്രമിക്കുന്നവര്‍ ജനസേവനം കൈമുതലാക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്കുവേണ്ട ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ഇവയൊക്കെ നല്‍കിയാല്‍ എല്ലു കിട്ടിയ നായെപ്പോലെ പൊതുജനമെന്ന കഴുതകള്‍, അതില്‍ കടിച്ചു തൂങ്ങിക്കൊള്ളും. മറിച്ച് രാജ്യവും ശക്തിയും മഹത്വവുമെല്ലാം തങ്ങള്‍ക്ക് മാത്രം എന്ന സ്വാര്‍ത്ഥത പിടിപെട്ടാല്‍, അല്ലെങ്കില്‍ അധികാരം തലയ്ക്കുപിടിച്ചാല്‍, ഒടുവില്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന നില വരുന്നതിലുപരി, നാടാകെ അസ്സമാധാനം വ്യാപിക്കുകയും ചെയ്യും.
ഇതുതന്നെയാണ് മദ്ധ്യപൂര്‍വ്വേഷ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമാധാനം കാംക്ഷിക്കുന്നവരെപോലും അസ്സമാധാനത്തിന്റെ ചുഴിയിലേക്ക് തള്ളിയിട്ടിരിക്കുന്നു ! നേതാവാകാന്‍ ത്വരയില്ലാത്തവന്‍ നേതാവായാല്‍ വന്നു ഭവിക്കുന്ന ഭവിഷ്യത്തൊന്നു കാണണേ!

അഴിമതിക്കാരായ ഇന്‍ഡ്യയിലെ നേതാക്കന്മാരും ആത്മശോധനയ്ക്ക് തയ്യാറാകണം. വെളിച്ചത്തുവന്ന അഴിമതികള്‍ തെളിയിക്കപ്പെട്ടില്ലെങ്കില്‍, യുപിഎ സര്‍ക്കാരും അഴിമതിയുടെ ഭാഗം എന്നേ ജനം വിധിയെഴുതുകയുള്ളു ! എങ്ങനെ ഇത്രയും വലിയ കുംഭകോണം നടത്താന്‍ മന്ത്രിമാര്‍ക്ക് അവസരം ലഭിച്ചു? യുപിഎ മന്ത്രിമാരും സര്‍വ്വകക്ഷിനേതാക്കളും ഭാവിയില്‍ നേതാവായി തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ പ്രിതിവിധി കണ്ടെത്താന്‍ ആത്മാര്‍ത്ഥത കാണിക്കണം! പണത്തിനോടുള്ള  ആക്രാന്തം  മൂത്ത് കിട്ടിയിടത്തു നിന്നെല്ലാം കൈയിട്ടു വാരി കോടിക്കണക്കിനു രൂപ അടിച്ചു മാറ്റിയ ഒരു നേതാവിനെയും വെറുതെ വിടരുത്. 

നക്‌സല്‍ പ്രസ്ഥാനം നാടിന്റെ മുക്കിനും മൂലയിലും തലപൊക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ ഭരണ വൈകല്യമാണ് ജനങ്ങളെ ഉണരാന്‍ ഇടയാക്കിയതെ ന്ന്മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കലും  നേതാക്കന്മാര്‍ക്കുണ്ടാകണം . ചുമ്മാ ഖദര്‍ ധരിച്ചതുകൊണ്ട് മാത്രം കാര്യമില്ല ! ആര്‍ ബാലകൃഷ്ണപിള്ള ഒരു തുടക്കം മാത്രം! അഴിമതി കാണിച്ച സകല നേതാക്കന്മാരെയും ജയിലിലടക്കുന്ന കാര്യത്തില്‍ ജുഡീഷ്യറി പ്രതിജ്ഞാബദ്ധമാകണം !! 

ചേട്ടനും അനിയനും കൂടി പെണ്‍വാണിഭം നടത്തിയതില്‍നിന്നുള്ള ലാഭം വീതിച്ചപ്പോള്‍ ഉണ്ടായ അഭിപ്രായവ്യത്യാസം ഇപ്പോള്‍ നാട്ടിലാകെ നാറ്റക്കേസായിട്ടുപോലും യാതൊരു ഉളുപ്പുമില്ലാതെ അതിനെ ന്യായീകരിക്കുന്നതാണ് ഏറെ കഷ്ടം. ഈജിപ്റ്റിലെയും ലിബിയയിലെയും ബഹളം എങ്ങനെ അമേരിക്കയില്‍ എത്തി എന്ന് നോക്കാം.

ഇവിടെയും സാധാരണക്കാരന്റെ പരാധീനതകള്‍ മനസ്സിലാക്കാന്‍ പറ്റാത്താതാണ് ഒരു പറ്റം നേതാക്കന്മാരുടെ കുഴപ്പം. ബുഷിന്റെ ഭരണശേഷം നാമാവശേഷമായ, ബഹുമുഖ പദ്ധതികളെ ഉദ്ധരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെയെല്ലാം പുഛിച്ചു തള്ളുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ, അതേ നാണയത്തില്‍ ജനം കൈകാര്യം ചെയ്യുന്നതാണ് വിസ്‌കോണ്‍സിനിലും ഒഹായോയിലും ഇന്‍ഡ്യാനയിലും നടക്കുന്ന പുത്തന്‍ പ്രതിഭാസത്തിലൂടെ നാം കാണുന്നത് .

401കെ വരെ നഷ്ടപ്പെട്ട ജനങ്ങള്‍ ഇനിയും തങ്ങളെ നിഷ്‌കരുണം ചവിട്ടി മെതിക്കാന്‍ അനുവദിക്കില്ല, അവകാശങ്ങള്‍ പിടിച്ചു വാങ്ങിക്കും , എന്ന ദൃഢനിശ്ചയത്തോടെയാണ് തെരുവില്‍ ഏറ്റുമുട്ടുന്നത്. ഇത്തരുണത്തില്‍ ഭരണകര്‍ത്താക്കളുടെ മുമ്പില്‍ രണ്ടു പോംവഴികളെ ഉള്ളു. ഒന്നുകില്‍ ജനത്തെ വെടിവെച്ചു കൊല്ലുക, അല്ലെങ്കില്‍ തങ്ങളുടെ സുഖലോലുപതയില്‍ മാറ്റം വരുത്തി, ജനങ്ങളുടെ അഭിവൃത്തിയില്‍ സംതൃപ്തരാകുക. 

മദ്ധ്യ പൂര്‍വ്വേഷ്യയിലെ ഉള്‍വിളി ലോകത്തിലെ സര്‍വ്വ നേതാക്കന്മാരെയും ആത്മശോധനയ്ക്ക് നിര്‍ബന്ധരാക്കുമെന്ന് പ്രതീക്ഷിക്കാം.



No comments:

Post a Comment