2011, മാർച്ച് 29, ചൊവ്വാഴ്ച

ഡയറക്‌ട്‌ ടാക്‌സ്‌ കോഡ്‌- ഒരു പേടിസ്വപ്‌നമോ?

കഴിഞ്ഞ ഏതാനും മാസങ്ങളായി ദൃശ്യ-ശ്രാവണ-അച്ചടി മാധ്യമങ്ങളിലെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയമാണ്‌ ഇന്ത്യാ ഗവണ്മെന്റ്‌ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്ന `ഡയറക്‌ട്‌ ടാക്‌സ്‌ കോഡ്‌' എന്ന പുതിയ നിയമം. അമേരിക്കയിലെ ഒട്ടുമിക്ക സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും പലവിധത്തില്‍ ഇതിനോടകം പ്രതികരിച്ചുകഴിഞ്ഞു. ഇന്ത്യാ ഗവണ്മെന്റ്‌ അമേരിക്കന്‍ മലയാളികള്‍ക്കു മാത്രമായി ഉണ്ടാക്കിയ നിയമമാണിതെന്ന്‌ തോന്നുന്ന വിധത്തിലാണ്‌ ഇവരുടെ പ്രതികരണം.

അമേരിക്കന്‍ മലയാളികള്‍ ഇപ്പോഴും കണ്‍ഫ്യൂഷനിലാണ്‌. കഴിഞ്ഞ വര്‍ഷം പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ നിയമം കൊണ്ടുവന്നപ്പോള്‍ നെട്ടോട്ടമോടിയ അമേരിക്കന്‍ ഇന്ത്യക്കാര്‍ (പ്രത്യേകിച്ച്‌ മലയാളികള്‍) വെള്ളം കുടിച്ചത്‌ കുറച്ചൊന്നുമല്ല. ആ വെള്ളംകുടി മുതലാക്കാന്‍ കുറെ സംഘടനകളും രംഗത്തുണ്ടായിരുന്നു. നെട്ടോട്ടമോടി ദാഹിച്ചവര്‍ക്ക്‌ വെള്ളം കൊടുത്തത്‌ തങ്ങളാണെന്നു വരുത്തിത്തീര്‍ക്കാനുള്ള മത്സരമായിരുന്നു എല്ലാവര്‍ക്കും. വെള്ളം കുടിച്ച്‌ അനേകര്‍ സംതൃപ്‌തിയടഞ്ഞെങ്കിലും, ആരാണ്‌ തങ്ങള്‍ക്ക്‌ വെള്ളം തന്നതെന്ന കണ്‍ഫ്യൂഷനിലായിരുന്നു മലയാളികള്‍.

ഈ ഡയറക്‌ട്‌ ടാക്‌സ്‌ കോഡ്‌ പ്രശ്‌നവും ഏതാണ്ട്‌ മേല്‌പറഞ്ഞ രീതിയിലാകുമെന്നതിന്റെ സൂചനകളാണ്‌ പല സ്ഥലങ്ങളില്‍നിന്നും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഈ നിയമം കൊണ്ട്‌ യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ്‌ ദോഷഫലങ്ങള്‍ ഉണ്ടാകുക; ഈ നിയമം കൊണ്ട്‌ ഇന്ത്യാ ഗവണ്‍മന്റ്‌ ഉന്നം വെക്കുന്നത്‌ ആരെ എന്നൊക്കെയുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പത്രപ്രസ്‌താവനകള്‍കൊണ്ട്‌ എന്തു ഗുണം? `ദേ സുനാമി വരുന്നുണ്ട്‌, എല്ലാവരും വീടിന്റെ വാതിലുകള്‍ ഭ്രദ്രമായി അടച്ച്‌ അകത്തിരുന്നോ' എന്നു പറഞ്ഞതുപോലെയാണ്‌ നേതാക്കളുടെ പ്രസ്‌താവനകള്‍.

മലയാളികളെ പ്രതിനിധീകരിക്കാനാണല്ലോ അവരുടേതായ സംഘടനകള്‍. ഓരോരുത്തരെ അവരവര്‍ക്ക്‌ അര്‍ഹതപ്പെട്ടതും അല്ലാത്തതുമായ സ്ഥാനമാനങ്ങള്‍ നല്‍കി അവരോധിച്ചിച്ചിട്ടുമുണ്ട്‌. അവര്‍`ശക്തമായി' പ്രതികരിക്കുന്ന വാര്‍ത്തയും പടങ്ങളും പത്രങ്ങളില്‍ നിരന്തരം വരുന്നുമുണ്ട്‌. പക്ഷേ, `വഞ്ചി ഇപ്പോഴും തിരുനക്കരെത്തന്നെ' എന്നു പറഞ്ഞതുപോലെ പ്രശ്‌നം ഇപ്പോഴും ബാക്കി കിടക്കുകയാണ്‌. ഡയറക്ട്‌ ടാക്‌സ്‌ കോഡ്‌ എന്ന മാരണത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ വാചക കസ്രത്ത്‌ കാണിക്കുന്നതല്ലാതെ കാര്യമായി ഒന്നും ചെയ്യാന്‍ സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ സാധിക്കുന്നില്ല എന്നതാണ്‌ സത്യം.

ഈ ഡയറക്ട്‌ ടാക്‌സ്‌ കോഡ്‌ നിയമം അമേരിക്കന്‍ മലയാളികളില്‍ എത്രത്തോളം ബാധിക്കുമെന്ന വ്യക്തമായ ഒരുത്തരം ഇതുവരെ ആര്‍ക്കും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.?ഒരു പ്രവാസി 181 ദിവസങ്ങളില്‍  കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചാല്‍ ആ വ്യക്തിയുടെ വരുമാനത്തിന്‌ നികുതി കൊടുക്കണമെന്ന്‌ നിലവിലുള്ള നിയമം അനുശാസിക്കുന്നുണ്ട്‌. പുതിയ ടാക്‌സ്‌ നിയമത്തില്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുന്നത്‌ ഗള്‍ഫ്‌ മലയാളികളാണ്‌. അതില്‍ ബിസിനസ്സുകാരും സാധാരണക്കാരും പെടും. കാരണം, അവര്‍ക്ക്‌ കിട്ടുന്ന ശമ്പളം ടാക്‌സ്‌ ഫ്രീ ആണെന്നുള്ളതുതന്നെ. പക്ഷേ, അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ആകുലപ്പെടേണ്ടതില്ല. അമേരിക്കയടക്കം 75 രാജ്യങ്ങളുമായി Double Taxation Avoidance Agreement (DTAA)ല്‍ ഇന്ത്യ ഒപ്പു വെച്ചിട്ടുണ്ട്‌. അമേരിക്കയില്‍ ടാക്‌സ്‌ കൊടുക്കുന്ന ഇന്ത്യക്കാര്‍ക്ക്‌ ഈ നിയമം ഒരു പരിധിവരെ ബാധകമാകില്ലെങ്കിലും, ചില നിബന്ധനകള്‍ അവര്‍ പാലിച്ചേ പറ്റൂ. മാതൃരാജ്യത്തിനുവേണ്ടി നൂറോ ഇരുനൂറോ കൊടുക്കുന്നതുകൊണ്ടെന്താണ്‌ തെറ്റ്‌ ?

മലയാളികളടക്കം ഇന്ത്യയില്‍ ബിസിനസ്സ്‌ നടത്തുന്ന അനേകം പേര്‍ അമേരിക്കയിലുണ്ട്‌. അവര്‍ ഇന്ത്യയിലുണ്ടാക്കുന്ന വരുമാനത്തിന്‌ ഇന്ത്യയില്‍ നികുതി കൊടുക്കണമെന്നതാണ്‌ ഈ നിയമത്തിലെ ഒരു വശം. മറ്റൊന്ന്‌ കേരളത്തില്‍ സ്ഥിരതാമസമാക്കി അമേരിക്കയിലെ പെന്‍ഷന്‍ വാങ്ങുന്നവരുടെ വരുമാനത്തിന്‌ നികുതി കൊടുക്കേണ്ടിവരുന്ന അവസ്ഥയാണ്‌. അവിടെയും DTAA യുടെ പരിരക്ഷയുണ്ടായിരിക്കുമെന്നാണ്‌ അറിവ്‌. നിബന്ധനകള്‍ ബാധകമാകുന്നതുകൊണ്ട്‌ അമേരിക്കന്‍ പൗരത്വമെടുത്ത്‌ ഓ.സി.ഐ. കാര്‍ഡിന്റെ പരിരക്ഷയില്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക്‌ ആശങ്കപ്പെടേണ്ടതില്ല.

`ഉത്തരത്തിലുള്ളത്‌ എടുക്കുകയും വേണം കക്ഷത്തിലുള്ളത്‌ പോകുകയുമരുത്‌' എന്ന നയമാണ്‌ ഈ ടാക്‌സ്‌ കോഡിനെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ക്ക്‌ മൂലകാരണം. ഏപ്രില്‍ 1 ന്‌ പുതിയ നിയമം നിലവില്‍ വന്നാലും അതിലെ ന്യൂനതകള്‍  കണ്ടുപിടിക്കാനും, പ്രവാസി സംഘടനകളോടും വ്യക്തികളോടും അഭിപ്രായങ്ങള്‍ ആരായാനുമുള്ള സംവിധാനവും ഇന്ത്യാ ഗവണ്‍മന്റ്‌ ഒരുക്കുന്നുണ്ട്‌. ഓ.സി.ഐ. പ്രശ്‌നത്തിലും പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ നിയമത്തിലും ഭേദഗതി വരുത്തിയതുപോലെ ഈ നിയമത്തിലും ഭേദഗതി വരുത്തുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. അതുവരെ ഇന്ത്യാ ഗവണ്മെന്റിനെതിരായി സമരം പ്രഖ്യാപിക്കുകയോ, കൊടി പിടിക്കുകയോ, മുദ്യാവാക്യം മുഴക്കുകയോ, പ്രകോപനപരമായ പ്രസ്‌താവനകളിറക്കുകയോ ചെയ്യരുതെന്നാണ്‌ മലയാളി സംഘടനകളോട്‌ പറയുവാനുള്ളത്‌. സംയമനം പാലിച്ച്‌ കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന്‌ പരിഹാരം തേടുകയാണ്‌ അഭികാമ്യം.

അമേരിക്കയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഓരോരോ കാലയളവില്‍ പാസ്‌പോര്‍ട്ട്‌, വിസ, ഗ്രീന്‍ കാര്‍ഡ്‌, ഇമിഗ്രേഷന്‍ ഫീസുകള്‍ എന്നിവ കുത്തനെ കൂട്ടിയിട്ടുംപ്രതികരിക്കാനോ അതിനെതിരെ ശബ്ദമുയര്‍ത്താനോ ഇവിടെയുള്ള സംഘടനകളോ വ്യക്തികളോ മുന്നോട്ടു വരുന്നതു കണ്ടിട്ടില്ല.എന്തിനു പറയുന്നു ടാക്‌സ്‌ നിയമങ്ങളിലും വൈകൃതങ്ങളായ മാറ്റം വരുത്തി സാധാരണക്കാരെ ഞെക്കിപ്പിഴിയുകയും ചെയ്യുന്നു.

ഏതെല്ലാം തരത്തില്‍ ജനങ്ങളെ ചൂഷണം ചെയ്യാമോ അതെല്ലാം വളരെ തന്ത്രപരമായി അമേരിക്കയില്‍ അടിച്ചേല്‌പിക്കുന്നുണ്ട്‌. മലയാളികളുള്‍പ്പെട്ട ഇന്ത്യക്കാര്‍ നിശ്ശബ്ദരായി എല്ലാം അനുസരിക്കുന്നു. ഭീമമായ ഇന്‍കം ടാക്‌സ്‌ പോലും നാം യാതൊരു എതിര്‍പ്പോ മടിയോ കൂടാതെ കൊടുത്തു തീര്‍ക്കുന്നു. ടാക്‌സ്‌ കൊടുക്കാത്തവരുടെ വീടുകള്‍ ജപ്‌തി ചെയ്യുകയും അവരെ ജയിലിലടക്കുകയും ചെയ്യുന്നു. ആര്‍ക്കും യാതൊരു പരാതിയുമില്ല. ഒരു മലയാളി സംഘടനകളും അമേരിക്കന്‍ സര്‍ക്കാരിനെതിരെ പ്രസ്ഥാവനകളിറക്കാനോ, കൊടി പിടിക്കാനോ, മുദ്രാവാക്യം വിളിക്കാനോ തുനിയുന്നില്ല. ഇന്ത്യാ ഗവണ്മെന്റ്‌ പത്തു ഡോളര്‍ കൂടുതല്‍ ചോദിച്ചാല്‍ പ്രശ്‌നമായി. വാര്‍ത്തകളും പടങ്ങളും കൊണ്ട്‌ പത്രങ്ങളെല്ലാം നിറഞ്ഞുകവിയും. എന്തൊരു വിരോധാഭാസം !

അമേരിക്കന്‍ നിയമങ്ങളെ പേടിച്ച്‌ അടിമകളെപ്പോലെ കഴിയുന്ന നാം എന്തുകൊണ്ട്‌ മാതൃരാജ്യത്തിനെതിരെ കാഹളം മുഴക്കുന്നു ഇതൊക്കെ വെറും പബ്ലിസിറ്റി സ്റ്റണ്ട്‌ എന്നല്ലാതെ എന്തു പറയാന്‍. സായിപ്പ്‌ എന്തു പറഞ്ഞാലും പഞ്ചപുഛമടക്കി അനുസരിക്കുന്ന നമുക്ക്‌ ഇന്ത്യാ ഗവണ്മെന്റിനോട്‌ സമരം ചെയ്യാന്‍ അര്‍ഹതയുണ്ടോ എന്നുകൂടി ചിന്തിക്കുന്നത്‌ നല്ലതാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ