Tuesday, March 8, 2011

കേന്ദ്രം നല്‍കിയതും കേരളം പാഴാക്കിയതും


കേന്ദ്രവിരുദ്ധ പ്രസംഗം ഇടതുമുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ വരുമ്പോഴെല്ലാം പതിവുള്ളതായിരുന്നു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ആദ്യപകുതിയില്‍ ഇതിന് അല്‍പം കുറവുണ്ടായിരുന്നു. കാരണം ഇടതുപക്ഷം ആ കാലയളവില്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന് പിന്തുണ നല്‍കിവരികയായിരുന്നു. കേന്ദ്രനയങ്ങളെ വിമര്‍ശിച്ചുകൊണ്ട് അനുകൂലിക്കുന്ന സമീപനമായിരുന്നു അക്കാലത്ത്.

2009ന് ശേഷം മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയെന്ന് പറയുന്നതുപോലെ കേന്ദ്രവിരുദ്ധ പല്ലവി ആവര്‍ത്തിക്കാന്‍ തുടങ്ങി. ഭക്ഷ്യവിതരണത്തില്‍ കുറവുവരുത്തി എന്നായിരുന്നു ആദ്യത്തെ കേന്ദ്രവിരുദ്ധ പ്രസ്താവന ഇവിടുത്തെ ഇടതുസര്‍ക്കാരില്‍ നിന്ന് വന്നുതുടങ്ങിയത്. സാധനവിലക്കയറ്റം തടയുന്നതില്‍ പരാജയപ്പെടുകയും പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ഹര്‍ത്താല്‍ പോലുള്ള ജനവിരുദ്ധ സമരം നടത്തുകയും ഇന്ധനത്തിന്റെ വില്‍പനനികുതി വരുമാനം വഴി രഹസ്യമായി സന്തോഷിക്കുകയും ചെയ്ത ഇടതുനേതാക്കള്‍ സാമാന്യജനങ്ങളില്‍ നിന്ന് എപ്പോഴും സത്യം മറച്ചുപിടിച്ചു.

പദ്ധതികളെക്കുറിച്ചായാലും ക്ഷേമ, സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ചായാലും കേന്ദ്രാവഗണന ഒരു പതിവ് ആരോപണമായി ഇടതുമന്ത്രിമാര്‍ ദുശ്ശീലം പോലെ കൊണ്ടുനടന്നു. വസ്തുതകളും സ്ഥിതി വിവരക്കണക്കുകളും ആരുണ്ട് പരിശോധിക്കുന്നു? വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇടതുനേതാക്കളുടെ ഈ നുണപ്രചരണം സാമാന്യജനങ്ങള്‍ക്കിടയില്‍ വിലപ്പോകാതായി. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന് മുഖ്യമന്ത്രി മുതല്‍ വകുപ്പുമന്ത്രിമാര്‍ വരെ ആവര്‍ത്തിച്ച് ആരോപിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാം. ഇന്ത്യന്‍ ലായേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി. ആസിഫലി അഞ്ച് കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകള്‍ കേരളത്തിലെ ഇടതുഭരണകൂടത്തിന്റെ പ്രചരണത്തെ അര്‍ത്ഥശൂന്യമാക്കുന്നതാണ്.

കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ ഗ്രാമവികസനത്തിനും കാര്‍ഷിക വികസനത്തിനും അടക്കം കേരളത്തിലെ ജനങ്ങളുടെ ക്ഷേമങ്ങള്‍ക്കും നാടിന്റെ വികസനങ്ങള്‍ക്കുമായി കേന്ദ്രം അനുവദിച്ച 2052 കോടി രൂപ കേരളം നിഷ്‌കരുണം ലാപ്‌സാക്കിക്കളഞ്ഞു എന്നാണ് വ്യക്തമായിരിക്കുന്നത്. ഓരോ കൊല്ലവും അനുവദിക്കപ്പെട്ട തുകയുടെ വിനിയോഗം യഥാസമയം നല്‍കാത്തതുകൊണ്ടും പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കാത്തതിനാലും അര്‍ഹമായ തുക കേരളത്തിന് ലഭിക്കാതെപോയി. അനുവദിക്കപ്പെട്ട ഫണ്ടിന്റെ ഉപയോഗം എങ്ങനെ വേണമെന്ന മാര്‍ഗനിര്‍ദേശം പാലിക്കാതെ തുക പാഴാക്കിയ ദൃഷ്ടാന്തങ്ങളുമുണ്ട്.

ചുരുക്കത്തില്‍ ഉദ്യോഗസ്ഥന്‍മാരുടെ അലംഭാവവും മന്ത്രിമാരുടെ പിടിപ്പുകേടും ആസൂത്രണത്തിന്റെ വൈകല്യവും മൂലം കേരളത്തിനുണ്ടായ ഭീമമായ നഷ്ടത്തിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടതാണ്. കേന്ദ്രത്തെ പഴിപറഞ്ഞ് പാഴാക്കിയ സമയത്ത് ഈ ഫണ്ട് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ആലോചിച്ചിരുന്നെങ്കില്‍ നാടിന് നന്മയുണ്ടാകുമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കേണ്ട കേന്ദ്രപദ്ധതിയായിരുന്നു പ്രധാനമന്ത്രിയുടെ ഗ്രാമസഡക് യോജന. 2006 മുതല്‍ 2011 വരെ ഈ പദ്ധതിയില്‍ കേന്ദ്രം അനുവദിച്ച 417 കോടി രൂപയില്‍ 36 കോടി രൂപ കേരളം പാഴാക്കിക്കളഞ്ഞു. ഇന്ദിരാ ആവാസ് യോജന പദ്ധതിയനുസരിച്ച് കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ 930 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. അതില്‍ ചെലവഴിക്കപ്പെട്ടത് 678 കോടി രൂപയാണ്. 251 കോടി രൂപ ലാപ്‌സായി.

ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി 323 കോടി രൂപയാണ് കേരളം നിയതമായ പദ്ധതി  നല്‍കാത്തതുമൂലം നഷ്ടപ്പെടുത്തിയത്. നെല്ലുല്‍പാദനത്തിന് സംയോജിത ഭക്ഷ്യധാന്യ പദ്ധതി പ്രകാരം അനുവദിച്ച തുകയില്‍ 210 ലക്ഷം രൂപ ഇനിയും ചെലവഴിച്ചിട്ടില്ല. രാഷ്ട്രീയ കൃഷിവികാസ് യോജന അനുസരിച്ച് കേരളത്തില്‍ നടപ്പാക്കേണ്ടിയിരുന്ന 125 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മുടങ്ങിപ്പോയത്. ഇതുപോലെ നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗിക്കാന്‍ നടപടിയെടുക്കാതെ രാഷ്ട്രീയപ്രേരിത കുറ്റാരോപണങ്ങളുമായി ഓടിനടന്ന ഇടതുഭരണാധികാരികള്‍ കേരളത്തിലെ സാമാന്യജനങ്ങളോട് ചെയ്ത അനീതിക്ക് ഒരു അന്തവുമില്ല.

മൈക്രോ മാനേജ്‌മെന്റ് അഗ്രിക്കള്‍ച്ചറല്‍ സ്‌കീം, കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പ്രത്യേക സാമ്പത്തിക സഹായം, സോയില്‍ ഹെല്‍ത്ത് ആന്‍ഡ് ഫെര്‍ട്ടിലിറ്റി സ്‌കീം, ഓയില്‍ പാം ആന്‍ഡ് മൈസ് സ്‌കീം, സീഡ് പദ്ധതി, എക്സ്റ്റന്‍ഷന്‍ റിഫോം പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ (പാഴാക്കിയത് 475 കോടി രൂപ) തുടങ്ങി ദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതി വരെ വേണ്ടവിധം ജനോപകാരപ്രദമായി നടപ്പാക്കാന്‍ കേരളം കൂട്ടാക്കിയില്ല. ഇങ്ങനെ വിലപ്പെട്ട അവസരങ്ങളും വിപുലമായ പദ്ധതികളും അശ്രദ്ധമായി ഉപേക്ഷിച്ചശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുനേതാക്കളും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സമയം കളഞ്ഞത്. കണക്കുകള്‍ കള്ളം പറയില്ല. വിവരാവകാശ നിയമം സത്യമറിയാന്‍ ജനങ്ങള്‍ക്ക് ലഭിച്ച ആയുധമാണ്.


1 comment:

  1. It will be better if somebody find out what happened to the utilized aid. It is sure major part of the utilized aid has gone to the pockets of some corrupted hands. Because this is India (Incredible India!).

    ReplyDelete