Sunday, March 6, 2011

"എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്ന് തോന്നുമോ"

യുഡിഎഫ്‌ അധികാരത്തില്‍ വന്നാല്‍ ഐസ്‌ക്രീം കേസില്‍ നിഷ്‌പക്ഷ അന്വേഷണം നടത്തുമെന്ന്‌ മുസ്‌ലീം ലീഗ്‌ നേതാവ്‌ എം.കെ.മുനീര്‍ പറയുന്നു.  പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുസ്‌ലിം ലീഗിന്റെ നേതൃസ്‌ഥാനം ഏറ്റെടുക്കാനും അദ്ദേഹം തയ്യാര്‍. ഇതെത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയണം. 

യുഡിഎഫ്‌ അധികാരത്തില്‍ വന്നാല്‍ ഇപ്പോഴത്തെ ഐസ്‌ക്രീം കേസ്‌ അന്വേഷണം തടസപ്പെടില്ല എന്നും അദ്ദേഹം കട്ടായം പറയുന്നു. കള്ളന്മാരുടെ കൈയില്‍ പണപ്പെട്ടിയുടെ താക്കോല്‍ കൊടുത്താല്‍ എന്തായിരിക്കും അവസ്ഥ എന്നു പറയുന്നതിനു തുല്യമാണ്‌ മുനീറിന്റെ ഈ പ്രസ്താവന. 

സംശയത്തിന്റെ നിഴലില്‍ നിന്നു മാറാന്‍ കുഞ്ഞാലിക്കുട്ടിക്ക് ഏറെ ആഗ്രഹമുണ്ടെന്ന് മുനീര്‍ പറയുന്നു. അപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനാണ്‌ മുനീറിന്റെ ശ്രമം. അല്ലാതെ കേരള ജനതയ്ക്കോ മുസ്ലീം സമുദായത്തിനോ ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ക്കല്ല പ്രാധാന്യം. 

കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ച് മുസ്ലീം ലീഗിന്റെ മറ്റൊരു രക്ഷകനാകാന്‍ തയ്യാറെടുക്കുന്ന മുനീര്‍ അപ്പോഴും ഒരു കാര്യം മറക്കുകയാണ്‌. കുഞ്ഞാലിക്കുട്ടിയുടെ അനിയന്‍ റൗഫ് രണ്ടും കല്പിച്ചിറങ്ങിയിരിക്കുന്നതൊന്നും ഇദ്ദേഹം അറിഞ്ഞില്ലെന്നുണ്ടോ? റൗഫ്‌ ക്രിമിനലാണോ എന്നു പറയാന്‍ തനിക്കാവില്ലെന്ന മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഇപ്പോള്‍ തല്‍ക്കാലം രക്ഷപ്പെടാമെന്നല്ലാതെ ഐസ്ക്രീം കേസിലെ ദുരൂഹതകള്‍ മാറ്റേണ്ടത് കുഞ്ഞാലിക്കുട്ടിയുടേയും മുസ്ലീം ലീഗിന്റേയും ഉത്തരവാദിത്വമല്ലേ? അന്വേഷണത്തെ നേരിട്ട് കുറ്റക്കാരനാണെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങി ഒരു മാതൃകാ നേതാവാകുന്നതല്ലേ അഭികാമ്യം?

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ ഇന്ത്യാവിഷന്‍ നല്‍കരുതെന്ന്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ആവശ്യപ്പെടുകയോ ആ വാക്ക്‌ താന്‍ ധിക്കരിക്കുകയോ ചെയ്‌തിട്ടില്ലെന്നു പയുന്നത് 'എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്ന് തോന്നുമോ' എന്നു ചോദിക്കുന്നതിനു തുല്യമാണ്‌. ഇങ്ങനെയുള്ള വങ്കത്തരങ്ങള്‍ വിളിച്ചുപറഞ്ഞ് ഇനിയെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാതെ നോക്കുകയാണ്‌ ഒരു ജനപ്രതിനിധിയുടെ ധാര്‍മ്മിക കടമ.

ഹൈദരലി ശിഹാബ് തങ്ങളുടെ വാക്കുകള്‍ ധിക്കരിച്ചിരുന്നെങ്കില്‍ താന്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ലെന്നുള്ള മുനീറിന്റെ പ്രസ്ഥാവന ഇരുതല വാളുകൊണ്ട് വെട്ടുന്നതിനു തുല്യമാണ്‌. ഉപജാപകസംഘങ്ങള്‍ ചെയ്തുകൂട്ടിയ ദുഷ്‌പ്രവൃത്തികളില്‍ ശിഹാബ് തങ്ങളെ എന്തിന്‌ ബലിയാടാക്കണം? കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം ഭാര്യാസഹോദരീ ഭര്‍ത്താവ് തെളിവുകള്‍ സഹിതം എല്ലാം വെളിപ്പെടുത്തിയിട്ടും അയാളെ ഭീകരനായി ചിത്രീകരിച്ച് കുഞ്ഞാലിക്കുട്ടി പഞ്ചപാവമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള മുസ്ലീം ലീഗിന്റെ മറ്റൊരു അടവുനയമാണിതെന്നേ പറയൂ.



No comments:

Post a Comment