Sunday, March 6, 2011

മുഖം നഷ്ടപ്പെട്ട പ്രധാനമന്ത്രി

മന്‍മോഹന്‍സിംഗ് നയിക്കുന്ന യു.പി.എ സര്‍ക്കാറിന്റെ പ്രതിച്ഛായ അനുദിനം വഷളാകുകയാണോ? കണ്ടകശനി ബാധിച്ചവരെപ്പോലെ യു.പി.എ. സര്‍ക്കാരിന്റെ നിലനില്പ് തന്നെ ഇപ്പോള്‍ ചോദ്യചിഹ്നമായിരിക്കുകയാണ്‌.

പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടികളും അങ്ങനെത്തന്നെയാണെന്ന പതിവ് പ്രതികരണം രാജ്യത്തിലെ ജനങ്ങളെ തൃപ്തിപ്പെടുത്തുകയില്ല. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയാരോപണങ്ങളോ അവിഹിത ഇടപാടുകളോ മാത്രം കേന്ദ്ര സര്‍ക്കാറിന്റെ രക്ഷാകവചമാവുന്നത് തന്നെ തികഞ്ഞ നിസ്സഹായതയും ഗതികേടുമായാണ് വിലയിരുത്തപ്പെടുക.

വ്യക്തിജീവിതത്തില്‍ സംശുദ്ധി കാത്തുസൂക്ഷിക്കുന്നതായി കരുതപ്പെടുന്ന മന്‍മോഹന്‍സിങ്, തന്റെ സഹപ്രവര്‍ത്തകരെയോ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെയോ നിശ്ചയിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഭരണഘടനാ സ്ഥാപനങ്ങളെ ഭരിക്കുന്നതിലും പരാജയമാണെന്ന ധാരണ പടരുന്നത് ആശങ്കക്കിടം നല്‍കുന്നതാണ്. ഏറ്റവും പുതുതായി പ്രധാനമന്ത്രി അധ്യക്ഷനായ നിയമനസമിതി കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ച പി.ജെ. തോമസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതും അതിന് ചൂണ്ടിക്കാട്ടിയ കാരണങ്ങളും മിതമായി പറഞ്ഞാല്‍ അദ്ദേഹത്തെ സഹതാപാര്‍ഹമായ സ്ഥിതിയിലാണെത്തിച്ചിരിക്കുന്നത്.

കേരളത്തിലെ പാമോയില്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള പി.ജെ. തോമസിനെ, അക്കാര്യം പരിഗണിക്കാതെ വിജിലന്‍സ് കമീഷണറായി നിയമിച്ച നടപടിയാണ് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, കെ.എസ്. രാധാകൃഷ്ണന്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. കേന്ദ്ര വിജിലന്‍സ് കമീഷന്‍ പോലൊരു സ്ഥാപനത്തിന്റെ വിശുദ്ധിക്ക്, അവിടേക്ക് നിര്‍ദേശിക്കപ്പെടുന്ന വ്യക്തിയുടെ സ്വഭാവശുദ്ധി കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് ചരിത്രവിധിയില്‍ സുപ്രീംകോടതി ഓര്‍മിപ്പിച്ചിട്ടുണ്ട്. പാമോയില്‍ അഴിമതിക്കേസില്‍ പ്രതിയാണെന്നതിനു പുറമെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്യുന്ന നാലു കുറിപ്പുകള്‍ അദ്ദേഹത്തിന്റെ ഫയലിലുണ്ടെന്നും കോടതി കണ്ടെത്തി.

നിയമന സമിതിയില്‍ അംഗമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് തോമസിന്റെ നിയമനത്തോട് വിയോജിച്ചിരുന്നു. അപ്പോഴെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിഗത ഫയല്‍ പ്രധാനമന്ത്രിയോ സമിതിയിലെ മറ്റൊരംഗമായ ആഭ്യന്തര മന്ത്രി ചിദംബരമോ, സൂക്ഷ്മമായി അന്വേഷിക്കേണ്ടതായിരുന്നു. ഉന്നതാധികാര സമിതിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്താല്‍ ഭിന്നാഭിപ്രായം ഉന്നയിക്കുന്നതിന് ഒരു അംഗത്തിന് കാരണം ആവശ്യമാണെന്നതുപോലെത്തന്നെ ആ അഭിപ്രായം തള്ളുന്നതിനുള്ള കാരണം ഭൂരിപക്ഷം അംഗങ്ങളും വ്യക്തമാക്കേണ്ടതുണ്ട് എന്ന് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്.

നമ്മുടെ ദേശീയ ജീവിതത്തിന്റെ തീരാശാപവും കളങ്കവുമായിരിക്കുന്ന അഴിമതിയുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് രാജ്യത്തെ ഒരളവോളമെങ്കിലും രക്ഷിക്കാനുതകേണ്ടതാണ്  വിജിലന്‍സ് കമീഷന്‍. അത്തരമൊരു സമുന്നത സ്ഥാപനത്തിന്റെ  തലപ്പത്ത് അവരോധിതനാവുന്നയാള്‍ സ്വയം അഴിമതിക്കാരനാവാതിരുന്നാല്‍ മാത്രം പോരാ, സംശയത്തിന്റെ നിഴല്‍പോലും അയാളുടെ കാര്യത്തില്‍ ഉണ്ടായിക്കൂടാ. വിവാദ വിധേയമായ നിയമനത്തിലെ ഉദ്യോഗസ്ഥന്‍ തോമസ് അഴിമതിക്കാരനല്ല എന്നുവരാം. സര്‍വീസില്‍ വൈദഗ്ധ്യവും മിടുക്കും തെളിയിച്ചവനായിരിക്കാം. എന്നാല്‍പോലും നിയമന സമിതിയുടെ പരിഗണനക്ക് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഫയല്‍ സമഗ്രവും സൂക്ഷ്മവും ആവേണ്ടതായിരുന്നു. പ്രത്യേകിച്ചും പ്രമാദമായ പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് തോമസ് എന്ന വിവരം മറച്ചുവെക്കപ്പെട്ടത് അക്ഷന്തവ്യമായ വീഴ്ചയാണ്. ഇതിന്റെ പിന്നില്‍ ഉദ്യോഗസ്ഥലോബിയുടെ കളിയാണെങ്കില്‍ അക്കാര്യവും പ്രധാനമന്ത്രിയുടെ സത്വരശ്രദ്ധയര്‍ഹിക്കുന്നു.

നമ്മുടെ നിയമനിര്‍മാണ സ്ഥാപനങ്ങളും നീതിന്യായ കോടതികളും ഭരണനിര്‍വഹണ ഘടകവും വ്യതിരിക്ത അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സംവിധാനമാണെങ്കിലും ഫലത്തില്‍ സംഭവിക്കുന്നത് ഉദ്യോഗസ്ഥതലത്തില്‍ എല്ലാം തീരുമാനിക്കപ്പെടുകയും ഒടുവില്‍ ബന്ധപ്പെട്ടവര്‍ മേലൊപ്പ് ചാര്‍ത്തുകയും ചെയ്യുന്നതാണ്.

രാജ്യത്തെ ഞെട്ടിച്ച എല്ലാ അഴിമതിക്കഥകളുടെ പ്രഭവകേന്ദ്രം കരുത്തുറ്റ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വലോബിയാണെന്നത് രഹസ്യമല്ല. അവരെ നിലക്കുനിര്‍ത്താനും കര്‍ശനമായി നിയന്ത്രിക്കാനും കഴിയുന്ന നട്ടെല്ലുള്ള ഭരണാധികാരികള്‍ രാജ്യത്ത് ഇല്ലെന്നു പറയുന്നത് അതിശയോക്തിപരമാവുമെങ്കില്‍ തുലോം വിരളമാണെന്നെങ്കിലും  ചൂണ്ടിക്കാട്ടാതെ വയ്യ.

സുപ്രീംകോടതിയുടെ മുമ്പില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നില പരുങ്ങലിലാക്കിയ വിജിലന്‍സ് കമീഷണര്‍ നിയമനത്തിന്റെ പിന്നില്‍ ഉദ്യോഗസ്ഥ ലോബിയുടെ ചരടുവലികള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തന്നെയാണ്.

എന്തായാലും അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഉടനെയുണ്ടായ ഈ തിരിച്ചടി കോണ്‍ഗ്രസിനെ വെട്ടിലാക്കും എന്ന് തീര്‍ച്ച. പ്രതിപക്ഷത്തിന് ഓര്‍ക്കാപ്പുറത്ത് ലഭിച്ച മൂര്‍ച്ചയേറിയ പ്രചാരണായുധമാണ്  സുപ്രീംകോടതി വിധി. നിയമനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പ്രധാനമന്ത്രി പാര്‍ലമെന്റ് മുമ്പാകെ നല്‍കുന്ന വിശദീകരണം അവരെ തൃപ്തിപ്പെടുത്തുമോ എന്ന് കണ്ടറിയണം.

കള്ളപ്പണക്കാര്യത്തിലും സ്‌പെക്ട്രം കുംഭകോണത്തിലും സുപ്രീംകോടതിയുടെ പഴി ഏറ്റുവാങ്ങേണ്ടി വന്ന കേന്ദ്ര സര്‍ക്കാറിന് തോമസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെ മുഖം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. അഴിമതിയാരോപണങ്ങളാല്‍ മുങ്ങിക്കിടക്കുന്ന ജസ്റ്റിസ് ബാലകൃഷ്ണനെ ദേശീയ മനുഷ്യാവകാശ കമീഷന്റെ ചെയര്‍മാനായി നിയമിച്ച നടപടിയും സല്‍പേരല്ല പ്രധാനമന്ത്രിക്ക് സമ്പാദിച്ചുകൊടുത്തതെന്നുകൂടി ഈ  സന്ദര്‍ഭത്തില്‍ ഓര്‍ക്കാതെ വയ്യ.








No comments:

Post a Comment