കേരളത്തിലെ ചരിത്രവിദ്യാര്‍ഥികള്‍ ഗവേഷണം നടത്താന്‍ പോകുന്ന ഒന്നാണ് പാലോറ മാതയില്‍ നിന്നും പിണറായി വിജയനിലേക്കുള്ള കമ്യൂണിസ്റ്റ് പരിണാമം. പാലോറമാത സ്വന്തം വരുമാനം മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടി നീക്കിവെച്ച ഒരു സഖാവ് ആയിരുന്നു.
ദിവസത്തില്‍ ഒരുനേരം പോലും ആഹാരം കഴിക്കാതെ മുണ്ട് മുറുക്കിയുടുത്ത് സഖാക്കള്‍ക്ക് കരുതിവെച്ച ആഹാരം നല്‍കി സംതൃപ്തി അടഞ്ഞ് ഉറങ്ങിയ മഹതി. അവസാനം സ്വന്തം വരുമാനമാര്‍ഗ്ഗമായ പശുവിനെകൂടി അവര്‍ പാര്‍ട്ടിക്കു നല്‍കി. എ.കെ.ഗോപാലനും പി.കൃഷ്ണപിള്ളയ്ക്കും വേണ്ടി രാത്രിവരെ കാത്തിരുന്ന് സ്വന്തം മക്കള്‍ക്ക് നല്‍കേണ്ട ആഹാരം അവര്‍ക്ക് പങ്കിട്ടു. മറ്റൊരാള്‍ മക്കളെയും ഭാര്യയെയും തന്നോടൊപ്പം പട്ടിണിക്കിട്ട് പാര്‍ട്ടിക്ക് വേണ്ടി എല്ലാം ത്യജിച്ച ചക്കപ്പന്‍. അങ്ങനെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നെവിടെ നില്‍ക്കുന്നു? മഴ പെയ്താല്‍ ഒരു തുള്ളിവെള്ളം പോലും പുറത്ത് പോകാത്ത ചെറ്റകുടിലുകളില്‍ കിടന്ന് ഉറങ്ങിയിരുന്ന സഖാക്കള്‍ ഇന്നെവിടെ നില്‍ക്കുന്നു.
പാവങ്ങള്‍ക്ക് വേണ്ടി മഴയും വെയിലും കൊണ്ട് ചെറ്റകുടിലുകളില്‍ കിടന്ന് ഉറങ്ങിയിരുന്ന പാര്‍ട്ടി സെക്രട്ടറിമാര്‍ ഇന്ന് രണ്ട് കോടി ചെലവ് വരുന്ന നക്ഷത്ര ബംഗ്ലാവുകളില്‍ വസിക്കുന്നു. വര്‍ഷത്തില്‍ 40 ലക്ഷം രൂപ ഫീസ് കൊടുത്ത് മക്കളെ ലണ്ടനില്‍ പഠിപ്പിക്കുന്നു. പാവപ്പെട്ടവര്‍ എന്നും പാര്‍ട്ടിക്കുവേണ്ടി ഇക്വിലാബ് വിളിക്കുമ്പോള്‍ നേതാക്കള്‍ക്ക് തലചായ്ക്കാന്‍ പീടിക തിണ്ണകളല്ല മറിച്ച് തലസ്ഥാനത്ത് ശീതീകരിച്ച മുറിയുള്ള ഫ്‌ളാറ്റുകള്‍. ഈ മാറ്റം എങ്ങനെ വന്നു? സാന്റിയാഗോ മാര്‍ട്ടിന്‍, സേവി മനോമാത്യു, ഫാരിസ് അബൂബക്കര്‍ എന്നിവരാണ് ഇന്ന് അവരുടെ മിത്രങ്ങള്‍. മാര്‍ട്ടിന്‍ പറയുന്നതിനാണ് പാര്‍ട്ടി വില കല്‍പ്പിക്കുന്നത്. സാധാരണക്കാരെയും പണമില്ലാത്തവരെയും ഇന്ന് പാര്‍ട്ടിക്ക് വേണ്ട. പണമുള്ളവര്‍ പാര്‍ട്ടിക്ക് അകത്ത് നിന്നാല്‍ രാജാവ്. പുറത്തായാല്‍ കീടം ഇതാണ് പുതിയ സംസ്‌ക്കാരം.
എന്തിനെയും എതിര്‍ക്കുക എന്നുള്ളതാണ് തുടക്കം മുതലെ കമ്യൂണിസ്റ്റ് നയം. പിന്നീട് എല്ലാറ്റിനെയും ചുമലിലേറ്റും. 1942 ല്‍ ക്വിറ്റ് ഇന്ത്യാസമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്തവരെ രാജ്യസ്‌നേഹികള്‍ എന്ന് ആര് വിളിക്കും? 1947ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ആഗസ്റ്റ് 15നെ ''ആപത്ത് പതിനഞ്ച്'' എന്നും സ്വാതന്ത്ര്യത്തെ വെളുത്ത ബൂര്‍ഷ്വയില്‍ നിന്ന് കറുത്ത ബൂര്‍ഷ്വയിലേക്ക് മാറിയ അധികാരമെന്നും വിശേഷിപ്പിച്ചു. സ്വാതന്ത്ര്യദിനം കരിങ്കൊടി പിടിച്ച് ആചരിക്കാനും കമ്യൂണിസ്റ്റുകാര്‍ മറന്നില്ല. ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയെ വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ബി.ടി.രണദിവെയുടെ അധ്യക്ഷതയില്‍ കല്‍ക്കട്ട തീസിസ് ഉണ്ടാക്കി പ്രഖ്യാപിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മുതിര്‍ന്നു.
ഇതിനുവേണ്ടി ആസിഡ് ബള്‍ബുകള്‍ വരെ ശേഖരിച്ചു. 1951ല്‍ നെഹ്‌റു പഞ്ചവത്സരപദ്ധതികള്‍ കൊണ്ടുവന്നപ്പോള്‍ അതിനെ 'പഞ്ഞവത്സര പദ്ധതികള്‍' എന്ന് കളിയാക്കി. ഗാന്ധിജിയെ ബ്രിട്ടീഷുകാരന്റെ 'ചെരുപ്പ് നക്കി' എന്നും നെഹ്‌റുവിനെ 'അമേരിക്കന്‍ സാമ്രാജിത്വത്തിന്റെ കാവല്‍ഭടനെന്നും' വിശേഷിപ്പിച്ചു. ഇന്നത്തെ കമ്യൂണിസ്റ്റുകാരന് ഗാന്ധിജിയും നെഹ്‌റുവും ആരാധ്യര്‍. സ്വാതന്ത്ര്യദിനം ഡി.വൈ.എഫ്.ഐ ആചരിക്കുന്നു. ഇതാണ് പരിണാമ സിദ്ധാന്തത്തിന്റെ ഒന്നാംഘട്ടം. ഇന്ത്യാ-ചൈന യുദ്ധം നടന്നപ്പോള്‍ ചൈനക്കൊപ്പം നിലയുറപ്പിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും എന്ന് തുടങ്ങുന്ന പ്രസിദ്ധമായ പ്രമേയം നമ്പൂതിരിപ്പാട് അവതരിപ്പിച്ചു.
1967ല്‍ ഡോ.എം.എസ്.സ്വാമിനാഥന്റെ നേതൃത്വത്തില്‍ കാര്‍ഷിക വിപ്ലവം ആരംഭിച്ചപ്പോള്‍ ട്രാക്ടറുകള്‍ക്ക് മുമ്പില്‍ ചാടിവീണു. പാടത്ത് മലര്‍ന്ന് കിടന്നു സമരം ചെയ്തു. കഴിഞ്ഞ വര്‍ഷം പോലും കുട്ടനാട്ടില്‍ അഞ്ച് ഏക്കര്‍ നെല്‍പാടങ്ങളിലെ നെല്ല് യന്ത്രം ഉപയോഗിച്ച് കൊയ്‌തെടുക്കാന്‍ സമ്മതിക്കാതെ നശിപ്പിച്ച് കളഞ്ഞത് ആരും മറന്നിട്ടില്ല. ഇന്ന് പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിമാരടക്കം ട്രാക്ടറുകളുടെയും കല്ലുവെട്ട് യന്ത്രങ്ങളുടെയും, കാട് വെട്ട് യന്ത്രങ്ങളുടെയും ദാതാക്കളും ദല്ലാളന്മാരുമാണ്. ഇതാണ് രണ്ടാം ഘട്ടം.
1974ല്‍ രാജസ്ഥാനിലെ പൊക്രാനില്‍ ആണവ പരീക്ഷണം നടന്നപ്പോള്‍ അതിനെ സാമ്രാജ്യത്വത്തിന്റെ പ്രതീകമെന്ന് കമ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിച്ചു.
1974ല്‍ രാജസ്ഥാനിലെ പൊക്രാനില്‍ ആണവ പരീക്ഷണം നടന്നപ്പോള്‍ അതിനെ സാമ്രാജ്യത്വത്തിന്റെ പ്രതീകമെന്ന് കമ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിച്ചു.
'ആര്യഭട്ട' എന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചപ്പോള്‍ അമേരിക്കന്‍ സൃഷ്ടി എന്നായിരുന്നു വിമര്‍ശനം. 1975ല്‍ ഏത് 'ചെകുത്താനെയും' കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ തോല്‍പ്പിക്കുമെന്ന് നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചു. എ.ബി.വാജ്‌പേയ് വിദേശകാര്യമന്ത്രിയും, അദ്വാനി വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയും ആയിരുന്നകാലം ഇന്ത്യയുടെ സുവര്‍ണകാലമെന്ന് നമ്പൂതിരിപ്പാട് എഴുതി. 1980 കളില്‍ ഡല്‍ഹി കേന്ദ്രമായി ദൂരദര്‍ശന്‍ നിലവില്‍ വന്നപ്പോള്‍ അതിനെ 'ക്രൂരദര്‍ശ'നെന്ന് വിശേഷിപ്പിച്ച സി.പി.എം ഇന്ന് മൂന്ന് ടി.വി. ചാനലുകള്‍ നടത്തുന്നു. ഇതാണ് മൂന്നാംഘട്ടം.
1984 ല്‍ രാജീവ്ഗാന്ധി തുടങ്ങിയ കമ്പ്യൂട്ടര്‍ വിപ്ലവത്തെ അട്ടിമറിക്കാന്‍ സി.പി.എം ഗൂഢശ്രമം നടത്തി. ''പട്ടിണി മാറ്റാന്‍ തൊഴില്‍ നല്‍കൂ എന്നിട്ടാവാം കമ്പ്യൂട്ടര്‍'' എന്ന മുദ്രാവാക്യം ആരും മറന്നിട്ടില്ല. കമ്പ്യൂട്ടറിനെതിരെ രണ്ട് ഭാരത ബന്ദുകള്‍ നടത്തി. കേരളത്തില്‍ എസ്.ശര്‍മ്മ, എം.വജിയകുമാറുമടക്കമുള്ള ഡി.ഫിക്കാര്‍ കമ്പ്യൂട്ടര്‍ സമരത്തിന്റെ പേരില്‍ തെരുവിലിറങ്ങി. ടയര്‍ കത്തിച്ചു, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ത്തു. കമ്പ്യൂട്ടര്‍ വന്നാല്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കും എന്നാണവര്‍ പറഞ്ഞത്. കമ്പ്യൂട്ടര്‍ തൊഴിലില്ലായ്മ പരിഹരിക്കും എന്ന് തിരിച്ചറിയാന്‍ കമ്യൂണിസ്റ്റുകാര്‍ കാല്‍നൂറ്റാണ്ടെടുത്തു. ഇന്ന് പാര്‍ട്ടി ഓഫീസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു കഴിഞ്ഞു. സി.പി.എം വെബ്‌സൈറ്റ് നിലവില്‍വന്നു. വിജയകുമാറും ശര്‍മ്മയും കമ്പ്യൂട്ടറിലൂടെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു.
താടിയും ജുബയും ധരിച്ച് സഞ്ചി തൂക്കിനടന്ന കമ്പ്യൂട്ടര്‍ വിരുദ്ധസമരം ചെയ്ത ശാസ്ത്രസാഹിത്യ പരിഷത്തുകാരന്‍ ഇപ്പോള്‍ ലാപ്‌ടോപ്പ് ബാഗ് പിടിച്ചു നടക്കുന്നു. ഇതാണ് പരിണാമത്തിന്റെ നാലാംഘട്ടം. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ രാജീവ്ഗാന്ധി ഭരണം കുതിച്ച് മുന്നേറി. ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായി. സാം പിത്രോഡ ചെയര്‍മാനായി രൂപംകൊണ്ട കമ്മിറ്റി ഗ്രാമഗ്രാമാന്തരങ്ങളില്‍ ടെലിഫോണ്‍ സൗകര്യം വിപുലപ്പെടുത്തി. സാംപിത്രോഡ അമേരിക്കന്‍ ചാരനാണെന്നും അദ്ദേഹത്തെ അംഗീകരിക്കില്ലെന്നും പറഞ്ഞ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി 24 ദിവസം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഫോണ്‍ വന്നാല്‍ ശിപായിമാരുടെ എണ്ണം കുറയും എന്നുപറഞ്ഞ് ഒപ്പ് ശേഖരണം നടത്തിയ എന്‍.ജി.ഒ യൂണിയന്‍കാര്‍ ഇന്ന് ത്രിജിയും മൊബൈല്‍ പോര്‍ട്ടബിലിറ്റിയും തിരഞ്ഞ് നടക്കുകയാണ്.
No comments:
Post a Comment