പതിനഞ്ചു വര്‍ഷമായി തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം രാഷ്‌ട്രീയകേരളം ചര്‍ച്ച ചെയ്യുന്ന ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് തെരഞ്ഞെടുപ്പില്‍ വീണ്‌ടും ചര്‍ച്ചാവിഷയമാകുകയാണ്. കേസില്‍ കുറ്റാരോപിതനായ മുന്‍മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിന്റെ വെളിപ്പെടുത്തലുകളോടെ വഴിത്തിരിവിലെത്തിയ കേസ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഇടപെടലിലൂടെ ഷാജി കൈലാസ് സിനിമയുടെ ക്ലൈമാക്‌സെന്ന പോലെ അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് നീങ്ങുകയാണ്.
കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ വി.എസ്. കാട്ടുന്ന അനാവശ്യ തിടുക്കമാണ് ഇപ്പോള്‍ യുഡിഎഫ് ആയുധമാക്കുന്നത്. വി.എസിന്റെ നടപടിയ്‌ക്കെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്‌തിട്ടുണ്‌ട്. കേസില്‍ കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ വിത്സന്‍.എം.പോളിനോട് കേസ് ഡയറി തന്റെ വിശ്വസ്‌തരെ കാട്ടി ബോധ്യപ്പെടുത്താന്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.
ഐസ്‌ക്രീം കേസിലെ അന്വേഷണം തന്റെ ആഗ്രഹമനുസരിച്ച് മുന്നേറുന്നില്ലെന്ന് വ്യക്തമായപ്പോഴാണ് വി.എസ് കേസന്വേഷണത്തില്‍ ഇടപ്പെട്ടതെന്ന് വ്യക്തമാണ്. അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കുമെതിരെ വി.എസ് നടത്തുന്ന പോരാട്ടത്തിന്റെ തന്നെ ശോഭ കെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നടപടിയെന്ന് പറയാതിരിക്കാനാവില്ല.
രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുണ്‌ടാക്കുന്ന കേസുകള്‍ എല്ലാം രാഷ്‌ട്രീയപ്രേരിതമാകണമെന്നില്ലെന്ന് വാദത്തിന് വേണ്‌ടി സമ്മതിക്കാമെങ്കിലും ഇത്തരം കേസുകളില്‍ നേതാക്കള്‍ രക്‌തദാഹികളായ വ്യവഹാരികളെപ്പോലെ പെരുമാറുന്നതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. ഏതൊരു കേസിലെയും അന്വേഷണം ക്രിമിനല്‍ നടപടിക്രമത്തിലെ വ്യവസ്‌ഥകളനുസരിച്ചു സ്വതന്ത്രമായും നിഷ്‌പക്ഷമായും ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെയും നടത്തേണ്‌ടതുണ്‌ട്. ഇക്കാര്യമാണ് കേസ് ഡയറി തന്റെ വിശ്വസ്‌തരെ കാട്ടണമെന്ന ഉത്തരവിലൂടെ മുഖ്യമന്ത്രി മറന്നുപോയത്.
ക്രിമിനല്‍ നടപടിക്രമമനുസരിച്ച് അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്‌ടുപോകണമെന്നോ ആരെയെല്ലാം കണ്‌ട് ഉപദേശം സ്വീകരിക്കണമെന്നോ പറയാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിന് അധികാരമില്ല. കേസന്വേഷണം പൊലീസിന്റെയും അന്വേഷണ ഏജന്‍സിയുടെയും സ്വതന്ത്രമായ അധികാര വിനിയോഗത്തിലൂടെയായിരിക്കണം പൂര്‍ത്തീകരിക്കേണ്‌ടത്. സാധാരണഗതിയില്‍ കോടതികള്‍ പോലും കേസന്വേഷണത്തില്‍ ഇടപെടാന്‍ പാടില്ലെന്ന് സുപ്രീംകോടതി പോലും പലവട്ടം വ്യക്തമാക്കിയിട്ടുള്ളതിനെക്കുറിച്ച് മുഖ്യമന്ത്രി അജ്ഞനാണെന്ന് കരുതാന്‍ കഴിയില്ല.
അന്വേഷണ ഉദ്യോഗസ്‌ഥനുമേല്‍ സ്വാധീനം ചെലുത്താനോ നിയമവിരുദ്ധമായ നിര്‍ദേശങ്ങള്‍ അടിച്ചേല്‍പിക്കാനോ അതുവഴി അന്വേഷണത്തില്‍ ഇടപെടാനോ ഉന്നത പൊലീസ് ഉദ്യോഗസ്‌ഥര്‍ക്കു പോലും അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളപ്പോഴാണ് കേവലമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെ മുഖ്യമന്ത്രി ഐസ്‌ക്രീം കേസില്‍ ഇടപെടല്‍ നടത്തിയത്. ആഭ്യന്തരവകുപ്പ് പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആ വകുപ്പുമായി ആലോചിക്കാതെയാണ് മുഖ്യമന്ത്രിയുടെ നടപടിയെന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തെപ്പോലും ചോദ്യംചെയ്യുന്നതുമാണ്.
ഭരണഘടനയനുസരിച്ച് നിയമപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കാനുള്ള പ്രാഥമിക ബാധ്യത അഡ്വക്കറ്റ് ജനറലിനാണെന്നിരിക്കെ തന്റെ കോക്കസില്‍ പെട്ടവരെ കേസ് ഡയറി കാണിക്കണമെന്ന് പറയാന്‍ കേസുകള്‍ നടത്തി തഴക്കം വന്ന വി.എസ് എങ്ങിനെ ധൈര്യപ്പെട്ടു എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. മുഖ്യമന്ത്രിക്കു വ്യക്‌തിപരമായി ഏതു നിയമവിദഗ്‌ധന്റെയും അഭിപ്രായം തേടാം. എന്നാല്‍, ഔദ്യോഗികമായി സ്വന്തം ഇഷ്‌ടാനുസരണം താന്‍ നിര്‍ദേശിക്കുന്നവരില്‍ നിന്നും അന്വേഷണ ഉദ്യോഗസ്‌ഥന്‍ നിയമപരമായ ഉപദേശം തേടണമെന്നു പറയാന്‍ അദ്ദേഹത്തിന് അധികാരമില്ല. തനിക്കു വ്യക്‌തിപരമായി ലഭിച്ച നിയമോപദേശത്തെ അന്വേഷണ പ്രക്രിയയില്‍ അടിച്ചേല്‍പിക്കാനും വി.എസിനാവില്ല.
അന്വേഷണ റിപ്പോര്‍ട്ടുകള്‍ അതതു സമയത്തു മുഖ്യമന്ത്രിയെ അറിയിക്കാനോ ഏല്‍പ്പിക്കാനോയുള്ള ബാധ്യയും അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കുമില്ല. അങ്ങനെ വേണമെങ്കില്‍ ക്രിമിനല്‍ നടപടിക്രമം തന്നെ ഭേദഗതി ചെയ്യേണ്‌ടിവരുമെന്ന് നിയമവിദഗ്‌ധര്‍ ചൂണ്‌ടിക്കാട്ടുന്നു. ഉന്നതമായ ജനാധിപത്യബോധവും രാഷ്‌ട്രീയമര്യാദയും കാണിക്കാന്‍ തിരഞ്ഞെടുപ്പു സമയത്ത് മുഖ്യമന്ത്രിക്കു ബാധ്യതയുണ്‌ട്.
അതിനുപകരം പ്രതിച്ഛായ നിര്‍മിതിയ്‌ക്കും കേവലമായ രാഷ്‌ട്രീയ നേട്ടത്തിനുംവേണ്‌ടി കേസുകളില്‍ ഇടപെടുന്നത് എങ്ങിനെയാണ് ന്യായീകരിക്കാനാവുക. തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, ഐസ്‌ക്രീം കേസില്‍ വി.എസ് കാണിക്കുന്ന അമിതാവേശം അദ്ദേഹത്തിന്റെ നിയമപരമായ നിരക്ഷരതയെക്കാള്‍ ജനാധിപത്യത്തോടും ഭരണഘടനാ സ്‌ഥാപനങ്ങളോടുമുള്ള ആദരവില്ലായ്‌മയെയാണു വ്യക്തമാക്കുന്നത്.
മുരളിധരന്റെ തിരിച്ചുവരവ്
തെറ്റുകള്‍ ആര്‍ക്കും പറ്റും. എന്നാല്‍ സ്ഥിരമായി തെറ്റുപറ്റാന്‍ നിന്നു കൊടുക്കുന്നവര്‍ ആരുമുണ്ടാകില്ലല്ലോ. സംശയമുണ്ടെങ്കില്‍ കെ.മുരളീധരനെ ശ്രദ്ധിക്കു. ഇത്തവണ മുരളി രണ്ടും കല്‌പിച്ചാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കൈയ്യിലിരുന്ന കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവാകാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നിട്ടും അതെല്ലാം കളഞ്ഞുകുളിച്ച നേതാവാണ് മുരളി. ഡി.ഐ.സി രൂപീകരിച്ചതും, പിന്നെ എന്‍.സി.പിയില്‍ ലയിച്ചതും അവസാനം കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തിയതുമായി എന്തെല്ലാം നാടകങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍. അവസാനം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുരളിക്ക് കഴിഞ്ഞിരിക്കുന്നു. മുരളി കേരളാ രാഷ്‌ട്രീയത്തില്‍ ഇനി ആര്? എന്ന് തീരുമാനിക്കുന്നതും ഈ തിരഞ്ഞെടുപ്പ് തന്നെയാവും.
പണ്ട് കോണ്‍ഗ്രസിനെ വേണ്ടെന്ന് പറഞ്ഞ് മുരളിയും മുരളിയെ വേണ്ടെന്ന് പറഞ്ഞ് കോണ്‍ഗ്രസും തെക്കോട്ടും വടക്കോട്ടും പോയ കാലത്തെ കഥയൊന്നുമല്ല ഇപ്പോള്‍ കാണുന്നത്. വളരെ സൂക്ഷിച്ചാണ് കെ.മുരളീധരന്റെ ഓരോ ചുവടും. എടുത്തു പറയേണ്ടത്, ഓരോ വാക്കിലും നോക്കിലും തികഞ്ഞ മിതത്വവും, സമവായവും, നയവും പുലര്‍ത്തി പെരുമാറുന്ന മുരളീധരന്റെ പുതിയ രീതിയെക്കുറിച്ചാണ്.
കോണ്‍ഗ്രസില്‍ കയറിക്കൂടിയതില്‍ പിന്നെ മുരളി ശരിക്കൊന്ന് വാതുറന്ന് പിന്നെ കണ്ടില്ല. വാ തുറക്കുന്നത് ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ മാത്രം. പണ്ട് ഉമ്മന്‍ചാണ്ടിയെ മുതല്‍ സോണിയാ ഗാന്ധിയെ വരെ ഒളിഞ്ഞും തെളിഞ്ഞും അക്രമിച്ചിരുന്ന വാക് പ്രയോഗങ്ങള്‍ മാറ്റിവെച്ചതു പോട്ടെ, ഗ്രൂപ്പിസത്തിന്റെ ഒരു നിഴല്‍ പോലും മുരളിയില്‍ ഇപ്പോള്‍ കാണാനില്ല. തന്റെ കൂടെ വീണ്ടും കോണ്‍ഗ്രസിലേക്ക് വന്നവര്‍ എന്നു പറഞ്ഞ് ആളെക്കൂട്ടി വീണ്ടുമൊരു ഗ്രൂപ്പുകളിക്കും മുരളി ഇപ്പോള്‍ നില്‍ക്കുന്നില്ല. കോണ്‍ഗ്രസില്‍ തിരിച്ചെത്തികഴിഞ്ഞതില്‍ പിന്നെ പത്മജക്കൊപ്പം ചേര്‍ന്ന് ലീഡറുടെ കുട്ടികള്‍ എന്ന മുതലെടുപ്പിനും നിന്നില്ല. ഉമ്മന്‍ചാണ്ടിയുടെയോ, ചെന്നിത്തലയുടെയോ, ആന്റണിയുടെയോ പക്ഷം ചേരാനും പോയില്ല. എല്ലാവരോടും സൗഹൃദം തന്നെ. ആരെയും പിണക്കാനുമില്ല, കുത്തി നോവിക്കാനുമില്ല. എല്ലാ പക്വതയും നേടിയ രാഷ്‌ട്രീയക്കാരന്റെ പെരുമാറ്റമാണിപ്പോള്‍ മുരളിക്ക്.
``തിരിച്ചെടുത്തതില്‍ സന്തോഷം, എല്ലാവരോടും സ്‌നേഹം, പാര്‍ട്ടിക്കു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. താഴേതട്ടിലുള്ള ഒരു സാധാരണ പ്രവര്‍ത്തകനായി ജീവിച്ചാല്‍ മതി'' തുടങ്ങിയ പ്രസ്‌താവനകളും പ്രസംഗങ്ങളും മാത്രമേ മുരളിയില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കാനുള്ളു.
കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിന് നാളുകള്‍ക്ക് മുമ്പ് മുരളീധരന്‍ പറഞ്ഞ മറ്റൊരു പ്രസ്‌താവന ഇങ്ങനെ - തന്റെ സസ്‌പെന്‍ഷന്‍ കാലാവധി തീരുകയാണ്. ഇനിയെങ്കിലും കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണം. തിരിച്ചെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പ് എന്ന മോഹം എനിക്കില്ല. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒരു മണ്‌ഡലം പ്രസിഡന്റ് പോലുമാവാന്‍ താനില്ല. ഒരു പദവികളും തനിക്കുവേണ്ട. ഇങ്ങനെയായിരുന്നു മുരളിയുടെ പ്രസ്‌താവനകള്‍. സസ്‌പെന്‍ഷന്‍ കാലാവധിയില്‍ കളിച്ച രാഷ്‌ട്രീയമെല്ലാം മുരളി പാടെ മറന്നിരിക്കുകയും ചെയ്‌തു.
എന്തായാലും അവസാനം മുരളിക്ക് സീറ്റ് ലഭിച്ചിരിക്കുന്നു. വട്ടിയൂര്‍കാവില്‍ മുരളി മത്സരിക്കാനിറങ്ങുമ്പോള്‍ ജയസാധ്യത വളരെയേറെയുണ്ടുതാനും. എന്നാല്‍ മുരളി എത്തിയപ്പോള്‍ തട്ട് കിട്ടിയത് പത്മജക്കായിരുന്നു എന്നത് മറ്റൊരു സത്യം. അല്ലെങ്കില്‍ തന്നെ പത്മജയെ ഒതുക്കാന്‍ കാത്തിരുന്ന കോണ്‍ഗ്രസ് കേരളാ ഘടകത്തിന് വീണു കിട്ടിയ തുറുപ്പുചീട്ടായിരുന്നു മുരളി. മുരളിക്കും പത്മജക്കും കൂടി സീറ്റുവേണ്ട എന്ന നിയമം ഉണ്ടാക്കിയെടുത്ത് പത്മജക്ക് സീറ്റ് നിഷേധിക്കുകയും മുരളിയെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്‌തു.
സത്യത്തില്‍ കെ.മുരളീധരന്‍ തന്റെ സ്ഥാനാര്‍ഥിത്വം നേരത്തെ കണ്ടിരുന്നു. തിരിച്ചുവന്നാല്‍ തന്നെ വെട്ടി ഒരു ഇലക്ഷന്‍ സ്ഥാനാര്‍ഥി പട്ടിക ഇറങ്ങില്ലെന്ന് മുരളിക്കും അറിയമായിരുന്നു. കാരണം സമവായത്തിന്റെ സ്വരമാണ് മുരളി സ്വീകരിച്ചിരുന്നത്. പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടുപോകാതിരിക്കാനുള്ള ഒരു നിശബ്‌ദ തന്ത്രമായിരുന്നു മുരളീധരന്‍ പ്രയോഗിച്ചത്. പത്മജക്ക് സീറ്റ് നിഷേധിച്ചപ്പോഴും പത്മജക്കൊപ്പം നിന്ന് വെടിയുതിര്‍ക്കാന്‍ മുരളി തയാറായില്ല. കോണ്‍ഗ്രസിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ പത്മജയെ ഉപദേശിച്ചിട്ട് മുരളി മൗനത്തിലേക്ക് മടങ്ങി.
എടുത്തുചാട്ടങ്ങള്‍ സ്വന്തം രാഷ്‌ട്രീയ ഭാവി വര്‍ഷങ്ങളായി തകര്‍ത്ത ഒരു നേതാവിന്റെ തിരിച്ചറിവാണ് ഇവിടെയെല്ലാം മുരളീധരനിലൂടെ കാണുന്നത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം പോലെ വളരെ പ്രധാനപ്പെട്ട പോസ്റ്റിലിരുന്നപ്പോള്‍ മന്ത്രിയാവന്‍ ഇറങ്ങി പുറപ്പെട്ട് അവസാനം മന്ത്രസ്ഥാനവും നഷ്‌ടപ്പെട്ട്, കടുത്ത ഗ്രൂപ്പിസത്തില്‍ പെട്ട് ഡി.ഐ.സി എന്ന പാര്‍ട്ടിയും സ്ഥാപിച്ച്... അങ്ങനെ എന്തെല്ലാം കളികള്‍. കെ.മുരളീധരന്‍ എന്ന വ്യക്തിയെ കേരള രാഷ്‌ട്രീയത്തില്‍ അപ്രസക്തനാക്കിയ വര്‍ഷങ്ങളായിരുന്നു കടന്നു പോയത്.
സത്യത്തില്‍ കരുണാകരനോടുള്ള സ്‌നേഹം ഇപ്പോള്‍ പത്മജയെക്കാള്‍ ലഭിക്കുന്നത് കെ.മുരളീധരന് തന്നെയാണ്. തിരുവനന്തപുരത്ത് നടന്‍ ജഗദീഷിന്റെ രാഷ്‌ട്രീയ പ്രസംഗം ശ്രദ്ധിക്കാം. ജഗദീഷ് പറഞ്ഞ് എന്നും കേരളത്തിന് ഒരു ലീഡര്‍ മാത്രമേയുള്ളു എന്നാണ്. ഇനി ഒരു ലീഡറായി വളര്‍ന്നു വരുന്നത് കെ.മുരളീധരനാണ് എന്നും ജഗദീഷ് പറഞ്ഞു. അപ്രായോഗിക തീരുമാനങ്ങളെടുത്ത് സ്വന്തം രാഷ്‌ട്രീയ ഭാവി നശിപ്പിച്ച കരുണാകര പുത്രനോട് ജനങ്ങള്‍ക്കിപ്പോള്‍ ഒരു സഹതാപവും സ്‌നേഹവുമൊക്കെയുണ്ട്. അതെല്ലാം മുരളിക്ക് വോട്ടായി മാറും.
എന്നാല്‍ എതിര്‍സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പാണ് എന്നത് മുരളിക്ക് വലിയ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. മുമ്പ് വൈദ്യുതി മന്ത്രിയായ സ്ഥാനം നേടിയതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് അഭിമുഖീകരിച്ചപ്പോള്‍ പരാജയം നേരിടേണ്ടി വന്ന ഓര്‍മ്മയും മുരളിക്കുണ്ടാവുമെന്ന് ഉറപ്പ്. എന്നാലും വട്ടിയൂര്‍കാവിലെ തിരഞ്ഞെടുപ്പ് ഫലം ഇത്തവണ തനിക്കൊപ്പമാകുമെന്ന് മുരളി തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ട്.
ഒപ്പം ഇത്തവണ മുരളിധരന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരും ധാരാളമുണ്ട്. കാരണം മുരളിക്കൊപ്പം നിന്നവര്‍ക്ക് ഇനി കോണ്‍ഗ്രസില്‍ ശക്തമായ ഒരു പങ്കാളിത്തം നേടണമെങ്കില്‍ മുരളി പാര്‍ട്ടിയില്‍ ശക്തനാവേണ്ടത് അത്യാവശ്യം തന്നെ.
ജയിച്ചുവന്നാല്‍ മന്ത്രി കസേര പകുത്ത് എടുക്കുമ്പോള്‍ ഒരു കസേരയിലേക്ക് മുരളിയെയും സ്വാഭാവികമായും പരിഗണിക്കും. അങ്ങനെ പരിഗണിക്കാതെയിരിക്കാന്‍ കോണ്‍ഗ്രസ് ഘടകത്തിന് കഴിയില്ല. കാരണം മുരളിയെ കറിവേപ്പില പോലെ തഴഞ്ഞാല്‍ അത് കരുണാകരനെ സ്‌നേഹിക്കുന്ന ഒരു വിഭാഗത്തിന്റെ ഇടയില്‍ വലിയ അമര്‍ഷത്തിന് കാരണണമാകും.
എന്നാല്‍ മന്ത്രി കസേരകള്‍ വീതം വെക്കുന്നതിനിടയിലേക്ക് കയറിച്ചെല്ലാതെ കിട്ടുന്ന സ്‌പേയ്‌സില്‍ കോണ്‍ഗ്രസ് സംഘടനാ തലപ്പത്ത് പിടിമുറുക്കാന്‍ മുരളി ശ്രമിക്കുമെന്നും കരുതേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ മുരളിധരന്‍ വീണ്ടും കോണ്‍ഗ്രസില്‍ ശക്തി പ്രാപിക്കുക തന്നെ ചെയ്യും. കോണ്‍ഗ്രസിനെ വീണ്ടുമൊരു കടുത്ത ഗ്രൂപ്പ് രാഷ്‌ട്രീയത്തിലേക്കാണോ ഇത് നയിക്കുക എന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഗ്രൂപ്പ് രാഷ്‌ട്രീയത്തിലേക്ക് മുരളി കടക്കുന്നില്ലെങ്കിലും ഭാവിയില്‍ അതുണ്ടാവില്ലെന്ന് കരുതുവാന്‍ വയ്യ. സംഘടനാ രാഷ്‌ട്രീയത്തിന്റെ തലപ്പത്തേക്കാണ് മുരളി നോട്ടം വെക്കുന്നതെങ്കില്‍ രമേശ് ചെന്നിത്തലക്ക് അതൊരു ഭീഷണിയാകുമെന്ന് ഉറപ്പ്. ഗ്രൂപ്പ് രാഷ്‌ട്രീയം വീണ്ടും ശക്തിയായാല്‍ അത് ഉമ്മന്‍ചാണ്ടിക്കും വെല്ലുവിളിയാകും. എന്തായാലും മുരളിയുടെ മടങ്ങി വരവും ഇനിയുള്ള രാഷ്‌ട്രീയ ഭാവിയും ചര്‍ച്ചയാവാന്‍ പോകുന്നതേയുള്ളു.
അതിനു മുമ്പ് കേരള രാഷ്‌ട്രീയത്തില്‍ തന്റെ ശക്തി തെളിയിക്കണമെങ്കില്‍ വട്ടിയൂര്‍കാവില്‍ വന്‍ ഭൂരിപക്ഷത്തില്‍ തന്നെ ജനസമ്മതി തെളിയിച്ചെടുക്കേണ്ടതുണ്ട് മുരളീധരന്‍. അതുകൊണ്ടു തന്നെ ഈ നിയമസഭാ തിരഞ്ഞെടുപ്പ് മുരളിധരന്‍ എന്ന രാഷ്‌ട്രീയക്കാരന്റെ ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകവുമാണ്.