Friday, April 8, 2011

വി.എസിന്റെ നാക്കുപിഴയില്‍ വലയുന്ന സിപിഎം

എതിരാളികളെ ശക്തമായ ഭാഷാ പ്രയോഗങ്ങള്‍ കൊണ്‌ട്‌ അടിച്ചിരുത്താന്‍ മടി കാണിക്കാത്ത നേതാവാണ്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. ഫാരീസ്‌ അബൂബക്കറിനെ വെറുക്കപ്പെട്ടവനെന്നും ടി.ജെ.ആഞ്ചലോസിനെ മീന്‍ പെറുക്കി നടന്ന ചെക്കനെന്നും സിന്ധു ജോയിയെ ഒരുത്തിയെന്നും വിളിക്കാന്‍ വിഎസ്‌ ഒരിക്കലും മടി കാണിച്ചിട്ടില്ല. എന്നാല്‍ വാക്കുകൊണ്‌ടും ചിരികൊണ്‌ടും അംഗവിക്ഷേപം കൊണ്‌ടും വാര്‍ത്തകള്‍ സൃഷ്‌ടിക്കാറുള്ള വി.എസിന്‌്‌ ഇത്തവണ നാക്കു പിഴച്ചോ എന്നാണ്‌ അദ്ദേഹത്തിന്റെ അനുയായികള്‍ പോലും ചോദിക്കുന്നത്‌.

മലമ്പുഴ മണ്‌ഡലത്തിലെ തന്റെ എതിര്‍ സ്ഥാനാര്‍ഥിയായ ലതികാ സുഭാഷിനെതിരെ വി.എസ്‌. നടത്തിയ പരാമര്‍ശം മലമ്പുഴയില്‍ വി.എസിനെ മുക്കില്ലെങ്കിലും മുന്നണണിക്ക്‌ അത്‌ തിരിച്ചടിയാകുമെന്നാണ്‌ വിലയിരുത്തല്‍. ഇത്‌ എളുപ്പം തിരച്ചറിഞ്ഞതു കൊണ്‌ടാണ്‌ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റെന്ന നിലയിലും കെപിസിസി ഭാരവാഹിയെന്ന നിലയിലുമുള്ള ലതികാ സുഭാഷിന്റെ പ്രശസ്‌തിയെക്കുറിച്ചാണ്‌ താന്‍ ഉദ്ദേശിച്ചതെന്ന്‌ പറഞ്ഞ്‌ വി.എസ്‌.മലക്കം മറിഞ്ഞത്‌.

സ്‌ത്രീകളുടെ അവകാശത്തിനായി പോരാടുന്നുവെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുമ്പോഴും തന്റെ എതിരാളിയായ ഒരു സ്‌ത്രീക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം അംഗീകരിക്കാന്‍ അദ്ദേഹത്തിന്റെ കടുത്ത അനുഭാവികള്‍ക്ക്‌ പോലുമാവില്ല എന്നതാണ്‌ വാസ്‌തവം. സ്‌ത്രീകളുടെ സംരക്ഷകനെന്ന വി.എസിന്റെ പ്രതിച്ഛായയ്‌ക്ക്‌ മങ്ങലേല്‍പ്പിക്കാനെ ഇത്‌ ഉപകരിക്കു എന്ന്‌ അവര്‍ തിരിച്ചറിയുന്നു. സ്‌ത്രീ പീഡകരെ കൈയാമം വെച്ചു നടത്തുമെന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പതുവട്ടം പ്രസംഗിക്കുന്നൊരു നേതാവാണ്‌ വി.എസ്‌. വിഎസിന്റെ നാക്കു പിഴയെ യുഡിഎഫ്‌ പരമാവധി മുതലാക്കന്‍ ശ്രമിക്കുന്നുണ്‌ട്‌. ജമാഅത്തെ ഇസ്ലാമിയിലൂടെ ഏറ്റ തിരച്ചടിയുടെ നാണക്കേട്‌ മാറും മുമ്പാണ്‌ പ്രചാരണ രംഗത്ത്‌ സിപിഎം വീണ്‌ടും പ്രതിരോധത്തിലാകുന്നത്‌.

പാര്‍ട്ടി വിരുദ്ധരെ കൂലുകുത്തികളെന്നുപോലും വിശേഷിപ്പിക്കാന്‍ മടി കാട്ടാത്ത കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറി പോലും പാര്‍ട്ടി വിട്ട സിന്ധു ജോയിയെ `അവര്‍' എന്നു വിശേഷിപ്പിച്ചപ്പോള്‍ വിഎസ്‌ സിന്ധുവിനെ ഒരുത്തി എന്ന്‌ വിശേഷിപ്പിച്ചതും വിവാദമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണയ്‌ക്കുന്നത്‌ വി.എസിനെയാണെന്ന അഭിപ്രായ സര്‍വെകളുടെ പശ്ചാത്തലത്തില്‍ വിഎസിനെ ഒറ്റ തിരിഞ്ഞ്‌ അക്രമിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതിനിടെയാണ്‌ അവര്‍ക്ക്‌ അടിക്കാന്‍ പാകത്തിലുള്ള വടി വി.എസ്‌ തന്നെ വെട്ടിക്കൊടുത്തത്‌.

വി.എസിന്റെ പരാമര്‍ശത്തിനെതിരെ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലിയില്‍ നിന്നുള്ളവരെല്ലാം രംഗത്തെത്തി എന്നത്‌ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ക്ഷീണമായി. വാക്കു പിഴയുടെ പേരില്‍ ഇതാദ്യമായൊന്നുമല്ല വി.എസ്‌. ക്രൂശിക്കപ്പെടുന്നത്‌. മുംബൈ ഭീകരാക്രമണത്തിനിടെ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ വീട്‌ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ വാതില്‍ വലിച്ചടച്ച മാതാപിതാക്കളെക്കുറിച്ച്‌ സന്ദീപിന്റെ വീടല്ലെങ്കില്‍ ഒരു പട്ടിപോലും അവിടേയ്‌ക്ക്‌ പോകുമോ എന്ന്‌ ചോദിച്ചതും ഇതേ വി.എസാണ്‌.

എന്നാല്‍ വി.എസിന്റെ ഇപ്പോഴത്തെ വാമൊഴി വഴക്കത്തിന്റെ പേരില്‍ അദ്ദേഹത്തെ തള്ളാനും കൊള്ളാനും വയ്യാത്ത ധര്‍മസങ്കടത്തിലാണിപ്പോള്‍ സിപിഎം. കാരണം തെരഞ്ഞെടുപ്പില്‍ ആളെ കൂട്ടണമെങ്കിലും അധികാരത്തിലെത്തുക എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കണമെങ്കിലും വി.എസ്‌ എന്ന ബ്രാന്‍ഡ്‌ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്‌. യഥാര്‍ഥത്തില്‍ ലതികാ സുഭാഷഷിനെതിരെ വി.എസ്‌ ഉദ്ദേശിച്ച `പ്രശസ്‌തി' പ്രതിപക്ഷ നേതാവിനെക്കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു എന്നതാണ്‌ വാസ്‌തവം.

കുറച്ചു കാലം മുമ്പ്‌ ഉമ്മന്‍ ചാണ്‌ടിയുടെ കൂടെ അമൃത എക്‌സപ്രസ്‌ ട്രെയിനില്‍ യാത്ര ചെയ്‌ത ഒരു സ്‌ത്രീയെക്കുറിച്ചുയര്‍ന്ന വിവാദം പൊടിത്തട്ടിയെടുക്കാനായിരുന്നു വി.എസ്‌ ലക്ഷ്യമിട്ടത്‌. ലതികാ സുഭാഷായിരുന്നു ആ സ്‌ത്രീ എന്ന്‌ കേരളത്തിലെ രാഷ്‌ട്രീയ ലോകത്ത്‌ പിന്നീട്‌ പരസസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ ഒരു നേതാവിനൊപ്പം മറ്റൊരു വനിതാ നേതാവ്‌ യാത്ര ചെയ്‌തു എന്നതിനെ വക്രീകരിച്ചു കാട്ടാനുള്ള ശ്രമങ്ങങ്ങള്‍ക്കെതിരെ രാഷ്‌ട്രീയ കേരളം അന്നേ രംഗത്തു വന്നിരുന്നു. ഇതാണ്‌ ലതികാ സുഭാഷിന്റെ പ്രശസ്‌തി എന്നതു കൊണ്‌ട്‌ വി.എസ്‌ മനസ്സില്‍ കണ്‌ടത്‌ എന്നത്‌ വ്യക്തമായിരുന്നു. ഒരുവെടിയ്‌ക്ക്‌ രണ്‌ടു പക്ഷികളെ പിടിക്കാമെന്ന്‌ കണക്കുക്കൂട്ടലിലായിരുന്നു വി.എസ്‌ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്‌ എന്ന്‌ വ്യക്തം.


എന്നാല്‍ പരമാര്‍ശത്തിന്റെ പേരില്‍ പുലിവാലു പിടിച്ചതോടെ വി.എസ്‌ അടവു നയമൊന്നു മാറ്റി. കോട്ടയം ജില്ലാ പ്രസിഡന്റെ നിലയിലും കോണ്‍ഗ്രസ്‌ സംഘടനാ നേതാവെന്ന നിലയിലുമുള്ള പ്രശസ്‌തിയാണ്‌ താന്‍ ഉദ്ദേശിച്ചതെന്ന്‌ പറഞ്ഞ്‌ അദ്ദേഹം മലക്കം മറിഞ്ഞു. എന്തായാലും വാമൊഴി വഴക്കത്തിന്‌ പേരുകേട്ട സിപിഎം നേതാക്കള്‍ക്ക്‌ വി.എസിന്റെ നാക്കുപിഴയ്‌ക്ക്‌ എന്തു വിലയാണ്‌ നല്‍കേണ്‌ടി വരികയെന്നതിന്‌ വോട്ടെണ്ണുന്ന ദിവസം വരെ കാത്തിരക്കേണ്‌ടി വരും. എന്തായാലും ജമാഅത്തെ ഇസ്ലാമി വിവാദത്തില്‍ നിന്ന്‌ തല്‍ക്കാലത്തേയ്‌ക്കെങ്കിലും ജനശ്രദ്ധ തിരിക്കാന്‍ വി.എസിന്റെ നാക്കുപിഴ സഹായിച്ചുവെന്ന ചെറിയ ആശ്വാസത്തിലാണിപ്പോള്‍ സിപിഎം.

1 comment:

  1. വി.എസ്. പറഞ്ഞത് മാത്രമെടുത്ത് കാണിച്ചാല്‍ മതിയോ? വി.എസിനെ വയസ്സനെന്ന് അമുല്‍ബേബി വിളിച്ചതിന്‍ വേണ്ട ഗൌരവത്തോടെ ആരും കണ്ടില്ല.

    ReplyDelete