Tuesday, April 26, 2011

ഹാ.....കേഴുക കേരള നാടേ......!

തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായെങ്കിലും കേരള സംസ്ഥാനത്ത്‌ രാഷ്‌ട്രീയ മുതലെടുപ്പിന്‌ ലഭിക്കുന്ന ഒരവസരവും നമ്മുടെ രാഷ്‌ട്രീയ കക്ഷികള്‍ പാഴാക്കില്ലെന്നതിനു പ്രധാന തെളിവാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ലാവ്ലിനായാലും പാമോയിലായാലും ഭരണപക്ഷത്തിനായാലും പ്രതിപക്ഷത്തിനായാലും ഒരുപോലെയാണ്‌. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ എന്‍ഡോസള്‍ഫാന്റെ പേരില്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചെളിവാരിയേറ്‌. തുടക്കം മുതല്‍ എന്‍ഡോള്‍ഫാനെ കണ്ണടച്ച്‌ എതിര്‍ക്കുകയും ഇരകള്‍ക്കായി വാദിക്കുകയും അവര്‍ക്ക്‌ നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്‌ത മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്‌ നടന്ന ഏകദിന ഉപവാസത്തെച്ചൊല്ലിയാണ്‌ ഇപ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നത്‌.

ഒരു ജനതയുടെ കണ്ണീരൊപ്പേണ്‌ട വിഷയത്തില്‍ ഒരുമിച്ച്‌ നില്‍ക്കേണ്‌ട ഭരണപക്ഷവും പ്രതിപക്ഷവും ഇവിടെയും മുതലെടുപ്പ്‌ രാഷ്‌ട്രീയം കളിക്കുന്നുവെന്നത്‌ കാസര്‍ഗോട്ടെ ദുരന്തബാധിതര്‍ക്ക്‌ മാത്രമല്ല സംസ്ഥാനത്തെ ജനങ്ങള്‍ക്കാകെ അപമാനമാണ്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യവുമായി സംസ്ഥാന ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കാണുമെന്ന്‌ കഴിഞ്ഞ മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പ്രഖ്യാപിച്ചപ്പോള്‍ ആരോഗ്യമന്ത്രി പോരാ മുഖ്യമന്ത്രി തന്നെ നേരിട്ട്‌ പോകണമെന്നായിരുന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്‌ടിയുടെ ആവശ്യം.

എന്നാല്‍ അതേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ രാഷ്‌ട്രീയകക്ഷികളുടെയും പിന്തുണയോടെ എന്‍ഡോസള്‍ഫാനെതിരെ ഏകദിന ഉപവാസം നടത്തിയപ്പോള്‍ ബിജെപി പോലും പിന്തുണയ്‌ക്കാന്‍ തയാറായി. എന്നാല്‍ ഉപവാസസമരത്തില്‍ നിന്ന്‌ വിട്ടു നിന്ന യുഡിഎഫ്‌ ആകട്ടെ രാഷ്‌ട്രീയമായി വലിയൊരു അവസരം നഷ്‌ടമാക്കുകയും ചെയ്‌തു. അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സമരത്തിന്‌ ലഭിച്ച ജനപിന്തുണയാണ്‌ എന്‍ഡോസള്‍ഫാനെതിരെ ഉപവാസമിരിക്കാന്‍ വി.എസിനെ പ്രേരിപ്പിച്ചതെന്ന്‌ ആരോപണത്തിനായി പറയാമെങ്കിലും വിഎസിന്റെ ഉപവാസത്തിന്‌ ലഭിച്ച ജനപിന്തുണയെ യുഡിഎഫിന്‌ ഇനി കണ്‌ടില്ലെന്ന്‌ നടിക്കാനാവില്ലെന്നതാണ്‌ യാഥാര്‍ഥ്യം.

തങ്ങളുടെ ചെലവില്‍ വി.എസ്‌. പ്രതിഛായ മെച്ചപ്പെടുത്തേണ്‌ടെന്ന നിലപാടാണ്‌ ഉപവാസത്തില്‍ നിന്ന്‌ വിട്ടു നില്‍ക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്‌. പകരം പ്രധാനമന്ത്രിയെ നേരിട്ട്‌ കണ്‌ട്‌ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്ന്‌ മേനി നടിക്കാനും കൂടി വേണ്‌ടിയാണ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്‌ടിയും വി.എസിന്റെ ഉപവാസദിവസം തന്നെ ഡല്‍ഹിക്ക്‌ വിമാനം കയറിയത്‌. എന്നാല്‍ പ്രധാനമന്ത്രിയെ കണ്‌ട്‌ ഡല്‍ഹിയില്‍ നിന്ന്‌ വിമാനം കയറും മുമ്പെ ജനീവ കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‌ അനുകൂല നിലപാടെടുക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും നീക്കം പാളി.

മറുവശത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ പാര്‍ട്ടി നേതൃത്വത്തെ പിന്നിലാക്കിയ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഏറ്റെടുത്ത്‌ വോട്ടെടുപ്പിനുശേഷമുള്ള രാഷ്ട്രീയത്തിലും തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ സ്വീകരിച്ച സമരോത്സുക നിലപാടിലേക്ക്‌ താന്‍ തിരിച്ചുപോകുകയാണെന്ന സൂചനയാണ്‌ ഈ സമരം വഴി വി.എസ്‌.അച്യുതാനന്ദന്‍ നല്‍കുന്നത്‌. അന്ന്‌ വി.എസ്‌ നടത്തിയ സമരങ്ങള്‍ പലപ്പോഴും പാര്‍ട്ടിയോട്‌ ആലോചിക്കാതെയായിരുന്നു.

ഇപ്പോഴത്തെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിരാഹാരം സംബന്ധിച്ചും സി.പി.എമ്മില്‍ കാര്യമായ ആലോചന നടന്നതായി സൂചനയില്ല. തിരഞ്ഞെടുപ്പു പ്രചാരണകാലത്ത്‌ താന്‍ സൃഷ്ടിച്ച തരംഗം തിരഞ്ഞെടുപ്പിനുശേഷം നിലനിര്‍ത്തുന്നതിനും എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം ആയുധമാക്കാനാണ്‌ വി.എസിന്റെ നീക്കം.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര സര്‍ക്കാരിനെതിരെ തുടങ്ങിവെയ്‌ക്കുന്ന സമരം ഭാവി രാഷ്ട്രീയം കൂടി ലക്ഷ്യം വെച്ചാണ്‌ വി.എസ്‌ തുടങ്ങിവെയ്‌ക്കുന്നത്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുസംബന്ധിച്ച്‌ തീരുമാനം എടുക്കേണ്‌ടത്‌ കേന്ദ്രസര്‍ക്കാരാണ്‌. സംസ്ഥാന സര്‍ക്കാരിന്‌ ഈ കാര്യം ആവശ്യപ്പെടാനേ കഴിയൂ. എന്നാല്‍ തിരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ്‌ ആണ്‌ അധികാരത്തില്‍ വരുന്നതെങ്കില്‍ കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ്സാകും ഭരണകക്ഷി. അങ്ങനെ വന്നാല്‍ ഭാവിസര്‍ക്കാരിനെതിരെ ഉപയോഗിക്കാവുന്ന നല്ലൊരു രാഷ്ട്രീയായുധമായിരിക്കും എന്‍ഡോസള്‍ഫാന്‍ എന്ന്‌ വി.എസ്‌.തിരിച്ചറിയുന്നു.

തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പാര്‍ട്ടിയിലെ മറ്റെല്ലാ നേതാക്കളെയും പിന്തള്ളി നേടിയ മേല്‍ക്കൈ തുടര്‍ന്ന്‌ പാര്‍ട്ടിക്കുള്ളില്‍ അരക്കിട്ടുറപ്പിക്കാനും ഈ സമരം വി.എസിനെ സഹായിക്കും. ഉപവാസത്തിന്‌ താന്‍ തന്നെ നേതൃത്വം നല്‍കിയതോടെ പാര്‍ട്ടിയുടെ മുഴുവന്‍ സംഘടനാ സംവിധാനത്തിനും സമരത്തിനുപിന്നില്‍ അണിനിരക്കേണ്‌ടിവന്നുവെന്നതും വി.എസിന്റെ വിജയമായി.

ഇതൊക്കെയാണെങ്കിലും മറ്റൊരു വൈരുദ്ധ്യം വി.എസിന്റെ നീക്കങ്ങള്‍ക്ക്‌ പ്രതിരോധം ഉയര്‍ത്തുന്നുണ്‌ട്‌. കേന്ദ്ര സര്‍ക്കാരില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത്‌ കേന്ദ്രമന്ത്രി ശരദ്‌ പവാറാണ്‌. ശരദ്‌പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയാകട്ടെ കേരളത്തില്‍ എല്‍.ഡി.എഫിലെ ഘടകകക്ഷിയാണ്‌. എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട്‌ സ്വീകരിച്ചതിന്റെ പേരില്‍ കേന്ദ്രമന്ത്രി ശരദ്‌പ വാറിനേയും കേന്ദ്രമന്ത്രി ജയറാം രമേഷിനേയും ജനവിരുദ്ധരെന്നാണ്‌ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്‌.

എന്നാല്‍ ജനവിരുദ്ധ നിലപാട്‌ തിരുത്തിയില്ലെങ്കില്‍ എന്‍.സി.പിയോടുള്ള ഭാവി സമീപനം എന്തായിരിക്കുമെന്ന്‌ വി.എസ്‌ ഇതുവരെ വിശദീകരിച്ചിട്ടില്ല. എന്‍.സി.പിയെ ഒപ്പംനിര്‍ത്തിയുള്ള പവാര്‍ വിമര്‍ശനം വി.എസിന്‌ ഉദ്ദേശിച്ച ഗുണം ലഭ്യമാക്കുമോ എന്നും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവര്‍ക്ക്‌ ആശങ്കയുണ്‌ട്‌. എന്തായാലും എന്‍ഡോസള്‍ഫാന്‍ വിഷയം ഒരു കാര്യം കൂടി അടിവരയിട്ട്‌ വ്യക്തമാക്കി തന്നു. സംസ്ഥാനത്തിന്റെ പൊതുവായ നന്‍മക്കുവേണ്‌ടി പോലും ഒരുമിച്ചു നീങ്ങാന്‍ നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരിക്കലും തയാറാവില്ലെന്ന്‌.


No comments:

Post a Comment