Sunday, April 17, 2011

കാലം നമിക്കുന്ന മഹാനുഭാവന്‍


ദേശീയപ്രസ്ഥാനം ഏറ്റവും ശക്തമായ തരംഗങ്ങളുയര്‍ത്തിയ ഒരു കാലഘട്ടത്തിലാണ് ഡോ. ഭീമറാവു അംബേദ്കര്‍ ജനിച്ചത്.  മഹാരാഷ്ട്രയിലെ ബറോഡയില്‍ 1893 ഏപ്രില്‍ 14ന് അദ്ദേഹത്തിന്റെ ജനനം. വര്‍ണ്ണ വ്യവസ്ഥ കൊടുമ്പിരിക്കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.

ജാതിവ്യവസ്ഥയ്‌ക്കെതിരെ ഇന്ത്യയുടെ ദേശീയ നേതാക്കളുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പലപ്പോഴും ബധിരകര്‍ണ്ണങ്ങളില്‍ പതിച്ചു.  സവര്‍ണ്ണരുടെ അവഹേളനങ്ങളെ അവമതിച്ചുകൊണ്ട് വിദ്യാഭ്യാസരംഗത്ത് പുരോഗതി കൈവരിക്കുവാന്‍ കഴിഞ്ഞതായിരുന്നു അംബേദ്ക്കറുടെ നേട്ടം.  അക്കാലത്തെ മറ്റൊരു ദളിതനും സാധിക്കാത്ത വിധത്തില്‍ ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അംബേദ്ക്കറുടെ ബുദ്ധി സാമര്‍ത്ഥ്യത്തില്‍ മതിപ്പ് തോന്നിയ ബറോഡാ മഹാരാജാവാണ് അദ്ദേഹത്തെ വിദേശ വിദ്യാഭ്യാസം നേടുവാന്‍ സഹായിച്ചത്.  യു.എസ്.എ, യു.കെ, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ വിദ്യാഭ്യാസം നടത്തിയ അംബേദ്ക്കര്‍ എം.എ, ബാര്‍ അറ്റ് ലോ, ഡോക്ടറേറ്റ് എന്നിവ കരസ്ഥമാക്കി. ഈ ആധുനിക പഠനം മറ്റ് ദേശീയ നേതാക്കളെപ്പോലെതന്നെ അംബേദ്ക്കറിലും സ്വാതന്ത്ര്യബോധമുയര്‍ത്തി. പക്ഷേ ജാതീയമായി നേരിട്ട ചില ദുരനുഭവങ്ങള്‍ അംബേദ്കറെ വ്യത്യസ്തനാക്കി മാറ്റി. പാവങ്ങളുടെ വിമോചനത്തെക്കുറിച്ച് മഹാത്മാഗാന്ധിക്കും അംബേദ്ക്കറിനും രണ്ട് കാഴ്ചപ്പാടാണുണ്ടായിരുന്നത്.  ദളിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി അവരെ സാമൂഹ്യ ശ്രേണിയില്‍ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്.

എന്നാല്‍ സവര്‍ണ്ണാധിപത്യത്തിനെതിരായി ദളിത് വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുവാനും അവരെ വ്യത്യസ്തമായ ഒരു വിഭാഗമായി നിലനിര്‍ത്താനുമായിരുന്നു അംബേദ്ക്കര്‍ ആഗ്രഹിച്ചത്. വിദേശ വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അംബേദ്ക്കര്‍ ബറോഡാ ഗവണ്‍മെന്റിന്റെ കീഴില്‍ ഉദ്യോഗം സ്വീകരിച്ചെങ്കിലും ജാതിപരമായ കടുത്ത അവഹേളനം നേരിടേണ്ടിവന്നു. അതിനാല്‍ ഉദ്യോഗം രാജിവെച്ച് ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.  അതോടൊപ്പം ബോംബെ സര്‍വ്വകലാശാലയില്‍ നിയമം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ അദ്ധ്യാപകനായും ജോലി നോക്കി. ഇതെല്ലാം അംബേദ്ക്കറുടെ ചിന്താചക്രവാളത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. 
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുവാനും വിദ്യാലയങ്ങള്‍ സ്ഥാപിക്കുവാനും അദ്ദേഹം ശ്രമിച്ചു.  1928 ല്‍ സൈമണ്‍ കമ്മീഷന് മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ ദളിതര്‍ക്ക്  പ്രത്യേക നിയോജകമണ്ഡലങ്ങള്‍ വേണമെന്ന് അംബേദ്ക്കര്‍ ആവശ്യപ്പെട്ടു. 
 
ബ്രിട്ടീഷ് ഗവണ്‍മെന്റ് നടപ്പാക്കിയ കമ്മ്യൂണല്‍ അവാര്‍ഡിന്റെ കാര്യത്തില്‍ ഗാന്ധിജിക്ക് എതിരഭിപ്രായമാണുണ്ടായിരുന്നത്.  ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാട്ടങ്ങളെ തകര്‍ക്കുവാനും ഇന്ത്യയെ വിഭജിക്കുവാനും വേണ്ടിയാണ് ബ്രീട്ടീഷുകാര്‍ കമ്മ്യൂണല്‍ അവാര്‍ഡ് നടപ്പാക്കുന്നതെന്ന് ഗാന്ധിജി മനസ്സിലാക്കിയിരുന്നു.  ബ്രിട്ടീഷുകാരുടെ ഈ കുതന്ത്രത്തെ ചെറുക്കുവാന്‍ വേണ്ടി ഗാന്ധിജി കമ്മ്യൂണല്‍ അവാര്‍ഡിനെതിരെ ഉപവാസസമരം ആരംഭിച്ചു.  അധകൃത വര്‍ഗ്ഗങ്ങള്‍ക്കുള്ള പ്രത്യേക പ്രാധിനിത്യം റദ്ദാക്കിയില്ലെങ്കില്‍ മരണം വരെ ഉപവസിക്കുവാനാണ് ഗാന്ധിജി തീരുമാനിച്ചത്. ഹിന്ദു സമൂഹത്തില്‍ അന്തഃച്ചിദ്രം വളര്‍ത്തിയെടുക്കുവാനുള്ള മാരകമായ വിഷമാണ് പ്രത്യേക പ്രാധിനിത്യമെന്നും അത് ഇന്ത്യന്‍ ദേശീയ മുന്നേറ്റത്തിന്റെ ശക്തി ക്ഷയിപ്പിക്കുമെന്നും ഗാന്ധിജി പ്രസ്താവിച്ചു.  ഇന്ത്യയെ ജാതീയമായി  ഭിന്നിപ്പിക്കുവാനുള്ള ബ്രട്ടീഷ് കുതന്ത്രത്തിനെതിരെ ഗാന്ധിജി ആരംഭിച്ച ഉപവാസത്തെക്കുറിച്ച് ദേശീയ കവി രവീന്ദ്രനാഥടാഗോര്‍ ഇങ്ങനെ പറഞ്ഞു ''കരിനിഴല്‍ അധികം അധികം ഇരുണ്ടു പരക്കുന്നു. ഇന്ത്യയില്‍ സൂര്യഗ്രഹണത്തിന്റെ ലക്ഷണം പോലെ. ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളും കഠിനമായ വേദനയില്‍ പുളയുകയാണ്. ഉല്‍ക്കണ്ഠ എങ്ങും മുറ്റിനില്‍ക്കുന്നു. ഈ വേദനയും ഉല്‍ക്കണ്ഠയും സാര്‍വ്വത്രികമാണ്. സാര്‍വ്വജനീനമാണ്.  

തന്റെ ജീവിതമാകെ സമര്‍പ്പിച്ച് ഇന്ത്യയെ തികച്ചും തനതാക്കിയ മഹാത്മജി പരമമായ ആത്മത്യാഗത്തിന്റെ ശപഥം കൈക്കൊണ്ടിരിക്കുന്നു''.  ഗാന്ധിജി ഉപവാസസമരം ആരംഭിച്ചതിന് ശേഷം മദനമോഹനമാളവ്യയുടെ ആഹ്വാനമനുസരിച്ച് ഹിന്ദു നേതാക്കന്മാരും അധകൃതസമൂഹത്തിന്റെ നേതാക്കന്മാരും ചേര്‍ന്ന് ഒരു ധാരണയിലെത്തി കമ്യൂണല്‍ അവാര്‍ഡില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. ഈ മാറ്റങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെ മഹാത്മാഗാന്ധി ഉപവാസം പിന്‍വലിച്ചു. 1933ല്‍ മഹാത്മാഗാന്ധി അയിത്തോച്ചാടനത്തിന് കൂടുതല്‍ ശക്തിപകരുവാന്‍ വേണ്ടി 'ഹരിജന്‍' എന്ന ഒരു വാരിക ആരംഭിച്ചു. അധഃകൃത വര്‍ഗ്ഗത്തിന്റെ ഉദ്ധാരണത്തിന് വേണ്ടിയുള്ള ഗാന്ധിജിയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ സവര്‍ണ്ണ സമൂഹം നഖശിഖാന്തം എതിര്‍ത്തു. എന്നാല്‍ ഗാന്ധിജി എതിര്‍പ്പുകളെ അവഗണിച്ചു. ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ അംബേദ്ക്കര്‍ തയ്യാറാകാത്തതില്‍ ഗാന്ധിജി ദുഃഖിതനായിരുന്നു.  എങ്കിലും അംബേദ്ക്കര്‍ നേരിട്ട പീഡനത്തിന്റെ ആഴം അറിയാവുന്ന മഹാത്മാഗാന്ധി അദ്ദേഹത്തിന്റെ മഹത്വത്തെ അംഗീകരിക്കുകയാണ് ചെയ്തത്. 
 
അയിത്തോച്ചാടനസമരത്തില്‍ സ്വീകരിച്ച ഈ വ്യത്യസ്ത മാര്‍ഗ്ഗമൊഴിച്ചാല്‍ ഇന്ത്യന്‍ ദേശീയതയുടെ എല്ലാ ആശയങ്ങളുമുള്‍ക്കൊണ്ട മഹാനായ നേതാവായിരുന്നു അംബേദ്ക്കര്‍.  രാഷ്ട്രശില്‍പ്പികളുടെ മുന്‍ നിരയില്‍ നിന്നിരുന്ന അംബേദ്ക്കര്‍ വ്യത്യസ്തശൈലി സ്വീകരിച്ചു.  ഉന്നതമായ വൈദേശിക വിദ്യാഭ്യാസവും അതു നല്‍കിയ സ്വാതന്ത്ര്യബോധവും ജന്മസിദ്ധമായ ബുദ്ധി കൂര്‍മ്മതയും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.  ജീവിതം നല്കിയ തിക്താനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തകളില്‍ കറുത്ത പാടുകള്‍ വീഴ്ത്തി.  അതിനാല്‍ സവര്‍ണ്ണാധിപത്യം നിലനില്‍ക്കുന്ന ഹിന്ദുമതത്തെ ഉപേക്ഷിച്ച് ജാതി വ്യവസ്ഥയെ എതിര്‍ക്കുന്ന ബുദ്ധമതം സ്വീകരിക്കുവാനുള്ള തീരുമാനം അംബേദ്ക്കര്‍ കൈക്കൊണ്ടു.  1956ല്‍ അനേകായിരം അനുയായികളോടൊപ്പം അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു.  ബുദ്ധമതത്തെ ആശ്ലേഷിക്കുമ്പോഴും അദ്ദേഹം വിഭാവനം ചെയ്ത മതേതരത്വത്തിന്റെ നാനാര്‍ത്ഥങ്ങള്‍ മഹാനായ അംബേദ്ക്കറുടെ ചിന്താമണ്ഡലത്തില്‍ പ്രതിധ്വനിച്ചിട്ടുണ്ടാകും. സ്വതന്ത്ര ഭാരതത്തിലെ ആദ്യ നിയമമന്ത്രിയായി നിയോഗിക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കണ്ടെത്തിയത് അംബേദ്ക്കറെ ആയിരുന്നു. 

ഇന്ത്യന്‍ ഭരണഘടനയുടെ പ്രമുഖ ശില്പിയായി ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണഘടനയുടെ കരട് രൂപപ്പെടുത്തുന്നതില്‍ അംബേദ്ക്കറുടെ ധൈഷണിക ശക്തി നിര്‍വ്വഹിച്ച പങ്ക് മഹത്തരമായിരുന്നു. രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ നിസ്തുലമായ പങ്കാണ് അംബേദ്ക്കര്‍ നിര്‍വ്വഹിച്ചത്. ജാതി വ്യവസ്ഥിതി ഏല്‍പ്പിച്ച പ്രഹരത്തില്‍ മുറിവേറ്റമനസ്സുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ദുഃഖം തിട്ടപ്പെടുത്താനാവാത്തത്ര ആഴമുള്ളതായിരുന്നു. അയിത്തത്തിനെതിരെ കൂടുതല്‍ ജനതയെ സംഘടിപ്പിക്കുവാന്‍ 1951ല്‍ അദ്ദേഹം മന്ത്രിപദം രാജിവെച്ചു. ഇന്ത്യയിലെ ദളിത ജനവിഭാഗങ്ങളില്‍ ഒരായിരം പ്രതീക്ഷകള്‍ ബാക്കിയാക്കിക്കൊണ്ട്, ബുദ്ധമതം സ്വീകരിച്ച അതേവര്‍ഷം ഡിസംബര്‍ ആറിന് 63-ാമത്തെ വയസ്സില്‍ അംബേദ്ക്കര്‍ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്ക് മുമ്പില്‍ മതേരത ഭാരതം തലകുനിക്കുന്നു. 

No comments:

Post a Comment