1997 ല്‍ ഹൈക്കോടതി ബന്ദ് നിരോധിച്ചിട്ടും ആ ബന്ദ് രൂപം മാറി ഹര്‍ത്താലായി മാറിയിരിക്കുകയാണ് കേരളത്തില്‍. സമരം ചെയ്യുക എന്നത് ഏതൊരു പൌരന്റെയും മൗലികാവകാശമാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ അത് വേണ്ടപ്പോള്‍ വേണ്ടയിടത്ത് പ്രയോഗിക്കേണ്ടതാണ്. ജനങ്ങളുടെ അവകാശങ്ങളെ ഹനിച്ച് നിര്‍ബന്ധിച്ച് ഇത് ചെയ്യിക്കുന്നതിനെ ഗൗരവമായി കാണേണ്ട കാലം അതിക്രമിച്ചിരിക്കുകയല്ലേ?
വിലക്കയറ്റമുണ്ടായാലും അമേരിക്ക എവിടെയെങ്കിലും ബോംബിട്ടാലും ജോര്‍ജ് ബുഷ് ഇന്ത്യയില്‍ വന്നാലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാഞ്ഞാലുമെല്ലാം ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ കൊണ്ട് സംസ്ഥാനത്തിനുണ്ടാവുന്ന നഷ്‌ടത്തെക്കുറിച്ച് ഒരു നിമിഷമെങ്കിലും ഒന്നു ചിന്തിച്ചിരുന്നെങ്കില്‍? കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഭരണപക്ഷത്തിരുന്നിട്ടും എല്‍ഡിഎഫ് നടത്തിയത് ഇരുപതോളം ഹര്‍ത്താലുകളാണ്. യു.ഡി.എഫിന്റെ വക വേറെ. ജില്ലാ അടിസ്ഥാനത്തില്‍ നടക്കുന്ന ചെറുകിട ഹര്‍ത്താലുകള്‍ വേറെ. ഈ ഹര്‍ത്താലുകള്‍കൊണ്ട് സംസ്ഥാനം എന്തു നേടി എന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കാന്‍ നമ്മുടെ രാഷ്‌ട്രീയകക്ഷികള്‍ ഇനിയെങ്കിലും തയാറാവുമോ.
ഹര്‍ത്താലുകളില്‍ നഷ്‌ടമായ മാനുഷികവിഭവശേഷിയെക്കുറിച്ചോ തൊഴില്‍ ദിനത്തെക്കുറിച്ചോ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെക്കുറിച്ചോ അവര്‍ കണക്കിലെടുക്കുന്നേ ഇല്ല. പതിവുപോലെ പാല്‍, പത്രം, ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങള്‍ എന്നിവ ഒഴിവാക്കുമെന്നൊരു ഒഴുക്കന്‍ പ്രസ്‌താവനയില്‍ അവര്‍ ഒരു ദിവസം ജനങ്ങളെ പൂട്ടിയിടുന്നു. ഒരു ഹര്‍ത്താല്‍ കൊണ്ട് കേരളത്തിന്റെ സാമ്പത്തികരംഗത്തിനുണ്ടാകുന്ന നഷ്ടം അത്രയെളുപ്പം കണക്കാക്കാനാവില്ല. കണക്കെടുത്താല്‍ ഏറ്റവും കുറഞ്ഞതു 400 മുതല്‍ 500 കോടി രൂപ വരെ നഷ്ടമുണ്ടാകുന്നു. ചെറുകിട കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും കൂലിവേലക്കാരും ഓട്ടോ ഡ്രൈവര്‍മാരുമൊക്കെയാണ് ഹര്‍ത്താലിന്റെ നഷ്ടം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. നഷ്ടമൊന്നുമില്ലാത്തത് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാത്രം.
ഈ അനീതിക്ക് ഒരറുതി വേണ്ടേ?
No comments:
Post a Comment