Friday, April 8, 2011

ആന്‍റണിയെന്ന ഹൈക്കമാന്റ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടുപിടിച്ചപ്പോള്‍ അധികമൊന്നും പ്രതീക്ഷയില്ലാതെ നടുക്കടലില്‍പെട്ട കൊതുമ്പു വള്ളം പോലെ ഗതിയില്ലാതെ       ചാഞ്ചാടിയു ലഞ്ഞ യുഡിഎഫ്‌, എല്‍.ഡി.എഫിന്റെ അതിവേഗം ബഹുദൂരം കണ്ടു അന്തം വിട്ടു. എന്നാല്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്‌ അടുക്കുമ്പോള്‍ എ.കെ.ആന്റണിയെന്ന നേതാവിന്റെ ചുമലിലേറി യുഡിഎഫ്‌ ശക്തമായി തിരിച്ചുവരുന്ന കാഴ്‌ചയാണ്‌ പ്രചാരണരംഗത്ത്‌ ഇപ്പോള്‍ കാണാനാകുന്നത്‌. ആന്റണി വരുന്നതുവരെ നനഞ്ഞ പടക്കമായി മുന്നേറിയ യുഡിഎഫ്‌ പ്രചാരണത്തിനു മേല്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ്‌ വ്യക്തമായ മുന്‍തൂക്കം നേടിക്കഴിഞ്ഞിരുന്നു.

രണ്‌ടു രൂപയ്‌ക്ക്‌ അരി വിവാദവും ബാലകൃഷ്‌ണ പിള്ള ജയിലില്‍ പോയതും സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കവും വിമത ശല്യവും ഹെലികോപ്‌റ്റര്‍ വിവാദവും പ്രചാരണത്തിന്റെ ആദ്യ നാളുകളില്‍ യുഡിഎഫിനെ തളര്‍ത്തിയിരുന്നു. ഹെലികോപ്‌റ്റര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്‌ടിയും രമേശ്‌ ചെന്നിത്തലയും താഴ്‌ന്നു പറക്കുമ്പോഴാണ്‌ പ്രചാരണവേദിയിലേക്ക്‌ ആന്റണി ക്രാഷ്‌ ലാന്‍ഡ്‌ ചെയ്‌തത്‌.

ആന്റണി എത്തിയപ്പോഴെ ലക്ഷ്യം മനസ്സില്‍ കുറിച്ചിട്ടിരുന്നു. എല്‍ഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണായുധത്തിന്റെ തന്നെ മുനയൊടിക്കുക എന്നതായിരുന്നു അത്‌. വി.എസ്‌ എന്ന ബ്രാന്‍ഡിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ്‌ ഗോദയിലിറങ്ങുന്ന എല്‍ഡിഎഫിനെ മലര്‍ത്തിയടിക്കാന്‍ ആദ്യം വിഎസിനെ വീഴ്‌ത്തണമെന്ന്‌ ആന്റണി ആദ്യമേ തിരിച്ചറിഞ്ഞു. അനാവശ്യമായി ഒന്നും പറയാത്ത എ.കെ.ആന്റണി ആവശ്യമായതുകൂടി പറയില്ലെന്ന ആരോപണങ്ങള്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണവേദികളിലെ ആക്രമണോത്സുകതയിലൂടെയാണ്‌ മറുപടി പറഞ്ഞത്‌.

വി.എസ്‌ എന്ന വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ആന്റണിയുടെ തന്ത്രം. അതില്‍ ഏറെക്കുറെ യുഡിഎഫ്‌ വിജയിക്കുകയും ചെയ്‌തു. വി.എസിനും മകനുമെതിരെയുള്ള ആരോപണങ്ങള്‍ എല്‍ഡിഎഫിനെ പ്രതിരോധത്തിക്കി. പിന്നീട്‌ ആന്റണിയുടെ ചുമലിലേറിയാണ്‌ അതുവരെ നടുക്കടലില്‍ ദിശയറിയാതെ തുഴയെറിയുന്ന കപ്പിത്താന്‍മാരാായിരുന്ന ഉമ്മന്‍ ചാണ്‌ടിയും രമേശ്‌ ചെന്നിത്തലയും പ്രത്യാശയുടെ തീരത്തേക്ക്‌ കപ്പല്‍ തുഴഞ്ഞത്‌.

വിവാദങ്ങളില്‍ മാത്രം നിറഞ്ഞു നിന്ന പ്രചാരണരംഗത്ത്‌ വികസന പ്രശ്‌നങ്ങള്‍ കൂടി ഉയര്‍ത്തിക്കാട്ടാന്‍ ആന്റണിക്കായി. വി.എസിനെ മാത്രം അക്രമിച്ചും കേന്ദ്രപദ്ധതികളെ എടുത്തുക്കാട്ടിയുമായിരുന്നു ആന്റണി തുടക്കം മുതലേ യുഡിഎഫ്‌ പ്രചാരണത്തെ മുന്നോട്ട്‌ നയിച്ചത്‌. ലതികാ സുഭാഷിനെതിരെയുള്ള വിഎസിന്റെ `പ്രസിദ്ധ'മായ പ്രസ്‌താവനയാകട്ടെ ഈ ഘട്ടത്തില്‍ യുഡിഎഫിന്‌ നിനിച്ചിരിക്കാതെ ലഭിച്ച വടിയായി.

യുഡിഎഫിന്‌ അത്‌ നല്‍കിയ മൈലേജ്‌ ചെറുതായിരുന്നില്ല. ജമാഅത്തെ ബാന്ധവം ലതികയിലൂടെ മറക്കാന്‍ എല്‍ഡിഎഫിനെ സഹായിച്ചുവെന്നത്‌ യുഡിഎഫിന്‌ ക്ഷീണമായെങ്കിലും ആന്റണിയുടെ രംഗപ്രവേശമാണ്‌ ഹെലികോപ്‌റ്റര്‍ വിവാദത്തില്‍ നിന്ന്‌ പറന്നുയരാന്‍ യുഡിഎഫിനെ സഹായിച്ചത്‌ എന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ പോലും രണ്‌ടു പക്ഷമുണ്‌ടാവില്ല.

വിഎസിനെതിരായ ആരോപണങ്ങള്‍ ഊന്നി ഊന്നി പറയുമ്പോഴും പിണറായിക്കെതിരായ ലാവലിന്‍ കേസും യുഡിഎഫിന്റെ വികസന കാഴ്‌ചപ്പാടുമെല്ലാം ഉയര്‍ത്തിക്കാട്ടാനും ആന്റണി ശ്രദ്ധിച്ചു. ഒപ്പം യുഡിഎഫ്‌ അധികാരത്തില്‍ വന്നാല്‍ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്നും അതിനുവേണ്‌ടി ആരും വെള്ളം ചൂടാക്കേണ്‌ടെന്നും വ്യക്തമാക്കി രമേശ്‌ ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹങ്ങള്‍ക്കുമേല്‍ വെള്ളം കോരി ഒഴിക്കാനും ആന്റണിക്കായി.

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രചാരണത്തിനു പോലും നല്‍കാനാവാത്ത മൈലേജാണ്‌ ആന്റണിയുടെ പത്തുനാള്‍ പ്രചാരണം കൊണ്‌ട്‌ യുഡിഎഫ്‌ നേടിയെടുത്തത്‌. കര്‍ഷക ആത്മഹത്യയില്‍ ചുവടു പിഴച്ചെന്ന്‌ വ്യക്തമായപ്പോള്‍ തന്നെ ചുവടുമാറ്റാനും ആന്റണി തയാറായി. അതിനിടയിലും ടൈറ്റാനിയം അഴിമതിയുടെ പേരില്‍ മുന്‍മന്ത്രി കെ.കെ.രാമചന്ദ്രന്‍ മാസ്റ്ററര്‍ നടത്തിയ പൊട്ടിക്കരച്ചിലും ടി.എച്ച്‌.മുസ്‌തഫയുടെ മറുപടിയും യുഡിഎഫിന്‌ കല്ലുകടിയായി.

ആന്റണിയുടെ ആക്രണണത്തില്‍ തളര്‍ന്ന എല്‍ഡിഎഫ്‌ ഐസ്‌ക്രീമിലും അഴിമതിയിലും പിടിച്ചാണ്‌ തിരിച്ചടിക്കുന്നത്‌. എന്തായാലും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുമ്പോഴും ആന്റണി ഒരിക്കല്‍ കൂടി അടിവരയിട്ട്‌ പറയുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഹൈക്കമാന്‍ഡ്‌ ഇപ്പോഴും താന്‍ തന്നെയാണെന്ന്‌.

1 comment:

  1. അന്തപ്പനെ ഇത്രക്ക് പൊക്കണ്ട മാഷെ, കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദുര്‍ബലനായ മുഖ്യന്‍ അയാളാണ്. കള്ളത്തരങ്ങള്‍ക്ക് ഒരു ആദര്‍ശപരിവേഷം അത്രയേയുള്ളൂ.

    ReplyDelete